രചന – മിയ അവ
“കയ്യിന്ന് വിടെടോ… എടോ തന്നോടാ എന്റെ കയ്യിന്ന് വിടാൻ പറഞ്ഞത്..”
അതൊരു അലർച്ചയായിരുന്നു.
അപ്പോഴത്തെ മാനസികാവസ്ഥയിൽ തടിച്ചു കൂടുന്ന കുട്ടികളെയും അധ്യാപകരെയുമൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ കയ്യിൽ നിന്നും അടർന്നു താഴേക്ക് പോയ കൈകളിലേക്ക് നോക്കിയപ്പോൾ തന്നെ ആ ഹൃദയത്തിന്റെ പിടച്ചിൽ എനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. എന്നിട്ടും മുഖത്തു നോക്കി തന്നെ വീണ്ടും പറഞ്ഞു.
“താൻ എന്ത് ധൈര്യത്തിലാടോ എന്റെ കയ്യിൽ കേറി പിടിച്ചത്… പിടിച്ചു വെച്ചു ഭീഷണിപ്പെടുത്തിയാൽ ഞാൻ തന്നെ പ്രണയിക്കുമെന്ന് തോന്നിയോ.. ഇത് ആമികയാ.. ആമികയ്ക്ക് വാക്ക് ഒന്നേയുള്ളു.. ഈ ജന്മം തന്നെ പ്രണയിക്കാൻ എനിക്ക് കഴിയില്ല..”
വിഷമം താങ്ങാനാവാഞ്ഞിട്ടാവും ആ തല താണു പോയിരുന്നു. അത് കണ്ടപ്പോൾ നെഞ്ചോന്ന് വിങ്ങി.
“മനു.. എന്താടാ.. എന്താ ഇതൊക്കെ…”
അടുത്തേക്ക് വന്ന അങ്ങേരുടെ ഫ്രണ്ടിന്റെ ശബ്ദമാണ് എന്നിലും അങ്ങേരിലും പരിസര ബോധം ഉണ്ടാക്കിയത്. അപ്പോൾ മാത്രമാണ് ഞാൻ ചുറ്റിലും നോക്കിയത്. മുഴുവൻ കണ്ണുകളും ഞങ്ങളിൽ തന്നെ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. എനിക്ക് ആകെ വല്ലാതെ ആയി. അത്രയൊക്കെ പറഞ്ഞു പോയതിൽ കുറ്റബോധം തോന്നി.
“ഡീ.. നീയെന്തൊക്കെയാ ഇപ്പോൾ വിളിച്ചു കൂവിയത്.. നീയാരാന്നാ നിന്റെ വിചാരം… വന്ന ദിവസം മുതൽ നിന്റെ അഹങ്കാരം ഞാൻ കാണുവാ.. കൂടുതലങ്ങ് കേറി ആളാവല്ലേ മോളെ…”
“കിഷോറെ.. വേണ്ടെടാ വിട്ടേക്ക്..”
“വിടാനോ.. നീ കണ്ടതല്ലേ ശരത്ത് ഇവൾ നമ്മുടെ മനുവിനോട് പറഞ്ഞത്… ഇത്രയ്ക്കും കിടന്നു അഹങ്കരിക്കാൻ മാത്രം ഇവളാരാ…ഡീ.. നിന്നെ ഇവനൊന്ന് ഇഷ്ട്ടപ്പെട്ടു പോയി അത് ഇവൻ തുറന്നു പറയുകയും ചെയ്തു. അത് സർവ്വ സാധാരണമാണ്.. അതിന് ഇമ്മാതിരി കിടന്നു ഷോ ഇറക്കിയാൽ.. പൊന്ന് മോളെ.. ഈ കിഷോർ ആരാന്ന് നീ അറിയും…”
അപ്പോഴും എന്റെ കണ്ണുകൾ പരതിയത് അമ്മുവിനെയാണ്.. അവൾ ഇതൊന്നും കേട്ട് കാണല്ലേന്നായിരുന്നു ഉള്ളിൽ പ്രാർത്ഥന..താൻ സ്നേഹിക്കുന്ന ആള് മറ്റൊരു പെൺകുട്ടിയെയാണ് ഇഷ്ടപ്പെടുന്നത് അറിഞ്ഞാൽ ഒരു പെണ്ണിനും അത് സഹിക്കാൻ ആവില്ല.
“എന്താടി മിണ്ടാതെ നിൽക്കുന്നെ.. നിന്റെ നാവിറങ്ങി പോയോ…നീ ചെവിയിൽ നുള്ളിക്കോ.. നിന്നെക്കാൾ നല്ലൊരു പെണ്ണിനെ തന്നെ എന്റെ മനുവിന് കിട്ടും..ഇവനെ തള്ളി പറഞ്ഞതിൽ അന്ന് നീ വേദനിക്കും…”
അവന്റെ കൂടുതൽ ഡയലോഗ് കേട്ടപ്പോൾ എനിക്കും ക്ഷമ നശിച്ചു.
“വോ.. എന്നാൽ ഇയാളങ്ങ് ചെല്ല്.. എന്നിട്ട് എന്നേക്കാൾ നല്ലൊരുത്തിയെ തന്നെ തന്റെ കൂട്ടുക്കാരന് വേണ്ടി കണ്ടെത്തി കൊടുക്ക്… നമ്മളെ വിട്ടേക്ക്…”
“കണ്ടെത്തും.. നിന്നെക്കാൾ നല്ല ഒരാളെ തന്നെ ഞാൻ കണ്ടെത്തും.. എന്നിട്ട് ഇന്ന് നീ എന്നെ ഇട്ടു അപമാനിച്ച ഈ കൂടി നിൽക്കുന്നവരുടെ മുന്നിൽ വെച്ചു തന്നെ നിനക്കുള്ള മറുപടി ഞാൻ തന്നിരിക്കും..ഇത് മനുവിന്റെ വാക്കാ…”
അപമാനക്ഷതമേറ്റ മനസ്സിന്റെ പിടപ്പ് ആ വാക്കുകളിൽ പ്രകടമായിരുന്നു. ഒന്നും മിണ്ടാതെ നോക്കി നിൽക്കുന്ന എന്നെയൊന്ന് കടുപ്പിച്ച് നോക്കി അങ്ങേര് ഫ്രണ്ട്സിന്റെ ഒപ്പം അവിടെ നിന്നും പോയി. കണ്ണിൽ നിന്ന് മാഞ്ഞു പോവുന്ന എന്റെ നേതാവിനെ നോക്കി മനസ്സ് കൊണ്ട് ആ കാലിൽ വീണു കരഞ്ഞു മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു ഞാൻ. അങ്ങേര് പോയി കഴിഞ്ഞു വെറുതെ ഒന്ന് ചുറ്റിലും നോക്കി. അവിടെ കൂടി നിന്നവരുടെ മുഖത്തെല്ലാം വ്യത്യസ്ത ഭാവങ്ങളായിരുന്നു. ചിലർക്ക് ദേഷ്യം.. ചിലർക്ക് പുച്ഛം.. അവരുടെയെല്ലാം പ്രിയപ്പെട്ട നേതാവിനെ പരസ്യമായി അപമാനിച്ചയാളോട് ഇങ്ങനെയൊക്കെ അല്ലേ അവർക്കും കാണിക്കാൻ കഴിയൂ. ആൾക്കൂട്ടത്തിൽ ഒരിക്കൽ കൂടി അമ്മുവിനെ പരതിയെങ്കിലും കണ്ടില്ല… ഇനിയും അവിടെ നിൽക്കാൻ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് നേരെ ഹോസ്റ്റലിലേക്ക് വിട്ടു.
ടേബിളിലേക്ക് തല വെച്ചു കിടക്കുന്ന അമ്മുവിനെയാണ് അവിടെ എത്തിയപ്പോൾ കണ്ടത്. അത് കണ്ടപ്പോൾ തന്നെ അവൾ എല്ലാം കേട്ടുവെന്ന് ഉറപ്പായി. പ്രണയവും സൗഹൃദവും ഒരുപോലെ എന്റെ മുന്നിൽ നിന്ന് വേദനിക്കുന്നത് കാണുമ്പോൾ ആരുടൊപ്പം നിൽക്കണം.. ആരെ തഴയണം എന്നെനിക്കൊരു നിശ്ചയവുമില്ലായിരുന്നു. എങ്കിലും അമ്മുവിനോടുള്ള സ്നേഹത്തിന്റെ തട്ട് അല്പം കൂടി താണ് കിടന്നതിലാവണം മനു ശങ്കർ എന്ന വ്യക്തിയെ.. എന്റെ നേതാവിനെ കണ്ടില്ലെന്ന് വെയ്ക്കാൻ മനസ്സിനെ പാകപ്പെടുത്തി.
അമ്മു… ആരെയും വേദനിപ്പിക്കാനോ കരയിപ്പിക്കാനോ അറിയാത്ത ഒരു പാവം കുട്ടി… എന്ത് കൊണ്ടും എന്നേക്കാൾ മനുവിനെ അർഹിക്കുന്നത് അവളാണ്.. പോരാത്തതിന് മനുവിന് കൊടുക്കാൻ അവളെക്കാൾ ബെസ്റ്റ് ആയ ഗിഫ്റ്റ് വേറെയുണ്ടാവില്ല.. അതുക്കൊണ്ട് ഒന്നിക്കേണ്ടത് അവര് തന്നെയാണ്. ഒരു ദീർഘ നിശ്വാസമെടുത്ത് പുഞ്ചിരിയോടെ അമ്മുവിന്റെ അടുത്തേക്ക് നടന്നു.
“അമ്മു..”
“അമ്മു.. നീ എന്തിനാ പെണ്ണെ ഇങ്ങനെ തല കുമ്പിട്ടു ഇരിക്കുന്നെ.. ഇങ്ങ് എഴുന്നേറ്റെ…”
എന്നിട്ടും അനങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ അല്പം ബലം പ്രയോഗിച്ചു അവളെ പിടിച്ചു നേരെ നിർത്തി. മുഖത്തു കണ്ണുനീർ ചാലിട്ടൊഴുകിയ പാടുണ്ടായിരുന്നു. കണ്ടപ്പോൾ വേദന തോന്നി.
“എന്തിനാടാ നീ വിഷമിക്കുന്നെ…”
“ആമി.. അത്.. മനുവേട്ടൻ.. ഏട്ടന് നിന്നെയാണ് ഇഷ്ട്ടമെന്ന് അറിഞ്ഞപ്പോൾ… ഞാൻ ഇത്രയും കാലം മനസ്സിൽ കൊണ്ട് നടന്നത് ഒക്കെ വെറുതെ..”
“എന്റെ കൊച്ചേ.. അതെങ്ങനെയാ വെറുതെയാവുന്നേ.. ശരിയാ അങ്ങേര് എന്നോട് ഇഷ്ട്ടാണെന്ന് പറഞ്ഞു.. പക്ഷെ അത് നിന്റെ ഇഷ്ട്ടം അറിയാതെയാണ് അങ്ങേര് അത് പറഞ്ഞത്.. നീ തന്നെ ഒന്ന് ഓർത്തു നോക്കിക്കേ.. ഞാൻ കുറച്ചു മാസങ്ങൾക്ക് മുൻപ് കടന്നു വന്നൊരാൾ.. ആ എന്നെ കണ്ടപ്പോൾ പെട്ടെന്ന് തോന്നിയൊരു അട്ട്രാക്ഷൻ.. നമുക്ക് ഈ സിനിമയിൽ ഉള്ളവരെ കാണുമ്പോൾ അല്ലെങ്കിൽ പാട്ട് പാടുന്നവരെ കാണുമ്പോൾ ഒക്കെ പെട്ടെന്ന് തോന്നുന്ന ഒരു അട്ട്രാക്ഷൻ ഇല്ലേ ഇതിനെ അങ്ങനെ കണ്ടാൽ മതി… ഒന്നിന് പത്തായി തിരിച്ചു തറു തല പറയുന്ന എന്നെ കുറച്ചു ദിവസം അടുത്ത് അറിഞ്ഞാൽ അങ്ങേര് തന്നെ വന്ന വഴിയെ ഓടും.. പക്ഷെ നീ അങ്ങനെ ആണോ…ഇത്രയും സ്നേഹിക്കാൻ അറിയുന്ന ഒരു പാവം കുട്ടിയെ അങ്ങേർക്ക് വേറെ കിട്ടോ.. വര്ഷങ്ങളായി ഉള്ളിൽ കൊണ്ട് നടക്കുന്ന പ്രണയം നീ തുറന്നു പറഞ്ഞാൽ തിരിച്ചു നിന്നെ സ്നേഹിക്കാതിരിക്കാൻ അങ്ങേർക്ക് കഴിയില്ല.. അത്രയ്ക്കും ഗോൾഡ് ആണ് ന്റെ ഈ പൂച്ചക്കുട്ടിയെന്ന് നിന്നെ അറിയുന്ന ആർക്കും അറിയാം…”
“ആണോ…”
“പിന്നില്ലാതെ…നീ തങ്കകുടമാടി അമ്മൂസേ..”
“ഈൗ.. അപ്പോ ഏട്ടൻ എന്നെ സ്നേഹിക്കുമായിരിക്കും അല്ലേ..ആമി..”
“എന്താ സംശയം.. ചിലപ്പോൾ ഏട്ടനും നിന്നെ ഇഷ്ടം ആവും പക്ഷെ നീ ആ ഒരു രീതിയിൽ ഏട്ടനെ കാണില്ല കരുതി പറയാതിരിക്കുന്നത് ആണെങ്കിലോ..”
“ആണോ.. അങ്ങനെ ആവോ..”
“മ്മ്… ആവാൻ സാധ്യതയൊക്കെ ഉണ്ട്.. പക്ഷെ ഇതിനൊക്കെ ആദ്യം വേണ്ടത് എന്റെ കൊച്ചു ഈ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്നേഹം ഒട്ടും വൈകാതെ അങ്ങേരെ അറിയിക്കണന്നുള്ളതാണ്..ഇല്ലെങ്കിൽ ചിലപ്പോൾ വേറെ വല്ല കിളികളും വന്നു കൊത്തി കൊണ്ട് പോവും അങ്ങേരെ കേട്ടല്ലോ…ഇതിപ്പോ ഞാൻ ആയോണ്ട് അങ്ങേരോട് പോയി പണി നോക്കാൻ പറഞ്ഞു.. വേറെ വല്ലോരും ആണെങ്കിൽ അത് പറഞ്ഞെന്ന് വരില്ല.. സോ ഇനി അധികം ലേറ്റ് ആക്കണ്ട ഇത് പറയാൻ. തിങ്കളാഴ്ച തന്നെ ആയിക്കോട്ടെ.. അതാവുമ്പോൾ എന്നോടുള്ള വാശിയ്ക്കു എങ്കിലും അങ്ങേര് ഓക്കേ പറയും.. പിന്നെ പതിയെ അമ്മൂസ് ആ മനസ്സിൽ ഇടം നേടണം..ഞാൻ ഏല്പിച്ച മുറിവിലേക്ക് ഒരു സ്നേഹമുള്ള മരുന്നായി നീ മാറണം.. അങ്ങേരുടെ ആ മുറിവ് നിന്റെ സ്നേഹം കൊണ്ട് നീ ഉണക്കണം.. നിനക്ക് അതിന് കഴിയും…”
“ഉവ്വ് ആമി.. എന്റെ മനുവേട്ടനെ ഞാൻ സ്നേഹം കൊണ്ട് മാറ്റിയെടുക്കും.. മറ്റാർക്ക് വേണ്ടിയും ഞാൻ വിട്ട് കൊടുക്കില്ല മനുവേട്ടനെ.. എന്റെയാ.. എന്റെ മാത്രം..”
അത് പറയുമ്പോൾ അമ്മുവിന്റെ കണ്ണുകൾക്ക് തീക്ഷണത കൂടിയിരുന്നു. അവൾ മറ്റെന്തോ ഉള്ളിൽ ഒളിപ്പിക്കുന്നത് പോലെ തോന്നി. അത് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ അടുത്ത ചോദ്യത്തിൽ ഞാൻ പതറി പോയിരുന്നു.
“അല്ല ആമി.. നിനക്ക് എന്താടി ഏട്ടനെ തിരിച്ചു സ്നേഹിക്കാൻ കഴിയാത്തത്.. ആർക്കും പെട്ടെന്ന് ഇഷ്ട്ടപ്പെടുന്ന ആളാ മനുവേട്ടൻ.. എന്നിട്ടും നിനക്ക് എങ്ങനെ ഏട്ടനെ റിജക്റ്റ് ചെയ്യാൻ കഴിഞ്ഞു…”
ആ ചോദ്യത്തിൽ മനസ്സൊന്നു നീറി. എന്ത് പറയണം ഞാൻ ഇവളോട്… എനിക്ക് അദ്ദേഹത്തെ റിജക്റ്റ് ചെയ്യാൻ കഴിഞ്ഞതിനു എന്ത് ന്യായീകരണം കൊടുക്കണം ഞാൻ ഇവൾക്ക്..മനസ്സിന്റെ രണ്ടു തുലാസിലിട്ട് അളന്നപ്പോൾ തൂക്കം കൂടുതൽ നിന്നോടുള്ള സ്നേഹത്തിനായിരുന്നുവെന്നോ.. അതുമല്ലെങ്കിൽ സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു ഒരിക്കൽ കൂടി ഞാൻ അവളോട് കള്ളം പറയണോ എനിക്ക് അദ്ദേഹത്തോട് ഒരു ഇഷ്ടവും ഇല്ലായെന്ന്… ”
നീറി പുകയുകയായിരുന്നു മനസ്സ്. ആ പുകമറയ്ക്കുള്ളിൽ നിന്ന് അവൾക്കൊരു മറുപടി ചിക്കി ചികയാൻ എനിക്കപ്പോൾ ആയില്ല. ചോദ്യത്തെ ഗൗനിക്കാത്ത രീതിയിൽ കുളിച്ചിട്ട് വരാമെന്ന് പറഞ്ഞു പെട്ടെന്ന് തന്നെ ടർക്കിയെടുത്ത് ബാത്‌റൂമിൽ കയറി. ഷവർ തുറന്നു അതിനടിയിൽ നിൽക്കുമ്പോൾ ചിന്തിച്ചു.
“ചതിക്കുകയല്ലേ ഞാൻ എന്നെ.. വഞ്ചിക്കുകയല്ലേ ഞാൻ എന്റെ മനസ്സിനെ..കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പ്രാണനായതല്ലേ അദ്ദേഹം എനിക്ക്… എനിക്കറിയാം എന്നെക്കാൾ മുന്നെ അദ്ദേഹത്തെ പ്രാണനാക്കിയവൾ ആണ് അമ്മു…അദ്ദേഹത്തെ നഷ്ടമായാൽ ഞാൻ അനുഭവിക്കുന്നതിന്റെ പത്തിരട്ടി വിഷമം അവൾക്കുണ്ടാവും.. എങ്കിലും എന്റെ വിഷമങ്ങൾ… എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ആരോട് പറഞ്ഞു തീർക്കും കണ്ണാ ”
താഴോട്ട് പതിക്കുന്ന വെള്ളത്തിനടിയിൽ നിന്ന് പതം പറഞ്ഞു കരയുമ്പോൾ മനസ്സിൽ തെളിഞ്ഞത് ഒരേ ഒരു മുഖം മാത്രമായിരുന്നു. എന്റെ അച്ചേടെ… അതെ.. എന്റെ വിഷമങ്ങളെ ഇറക്കി വെയ്ക്കാൻ ഇതിനേക്കാൾ നല്ലൊരു ഇടം വേറെയില്ല. പിന്നെ ഒട്ടും വൈകാതെ ഷവർ ഓഫ് ചെയ്ത് തല തുവർത്തി ഡ്രസ്സ് ചേഞ്ച് ചെയ്ത് പുറത്തേക്കിറങ്ങി. അമ്മു ഫോണിൽ എന്തോ ടൈപ്പ് ചെയ്യുന്നത് കണ്ടു. ആരോടോ കാര്യമായി ചാറ്റ് ചെയ്യുകയാണെന്ന് തോന്നുന്നു.
“അമ്മു ”
എന്റെ വിളിയിൽ അവളൊന്നു ഞെട്ടി.
“എന്താ.. എന്താ ആമി…”
“ആ.. അത്.. അമ്മു ഞാനൊന്ന് വീട് വരെ പൊയ്ക്കോട്ടേ.. അച്ഛനെയൊന്ന് കാണാൻ തോന്നുന്നു.. നിനക്കിപ്പോ വലിയ പേടിയൊന്നും ഇല്ലല്ലോ തനിയെ നിൽക്കാൻ… ഞാൻ രണ്ടൂസം കഴിഞ്ഞു ഓടി വരാം… പൊയ്ക്കോട്ടേ…”
“ഓ.. അതിനെന്താ ആമി.. ഞാൻ ഇപ്പോ ഓക്കേ ആണ്.. എന്റെ ആമി വീട്ടിൽ പോയി അച്ഛനെയൊക്കെ കണ്ട് രണ്ടോ മൂന്നോ ദിവസം അച്ഛന്റെ കൂടെ താമസിച്ചു സാവകാശം വന്നാൽ മതി…”
“മ്മ്.. എന്നാ ഞാൻ വേഗം റെഡിയാവട്ടെ ടി…”
അവൾക്കൊരു പുഞ്ചിരി നൽകി ഞാൻ പെട്ടെന്ന് തന്നെ ടോപ് മാറ്റി മുടി പിന്നിയിട്ട് റെഡിയായി. ബാഗ് എടുത്തു ഇറങ്ങാൻ നേരം അമ്മുവിനെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തു യാത്ര പറഞ്ഞു ഇറങ്ങി. പോവുന്ന വഴിയിൽ ഓർത്തു. വന്നപ്പോഴുള്ള തൊട്ടാവാടി അമ്മുവല്ല അവളിപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. മ്മ്.. അങ്ങനെ അവൾ സ്ട്രോങ്ങ് ആവട്ടെ.
സ്റ്റഡി ലീവിന് പോയ പോക്കിൽ വണ്ടി വീട്ടിൽ വെച്ചത് കൊണ്ട് ബസ്സിലായിരുന്നു യാത്ര. വൈകുന്നേരത്തിന്റെ തിക്കും തിരക്കും ഉണ്ടായിരുന്നെങ്കിലും അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ എനിക്ക് സീറ്റ് കിട്ടിയിരുന്നു. അതും വിൻഡോ സീറ്റ്. മഴയുടെ വരവറിഞ്ഞ് ഇരുണ്ടു തുടങ്ങിയ മാനത്തെ പുണർന്നു കൊണ്ട് തന്നെ ചെറു ചാറ്റൽ മഴയും ഭൂമിയെ ചുംബിക്കാൻ താഴോട്ട് ഇറങ്ങിയിരുന്നു. വിൻഡോയ്ക്ക് അരികിലേക്ക് നീങ്ങിയിരുന്ന് ചെവിയിൽ ഹെഡ്സെറ്റ് തിരുകി പാട്ടിനെ ആസ്വദിക്കുമ്പോൾ കാറ്റിൽ തെന്നി ചിതറി വരുന്ന ചാറ്റൽ മഴയും കവിളിൽ പതിയെ തലോടുന്നുണ്ടായിരുന്നു. ഒരുപക്ഷെ എന്റെ ഉള്ളിലെ വിഷമം മനസ്സിലാക്കി പ്രകൃതി പോലും എന്നെ ആശ്വസിപ്പിക്കുകയാവുമെന്ന് തോന്നിപ്പോയി. രണ്ടു മൂന്നു സ്റ്റോപ്പ് കഴിഞ്ഞാൽ വീടെത്തും. എന്നാലും മഴയുടെയും കാറ്റിന്റെയും തലോടലേറ്റ് കണ്ണുകളടച്ച് കമ്പിയിൽ തല വെച്ചു അങ്ങനെ കിടന്നു. ബസ് മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് പുറത്തെ കാഴ്ചകൾ പിന്നിലേക്ക് ഓടുന്നത് പോലെ എന്റെ മനസ്സിലും മനുവിന്റെ മുഖവും ഞങ്ങൾ ഒന്നിച്ച് പങ്കിട്ട നിമിഷങ്ങളും വഴക്കുകളും ഓരോന്നായി ഒഴുകി നടന്നു. അതിന്റെ പ്രതിഫലനമെന്നോണം ചുണ്ടിന്റെ കോണിൽ വേദനയിൽ കുതിർന്ന ഒരു ചെറു ചിരി മിഴിവാർന്ന് നിന്നു.
(തുടരും )

by