26/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 13

രചന – ആതിര

സിദ്ധുവിന്റെയും ഗീതുവിന്റെയും വിവാഹം ഉടൻ തന്നെ നടത്താനാണ് എല്ലാവരും തീരുമാനിച്ചത്..നാളുകൾ തമ്മിൽ പൊരുത്തമുള്ളതിനാലും അടുത്തമാസം ഗീതുവിന്റെ ജന്മമാസം ആയതിനാലും മാസത്തിലെ അവസാന ഞായർ കല്യാണം നടത്താൻ തീരുമാനിച്ചു..
കല്യാണത്തിന് ആകെ ഇനി മൂന്നാഴ്ച്ച മാത്രേ സമയമുള്ളൂ..

ശങ്കരമംഗലത്തും ശ്രീനിലയത്തും
(സിദ്ധുവിന്റെ വീട്)കല്യാണത്തിരക്ക് കൊടുമ്പിരി കൊണ്ടിരിക്കുകയാണ്..
ഇതിനിടയിൽ സിദ്ധുവിന് മറ്റൊരു ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ കിട്ടി..യാത്രാസമയം 1 മണിക്കൂർ കൂടെ കൂടി..കാവ്യയ്‌ക്ക് ബാംഗ്ലൂരിൽ തിരിച്ച്‌ ജോലിക്ക് ജോയിൻ ചെയ്യാൻ സമയം ആയെങ്കിലുംകല്യാണം കഴിഞ്ഞ് പോയാൽമതിയെന്ന്‌ പ്രസാദ് പറഞ്ഞു..അതുകൊണ്ട് സേറയെയും നീനയെയും വിളിച്ച്‌ ഓഫീസിൽ ലീവ്‌ എക്സ്‌ടെന്റ് ചെയ്യിപ്പിച്ചു..വിവേകിനോടും പറഞ്ഞപ്പോൾ കല്യാണം കൂട്ടിയിട്ട് വന്നാൽ മതിയെന്ന്പറഞ്ഞു..
അവർക്ക് ലീവ് കിട്ടാത്തകൊണ്ട് കല്യാണത്തിനു കൂടാൻ പറ്റില്ല…

കല്യാണപ്പുടവ എടുക്കാൻ നേരത്തും സിദ്ധു വന്നില്ല..
അവന് ട്രാൻസ്ഫർ കിട്ടിയതിനാൽ ലീവു കിട്ടില്ലന്നാണ് എല്ലാരോടും പറഞ്ഞത്..
ഗീതു കല്യാണമായതിനാൽ 2 ആഴ്ച്ച ലീവെടുത്തതിരിക്കയാണ്..അമ്മുവിനും ആനന്ദിനും അമ്മയ്ക്കും അവൾ ഡ്രസ്സ് എടുത്തുകൊടുത്തു…
സ്വർണം ഒന്നും വേണ്ടന്ന് ദേവി പരഞ്ഞെങ്കിലും പ്രസാദ് അവൾക്കുള്ള ആഭരങ്ങളെല്ലാം വാങ്ങി…
അച്ഛനും അമ്മയും ഇല്ലാത്ത കുറവ് അറിയിക്കാതെയാണ് സുമിത്രയും പ്രസാദും അവൾക്ക് വേണ്ടുന്ന എല്ലാം വാങ്ങി കൊടുക്കുന്നത്..

അവളുടെ അമ്മയുടെ ആഭരണങ്ങൾ
സുമിത്രയായിരുന്നു ഇത്രയും നാൾ സൂക്ഷിച്ചുവെച്ചിരുന്നത്..
അതവൾക്ക് കൊടുക്കുമ്പോൾ ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞു.
പഴക്കം ചെന്നതാണെങ്കിലും അമ്മയുടെ ആഭരങ്ങൾ ഒന്നും തന്നെ മാറ്റി പുതിയത് വാങ്ങാൻ അവൾ സമ്മതിച്ചില്ല..അവൾക്ക് ആകെയുള്ള അവരുടെ ഓർമായണത്..അതുകൊണ്ട് തന്നെ ആഭരണങ്ങൾ പോളിഷ് ചെയ്താൽ മതിയെന്ന് തീരുമാനിച്ചു..
സിദ്ധു അടുത്ത കൂട്ടുകാരെ ഒഴിച്ച് ആരെയും വിളിച്ചിരുന്നില്ല…
അങ്ങനെ വിവാഹ നാൾ ആഗതമായി..തലേന്ന് മൈലാഞ്ചി ചടങ്ങുകൾ ഒന്നും വേണ്ടന്നുള്ളത് ഗീതുവിന്റെ തീരുമാനം ആയിരുന്നു..
വീടുകൾ തമ്മിൽ അധിക ദൂരം ഇല്ലാത്തത്തിനാൽ കല്യാണത്തിന് ഒരു പുടവയും കല്യാണം കഴിയുമ്പോൾ സെറ്റുസാരിയും മതിയെന്ന് തീരുമാനിച്ചു..
വിവാഹതത്തലേന്ന് സൗഭാഗ്യയും കാർത്തിക്കും ദേവിയും ചേർന്നാണ് അവൾക്കുള്ള സാരിയുമായി വന്നത്..

അമ്മു തലേന്ന് മുതൽ ഗീതുവിന്റെ കൂടെയുണ്ട്..ആനന്ദ് പ്രാസാദിന്റെ ഒപ്പം കൂടി അയാൾക്ക് വേണ്ട സഹായങ്ങൽ എല്ലാം ചെയ്തു കൊടുക്കുണ്ട്..സാവിത്രിയും അടുക്കളയിൽ പെണ്ണുങ്ങളുടെ കൂടെ ചേർന്ന് സദ്യവട്ടങ്ങൾ ഒരുക്കുന്നുണ്ട്..എന്നാൽ ഗീതുവിന് സിദ്ധുവിനെ ഓർക്കുമ്പോൾ എന്തോ ഒരസ്വസ്തതയാണ്..അവൻ ഇതുവരെ ഗീതുവിന് മുഖം കൊടുക്കുകയോ പുഞ്ചിരി സമ്മാനിക്കുകയോ ചെയ്തിട്ടില്ല..
എന്നാൽ അമ്മു അവളെ ആവോളം ധൈര്യം നൽകി പുതിയ ജീവിതത്തിന്റെ മാധുര്യങ്ങളെപ്പറ്റി പറഞ്ഞ് അവളെ കളിയാക്കുന്നുണ്ട്..

ആളും ആരവങ്ങളും രാത്രിയുടെ നിശബദ്തയിലേക്ക് ലയിച്ചു..ഇന്ന് ഈ വീട്ടിൽ തന്റെ അവസാന രാത്രിയാണെന്നും ഇനിമുതൽ താൻ ഇവിടെ ക്ഷണിക്കപെടാതെ മാത്രം എത്തുന്ന അതിഥിയാണെന്നുമുള്ള സത്യം അവൾ വേദനയോടെ ഓർത്തു..ഏതൊരു പെണ്ണിനേയും പോലെ വിവാഹ ജീവിതത്തിലെ മധുര സ്വപ്നങ്ങൾ മനസ്സിലേക്ക് കടന്ന് വരുമ്പോൾ ഒപ്പം തെളിയുന്ന ദേഷ്യത്താൽ കത്തി ജ്വലിക്കുന്ന രണ്ടുകണ്ണുകൾ അവളെ ഭയപ്പെടുത്തി..

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

കാലത്ത് സുമിത്രയാണവളെ വിളിച്ചുണർത്തിയത്..മിതമായ മേക്കപ്പ്അപ്പ് ചെയ്തവളെ ഒരുക്കി.ചില്ലി റെഡ് സാരിയായിരുന്നു അവളുടെ മംഗല്യപ്പുടവ..അവൾ ഒരുങ്ങികഴിഞ്ഞപ്പോഴേക്കും അമ്മു എത്തിയിരുന്നു..

“എന്റെ പെണ്ണേ നീ ഈ ഭംഗി ഒക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായൊരുന്നു..??എന്താ ഭംഗി..!!സിദ്ധുവേട്ടൻ ഇന്ന് ഞെട്ടും..ഇന്ന് തന്നെ ആ വിശ്വാമിത്രന്റെ തപസ്സിളകുമെന്നാ തോന്നുന്നേ.. ഗീതുവേ ഇന്ന് എന്റെ മോളുടെ ഉറക്കമൊക്കെ ഹുദാ ഗവ..”
അമ്മുവിന്റെ സംസാരം ഗീതുവിനെ നാണത്തിലാഴ്‌ത്തി..

“നീ ഒന്നു പോകുന്നുണ്ടോ അമ്മു..അവളുടെ ഓരോ കണ്ടുപിടുത്തങ്ങൾ..”

“അയ്യോടാ..അപ്പോഴേക്കും നാണം വന്നോ..”

കാവ്യ അങ്ങോട്ട് കയറി വന്നപ്പോൾ അവർ ആ സംസാരം അവിടെ അവസാനിപ്പിച്ചു..

“നിന്നെ ദക്ഷിണ കൊടുക്കാൻ വിളിക്കുന്നുണ്ട്..വാ.”(കാവ്യ)
അത്രയും പറഞ്ഞ് അവൾ മുറിവിട്ടിറങ്ങി..

ആദ്യം തന്നെ അവളുടെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോയ്ക്കരികിൽ വെറ്റിലയും പാക്കും ദക്ഷിണയും
വെച്ച് പ്രാർത്ഥിച്ചു..ആദ്യം അവൾ ദക്ഷിണകൊടുത്തത് പ്രദാദിനാണ്..
അവളുടെ കയ്യിൽ നിന്നും ദക്ഷിണ ഏറ്റു വാങ്ങി അയാൾ അവളെച്ചേർത്തു പിടിച്ച്‌ വിതുമ്പി..പിന്നീടങ്ങോട്ട് മുതിർന്ന എല്ലാവർക്കും ദക്ഷിണ നൽകി അനുഗ്രഹങ്ങൾ വാങ്ങി..ലത ദക്ഷിണ വാങ്ങുമ്പോഴും ആ മുഖം തെളിഞ്ഞില്ലെന്ന് അവൾ സങ്കടത്തോടെ മനസ്സിലാക്കി.അവൾ
അമ്മുവിനോട് പറഞ്ഞ് സാവിത്രിയെ വിളിച്ചുകൊണ്ട് വന്നു…അവൾ അവർക്ക് ദക്ഷിണ കൊടുത്ത് ആ അനുഗ്രഹശ്ശിസുകൾ ഏറ്റു വാങ്ങി..പെണ്മക്കൾ ഇല്ലാതിരുന്ന സാവിത്രിയ്ക്ക് അവൾ എന്നും തന്റെ മകൾ തന്നെയായിരുന്നു..അവർ എല്ലാം തന്നെ അമ്പലത്തിലേക്ക് തിരിച്ചു..സിദ്ധുവും വീട്ടുകാരും നേരത്തെ തന്നെ വന്നിരുന്നു..
ആനന്ദാണ് സിദ്ധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്..ക്രീം കളർ ജുബ്ബയും മുണ്ടുമായിരുന്നു അവന്റെ വേഷം..മുഖം പ്രസന്നമായിരുന്നില്ല..
എങ്കിലും ഫിറ്റ് ചെയ്ത ഒരു ചിരി ആ ചുണ്ടുകളിൽ ഉണ്ടായിരുന്നു..

Geethika❤️
weds
Sidharth❤️

അലങ്കരിച്ച മണ്ഡപത്തിൽ സിദ്ധു ഇരുന്നു ..താലപ്പൊലിയുടെ അകമ്പടിയോടെ മണ്ഡപത്തിൽ കയറി അവസാനം സുമിത്രയ്ക്ക് ദക്ഷിണ നൽകി സദസ്സിനെ വണങ്ങി ഗീതു അവനൊപ്പം ഇരുന്നു..പൂജാരി നൽകിയ താലിച്ചാർത്തി ഗീതുവിനെ ഭാര്യയാക്കുമ്പോഴും അറിയാതെ പോലും അവന്റെ നോട്ടം അവളിൽ എത്തിയിരുന്നില്ല..കൈകൾ കൂപ്പി നല്ലത് മാത്രം വരണമെന്നവൾ പ്രാർത്ഥിച്ചു..കുങ്കുമത്താൽ സീമന്ധരേഖ ചുവപ്പിക്കുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു..മണ്ഡപത്തിന് മൂന്ന് വലം വെക്കുമ്പോഴും പ്രാസാദ് അവളെ അവനെ ഏല്പിക്കുമ്പോഴും അവന്റെ കയ്യ് അവളിൽ മുറുകിയിരുന്നില്ല..

സദ്യക്ക് ശേഷം സിദ്ധുവിന്റെ വീട്ടിലേക്ക് പോകണ്ടസമയമായി..
പ്രസാദിനെയും സുമിത്രയെയും ഇരുകൈയ്യാലെയും ചേർത്തവൾ കരഞ്ഞു.. കാവ്യ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഗീതു അവളെയും പുണർന്നു കരഞ്ഞു..
ഗീതു നോക്കുമ്പോഴുണ്ട് അമ്മു ശാരദായുടെയും സാവിത്രിയുടെയും നടുക്ക് നിന്ന് കരയുന്നു..കൂടെ ആനന്ദുമുണ്ട്..

“ഞാൻ സ്കൂളിലേക്ക് വന്നാൽ നിന്റെയൊപ്പം അല്ലേ.. നിന്റെ കരച്ചിൽ കണ്ടാ തോന്നുല്ലോ എന്നെ ഏതോ ഉഗാണ്ടയ്ക്കാ കൊണ്ടുപോകുന്നതെന്ന്..”

അമ്മുവും ഗീതുവും പരസ്പരം കെട്ടിപിടിച്ചു മിഴിവാർത്തു..തന്റെ കൂട്ടുകാരിയുടെ മുന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞതാക്കണമെന്നവൾ മൗന പ്രാർത്ഥന നടത്തി..ഗീതുവിന്റെ കവിളിൽ ഒരുമ്മയും നൽകിയാണ് അവൾ ഗീതുവിൽ നിന്നും അകന്ന് മാറിയത്..അമ്മുവിനെ വിട്ട് ആനന്ദിന്റെ നേർക്കവൾ നടന്നു..ആനന്ദവളെ തോളോട് ചേർത്ത് നിർത്തി..എല്ലാവരോടും യാത്രപറഞ്ഞ് കഴിഞ്ഞ് ദേവിയും ഭാഗ്യയും ചേർന്നവളെ കാറിൽ സിദ്ധുവിനരികിലായിരുത്തി..
അവനൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും അവളുടെ ഹൃദയം പതിവിലും അധികം വേഗത്തിൽ മിടിച്ചുകൊണ്ടേയിരുന്നു…

ശ്രീനിലയത്തിൽ ദേവി നൽകിയ വിളക്കുമായി വലതുകാൽ വെച്ചവൾ ഗൃഹപ്രവേശം നടത്തി..പാലും പഴവും നൽകിയ ശേഷം ഭാഗ്യയവളെ സിദ്ധുവിന്റെ മുറിയിൽ കൊണ്ടുപോയി ഡ്രെസ്സും മറ്റും കാണിച്ചു കൊടുത്തു..ഒരുപാട് തവണ കയറിയിട്ടുണ്ടെങ്കിലും ഇന്ന് ആ മുറി അവൾക്കും കൂടി അവകാശപ്പെട്ടതായിരിക്കുന്നു…
വിവാഹ വേഷം മാറി ആഭരണങ്ങൾ മാറ്റിയവൾ കുളിക്കാനായി കയറി..തണുത്ത വെള്ളം ശരീരത്തെയും മനസ്സിനെയും തണുപ്പിച്ചച്ചപ്പോൾ അവൾക്കാശ്വാസമായി..
മാറിൽ കിടക്കുന്ന സിദ്ധാർത്ഥ് എന്ന്‌ മുദ്രണം ചെയ്ത താലിയിലേക്കും അണിവിരലിലെ മോതിരത്തിലേക്കും അവൾ നോക്കി..
ഇതൊന്നും ഒരിക്കലും നടക്കില്ലെന്ന് കരുതിയതാണ്..എന്നാൽ എന്നോ മനസ്സിൽ കരുതിയ പ്രണയം.. അതാണ് തനിക്ക് സ്വന്തമായതെന്ന് അവൾ ഓർത്തു..
കുളി കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ മുറിയിൽ ദേവിയും മോഹനും ഭാഗ്യയുമുണ്ടായിരുന്നു..മോഹൻ അവളെ അരികിൽ വിളിച്ചിരുത്തി കഴഞ്ഞുപോയതൊക്കെ മറക്കണമെന്നും പുതിയൊരു ജീവിതം ആരംഭിക്കുമ്പോൾ എല്ലാം ശരിയാകും എന്നും പറഞ്ഞു..
പ്രാസാദിനെ പോലെ ഒരു ശുദ്ധഗതിക്കാരൻ ആയിരുന്നു മോഹൻ..
രാവിലെ മുതൽ അലഞ്ഞതല്ലേ അല്പം വിശ്രമിക്കാൻ പറഞ്ഞ് ദേവിയും ഭാഗ്യയും മോഹനും മുറിചാരി പുറത്തിറങ്ങി..

ഗീതു കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്ന് നെറുകയിൽ സിന്ദൂരം തൊട്ടു ..പിന്നെ ആദ്യമായി കാണുന്നപോലെ മുറി മുഴുവൻ നോക്കി..അലങ്കാരങ്ങൾ ഒന്നും തന്നെയില്ലാ.. ബെഡിൽ പുതിയ വിരിമാത്രം വിരിച്ചിട്ടുണ്ട്..ഇനിമുതൽ ഇതാണ് തന്റെ ലോകം..ഇന്നുമുതൽ താൻ ഗീതിക അശോക് അല്ല ഗീതിക സിദ്ധാർത്ഥാണ്
അപ്രതീക്ഷിതമെങ്കിലും മോഹിച്ച സ്വപ്നം പൂവണിഞ്ഞ സന്തോഷമാണവൾക്ക്..

സിദ്ധു അത്രപെട്ടന്ന് തന്നെ അംഗീകരിച്ചില്ലെങ്കിലും ഒരിക്കൽ ആ ഹൃദയത്തിൽ തനിക്കും സ്ഥാനം ലഭിക്കുമെന്നും തന്നെ ചേർത്ത് നിർത്തുമെന്നും വിരിമാറിൽ ചേർത്തണച്ച് തനിക്കായി ചുംബങ്ങൾ നൽകുമെന്നും ആ കരാലാളനങ്ങൾ തന്നെ തരളിതയാക്കി തന്റെ മേനിയെ കുളിരണിയിച്ചുകൊണ്ട് ഉടലും ഉയിരും ഒന്നായി തങ്ങളുടെ മാത്രം സ്വർഗം തീർക്കുന്നതും അവൾ സ്വപ്നം കണ്ടു..അതിന്റെ പ്രതിഫലനമെന്നോണം ആ കവിളിണകൾ നാണത്താൽ തുടുത്തു..ചൊടിയിൽ ചിരി വിരിഞ്ഞു..

രാത്രിയിൽ ദേവി നീട്ടിയ പാൽഗ്ലാസ് വിറയലോടെ അവൾ ഏറ്റുവാങ്ങി..
ആ നേരം വരെ സിദ്ധു വിനെ അവൾ കണ്ടതേയില്ല..

“മോളേ..അറിയാല്ലോ ഈ കല്യാണം നടക്കാൻ ഉണ്ടായ സാഹചര്യം..
അവന് മോള് ഇത്തിരി സമയം കൊടുക്കണം..പെട്ടെന്നൊന്നും അവൻ അംഗീകരിക്കില്ല..മോള് വേണം അവനെ മാറ്റിയെടുക്കാൻ..
മോൾടെ സ്നേഹം കൊണ്ട് മാത്രേ അവന്റെ മനസ്സ് മാര്..എന്റെ മോൾടെ കൂടെ ഈ അപ്പച്ചി ഉണ്ട് എന്നും..ചെല്ല് ,അവൻ മുറിയിലുണ്ട്.”

ദേവി നൽകിയ പാൽഗ്ലാസ്സുമായി സിദ്ധുവിന്റെ മുറി ലക്ഷ്യമാക്കി, തുടങ്ങാൻ പോകുന്ന ജീവിതം സന്തോഷപൂരിതമാകണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് മുകൾ നിലയിലേക്ക് ഗീതു സ്റ്റെപ്പുകൾ കയറി…വർധിച്ച നെഞ്ചിടിപ്പോടെ വിറക്കുന്ന കൈകളാൽ ചാരിയ വാതിൽ മെല്ലെത്തുറന്നവൾ അകത്തേക്ക് കയറി..(തുടരും)