രചന – ആതിര
വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ചാരൂവിനെ വരവേറ്റത് കൊലുസ്സിന്റെ ശബ്ദം ആയിരുന്നു.. തറയിൽ വിരിച്ച പുൽ പായയിൽ അച്ഛനും മോളും കളിയാണ്.. ഗൗരിമോളുടെ കാലിൽ നിറയെ മുത്തുകളുള്ളൊരു കൊലുസ് പുതുതായി സ്ഥാനം പിടിച്ചിട്ടുണ്ട്… മോൾക്ക് ഇഷ്ടായിട്ടുണ്ട്.. കൊലുസ്സിൽ പിടിച്ചു തട്ടുന്നുണ്ട്.. കൊലുസ്സിന്റെ ശബ്ദത്തിന് അനുസരിച്ച് അവളും ചിരിയ്ക്കുന്നുണ്ട്… ചാരൂ കൊലുസ്സിലേയ്ക്ക് തന്നെ നോക്കുന്നത് ശ്രീരാഗ് കണ്ടു.. “ഞാൻ വാങ്ങി കൊടുത്തതാ.. ഇന്ന് കുഞ്ഞിനെ സിസ്റ്ററെ ഏൽപ്പിച്ച് ഞാൻ പുറത്ത് പോയാരുന്നു..” അവൾ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് നടന്നു.. കുളിച്ച് നേരെ അടുക്കളയിലേയ്ക്ക് ചെന്നു… അവനും കൂടി ചേർത്ത് ചായ ഇട്ടു.. വൈകിട്ട് കഴിക്കാൻ ഇരുന്നപ്പോഴും അവനും കൂടിയുള്ള ചോറും കറികളും അവൾ വെച്ചിരുന്നു.. അവൾ കഴിയ്ക്കുന്നിടത് പതിവ് പോലെ വന്നതല്ലാതെ അവൻ ചോറും കറികളും നോക്കിയതേയില്ല.. ചാരുവിന് അവനോട് തുറന്ന് പറയാനും മടി.. അവൾ കഴിച്ചു കഴിഞ്ഞ് പാത്രം കഴുകി വെച്ചു.. ഇടയ്ക്കെപ്പോഴോ അടുക്കളയിലേയ്ക്ക് ശ്രീരാഗ് പോയിട്ട് അല്പനേരം കഴിഞ്ഞാണ് വന്നത്..
ശ്രീരാഗ് തിരിച്ചു വന്നതും ചാരൂ വേഗം പോയി അവൻ എടുത്തു കഴിച്ചോ എന്ന് നോക്കി.. എന്നാൽ അത് അതുപോലെ തന്നെ ഉണ്ടായിരുന്നു.. അതിൽ നിന്നും അവന് ആഹാരം ഒന്നും കഴിച്ചില്ലയെന്നവൾക്ക് മനസ്സിലായി.. 🌺🌺🌺 വൈകിട്ട് യദു ചാരുവിനെ ഫോൺ വിളിച്ചു സംസാരിക്കുകയാണ്.. ഒരിക്കൽ പോലും യദു ശ്രീരാഗിനെ കുറിച്ച് അവളോടൊന്നും ചോദിക്കാറില്ല.. അവന് ഇത്രയും ദിവസം അവൾക്കൊപ്പം നിന്നെങ്കിൽ അതവൾ മനസാലെ അംഗീകരിച്ചതാവാം എന്നവൻ കരുതി.. ഫോൺ വെച്ച് റൂമിലേക്ക് വന്നപ്പോൾ ശ്രീരാഗിന്റെ ഫോൺ ബെല്ലടിക്കുന്നു.. രാധികയാണ്.. അവന് ആണ് സമയം ബാത്റൂമിലായിരുന്നു.. അവൻ തിരിച്ചതിറങ്ങിയപ്പോഴേക്കും കാൾ കട്ട് ആയിരുന്നു.. അവൻ അവരെ തിരികെ വിളിച്ചു..അമ്മയും മോനും സംസാരിക്കുകയാണ്.. ഇടക്കൊക്കെ കുഞ്ഞിനെക്കുറിച്ചും അവളെക്കുറിച്ചും ഒക്കെ പറയുന്നുണ്ട്.. സംസാരത്തിൽ നിന്നും അവൻ പുറത്തൂന്ന് ഭക്ഷണം കഴിച്ചു എന്ന് ചാരുവിന് മനസ്സിലായി.. അതവൾക്ക് അല്പം ആശ്വാസം നൽകി.. പിറ്റേന്ന് കാലത്ത് രണ്ടു ഗ്ലാസ്സിലായി ചാരൂ മേശ പുറത്ത് ചായ കൊണ്ട് വെച്ചു..
ശ്രീരാഗ് കുളിച്ച് വന്ന് കണ്ണിടിക്കുമുൻപിൽ നിന്ന് തല തോർത്തുമ്പോൾ അവന് കാണാൻ പാകത്തിൽ ചാരൂ ചായഗ്ലാസ് വെച്ച് തന്റേതും കൊണ്ട് അവിടെ നിന്നു.. അവൻ എടുക്കുന്നുണ്ടോയെന്നു നോക്കി അവൾ അവിടെ നിന്നു പരുങ്ങുന്നുണ്ട്..അവൾ ഇടയ്ക്ക് അവനെ നോക്കുന്നത് ശ്രീരാഗ് കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു.. തനിക്കുള്ള ചായയാണതെന്ന് അവന് മനസ്സിലായി..അവളുടെ മാറ്റം അവന് അത്ഭുതമായി തോന്നി.. അവൻ ആ ചായയും എടുത്ത് കൊണ്ട് വെളിയിലേയ്ക്ക് നടന്നു..വെളിയിലേയ്ക്കിറങ്ങി ആകാശം നോക്കുന്നവനെ ചാരൂ സംശയത്തോടെ നോക്കി.. “വല്ല കാക്കയും ഇന്ന് മലന്ന് പറക്കുന്നുണ്ടോ എന്തോ.” അവൾ കേൾക്കെ പറഞ്ഞു കൊണ്ട് ശ്രീരാഗ് അവിടെയുള്ള കസേരയിൽ ഇരുന്നു.. ശ്രീരാഗ് ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന കണ്ട് ചാരൂ ഇഡലിയും സാമ്പാറും കൊണ്ട് വെച്ചു.. അവന്റെ മുൻപിലേക്ക് പ്ലേറ്റ് വെച്ചു അതിൽ മൂന്നെണ്ണം വെച്ച് സാമ്പാറും വിളമ്പി..അവൻ അതിശയത്തോടെ നോക്കി..ശേഷം അവൾക്കുള്ളത് എടുത്ത് കഴിച്ചു.. ഇടയ്ക്ക് അവന് കഴിക്കുന്നുണ്ടോന്ന് നോക്കുന്നുണ്ട്..
അവൾ നോക്കുന്ന സമയം കൃത്യമായി അവനും അത് കണ്ടു..എന്തെന്നവൻ പുരികം പൊക്കി ചോദിച്ചതിന് ചാരൂ ഒന്നും മിണ്ടാതെ പ്ലേറ്റിൽ തന്നെ ശ്രദ്ധയൂന്നി.അവനും കഴിച്ച് തുടങ്ങിയെന്നു മനസ്സിലായതും അവൾ പിന്നെ നോക്കിയില്ല.. “പോരാ.. പോരാ പാചകം തീരെ മോശം..” അവൾ എഴുനേറ്റ് പോകാൻ ഒരുങ്ങിയപ്പോഴാണ് അവന് അത് പറഞ്ഞത്.. “നിങ്ങൾ അങ്ങനിപ്പോ കഷ്ടപ്പെട്ട് കഴിക്കണ്ട..” അവൾ ദേഷ്യത്തോടെ അവന്റെ പ്ലേറ്റ് എടുത്ത് നടന്നു..പിന്നെ അതേ സ്പീഡിൽ വന്ന് പ്ലേറ്റ് അവന് തന്നെ കൊടുത്തു.. അവളുടെ കാട്ടായങ്ങൾ കണ്ട് ശ്രീരാഗിന് ചിരി വന്നു.. അന്ന് മനസ് നിറഞ്ഞവൻ ആഹാരം കഴിച്ചു.. അന്നുച്ചയ്ക്ക് അവന് ഓർഫനെജിലേയ്ക്ക് പോയില്ല.. ഉച്ചയ്ക്കും ചാരുവിന്റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് അവൻ കഴിച്ചത്.. അവളുടെ മാറ്റത്തിൽ ശ്രീരാഗിൽ പ്രതീക്ഷയുടെ പുതു നാമ്പുകൾ വളർന്നു.. ചാരൂ തന്നെ അംഗീകരിച്ച് തുടങ്ങിയെന്ന യാഥാർത്ഥം അവനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്…
വൈകിട്ട് ചാരൂ അടുക്കളയിൽ പാചകത്തിലായിരുന്നു..രണ്ടു ദിവസമായി ചാരുവിന് അവനോടുള്ള സമീപനത്തിൽ അതീവ സന്തുഷ്ടനായിരുന്നു ശ്രീരാഗ്.. ചാരൂനോടുള്ള ഇഷ്ടം ഹൃദയത്തിൽ അങ്ങനെ തുടികൊട്ടിക്കൊണ്ടിരിക്കുകയാണ്.. അടുക്കളയിൽ വെള്ളം കുടിക്കാൻ വന്നതാണ് ശ്രീരാഗ്… കുഞ്ഞിനെ തോട്ടിലിൽ കിടത്തിയിട്ടാണ് അവൻ അങ്ങോട്ട് ചെന്നത്.. തിരിഞ്ഞു നിന്നു കാര്യമായ പാചകത്തിലാണ് ചാരൂ.. ഒരു ചുരിദാരായിരുന്നു വേഷം.. ശ്രീരാഗ് അവളുടെ പുറകിലൂടെ ചെന്ന് ഇടുപ്പിൽ പിടിച്ചു അവളെ തന്നിലേയ്ക്ക് ചേർത്ത് കെട്ടിപ്പിടിച്ചു.. സ്ലിറ്റിനിടയിലൂടെ കൈകൾ വയറിയേക്ക് ചേർത്തൻ മുഖം അവളുടെ പിൻകഴുത്തിൽ ഉരസി.. അവന്റെ നീക്കം അപ്രതീക്ഷിതമായതിന്നാൽ ചാരു ആകെ വല്ലാണ്ടായി.. അവൻ അവളോട് ചേർന്നുനിന്നപ്പോൾ ചാരുവിന്റെ തന്റെ ശരീരം തണുത്തുറഞ്ഞപോലെ തോന്നി.. ശ്രീരാഗിന്റെ ചുണ്ടുകൾ വിയർപ്പ് പൊടിഞ്ഞ അവളുടെ കഴുത്തിൽ അമർന്നതും സർവശക്തിയുമെടുത്തവൾ അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു.. ഞൊടിയിടയിൽ അവളുടെ കൈ ശ്രീരാഗിന്റെ മുഖത്ത് പതിഞ്ഞു.. ദേഷ്യം ഉറ്റിനൽക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു..
അവൾ അങ്ങനെ ചെയ്യുമെന്നവൻ പ്രതീക്ഷിച്ചില്ല.. ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഇഷ്ടത്തിന്റെ പുറത്ത് ഒരു കുസൃതിയായാണ് ശ്രീരാഗ് അങ്ങനെ ചെയ്തത്… തന്നെ കൈനീട്ടി അടിക്കാനും മാത്രം അവൾക്കത് ഇത്രത്തോളം സങ്കടമാകുമെന്നവൻ ഓർത്തില്ലെന്നതാണ് സത്യം.. മുന്നിൽ നിൽക്കുന്ന ചാരുവിന്റെ കണ്ണുകൾ രണ്ടും ചുവന്നു.. “ഛേ.. നിങ്ങൾ അത്രക്ക് മുട്ടി നിൽക്കുവാണെങ്കിൽ വേറെ വല്ലപ്പെണ്ണുങ്ങളെയും തേടി പൊക്കോണം.. നാണമുണ്ടോ നിങ്ങൾക്ക്.. അല്പം എങ്കിലും ഉളുപ്പുണ്ടോ.. നാണോം മാനോം ഇല്ലാത്ത വൃത്തികെട്ടവൻ.. നിങ്ങൾ ഒരിക്കലും മാറില്ല..” വികാരക്ഷോഭത്താൽ ചാരൂ കത്തിക്കയറി.. “ചാരൂ..” അവൻ തന്റെ പ്രവൃത്തി അവളെ വേദനിപ്പിച്ചെന്ന ചിന്തയിൽ അവളുടെ അടുത്തേക്ക് ചെന്നു.. “വന്നു പോകരുത് എന്റെ അടുത്തേയ്ക്ക്..എന്റെ ശരീരത്തിൽ തൊടാൻ നിങ്ങൾക്കാരാ അധികാരം തന്നത്.. ഏഹ്.. ഈ താലി കെട്ടിയെന്ന അധികാരത്തിൽ ഭർത്താവെന്ന അവകാശം കാണിക്കാൻ വന്നാൽ ഈ ചാരുവിന്റെ മറ്റൊരു മുഖം കാണും… ഈ താലി ഞാൻ അഴിക്കാതെ വെച്ചത് എന്റെ മോളേ മാത്രം ഓർത്താണ്..ഞാൻ നിങ്ങൾക്കും ആഹാരം തന്നന്ന് വെച്ച് അത് നിങ്ങളോടുള്ള പ്രേമം മൂത്തിട്ടാണെന്ന് വിചാരിച്ചോ. വിശന്ന് ആരും വന്നാലും കൊടുക്കും… ആഹാരം തരാതിരുന്നാലെങ്കിലും ഇവിടുന്ന് പോകുമെന്ന് കരുതി..
എന്നെ ഇനിയും കരയിച്ചു നിങ്ങൾക്ക് മതിയായില്ലേ.. ഇനിയും ഇങ്ങനെ ദ്രോഹിക്കാതെ എന്റെ കൺമുന്നിൽ നിന്നൊന്നിന്നേറിങ്ങി പോയി തരാവോ.. കാലുപിടിക്കാം ഞാൻ.. ” കൈകൂപ്പി കൊണ്ടാണ് ചാരു പറഞ്ഞ തീർത്തത്.. ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട ശ്രീരാഗിന് അവളുടെ ഓരോ വാക്കുകളും ശരീരത്തിൽ ഏല്പിക്കുന്ന ചാട്ടവാറടിയായി തോന്നി..ആ പ്രഹരങ്ങൾ എല്ലാം ശരീരം മുറിച്ച് ചോരയൊഴുക്കുന്നു.. മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ ഒക്കെ മണ്ണുകൊണ്ടുണ്ടാക്കിയ കളിവീട് മാത്രമായി തോന്നി..അല്പം മാത്രം ആയുസ്സുള്ള മൺവീട്… ഹൃദയത്തിന്റെ വേദന കണ്ണുകൾ ഏറ്റെടുക്കും മുൻപ് അവളുടെ മുന്നിൽ നിന്നും ശ്രീരാഗ് റൂമിലേക്ക് പോയി..കട്ടിലിന്റെ ക്രാസിയിൽ ചാരി കണ്ണടച്ചിരുന്നു..കണ്ണിൽ നിന്നും പൊട്ടിയടർന്നു വീണ നീർതുള്ളികൾ ശ്രീരാഗ് വേഗം തന്നെ തുടച്ച് മാറ്റി.. ചാരൂ കുഞ്ഞിനേയും എടുത്ത് കൊണ്ട് കട്ടിലിൽ കിടന്നു..പതിവ് പോലെ കുഞ്ഞ് ഏന്തി വലിഞ്ഞു അവനടുത്തേയ്ക്ക് ചെന്നതും ചാരൂ കുഞ്ഞിനെ അവൾക്കടുത്തേയ്ക്ക് ചേർത്ത് കിടത്തി.. എന്നാൽ വീണ്ടും അവനിലേയ്ക്ക് നീങ്ങിപോകുന്ന ഗൗരിയെ കണ്ടതും ചാരൂ ദേഷ്യത്തോടെ കുഞ്ഞിന്റെ തുടയിൽ ചെറുതായി അടിച്ചു..നൊന്തതിനാൽ കുഞ്ഞ് വലിയ വായിൽ കരയാൻ തുടങ്ങി..
“എന്നോടുള്ള ദേഷ്യം കുഞ്ഞിനോട് തീർക്കണ്ട..നിന്നോട് ഞാൻ ചെയ്തത് തെറ്റാ.. ചോദിക്കാതെ ശരീരത്തിൽ തൊട്ടു..എന്നുവെച്ച് കുഞ്ഞിന്റെ ദേഹം നോവിച്ചു എന്നോട് പ്രതികാരം ചെയ്യാൻ നോക്കിയാൽ ഞാനത് സഹിക്കില്ല..” ഒരു താക്കീതോടെ കരയുന്ന ഗൗരിമോളെയും എടുത്ത്കൊണ്ട് അവൻ ഹാളിലേയ്ക്ക് നടന്നു.. “പോട്ടെട വാവേ..ഓ.. ഓ..ഓ..ഒന്നുവില്ല.. കരയണ്ട കേട്ടോ..സുന്ദരി മണിയെ.. ഗൗരിക്കുട്ടാ ..അച്ഛന്റെ പൊന്നേ.. കരയല്ലേടാ വാവേ …” എന്തൊക്കെയോ പറഞ്ഞ് കുഞ്ഞി എടുത്തോണ്ട് അല്പസമയം നടന്നതും കുഞ്ഞിപ്പെണ് ഉറക്കം പിടിച്ചു.. കുഞ്ഞ് ഉറങ്ങിയെന്ന് കണ്ടതും ശ്രീരാഗ് കുഞ്ഞിനെകൊണ്ട് കട്ടിലിൽ കിടത്തി അവനും കിടന്നു.. അപ്പോഴും തല കയ്യിൽ താങ്ങി മുഖം കുനിച്ചിരിക്കുകയായിരുന്നു ചാരൂ.. “ഞാൻ ചെയ്ത് പോയ എല്ലാത്തിനും മാപ്പ്..ഞാനൊരു തമാശയ്ക്ക്…” കുഞ്ഞുറങ്ങിയെന്ന് കണ്ടതും ശ്രീരാഗ് അവളോട് പറഞ്ഞു..
എന്നാൽ അവൻ പറഞ്ഞ് തുടങ്ങിയതും അവനെ അവൾ വിലക്കി.. “മാപ്പ് പറഞ്ഞാൽ തീരുന്നതാണോ നിങ്ങൾ എന്നോട് ചെയ്ത് കൂട്ടിയതൊക്കെ..ആണോന്ന്.. നിങ്ങൾ വന്നതിൽ പിന്നെ എൻ്റെ കുഞ്ഞിന് എൻ്റെ വേണ്ട..എന്തിനും അവൾക്ക് നിങ്ങളെ മതി.. നാട്ടുകാരുടെ കളിയാക്കലും അധിക്ഷേപങ്ങളും ഒക്കെ സഹിച്ച് പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ചത് ഞാനാ.. അന്നൊക്കെ കുഞ്ഞിൻ്റെ അച്ഛൻ എവിടെ പോയിരുന്നു..ഇപ്പൊ വന്നത് പോലും എൻ്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റാൻ അല്ലേ..എനിക്കെൻ്റെ കുഞ്ഞ് മാത്രേ ഉള്ളൂ..ഈ താലിയുടെ അധികാരത്തിൽ എൻ്റെ മോളേ എന്നിൽ നിന്നും അകറ്റാനാ ഉദ്ദേശമെങ്കിൽ ഇത് അറത്ത് മാറ്റാനും എനിക്ക് മടിയില്ല.. എൻ്റെ കുഞ്ഞിന് വേണ്ടി ഞാൻ അത് ചെയ്തിരിക്കും..” കണ്ണിൽ അഗ്നിസ്പുരിക്കുന്ന വീറോടെ വല്ലാത്തൊരു ഭാവത്തോടെയാണ് ചാരു അത് പറഞ്ഞത്.. അവളുടെ വാക്കുകളുടെ ചൂടിൽ വെന്തുരുകുകായായിരുന്നു ശ്രീരാഗ്.. ഒരിക്കലും അവൾ തന്നോട് ക്ഷമിക്കില്ല എന്നിവന് ബോധ്യമായി..
തന്നെ ഒരിക്കലും ചാരൂ അംഗീകരിക്കില്ലെന്നവൻ വേദനയോടെ മനസ്സിലാക്കി.. നീർക്കുമിളയുടെ മാത്രം ആയുസ്സുണ്ടായിരുന്ന സ്വപ്നങ്ങൾ തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെയവന് തോന്നി.. അന്നാ രാത്രിയിൽ കട്ടിലിൻ്റെ രണ്ടൻ്റത്തും ഇരു ധ്രുവങ്ങളിലെന്നപോലെ അവർ രണ്ടുപേരുംഉറങ്ങാതെ കിടന്നു..അവരുടെ നടുക്ക് ഉറക്കത്തിലും വിരലുണ്ടുകൊണ്ട് ഗൗരിമോളും.. പിറ്റേന്ന് ചാരൂ അവന്റെ വാക്ക് കേൾക്കാതെ കുഞ്ഞിനെ നോക്കാൻ സിസ്റ്ററെ ഏൽപ്പിച്ചു… “സാരംഗി തനിക്ക് വിസിറ്റേഴ്സ് ഒണ്ട് കേട്ടോ..” ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ അവളോട് വന്ന് പറഞ്ഞത്.. “ഇയാൾ ഇവിടെയും വന്നോ..” ശ്രീരാഗായിരിക്കും തന്നെ കാണാൻ വന്നതാന്നോർത്ത് അവൾ ദേഷ്യത്തോടെ വെളിയിലേയ്ക്ക് ചെന്നു.. “ആരാ.. മനസ്സിലായില്ല..” മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരെ കണ്ട് ചാരു ചോദിച്ചു.. “സാരംഗിയല്ലേ..ഞാൻ സുമിത്… ഇത് കിരൺ.. ഞങ്ങൾ ശ്രീരാഗിന്റെ സുഹൃത്തുക്കളാണ്..” (സുമിത്ത് ) “ഓഹോ.. കൂട്ടുകാരന്റെ വക്കാലത്തും കൊണ്ട് വന്നതാണോ..” “അയ്യോ.. അല്ല.. ഇന്നലെ യദുവിനെ കണ്ടായിരുന്നു.. അവന് എല്ലാം പറഞ്ഞു..” (സുമിത്ത് ) “എനിക്ക് നിങ്ങൾ പറയുന്നത് ഒന്നും കേൾക്കണ്ട.. ആരെയും വെള്ളപൂശാൻ നിൽക്കണ്ട നിങ്ങൾ.. “സാരംഗി ഞങൾ പറയുന്നത് ഒന്ന് കേട്ടാൽ മതി..” (കിരൺ) അവർ യാചനാപൂർവ്വം പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ ചാരൂ സമ്മതിച്ചു..
അന്നാ രാത്രിയിൽ ഉണ്ടായ കാര്യങ്ങൾ ഒക്കെ അവർ അവളോട് പറഞ്ഞു… ചാരൂ ഇതൊന്നും അറിഞ്ഞിരുന്നില്ല.. അതവളോട് പറയാൻ ഓരോരുത്തരും ശ്രമിച്ചപ്പോൾ അവൾ തടയുകയായിരുന്നു.. അതുകൊണ്ട് തന്നെ അറിയാത്ത സത്യങ്ങൾ അവളെ ഞെട്ടിച്ചു കളഞ്ഞിരുന്നു.. “ശ്രീരാഗ് നിരപരാധിയാണ്.. അറിഞ്ഞുകൊണ്ട് അവനെ കൂടെ നിന്ന് ചതിച്ചത് ഞങ്ങൾ ആയിരുന്നു.. എന്നാൽ അത് അവന്റെ ജീവിതത്തെ ഇത്രയും ബാധിക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയില്ല.. അവനോട് ഇനിയും വെറുപ്പോ വൈരാഗ്യമോ കാണിക്കരുത്.. എല്ലാം ഞങ്ങളുടെ തെറ്റാണ്… ഞങ്ങൾ മാത്രമാണ് അന്ന് സംഭവിച്ചതിനൊക്കെ കുറ്റക്കാർ.. ഇനിയും ഇത് സാരംഗിയോട് പറഞ്ഞില്ലെങ്കിൽ അവനോട് ചെയ്യുന്ന ചതിയാകും..” “എല്ലാർക്കും എല്ലാം അറിയാം.. തൊറ്റ് പോയത് ഞാൻ മാത്രം.. നഷ്ടങ്ങൾ ഒക്കെ എന്നും എനിക്ക് മാത്രം.. ദൈവത്തെ ഓർത്ത് ഇനിയെങ്കിലും എന്നെ വെറുതെ വിടണം.. പ്ലീസ്..” അത്രയും പറഞ്ഞ് ചാരൂ അകത്ത്തേയ്ക്ക് പോയി..
വൈകിട്ട് കുഞ്ഞിനേയും എടുത്തുകൊണ്ടു വീട്ടിലേക്ക് വരികയായിരുന്നു ചാരൂ.. വീട് പൂട്ടിയിരുന്ന കണ്ട് അപ്പുറത്തുള്ള അന്നമ്മ ചേട്ടത്തിയുടെ അടുത്തേയ്ക്കവൾ ചെന്നു.. ” മോളേ..ആ കൊച്ചൻ ഉച്ചയായപ്പോ താക്കോൽ കൊണ്ട് തന്ന് വൈകുന്നേരം മോള് വരുമ്പോൾ കൊടുക്കണമെന്നും പറഞ്ഞു പോയി.. ” താക്കോൽ എടുത്ത് കൊടുക്കുന്ന കൂട്ടത്തിൽ അവർ പറഞ്ഞു.. വാതിൽ തുറന്ന് കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അവൾ കുളിച്ചിറങ്ങി.. അടുക്കളയിൽ ഉണ്ടാക്കി വെച്ചതെല്ലാം അതേപടി ഇരിക്കുന്ന കണ്ട് അവന് ഒന്നും കഴിച്ചില്ലെന്നവൾക്ക് ബോധ്യമായി. മുറിയിൽ അവൻ്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കാണാത്തതിനാൽ അവൻ പോയെന്നവൾക്ക് ബോധ്യമായി.. “എനിക്ക് എൻ്റെ മോള് മാത്രം മതി..വേറെ ആരും വേണ്ട..” കുഞ്ഞിനെ ഇറുകെ പുണർന്നവൾ പറഞ്ഞു.. കുഞ്ഞ് വന്നപ്പോൾ ശ്രീരാഗിനെ തേടുന്നുണ്ട്..കണ്ണുകൾ കൊണ്ട് അവനെ ചുറ്റും പരതുകയാണ്.. വൈകുന്നേരം ചാരു കുഞ്ഞിനെയും കൊണ്ട് നടക്കാനിറങ്ങി.. ഓർഫനേജിൻ്റെ മുറ്റത്തേക്ക് അവൾ കുഞ്ഞിനെയും കൊണ്ട് നടന്നു.. മദറിനെ കണ്ടവൾ അവരുടെ അടുത്തേയ്ക്ക് നടന്നു..
“അമ്മേ… അയാൾ പോയി..” “അയാളോ..?? ആര്..??” “അത്.. അത്.. ശ്രീയേട്ടൻ..” “നീയല്ലേ ഇറങ്ങി പോകാൻ പറഞ്ഞത്.. അവൻ പോയി..ഇനി ശല്യപ്പെടുത്താൻ വരില്ല.. നിനക്കിരിയൊരു ശല്യമാകില്ലെന്ന് എനിക്ക് ഉറപ്പ് തന്നിട്ടാ പോയത്.. നിൻ്റെ കൈയ്യിടെ പാട് അവൻ്റെ മുഖത്ത് നല്ലോണം തെളിഞ്ഞു കണ്ടൂ..സാരമില്ല..അവന് തെറ്റ് പറ്റിപ്പോയി..എങ്കിലും മോളെ അറിഞ്ഞിടത്തോളം അവനൊരാഭാസനാണെന്ന് എനിക്ക് തോന്നുന്നില്ല..ആഹ്..ചേർക്കാൻ താൽപര്യമില്ലെങ്കിൽ അത് ഒഴിവാക്കുന്നത് തന്നെയാ നല്ലത്..” അതും പറഞ്ഞവർ തിരികെ നടന്നു.. വൈകിട്ട് ഒന്നും കഴിക്കാൻ കുഞ്ഞിപ്പെണ്ണ് കൂട്ടാക്കിയില്ല.. കണ്ണുകൾ കൊണ്ട് തിരച്ചിൽ തന്നെ അന്നേരവും.. കുഞ്ഞിന് പാലുകൊടുക്കുമ്പോൾ പോലും അത് കുടിക്കാതെ ഏന്തീ വലിഞ്ഞ് നോക്കുന്നുണ്ട്..
ശ്രീരാഗ് ഇവിടെ എവിടെയേലും ഉണ്ടോയെന്നാണ് നോക്കുന്നത്.. “നീ നോക്കണ്ട..ഇനി നിനക്ക് അമ്മ മാത്രേയുള്ളൂ..നീ നോക്കുന്നയാൾ ഇനി വരില്ല..മര്യാദയ്ക്ക് പാല് കുടിച്ചിട്ട് ഉറങ്ങിക്കോ..” ചാരു അല്പം ദേഷ്യത്തോടെ കുഞ്ഞിനോട് പറഞ്ഞു.. അമ്മയുടെ പുതുഭാവമോ അച്ഛൻ്റെ അഭാവമോ കുഞ്ഞിപ്പെണ്ണ് ദേഷ്യത്തോടെ മാറിൽ പല്ലുകൾ മുറുക്കി.. വേദനയോടെ ചാരു എരിവ് വലിച്ചു.. ഗൗരിമോളുടെ ഉള്ളിൽ ശ്രീരാഗ് അതിവേഗം സ്ഥാനം പിടിച്ചു എന്ന് ചാരുവിന് മനസ്സിലായി..ദിവസങ്ങൾ പോകെ അത് മാറിക്കോളും എന്നവൾക്ക് ഉറപ്പായിരുന്നു.. കുഞ്ഞിനെ തന്നിലേക്ക് ചേർത്തുകൊണ്ട് പതിയെയവൾ നിദ്രയെ പുൽകി.. (തുടരും….)

by