The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന ഗായത്രി സുരേന്ദ്രൻ
പോലും അത്ഭുതം തോന്നും വിധം അവളുടെ കൈത്തലങ്ങൾ തണുത്തുറഞ്ഞു….
“വിശ്വനാഥ് പ്ലീസ് കം ഇൻസൈഡ്…..”
ഡോക്ടറുടെ വ്യക്തമായ വാക്കുകൾ അവളെ അടിമുടി വിറയലിലാഴ്ത്തി…ഞെട്ടിപ്പിടഞ്ഞ് പരിഭ്രാന്തിയോടെ വാതിൽക്കലേയ്ക്കു നോക്കിയ അവളുടെ കണ്ണുകൾ ആ മുഖത്തേയ്ക്കു തറഞ്ഞു നിന്നു…..പതിയെ പതിയെ അവളുടെ കണ്ണുകളിലേയ്ക്ക് ഇരുൾ വന്നു മൂടുന്നതറിഞ്ഞു…
തലച്ചോറിൽ ഏതോ ഒരു ജീവിയുടെ അസഹനീയമായ മൂളക്കം…
അവൾ കണ്ണുകൾ ഇറുക്കെയടച്ചു…..തളർന്നു വീഴാതെ ഇരിക്കുവാൻ കട്ടിലിന്റെ പിടിയിൽ കൈകളമർത്തി അവൾ പതിയെ കിടക്കമേലേയ്ക്ക് ചാഞ്ഞു…..കണ്ണിൽ മുന്നിൽ വീക്ഷിച്ച കാഴ്ചയുടെ തീവ്രതയും ആധിക്യവും അവൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അവളുടെ ബോധം അതിനകം മറഞ്ഞിരുന്നു….വാതിൽക്കൽ നിന്ന ആ മുഖത്തേയ്ക്കും പതർച്ച വ്യാപിച്ചിരുന്നു….
***** ***** ******
കണ്ണുകൾ അടച്ചു തുറക്കവേ കൺപോളകളിൽ ഭാരം അനുഭവപ്പെട്ടു. എങ്കിലും ആയാസപ്പെട്ടകണ്ണു തുറന്നഡ്രിപ്പ്ഇട്ടിട്ടുണ്ട്….എഴുന്നേറ്റിരിയ്ക്കാൻ ശ്രമിച്ചു. കയ്യിൽ ഡ്രിപ്പ് ഉള്ളതു കൊണ്ടു തനിയെ കഴിഞ്ഞില്ല. അപ്പോഴേക്കും ഡ്യൂട്ടി നഴ്സ് വന്നു താങ്ങിയിരുന്നു.
തലയിണ നേരെ പിടിച്ച് ഇട്ടുതന്നു ചാരിയിരുത്തി…
ഡോക്ടറെ വിളിക്കിനാണെന്ന് തോന്നുന്നു ധൃതിയിൽ പുറത്തേയ്ക്കു നടക്കുന്നത് കണ്ടു….ഒട്ടു മുൻപു നടന്ന സംഭവങ്ങളുടെ ഞെട്ടലിൽ നിന്ന് ഇതേ വരെ വിമുക്തയാവാൻ കഴിഞ്ഞിട്ടില്ല.അതു വല്ലാത്ത അനിശ്ചിതത്വത്തിൽ മനസ്സിനെ കൊണ്ടെത്തിച്ചിരിയ്ക്കുന്നു….
കണ്ണുകൾക്കു തെറ്റു സംഭവിച്ചതായിയിക്കുമോയെന്ന ചോദ്യം മനസിലുയർന്നു.അതിന് ഉത്തരം കണ്ടെത്തുന്നതിനു മുൻപേ ഡോക്ടർ അകത്തേയ്ക്കു വന്നിരുന്നു.പൾസ് ചെക്ക് ചെയ്തു ഇട്ടിരുന്ന ഡ്രിപ്പ് എടുത്തു മാറ്റുവാൻനഴ്സിനോട്നിർദേശിച്ചു.”സ്പന്ദനാ പ്രെഗ്നൻസി പിരിയഡിൽ ഈ തലകറക്കം സാധാരണമാണ് എങ്കിലും കാര്യമായിട്ട് ആരോഗ്യം ശ്രദ്ധിക്കണം.ഭക്ഷണം ഒരിയ്ക്കലും ഒഴിവാക്കരുത്. അതുപോലെ തന്നെ ആവശ്യത്തിന് വെള്ളവും കുടിക്കാൻ മടി കാട്ടരുത്..
ഒരു ചെറിയ തുടിപ്പിനു വളരാൻ വേണ്ടുന്നത് ഒക്കെയും നൽകേണ്ടത് തന്റെ ഉത്തരവാദിത്വം ആണ്….”ഡോക്ടർ പറഞ്ഞതിനൊക്കെയും തലയാട്ടി സമ്മതിച്ചു.ശരിയാണ് തന്റെ ഉള്ളിൽ വളരുന്ന കുഞ്ഞു ജീവനെ ആരോഗ്യത്തോടെ പുറംലോകം കാണിക്കുവാൻ ഉള്ള ഉത്തരവാദിത്വം തനിയ്ക്കാണല്ലോ…ആ പ്രവൃത്തിക്കു പ്രതിഫലമായി ഭീമമായ തുകയും കൈപ്പറ്റിക്കഴിഞ്ഞുവല്ലോ…..
നിർവ്വികാരതയോടെ മനസ്സിലോർത്തു.ഡോക്ടർ പുറത്തേയ്ക്ക് നടന്നു.വീണ്ടും ആ മുറിയിൽ തനിച്ചായി. ഒരു കണക്കിനു ഏകാന്തതയുടെ തണുപ്പുള്ള കൂട്ടാണ് ഏറ്റവും സുരക്ഷിതം.
അൽപ സമയം കണ്ണു തുറന്നു പിടിച്ചു കിടന്നു…..
ഒരു ചിന്തകളും ഇല്ലാതെയങ്ങനെ….വാതിൽക്കൽ കാൽപെരുമാറ്റം കേട്ടപ്പോഴാണ് എഴുന്നേറ്റത്..
പതർച്ചയോടെ വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ തന്നെ ഒരു ചൂട് കാൽവിരൽത്തുമ്പു വഴി ഉച്ചിയിൽ എത്തി….അകത്തേക്കു കയറാമോ എന്ന ഭാവത്തോടെ ആണ് പുറത്തു നിൽക്കുന്നത് എന്ന് മനസിലായി.”സർ….,”ആൾക്ക് തന്നെ അഭിമുഖീകരിക്കുവാൻ വളരെയധികം പ്രയാസം ഉള്ളത് പോലെ തോന്നി.എന്തുകൊണ്ടോ ഇപ്പോൾ തനിക്കു വിറയലോ പരിഭ്രമമോ തോന്നുന്നില്ല.
തന്റെ ഗർഭപാത്രം പത്തുമാസത്തേയ്ക്ക് വാടകയ്ക്ക് എടുത്ത ആൾ മാത്രമാണ് ഇന്നയാൾ.
ഒട്ടു സമയം ഇരുതലയ്ക്കലും കട്ട പിടിച്ച നിശബ്ദതയായിരുന്നു.ആ നിശബ്ദതയ്ക്ക് ഭംഗം വരുത്തിയത് വിശ്വനാഥ് ആയിരുന്നു.”ഞാൻ….. അറിഞ്ഞിരുന്നില്ല….സ്പന്ദന ആണ് എന്ന്….എനിക്ക് ഒന്നും അറിയണം എന്ന് ഉണ്ടായിരുന്നില്ല. കൂടുതൽ ഒന്നും അന്വേഷിച്ചിരുന്നില്ല എന്നതാണ് സത്യം….””ഒരു കണക്കിനു അതു നന്നായി സർ.ഞാനാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നുവെങ്കിൽ പകരം മറ്റൊരാളെ സർ തേടും നിശ്ചയം.അപ്പോൾ നഷ്ടമാകുക എനിക്കെന്റെ ജീവിതം ആണ്..എനിക്ക് പത്തു ലക്ഷം രൂപ അത്യാവശ്യം ആയിരുന്നു എന്റെ ജീവനേക്കാൾ വിലയുണ്ടായിരുന്നു എന്റെ ജീവിതത്തിൽ ആ നോട്ടുകെട്ടുകൾക്ക് അപ്പോൾ….”
ആളുടെ മുഖത്തേയ്ക്കു പോലും നോക്കാതെ അറുത്തു മുറിച്ചു പറഞ്ഞു…ദൃഷ്ടി മുഴുവൻ ബാൽക്കണിയിലേയ്ക്ക് വന്നിരുന്നു കലപില കൂട്ടുന്ന കിളികളിലേയ്ക്കായിരുന്നു…കുറച്ചു സമയം കൂടി എന്തോ വലിയ അപരാധം ചെയ്ത മട്ടിൽ ആൾ തലകുനിച്ചു നിൽക്കുന്നതു കണ്ടു….പിന്നീട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി….പഴയ സ്പന്ദയ്ക്ക് ഒരിയ്ക്കലും ആരോടും ഇങ്ങനെ പറയാനാവില്ലായിരുന്നു..ഇപ്പോൾ അതും മാറി.
നന്നായി……അടക്കി നിർത്തിയിരുന്ന കണ്ണീർ തുള്ളികൾ അവളിൽ നിന്നും സ്വാതന്ത്ര്യം നേടി പെയ്തു തോർന്നു…..
********* ******** *****
ഉച്ചയ്ക്കു ഭക്ഷണം കഴിച്ചതിനു ശേഷം ആയിരുന്നു അവൾ പാർവ്വതിയെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്തേയ്ക്ക് പോയത്….പാറുവിനെ അവളിപ്പോൾ കാണാൻ അധികം പോകാറില്ല.താൻ തന്റെ ഗർഭപാത്രം വിലയ്ക്കു കൊടുത്തതൊന്നും ആ പാവം അറിഞ്ഞിട്ടില്ല.അതവൾ അറിഞ്ഞാൽ ആ ഹൃദയം പൊടിഞ്ഞ് പോകും.തന്റെ വേദനകൾ തന്റേതു മാത്രമാകട്ടെ….ഡോക്ടർ രണ്ടു ദിവസത്തിനകം ഓപ്പറേഷൻ നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തു തുടങ്ങിയിരുന്നു.പാർവ്വതിയുടെ നില നാൾക്കുനാൾ മോശമായി വരികയാണെന്ന് അറിയിച്ചു….
അവസാന സ്റ്റേജ് ആണ്….പ്രതീക്ഷയും അത്രതന്നെ…..പക്ഷേ അവൾക്കു പ്രതീക്ഷിക്കാതെ ഇരിക്കുവാൻ കഴിയില്ലായിരുന്നു.അവൾക്കു ഈ ലോകത്ത് മറ്റൊന്നും തന്നെ ഇല്ലായിരുന്നു പ്രതീക്ഷിക്കുവാൻ….തിരിച്ചു റൂമിൽ എത്തുമ്പോഴേയ്ക്ക് മാനസികമായി തളർന്നു പോയിരുന്നു….റൂമിലേയ്ക്ക് കടന്നപ്പോൾ ആണ് കണ്ടത് അവിടെ തന്നെ കാത്തെന്ന മട്ടിൽ ഒരു പ്രായം ചെന്ന അമ്മ ഇരിക്കുന്നു…നരച്ചതെങ്കിലും സമൃദ്ധമായ മുടിയിഴകളും നെറ്റിയിൽ വീതിയുള്ള ചന്ദനക്കുറിയും പ്രകാശം നിറഞ്ഞ കണ്ണുകളിൽ നിറയെ വാത്സല്യവും സ്ഫുരിക്കുന്ന മുഖം….
കണ്ടമാത്രയിൽ തന്നെ ഒരു സന്തോഷം നിറയുന്നു…
അമ്മയെ ഓർത്തുപോയി….തന്നെ കണ്ടപാടേ ആ അമ്മ കൈപിടിച്ചു അടുത്തിരുത്തി മുടിയിഴകളിൽ തലോടി മൂർദ്ധാവിൽ ചുംബിച്ചു….അറിയാതെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണൂനീരടർന്നു വീണു….തന്റെ മനസ്സിന്റെ വേപഥു തിരിച്ചറിഞ്ഞെന്ന മട്ടിൽ ആ അമ്മ തന്റെ കണ്ണുനീർത്തുള്ളികൾ കവിളിൽ നിന്നും തൂത്തുകളഞ്ഞു…ഏറെ നേരം ഒന്നും പറയാതെ കെട്ടിപ്പിടിച്ചു ഇരുന്നു….കുറേ നേരത്തേയ്ക്ക് ആരുമൊന്നും സംസാരിച്ചില്ല.ഒന്നും ചോദിക്കാനും മനസ്സുവന്നില്ല .അപ്പോൾ വേണ്ടത് ഒരു തണലായിരുന്നു. ഒരു സാന്ത്വനം ആയിരുന്നു.
അതാ അമ്മയിൽ നിന്ന് അപ്പോൾ ലഭിക്കുന്നുണ്ടെന്ന് തോന്നി. ഒന്നും മിണ്ടാതെ ആ മാറോടു ചേർന്ന് അമ്മ പക്ഷിയുടെ തണലിൽ ഒരു കിളി കുഞ്ഞിനെപ്പോലെ പറ്റിയിരുന്നു….തൻറെ മനസ്സിൻറെ വേദന അടങ്ങുവോളം ആ അമ്മ കൂട്ടിരുന്നു….ഏങ്ങലടികൾ പതിയെ കുറഞ്ഞപ്പോൾ എഴുന്നേറ്റു കണ്ണു തുടച്ചു…തന്റെ മനസ്സ് ഒട്ടൊന്നു ശാന്തമായത് അറിഞ്ഞാവണം ആ അമ്മ സംസാരിക്കുവാൻ തുടക്കമിട്ടു.”കുട്ടീ ഞാനാരാണെന്ന് മോൾക്ക് മുൻപരിചയം ഉണ്ടാകണമെന്നില്ല..
ഞാൻ വിശ്വനാഥിന്റെ അമ്മയാണ്…എൻറെ നിർബന്ധത്തിനു വഴങ്ങി ആണ് അവൻറെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാനൊരുങ്ങുന്ന കുട്ടിയെ അവൻ കാണാൻ ഇങ്ങോട്ടു വന്നത്….
ഞാനും ഇത്ര ചെറിയ കുട്ടി ആണെന്നു പ്രതീക്ഷിച്ചിരുന്നില്ല.മോൾ പറയാതെ തന്നെ എനിക്കറിയാം പരാധീനതകൾ മാത്രമാണ് മോളെ ഈ വേഷത്തിൽ ഇവിടെ എത്തിച്ചതെന്ന്….അവനും ഒത്തിരി ദുരന്തങ്ങളെ അഭിമുഖീകരിച്ചതാണ് മോളെ….കയ്പ്പു നീരും മാത്രം രുചിച്ച
അവന്റെ ജീവിതത്തിൻറെ ആകെയുള്ള പ്രതീക്ഷയാണ് ആണ് ഇപ്പോൾ മോളുടെ ഒപ്പം തുടിക്കുന്ന തുടിപ്പ്…….അതും എന്റെ നിർബന്ധമായിരുന്നു. എന്റെ പിടിവാശി ആയിരുന്നു.
മോൾക്ക് കൂട്ടായി അമ്മയുണ്ട്. അത് കുഞ്ഞിനു വേണ്ടി മാത്രമല്ല.
നിസ്സഹായതയോടെ ഉള്ള കുട്ടീടെ മുഖം കണ്ടമാത്രയിൽ എനിക്ക് എന്റെ മോളായി കാണാനുള്ള ആശ തോന്നി. അതുകൊണ്ടും കൂടിയാണ്…..”അവൾ അവരുടെ മടിയിൽ തലചായ്ച്ചു. മറ്റൊന്നും ആലോചിച്ചില്ല.
അവൾക്ക് അപ്പോൾ ആ അമ്മ അടുത്തു വേണമെന്നു തോന്നി…അവർ സ്പന്ദനയുടെ മുടിയിഴകളിൽതലോടിക്കൊണ്ടിരുന്നു….”അമ്മേ….ഞാൻ…..എനിക്ക് സാറിനെ അറിയാം….
എന്നെ അദ്ദേഹം പഠിപ്പിച്ചിരുന്നു കുറച്ചു വർഷം മുൻപ്….ഞാനും അദ്ദേഹത്തെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…പൊടുന്നനെ കണ്ടപ്പോൾ എന്തുകൊണ്ടോ വിശ്വാസിക്കാനും കഴിഞ്ഞില്ല….
അദ്ദേഹം…..അദ്ദേഹത്തിന്റെ ഭാര്യ…..വിവാഹം കഴിഞ്ഞുവെന്നറിയാം ഇത്ര പെട്ടന്ന് ഒരു വാടക ഗർഭപാത്രത്തിനു വേണ്ടി ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നോ അമ്മേ….ഇനിയും സമയമില്ലേ….”ഒരു ധൈര്യത്തിന്റെ പുറത്തായിരുന്നു അത്രയും തുറന്നു പറഞ്ഞത്. മറ്റൊന്നും പറയാൻ തോന്നിയില്ല….ഏറെ നേരത്തേയ്ക്ക് മറുതലയ്ക്കൽ നിശബ്ദതയായിരുന്നു….അതു കഴിഞ്ഞു മറുപടി നൽകവേ ആ അമ്മയുടെ സ്വരം ഗദ്ഗദത്താൽ മുറിഞ്ഞിരുന്നു….”അവൻ…അവന്റെ വിവാഹം നടന്നിരുന്നില്ല കുട്ടീ……അതിനു മുൻപേ ആ പെൺകുട്ടി……”അവരിൽ നിന്നും നേർത്ത തേങ്ങലുയർന്നു….സ്പന്ദന മടിയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു കേട്ടതൊന്നും വിശ്വസിയ്ക്കാനാകാതെ അവരെ നോക്കി.
ആ അമ്മയുടെ മിഴികൾ സജലങ്ങളായിരുന്നു….
“അമ്മ….അമ്മ എന്താണ് പറയുന്നത്??!!!
ഞാനറിഞ്ഞതായിരുന്നല്ലോ സാറിന്റെ വിവാഹം നിശ്ചയിച്ച വിവരമൊക്കെ….എന്നിട്ട്….
എന്നിട്ടെന്തു സംഭവിച്ചു???”അവരുടെ മിഴികളിൽ ഭൂതകാലത്തിന്റെ ദുഖച്ഛവികൾ മിന്നിമായും പോലെ തോന്നി….ഒട്ടൊരു ആകാംഷയോടെ അവൾ അവരെ അറിയാനായി കാതു കൂർപ്പിച്ചു….
എത്രയൊക്കെ മാറിയെന്നു പറഞ്ഞിട്ടും ആദ്യമായി പ്രണയം തോന്നിയ ആ മനുഷ്യന്റെ ജീവിതത്തെ പിടിച്ചുലച്ചതെന്തെന്ന് അറിയാൻ അവൾക്ക് അടക്കാനാവാത്ത ആകാംഷ തോന്നി….എവിടെയോ ചിറകു കരിഞ്ഞ തന്റെ പ്രണയത്തിന്റെ ചിതയുണ്ട്…..ഒരു മൺകൂനയുണ്ട്…..
ഇനിയൊരിക്കലും പുനർജനിക്കുകയില്ലെന്നാലും അതു തന്റെ പ്രണയം തന്നെ ആയിരുന്നു…..പതിയെ പതിയെ അവളുടെ മിഴികളിലും നീർമുത്തുകൾ തളംകെട്ടി.”അത് അവരുടെ വിവാഹം എല്ലാവരുടെയും സമ്മതത്തോടു കൂടി ഉറപ്പിച്ചു….
എനിയ്ക്കു അവനല്ലാതെ മറ്റാരും ഇല്ല അവന്റെ സന്തോഷത്തിനപ്പുറം ഒന്നും ഇല്ല….അതുകൊണ്ട് തന്നെ എല്ലാം പെട്ടന്നു നടത്തുവാൻ തന്നെ ആണ് തീരുമാനിച്ചത്.പക്ഷേ വിധി……. “അവരുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു തേങ്ങി…..
അവളും ആകെ വിഷമിച്ചു…”അമ്മാ നേരം വൈകി…..നമുക്ക്….നമുക്കിപ്പോൾ ഇറങ്ങണം….”
ധൃതിയിൽ വിശ്വനാഥ് മുറിയിലേക്കു പ്രവേശിച്ചു.
ഇതുവരെ പറഞ്ഞതൊന്നും അറിഞ്ഞിട്ടില്ല എന്ന് ആ മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്…ആളുടെ മുഖത്തു താൻ വല്ലതും അമ്മയോടു പറയുമോ എന്ന ഭയമാണെന്ന് തോന്നി….ചെറുതായി ഒരു ചിരി മനസ്സിൽ തങ്ങി. ഇത്രയും പ്രശ്നങ്ങൾക്കിടയിലും തനിക്കു ചിരിക്കുവാൻ തോന്നിയോ എന്ന് അവൾ അത്ഭുതപ്പെട്ടു……ആളുടെ മുഖത്തേയ്ക്കു നോക്കി. ഇവിടെ നിൽക്കുന്ന ഓരോ നിമിഷത്തിലും ആൾ വലിയ അസ്വസ്ഥത അനുഭവിക്കും പോലെ….
എത്രയും പെട്ടെന്ന് അമ്മയെ കൊണ്ടുപോകാനുള്ള പരിശ്രമത്തിലാണ്….അന്ന് യാത്രാനുമതിക്കായി കണ്ണുകൾ തന്നിലേയ്ക്ക് തിരിച്ചു…
നനുത്ത പുഞ്ചിരിയോടെ യാത്രാനുവാദം നൽകി….
അദ്ദേഹം തന്റെ മുഖത്തു നോക്കുവാൻ പോലും അശക്തനാണെന്ന പോലെ അമ്മയ്ക്കൊപ്പം മുറിവിട്ടിറങ്ങി…..അവർ പോയിക്കഴിഞ്ഞും അവൾക്ക് ഒറ്റയ്ക്കു ഇരിക്കുവാൻ പ്രയാസം തോന്നിയില്ല…ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന അനാഥത്വം തെല്ലൊന്നു മാഞ്ഞതു പോലെ…..
നേർത്ത തണുപ്പ് മനസ്സിനെ പൊതിയുന്ന പോലെ……ഒരു ചെറു പുഞ്ചിരിയോടെ അവൾ പുറത്തു ബാൽക്കണിയിലൂടെ കാണുന്ന ആകാശത്തെ നക്ഷത്രങ്ങളെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്നു…….
…………..തുടരും………….
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)