17/04/2026

താലി : ഭാഗം 15

രചന – ആയിഷ അക്ബർ

പത്തു മിനുട്ടിനുള്ളിൽ രണ്ട് പേരും പോകാൻ റെഡി യായിരിക്കണം……

നന്ദിനി ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് സിറ്റ് ഔട്ടിലേക്ക് പോയിരുന്നതും കാർത്തി അങ്ങനെ നിന്നു…..

അല്പം മാറി ഹാളിനൊരു മൂലക്കായി നിൽക്കുന്നവളിലേക്ക് അവനൊന്നു നോക്കി….

ആ കണ്ണുകളിൽ ഒരു കടൽ നിറഞ്ഞു തൂവാൻ വെമ്പി നിൽക്കുന്നുണ്ട്…..

ആർക്കും കേട്ട് നിൽക്കാൻ കഴിയുന്ന ഒരു കാര്യമല്ലല്ലോ അമ്മ പറഞ്ഞത്…….

അതും അത്ര മേൽ നിഷ്കളങ്കയായ വിവാഹത്തെ കുറിച്ചും സ്വന്തമാക്കാൻ പോകുന്ന പുരുഷനെ കുറിച്ചും അത്രയേറെ സ്വപ്നങ്ങളുള്ളവളെ….

കൃഷ്ണാ……

അവൻ പതിയെ വിളിച്ചതും നിറ മിഴികളാൽ അവളവനെ നോക്കി……

അവന്റെ ആ വിളിയിൽ ഇത് വരെയുള്ളതിൽ നിന്നും വ്യത്യസ്തമായി എന്തോ ഒരു തരം വിങ്ങൽ തിങ്ങി നിറഞ്ഞിരുന്നു….

മാ…… പ്പ്…….

അവൻ ഇരു കൈകളും കൂട്ടി പ്പിടിച്ചത് പറഞ്ഞെപ്പോഴേക്കും വിതുമ്പി പോയിരുന്നു…..

തന്റെ മുമ്പിൽ നിന്നുരുകുന്ന അവനെ കണ്ടതും അവൾ പെട്ടെന്ന് മിഴികൾ തുടച്ചു……

അവന്റെ ദുഃഖം കാൻകെ അവൾക്ക് വല്ലാത്ത അലിവ് തോന്നി……

അവൻ അറിഞ്ഞു കൊണ്ടൊരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്തത് മുഴുവൻ തനിക്ക് വേണ്ടിയാണെന്നും താനിക്കറിയുന്നത്ര മറ്റാർക്കറിയാം…….

ഞാൻ….. ഞാൻ കാരണം വീണ്ടും താൻ…..

അവനത് കൂടി പറഞ്ഞു തുടങ്ങിയതും അവൻ കൂട്ടി പ്പിടിച്ച കൈകളിൽ അവൾ പിടിച്ചത് പെട്ടെന്നായിരുന്നു…..

അവൻ മിഴികൾ അവൾക്ക് നേരെയൊന്നുയർത്തി…..

ഇയാളെന്നോട് കാണിച്ച അലിവും സ്നേഹവും മറ്റാരും കാണിച്ചിട്ടില്ല…..
അത് കൊണ്ട് എന്ത്‌ സംഭവിച്ചുവോ അതെന്റെ വിധിയാണ്…….

അവളത് പറയുമ്പോഴും അവളുടെ കയ്യിന്റെ ചൂട് തന്നെ ചുട്ട് പൊള്ളിക്കുന്നുണ്ടയായിരുന്നു…..

എപ്പോഴും താൻ കാരണം വേദനിച്ചവളാണ്……
എങ്കിലും തന്നെ അറിഞ്ഞത് മുതലതെല്ലാം സ്വയം വിധിയായി അവളേറ്റെടുക്കുകയാണ്…..

അവനു ഹൃദയം പൊട്ടി പിളരുന്നത് പോലെ തോന്നി……

ഇനി….. ഇനിയെന്താ……

അവളുടെയാ ചോദ്യം ദയനീയമായിരുന്നു….

അതിൽ കലർന്നിരുന്ന നിസ്സഹായത അവനു വ്യക്തമായിരുന്നു…..

അവൾക്ക് സ്വയം ഇനിയൊന്നും ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അവൻ കണ്ണുകൾ അമർത്തി തുടച്ചു….

ഇപ്പൊ തൽക്കാലം എന്റെ വീട്ടിലേക്ക് പോയെ പറ്റു….

അപ്പൊ ഇനി അതും കൂടി മെറിനറിഞ്ഞാലോ…..

അവൻ ശാന്തമായി പറഞ്ഞതിനോട് അവൾ പെട്ടെന്നത് ചോദിക്കുമ്പോൾ അതിൽ കലർന്നിരുന്നത് തന്നെ കുറിച്ചുള്ള ആശങ്കകളാണെന്നോർക്കേ അവനത്ഭുതം തോന്നി….

ഈ സമയത്തും അവൾക്കെങ്ങനെ തന്നെ കുറിച് ചിന്തിക്കാൻ കഴിയുന്നു……

അറിയട്ടെ…… സത്യമെന്തെന്ന് ചോദിക്കുക പോലും ചെയ്യാതെ വെറുതെ……

അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു …..
അപ്പോഴും അതിൽ കലർന്നിരുന്ന നൊമ്പരം കൃഷ്ണക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു……

നിന്റെ വീട്ടുകാരറിയില്ലേ എന്നതാണ് എന്റെ മനസ്സിൽ……

കാർത്തി വല്ലാത്തൊരു ഭാവത്തോടെ അത് പറയുമ്പോൾ അതേ വിങ്ങൽ അവൾക്കുള്ളിലും തിങ്ങി നിറഞ്ഞത് കൊണ്ട് തന്നെ അവൾ നിർവികാരയായി ദൂരേക്ക് നോക്കി നിന്നു……

കൃഷ്ണാ…..

അവൻ പതിയെ വിളിച്ചതും അവളൊന്ന് അവനു നേരെ തിരിഞ്ഞു……

ആ വിളിക്ക് പഴയ ഭംഗി തിരിച്ചു കിട്ടിയത് പോലെ…..

എന്ത് തന്നെയായാലും കൂടെ ഞാനുണ്ട്….
ഇത് കൊണ്ട് വരുന്ന നഷ്ടങ്ങൾ നമുക്ക് പങ്കിട്ടെടുക്കാം……
നീ തനിച്ചാവില്ല….

അവൻ അവളുടെ മിഴികളിൽ നോക്കിയത് പറയുമ്പോൾ നിരാശ താളം കെട്ടിയ ആ മിഴികൾക്കുള്ള ധൈര്യമായിരുന്നു അവൻ പകർന്നു നൽകിയത്……

എന്ത് ചെയ്യും ഇനിയെന്ന ചോദ്യത്തിന് പകരമായി അവൻ കൂടെയുണ്ടല്ലോ എന്നൊരുത്തരം മനസ്സ് സ്വയം തരുന്നത് പോലെ അവൾക്ക് തോന്നി…..

അവൾക്കല്പം ആശ്വാസം തോന്നി തുടങ്ങിയിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കാർത്തി ഇറങ്ങിയതിനു പിറകെ ആ മുഷിഞ്ഞ ബാഗ് കൂട്ടി പിടിച്ചു അവളുമിറങ്ങി…….

നമുക്കൊരുമിച്ചു പോകാം കാർത്തി….

അവൻ കാറിന്റെ ഡോർ തുറന്ന് അതിലേക്ക് കയറാൻ നിന്നപ്പോഴാണ് സിറ്റ് ഔട്ടിൽ നിന്നും എഴുന്നേറ്റ് വിജയന്നത് പറഞ്ഞത്…..

വേണ്ട അച്ഛാ…..എനിക്കിങ്ങോട്ട് തിരിച്ചു പോരുകയും വേണം….. ഞാനെന്റെ വണ്ടിത്തന്നെയെടുത്തോളം……

കാർത്തി അത് പറയുമ്പോൾ നന്ദിനിയെ ഒന്ന് നോക്കാൻ മറന്നിരുന്നില്ല…….

അപ്പോ ഈ വീട് ഇങ്ങനെ ഇട്ടിട്ട് പോകുകയാണോ…..

തുറന്ന് കിടന്ന വാതിൽ പതിയെ യൊന്നു ചാരി പുറത്തെക്കിറങ്ങുമ്പോഴാണ് നന്ദിനി അവനോടത് ചോദിച്ചത്…..

അതാ ചേച്ചി വന്നോളും…. കൃഷ്ണ കയറ്……

അവരുടെ മുഖത്തേക്ക് നോക്കാതെ അലസമായി അവനത് പറഞ്ഞതിനോട് ചേർത്ത് അവളോട് കയറാൻ കൂടി പറഞ്ഞതും നന്ദിനി അവളെ അമർത്തിയൊന്ന് നോക്കി……..

അവൻ ഡോർ തുറന്നതും അവൾ പതിയെ കാറിലേക്ക് കയറിയിരുന്നു……

അവരുടെ കാറ് അവിടം വിട്ട് പോകുന്നത് കണ്ടതും പിറകിലായി വിജയനും കാറ് സ്റ്റാർട്ട്‌ ചെയ്തിരുന്നു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആ യാത്രയിലുട നീളം നോവ് നിറഞ്ഞൊരു നിശബ്‍ദത ഇരുവർക്കുമിടയിൽ ബാക്കിയായി……..

കാർത്തി ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുന്നു വെന്ന് വരുത്തുമ്പോഴും ഇടയ്ക്കിടെ പുറത്തേക്ക് മിഴികൾ നട്ടിരിക്കുന്നവളിലേക്ക് അവന്റെ നോട്ടം പാറി വീണിരുന്നു…….

ഏറെ നേരത്തെ ആ യാത്ര ക്കോടുവിൽ അവരാ വലിയ തറവാടിന് മുമ്പിലെത്തി…..

പടിപ്പുര കടന്നതും ഏതൊ ഓർമകളിൽ നിന്നെന്ന പോൽ അവൾ ഞെട്ടി എഴുന്നേറ്റു…..

പടിപ്പുര യിൽ നിന്നും ഉള്ളിലേക് മാറിയ ആ വലിയ വീടിനെ ലക്ഷ്യമാക്കി തങ്ങളടുക്കുമ്പോൾ കൃഷ്ണയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു…..

പടിപ്പുര കടന്നാൽ ഇരു വശവും തെങ്ങും കവുങ്ങും മാവും നിറഞ്ഞ തൊടിക്ക് നടവിലൂടെ ഒരു വാഴി………

അത് ചെന്ന് നിൽക്കുന്നിടം തലയെടുപ്പോടെ നിൽക്കുന്ന മനക്കൽ തറവാട്……..

അവൾ ദയനീയമായി അവനെയൊന്ന് നോക്കി…..

അപ്പോഴെക്കും അവരുടെ പിറകിലെന്നോണം വിജയന്റെ കാറും വന്നു നിന്നിരുന്നു…..

കാർത്തി അൽപ സമയത്തെക്ക് ഇറങ്ങിയില്ല….

മുത്തശ്ശൻ ഉമ്മറത്തെ ചാരു കസേരയിൽ തന്നെയിരുന്നു സൂക്ഷിച്ചു നോക്കുന്നുണ്ട്…..

മൂത്തശിയും അടുത്ത് നിന്ന് ഒന്ന് കണ്ണു ചുരുക്കി നോക്കിയതും പരിചയമുള്ള കാറുകളായത് കൊണ്ടാവാം അവിടെ തന്നെ നിന്നത്…….

കാർത്തി ഇറങ്ങാതിരിക്കുന്നത് കണ്ട് അവളൊന്നു നോക്കിയെങ്കിലും ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചവൾക്ക് തല ചുറ്റുന്നുണ്ടായിരുന്നു….

കാർത്തി അപ്പോഴും അങ്ങനെയിരിപ്പാണ്…..

നന്ദിനിയും വിജയനും അവനെയൊന്ന് നോക്കി അകത്തേക്ക് കയറിയതും അവർ പറയുന്നത് കേട്ട് മുത്തശ്ശി നെഞ്ചിൽ കൈ വെക്കുന്നത് കണ്ടപ്പോൾ അവൻ പതിയെ സീറ്റ്‌ ബെൽറ്റ്‌ ഊരി മാറ്റി….

അതേ… ഇപ്പൊ ഇറങ്ങാൻ സമയമായി യെന്ന പോൽ…..

മുത്തശ്ശിയോട് തനിക്ക് മറുപടി കൊടുക്കാനുള്ള പാട് കൊണ്ടാണ്…..

ഇറങ്….

അവൻ ഇറങ്ങി കഴിഞ്ഞപ്പുറം വന്നവൾക്ക് ഡോർ തുറ ന്ന് കൊടുത്തവനത് പറയുമ്പോൾ അവളുടെ കൈ കാലുകൾ വിറച്ചിരുന്നു…..

അപ്പോഴും ഞാൻ കൂടെയുണ്ടെന്ന അവന്റെ വാക്കുകൾ തന്ന ധൈര്യത്തിൽ അവൾ പുറത്തേക്കിറങ്ങി…….

അപ്പോഴേക്കും മുത്തശ്ശി യുടെ കണ്ണുകൾ അവരിലേക്ക് നീങ്ങിയിരുന്നു…..

അതിൽ കലർന്നിരുന്നത് ദേഷ്യമാണോ എന്നവൻ തിരയുമ്പോഴും ആർക്കും മുഖം കൊടുക്കാതെ കൃഷ്ണ തല താഴ്ത്തി നിന്നു……..

കാർത്തി അകത്തേക്ക് കയറുമ്പോൾ കൃഷ്ണയോടൊപ്പം നടക്കാൻ ശ്രമിച്ചിരുന്നു…..

അവൾ യാണത്ര കമായി അവനു പിന്നാലെ അങ്ങനെ ചലിക്കുകയായായിരുന്നു…..

എന്താ ടാ ഞങ്ങളീ കേൾക്കുന്നത് …..

മുത്തശ്ശി അത് ചോദിക്കുമ്പോൾ വാക്കുകൾക്ക് നല്ല കന മുണ്ടായിരുന്നു……

മുത്തശ്ശനും മൗനമായി തങ്ങളെ നോക്കിയിരിക്കുക യാണ്…..

മുത്തശ്ശി ഞാൻ……

അവൻ പറയാൻ തുടങ്ങിയ ആ നിമിഷമാണ് ഒരു നിമിഷം മുത്തശ്ശിയുടെ കണ്ണുകൾ അവളിൽ തറഞ്ഞത് അവനും കണ്ടത്……

മിഴികൾ താഴ്ത്തി ദയനീയമായി നിൽക്കുന്ന ആ ചുരുണ്ട മുടിക്കാരിയെ അവരൊന്നു നോക്കി നിന്നു……

കണ്ണെടുക്കാൻ തോന്നാത്തൊരു വശ്യത അവളിലുണ്ട്……

ഇവളെ തന്റെ കൊച്ചു മോളായി കിട്ടാൻ വഴിപാട് വരെ നേർന്നില്ലേ താൻ…..

അവരോരു നിമിഷം അവളെ നോക്കി നിൽക്കുന്നതറിഞ്ഞതും അവൾ മിഴികളൊന്നുയർത്തി……

ആ കണ്ണുകളിൽ എന്തോ കുറ്റ ബോധം നിറഞ്ഞു നിൽക്കുന്നു…..

അവർക്കവളോട് തോന്നിയത് സഹതാപമായിരുന്നു…..

മുത്തശ്ശി…. ഞങ്ങൾ അകത്തേക്ക് കയറിക്കോട്ടെ…..

മുത്തശ്ശിയുടെ കണ്ണുകളിൽ അന്നവളെ കണ്ട് വന്ന അതേ ദിവസത്തെ ഭാവമായിരുന്നെന്ന് മനസ്സിലായതും പെട്ടെന്നാണ് കാർത്തിയത് പറഞ്ഞത്……

അവനു വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു.

മുത്തശ്ശിയും അമ്മയും വീട്ടിലെ മറ്റെല്ലാവരും ധരിച്ചു വെച്ചിരിക്കുന്നത് തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നായിരിക്കും……

കൃഷ്‌ണയെ എല്ലാവർക്കും ഇഷ്ടവുമാണ്….
അതും പോരാന്നിട്ട് അവൾക്ക് സമ്മതമെങ്കിൽ ഈ വിവാഹം നടക്കുമെന്ന് താനും പറഞ്ഞു പോയി…..

എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ ഈ അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് കാർത്തിക്കറിയില്ലായിരുന്നു…….

മുത്തശ്ശി മുഖത്തെ ഗൗരവം വിട്ട് കളയാതെ അവർക്ക് വേണ്ടു വാഴി മാറി കൊടുക്കുമ്പോൾ നന്ദിനി ദേഷ്യത്തോടെ നോക്കി നിന്നു…….

അവൻ അകത്തേക്ക് കയറുമ്പോൾ ആർക്കും മുഖം കൊടുക്കാതെ അവളും അവനു പിറകിലായി ഒതുങ്ങി നടന്നിരുന്നു…….

തണുത്തു ചുവന്ന നിലത്തവൾ ചുവട് വെക്കുമ്പോൾ ഉള്ളിലാകെ എന്തോ ഒന്ന് വേവുന്നുണ്ടായിരുന്നു….

(തുടരും)