24/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 86

രചന :ജിഫ്ന നിസാർ

വാവിട്ട് കരയുന്ന നന്ദുവിനോട് ഒരാശ്വാസവാക്ക് പോലും പറയാൻ കഴിയാത്തത്രയും ശൂന്യമായി പോയിരുന്നു അവരെല്ലാം.അവളൊന്നു കരഞ്ഞു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു.അത് അവളോടുള്ള ഇഷ്ടക്കേട് കൊണ്ടായിരുന്നില്ല. അവൾ മനസ്സിലൊരു നേരിപ്പോട് എരിയിച്ചു കൊണ്ടാണ് ശ്വാസമെടുത്തിരുന്നതെന്ന് അവർക്കെല്ലാമറിയാം.
അതൊന്ന് അൽപ്പം കുറയാൻ…പക്ഷേ ഒന്നാകെയുലഞ്ഞ് പൊട്ടിക്കരയുന്ന അവളെ കാണാൻ വയ്യാത്തൊരവസ്ഥ..

ലക്ഷ്മി കൂടി നന്ദുവിനരികിലേക്കിരുന്നു കരഞ്ഞു തുടങ്ങിയതോടെ തീർത്തും നിസ്സഹായമായി പോയിരുന്നു അവരെല്ലാം.ഇതിനിടയിൽ പ്രിയ സഞ്ജുവിനെ തിരഞ്ഞിറങ്ങി.മനസ്സിലൊരു കണ്ണീർ കടലവൻ നെഞ്ചിലൊളിപ്പിച്ചു പിടിച്ചായിരുന്നു അവളോടതെല്ലാം പറഞ്ഞു തീർത്തത്.പ്രതീക്ഷിച്ചത് പോലെ തന്നെ പ്രിയ ചെല്ലുമ്പോൾ സിറ്റൗറ്റിലെ തൂണിൽ ചാരി കൈകൾ കൊണ്ട് മുഖം മറച്ചു പിടിച്ചിരിക്കുന്നവന്റെ വിറക്കുന്ന കൈകൾ പ്രിയ പിടിച്ചു.”സാരമില്ല… സഞ്ജു. നീ ആഗ്രഹിച്ചത് പോലെ ഉള്ളിലെ ഭാരം മുഴുവനും അവളവിടെ കരഞ്ഞു തീർക്കുന്നുണ്ട്.”പതിയെ പ്രിയ പറയുമ്പോൾ മുഖത്തു നിന്നും കൈകൾ മാറ്റി വിളറിയ ഒരു ചിരിയോടെ അവനവളെ നോക്കി.പക്ഷേ പെട്ടന്ന് തന്നെ നനഞ്ഞ അവന്റെ കണ്ണുകളിൽ വീണ്ടും നീരോഴുകി തുടങ്ങി..

അവനരികിലേക്കിരിക്കുമ്പോൾ അവളോട്ടും പ്രതീക്ഷിക്കാതെ പ്രിയയെ കെട്ടിപിടിച്ചു കൊണ്ട് സഞ്ജു ഏങ്ങി കരഞ്ഞു.നന്ദുവിനെ പോലെ തന്നെ… അവളെയോർത് കൊണ്ടവൻ അന്നേരം വരെയും നെഞ്ചിലൊതുക്കിയ വേദനകളൊക്കെയും പ്രിയയുടെ ചുമലിൽ ഒഴുകി പടർന്നു.ആദ്യ നിമിഷത്തെ പതർച്ചക്ക് ശേഷം യാതൊരു ജാള്യതയുമില്ലാതെ പ്രിയ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടു പുറത്ത് തട്ടി ആശ്വാസിപ്പിച്ചു..ആ കാഴ്ച കണ്ടു കൊണ്ടാണ് ആദിയങ്ങോട് വന്നത്.അവർക്കരികിലേക്ക് പോവാതെ അവനും അവിടെ തന്നെയത് നോക്കി നിന്നു.

അപ്പോഴവനും മനസ്സിലാവുന്നുണ്ടായിരുന്നു സഞ്ജുവിനെ.. അവന്റെ മനസ്സിനെ.അകത്തപ്പോഴും അവനെ അറിയാൻ കഴിഞ്ഞിട്ടില്ല.. വെറുപ്പോടെ പറയുന്നത് കേൾക്കാൻ വയ്യാതെ ഇറങ്ങി പോന്നതായിരുന്നു ആദി.ഇത്തിരി കഴിഞ്ഞതും സഞ്ജുവിനൊരു ആശ്വാസം തോന്നി.പ്രിയയിൽ നിന്നും അകന്ന് മാറി കൊണ്ടവൻ നോക്കിയത് ആദിയെയായിരുന്നു.സഞ്ജു പതറി കൊണ്ട് നോക്കുന്നത് കണ്ടപ്പോഴായിരുന്നു പ്രിയയുടെ കണ്ണുകളും അങ്ങോട്ട് നീങ്ങിയത്.ആദിയെ കണ്ടതും അവളും എഴുന്നേറ്റു”എടാ.. ഞാൻ.. അറിയാതെ… സങ്കടം സഹിക്കാൻ കഴിഞ്ഞപ്പോ.. അറിയാതെ ചെയ്തതാ ആദി.. നീ.. നീ വേറൊന്നും വിചാരിക്കല്ലേ..”

സഞ്ജു പെട്ടന്ന് തന്നെ ആദിയുടെ അരികിലേക്ക് വന്നിട്ട് അവന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് ദയനീയമായി പറഞ്ഞു.നീ നിന്റെ പെങ്ങളെ കെട്ടിപിടിച്ചു നിന്നതിനും സങ്കടം പറഞ്ഞു കരഞ്ഞതിനും എനിക്കെന്താടാ സഞ്ജു.. ഞാനെന്ത് വിചാരിക്കാനാ..നേർത്തൊരു ചിരിയോടെ ആദി അവന്റെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞതും സഞ്ജുവിനൊപ്പം പ്രിയയുടെ കണ്ണുകൾ കൂടി നിറഞ്ഞു പോയിരുന്നു.ആദി അവനെ തോളിൽ കയ്യിട്ട് കൊണ്ട് തന്നിലേക്കൊതുക്കി പിടിച്ചു.
“എന്തായാലും ഞാനൊരു കാര്യം തീരുമാനിച്ചു..”
ആദി സഞ്ജുവിനെ നോക്കി കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് പറഞ്ഞു.”അതെന്താ..?”സഞ്ജു അടഞ്ഞ ഒച്ചയിൽ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

“എനിക്കൊരു പെങ്ങളെ അത്യാവശ്യമാണ്.. നിന്നെ പോലെ എനിക്കുമുണ്ട് നിറയെ സങ്കടങ്ങൾ..”
പ്രിയയെ നോക്കി കൊണ്ട് പറയുന്നവനെ സഞ്ജു പകച്ചു നോക്കി.”അകത്തിരുന്നു നെഞ്ച് പൊട്ടി കരയുന്നവളല്ലേ ഇപ്പൊ നിന്റെ സങ്കടം… എങ്കിൽ എനിക്ക് പെങ്ങളായി ഇനി അവള് മതി.. നിനക്ക് പെണ്ണായിട്ടും..”അസ്ഥികാളൊടിയും വിധം ആദി സഞ്ജുവിനെയൊന്നു ഞെരിച്ചു..അവന്റെ മുഖത്തൊരു വിഷാദഭാവമായിരുന്നു.

“ഒരിക്കൽ ഒരുപാട് സ്നേഹവുമായി അവളെന്നെ കാത്തിരുന്നിട്ടിട്ടുണ്ട്. അന്നെന്തോ എനിക്കത് മനസ്സിലായില്ല.. അല്ല.. അങ്ങനല്ല.. ഞാനത് ഹൃദയം കൊണ്ട് നോക്കി മനസ്സിലാക്കിയില്ല.. എന്നിലേക്ക്വരാൻകാരണങ്ങളുണ്ടാക്കി..വഴക്കുണ്ടാക്കി നടന്നവളെ എനിക്കറിയാം. പക്ഷേ ആ വഴക്കിനുള്ളിലും അതെല്ലാം എന്നെയൊന്നു കാണാൻ.. എന്നോട് മിണ്ടാൻകാരണങ്ങളാക്കിയവളെ ഞാനറിഞ്ഞില്ല.. എനിക്കവളെ മനസ്സിലായില്ല.. അവളുടെ സ്നേഹം മനസ്സിലായില്ല.. ഇന്നെന്നെ ഏറ്റവും വേദനിപ്പിക്കുന്നതും അത് തന്നെയാണ്..”

സഞ്ജു വീണ്ടും ചുവരിൽ ചാരി തളർച്ചയോടെ നിന്നു കൊണ്ട് പറഞ്ഞു.അതൊക്കെ കഴിഞ്ഞു പോയില്ലേ സഞ്ജു. ഇനിയും അത് പറഞ്ഞു വേദനിച്ചു നടക്കണോ.. ഇപ്പൊ നിനക്കവളെ എത്ര മാത്രം ഇഷ്ടമാണെന്ന് നിന്റെയീ കണ്ണിലുണ്ട്.. വാക്കിലും നിന്റെ മുഖത്തുമുണ്ട്.. അത് പോരെ… അതവളെ അറിയിക്കുക എന്നൊരു കാര്യം മാത്രം ചെയ്താൽ മതിയല്ലോ.. അവൾക്ക് നിന്റെ സ്വന്തമാവാൻ..?”
ആദി അവന്റെ നേരെ നോക്കി..സഞ്ജു അല്ലെന്ന് തലയാട്ടി.ആദിയുടെയും പ്രിയയുടെയും നെറ്റി ചുളിച്ചു
“അവഗണിക്കാവുന്നതിന്റെ പരമാവധി ഞാൻ ചെയ്തിട്ടുണ്ട്.. കളിയാക്കലിന്റെ പരമാവധി അതും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്നെ സ്നേഹിച്ചവളെ മറ്റുള്ളവരുടെ മുന്നിൽ കൂടി അപഹാസ്യയാക്കിയ ക്രൂരനാണ് ഞാൻ..”ആത്മനിന്ദയോടെ സഞ്ജുവൊന്ന് മുഖം കോട്ടി.

“അവളെയെനിക്ക് നഷ്ടപ്പെട്ടു.. ആ സ്നേഹം ഇനിയുണ്ടാവില്ല.. വെറുപ്പോടെ സഞ്ജീവ് ബാലകൃഷ്ണൻ നന്ദനയുടെ മനസ്സിന്റെ കോണിലെവിടെയെങ്കിലും പൊടി പിടിച്ചു കിടക്കുന്നൊരു ഓർമ മാത്രമാവും. ആത്മാർത്ഥ സ്നേഹത്തെ കാണാൻ കഴിയാത്ത വിഡ്ഢിയാണ് ഞാൻ.. നെഞ്ച് നിറയെ എന്നെ മാത്രം കൊണ്ട് നടന്നവളെ വേദനിപ്പിച്ച പാപിയാണ് ഞാൻതലയൊന്ന് ശക്തിയായി പിന്നിലെ ചുവരിലിടിച്ചു കൊണ്ട് സഞ്ജു വീണ്ടും കരഞ്ഞു..”എടാ….”ആദി അവനോടെന്ത് പറയണമെന്നറിയാതെ നിന്ന് പോയി..

പ്രിയക്കും സഹിക്കാൻ വയ്യായിരുന്നു അവന്റെയാ ഭാവം.”ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും എനിക്കവളെ അങ്ങനൊരു രീതിയിൽ അംഗീകരിക്കാൻവയ്യായിരുന്നു..പക്വതയില്ലാത്തവളെന്നും കുട്ടിക്കളി മാറാത്തവളെന്നും പറഞ്ഞു കൊണ്ട് ഞാനവളെ പറയാത്തതൊന്നുമില്ല.. പക്ഷേ.. പക്ഷേ സത്യത്തിൽ എനിക്കായിരുന്നു ബുദ്ധിയില്ലായ്മ.. ആ പക്വതയില്ലായ്മയും കുട്ടികളിയുമായിരുന്നു അവളുടെ ഭംഗി മുഴുവനും.. അതായിരുന്നു അവൾക്കുള്ളിലെ സ്നേഹത്തിനാഴം. എനിക്ക്.. എനിക്കത് മനസ്സിലാവാൻ അവളെ നഷ്ടപ്പെടേണ്ടി വന്നു ”

സഞ്ജു വിളറിയ ചിരിയോടെ തോളു കൊണ്ട് കണ്ണൊന്നു തുടച്ചു.”എടാ… അതിനവള് നഷ്ടപെട്ടോ.. അവളിപ്പഴും…”ആദി സഞ്ജുവിന്റെ തോളിലൊന്നു തട്ടി.”പ്രകാശേട്ടൻ അവൾക്ക് പറ്റിയൊരു ചെക്കനെ കണ്ട് പിടിച്ചിട്ടാണ് ആദി പോയത്..”പുറത്തേക്ക് നോക്കി പതിയെ സഞ്ജു പറയുമ്പോൾ.. ആദിയും പ്രിയയും ഞെട്ടലോടെ പരസ്പരം നോക്കി.”ഏട്ടത്തി എന്നോട് പറഞ്ഞിരുന്നു.. ആ നിമിഷം മുതൽ.. ഞാൻ.. ഞാനെന്റെ മനസ്സിനോട് നിരന്തരം കലാഹിക്കുന്നുണ്ട്

ആദി… അന്നു മുതലാ ഞാൻ..എന്റെ…”സഞ്ജു പാതിയിൽ നിർത്തി കണ്ണുകൾ ഇറുകെ അടച്ചു.
“ഇന്ന രീതിയിലെ പ്രണയിക്കാവൂ… അല്ലെങ്കിൽ പ്രണയം പ്രകടിപ്പിക്കാവൂ എന്നൊന്നുമില്ലന്ന് എന്നെ പഠിച്ചവളാ.. അവള്.ആ വഴക്കിടലും സ്നേഹം കൊണ്ടായിരുന്നു.. ഓരോ നോട്ടത്തിലും അവളെനിക്ക് നേരെ സ്നേഹം വെച്ച് നീട്ടിയിട്ടുണ്ട്.. തിരിച്ചു കിട്ടാത്ത എന്റെ സ്നേഹത്തിന്റെ നേരെ അവൾക്കൊരിക്കലും നീരസം തോന്നിയിട്ടുണ്ടാവില്ല.. അത് കൊണ്ടായിരിക്കും വീണ്ടും വീണ്ടുമെന്റെ പിറകെ വന്നത്.. പക്ഷേ ഞാനോ…?”സഞ്ജു വീണ്ടും രണ്ടു കൈകൾ കൊണ്ടും മുഖം തുടച്ചു കൊണ്ടാ ചാരു പടിയിലേക്കിരുന്നു.

പ്രിയ അവനരികിലേക്കിരുന്നു കൊണ്ടവന്റെ തോളിൽ ചാരി..”ഹൃദയത്തിൽ എനിക്കായൊരു സ്നേഹത്തിന്റെ കാടുണ്ടാക്കി പ്രാണനെ പകുത്തു നൽകി ജീവിക്കാൻ കാത്തിരുന്നവളെ നിഷ്കരുണം ഞാനും കൈവിട്ടു കളഞ്ഞു.. മടുത്തിട്ടോ മറന്നിട്ടോ ആവില്ല മറ്റൊരാൾ അവളുടെ ജീവിതത്തിലേക്ക് വന്നത്.. അവളുടെ അവസ്ഥയാവും.ഇനിയും ഞാനെന്റെ പ്രണയം പറഞ്ഞു ചെന്നിട്ട് വീണ്ടുമവളെ വേദനിപ്പിക്കണോ.. ഇല്ല.. ഇല്ല.. ഞാനത് ചെയ്യില്ല.. ഇനിയും ഞാനവളെ വേദനിപ്പിച്ചാൽ… ഞാൻ മരിച്ചു പോവുമെടാ..”സഞ്ജു..നിറഞ്ഞ കണ്ണുകൾ വീണ്ടും തുടച്ചു കൊണ്ട് മുഖം കുനിച്ചു..

അവനോടെന്ത് പറയണമെന്നറിയാതെ ആദിയും പ്രിയയും നിസ്സഹായരായിരുന്നു.എന്ത് പറഞ്ഞാലും അതവന്റെ വേദനയുടെ ആഴം കൂട്ടുകയാണ് ചെയ്യുന്നത്.അത് കൊണ്ട് തന്നെ ആദിയും മൗനമായി അവനരികിൽരുന്നു..സമയമേറെ കഴിഞ്ഞു പോയിട്ടും ഹൃദയവേദനയൽപ്പം പോലും കുറയാതെ മൂന്ന് പേരും ചേർന്നിരുന്നു.പിന്നെയും കുറേ നേരം കൂടി കഴിഞ്ഞിട്ടാണ് അജുവങ്ങോട്ട് ഇറങ്ങി വന്നത്.സഞ്ജുവിനെയപ്പോഴും ദേഷ്യത്തോടെയാണ് നോക്കുന്നത്.”ഏട്ടാ.. അവൻ..”ആ നോട്ടം കണ്ടതും ആദിയെന്തോ പറയാൻ വന്നത് അജു കൈ ഉയർത്തി തടഞ്ഞു.

“കൂടുതലൊന്നും പറയണമെന്നില്ല ആദി. വിളിച്ചോണ്ട് പോ ഇവനെ.. ഇനി മേലാൽ ഇവനെയും കൊണ്ടിങ്ങോട്ട് വന്നേക്കരുത്. അപേക്ഷയാണ്..”
അജു ആദിയോടാണ് പറയുന്നതെങ്കിലും നോട്ടം സഞ്ജുവിന് നേരെയാണ്.അജുവിന്റെ തീഷ്ണത നിറഞ്ഞ ആ നോട്ടത്തിൽ ഇപ്പോഴെന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് ആദിക്കും തോന്നി.”ഇവനെ അച്ഛൻ പറയുന്നതിൽ തെറ്റൊന്നുമില്ല ആദി. ഇത്രയും മനസാക്ഷിയില്ലാത്തവാനാണ് എന്റെ അനിയനെന്ന് സത്യമായും എനിക്കറിയില്ലായിരുന്നു..”
സഞ്ജു അതെല്ലാം കേട്ടിട്ടും ഒരക്ഷരം മിണ്ടുകയോ മുഖമുയർത്തി നോക്കുകയോ ചെയ്യുന്നില്ല.”നിങ്ങളിന്ന് പോകുന്നുണ്ടോ… സമയമൊരുപാടായി ”
അജു ആദിയെ നോക്കി.

“ആഹ്.. പോണം ഏട്ടാ..”ആദി എഴുന്നേറ്റു കൊണ്ട് പറഞ്ഞതും അജു വേഗം അകത്തേക്ക് കയറി പോയി.”പോയാലോ സഞ്ജു..?”ആദി ചോദിച്ചു..”മ്മ്.”മുഖമുയർത്താതെ തന്നെ അവനൊന്നു മൂളി.”എങ്കിൽ വാ. നമ്മുക്ക് പോയി പറഞ്ഞിട്ട് വരാം..”ആദി പറഞ്ഞു.”ഞാൻ.. ഞാനില്ലടാ.. നീയും പെങ്ങളും പറഞ്ഞിട്ട് പോരെ.. ഞാൻ.. ഞാൻ കാറിലുണ്ടാവും ”
അത് പറഞ്ഞു കൊണ്ടവൻ ധൃതിയിലിറങ്ങി പോയി..പിറകെ പോവാൻ നിന്ന പ്രിയയെ ആദി കയ്യിൽ പിടിച്ചു നിർത്തി..”അവനെ വിളിക്കണ്ട… തത്കാലം അവനെയൊറ്റക്ക് വിട്ടേക്ക്..”

തന്നെ നോക്കുന്ന പ്രിയയോട് സഞ്ജു പോയ വഴിയേ നോക്കി ആദി പറഞ്ഞു.”വാ.. നമ്മുക്ക് പറഞ്ഞിട്ട് വരാം…”അവളെ വിടാതെ പിടിച്ചു കൊണ്ട് തന്നെയാണ് ആദി അകത്തേക്ക് പോയതും.അവരെല്ലാം നന്ദുവിന്റെ മുറിയിൽ തന്നെയാണ്.അവരങ്ങോട്ടാണ് ചെന്നതും.ലക്ഷ്മിയുടെ തോളിൽ ചാരിയിരിക്കുന്ന നന്ദുവിന് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നുവപ്പോൾ.നിർജീവമായ അവളുടെ കണ്ണുകളിൽ നോവ് തിങ്ങിയാ നീർ കുമിളകൾ…ഉള്ളുരുക്കത്തിന്റെ വേലിയേറ്റം പോലെ ഇടയ്ക്കിടെയുള്ള നേർത്ത തേങ്ങലുകൾ.
പ്രിയ അവളുടെ അരികിലേക്കിരുന്നു കൊണ്ടാ കവിളിൽ കൈ ചേർത്ത് വെച്ചു.
നന്ദു നനഞ്ഞ കണ്ണോടെ അവളെ നോക്കി.

“ആദിയുടെ പെണ്ണാ മോളെ.. പ്രിയ ”
പ്രിയയെ അപരിചിതത്വത്തോടെ നോക്കുന്ന നന്ദുവിനോടായി നളിനി പറഞ്ഞതും പ്രിയയും ആദിയുമൊന്ന് പരസ്പരം നോക്കി.ഞൊടിയിട കൊണ്ട് തന്നെ നോട്ടങ്ങൾ പിൻവലിച്ചു..പ്രിയ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ നന്ദുവിന്റെ നെറ്റിയിലൊരുമ്മ കൊടുത്തു.”എല്ലാം… ശെരിയാവും ട്ടോ.. വിഷമിക്കരുത് എന്നൊന്നും പ്രിയേച്ചി പറയുന്നില്ല.. പക്ഷേ ഇത്രേം പേര് കൂടെയുള്ളപ്പോൾ ആരുമില്ലെന്ന് കരുതി ചേച്ചിടെ അനിയത്തി കുട്ടി കരയരുത് കേട്ടോ…”പ്രിയ വാത്സല്യത്തോടെ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

അപ്പോഴും പുറത്തിരുന്നു ഹൃദയം പൊട്ടി കരയുന്ന ഒരുവൻഅവളെവല്ലാതെനോവിക്കുന്നുണ്ടായിരുന്നു..യാത്ര പറഞ്ഞു തിരികെ മടങ്ങുമ്പോഴും അവരാരും തന്നെ സഞ്ജുവിനെ അന്വേഷിച്ചില്ല.
അവൻ കാറിൽ നിന്നിറങ്ങി വന്നതുമില്ല..

❣️❣️

തിരികെയെത്തുമ്പോൾ മാഷാണ് വാതിൽ തുറന്നു കൊടുത്തത്.സഞ്ജു ആരെയും നോക്കാതെ അകത്തേക്ക് കയറി ഹാളിലെ സോഫയിൽ പോയിരുന്നു.മാഷ് ചോദിക്കുന്നതിനെല്ലാം ആദിയാണ് ഉത്തരം പറഞ്ഞത്.വീട്ടിലേക്ക് പോവാമെന്ന് സഞ്ജു ഒരുപാട് നിർബന്ധിച്ചു പറഞ്ഞിട്ടും ആദിയും പ്രിയയും അവനെ വിടാതെ കൂടെ കൊണ്ട് പോരുകയായിരുന്നു.അവനെയൊന്ന് നോക്കിയിട്ട് പ്രിയ വേഗം അകത്തേക്ക് പോയി.സഞ്ജുവിന് കിടക്കാനുള്ള മുറി ശെരിയാക്കി തിരികെ ചെല്ലുമ്പോൾ ആദിയും മാഷും അവനരികിലുണ്ട്.

“ആ മുറി റെഡിയാക്കിയിട്ടിട്ടുണ്ട് ആദിയേട്ട. അവനെ അവിടെ കൊണ്ട് പോയികിടത്തിയേക്ക്..”പ്രിയയൊരു മുറിയുടെ നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു.വാ…
ആദി തന്നെയാണ് അവനെ വലിച്ചു പൊക്കി അകത്തേക്ക് കൊണ്ട് പോയത്.
കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മാഷിനും തോന്നിയിരുന്നു.പക്ഷേ അപ്പോൾ അതൊന്നും അദ്ദേഹം ചോദിച്ചില്ല.എന്നിട്ടും പ്രിയ അരികിൽ വന്നിരുന്നു കൊണ്ട് അവിടുണ്ടായതെല്ലാം മാഷിനോട് പറഞ്ഞു കേൾപ്പിച്ചു.

“വിഷമിക്കണ്ട.. ആങ്ങളയും പെങ്ങളും അളിയനും.. എല്ലാം ശെരിയാവും.. ഇതെല്ലാം മാറും..ഇപ്പൊ പോയി കിടന്നുറങ്.. നേരം വെളുക്കാറായി..”
അത്രമാത്രം പറഞ്ഞിട്ട് പ്രിയയുടെ നെറുകയിലൊന്നു തലോടി മാഷ് എഴുന്നേറ്റു പോയി.അവൾ ഡ്രസ്സ്‌ മാറിയിടാൻ മുറിയിലേക്ക് പോയി..തിരികെ ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട് ആദിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവളെ കാത്തെന്നത് പോലെ അവനവിടെയിരിക്കുന്നത് കണ്ടതും വീണ്ടും അവളിലേക്കാ വെപ്രാളം കയറി വരുന്നുണ്ടായിരുന്നു…

…തുടരും..

Skip ചെയ്യാൻ പറ്റാത്ത സിറ്റുവേഷൻ ആയത് കൊണ്ടാണ് കേട്ടോ നീണ്ടു പോകുന്നത്. ഞാൻ നീട്ടി വലിക്കുന്നില്ല…അതായത് മൂന്നു ദിവസമായിട്ട് ഒരേ സ്ഥലം.. കഥാപാത്രങ്ങൾ.. ഇതെല്ലാം മനഃപൂർവം അല്ലെന്ന്..പറയുമ്പോ എല്ലാം വൃത്തിയായി പറയണമല്ലോ.. റിവ്യൂ ഇടണേ..കാരണം അത്രേം റിസ്ക് എടുത്തു കൊണ്ടാഞാനിപ്പോ എഴുതിയിടുന്നത്…
സ്നേഹത്തോടെ jiff