രചന – ഗംഗ ശലഭം
എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ശങ്കരൻ. കൃഷ്ണയെ ഇത് എങ്ങനെ അറിയിക്കും എന്ന് അയാൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.
രണ്ടാഴ്ചയ്ക്കു ശേഷം പുഴയിലെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും തിരിച്ചറിയാൻ ആകാത്ത വിധം ജീർണിച്ച ഒരു മൃതദേഹം കണ്ടെടുത്തു. അത് സായിയുടെതാണെന്ന് തിരിച്ചറിഞ്ഞത് ശ്രീനാഥ് ആണ്. അതുവരെയും സായിയുടെ തിരോധാനത്തെക്കുറിച്ച് ശങ്കരൻ കൃഷ്ണയോട് പറഞ്ഞിരുന്നില്ല. സായി തിരികെ വരുമെന്ന് തന്നെ അയാൾ പ്രതീക്ഷിച്ചിരുന്നു.
സായിയുടെ മരണം കൃഷ്ണയ്ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. സായി ഇല്ലാത്ത ജീവിതത്തേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത വിധം കൃഷ്ണ സായിയുടെ ആത്മാവിനോട് ഇഴുകി ചേർന്ന് പോയിരുന്നു. അത് കൊണ്ട് തന്നെ സായിയുടെ മരണം ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞില്ല. ഒടുവിൽ സായി ഇല്ലാത്ത ലോകത്തിൽ കൃഷ്ണയും വേണ്ട എന്നവൾ തീരുമാനിച്ചു.
മൂർച്ചയുള്ള കത്തി കൈത്തണ്ടയിലേക്ക് ചേർത്തു വച്ച് കണ്ണുകൾ അടയ്ക്കുമ്പോൾ അവളുടെ മനസ്സിൽ സായിയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്രയും പെട്ടെന്ന് സായിയുടെ അരികിൽ എത്താൻ അവൾ വല്ലാതെ കൊതിച്ചു. താൻ ഇല്ലാതായാൽ തന്റെ അച്ഛൻ ഈ ലോകത്ത് തനിച്ചായിപ്പോകും എന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥ പോലും അന്നേരം അവൾക്ക് ഉണ്ടായിരുന്നില്ല.
എന്നാൽ കത്തി കൈ തണ്ടയിലേക്ക് അമർത്തുന്നതിന് മുന്നേ ബോധം മറഞ്ഞ് നിലത്തേക്ക് വീണുപോയി കൃഷ്ണ. ആശുപത്രിയിൽ വച്ചാണ് സായിയുടെ അംശം തന്റെ ഉദരത്തിൽ ജന്മമെടുത്ത് കഴിഞ്ഞു എന്നവൾ മനസ്സിലാക്കുന്നത്.
ജീവിക്കാനും മരിക്കാനും കഴിയാത്ത മാനസിക അവസ്ഥ……! എത്ര ഭീകരമാണ് ആ അവസ്ഥ എന്ന് തിരിച്ചറിയുകയായിരുന്നു കൃഷ്ണ. കൃഷ്ണ വിഷാദരോഗത്തിന് അടിമപ്പെട്ടേക്കുമോ എന്ന് തോന്നിയ അവസരത്തിലാണ് ശ്രീനാഥിന്റെ സഹായത്തോടെ ശങ്കരൻ അവളെ ഒരു സൈക്കാട്രിസ്റ്റിനെ കാണിക്കുന്നത്.
കുറച്ചു നാളത്തെ ട്രീറ്റ്മെന്റ് വേണ്ടിവന്നു കൃഷ്ണയ്ക്ക്. ശിവശങ്കരന്റെ പ്രാർത്ഥനയുടെ ഫലമാകും കൃഷ്ണ പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു.
ഉണ്ണിമോൾക്ക് വേണ്ടി….
സായിയുടെ കുഞ്ഞിനു വേണ്ടി….. സായിയില്ലാത്ത ലോകത്ത് ജീവിക്കാൻ അവൾ തന്റെ മനസ്സിനെ പാകപ്പെടുത്തി.
ഉണ്ണി മോൾക്ക് ഒരു വയസ്സുള്ളപ്പോഴാണ് വീണ്ടുമൊരു ദുരന്തം കൃഷ്ണയെ തേടിയെത്തുന്നത്. ശിവശങ്കരന് ബ്രെയിൻ ട്യൂമർ ആണെന്നറിഞ്ഞപ്പോൾ കൃഷ്ണ ആകെ തകർന്നുപോയി.
ആകെയുള്ള വരുമാന മാർഗ്ഗം അതോടെ നിലച്ചു. അരവിന്ദന്റെ വീട്ടുകാരിൽ നിന്നും ചെറിയ രീതിയിൽ ഉള്ള ധനസഹായം ലഭിച്ചുവെങ്കിലും അതൊന്നും ചികിത്സ ചിലവിന് മതിയാകുമായിരുന്നില്ല. ഒടുവിൽ ശങ്കരന്റെ ചികിത്സാ ചിലവ് പൂർണ്ണമായും ശ്രീനാഥ് ഏറ്റെടുത്തു. ഒപ്പം അവരുടെ തന്നെ ഒരു സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി കൃഷ്ണയ്ക്ക് ജോലിയും കൊടുത്തു. കൃഷ്ണയ്ക്ക് അത് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.
മാധവൻ തമ്പി അതിനോടകം മരണപ്പെട്ടിരുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം തമ്പിയുടെ അനുജൻ ദേവനും മകൻ ശ്രീനാഥും ഏറ്റെടുത്തു. തമ്പിയെപ്പോലെ ആയിരുന്നില്ല ദേവൻ. തന്നിഷ്ടക്കാരനും ധാർഷ്ട്യമുള്ളവനും ആയിരുന്നു. പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ! എന്നിട്ടും ശങ്കരനെ സഹായിക്കുന്നതിൽ നിന്നും ശ്രീനാഥിനെ അയാൾ വിലക്കിയില്ല.
ചികിത്സ കൊണ്ടൊന്നും ഫലമുണ്ടായില്ല. ഒടുവിൽ ശങ്കരന് സർജറി വേണമെന്ന് ഡോക്ടർമാർ വിധിയെഴുതി. അവിടെയും അൻപതു ശതമാനത്തിൽ താഴെ മാത്രമായിരുന്നു വിജയസാധ്യത. ലക്ഷങ്ങൾ ചിലവ് വരുമായിരുന്നു സർജറിക്ക്. ആ ചിലവും ശ്രീനാഥ് ഏറ്റെടുക്കാമെന്ന് പറഞ്ഞു എങ്കിലും ശങ്കരൻ അതിന് അനുവദിച്ചില്ല.
അവസാനം ശ്രീനാഥിന്റെ നിർബന്ധ പ്രകാരം ശങ്കരന്റെ ആകെ സമ്പാദ്യമായ വീടും വസ്തുവും ഈട് നൽകിക്കൊണ്ട് സർജറിക്ക് ആവശ്യമായ തുക ശങ്കരൻ കൈപ്പറ്റി. എന്നാൽ വിധി കൃഷ്ണയെ പിന്നെയും പിന്നെയും വേദനിപ്പിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ആ ഓപ്പറേഷൻ ശങ്കരന്റെ ജീവൻ എടുത്തു.
അതോടെ കൃഷ്ണയും കുഞ്ഞും കപടത നിറഞ്ഞ ഈ ലോകത്തിൽ ഒറ്റക്കായി. കൃഷ്ണയ്ക്ക് പക്ഷെ ഉണ്ണിമോൾക്ക് വേണ്ടി ജീവിച്ചേ മതിയാകുമായിരുന്നുള്ളൂ…. ഇപ്പോഴുള്ള ചെറിയ ജോലി കൊണ്ട് അവൾ ജീവിത നൗക പതിയെ മുന്നോട്ട് തുഴഞ്ഞു.
ശ്രീനാഥിന്റെ സ്വഭാവം പതിയെ മാറി തുടങ്ങി. ശങ്കരന്റെ ചികിത്സയ്ക്ക് വേണ്ടി ചിലവായ പണം അയാൾ തിരികെ ചോദിച്ചു തുടങ്ങി. ശങ്കരന്റെ ചികിത്സയ്ക്ക് വേണ്ടി ചിലവാക്കിയ മുഴുവൻ കാശും അയാൾ തിട്ടപ്പെടുത്തി വച്ചിരുന്നു എന്ന് കൃഷ്ണ അപ്പോൾ മാത്രമാണ് മനസ്സിലാക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ ആ ഇരുപത്തിഅഞ്ച്കാരി നിസ്സഹായയായിപ്പോയി.
അന്ന്…..
ആദ്യമായി കൃഷ്ണ സൂരജിനെയും ലക്ഷ്മിയമ്മയെയും കണ്ട് മുട്ടിയ ആ ദിവസം……
ദേവനും ശ്രീനാഥും കൃഷ്ണയെ അന്വേഷിച്ചു അവളുടെ വീട്ടിൽ വരുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
” ഇവൻ ഇങ്ങനാ…. മുന്നും പിന്നും നോക്കില്ല. മോളോടിപ്പോ ഇത്രേം കാശ് ചോദിച്ചാൽ എവിടുന്ന് എടുത്ത് തരാനാ അല്ലെ?”
ക്ഷണിക്കാതെ വീടിനുള്ളിലേക്ക് കയറി ഇരുന്നു കൊണ്ട് ദേവൻ ചോദിച്ചപ്പോൾ ഉണ്ണിമോളെയും നെഞ്ചോട് അടക്കിപ്പിടിച്ച് ഭയന്നു വിറച്ചു നിന്നതേയുള്ളൂ കൃഷ്ണ.
” എന്തൊക്കെ പറഞ്ഞാലും സായിയുടെ ഭാര്യ അല്ലെ നീ? അങ്ങനെ നിന്നെ നിങ്ങൾക്ക് ഉപേക്ഷിച്ചു കളയാൻ പറ്റുമോ?
സാരംഗി മരിച്ചതിൽ പിന്നെ അവിടുത്തെ കാര്യോം കഷ്ടമാണ്. കൊച്ചിനെ നോക്കാൻ ആരും ഇല്ല. ഇവിടേം ഒണ്ടല്ലോ ഒരു കുഞ്ഞ്. ഒരു കാര്യം ചെയ്യാം. ഞാൻ നിങ്ങടെ രണ്ടിന്റേം കല്യാണം അങ്ങോട്ട് നടത്തി തരാം. അതാവുമ്പോ പിള്ളേർക്ക് അച്ഛനേം അമ്മേം കിട്ടും. പിന്നെ ശങ്കരന്റെ ചിലവിന് നീ വാങ്ങിയ കാശൊന്നും തിരികെ തരികേം വേണ്ട.”
കൃഷ്ണയ്ക്ക് എന്തോ ഔദാര്യം ചെയ്യുന്നത് പോലെ ദേവൻ ഞെളിഞ്ഞിരുന്നു.
“ഇത് പറയാനാണ് സാർ വന്നതെങ്കിൽ ഇനി ഇങ്ങോട്ട് വരണമെന്നില്ല. എനിക്ക് സമ്മതമല്ല. സാറിന് പോകാം.”
ഇത്തവണ ദേവന്റെ മുന്നിൽ ചെന്ന് നിന്ന് പുറത്തേക്ക് വിരൽ ചൂണ്ടുമ്പോൾ കൃഷ്ണയ്ക്ക് തെല്ലും ഭയം തോന്നിയില്ല. ദേവൻ പറഞ്ഞതു പോലെ ചെയ്യുന്നതിലും മരണമാണ് നല്ലതെന്ന് അവൾക്ക് തോന്നിയിരുന്നു. ആ ഒരു ചിന്ത മതിയായിരുന്നു കൃഷ്ണയുടെ ഭയം ഇല്ലാതാവാൻ.
” അത്രയ്ക്കായോടി നീ? സായീടെ ഭാര്യ ആയിരുന്നല്ലോ എന്ന പരിഗണനേടെ പുറത്താ നിന്നെ ഇത്രേം നാള് സഹായിച്ചതും അച്ഛൻ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോ ഞാൻ സമ്മതിച്ചതും. അല്ലാതെ നിന്റെ ചന്തം കണ്ട് മയങ്ങീട്ടൊന്നും അല്ല. കൂടുതൽ വിളച്ചിൽ എടുക്കാനാണ് പ്ലാൻ എങ്കിൽ വിവരം അറിയും നീ….!”
കൃഷ്ണയുടെ മുടിക്കുത്തിന് പിടിച്ചു തന്നോട് വലിച്ചടുപ്പിച്ചു കൊണ്ട് ശ്രീകാന്ത് ആക്രോശിച്ചു. കൃഷ്ണയ്ക്ക് തന്റെ മുടി പറിഞ്ഞു പോകുന്ന പോലെ തോന്നി.
സായിയുടെയും തന്റെയും കല്യാണം നടത്താൻ എല്ലാ സഹായങ്ങളും ചെയ്തു തന്ന, അച്ഛന് അസുഖമാണെന്ന് അറിഞ്ഞപ്പോൾ ഒരു കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്ന ശ്രീനാഥിനെയല്ല കൃഷ്ണ അപ്പോൾ കണ്ടത്. മുന്നിൽ കാണുന്ന ശ്രീനാഥിനെ അവൾക്ക് പരിചയം ഉണ്ടായിരുന്നില്ല. എന്തായിരുന്നു ഇയാളുടെ ഉദ്ദേശം എന്ന് കൃഷ്ണയ്ക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല.
**********
പാസ്ററ് ഈ പാർട്ടിൽ തീർത്തു ഈ പാർട്ടിയിൽ തന്നെ പ്രസന്റ് തുടങ്ങണം എന്ന് കരുതിയതാ…. നടന്നില്ല. ഇത്രേം ഭാഗങ്ങൾ കഥക്ക് ആവശ്യമാണ്. അതായത് ഇപ്പൊ പറഞ്ഞു പോയ പലതും ഇനിയും കഥക്ക് ആവശ്യം വരും . അതാണ് എഴുതിയത്. അടുത്ത പാർട്ട് മുതൽ ഉറപ്പായും കഥ പ്രസന്റ്ൽ തുടരും….
കഥ ഇഷ്ടമാകുന്നുണ്ടോ? ആദ്യത്തെ കഥയാണ്. തെറ്റുകൾ കണ്ടാൽ പറഞ്ഞു തരൂ ട്ടോ… ഇഷ്ടമായാൽ എനിക്കായി രണ്ട് വരി…. നിങ്ങളുടെ അഭിപ്രായം അറിയുമ്പോഴാണ് പിന്നെയും എഴുതാൻ തോന്നുന്നത് ❤️

by