രചന – കരിമഷി
പോലീസ് സ്റ്റേഷനിലെ ഹാളിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു പുലരിക്ക് …….
അച്ഛന് സുഖമില്ലാത്തത് കൊണ്ട് തന്നെ മൊയ്തൂക്കയായിരുന്നു അവൾക്കൊപ്പം വന്നത് ……
“” മോളേ…. ഇജ്ജ് ബേജാറാവണ്ട …..
ആ പഹയനിട്ട് രണ്ടൂടെ കൊടുക്കണ്ടതായിരുന്നു …….
സെയ്ത്താൻ ….. “”
വിരലുകൾ കൂട്ടിപിടിച്ചിരിക്കുന്നവളെ കണ്ടതും അയാൾ ആശ്വസിപ്പിച്ചു …….
“” ഏയ്…. അതൊന്നുമല്ല ഇക്കാ …..
എനിക്കച്ഛനെ ഓർത്താ പേടി …….
സുഖമില്ലാത്ത ആളല്ലേ ….. “”
“” അതിന് രാമന് ഒന്നൂല്ലല്ലോ …..
ആസ്പത്രിയിൽ പോയിട്ട് കുഴപ്പോന്നുമില്ലെന്ന് ഉറപ്പിച്ചല്ലെ നമ്മള് വന്നത് ….. എല്ലാം ശരിയാവും ……
പടച്ചോൻ ഞമ്മളെ രക്ഷിക്കും ….. “”
അയാൾ പറഞ്ഞു ……
എങ്കിലും ഉളളിലെ സംഘർഷം മുഴുവനായി മാറിയില്ലെന്ന് തോന്നി പുലരിക്ക് …….
“” പുലരി രാമൻ …..
എസ്ഐ സാർ വിളിക്കുന്നുണ്ട് ….. “”
ലേഡി കോൺസ്റ്റബിൾ വന്നു പറ്റഞ്ഞതും അവൾ മൊയ്തുവിനൊപ്പം അകത്തേക്ക് കയറി ……
“” ഇയാളാ മോളെ രാവിലെ വന്നത് ….. “”
അകത്തേക്ക് കടന്നതും വരുണിനെ പുലരിക്ക് കാണിച്ചു കൊടുത്തു കൊണ്ട് മൊയ്തു അടക്കം പറഞ്ഞു ……..
നെഞ്ചും വിരിച്ച് നല്ല പൊക്കവും ഉശിരുമുള്ളവനെ കാട്ടിയയാൾ പറഞ്ഞതും വരുണിനെയൊന്ന് നോക്കിയവൾ ……
അവന്റെ കണ്ണും തനിക്ക് മേലാണെന്ന് കണ്ടതും എസ്ഐക്ക് നേരെ തിരിഞ്ഞവൾ ….
“” ഇരിക്കൂ പുലരി ….. “”
“” വേണ്ട സാർ ഞങ്ങളിവിടെ നിന്നോളാം … “”
മൊയ്തു മറുപടി കൊടുത്തു ……
“” മ്മ്മ്…..
പുലരിയെ വിളിപ്പിച്ചത് വേറൊന്നുമല്ല …..
തന്റെ പേരിലൊരു കംപ്ലൈന്റ് കിട്ടിയിട്ടുണ്ട് ….
ദേ ഈ നിൽക്കുന്ന സന്ദീപിനെ താൻ നടുറോഡിൽ വച്ച് കരണത്തടിച്ചെന്ന് …..
സാക്ഷി ഇയാളും …… “”
വരുണിനെ കൂടാതെ റൂമിൽ നിൽക്കുന്ന സന്ദീപിനെയും കൂട്ടുകാരൻ ലിജോയേയും കാണിച്ച എസ്ഐ പറഞ്ഞു …….
“” അപ്പൊ അത് ശരിയാണോ എന്നറിയാനാ തന്നെ ഞങ്ങള്
വിളിച്ചത് …. “”
“” ശരിയാണ് സാറേ ….. “”
ഉറപ്പോടവൾ പറഞ്ഞതും വരുണവളെ അടിമുടിയൊന്ന് നോക്കി ……
അധികം പ്രായമില്ല …. ഒരു ഇരുപത്തിയഞ്ചിനു ഉള്ളിലെ കാണു …..
ഇവൾക്കിത്രയും ധൈര്യമോ …??
അതും ഒരാണിനെ കൈ നീട്ടി അടിക്കാൻ ….!!
ആ പെണ്ണീനോടൊരു ഈർഷ്യ തോന്നിയവന് ……
എസ്ഐയും അവളെയൊന്ന് ഇരുത്തി നോക്കി ……
“” ഒരു മുൻകാരണങ്ങളും ഇല്ലാതെയാണ് താനിയളെ അടിച്ചതെന്നാ കേസ് …. അതിപ്പൊ പുലരി തന്നെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് …. “”
“” കാരണമില്ലെന്ന് സാറിനോടാരു പറഞ്ഞു ….
കാരണമുണ്ടായിട്ട് തന്നെയാ ഞാൻ തല്ലിയത് … “”
മുന്നിലെ കസേരയിലേക്ക ഇരുന്നു കൊണ്ടവൾ ഉച്ചത്തിൽ പറഞ്ഞതും എസ്ഐയുടെ നെറ്റി ചുളിഞ്ഞു …….
അവളുടെ ആ പ്രവൃത്തി വരുണിന് പിടിച്ചില്ല ……!!
“” ദേ ഈ നിൽക്കുന്നവന്മാര് രാവിലെ സ്കൂളിലേക്ക് പോകുംവഴി എന്നെ തടഞ്ഞു വച്ച് അപമാനിക്കാൻ ശ്രമിച്ചു …..
സ്വയരക്ഷയ്ക്കും ആ അപമാനത്തിലും ഞാനവന്റെ കരണത്ത് അടിച്ചു ….
അതെവിടെ ഏറ്റുപറയാനും എനിക്ക് മടിയില്ല …..
അതിപ്പൊ കേസാണെങ്കിൽ അത് ഞാനനുഭവിച്ചോളാം …. “”
പുലരി ദേഷ്യത്തോടെ സന്ദീപിനെ നോക്കി പറഞ്ഞു ………
“” ശരിയാണോ ടാ ഇതൊക്കെ ?? “”
“” ഏയ് അല്ല സാറേ …..
ഞാനൊന്നും പറഞ്ഞില്ല ….!! “”
പതർച്ച പുറത്ത് കാട്ടാതവൻ മറുപടി നല്കി …..
പക്ഷേ കൂടെ നിന്ന ലിജോ വിറച്ചു തുടങ്ങിയിരുന്നു ……
വരുണും ഞെട്ടലോടെ മൂന്നുപേരെയും നോക്കി ……..
“” അവരല്ലെന്ന് പറയുന്നുണ്ടല്ലോ പുലരി ….
ഓക്കേ അത് വിട് …. എന്തുപറഞ്ഞാ ഇവര് തന്നെ അപമാനിക്കാൻ ശ്രമിച്ചത് ….?? “”
എസ്ഐ ചോദിച്ചതും
അവളൊന്ന് തലകുനിച്ചു ….
പിന്നൊന്ന് ആഞ്ഞു ശ്വാസമെടുത്തു …….
“” ഈ കഴിഞ്ഞ നാലാം തീയതി എന്റെ വിവാഹമായിരുന്നു സാർ ….. “”
പുലരി പറഞ്ഞതും വരുണൊന്നൂടെ അവളെ നോക്കി ……..
കല്യാണം നടന്നയൊരു മാറ്റവും അവൾക്കില്ല …. താലിയോ സിന്ദൂരമോ ഒന്നും …….
“” പക്ഷേയത് നടന്നില്ല …..!!
കുറച്ചു ദിവസായി ഇവനെ പോലുള്ളവന്മാര് കളിയാക്കിയും അർത്ഥം വച്ച് ഓരോന്നും പറഞ്ഞെന്റെ പിറകെ കൂടിയിട്ട് …..
ഇന്നിവൻ അതൊക്കെ പറഞ്ഞതും എന്റെ വായിൽ തോന്നയിത് തിരിച്ചു പറഞ്ഞു ഞാനും പ്രതികരിച്ചു ……
അപ്പൊ ഈ സന്ദീപെന്റെ കൈയ്യിൽ കയറി പിടിച്ചു …..
ഞാനവന്റെ കരണം നോക്കിയൊന്ന് കൊടുക്കുകയും ചെയ്തു …… “”
ഒറ്റശ്വാസത്തിൽ പുലരി പറഞ്ഞതും എസ്ഐ സന്ദീപിനേയും ലിജോയേയും ദേഷിച്ചൊരു നോട്ടം നോക്കി ……
വരുണിന്റെ മുഖഭാവവും അങ്ങനെ തന്നെയായിരുന്നു ……
“” സത്യാമാണോടാ ഈ കുട്ടി പറഞ്ഞത് ….?? “”
എസ്ഐ ശബ്ദമുയർത്തി ……….
“” അ..അല്ല സാറേ …. “”
സന്ദീപ് വിറച്ചു വിറച്ചു പറഞ്ഞു …. ലിജോയിപ്പൊ ബോധംകെട്ടു വീഴുമെന്ന് അവസ്ഥയിലാണ് ……
വീട്ടിലോട്ട് ചെന്നാൽ അമ്മച്ചി മടല് വെട്ടിയടിക്കുന്ന ദൃശ്യം ഓർത്തതും അവന്റെ കണ്ണു നിറഞ്ഞു ……
“” വരുണേ …..
ഇവനോടൊന്നും ഇങ്ങനെ ചോദിച്ചാ സത്യം അറിയാൻ പറ്റില്ല …. “”
ഇരുവരുടേയും വിളറിയ മുഖം കണ്ട് എസ്ഐയ്ക്ക് ഏകദേശം കാര്യം പിടികിട്ടിയിരുന്നു …..
അയാൾ വരുണിനോട് പറഞ്ഞതും അതിന്റെ അർത്ഥം മനസ്സിലായത് പോലെ വരുണിരുവർക്കും അടുത്തേക്ക് വന്നു ……
“” അയ്യോ തല്ലരുത് സാറേ ……
ആ ചേച്ചി പറഞ്ഞത് സത്യാ ….
ഈ അണ്ണനാ ചേച്ചീടെ കൈയ്യിൽ കയറി പിടിച്ചത് ….. “”
ലിജോ കരഞ്ഞു കൊണ്ടു പറഞ്ഞതും സന്ദീപ് പേടിയോടെ മൂലയ്ക്ക് നീങ്ങി നിന്നു …….
“” ച്ഛീ… സ്റ്റേഷനിൽ കയറി വന്ന് കള്ളക്കേസ് തരുന്നോ ….
വരുണേ രണ്ടിനേം ഇറക്കാൻ ആളു വന്നാലെ വിടണ്ടു …. രണ്ടുദിവസം ഇവിടെ കിടന്നാലെ ഇവനൊക്കെ മര്യാദ പഠിക്കൂ ….
നാട്ടിലെ പെൺപിള്ളേരോട് മോശമായി പെരുമാറാനാണോടാ നീയൊക്കെ ജോലിക്കും കൂലിക്കും പോകാതെ തെണ്ടിനടക്കുന്നേ …. “”
എസ്ഐയുടെ ആക്രോഷം കേട്ടതും ഇരുവരും പേടിയോടെ അല്ലെന്ന് തലയാട്ടി …..
“” സോറി പുലരി ……
ഇവിടെ വരെ വരുത്തിച്ചതിൽ ക്ഷമിക്കണം …. “”
“” ഇറ്റ്സ് ഓക്കെ സാർ ….. “”
“” എന്നാ ഞങ്ങള് പൊക്കോട്ടേ സാറേ … “”
മൊയ്തു ബഹുമാനത്തോടെ ചോദിച്ചു …..
“” ശരി …..
എഗൈൻ സോറി മിസ്.പുലരി … “”
എസ്ഐക്കൊരു പുഞ്ചിരി നൽകി ഇരുവരും പുറത്തേക്ക് ഇറങ്ങി ….
പക്ഷേ അതേപോലെ തന്നെ പുലരി തിരിച്ചു വന്നു …..
അത്രയും നേരം അവളിൽ തന്നെ നോക്കി നിന്ന വരുണൊന്ന് ഞെട്ടി …..
“” എന്തുപറ്റി കുട്ടീ …?? “”
അവൾ തിരിച്ചു വന്നത് കണ്ടതും എസ്ഐയിലും വരുണിലും ഒരേപോലെ ആശ്ചര്യം നിറഞ്ഞു ……
“” അതേ സാറേ …..
ഇനിയെങ്കിലും ഒരാളുടെ വീട്ടിലേക്ക് പ്രതിയാണെങ്കിലും അല്ലെങ്കിലും സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ വരുമ്പോൾ അറ്റ്ലീസ്റ്റ് മര്യാദ അറിയുന്ന കോൺസ്റ്റബിൾ മാരെ അയക്കാൻ അപേക്ഷിക്കുന്നു …..
കാരണം മാന്യമായി പെരുമാറാൻ അറിയാത്ത അവരെക്കൊണ്ട് വീട്ടിലുള്ളവര് വല്ല അറ്റാക്കും വന്ന് ചത്തുപോകും …..
വിനീതയമായ അപേക്ഷയാണ് ….. “”
വരുണിനെയൊന്ന് തറപ്പിച്ചു നോക്കിയവൾ എസ്ഐയോട് പറഞ്ഞതും അവന്റെ മുഖവും വലിഞ്ഞു മുറുകി …….
“” ശരി പുലരി …….
അടുത്ത തവണ മുതൽ ശ്രദ്ധിക്കാം …. “”
വരുണിനെയൊന്ന് പാളിനോക്കിയയാൾ പൊട്ടിച്ചിരിയോടെ പറഞ്ഞതും ഇരുവരും കണ്ണുകളിൽ ദേഷ്യം നിറച്ച് പരസ്പരമൊന്ന് നോക്കി ………
തുടരും ………

by