രചന – ലോല
ഒരു നിമിഷം രാജീവിൻ്റെ ശ്വാസം നിലച്ചുപോയി. അച്ഛനെപ്പോലെ കണ്ടതാണ് ബാലേട്ടനെ, ഒരു പക്ഷേ അച്ഛനേക്കാളേറെ സ്നേഹിച്ചിരുന്നു..
വീട്ടിലെ ഒരംഗം തന്നെയായിരുന്നു. തൻ്റെ ജീവിതത്തിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരേ ഒരാൾ. കുട്ടിക്കാലത്ത് ബാലേട്ടൻ ഇല്ലാതെ ഒരിടത്ത് പോലും താൻ പോകില്ല..
അത്രയ്ക്ക് ജീവനായിരുന്നു. ബാലേട്ടൻ വീട്ടിൽ പോയിട്ട് നേരത്തെ വന്നില്ലെങ്കിൽ വഴിക്കണ്ണുമായി കാത്തിരിക്കും.
താമസിച്ച് വന്നാൽ വഴക്കിടും. അപ്പൊ ബാലേട്ടൻ പറയും, തന്നെ കാത്തിരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെപ്പറ്റി.
ഓരോ ദിവസവും അച്ഛനെ കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്ന ആ കുഞ്ഞിപ്പെണ്ണിനെക്കുറിച്ച്..
താൻ പരിഭവിക്കും തന്നേക്കാൾ ഇഷ്ടം മകളോടാണെന്ന് പറഞ്ഞ്.. തന്നെ ചേർത്തു പിടിക്കും ,പാവം ഞാൻ വഴിവിട്ട് സഞ്ചരിച്ചപ്പോൾ ഏറ്റവുമധികം വേദനിച്ചത് അദ്ദേഹത്തിൻ്റെ മനസ്സാണ്.
കണ്ടില്ലെന്നു നടിച്ചു, തെറ്റാണ് ചെയ്തത്. അദ്ദേഹം എന്നെ ഒരു മകനായി തന്നെയാ കണ്ടിരുന്നത്, മറ്റാരെക്കാളും ഞാനും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു.
പ്രതീക്ഷിക്കാതെ ഉള്ള ഒരു തകർച്ചയിൽ ശരിക്കും ഒറ്റപ്പെട്ടുപോയി. ഞാൻ എന്ന വ്യക്തിയുടെ അന്ത്യം അവിടെ സംഭവിക്കുകയായിരുന്നു…
ആകെ ഒരു ആശ്രയം മദ്യമായിരുന്നു.. മറ്റെല്ലാം മറന്നു കുടിച്ചു..കുടിച്ചു കുടിച്ചു നശിക്കാൻ ആയിരുന്നു ഇഷ്ടം പക്ഷേ, ഇപ്പോൾ അതിന് സാധിക്കുന്നില്ല..
ബാലേട്ടൻ മരിക്കുമ്പോഴും ഞാൻ അടുത്തുണ്ടായിരുന്നു.. ആശുപത്രിക്കിടക്കയിൽ അദ്ദേഹം മക്കളെ കുറിച്ച് ഓർത്ത് വിഷമിക്കുന്നത് കണ്ടു..
എന്നെപ്പറ്റി ഓർത്ത് ഒരുപാട് സങ്കടം ഉണ്ടായിരുന്നു… കഴിഞ്ഞില്ല ഒന്നും തിരുത്താൻ കഴിഞ്ഞില്ല…
തോളിലൊരു കര സ്പർശം ഏറ്റപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്..
“അകത്തേക്ക് കയറാം”
ആദ്യമായാണ് കല്യാണശേഷം വീട്ടിലേക്ക് വരുന്നത് ഉത്തരയുടെ മുഖം പ്രകാശിക്കുന്നത് കണ്ടു..
എനിക്ക് അവിടെ രണ്ട് അനുജത്തിമാർ ഉണ്ടായിരുന്നു. എന്തുകൊണ്ടോ ഞാൻ സന്തുഷ്ടനാണ് എന്ന് തോന്നുന്നു..
ആ കൊച്ചുവീട്ടിൽ എനിക്ക് ഒരുപാട് സന്തോഷം ലഭിക്കുന്നുണ്ട്…
അനിയത്തിമാർ എന്ന നിലത്ത് നിർത്താതെ കൊണ്ടു നടന്നു.ഒരേട്ടനെ കിട്ടിയ സന്തോഷം ഇരുവരും പ്രകടിപ്പിക്കുന്നുണ്ട്.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.. സന്തോഷവും സ്നേഹവും എന്നെ വന്നു പൊതിയുന്നത് ഞാനറിഞ്ഞു.
അമ്മയും അനുജത്തിമാരും എന്നെ ഊട്ടുന്ന തിരക്കിലായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട കറികളും മറ്റും വിളമ്പി എൻ്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു മൂവരും.
ഒരുപാട് നാളുകൾക്കു ശേഷം വയറും മനസ്സുനിറഞ്ഞ് ഞാൻ ആഹാരം കഴിച്ചു.
ഉത്തര അസൂയയോടെ നോക്കുന്നത് കണ്ടു. ആ നോട്ടം കാണുമ്പോൾ ഞാൻ വിജയശ്രീലാളിതനായി ചിരിക്കും.
“മരുമകനെ കിട്ടിയപ്പോൾ അമ്മയ്ക്ക് എന്നെ വേണ്ട അല്ലേ” ഉത്തര കുശുമ്പ് പറഞ്ഞപ്പോൾ അമ്മ ചിരിച്ചു..
“എനിക്ക് നിങ്ങൾ രണ്ടും ഒരുപോലെ അല്ലേ, മോൻ ആദ്യമായിട്ട് അല്ലേ ഇങ്ങോട്ടൊക്കെ വരുന്നത്.. അപ്പൊ മോന്റെ ഇഷ്ടത്തിന് വേണ്ടെ എല്ലാം ചെയ്യാൻ.. ”
“ചെറുതായിരിക്കുമ്പോൾ ബാലേട്ടൻറെ കൂടെ ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ട് മോന് ഓർമ്മയുണ്ടോ അതൊക്കെ….. ”
“ഓർമ്മയുണ്ടോ അമ്മേ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ”
“ബാലേട്ടൻ പോയപ്പോൾ ഈ കുട്ടികളെയും കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് കരുതിയത് ആണ്..
പിന്നെ അദ്ദേഹത്തിന്റെ ആത്മാവ് അത് പൊറുക്കില്ല അതു കൊണ്ടാണ് ഇങ്ങനെ ജീവിക്കുന്നത്..”
അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണുകൾ തുടച്ചു..
“ഈ അമ്മേടെ ഒരു കാര്യം നല്ലൊരു ദിവസമായിട്ട് കരയുന്നോ”
സന്തോഷിക്കേണ്ട സമയം അല്ലേ ഇപ്പോൾ, ഇങ്ങനെ പറയാൻ പാടില്ല കേട്ടോ…”
സന്തോഷവുo ആഹ്ലാദവും എനെ പൊതിയുന്നത് ഞാനറിഞ്ഞു.ഈ കൊച്ചു വീട്ടിൽ ഞാൻ എത്ര മാത്രം സന്തോഷവാനാണ്.
മദ്യത്തിനോ മയക്കുമരുന്നിനോ ഒരു ലഹരിക്കും നൽകാൻ കഴിയാതൊരു അവസ്ഥയിലൂടെയാണ് ഇപ്പോൾ ഞാൻ കടന്നു പോകുന്നത്.
രാത്രിയാണ് ഉത്തരയുടെ മുറിയിലേക്ക് ചെല്ലുന്നത്. അതുവരെ കുട്ടിപ്പട്ടാളം നിലത്ത് നിർത്താതെ കൊണ്ട് നടന്നു.
പെൺകുട്ടികൾക്ക് സഹോദരൻ എത്ര മാത്രം വിലപ്പെട്ടതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.
ഉത്തരയുടെ മുറി എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ചെറിയൊരു കട്ടിൽ.. വെള്ളിയൊരു മേശ അതിനോട് ചേർന്നൊരു കസേര .. മേശയിൽ ഒരുപാട് പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു.
ജനൽ പാളി തുറക്കുമ്പോൾ പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്നത് കാണാം..
തണുത്ത കാറ്റ് വീശുന്നുണ്ട്.. വല്ലാത്ത ആവേശം എന്നിൽ വന്ന്, നിറയുന്നുണ്ടായിരുന്നു….
ഉത്തര ഒരുപാട് വായിക്കുന്ന ആൾ ആണെന്ന് മനസ്സിലായി നിറയെ പുസ്തകങ്ങൾ ആ മുറിയിൽ പലയിടത്തും കാണാൻ സാധിച്ചു…
ശ്രീരാമജയം എന്ന വാക്കുകളിൽ ആരംഭിക്കുന്ന ഒരു ഡയറി അവിടെ കണ്ടു.. മയിൽപ്പീലിത്തുണ്ട് സൂക്ഷിച്ചുവച്ചിരുന്ന ഡയറി തുറന്നു ഞാൻ…
നിനക്കായി മാത്രം
എന്ന തലക്കെട്ട് നൽകിയ ഒരു കവിത കണ്ടു… ഉത്തര എന്ന സ്ത്രീയിലെ ശൈശവവും ബാല്യവും കൗമാരവും യൗവനവും ആ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്…
അവളിലേക്ക് അടുക്കും തോറും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉള്ളതുപോലെ…
കൂടുതൽ കൂടുതൽ ആഴത്തിൽ അവൾ എന്റെ ഹൃദയത്തിൽ പതിക്കുന്നത് പോലെ….
അവളിലെ പെണ്ണ് എന്റെ മനസ്സിനെ കീഴ്പ്പെടുത്തുന്നതുപോലെ…….. അവളെ എന്നിലേക്ക് ആവാഹിക്കുന്ന മന്ത്രത്തിനു പ്രണയം എന്ന് പേരുനൽകിയത് പോലെ……….
കാത്തിരിക്കൂ…….
ഞാൻ എൻ്റെ മനസ്സിലെ സങ്കല്പങ്ങളും അവളുടെ ചൈതന്യഭാവവും വർണ്ണിച്ച് മനസ്സിൽ അവൾക്ക് നല്ലബിൽഡ്അപ്പ് ഇട്ടു കൊടുക്കുമ്പോഴാണ് ആ കുരുപ്പ് എവിടുന്നോ ചാടി തുള്ളി അകത്തേക്ക് വന്നത്…
“ഡോ ”
എൻ്റെ ഡയറി താടോ, മുപ്പത്തി അത്യാവശ്യം കലിപ്പിൽ ആണ് ചോദിച്ചത്…
ആ ഡയറി കയ്യിൽ വെച്ച് തന്നെ ഞാൻ അവളുടെ അടുത്തേക്ക് നടന്നു… മീശ പിരിച്ചു വെച്ച് കുറച്ച് കലിപ്പ് ലുക്കിൽ അവളെ നോക്കി..
“അല്ലാ എൻ്റെ …ഡയറി, ഞാൻ അവിടെ നോക്കിയപ്പൊ ക.. കണ്ടില്ല .. ”
ഇവൾക്ക് വിക്കും ഉണ്ടോ? ഞാൻ അടുക്കുന്നതനുസരിച്ച് അവൾ പുറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അവസാനം മേശയിൽ ഇടിച്ച് നിന്നു.
മുഖത്തോട് മുഖം ചേർത്ത് നോക്കിനിന്നപ്പോൾ ആ ദേവീഭാവം വീണ്ടും അവളിൽ കാണാൻ കഴിഞ്ഞു. അവളുടെ കല്ലുവെച്ച മൂക്കുത്തി സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നതായി തോന്നി.
എന്നെ പേടിച്ചിട്ടാവണം കണ്ണുകൾ ഇറുക്കി അടച്ചിട്ടുണ്ട്. അവളെ കാണുമ്പോൾ അടുത്ത് നിൽക്കുമ്പോൾ എൻ്റെ ഹൃദയം അവൾക്കായി മിടിക്കുന്നതു പോലെ തോന്നി. പെണ്ണെ ഈ ലോകത്ത് എനിക്ക് ഏറ്റവും പ്രിയം നിന്നോട് മാത്രമാണ് സിരകളിൽ ഒഴുകുന്ന രക്തപ്രവാഹം പോലെ ശക്തമായ അടിയൊഴുക്കുകൾ എൻ്റെ ഹൃദയം നിനക്കായി കരുതി വെക്കും എന്നെനിക്ക് ഉറപ്പാണ്.
പക്ഷെ ഇപ്പോൾ ഞാൻ പറയില്ല..നിന്റെ കുട്ടിത്തവും കുറുമ്പുകളും നന്നായിട്ട് ആസ്വദിക്കണമെനിക്, നീയെന്ന നദിയിൽ അലിഞ്ഞു ചേരണമെനിക്ക്.ഇതുവരെ കണ്ട പ്രണയം പോലെ അല്ല…
ഇഴപിരിയാൻ കഴിയാത്തതുപോലെ നിന്റേത് മാത്രമായി തീരണം… നിനക്ക് വേണ്ടി ജീവിച്ചു മരിക്കണം… എന്റെ പാതിയായി നീയും മണ്ണിൽ ലയിക്കണം…
എനിക്കായി പിറന്നവളെ എന്റെ ഹൃദയമന്ത്രണം പോലെ ഓരോ നിമിഷവും ഓരോ ദിനരാത്രങ്ങളും ഓരോ യുഗങ്ങളും നിന്നെ ഞാൻ പ്രണയിക്കുന്നു…. നിന്നെ മാത്രം ഞാൻ പ്രണയിക്കുന്നു….
കണ്ണു തുറക്കുമ്പോൾ താൻ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന രാജീവിനെയാണ് ഉത്തര കാണുന്നത്…
ഇങ്ങേർക്ക് വട്ടായോ, ഒറ്റയ്ക്ക് ചിരിക്കുന്നോ?
അവൾ രാജീവിനെ തള്ളി മാറ്റി. അവൻ്റെ സാന്നിദ്ധ്യം അവളിലും കുളിരണിയിച്ചിരുന്നു.
“ഇയാൾ ഏതു വരെ പഠിച്ചു. ”
രാജീവിൻ്റെ ചോദ്യം കേട്ടാണ് ഉത്തര ചിന്തയിൽ നിന്നുണർന്നത്..
“BA മലയാളം കഴിഞ്ഞു .PG ചെയ്യണമെന്നുണ്ടായിരുന്നു. PG കോളേജിൽ അഡ്മിഷൻ എല്ലാം ശരിയായതാരുന്നു. അപ്പോഴാണ് അച്ഛൻ, അവളുടെ വാക്കുകൾ ഇടറി.. ”
ഇനിയും പഠിക്കാൻ ആഗ്രഹമുണ്ടോ?
രാജീവിൽ നിന്നും അത്തരമൊരു ചോദ്യം ഉത്തര പ്രതീക്ഷിച്ചില്ല…
അവൾ കണ്ണു മിഴിച്ച് നിന്നു.
“നിനക്ക് എത്ര വേണമെങ്കിലും പഠിക്കാം. അതിന് ആരും തടസ്സം നിൽക്കില്ല. പെൺകുട്ടികൾ കഴിയാവുന്നത്ര പഠിക്കണം, ജോലി നേടണം. ഇല്ലെങ്കിൽ അവർക്ക് ചെന്നുകയറുന്ന വീട്ടിൽ ഒരു വില ഉണ്ടാകില്ല.”
രാജീവിൻ്റെ സംസാരം കേൾക്കുമ്പോൾ അച്ഛൻ്റെ വാക്കുകൾ പോലെ ഉത്തരയ്ക്ക് തോന്നി. ഒരുപക്ഷേ, അച്ഛനോട് അടുത്തിടപഴകിയിരുന്നതുകൊണ്ടാകാം.
ഒരു പുഞ്ചിരിയോടെ രാജീവിൻ്റെ വാക്കുകളെ അവൾ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു കൊണ്ടിരുന്നു.
“തൻ്റെ അനുജത്തിമാരെയും നന്നായിട്ട് പഠിപ്പിക്കണം, നന്നായിട്ട് വിവാഹം കഴിപ്പിച്ച് അയക്കണം. ബാലേട്ടൻ ഇല്ലാത്തപ്പൊ എനിക്ക് അച്ഛൻ്റെ സ്ഥാനമാണ് അറിയാലോ.”
ഉത്തര ചിരിക്കുന്നത് കണ്ട് അവർ പുരികമുയർത്തി എന്താണെന്ന് ചോദിച്ചു?
“അല്ല, ഇയാൾക്ക് ഇത്ര പെട്ടെന്ന് ബോധോദയം എന്നാലോചിച്ച് ചിരിച്ചു പോയതാ “.
പൊടുന്നനെ, അവളെ പിടിച്ച് തനിക്കഭിമുഖമായി നിർത്തിയിട്ട് അവൻ ചോദിച്ചു.
“ഭർത്താക്കന്മാരെ നിങ്ങൾ, ഇയാൾ, ഡോ, താൻ എന്നൊക്കെയാണോ ടീ വിളിക്കുന്നത്,അവൻ കണ്ണുരുട്ടി.”
അവൾ പരിഭവത്തോടെ അവനെ നോക്കി…
“രാജീവ് ഏട്ടൻ അങ്ങനെ വിളിച്ചോണം, കേട്ടോടി എലുമ്പി.. ”
അവൾ കൃത്രിമ ദേഷ്യത്തോടെ മുഖം തിരിച്ചു…..
രാത്രിയുടെ യാമങ്ങളിൽ തൻ്റെ പ്രിയനോടൊത്ത് ഏറെ പ്രിയങ്കരമായ മുറിയിൽ ശാന്തസ്വരൂപിണിയായി ഉത്തര ഉറങ്ങി..
എങ്കിൽ അവളുടെ ശാന്ത സ്വരൂപത്തെ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു രാജീവ്… അവളെ തൻ്റെ മാറിലെ ചൂടിൽ ലയിപ്പിക്കാൻ അവൻ്റെ ഉള്ളo തുടിച്ചു.ഇല്ല, പാടില്ല..
പെണ്ണിൻ്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നത് നട്ടെല്ലുള്ള ആണൊരുത്തന് ചേർന്നതല്ല…. അവളുടെ സമ്മതത്തോടെ അവളുടെ പൂർണ്ണമായ ഇഷ്ടത്തോടെ അവളെ താൻ സ്വന്തമാക്കും…….
🌺🌺🌺🌺
സൂര്യകിരണങ്ങൾ മുഖത്തെ ചുംബിച്ചപ്പോഴാണ് രാജീവ് ഉറക്കം ഉപേക്ഷിച്ചത്.. ആ ചെറിയ വീട്ടിലെ സന്തോഷവും സമാധാനവും അയാളെ അത്രമാത്രം തരളിതനാക്കിയിരുന്നു.
ഉമ്മറപ്പടിയിൽ പത്രം വായിച്ചിരുമ്പോഴാണ് ഉത്തര ചായയുമായി എത്തിയത്.. രാവിലെ കുളിച്ച് സീമന്തരേഖയിൽ സിന്ദൂരം ചാർത്തി, തലയിൽ തോർത്തും ചുറ്റി അവൾ നടന്നുവരുന്നത് കാണാൻ തന്നെ നല്ല ചേലായിരുന്നു.
പക്ഷേ അത് അവളുടെ മുഖത്ത് നോക്കി പറഞ്ഞാൽ പെണ്ണിന് അഹങ്കാരം കൂടും. നല്ല ഒരു പുഞ്ചിരി അവൾക്കായി സമ്മാനിച്ചു.
അങ്ങനെ വിരുന്ന് കഴിഞ്ഞ് അവർ തിരികെ ശ്രീമംഗലത്തേക്ക് മടങ്ങാൻ തയ്യാറായി. അമ്മയുടെയും അനുജത്തിമാരുടെയും മുഖത്ത് ദുഃഖം നിഴലിക്കുന്നത് കണ്ടു.
ഉത്തരയുടെ മുഖവും മ്ലാനമായിരുന്നു. എനിക്കും തിരികെപ്പോരാൻ മനസ്സുണ്ടായിരുന്നില്ല. ആ വീടും അവരും എൻ്റെ മനസ്സിൽ നിന്നും മായാതെ ഉറച്ചു നിന്നു.
ആ കൊച്ചു വീട് എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നു എന്ന് എനിക്ക് പറഞ്ഞറിയിക്കാർ സാധിച്ചിരുന്നില്ല.
“തൻ്റെ വീട് ഒരു സ്വർഗ്ഗമാണെടോ, ശരിക്കും സന്തോഷം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ് എല്ലാവരും… താൻ എങ്ങനെയാണ് അവരെയൊക്കെ വിട്ട് ശ്രീമംഗലത്തേക്ക് വന്നത്. ”
“എല്ലാ പെണ്ണുങ്ങളും ഒരു പ്രായം കഴിയുമ്പോൾ, സ്വന്തം വീട്ടിലെ അതിഥികൾ ആക്കും.”
ഒരു വരണ്ട ചിരി സമ്മാനിച്ച് അവൾ പറഞ്ഞു…
“ബാലേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും നീ എനിക്ക് വേണ്ടി ബലിയാടാവില്ലയിരുന്നു., അല്ലേ? ”
“ഹ്മ്മ്… അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ആദ്യം സമ്മതിക്കുക അച്ഛൻ ആയിരുന്നു.. നിങ്ങൾ സ്വന്തം മകനായി ജനിച്ചില്ലല്ലോ എന്ന് എപ്പോഴും ഓർത്തു സങ്കടപ്പെടും… ”
അവളുടെ വാക്കുകളിൽ അച്ഛനോട് ഉള്ള സ്നേഹം എത്രത്തോളം പ്രതിഫലിച്ചിരുന്നു എന്നവന് ഊഹിക്കാൻ കഴിയുമായിരുന്നു…..
ശ്രീമംഗലത്ത് അവരെ കാത്ത് ഒരുപാട് മുഖങ്ങൾ ഉണ്ടായിരുന്നു… രാജീവ് അതിശയം പൂണ്ടു. ഈ വീട്ടിലെ അംഗങ്ങളെയെല്ലാം താൻ ഒരുമിച്ച് കണ്ടിട്ട് നാളേറെ ആയിരിക്കുന്നു.
രാജീവിന് സ്വയം പുച്ഛം തോന്നി. താൻ നേടിയ ലോകമെല്ലാം ഒന്നുമല്ലെന്ന് അവൻ തിരിച്ചറിയുകയായിരുന്നു..
തനിക് നഷ്ടപ്പെട്ടന്നു കരുതിയതെല്ലാം തിരിച്ചു വന്നിരിക്കുന്നു…. അവൾ തനിക്കായി എല്ലാം നേടിയെടുത്തിരിക്കുന്നു…..
അവൾ എന്റെ പെണ്ണാണ് രാജീവിന്റെ പെണ്ണ്…..
കാത്തിരിക്കൂ….
❤️❤️

by