24/04/2026

അന്നൊരിക്കൽ : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ

ഇനിയും അച്ഛൻ തന്നോട് ദേഷ്യപ്പെടുമോ??അവൾക്ക് ഉള്ളിൽ ഒരു ഭയം ഉടലെടുത്തു.

ഇവിടുത്തെ ആദ്യ ദിവസമാണ്, അല്ലെങ്കിൽ തന്നെ മനസ്സ് തകർന്നിരിക്കുകയാണ്.

ദേവദത്ത് ഒന്നിപ്പോൾ വന്നിരുന്നെങ്കിൽ…

ഗിരി അടുക്കളയിലേക്ക് വന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുത്ത് അല്പം കുടിച്ചു.

അടുക്കളയിൽ നിൽക്കുന്ന കീർത്തിയുടെ നേർക്ക് രൂക്ഷമായി ഒന്ന് നോക്കി.

ഓഹ്.. നീ അടുക്കള ഭരണം ഏറ്റെടുത്തോ?
ഇനിയിപ്പോൾ എന്റെ വീടും നീ കൈക്കലാക്കുമായിരിക്കുമല്ലോ? തള്ളയുടെ വിത്ത് തന്നെ..

അച്ഛാ…. പെട്ടന്ന് അങ്ങോട്ട് വന്ന ദേവദത്ത് അവിടേക്ക് വന്നു.
എന്താ അച്ഛാ ഇത്?

എന്താന്ന് നിനക്കറിയില്ലേ?എനിക്കിഷ്ടമല്ല ഈ പെണ്ണിനെ അയാൾ അലറി.

അച്ഛാ… ഇതെന്റെ ഭാര്യയാണ്, ഇനിയിവളെ മോശമായിട്ടൊന്നും പറയരുത്…

നീയെന്നോട് എതിർത്തു സംസാരിക്കാനും തുടങ്ങി അല്ലേ?

അങ്ങനെ അല്ല അച്ഛാ…

കേട്ടില്ലേടി… നീ വന്നുകേറിയപ്പോൾ തന്നെ എന്റെ മകൻ എനിക്കെതിരായി…

ഞാൻ എന്ത് ചെയ്തിട്ടാ അച്ഛാ…അവൾ വിഷമത്തോടെ ചോദിച്ചു.

അച്ഛനോ…? ആരുടെ അച്ഛൻ. നീയെന്നെ അങ്ങനെ വിളിക്കരുത്. എനിക്കറപ്പാണ് നീയങ്ങനെ വിളിക്കുമ്പോൾ.

അയാൾ നിന്ന് വിറച്ചു..

എന്താ അച്ഛന്റെ പ്രശ്നം? എന്നോട് പറ. കീർത്തിയുടെ അമ്മയോട് അച്ഛന് ഇത്ര വൈരാഗ്യം തോന്നാൻ എന്താ കാരണം?
എനിക്കറിയണം അച്ഛാ….
ദേവദത്ത് അയാളുടെ കൈകളിൽ പിടിച്ചു.

ഇല്ല…. ആ സ്ത്രീയെ കുറിച്ച് എനിക്കൊന്നും പറയാനില്ല.
ഗിരിയുടെ പല്ലുകൾ ഞെരിയുന്നത് ദേവദത്ത് കേട്ടു.

എനിക്കറിഞ്ഞേ പറ്റൂ…. അച്ഛൻ പറയൂ.

പറയാൻ എനിക്ക് മനസില്ലെങ്കിലോ?

ഇതെന്താ അച്ഛാ ഇങ്ങനെ?
ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ നമ്മൾ. രണ്ട് സുഹൃത്തുക്കളെ പോലെ ആയിരുന്നില്ലേ നമ്മൾ. ഇപ്പോൾ എന്താ അച്ഛാ ഇങ്ങനൊക്കെ സംസാരിക്കുന്നത്?

ആ ബന്ധം ഇല്ലാതാക്കിയത് ഇവൾ ഒറ്റ ഒരുത്തിയാണ്. ഇവൾ ഇവിടം മുടിക്കും.

ദേവാ…. ഇതൊക്കെ കേട്ട് ഞാൻ ഇവിടെ നിൽക്കേണ്ട കാര്യം ഇല്ല. എന്നെ ഭാര്യയായി വേണമെങ്കിൽ ഇവിടെ നിന്ന് എങ്ങോട്ടേലും പോകണം.ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ദേവാ….
എനിക്കിനിയും സഹിക്കാൻ കഴിയില്ല..

എന്റെ മകനെയും കൊണ്ട് നീയിവിടെ നിന്നും ഇറങ്ങിയാൽ എന്റെ ശവം നീ കാണും. നിന്റെ തള്ള ഒരിക്കൽ എന്നെ കൊല്ലാതെ കൊന്നു.
ഇനി നീയും കൂടെ എന്നെ തോൽപ്പിക്കാമെന്നു കരുതിയാൽ നിനക്ക് തെറ്റി. ഈ ഗിരി ഇനി ഒരിക്കലും ഒരിടത്തും തലകുനിക്കില്ല. അങ്ങനെ വന്നാൽ അന്ന് തീരും ഞാൻ…. അയാൾ നിന്ന് വിറച്ചു.

കീർത്തീ… നീ മുറിയിലേക്ക് പോ… ദേവദത്ത് അവളോട്‌ പറഞ്ഞു.

അവൾ ഗിരിയുടെ ദേഷ്യവും വിറയലും കണ്ട് ആകെ ഭയന്ന് പോയിരുന്നു.

അവൾ മുറിയിലേക്ക് പോയി..

ഗിരിയുടെ മുഖമാകെ വിയർപ്പിൽ കുതിർന്നിരുന്നു. ദേഷ്യത്തിൽ അയാളുടെ കവിളുകൾ വിറയ്ക്കുന്നുണ്ട്.

അച്ഛാ… ദേവദത്ത് അയാളുടെ ചുമലിൽ പിടിച്ചു.
അച്ഛൻ പോയൊന്നു റസ്റ്റ് എടുക്ക്…

അയാൾ ദേവദത്തിനെ തറപ്പിച്ചു നോക്കി.

ചെല്ലച്ഛാ…..

ഉം… അയാൾ ഒന്നമർത്തി മൂളിയിട്ട് മുറിയിലേക്ക് പോയി.

ദേവദത്ത് മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ ഇരിക്കുകയാണ് കീർത്തി.. അവളുടെ മുഖമാകെ വാടിയിരുന്നു.

അയാൾ അവളുടെ അടുത്തിരുന്നു.തന്റെ നേരെ അവളുടെ മുഖം ഇരുകൈകൾ കൊണ്ടും തിരിച്ചു
സാരമില്ലടോ, എന്നെയോർത്ത് താൻ ക്ഷമിക്ക്.

ഈ കല്യാണമേ വേണ്ടിയിരുന്നില്ലെന്നു തോന്നുവാ ദേവാ…
നമ്മൾ സ്നേഹിക്കാൻ പാടില്ലായിരുന്നു.
ദേവദത്ത് അന്നെന്നെ പെണ്ണുകാണാൻ വന്നപ്പോൾ എനിക്ക് തോന്നിയത് ഇതാണ് എന്റെ പുരുഷൻ ഇയാളെയാണ് ഞാൻ കാത്തിരുന്നത് എന്നായിരുന്നു.പക്ഷെ ഇപ്പോൾ തോന്നുവാ നമ്മൾ ഒരുമിക്കേണ്ടവർ ആയിരുന്നില്ല അല്ലേ..?

അങ്ങനൊന്നും ഇല്ല കീർത്തി. ഒക്കെ ശരിയാകും.
തന്റെ അമ്മക്കും എന്റെ അച്ഛനും ഇടയിൽ എന്തോ ഉണ്ട്. അതെന്താണെന്ന് അറിയണം.

അത് അറിഞ്ഞാലും ഇവിടുത്തെ അച്ഛൻ എന്നെ ഒരിക്കലും അംഗീകരിക്കില്ല ദേവാ. ആ മുഖം നിറയെ എന്നോടുള്ള ദേഷ്യവും വെറുപ്പുമാണ്.നമുക്ക് ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല.അല്ലെങ്കിൽ നമ്മൾ മാത്രമായി ജീവിക്കണം.

കീർത്തി… എനിക്ക് അച്ഛൻ മാത്രേ ഉള്ളൂ… എന്റെ ജീവനാണ് അച്ഛൻ. അദ്ദേഹത്തെ വേദനിപ്പിക്കാൻ എനിക്കൊരിക്കലും കഴിയില്ല.

അപ്പോൾ ഭാര്യയായ ഞാൻ ഇവിടെ ഈ ഉരുകിയുരുകി ജീവിക്കണം എന്നാണോ ??

അല്ല.നിന്നെ വേദനിപ്പിക്കാനും എനിക്കാവില്ല. അതുകൊണ്ട് എല്ലാത്തിനും ഒരു പരിഹാരം ഞാൻ ഉണ്ടാക്കും.

എങ്ങനെ…?

അറിയില്ല. പക്ഷെ ഒന്ന് മാത്രം പറയാം. അച്ഛന് വേണ്ടി നിന്നെയോ, നിനക്ക് വേണ്ടി അച്ഛനെയോ ഉപേക്ഷിക്കാൻ എനിക്കാവില്ല.

@@@@@@@

നേരം പതിയെ ഇരുണ്ടു തുടങ്ങിയിരുന്നു.
അവൾ പൂജാ മുറിയിൽ വിളക്ക് തെളിയിച്ചു. അമ്മ ചൊല്ലുന്ന കീർത്തനങ്ങൾ പതിയെ പാടി

ഉറക്കെ പ്രാർത്ഥിക്കുവാൻ പോലും അവൾ മടിച്ചു. ഇനി അത് കേട്ട് അച്ഛൻ വഴക്ക് പറഞ്ഞാലോ എന്നവൾക്ക് ഭയമുണ്ടായിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് മുറ്റത്തെ ലൈറ്റ് ഒക്കെ തെളിച്ചു.

അകത്ത് തീർത്തും നിശബ്ദതയാണ്.

കുറേ നേരം അവൾ സിറ്റ്ഔട്ടിലെ കസേരയിൽ ചെന്നിരുന്നു.

വലിയ മുറ്റമാണ് അതിനപ്പുറം വിശാലമായ പുൽതകിടിയും, അങ്ങിങായി നട്ട പലതരം പെൻസിൽബാംമ്പൂവും വെട്ടിയൊതുക്കി നിർത്തിയിട്ടുണ്ട്. വിശാലമായ പുൽത്തകിടിക്കപ്പുറം ഉയരം കുറഞ്ഞ മതിൽ. അതിനപ്പുറം റോഡാണ്. രാത്രിയിലും കുതിച്ചു പായുന്ന വാഹനങ്ങളുടെ ശബ്‌ദം.

മനസ്സ് മാത്രം ശൂന്യത നിറഞ്ഞിരിക്കുന്നു.
അവൾക്കു മടുപ്പ് തോന്നി.

കല്യാണം പ്രമാണിച്ച് മൂന്നാഴ്ചത്തെ ലീവും എടുത്തിട്ടുണ്ട്. അല്ലെങ്കിൽ നാളെ തന്നെ ജോലിക്ക് പോകാമായിരുന്നു.
ഇനിയിപ്പോൾ ലീവും ക്യാൻസൽ ചെയ്ത് ചെന്നാൽ ഓരോരുത്തൻ കുത്തിക്കുത്തി ഓരോന്നും ചോദിക്കും.

ഇവിടെ സമയം ചിലവഴിക്കുന്ന കാര്യം ഓർക്കാൻ പോലും വയ്യ.

എന്തൊക്കെ ആയാലും, തന്റെ ജീവിതം വച്ചുള്ള ഒരു പരീക്ഷണം താൻ നടത്തില്ല.
പറ്റില്ലെന്ന് തോന്നിയാൽ ഇവിടിന്നിറങ്ങും അത്ര തന്നെ.

അങ്ങനെ പോകാൻ തനിക്കു പറ്റുമോ? അവൾ ആലോചിച്ചു.
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ദേവദത്തും താനും ഒരുപാട് സ്നേഹിച്ചു പോയില്ലേ…?

എത്ര സ്വപ്നങ്ങൾ ഒരുമിച്ചു കണ്ടു.

ഇന്നലെവരെ സ്നേഹത്തോടെ ഫോണിൽ സംസാരിച്ചിരുന്ന,ദേവദത്തിന്റെ അച്ഛന് പെട്ടന്ന് ഇത്രയും വെറുപ്പ്‌ തോന്നണമെങ്കിൽ, എന്തോ ഒന്ന് അമ്മയ്ക്കും ഇവിടുത്തെ അച്ഛനും ഇടയിൽ നടന്നിട്ടുണ്ട്. അതെന്താകും??

അച്ഛനോട് ദേവദത്ത് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.
അമ്മയോട് ഒന്ന് വിളിച്ചു ചോദിച്ചാലോ??

അമ്മയെ വിളിക്കണമെന്ന് പലവട്ടം ഇന്ന് തോന്നിയതാണ്. പക്ഷെ, ആ കരയുന്ന മുഖം മനസ്സിൽ വരുമ്പോൾ ഒന്നും ചോദിക്കണ്ടെന്നു തോന്നും.

എങ്കിലും അറിഞ്ഞേ തീരൂ….
അവൾ ഫോൺ എടുത്തമ്മയെ വിളിച്ചു…
അപ്പുറം ബെല്ലടിക്കുന്നുണ്ട്.

മിടിക്കുന്ന ഹൃദയത്തോട് അവൾ ഫോൺ മുറുക്കെ പിടിച്ചു.

@@@@@@@

തുടരും.