അലൈപ്പായുതേ… 4

ഭാഗം നാല്

“ഹോ! എന്തിനാ ദൈവമേ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെയൊരു പരീക്ഷണം തന്നത്?” അവൾ തനിയെ പിറുപിറുത്തു.
തന്റെ ചെറിയ ബാഗും തുറന്ന് അവൾ ഒരു സിമ്പിൾ സൽവാർ കമീസ് എടുത്തു ധരിച്ചു. വലിയ ആഡംബരങ്ങളൊന്നും ഇല്ലാത്ത, ഗ്രാമത്തിന്റെ വിശുദ്ധി തുളുമ്പുന്ന ലളിതമായ വസ്ത്രധാരണം.

കറുത്ത നീണ്ട തലമുടി പകുതി എടുത്ത് പോണിറ്റെയിൽ കെട്ടി, ബാക്കി വിടർത്തിയിട്ട്, കണ്ണുകളിൽ നേർത്ത കൺമഷിയെഴുതി, നെറ്റിയിൽ ഒരു കറുത്ത കുഞ്ഞി പൊട്ടും തൊട്ടിട്ടു അവൾ കണ്ണാടിയിലേക്ക് നോക്കി മെല്ലെ ചിരിക്കാൻ ശ്രമിച്ചു. ഷെൽഫിൽ ഇരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഒരേയൊരു പഴയ ഫോട്ടോ എടുത്തു വെച്ചിരുന്ന ചെറിയ ഫ്രെയിമിലേക്ക് അവൾ നിസ്സഹായതയോടെ നോക്കി….

“അച്ഛാ… അമ്മേ… ഞാൻ പുതിയൊരു ജീവിതം തുടങ്ങാൻ പോവുകയാണ്. പാലക്കാട്ടെ ആ വീട്ടിനുള്ളിൽ അനുഭവിച്ച യാതനകൾക്കൊടുവിൽ എനിക്കൊരു ജോലി കിട്ടിയിട്ടുണ്ട്. വലിയമ്മയുടെയും മക്കളുടെയും ഉപദ്രവങ്ങളിൽ നിന്നും രക്ഷപെട്ട് ഞാൻ ഇവിടെ വരെയെത്തി. വലിയച്ഛന്റെ അനുഗ്രഹം മാത്രം എനിക്കൊപ്പമുണ്ട്.
ഈ ജോലി എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും ഞാൻ ഇത് നന്നായി ചെയ്തു തീർക്കും. എന്നെ അനുഗ്രഹിക്കണം…”
അവൾ ആ ഫോട്ടോ നെഞ്ചോട് ചേർത്തുപിടിച്ച് കണ്ണുകളടച്ചു പ്രാർത്ഥിച്ചു.

കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ ഇറ്റി വീണു. അത് പെട്ടെന്ന് തുടച്ചു മാറ്റി അവൾ വാച്ചിലേക്ക് നോക്കി. സമയം എട്ടേമുക്കാൽ ആയിരിക്കുന്നു. ഒൻപതരയ്ക്കാണ് ഓഫീസിൽ എത്തേണ്ടത്.

ആദ്യത്തെ ദിവസമായതുകൊണ്ട് ഒരു മിനിറ്റ് പോലും വൈകരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. കയ്യിലുള്ള സർട്ടിഫിക്കറ്റ് ഫയലും ബാഗും എടുത്ത് അവൾ ഹോസ്റ്റൽ മുറിയുടെ വാതിൽ പൂട്ടി പുറത്തേക്കിറങ്ങി.

കൊച്ചി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ്സ് കേന്ദ്രമായ എം.ജി റോഡിന് സമീപം തലയുയർത്തി നിൽക്കുന്ന 30 നിലകളുള്ള ആകാശചുംബിയായ കെട്ടിടമാണ് ‘കൈലാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്’.

നഗരത്തിലെ മറ്റു കെട്ടിടങ്ങളെക്കാൾ തലയെടുപ്പോടെ നിൽക്കുന്ന ആ കെട്ടിടത്തിലേക്ക് നക്ഷത്ര ഭയത്തോടെയും അത്ഭുതത്തോടെയും നോക്കിനിന്നു. ഗൂഗിളിൽ ഫോട്ടോ കണ്ടതിനേക്കാൾ ഭീമൻ കെട്ടിടമായിരുന്നു അത്.ഗ്ലാസ് ജനലുകളിൽ സൂര്യപ്രകാശം തട്ടി അവ വജ്രം പോലെ തിളങ്ങുന്നുണ്ടായിരുന്നു. വൻ സുരക്ഷാ സജ്ജീകരണങ്ങളും അത്യാധുനിക സംവിധാനങ്ങളുമുള്ള ആ കോർപ്പറേറ്റ് ലോകത്തേക്ക് അവൾ ആദ്യമായി കാലെടുത്ത് വെക്കുകയാണ്.

സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് അവൾ മെയിൻ ലോബിയിലേക്ക് പ്രവേശിച്ചു. അതിവിശാലമായ ആ ലോബിയിലെ മാർബിൾ തറയിൽ സ്വന്തം നിഴൽ തെളിഞ്ഞു കാണാമായിരുന്നു. കോട്ടും സ്യുട്ടും, ആഡംബര വസ്ത്രങ്ങളും ധരിച്ച് തിരക്കിട്ടു നടക്കുന്ന ജീവനക്കാർ. അതിനിടയിലൂടെ തന്റെ ലളിതമായ വസ്ത്രവും കയ്യിലെ ഫയലുമായി നക്ഷത്ര പതുക്കെ റിസപ്ഷനിലേക്ക് നടന്നു. അവരുടെ ഇടയിലൂടെ നടക്കുമ്പോൾ ഒരു വിജിത്ര ജീവിയെപ്പോലെ തന്നെ നോക്കുന്ന കണ്ണുകളെ അവൾക്ക് കാണാമായിരുന്നു. ഇതൊക്കെ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും അനുഭവിച്ചപ്പോൾ അവൾക്ക് സ്വയം വല്ലാത്ത ഒരു കുറച്ചിൽ അനുഭവപ്പെട്ടു.

“എക്സ്ക്യൂസ് മി…” അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ റിസപ്ഷനിലിരുന്ന പെൺകുട്ടിയോട് പറഞ്ഞു.

“യെസ് മാം, ഹൗ കാൻ ഐ ഹെല്പ് യു?” ആ പെൺകുട്ടി പ്രൊഫഷണലായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഞ..ഞാൻ നക്ഷത്ര ശിവദാസ്. ഇന്ന് സിഇഓയുടെ പുതിയ പേഴ്സണൽ അസിസ്റ്റന്റായി ജോയിൻ ചെയ്യാൻ വന്നതാണ്. എച്ച്.ആർ മാനേജർ മെയിൽ അയച്ചിരുന്നു.” അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

“ഓഹ്, മിസ് നക്ഷത്ര, ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. വി ഡിസൈൻ ആന്റ് അഡ്മിൻ വിഭാഗം ഇരുപത്തിയെട്ടാം നിലയിലാണ്. സർ എപ്പോൾ വേണമെങ്കിലും എത്തും. നിങ്ങൾ വേഗം മുകളിലുള്ള എം.ഡി കേബിനേക്ക് ചെല്ലൂ. അവിടെ എച്ച്.ആർ മാനേജർ തോമസ് സാർ ഉണ്ടാകും.”

“ശരി… വളരെ നന്ദി,” നക്ഷത്ര നന്ദി പറഞ്ഞ് എലിവേറ്ററിലേക്ക് നടന്നു.
എലിവേറ്ററിന്റെ ബട്ടൺ അമർത്തുമ്പോൾ അവളുടെ ഹൃദയമിടിപ്പ് അതിവേഗത്തിലായിരുന്നു.

എലിവേറ്റർ ഉയർന്നുകൊണ്ടിരുന്നപ്പോൾ അവളുടെ വയറ്റിൽ എന്തോ ഒരു കാളൽ അനുഭവപ്പെട്ടു. പുതിയ അന്തരീക്ഷം, അറിയാത്ത ആളുകൾ, കർക്കശക്കാരനായ ഒരു ബോസ്സ് എന്ന് എല്ലാവരും പറയുന്ന ആൾ… എല്ലാം അവളെ ഭയപ്പെടുത്തി.

എലിവേറ്ററിന്റെ വാതിലുകൾ തുറന്നു. അവിടെ അതിവിശാലമായ ഒരു ഫ്ലോർ അവൾക്ക് കാണാൻ സാധിച്ചു. ആ നില മുഴുവൻ ചില്ലു ഭിത്തികളാൽ നിർമ്മിതമായിരുന്നു. ഏറ്റവും ഉള്ളിലായി വലിയൊരു കേബിൻ കാണാം. അതിന് മുന്നിലായി ഒരു പി.എ ഡെസ്ക് ക്രമീകരിച്ചിട്ടുണ്ട്.
അവിടെ നിൽക്കുകയായിരുന്ന മധ്യവയസ്കനായ എച്ച്.ആർ മാനേജർ തോമസ് അവളെ കണ്ടതും അടുത്തേക്ക് വന്നു.

“നക്ഷത്ര അല്ലേ? വെൽക്കം ടു കൈലാസ് ഗ്രൂപ്പ്‌… ഞാൻ തോമസ്, എച്ച്.ആർ മാനേജർ.”

“ഗുഡ് മോർണിംഗ് സാർ,” നക്ഷത്ര വിനീതയായി പറഞ്ഞു.

“നോക്കൂ നക്ഷത്ര, കൂടുതൽ ഔപചാരികതകൾക്കൊന്നും സമയമില്ല. സർ എപ്പോൾ വേണമെങ്കിലും എത്തും. ധ്രുവ് സർ എങ്ങനെയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ? ആരെങ്കിലും പറഞ്ഞു കെട്ടിട്ടുണ്ടാവില്ലേ? കുറച്ച് കർക്കശക്കാരനാണ്. കൃത്യനിഷ്ഠയും ജോലിയോടുള്ള ആത്മാർത്ഥതയും മാത്രമാണ് അദ്ദേഹത്തിന് പ്രധാനം. മുൻപ് ഉണ്ടായിരുന്ന അരുൺ വലിയ അനുഭവസമ്പത്തുള്ള ആളായിരുന്നു. എങ്കിലും സർ ചില കാര്യങ്ങളിൽ സംതൃപ്തനായിരുന്നില്ല. നിങ്ങൾക്ക് ഈ ജോലി ലഭിച്ചത് നിങ്ങളുടെ മികച്ച അക്കാദമിക് റെക്കോർഡ് കൊണ്ടാണ്. അതുകൊണ്ട് സാറിന്റെ പ്രതീക്ഷ കാത്തുസൂക്ഷിക്കണം. ഇതൊന്നും ആദ്യമേ പറഞ്ഞു പേടിപ്പിക്കുന്നതല്ല, പക്ഷെ ഇപ്പോൾ തന്നെ കാര്യങ്ങളുടെ ഏകദേശരൂപം മനസ്സിലാക്കിയാൽ തനിക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ല, ക്ലിയർ ”

“യെസ് സാർ. ഞാൻ എന്റെ പരമാവധി നന്നായി ചെയ്യാം,” നക്ഷത്ര ഉറപ്പ് നൽകി.

“നല്ലത്. ഇതാണ് തന്റെ ഡെസ്ക്,” തോമസ് കേബിന് മുന്നിലെ ഡെസ്ക് കാണിച്ചുകൊടുത്തു. “ഇവിടെ സാറിന്റെ ഇന്നത്തെ ഷെഡ്യൂൾ ഫയലുകൾ ഉണ്ട്. സർ വന്നാലുടൻ ഈ ഫയലുമായി അകത്തേക്ക് ചെല്ലണം. ഓൾ ദി ബെസ്റ്റ്!” പറഞ്ഞുകൊണ്ട് തോമസ് നടന്നു നീങ്ങി.

നക്ഷത്ര ആ വലിയ കസേരയിൽ പതുക്കെ ഇരുന്നു. ഡെസ്കിലിരുന്ന ഫയലുകൾ എടുത്തു നോക്കാൻ തുടങ്ങി. ഇന്നത്തെ മീറ്റിംഗുകൾ, വിദേശ പ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസ്, പ്രൊജക്റ്റ് റിപ്പോർട്ടുകൾ… എല്ലാം വളരെ കൃത്യമായി അടുക്കി വെച്ചിരിക്കുന്നു. അവൾ അതെല്ലാം മനസ്സിരുത്തി വായിക്കാൻ തുടങ്ങി.

അരമണിക്കൂർ കടന്നുപോയി…
പെട്ടെന്നാണ് ആ നിലയിലാകെ ഒരു പ്രത്യേകതരം നിശബ്ദത പടർന്നത്. ജീവനക്കാരെല്ലാം പെട്ടെന്ന് തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് ബഹുമാനത്തോടെ നിൽക്കാൻ തുടങ്ങി.
എലിവേറ്ററിന്റെ വാതിലുകൾ തുറന്നു.
കറുത്ത പാന്റും നീല ഷർട്ടും ധരിച്ച്, വലതുകയ്യിൽ ഒരു വലിയ ലെതർ ബ്രീഫ്കേസുമായി ധ്രുവ് അതിവേഗത്തിൽ നടന്നു വന്നു. അവന്റെ ഓരോ ചുവടിലും ഒരു അധികാരിയുടെ ഗാംഭീര്യം വ്യക്തമായിരുന്നു.

മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ല. ദേഷ്യവും ഗൗരവവും തുളുമ്പുന്ന ആ കണ്ണുകൾ മുന്നിലേക്ക് മാത്രം നട്ടിരുന്നു.
അവന്റെ വരവ് കണ്ട് നക്ഷത്ര അറിയാതെ കസേരയിൽ നിന്നും എഴുന്നേറ്റുപോയി. അവൾ അവന്റെ രൂപത്തിലേക്ക് നോക്കി.
പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു! ഹൃദയം ഒരു നിമിഷം നിലച്ചുപോയതുപോലെ അവൾക്ക് തോന്നി.

‘ഇത്… ഇയാൾ! ഇന്നലെ മഴയത്ത് എന്നെ കാറിടിച്ചു കൊല്ലാൻ നോക്കിയ അതേ ആൾ!’
നക്ഷത്രയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. അവളുടെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. കയ്യിലിരുന്ന ഫയലുകൾ വിറയ്ക്കുന്ന വിരലുകളിൽ നിന്നും നിലത്തേക്ക് വീഴാൻ പോയെങ്കിലും അവൾ പെട്ടെന്ന് മാറോടു ചേർത്തുപിടിച്ചു.

‘എന്റെ ദൈവമേ! ഇയാളാണോ ധ്രുവ് കാർത്തിക്? ഇയാളാണോ എന്റെ പുതിയ ബോസ്സ്? അവൾ ഭയത്തോടെ പിന്നിലേക്ക് ആഞ്ഞു.

ധ്രുവ് തനിക്ക് നേരെ നടന്നു വരുന്നത് അവൾ കണ്ടു. ഇരയിലേക്ക് അടുക്കുന്ന സിംഹത്തെ പോലെയായിരുന്നു അവന്റെ നടത്തം. അവൻ തന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ അവളുടെ ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ തന്നെ മുഴങ്ങി.

ധ്രുവ് പെട്ടെന്ന് തന്റെ ചുവടുകൾ നിർത്തി.
തന്റെ ഡെസ്കിന് മുന്നിൽ വിറച്ചു നിൽക്കുന്ന ആ പെൺകുട്ടിയെ അവൻ സാവധാനം തിരിഞ്ഞു നോക്കി.
അവന്റെ കാപ്പി കണ്ണുകൾ അവളുടെ മുഖത്ത് ചെന്നു പതിച്ചു.

ഒരു നിമിഷം… ആ ഇരുനിലയിലുമുള്ള സമയം നിശ്ചലമായതുപോലെ തോന്നി.
ധ്രുവിന്റെ പുരികങ്ങൾ ചുളിഞ്ഞു. അവൻ അവളെ ആഴത്തിൽ ഒന്ന് നിരീക്ഷിച്ചു.

ലളിതമായ സൽവാർ ധരിച്ച്, ഭയത്തോടെ തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി!

‘ഏഹ്ഹ് ഇവളോ? ഇന്നലെ ഹൈവേയിൽ വെച്ച് എന്റെ വണ്ടിയുടെ മുന്നിലേക്ക് ചാടിയ അതേ പെണ്ണ്!’
ധ്രുവിന്റെ ഉള്ളിൽ വലിയൊരു അത്ഭുതവും ഞെട്ടലും ഉണ്ടായി. എങ്കിലും അവൻ പുറമേക്ക് യാതൊരു ഭാവവ്യത്യാസവും കാണിച്ചില്ല. അവൻ തന്റെ പോക്കറ്റിൽ കൈകൾ തിരുകി, അവളിലേക്ക് കൂടുതൽ അടുത്തു വന്നു.

അവന്റെ ശരീരത്തിൽ നിന്നും ഉയർന്ന പെർഫ്യൂമിന്റെ സുഗന്ധം നക്ഷത്രയുടെ മൂക്കിലേക്ക് അടിച്ചു കയറി. വിലകൂടിയ ആ സുഗന്ധം അവളുടെ ഉള്ളിൽ പതിഞ്ഞു. അവൻ അടുത്തേക്ക് വരുംതോറും അവൾ ഭയന്ന് തളരുകയായിരുന്നു.

“താനാണോ പുതിയ പി.എ… നക്ഷത്ര ശിവദാസ്?” ധ്രുവിന്റെ ഗാംഭീര്യമുള്ള ശബ്ദം അവിടെ മുഴങ്ങി.

തുടരും…

Similar Posts

Leave a Reply