The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗായത്രി സുരേന്ദ്രൻ
“അമ്മേ എന്തേലും തരാനുണ്ടേൽ ഇവൾടെ കയ്യിലു കൊടുത്തു വിടണോ?ഇവിടെ വേറാരും ഇല്ലേ?”ചായക്കപ്പിലമർത്തി പിടിച്ചുകൊണ്ട് മിഴി തേങ്ങലുകളടക്കിപ്പിടിച്ചു…..അവളുടെ വേദനതുളുമ്പുന്ന മുഖം അവനിൽ അസഹ്യതയുളവാക്കി…..ഒരുപാടിഷ്ടായോണ്ടല്ലേ കുഞ്ഞേട്ടന്റെ ഓരോ കാര്യങ്ങളും അണുവിട വ്യത്യാസം വരുത്താതെ ഞാനിങ്ങനെ ചെയ്തു പോരുന്നത്….എന്നിട്ടും…..കണ്ണിലു മുന്നിലെന്നെ കണ്ടാൽ പിടിക്കില്ല്യാ….
ദൂരത്തൊക്കെ പഠിച്ചു വന്നപ്പോ ചുരിദാറോ പട്ടുപാവാടയോ ഇട്ടു നടക്കണ പെണ്ണു പഴഞ്ചനാണെന്നു തോന്നിക്കാണും….കൂട്ടുകൂടാനോ മിണ്ടാനോ തനിക്കൊപ്പം പോരെന്നു തോന്നിക്കാണും…. അവൾ അടർന്നു വീണ കണ്ണീർത്തുള്ളികൾ അടർത്തി മാറ്റി.ചായക്കപ്പ് മേശമേൽ വച്ചു കൊണ്ട് തിരികേ നടന്നു…”അതേ ഈ കപ്പ് കൂടെ എടുത്തോണ്ടു പൊയ്ക്കോ…..
എനിക്ക് വല്ലോം വേണംന്നുണ്ടേൽ ഞാനെടുത്തോളും”
മിഴിയുടെ വാഴപ്പോള നിറം പരന്ന മുഖം ഒന്നൂടെ ചുവന്നു വന്നു ദേഷ്യവും സങ്കടവും അടക്കിപ്പിടിച്ച് ചായക്കപ്പും എടുത്തവൾ മുറിക്ക് പുറത്തിറങ്ങി….
എന്താ ദേഷ്യം എന്റെ ഗുരുവായൂരപ്പാ….
കടിച്ചു കീറണ മാതിരിയാ നിൽപ്പ്..
ആരാന്നാ ഇപ്പോ വിചാരം!!എന്നാലും എന്നോടിങ്ങനൊക്കെ പറയാൻ മാത്രം….”അവളു പിന്നേയും പരിഭവിച്ചു.
“എന്റെ കുഞ്ഞോളേ, നിനക്കറിയൂല്ലേ വന്നപ്പോ തൊട്ട് അവന്റെ സ്വഭാവം ഇതാ…എന്തേലും പറയാൻ ചെന്നാൽ ദേഷ്യാ….. പറഞ്ഞിട്ടു കാര്യോല്ലാ കുട്ട്യേ…. അവന്റച്ഛനും ഇങ്ങനെ ആയിരുന്നില്ലേ…
മൂക്കിന്റെ തുമ്പത്താ ദേഷ്യം…വിത്തു ഗുണം പത്തു ഗുണം….”പാവയ്ക്കാക്കൊണ്ടാട്ടം വറുത്തു കോരുന്നതിനിടയ്ക്ക് പത്മിനി അവളെ സമാധാനിപ്പിച്ചു….”എന്നാലും അമ്മായ്യ്യേ ഇങ്ങനുണ്ടോ ദേഷ്യം!ഇതു ദേഷ്യല്ലാ…. എന്നോടെന്തോ വെറുപ്പു പിടിച്ച മാതിരിയാ…… നോക്കിക്കോ….ഞാനും ഇനി അങ്ങോട്ടു മിണ്ടാൻ പോവില്ലാ…..”എന്നാലും അത്രനേരം കുഞ്ഞേട്ടനോടു മിണ്ടാതിരിക്കാൻ തനിക്കാവുമോ….. മിഴി മനസിലോർത്തു..
“ഇതാപ്പോ നന്നായേ, നാലഞ്ചു കൊല്ലം മുമ്പു വരെ ഈച്ചേം ചക്കരേം പോലെ നടന്ന പിള്ളാരാ ഇതിപ്പോ കീരീം പാമ്പും ആയല്ലോ കൃഷ്ണാ…..”പത്മിനിയമ്മ വാത്സല്യപൂർവ്വം അവളെ നോക്കിച്ചിരിച്ചു……
നോക്കൂ കുട്ട്യേ അമ്മായി കുഞ്ഞേട്ടനേം കൂട്ടീട്ട് വൈകുന്നേരം തൊഴാൻ ഗുരുവായൂർ നട വരെ പോണുണ്ട്…..എന്റെ കുട്ടീം കൂടെ വരണം കേട്ടോ….”ഞാനോ…. ആ കടുവേടൊപ്പോ?!!!
ഞാനെങ്ങും ഇല്ല…അമ്മായി ഒറ്റയ്ക്കു പോവുമ്പോ എന്നെ കൂട്ടുവിളിച്ചാ മതി…..””എന്റെ കുഞ്ഞോളേ, നാളെ നിനക്കു ക്ലാസ്സു തുടങ്ങുവല്ലേ…… തൊഴുതിട്ടുപോവൂകുട്ടീ….ഞാനല്ലേപറേണേ…പാർവതി പ്രസവിച്ചുന്നേള്ളൂ എന്റെ കയ്യിലു നിന്നാ നീയ്യ് വളർന്നത്… നിന്റമ്മ പറേണതു നീയ്യ് കേൾക്കില്ല്യേ?”
അതുകേട്ടതും മിഴിയുടെ കണ്ണുകൾ നിറഞ്ഞു.ശരിയാണ്, ജനിച്ചപ്പോ തന്നെ അമ്മയങ്ങു പോയിട്ടും ഒരമ്മേടെ കുറവറിയാതെയാണ് താൻ വളർന്നത്….അമ്മായീടെ കയ്യിലു തന്നെയേൽപ്പിച്ച് മൂന്നാം വയസ്സിലച്ഛൻ പോയപ്പോഴും താനനാഥയായിയില്ല…..അമ്മാവന്റെയും അമ്മായീടേം കൈ പിടിച്ച് എല്ലാം കൊണ്ടും സന്തോഷത്തോടെ താനിന്നു വരെ കഴിഞ്ഞു ……
അച്ഛൻ പോവുമ്പോ അമ്മാവൻ അച്ഛനു കൊടുത്ത വാക്കാണ് മാധവ് മിഴിയെ ജീവിതസഖിയാക്കിയിരിക്കും എന്നതും…അന്നു തൊട്ടേ അങ്ങനേ കണ്ടുള്ളൂ….
അത്ര മേൽ സ്നേഹിച്ചിട്ടേ ഉള്ളൂ….
ജീവനെപ്പോലേ…..
അല്ലാ….ജീവനേക്കാളേറെ…..എന്നിട്ടാണിപ്പോ തന്നോടിങ്ങനെ……നീർത്തുള്ളികൾ അപ്പോഴേക്കു കവിളിലേക്കു പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു…..
“ആയ്യേ എന്റെ കുട്ടി കരയ്യാ….അതിനും മാത്രം ഇവിടിപ്പോ എന്താണ്ടായേ?!അമ്മായി തമാശ പറഞ്ഞതല്ലേ….അവനിനിയെന്റെ കുട്ട്യേ വല്ലതും പറഞ്ഞു കരയിച്ചാൽ എന്റേൽന്നു നല്ലോണം കിട്ടുംന്ന് ഞാനവനോടു പറയണുണ്ട്…..തൊഴാൻ എന്റെ കുട്ടീം വായോ….”അവളുടെ മുഖം പെയ്തു തോർന്ന മാനം കണക്കേ പ്രകാശിച്ചു…..അമ്മായിയെ ചേർത്തു കെട്ടിപ്പിടിച്ച് കവിളത്തൊരു മുത്തം നൽകിക്കൊണ്ട് അവൾ അടുക്കള വാതിൽ കടന്നു പുറത്തേക്കിറങ്ങി….
തൊടിയിലെ ചെമ്പകക്കൊമ്പിനോടു കെട്ടിയ ഊഞ്ഞാലിലിരുന്ന് മാനം മുട്ടെയാടാനെന്നോണം ആടാൻ തുടങ്ങി….പൊഴിഞ്ഞു കിടക്കുന്ന ചെമ്പകപ്പൂക്കളെ നെഞ്ചോരം ചേർത്തു വച്ച് ഊഞ്ഞാലിൽ ചാരി മാൻപേട മിഴികൾ അവൾ ചേർത്തടച്ചു…വെളുത്തു മെലിഞ്ഞ കഴുത്തിൽ തെളിഞ്ഞു കാണുന്ന നീലഞരമ്പുകൾ അവളുടെ ശാലീനതയെ ഒന്നുകൂടി വർദ്ധിപ്പിച്ചു …..
അവളുടെ മനസ്സു നിറയെ കുഞ്ഞേട്ടനോടുള്ള പരിഭവമായിരുന്നു….അവളുടെ മനസ്സ് തന്നെയിട്ടു വട്ടു കളിപ്പിച്ചതിനു പണി കൊടുക്കാൻ കുറുമ്പു കാട്ടുകയായിരുന്നു…..അതേ സമയം രണ്ടു കുസൃതിക്കണ്ണുകൾ അവളറിയാതെ അവളെ നോക്കി നിൽപ്പുണ്ടായിരുന്നു……………………
…………തുടരും………….