Karimizhi

The World of Malayalam Stories

തുടർക്കഥകൾ

പാർവതി പരിണയം : ഭാഗം 37

രചന – മൈഥിലി മിത്ര

“മോനെ “….. ഒരു നിലവിളിയോടെയാണ്, ശാരദ പോയി അനന്തന്റെ നെഞ്ചിലേക്ക് വീണത്… കോടതി വരാന്തയിൽ പോലീസുകാരുടെ നടുവിൽ കയ്യാമവും വെച്ചുകൊണ്ട്, കുറ്റവാളിയെപ്പോലെ നടന്നുവരുന്ന അവനെക്കണ്ടു ശാരദക്ക് സഹിച്ചില്ല… അവനെ പൂണ്ടടക്കം പിടിച്ചുകൊണ്ടു അവർ അലറികരഞ്ഞു… അനന്തന്റെ കണ്ണുകളും നിറഞ്ഞു തുടങ്ങിയിരുന്നു … അടർന്നു വീഴാൻ തുടങ്ങിയ കണ്ണീരിനെ തടഞ്ഞു നിർത്താനായി കൺപോളകൾ, അമർത്തിയടച്ചു തുറന്നു… ശേഷമവൻ നോക്കിയത്, അച്ഛന്റെ മുഖത്തേക്കാണ്…. ഒരച്ഛനും കാണാനാഗ്രഹിക്കാത്തത്… അയാളുടെ ഉള്ളവും കരയുകയായിരുന്നു… അച്യുതൻ ചെന്നു, ശാരദയെ അവനിൽ നിന്നും ബലമായി പിടിച്ചു മാറ്റി… “അച്ചുവേട്ടാ, എന്റെ മോനങ്ങനെയൊന്നും ചെയ്യില്ല… എല്ലാരും കൂടെ അവനെ കൊലപാതകിയാക്കല്ലേ “….. വിങ്ങിപൊട്ടിക്കൊണ്ടവർ അച്ചുതന്റെ നെഞ്ചിൽ തലയിട്ടുരുട്ടി വിതുമ്പി ….

ശാരദയുടെ അടുത്തായി, സാരിതുമ്പുകൊണ്ട് വായ പൊത്തി നിന്നു കരയുന്ന സീതയെ, അനന്തൻ നോവോടെ നോക്കി….. “എന്റെ സീതമ്മയെ നോക്കിക്കോണെടാ ഉണ്ണീ “…. ചുണ്ടു കടിച്ചുപിടിച്ചു, കരച്ചിലടക്കാൻ പാടുപെടുന്ന ഉണ്ണിയോടായിട്ടവൻ പറഞ്ഞു… മറുപടിയായിട്ടവനൊന്നു മൂളി…. “പാറു… അവളെന്തിയെ “…. ചുറ്റുമോന്നു കണ്ണുകളാലുഴറികൊണ്ടാണ് അനന്തനതു ചോദിച്ചത്.. മറുപടി പറയാതെ നിൽക്കുന്ന ഉണ്ണിയോട്, വീണ്ടുമൊരിക്കൽക്കൂടിയാ ചോദ്യം ആവർത്തിച്ചവൻ… “ഏട്ടാ, അവൾക്കു ബിപി പെട്ടെന്ന് ലോവായി… ഒന്ന് തല ചുറ്റി… ഇവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തേക്കുവാ… ഡ്രിപ് കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്തേക്കാവെന്ന ഡോക്ടർ പറഞ്ഞത് “…. ഉണ്ണീ മൗനമായിട്ട് നിൽക്കുന്നത് കൊണ്ട്, അപ്പുവാണത് പറഞ്ഞത്… “അപ്പൊ, അവളുടെ കൂടെ ആരാ ഉള്ളതിപ്പോ “…. ഒരു സഹോദരന്റെ ആധി ആ വാക്കുകളിൽ പ്രതിഫലിച്ചു…

“അത്… മാധവന്റെ ഭാര്യ രമണിയാന്റി അവിടെയുണ്ട്”…. അമർത്തിയൊരു മൂളിച്ചയായിരുന്നു അനന്തന്റെ മറുപടി… അതിലുണ്ടായിരുന്നു, അവനനുഭവിക്കുന്ന മാനസിക സംഘർഷം…. ഒരിക്കൽ കൂടി ഉണ്ണിയേയൊന്നു നോക്കി, ഒന്നുമുരിയാടാതെ ജീപ്പിനടുത്തേക്കവൻ നടന്നു… ആ മൗനത്തിലുണ്ടായിരുന്നു എല്ലാം… പറയാതെ തന്നെ, മനസ്സിലുള്ളത് അറിയാൻ കഴിയുന്ന സഹോദര ബന്ധം….. അകലെനിന്നേ അനന്തൻ കണ്ടു, ജീപ്പിനടുത്തുള്ള മാഞ്ചുവട്ടിൽ തനിക്കായി കാത്തു നിൽക്കുന്ന രേവതിയെ… അടുത്തേക്ക് ചെല്ലും തോറും, അവനിലും എന്തോ ഒരു വേദന പൊടിഞ്ഞിരുന്നു… “രേവതി “…. അടുത്ത് ചെന്നെന്നറിഞ്ഞിട്ടും, മുഖം കാട്ടാതെ എങ്ങോ നോക്കി നിൽക്കുന്ന രേവതിയെ, അവൻ വിളിച്ചു…. കരഞ്ഞു കലങ്ങിയ കണ്ണുമായി മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ, അവനലിവോടെ ഒരു നിമിഷം നോക്കി നിന്നു…. “രേവതി, നിന്നോടൊരു കാര്യം പറയാനുണ്ട് “…. തനിക്കു നേരെ വീഴുന്ന നോട്ടത്തിനെ നേരിടാനാവാതെ അവൾ മുഖം കുനിച്ചു നിന്നു….

“രേവതി നിന്നോടാണ് ഞാൻ സംസാരിക്കുന്നത് “…. പതിയെയെങ്കിലും, സംസാരത്തിൽ ദേഷ്യം കലർന്നിരുന്നു…. പേടിയോടെ അവളവനെ മുഖമുയർത്തി നോക്കി…. “നല്ലൊരു ജീവിതമുണ്ട് നിനക്ക്… നശിപ്പിച്ചു കളയരുത് “….. “ഞാൻ… എനിക്ക്…. എനിക്കതിന് കഴിയില്ല അനന്തേട്ട “…. “കഴിയണം… കഴിയും “….. “ഞാൻ കാത്തിരുന്നോട്ടെ അനന്തേട്ടാ “….. ഇടറിപ്പോയിരുന്നു വാക്കുകൾ… തൊണ്ടക്കുഴിയിൽ നിന്നും ഏങ്ങലിന്റെ ചീളുകൾ പുറത്തേക്കു ചിതറി തെറിച്ചു….. “കാത്തിരിക്കരുത്…. ഞാനൊരു കൊലപാതകിയാണിപ്പോ…. അറിയാം ആ മനസ്സിൽ ഞാനേ ഉള്ളുവെന്നു… പക്ഷെ വേണ്ട… മറന്നു കളഞ്ഞേക്ക്…. മറക്കണം “…. രേവതിയുടെ കണ്ണുകളിൽ കത്തി നിന്ന പ്രതീക്ഷയുടെ അവസാന കണികകളെ പോലും, തച്ചുടക്കുന്ന വിധമായിരുന്നു അവന്റെ സംസാരം…. ആ വാക്കുകൾ വീണ്ടും വീണ്ടും, അവളുടെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു..

പറഞ്ഞുകൊണ്ട് വീണ്ടുമവളെ ഒന്നുകൂടെ നോക്കി , ജീപ്പിനുള്ളിലേക്കവൻ കയറിയിരുന്നു… ആ വണ്ടി കണ്ണിൽ നിന്നകലുന്നതു പോലുമവൾ കാണുന്നുണ്ടായിരുന്നില്ല… അനന്തൻ എന്ന പേരിനു ചുറ്റും വട്ടമിടുകയായിരുന്നു അവളുടെ മനസ്സപ്പോൾ….. കിട്ടില്ലെന്നറിഞ്ഞിട്ടും ഞാൻ നിങ്ങളെ സ്നേഹിച്ചുപോകുന്നല്ലോ അനന്തേട്ടാ ….. എനിക്കിഷ്ടായിട്ടല്ലേ…. അത്രക്കും ഇഷ്ടായിട്ടല്ലേ…. പിന്നെയും പിന്നെയും നാണം കെട്ടിങ്ങനെ പട്ടിയെപ്പോലെ പുറകെ വരുന്നത്… ആട്ടിയിട്ടും, നിങ്ങൾ അവഗണിച്ചിട്ടും എനിക്ക് നിങ്ങളെ മറന്നൊന്നു ജീവിക്കാൻ പറ്റണില്ലല്ലോ ഏട്ടാ….. ആർത്തലച്ചു കരയുന്ന മനസ്സിന്റെ പ്രകമ്പനമെന്നോണം, കണ്ണുകൾ അവളെറിയാതെ തന്നെ പെയ്തു തുടങ്ങിയിരുന്നു…. കാലുകളിൽ നിന്നും ഒരു തരിപ്പ് കയറുന്ന പോലെ തോന്നിയവൾക്ക്…. ശരീരമാകെ തണുപ്പ് വ്യാപിക്കുന്നത് പോലെ…. കണ്ണിലിരുട്ടു കേറി, ഒന്നും കാണാൻ മേലാത്ത അവസ്ഥ…. ശൂന്യതയിലേക്ക് ആരോ എടുത്തെറിയുന്നു…

കട്ട പിടിച്ചയിരുട്ടിൽ, തണുത്തു വിറച്ചു… തളർന്നു തുടങ്ങിയിരുന്നു ആ പാവം…. അടുത്തേക്കായി ആധിയോടെ ഓടിവരുന്ന ഉണ്ണിയെയും അപ്പുവിനെയും , ബോധം മറഞ്ഞു താഴേക്ക് പതിക്കുന്നതിനു മുൻപവൾ പകുതിയടഞ്ഞ കൺപോളകൾക്കുള്ളിൽ കൂടി കണ്ടിരുന്നു …. “ചേച്ചി, എന്തൊരു ഇരിപ്പായിത് … വല്ലതും കഴിക്കേണ്ടേ… നേരം ഉച്ചയായി “…. ചിപ്പിയുടെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്നും യാഥാർഥ്യത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്… കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടവൾ, മേശമേൽ നിന്നും തലയുയർത്തി എഴുന്നേറ്റിരുന്നു…. തല പൊട്ടിപ്പോകുന്ന വേദന… സഹിക്കാനാവാതെ കയ്യിൽ തല താങ്ങിയിരുന്നു… ഇതിപ്പോൾ ശീലമായിരിക്കുന്നു… കുത്തിനോവിക്കുന്ന ഓർമ്മകൾ ഓടിയെത്തുമ്പോൾ, ഇതുപോലെയുള്ള വേദനകൾ വരുന്നത് സാധാരണമാണ്…. “വിശക്കുന്നില്ല പെണ്ണേ… ഇത്തിരി കൂടി കഴിയട്ടെ “… “അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇച്ചിരി വന്നു കഴിക്കു “….

“വേണ്ട ചിപ്പി… നീ ചെന്നു വല്ലതും കഴിക്ക്‌ … ഞാനിത്തിരി കഴിഞ്ഞിട്ടേയുള്ളൂ “…. ചിപ്പി നിർബന്ധിക്കാൻ പോയില്ല… അറിയാം, പറഞ്ഞാലും കേൾക്കില്ലെന്നു… ഒരുപാട് അനുഭവിക്കുന്നുണ്ട് ആ പാവം… താനേയുള്ളൂ ഇനിയൊരു തുണയായിട്ട് ചേച്ചിക്ക്… ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു രക്തബന്ധം…. ഇന്നും കൂടെയേ ആ മുറിയിൽ ചേച്ചിക്ക് സ്ഥാനമുള്ളൂ… ചിലപ്പോൾ ഈ വീട്ടിൽ നിന്നു പോലും…. പേരറിയാത്ത ഒരു നൊമ്പരം അവളെ പൊതിഞ്ഞു… “തല വേദനിക്കുന്നുണ്ടോ ചേച്ചി “…. “ഉം “…. മറുപടിയായിട്ട് രേവതിയൊന്നു മൂളി… വേഗം പുറത്തേക്കു പോയി, ടാബ്‌ലെറ്റും ഒരു ഗ്ലാസിൽ വെള്ളവുമായി കയറിവന്നവൾ…. “ഇന്നാ, ഇത് കഴിക്കു ചേച്ചി “…. അവളുടെ കയ്യിൽ നിന്നും ടാബ്‌ലറ്റ് വാങ്ങി വായിലിട്ട്, ഒരിറിക്കു വെള്ളം കുടിച്ചു…. ഈ ഗുളികകൾ, ഇതിപ്പോൾ തന്റെ കൂടെപ്പിറപ്പായിട്ടു വർഷമാറായി …. ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർസ് എന്റെ രോഗത്തിന്നൊരു പേരിട്ടു.. ഡിപ്രെഷൻ ന്നു…. ശരിക്കും പറഞ്ഞാൽ ചിരി വന്നു…

പക്ഷെ ഞാൻ ചിരിച്ചില്ലന്ന്, വെറുതെ എങ്ങോട്ടേക്കൊ നോക്കിയിരുന്നു… ഒരിക്കൽ കൂടി അവളെയൊന്നു നോക്കിയിട്ട്, ചിപ്പി മുറിക്കുള്ളിൽ നിന്നും പുറത്തേക്കിറങ്ങി… മീനുട്ടിയില്ലെങ്കിൽ, ചേച്ചിയുടെ അവസ്ഥ ഇപ്പോഴിങ്ങനെയാണ്… ചിലപ്പോഴൊക്കെ പേടി തോന്നിയിട്ടുണ്ട്…. നഷ്ടപ്പെടുമെന്ന് തോന്നിയ അവസ്ഥയിലാണ് ശാരദമ്മ ചേച്ചിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് തന്നെ… മീനുട്ടി ഒപ്പമുള്ളപ്പോൾ ചേച്ചി നോർമൽ ആണ്…. അതാണ്‌ ആകെയുള്ള ഒരാശ്വാസം…. അമ്മയുണ്ടായിരുന്നെങ്കിൽ, ആ മടിയിലൊന്നു തല വെച്ച് കിടന്നേനെ…. തന്റെ എല്ലാ ദുഖത്തിനുമുള്ള മരുന്നായിരുന്നു അമ്മ…. ഇപ്പോ, ഒറ്റയ്ക്ക്… ആരുമില്ലാത്തവളെ പോലെ… ആത്മഹത്യ ചെയ്താലൊന്നു പലപ്പോഴും ആലോചിക്കും… പക്ഷെ പറ്റണില്ല…. വീണ്ടും ആ മേശമേൽ തലവെച്ചു കിടന്നവൾ… കൈകളപ്പോഴും അനന്തന്റെ ഡയറിയിൽ തെരുപിടിച്ചിരുന്നു….

ഓർമ്മകളുടെ തീചൂളയിലേക്ക് വീണ്ടും രേവതി ഊളിയിട്ടു …. ഓർക്കാനാഗ്രഹിക്കാത്ത, മറക്കാനാവാത്ത നഷ്ടങ്ങളാണ് കഴിഞ്ഞ ഏഴു വർഷങ്ങൾ തനിക്കു സമ്മാനിച്ചത്… ഒരിക്കലും നികത്താനാവാത്തത്…. കൊലപാതകകുറ്റത്തിന് അനന്തേട്ടന് ഏഴു വർഷത്തെ കഠിന തടവു വിധിച്ചു… അനന്തൻ എന്ന വ്യക്തിയുടെ ജനപിന്തുണയും, കൊലചെയ്യപ്പെട്ട മാധവന്റെ പേരിലുള്ള കേസുകളുമൊക്കെ മുൻനിർത്തി കോടതി ശിക്ഷ ഇളവ് ചെയ്തതാണ്… അന്ന് തളർന്നു വീണതാണ് എല്ലാവരും…. പാറുവിന്റെ അവസ്ഥയായിരുന്നു ഏറ്റവും പരിതാപകരം… നന്ദേട്ടനെ ചുറ്റിപറ്റി ആയിരുന്നല്ലോ അവളുടെ ജീവിതം തന്നെ…. അനന്തേട്ടൻ ജയിലിൽ പോയി ഒരു വർഷം കഴിയുന്നതിനു മുൻപേ അച്ഛനും അമ്മയും ഈ ലോകത്തോട് വിടചൊല്ലി… കുടിച്ചിട്ട് വന്നു, ബോധമില്ലാതെ അമ്മയെ വെട്ടിക്കൊല്ലുകയായിരുന്നു … വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നത് സംഭവിച്ചത്….

കുടിച്ചതിന്റെ കെട്ട് വിട്ടപ്പോഴാണ്,. ചെയ്ത പാപത്തിന്റെ തീവ്രത രാജൻ അറിയുന്നത്… സഹിക്കവയ്യാതെ, പേടിച്ചിട്ട് അയാളാത്മഹത്യ ചെയ്തു…. ആ നാടിനെ വിറപ്പിച്ച കൊലപാതകവും ആത്മഹത്യയും…. പത്രങ്ങളിലും ന്യൂസിലും നിറഞ്ഞു നിന്ന വാർത്ത… കുറെ കഴിഞ്ഞപ്പോൾ എല്ലാവരും മറന്നു… നഷ്ടം ഞങ്ങൾക്ക് മാത്രമായിരുന്നു… അന്ന് കൂടെകൂട്ടിയതാണ് ഒറ്റക്കായ ചിപ്പിയെ… വീടും നാടും ഉപേക്ഷിച്ചു അവൾ കൂടെ വന്നു… മുടങ്ങിപ്പോയ പിജി പഠനം, അപ്പുമാഷിന്റെയും ഉണ്ണിയുടെയും നിർബന്ധത്തിൽ, ഇവിടെയുള്ള കോളേജിൽ പൂർത്തിയാക്കി… വിഷാദത്തിൽ കൂപ്പുകുത്തിയ തന്നെ തിരിച്ചു ജീവിതത്തിലേക്കു കൊണ്ടുവരാൻ ചിപ്പി ഒരുപാട് ശ്രമിച്ചു…. അനിയത്തി അല്ലായിരുന്നു ആ സമയം തനിക്കവൾ …. അമ്മ തന്നെയായിരുന്നു…. അപ്പു മാഷും, അനന്തേട്ടന്റെ വീട്ടുകാരും കൂടെയില്ലായിരുന്നെങ്കിൽ, ഒരു പക്ഷെ തനിക്കു ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല…. പിന്നീടാണു, സങ്കടത്തിനു മുകളിൽ സങ്കടമെന്നപോലെ സീതമ്മയും ഞങ്ങളെ വിട്ടുപോയത്…

ആകെ തകർന്ന അവസ്ഥ… ദൈവത്തിന് ഞങ്ങൾ സന്തോഷിക്കുന്നത് ഇഷ്ടമല്ലേ എന്നോർത്തുപോകുമായിരുന്നു…. ഏറ്റവും കൂടുതൽ വിഷമിച്ചത് ശാരദാമ്മയായിരുന്നു… സീതമ്മയില്ലാത്ത ഒരു ജീവിതം അവർക്കു ആലോചിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല… ഒടുവിൽ മീനൂട്ടി വരേണ്ടി വന്നു, എല്ലാവരുടെയും ജീവിതത്തിൽ കുറച്ചെങ്കിലും മാറ്റമുണ്ടാക്കുവാൻ…. നോവിന്റെ വിഴുപ്പു ഭാണ്ഡം, മറവിയുടെ മാറാപ്പിലേക്ക് ഇറക്കിവെക്കുവാനാകുന്നില്ല… അവളൊന്നു നെടുവീർപ്പെട്ടു…. ഓരോന്നാലോചിച്ചു വെറുതെ അങ്ങനെ തന്നെ കിടന്നു… സങ്കടവും സന്തോഷവും ഒരുപോലെ വരുന്നുണ്ട്… കഴിഞ്ഞ ഏഴു വർഷങ്ങളിൽ ഒരിക്കൽ പോലും , ഏട്ടനെ കാണാൻ പോയിട്ടില്ല, മറ്റുള്ളവർ പോയെങ്കിലും.. പക്ഷെ, ഇനിയെന്ത്…. ഇവിടുന്നു പോകേണ്ടി വരും… മീനൂട്ടി, അവളെ പിരിഞ്ഞിരിക്കാൻ തനിക്കാവുമോ….

അറിയില്ല… വീണ്ടും കൊത്തിപ്പറിക്കുന്ന നൊമ്പരങ്ങൾ…. നീണ്ട ഏഴു വർഷത്തെ കാത്തിരിപ്പ് ഇന്നവസാനിക്കും… അനന്തേട്ടൻ വരുന്നു … ഒന്ന് കണ്ടാൽ മതി… ആള് തന്റെ മുൻപിൽ ഉണ്ടായാൽ മതി… മറ്റൊന്നും വേണ്ട…. മറ്റൊന്നും താൻ ആശിക്കുന്നില്ല…. മറക്കാനാവില്ല… ഒരു മറവിക്കും വിട്ടുകൊടുക്കില്ല നിങ്ങളെ…. ഭൂമിയിലില്ലാത്ത ഭാമയെ ഓർത്തു നിങ്ങള്ക്ക് ജീവിക്കാമെങ്കിൽ, കണ്മുന്നിലുള്ള എന്റെ പ്രണയത്തെയോർത്തു , എനിക്കെന്തുകൊണ്ട് കാലം കഴിച്ചുകൂടാ അനന്തേട്ടാ …. മനസ്സിൽ അവൾ പറഞ്ഞുകൊണ്ടേയിരുന്നു….. ആ സമയം വീടിനുമുൻപിൽ വന്നു നിന്ന കാറിന്റെ ശബ്ദം കേട്ട് , അവളിലൊരാന്തൽ പുറത്തേക്കു വന്നു… അറിയാതെ തന്നെ പുറത്തെ വാതിൽക്കലേക്കു കാലുകൾ വേഗത്തിൽ നീങ്ങി…. ഒരു നോക്ക് കാണാനായിട്ട്…. തുടരും……

LEAVE A RESPONSE