The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
പെൺകുട്ടിയാണ് പണമുണ്ടാക്കാമായിരിക്കാം…. പക്ഷേ….ആത്മാഭിമാനം പണയം വയ്ക്കാൻ വയ്യാ….അതിലും എത്രയോ മടങ്ങ് അന്തസ്സുണ്ട് ജീവൻ കളയുന്നതിൽ…റെയർ ബ്ലഡ് ഗ്രൂപ്പ് ആണ്….ഏത് അവയവവും എടുക്കാം….എനിക്ക് ന്റെ പാറു…. അവളു ജീവനോടെ ണ്ടായാൽ മതി….അല്ലെങ്കിൽ ഞാൻ ആരോരും ഇല്ലാതായിപ്പോകും സർ…..ഇനിയൊരു മരണം താങ്ങാൻ നിക്കു വയ്യാ………”ആ പെൺകുട്ടിയുടെ നെഞ്ചു നീറിയുലഞ്ഞ കരച്ചിൽ ആശുപത്രി ചുവരുകളിൽ അലയടിച്ചു……..
ആ സ്വരം അത്രമേൽ വേദനാജനകമായിരുന്നു…..
ശിലപോലും അലിയിക്കും വിധം…….”കുട്ടി ഇത് ഞാൻ എടുത്ത തീരുമാനം അല്ലാ… ഹോസ്പിറ്റൽ മാനേജ്മെന്റിനു കീഴിലുള്ള വെറും ഒരു ജീവനക്കാരൻ മാത്രമാണ് പണം കെട്ടാതെ ഓപ്പറേഷൻ നടത്തുവാൻ എനിക്ക് അനുവാദമില്ല….തന്നെ സഹായിക്കുവാൻ താൻപറയുന്നതുപോലെ അവയവമൊന്നും എടുത്തു വിൽക്കാൻ കഴിയില്ല. എന്തൊക്കെ മണ്ടത്തരമാണ് താൻ പറഞ്ഞത്…..പിന്നെ എനിക്കറിയാവുന്നത് പണം സംഘടിപ്പിക്കാൻ മറ്റെന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണ്. അതു ഞാൻ ചെയ്യാം……
തൽക്കാലം കുട്ടി ഇപ്പോൾ റൂമിലേക്ക് തിരികെ പൊയ്ക്കോളൂ”കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവൾ പിടഞ്ഞെഴുന്നേറ്റു….വെച്ചു വെച്ചു പുറത്തേക്ക് നടന്നു അവൾക്ക് അടുത്തതെന്തെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു…..എത്ര പെട്ടെന്നാണ് ചിരിയും കളിയും ഉള്ള ഒരു കൊച്ചു ലോകത്തിൽ നിന്ന് വേദനയുടെ കയങ്ങളിലേക്കു ജീവിതം പറിച്ചെറിയപ്പെട്ടത്???!!!!!അവൾ ഒരു വട്ടം കൂടി ഐസിയുവിൽ കിടക്കുന്ന പാറുവിനെ ചില്ലു വാതിലിനിടയിലൂടെ പച്ചകർട്ടനുകളുടെ വിടവിലൂടെ ഉറ്റുനോക്കി…..അവൾ….. അവിടെ കിടക്കുന്നത് എൻറെ ജീവനല്ലേ….ദേഹം മാത്രമാണ് പുറത്ത് ദേഹി അവൾക്കൊപ്പമാണ്……
അന്നു രാത്രി മുഴുവൻ അവൾ ഒറ്റയ്ക്ക് ആശുപത്രി മുറിയിൽ ഇരുന്ന് പിച്ചും പേയും പറഞ്ഞു കാരണം നേരം വെളുപ്പിച്ചു.ഓരോ ദിവസങ്ങൾ പാർവ്വതിയുടെ ടെസ്റ്റിനും മറ്റുമായി അങ്ങോട്ടുമിങ്ങോട്ടും ഓടിയോടി ചെലവഴിച്ചു ദിവസങ്ങളെത്ര കടന്നുവെന്ന ബോധം പോലും സ്വയം നഷ്ടപ്പെട്ടിരിക്കുന്നു…..അതിലുപരി മാനസികമായി തളർന്നു ഒരു വറ്റു ഭക്ഷണം പോലും തൊണ്ടക്കുഴിയിൽ നിന്നും ഇറക്കാൻ ആകാതെ കഷ്ടപ്പെട്ടു….അതിൻറെ ഫലമായി ഭാഗികമായി മാത്രം കണ്ട ആ പെണ്ണിന്റെ കഴുത്തിന്റെ കീഴിലുള്ള തോളെല്ലുകൾ വ്യക്തമായി കണ്ടുതുടങ്ങി…..ദിവസങ്ങൾ പോകുന്തോറും അവളും അവശയായി കൊണ്ടിരുന്നു….
പ്രതീക്ഷയൊക്കെയും അവസാനിക്കാറായ ദിവസങ്ങളിൽ ഒന്നാണ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ നേഴ്സ് അവിടെ ഒരു ഫാമിലി സറോഗേറ്റ് മദറിനു വേണ്ടിയുള്ള അന്വേഷണത്തിലാണെന്നറിഞ്ഞത്….ആദ്യമൊന്നു സംശയിച്ചെങ്കിലും പാർവതിയെ കുറിച്ചോർത്തപ്പോൾ പിന്നീടു മുടക്കമൊന്നും തോന്നിയില്ല എന്തുതന്നെയായാലുംഒരുക്കമായിരുന്നു…..അവസാന പിടിവള്ളി എന്നോണം അവൾക്ക് മറ്റൊന്നുംതന്നെ ചിന്തിക്കാൻ ഉണ്ടായിരുന്നില്ല…. ഗൈനക്കോളജി വിഭാഗം മേധാവിയെ കണ്ടു തന്റെ പരിതസ്ഥിതി പറഞ്ഞു ബോധ്യപ്പെടുത്തി…
വാടക ഗർഭപാത്രം നൽകാൻ സമ്മതമെന്നറിയിച്ചു… അപ്പോഴേയ്ക്കും പാർവ്വതിയുടെ ഓപ്പറേഷൻ നടത്താനുള്ള സമയം വൈകിക്കൊണ്ടിരുന്നിരുന്നൂ….
ചില ടെസ്റ്റുകളും കാര്യങ്ങളും നടത്തി സ്പന്ദന പൂർണ്ണ ആരോഗ്യവതിയാണെന്ന് കണ്ടെത്തിയതോടെ ഡോക്ടർ അവളുടെ ഹെൽത്ത് സർട്ടിഫിക്കറ്റിനു പച്ചക്കൊടി കാട്ടി.പിന്നീട് എല്ലാം പെട്ടന്നായിരുന്നു…. എന്തൊക്കെയോ രേഖകളും ഉടമ്പടികളും ഉണ്ടായിരുന്നു. അവ എഴുതിയ വെള്ളക്കടലാസുകളിൽ ഒന്നു കണ്ണോടിച്ചു നോക്കുക പോലും ചെയ്യാതെ എല്ലാത്തിലും അവൾ തന്റെ കൈപ്പട ചാർത്തി നൽകി……
പത്തു ലക്ഷം….അതായിരുന്നു അവളുടെ ഗർഭപാത്രം പത്തുമാസത്തേയ്ക്ക് മറ്റൊരു ജീവനു പാർപ്പിടം നൽകുന്നതിനുള്ള വാടക….അതു മതിയായിരുന്നു സ്പന്ദനയ്ക്ക് പാർവ്വതിക്കു വേണ്ടിയിരുന്ന തുകയും….അതിൽപ്പരം വൈകാരികമായൊന്നും തന്നെ അവൾ കൂടുതലായി ചിന്തിക്കാൻ മെനക്കെട്ടില്ല….ചിന്തകൾ ഒരുവേള തന്നെ ഈ ഉദ്യമത്തിൽ നിന്നും പുറകോട്ടു വലിച്ചാൽ വീണ്ടും ചെന്നെത്തുക പരാധീനതകളുടെ നിലയില്ലാ കയത്തിലേക്കാണ്….അതിനെ അവൾ ഭയന്നു തന്റെ ഹൃദയത്തെയും തലച്ചോറിനെയും കൂച്ചുവിലങ്ങിട്ടു പൂട്ടി……ആദ്യ ഗഡുവായ അഞ്ചുലക്ഷം ടെസ്റ്റുകൾക്കു വിധേയയായി ഗർഭിണി ആയി കഴിഞ്ഞാൽ രക്ഷിതാവ് നൽകും എന്നും പറഞ്ഞു…
അടുത്ത പകുതിയായ അഞ്ചുലക്ഷം പത്തുമാസത്തിനു ശേഷം അവളുടെ ഉദരത്തിൽ വളർന്ന തുടിപ്പിനെ തിരികെ നൽകുമ്പോൾ നൽകും എന്നും കൂട്ടിച്ചേർത്തു….സ്പന്ദന ഗർഭിണി ആയിക്കഴിഞ്ഞാലുള്ള സകല ചെലവുകളും കുഞ്ഞിന്റെ ഉടമസ്ഥർ ഏറ്റെടുത്തു കൊള്ളും….
പക്ഷേ അവൾ ആദ്യഗഡുവായി ഏഴു ലക്ഷം തരണം എന്ന് ഡോക്ടറോട് അപേക്ഷിച്ചു. കാരണം പാർവതിയുടെ ചിലവുകൾ നോക്കുവാൻ അത്രയും തുക അത്യാവശ്യമായിരുന്നു…..ഡോക്ടർ ഒരു നിമിഷം ആലോചിച്ചതിനു ശേഷം സറോഗസി തേടി വന്ന ആളെ ഫോണിൽ ബന്ധപ്പെട്ടു കാര്യം അവതരിപ്പിച്ചു.
മറുതലയ്ക്കൽ നിന്ന് എതിർപ്പുകൾ ഇല്ലാതെ അവളുടെ ആവശ്യം അംഗീകരിച്ചതിൽ അവളും ആശ്വസിച്ചു….മറിച്ച് ഒരു വിലപേശലിനു നിന്നിരുന്നുവെങ്കിൽ എന്ത് ചെയ്യണം എന്ന് നിശ്ചയം ഉണ്ടാവുകയില്ല….അങ്ങനെ ഏകദേശം കാര്യങ്ങളെല്ലാം ഭംഗിയായി അവസാനിച്ചു തുടർന്ന് സ്പന്ദന അവിടെതന്നെഅഡ്മിറ്റായി….തുടർച്ചയായി ടെസ്റ്റുകൾക്ക് വിധേയമായപ്പോഴും അവൾക്ക് കുഴപ്പമൊന്നും തോന്നിയിരുന്നില്ല. കാരണം അവൾക്ക് അവളുടെലക്ഷ്യംഅത്രമേൽപ്രധാനമായിരുന്നു….പ്രാർത്ഥനയുടേയും പ്രതീക്ഷയുടെയും ഫലമെന്നോണം കാര്യങ്ങൾ എല്ലാം ശുഭമായി തന്നെ ഭവിച്ചു….
ഒരു കുഞ്ഞു ജീവന്റെ നാമ്പ് തന്നിൽ മൊട്ടിട്ടിരിയ്ക്കുന്നു….അതിനോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി പോകുന്നു.
ചില നിമിഷങ്ങൾ എന്തെങ്കിലും മനസ്സ് മാതൃത്വത്തിന്റെ ചുഴികളിൽ കൈവിട്ടുപോകുന്നു.
അതേ നിമിഷം തന്നെ തലച്ചോറ് ഹൃദയത്തെ അരുതെന്നു പറഞ്ഞു വിലക്കുകയും ചെയ്യുന്നുണ്ട്….
ഇത് മറ്റൊരു ജീവന്റെ തുടിപ്പു മാത്രമാണെന്നും താനിതിൽ വെറും ഇടനിലക്കാരി മാത്രമാണെന്നും മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു….ഏറെക്കുറെ കാര്യങ്ങൾ ഒരു കരയ്ക്കടുപ്പിച്ചു കൊണ്ടിരിക്കുന്നു…..ഇനി എത്രയും പെട്ടന്ന് പണം കൈപ്പറ്റണം പാറുവിനെ തിരികെ കൊണ്ടുവരണം….
ഈ കുഞ്ഞു തുടിപ്പിനെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിച്ചു തൃപ്തിയോടെ അകന്നു മാറണം….
അങ്ങനെയോരോ ഉത്തരവാദിത്തങ്ങൾ നിറഞ്ഞു മനസ്സ് മുഴുവൻ വിങ്ങി ഇരിക്കയാണ്….കടമകൾ ഭാരമാണെന്നല്ല…എന്നാലും…..
പഴയ ചിരിയും കളിയും സന്തോഷവും എങ്ങോട്ടാണ് തന്നിൽ നിന്നും അകന്നു മാറി പോയ്ക്കളഞ്ഞത്????!!!തന്നിൽ ഇനിയും കുട്ടിത്തത്തിന്റെ നൈർമല്യം ഒരിത്തിരി എങ്കിലും ബാക്കിയുണ്ടോ…..എപ്പോഴാണ് സ്പന്ദന അച്ഛന്റെ കുഞ്ഞോളിൽ നിന്നും പെട്ടെന്നു വളർന്നത്????
എപ്പൊഴോ ചിന്തകൾക്കിടയിൽ വീണു കിട്ടിയ ഇടവേളയിൽ അവൾ മയങ്ങിപ്പോയി…
അത്രനാളത്തെ പരക്കംപാച്ചിൽ അവളെ അത്രമേൽ തളർത്തിയിരുന്നു…..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആശുപത്രി മുറിയോടു ചേർന്നുള്ള ബാൽക്കണിയിൽ നിന്ന് ഏതോ ഒരു കിളിയുടെ ഉച്ചത്തിലുള്ള ശബ്ദമാണ് അവളെ ആ ഗാഢനിദ്രയിൽ നിന്നും ഉണർത്തിയത്….ഒരു നിമിഷം കണ്ണുതുറന്നു ചുറ്റും നോക്കിയപ്പോൾ അവൾക്ക് പെട്ടെന്ന് സ്ഥലകാലബോധം വന്നില്ല. എവിടെയാണ് കിടക്കുന്നത്, എന്താണ് പറ്റിയതെന്ന് ആലോചിച്ചു ഓർമ്മപ്പെടുത്തി മനസ്സിനെ പാകപ്പെടുത്തി കൊണ്ടുവരാൻ ഒട്ടൊരു നേരം പിടിച്ചു…..
തലേന്ന് കഴിച്ച ആഹാരത്തിന്റെ ബാക്കിപത്രങ്ങൾ അലൂമിനിയം ഫോയിൽ പേപ്പറിൽ തന്നെ കിടക്കുന്നു.
അവ എടുത്തു ആദ്യം വേസ്റ്റ് ബിന്നിൽ കൊണ്ടിട്ടു.
കിടന്നിരുന്ന കിടക്ക ഒന്നു കുടഞ്ഞു വിരിച്ചു വൃത്തിയാക്കി വെച്ചു.വീട് പൂട്ടിയിട്ടിരുന്നതിൽ നിന്ന് അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒക്കെ എടുക്കാൻ പോകണം.അതിനുമുൻപ് ആദ്യം ദിവസേനയുള്ള ഇവിടത്തെ ടെസ്റ്റുകൾ കഴിയട്ടെ.
പാറുവിന്റെ ഓപ്പറേഷനെ കുറിച്ച് ആദ്യം ചെന്ന് സംസാരിക്കണം.ഇന്നു നടത്താൻ കഴിയുമോ അത്രയും നല്ലത് ഇത് വൈകിപ്പിക്കാൻ പാടില്ല എന്നല്ലേ പറയുന്നത്.അവളെ നേരാംവണ്ണം കണ്ടിട്ട് എത്ര ദിവസമായി….ആ ഏകാന്തതയുടെ തണുപ്പുള്ള മുറിക്കുള്ളിൽ നിന്ന് ആ പാവം വീർപ്പമുട്ടുക ആയിരിക്കില്ലേ….ഇന്ന് ചെക്കപ്പിന് വരുമ്പോൾ എന്തായാലും ആദ്യ ഗഡുവിനെ പറ്റി സംസാരിക്കണം അത് കിട്ടിയിട്ട് വേണം ബാക്കി കാര്യങ്ങൾ നടത്താൻ…..
പത്തുമണിയോട് കൂടി പ്രാതലും കഴിച്ച് ദേഹ ശുദ്ധി വരുത്തി റൂമിലിരുന്നു.ക്യാന്റീനിൽ നിന്നും ഭക്ഷണം നേരിട്ട് ഇങ്ങോട്ട് എത്തികൊളളുമത്രേ നടക്കേണ്ട ആവശ്യമില്ല. പറയുന്ന വ്യായാമങ്ങൾ മാത്രം ചെയ്താൽ മതി.അന്നു ചെക്കപ്പിനു വരുമ്പോൾ ഡോക്ടറുടെ കയ്യിൽ ഒരു ചെക്ക് ലീഫ് കൂടെ ഉണ്ടായിരുന്നു. പരിശോധനയ്ക്കുശേഷം അവളുടെ കയ്യിൽ കൊടുത്തു.ചെറിയ വെള്ളക്കടലാസിൽ അങ്ങേയറ്റത്തെ കോളത്തിൽ ഏഴെന്ന അക്കവും ഒന്നിനു പിറകെ ഒന്നായി അഞ്ചു പൂജ്യവും……
ചോദിക്കാതെതന്നെ ആദ്യത്തെ പ്രതിഫലം തന്നിരിക്കുന്നു.പക്ഷേ ഇതുവരെ കുഞ്ഞിനെ ആവശ്യപ്പെട്ട ഫാമിലി ഏതെന്ന് കണ്ടിരുന്നില്ല.
അവരെ പറ്റി അറിയാൻ തനിക്കു ഇതുവരെ തോന്നിയിട്ടും ഇല്ല.ഈ ഒരു കാര്യത്തിൽ തന്റെ മുൻപിൽ ആ നിമിഷം യാതൊന്നും ബാധകമായിരുന്നില്ല. പാർവ്വതിയെ മാത്രമേ കരുതിയിരുന്നുള്ളൂ…..പക്ഷേ ഇപ്പോൾ അത് ആരാണെന്ന് അറിയാൻ ഒരു ആകാംക്ഷ….
ഒരുപക്ഷേ ഇത്ര നാളായിട്ടും ആരും തന്നെ ഈ കുഞ്ഞിന്റെ കാര്യം അന്വേഷിച്ചു തേടി വരാഞ്ഞിട്ട് ആയിരിക്കാം….ചെക്കപ്പ് കഴിഞ്ഞു ഡോക്ടർ പുറത്തേയ്ക്കു പോയി.ചെക്ക് ലീഫ് ഹാന്ഡ് ബാഗിൽ ഭദ്രമായി സൂക്ഷിച്ചു….
പാറുവിന്റെ ജീവന്റെ വിലയുണ്ട് ആ കടലാസുകഷ്ണത്തിന്….മുറി പൂട്ടി ഇറങ്ങി ആദ്യം തന്നെ നേരിട്ട് പാർവ്വതിയെ കൺസൾട്ട് ചെയ്യുന്ന ഡോക്ടറുടെ ക്യാബിനിലേക്ക് പോയി. ഓപ്പറേഷൻ ഫീസായ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കാൻ സമ്മതമാണെന്നറിയിച്ചു.പാർവ്വതിയുടെ ഹെൽത്ത് കണ്ടീഷൻ നോക്കി ഓപ്പറേഷൻ ഡേറ്റ് കുറിക്കാൻ തീരുമാനമായി….പിന്നീട്ഒട്ടും അമാന്തിച്ചില്ല ബാങ്കിൽ പോയി അത് പണമാക്കി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. വീട്ടിലേക്കു ചന്തു അത്യാവശ്യം വേണ്ടുന്ന സാധനസാമഗ്രികൾ എല്ലാം എടുത്തു.
വീട് ഒന്നും അടിച്ചു തുടച്ചു വൃത്തി ആക്കി. അധികം ഭാരിച്ച ജോലികൾ എടുക്കുവാൻ പറ്റുകയില്ല ഇപ്പോൾ.
അതുകൊണ്ട് അധികനേരം നിന്നില്ല.വേഗം തന്നെ വീടുപൂട്ടി ഇറങ്ങി. തിരിച്ചു ഹോസ്പിറ്റലിൽ എത്തി.
യാത്രാ ക്ഷീണം മാറ്റുവാൻ ഒന്നു കുളിച്ചു തിരിച്ചിറങ്ങിയപ്പോഴേയ്ക്കും വാതിലിൽ മുട്ടു കേട്ടു.
മുടിയിൽ നിന്ന് അരിച്ചിറങ്ങുന്ന വെള്ളത്തുള്ളികളെ വകഞ്ഞുമാറ്റി വാതിലിനടുത്തേക്ക് നടന്നു….
ഗൈനക്കോളജിസ്റ്റ് ആണ്….വിനയപുരസ്സരം അകത്തേക്ക് വരാൻ ക്ഷണിച്ചു.എന്തോ ഗൗരവപരമായ കാര്യം പറയാൻ വന്നതാണ് അദ്ദേഹത്തിൻറെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു…
“സർ,…””ആ സ്പന്ദന, ഞാൻ വന്നത് ഒരു പ്രധാനപ്പെട്ട ആളെ തനിക്കു പരിചയപ്പെടുത്തുവാൻ ആണ്…മറ്റാരും അല്ല തന്റെ ഉദരത്തിലെ കുഞ്ഞിന്റെ അവകാശി…ആളിന്നാണ് തന്നെ കാണണം എന്ന് ഒരു ആഗ്രഹം പറഞ്ഞത്…
എന്റെ കൂടെ ആളും വന്നിട്ടുണ്ട്…….”മിഴികൾ അത്യധികം ആകാംഷയോടെ വാതിൽക്കലേയ്ക്കു ചലിച്ചു…ഹൃദയം അകാരണമായ് അത്യുച്ചത്തിൽ മിടിച്ചു തുടങ്ങി….
അവൾക്കു പോലും അത്ഭുതം തോന്നും വിധം അവളുടെ കൈത്തലങ്ങൾ തണുത്തുറഞ്ഞു….
“വിശ്വനാഥ് പ്ലീസ് കം ഇൻസൈഡ്…..”ഡോക്ടറുടെ വ്യക്തമായ വാക്കുകൾ അവളെ അടിമുടി വിറയലിലാഴ്ത്തി…ഞെട്ടിപ്പിടഞ്ഞ് പരിഭ്രാന്തിയോടെ വാതിൽക്കലേയ്ക്കു നോക്കിയ അവളുടെ കണ്ണുകൾ ആ മുഖത്തേയ്ക്കു തറഞ്ഞു നിന്നു…..പതിയെ പതിയെ അവളുടെ കണ്ണുകളിലേയ്ക്ക് ഇരുൾ വന്നു മൂടുന്നതറിഞ്ഞു…തലച്ചോറിൽ ഏതോ ഒരു ജീവിയുടെ അസഹനീയമായ മൂളക്കം…അവൾ കണ്ണുകൾ ഇറുക്കെയടച്ചു…..തളർന്നു വീഴാതെ ഇരിക്കുവാൻ കട്ടിലിന്റെ പിടിയിൽ കൈകളമർത്തി അവൾ പതിയെ കിടക്കമേലേയ്ക്ക് ചാഞ്ഞു…
………..തുടരും……………..
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)