24/04/2026

പ്രിയേ.. പ്രാണനെ : ഭാഗം 72

രചന : ജിഫ്ന നിസാർ

“ഹേയ്.. കൺഗ്രാജുലേഷൻ ഡാ “സഞ്ജുവിനെ കെട്ടിപിടിച്ചു കൊണ്ടാണ് ആദി തന്റെ സന്തോഷമറിയിച്ചത്. ഇത്രയ്ക്കങ്ങോട്ട് സന്തോഷിക്കേണ്ട കാര്യമൊന്നുമില്ല..എനിക്ക് കിട്ടിയത് കലക്ടർ ഉദ്യോഗമല്ല.ഇൻഫോപാർക്കിലെ വെറുമൊരു സാധാരണ ജോലിയാണ്.. “ഒട്ടും തെളിച്ചമില്ലാത്ത മുഖത്തോടെ സഞ്ജു പറയുന്നത് കേട്ടതും ആദിയുടെ നെറ്റി ചുളിഞ്ഞു.” ഇതെന്താണ് ഇങ്ങനെ.. ഒരു ജോലി എന്നതായിരുന്നില്ലേ നിന്റെ സ്വപ്നം?ഇപ്പോഴത് കിട്ടിയപ്പോൾ നിനക്ക് കലക്ടർ ഉദ്യോഗത്തോടൊപ്പം വേണമെന്ന് പറയുന്നത് ന്യായമാണോ?”

ആദി ഞെട്ടിക്കൊണ്ട് സഞ്ജുവിനെ നോക്കി.”ഞാൻ വളരെയേറെ കഷ്ടപ്പെട്ട് നേടിയതാണ് ഈ ജോലി എനിക്കിതിന് വിലയില്ലെന്ന് നിന്നോടാരാണ് പറഞ്ഞത്.?നേരത്തെ ഞാൻ പറഞ്ഞതൊരിക്കലും എന്റെ അഭിപ്രായമല്ലെന്ന് നിനക്ക് ഊഹിച്ചൂടെ ആദി”
നേർത്തൊരു ചിരിയോടെ സഞ്ജു ആദിയെ നോക്കി.
“ബാലനങ്കിൾ പറഞ്ഞു കാണും. അല്ലേ?”
ആദിയുടെ ചോദ്യം കേട്ടിട്ടും സഞ്ജു അതിനുത്തരമൊന്നും പറഞ്ഞില്ല.”ഹാ.. പോട്ടെടാ.. വിട്ടേക്ക്.. നീ ഹാപ്പിയല്ലേ.. അത് മതി ”
ആദി സഞ്ജുവിന്റെ തോളിൽ തട്ടി.” അല്ലെങ്കിലും ഞാൻ അതോർത്ത് സങ്കടപ്പെട്ടിരിക്കാനൊന്നും പോകുന്നില്ല.ജോലി കിട്ടിയെന്ന് അവിടെ ചെന്ന് പറഞ്ഞപ്പോൾ തന്നെ ഇങ്ങനെ ഒരു സംസാരം ഉണ്ടാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. ”

സഞ്ജു കണ്ണ് ചിമ്മി കാണിച്ചു. പിന്നെ അച്ഛൻ പറഞ്ഞത് കേട്ട് വിഷമിച്ചു കുന്നും പുറത്ത് കയറിയിരിക്കാൻ എന്റെ പേര് ആദിത് മഹാദേവ് എന്നൊന്നുമല്ലല്ലോ..ഞാൻ സഞ്ജയ് ബാലകൃഷ്ണനാണ്. അതിന്റേതായ ഒരു റേഞ്ചിന് വേണ്ടേ ഞാൻ ചിന്തിക്കാൻ”ആദിയെ ഒന്ന് പാളി നോക്കിയിട്ട് സഞ്ജു അല്പം ഗമയോട് തന്നെ പറഞ്ഞു.
“ഉവ്വ്..”അവന്റെ നേരെ നോക്കി ആദി തലയാട്ടി.
കലക്ടർ ഉദ്യോഗം കിട്ടാൻ ഐഎഎസ് എടുക്കണമെന്ന് പോലും അന്തമില്ലാത്ത എന്റെ അച്ഛൻ പറഞ്ഞ ആ വാക്കിനെകുറിച്ചോർത്തിരിക്കാൻ എനിക്ക് സമയമില്ല. മറ്റന്നാൾ മുതൽ എന്നോട് ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഞാൻ അതിനു വേണ്ടിയിട്ടുള്ള പ്രിപ്പേഡിലാണ്. എനിക്ക് എന്തൊരു സന്തോഷമുണ്ടന്നോ..അഭിമാനമുണ്ടന്നോ..തൽക്കാലം ഞാൻ എന്റെ സ്വന്തം അഭിമാനവും സന്തോഷവും മാത്രമേ നോക്കുന്നുള്ളൂ… ”

സഞ്ജു അൽപ്പം ഗൗരവത്തോടെ തന്നെ പറഞ്ഞു കൊണ്ടെഴുന്നേറ്റു.” മതി..ഇനി എഴുന്നേൽക്ക്. ഇപ്പൊ തന്നെ ഇരുട്ടി. വീട്ടിൽ പോകാം.. “സഞ്ജു പറഞ്ഞത് കേട്ടതും ആദി ഒരു നെടുവീർപ്പോടെ എഴുന്നേറ്റു.” മറ്റേ കാര്യത്തിൽ നീ നിന്റെ തീരുമാനമൊന്നും പറഞ്ഞില്ല കേട്ടോ.. “കുന്നിറങ്ങുമ്പോൾ തികച്ചും ലാഘവത്തോടെ സഞ്ജു ഓർമ്മിപ്പിച്ചു .ആദിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ആ ഒരു വിഷയത്തിൽ ആദി എന്തായിരിക്കും തീരുമാനമെടുക്കുക എന്നറിയാനുള്ളൊരു ആകാംക്ഷ സഞ്ജുവിന്റെ ഉള്ളിലുണ്ടായിരുന്നു..”ഞാനെന്തു വേണമെന്ന് എനിക്കൊരുറപ്പു കിട്ടുന്നില്ല സഞ്ജു.അതുകൊണ്ടുതന്നെ ഒരു തീരുമാനം പറയാൻ എനിക്കാവുന്നില്ല…”

ആദി അവന്റെ മനസ്സിലുള്ളത് അതുപോലെ സഞ്ജുവിന് മുന്നിലേക്ക് ഇട്ടു കൊടുത്തു .” ഇതിപ്പോ നീ വിചാരിക്കുന്ന പോലെ ഇത്രയും വലിയ ആനക്കാര്യമൊന്നുമല്ല ആദി.നിന്റെ ലൈഫ് സെറ്റിലാക്കാൻ നീ ആഗ്രഹിക്കുന്നു.അവൾക്കും അവളുടെ ചേച്ചിയുടെ ഭർത്താവിൽ നിന്നും സേഫായിട്ട് നിൽക്കാൻ ഒരു ഇടം വേണം.അതുകൊണ്ട് അവളും നിന്നോടൊപ്പം സഹകരിക്കുന്നു. രണ്ടുപേരും കൂടി നടത്തുന്ന ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ് ഡ്രാമ… “സഞ്ജു വീണ്ടും ധൈര്യം കൊടുത്തു.

” പക്ഷേ എന്നാലുമെടാ.. “ആദ്യ അപ്പോഴും തീരാത്ത സംശയത്തോടെ സഞ്ജുവിനെ നോക്കി. നിനക്കൊട്ടും പറ്റുന്നില്ലെങ്കിൽ നീ പറഞ്ഞതുപോലെ അവളോട് കാര്യങ്ങൾ പറഞ്ഞിട്ട് നമുക്കവളെ അവളുടെ വീട്ടിൽ കൊണ്ടുവിടാം. യാതൊരു തെറ്റും ചെയ്യാതെ ഒരുപാട് ചീത്ത പേരുകൾ തലയ്ക്കു മുകളിലുള്ളവളാണ്.ഇനി നീ കാരണം കയ്യിലിരിപ്പുകൊണ്ട് കെട്ടിയ ഭർത്താവ് ഉപേക്ഷിച്ച് കളഞ്ഞുവെന്നൊരു ചീത്ത പേരുകൂടി നിന്റെ പേരിൽ അവൾക്ക് അനുഭവിക്കാനുണ്ടെങ്കിൽ അതവളുടെ വിധി എന്ന് കരുതേണ്ടിവരും.. ”

ആദിയുടെ ഭാവം അറിയാനുള്ള വല്ലാത്തൊരു ത്വര ഉള്ളിലുണ്ടായിട്ടും അവനെ നോക്കിയാൽ തനിക്കുള്ളിലെ കള്ളം പിടിക്കപ്പെടും എന്നൊരു പേടിയുള്ളതുപോലെ സഞ്ജു ഇത്രയും പറഞ്ഞവസാനിപ്പിച്ചിട്ടും അവന്റെ നേരെ നോക്കിയില്ല.
പക്ഷേ ഇപ്പോഴീ പറഞ്ഞതിൽ അവന്റെ മനസ്സുടക്കി പോകുമെന്ന് സഞ്ജുവിന് തോന്നിയിരുന്നു.” അല്ല അതവിവിടെ നിൽക്കട്ടെ.ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..? ”
കുന്നിറങ്ങി താഴെ എത്തിയതും സഞ്ജു ആദിക്ക് നേരെ തിരിഞ്ഞു.’ അതിന് ഞാനെപ്പോഴാ നിന്നോട് കള്ളം പറഞ്ഞിട്ടുള്ളത്? “സഞ്ജുവിന്റെ ചോദ്യം കേട്ടതും ആദി അവന് നേരെ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

” കള്ളം നമ്മളാരും ചിലപ്പോൾ മനപ്പൂർവം പറയാറില്ല പക്ഷേ എല്ലായ്പോഴും എല്ലാർക്കും സത്യം പറയാനും കഴിയില്ല..സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ചിലപ്പോൾ എനിക്കും നിനക്കുമെല്ലാം കള്ളം പറയേണ്ടിവരും… പക്ഷേ ഞാനിപ്പോൾ ചോദിക്കുന്ന ഈ ചോദ്യത്തിന് സാഹചര്യം വില്ലൻ ആണെങ്കിൽ കൂടിയും നീ സത്യം മാത്രമേ പറയാവൂ.. “സഞ്ജു ഓർമ്മിപ്പിച്ചു.അവനെയൊന്ന് നോക്കി നിന്നതല്ലാതെ ആദി അതിനുത്തരമൊന്നും പറഞ്ഞതുമില്ല.” കൃഷ്ണപ്രിയയോട് നിനക്ക് അല്പമെങ്കിലും ഇഷ്ടം തോന്നുന്നുണ്ടോ…? “സഞ്ജുവിന്റെ ചോദ്യം കേട്ടതും ആദി പകച്ചു പോയി.ഇല്ലെന്ന് അവൻ വളരെ വേഗം തന്നെ തലയാട്ടി.

” ദേഷ്യമുണ്ടോ…? “സഞ്ജുവിന്റെ ആ ചോദ്യത്തിനു പക്ഷേ ഉത്തരം കൊടുക്കാൻ ആദിക്കൊരു നിമിഷം ആലോചിക്കേണ്ടിവന്നു.” ഉണ്ടോ? “ഒന്നും മിണ്ടാതെ നിൽക്കുന്ന ആദിയെ നോക്കി സഞ്ജു വീണ്ടും ആ ചോദ്യം ആവർത്തിച്ചു.”ദേഷ്യം… ദേഷ്യമുണ്ടായിരുന്നു എനിക്കവളോട്…പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ തോന്നി അവളോട് ദേഷ്യപ്പെടാനുള്ള യോഗ്യതയൊന്നും എനിക്കില്ലെന്ന്. ഞാൻ അവളോട് ചെയ്തതിന് അല്ലെങ്കിൽ അവളോട് പറഞ്ഞതിനുള്ള മറുപടി മാത്രമേ അവൾഎനിക്കുംതിരിച്ചുതന്നിട്ടുള്ളൂ.അങ്ങനെ പ്രത്യേകിച്ച് അവളോട് ദേഷ്യം തോന്നേണ്ടതൊന്നും ജീവിതത്തിൽ കൃഷ്ണ പ്രിയ എന്നോട് ചെയ്തിട്ടില്ല.. ഇപ്പോഴുള്ള ഈ പ്രശ്നം പോലും എന്തോ എന്നെ പോലെ അവളെയും ചതിച്ചതാണെന്ന് എനിക്ക് തോന്നുന്നുണ്ട്..സൊ.. എനിക്ക്.. എനിക്ക് കൃഷ്ണപ്രിയയോട് യാതൊരു ദേഷ്യവുമില്ല…”

ശാന്തമായി അത് പറയുന്ന ആദിക്ക് മുന്നിൽ നിന്ന് തുള്ളിച്ചാടാൻ കൊതിക്കുന്ന മനസ്സിനെ വളരെ പണിപ്പെട്ടുകൊണ്ടാണ് സഞ്ജു അടക്കിപ്പിടിച്ചത്.
” ആ ദേഷ്യമില്ലായ്മയെ മുറുകെ പിടിക്കണം നീ.നിനക്ക് നിന്റെ വീടാണത്. അവൾ അങ്ങോട്ട് എത്തി പെട്ടവളും..നിനക്ക് ഇഷ്ടമില്ലാത്തത് എന്ത് കണ്ടാലും പ്രതികരിക്കാനുള്ള അവകാശവുമുണ്ട്.പക്ഷേ കാര്യമില്ലാതെ വഴക്കുണ്ടാക്കരുത്.തൊട്ടതിനും പിടിച്ചതിനുമെല്ലാം മനുഷ്യന്മാരുടെ മേലേക്ക് ദേഷ്യത്തോടെ പാഞ്ഞു കയറുന്ന സ്വഭാവം ഒഴിവാക്കിയാൽ തന്നെ നിനക്ക് സമാധാനം കിട്ടും.. “സഞ്ജു ഓർമിപ്പിച്ചു.” ഇപ്പോഴും എനിക്കീ കാര്യത്തിൽ ഉറപ്പൊന്നും പറയാനായിട്ടില്ല സഞ്ജു.ഞാനെന്റെ മാക്സിമം ശ്രമിക്കുമെന്നത് മാത്രമേ നിന്നോട് പറയാനാവൂ . നനക്കുമറിയാലോ അവളുടെ സ്വഭാവം.. ഇങ്ങോട്ട് കയറിച്ചെറിഞ്ഞ അങ്ങോട്ട് കേറി ഞാനും മാന്തി പൊളിക്കുമെന്നുള്ള കാര്യത്തിൽ നിനക്ക് സംശയം യാതൊന്നും വേണ്ട.. ”

ഞൊടിയുടെ കൊണ്ട് ആദിയുടെ മുഖം മാറി.
എന്നാലും അവൻ സമ്മതിച്ചല്ലോ എന്നുള്ളൊരു ആശ്വാസമുണ്ടായിരുന്നു സഞ്ജുവിന്റെ മുഖത്ത്.
എടാ അതൊരു പാവം കുട്ടിയാണ്.നമ്മൾ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കൃഷ്ണ പ്രിയ.നീ ദേഷ്യത്തോടെ അവളോട് സംസാരിക്കുമ്പോൾ അവളും ദേഷ്യത്തോടെ നിന്നോട് തിരിച്ചു പറയും. അതാണ്‌ കാര്യം.അതൊന്നും മാറ്റി വച്ചിട്ട്.. ഒരല്പം സ്നേഹത്തോടെ ഇടപെട്ട് നോക്കൂ അപ്പോൾ നിനക്കും മനസ്സിലാവും കൃഷ്ണപ്രിയ എന്ന എന്റെ സ്നേഹനിധിയായ പെങ്ങളെ.. ”

സഞ്ജു ആദ്യയുടെ കയ്യിൽ പിടിച്ച് ആവേശത്തോടെ പറഞ്ഞു.” അല്ലെങ്കിലും അവൾ വന്നതിൽ പിന്നെ നീ അവളുടെ ആളായെന്ന് എനിക്കൊരു സംശയം ഉണ്ട് കേട്ടോ.റോഡിലേക്കിറങ്ങി നടന്നുകൊണ്ട് ആദി പറഞ്ഞത് കേട്ട് സഞ്ജുവൊന്ന് പകച്ചു..” പോടാ അവിടുന്ന്..അവന്റെയൊരുകണ്ടുപിടുത്തം.ദൈവദോഷം പറയരുത്.. ഒരാങ്ങളക്ക് ഏറ്റവും കടമയുള്ളത് പെങ്ങളോടാണെന്നുള്ള പ്രപഞ്ചസത്യം ഒടിച്ചു മടക്കി കളഞ്ഞിട്ടാ ഞാൻ നിന്റെ കൂടെയീ ഉടായിപ്പ് പണിക്ക് നടക്കുന്നത്.. നീ ഡ്രാമ കളിച്ചു പറ്റിക്കുന്നത് എന്റെ പെങ്ങളെയാണെന്നറിഞ്ഞിട്ടും ഞാൻ നിന്റെ കൂടെയല്ലേ നിൽക്കുന്നത്…കാരണമെന്താ…എനിക്ക് നീ കഴിഞ്ഞിട്ടേ ഈ ലോകത്ത് വേറെ ആരുമൊള്ളൂ.. നീയത് തിരിച്ചറിയുന്നില്ല.. അതെന്റെ തെറ്റാല്ലല്ലോ..? ”

മുണ്ട് മടക്കി കുത്തി ആദിക്കൊപ്പം തന്നെ നടന്നെത്തിക്കൊണ്ട് സഞ്ജു പറഞ്ഞു.അവന്റെ പറച്ചിലും ഭാവവും കണ്ടിട്ട് ആദി തലയാട്ടി ചിരിക്കുന്നുണ്ട്..”അല്ലേടാ.. ഡ്രാമ കളിച്ചിട്ടോടുവിൽ അവൾക്കെന്നോട് ശെരിക്കും പ്രേമം തുടങ്ങിയ സംഗതി കയ്യീന്ന് പോവില്ലേ?ന്യായമായൊരു സംശയത്തോടെ ആദി സഞ്ജുവിനെ നോക്കി.
“എന്റെ പേടി നീ ഡ്രാമ മറന്നിട്ട് ശെരിക്കും കേറി പ്രേമിക്കുമോ ന്നാ..”സഞ്ജു ചിരിയോടെ പറഞ്ഞു.”ഞാൻ.. അതും അവളെ.. നിനക്കെന്താട ഇത്രേം ബോധമില്ലേ… അവളെ പോലെ ഒരാൾ എന്റെ സങ്കൽപത്തിൽ പോലുമില്ല..”
ആദി നടത്തം നിർത്തി സഞ്ജുവിനെ തുറിച്ചു നോക്കി.

“സങ്കൽപമെന്നതെന്റെ പെങ്ങൾക്കുമുണ്ടാവില്ലേ അളിയാ. നിന്നെ പോലെ ഒരാളെ കേറി പ്രേമിക്കാൻ മാത്രം വിവരദോഷിയാണ് അവളെന്ന് എനിക്ക് തോന്നുന്നില്ല..”സഞ്ജുപുച്ഛത്തോടെപറഞ്ഞു.”എനിക്കെന്താടാകുറവ്…?”ആദികണ്ണുരുട്ടി.”കുറവല്ലല്ലോ.. നിനക്ക് കൂടുതലുള്ളതല്ലേ പ്രശ്നം.. നിന്റെ ഒടുക്കത്തെ ദേഷ്യം..”സഞ്ജു ചിരിയോടെ പറഞ്ഞു.”പിന്നെ.. നിന്റെ പെങ്ങളൊരു പഞ്ചപാവം..”ആദി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.”എങ്കിൽ ബെറ്റ് വെക്ക്… നീ ഡ്രാമ ഡ്രാമയായിട്ട് തന്നെ കാണുമെന്ന്..”സഞ്ജു നീട്ടി പിടിച്ച കയ്യിലേക്ക് രണ്ടാമതൊന്ന് ചിന്തിക്കാൻ കൂടി മിനക്കെട്ടാതെ ആദി കൈ ചേർത്തു.
“കാണാം.. ഞാനും ബെറ്റ് വെക്കുന്നു… എന്റെ പെങ്ങൾക്ക് മുന്നിൽ ഈ ഡ്രാമ കൊണ്ട് പിടിച്ചു നിൽക്കാൻ നിനക്ക് കഴിയില്ലെന്ന്…”
സഞ്ജു വെല്ലുവിളിയോടെ ആദിയെ നോക്കി.

അവനിലും ഒരു വാശിക്കാരൻ ഉണരുന്നുണ്ടായിരുന്നു… അപ്പോൾ മുതൽ.അങ്ങോട്ട് പോയപ്പോഴുള്ള മനസ്സല്ലായിരുന്നു അവിടെ നിന്ന് തിരിച്ചു നടക്കുമ്പോൾ രണ്ടുപേർക്കും.ഭാരമൊഴിഞ്ഞ മനസ്സോടെ വീണ്ടും എന്തൊക്കെയോ പറഞ്ഞു ചിരിച്ചുകൊണ്ട് അവർ വീട്ടിലേക്ക് നടന്നു..

🥰🥰

“ശോ എന്നാലും കഷ്ടമുണ്ടേട്ടാ… എനിക്ക് കാണാൻ പറ്റിയില്ലല്ലോ?”ലക്ഷ്മിയാരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് സഞ്ജു കയറി ചെന്നത്.ആരാ വിളിക്കുന്നതെന്ന് അവൻ കൈ കൊണ്ടാങ്യാം കാണിച്ചു ചോദിച്ചു.
ഏട്ടൻ.. ലക്ഷ്മി ശബ്ദമില്ലാതെ അവനെ നോക്കി ചിരിയോടെ ഉത്തരവുംപറഞ്ഞു.അടുക്കളയിലേക്കാണ് സഞ്ജു പോയത്. ഒരു ഗ്ലാസ്‌ വെള്ളമെടുതു കുടിച്ചവൻ തിരികെയിറങ്ങാൻ തുടങ്ങിയപോഴേക്കും ലക്ഷ്മി അങ്ങോട്ട്‌ വന്നു.”ഏട്ടനാ അമ്മേ വിളിച്ചത്…”അടുക്കളയിൽ തന്നെ നിൽക്കുന്ന നളിനിയെ നോക്കി ലക്ഷ്മി സന്തോഷത്തോടെ പറയുന്നത് കേട്ട് സഞ്ജുവും അവിടെ തന്നെ നിന്നു.

ഏട്ടനും ഫാമിലിയും ടൂറിലാണെന്ന് ലക്ഷ്മി പറഞ്ഞിട്ട് അവനും അറിയാം.ആഹാ.. അവരെന്ന തിരികെ വരുന്നത്.”നളിനി ചോദിച്ചു.മറ്റന്നാൾ വരുമെന്നാ പറഞ്ഞത്. പക്ഷേ വലിയൊരു വിശേഷവും കൊണ്ടാ ഏട്ടൻ വരുന്നത്..”ലക്ഷ്മി നിറഞ്ഞ ചിരിയോടെ നളിനിയെ നോക്കി.അതെന്താ ഏട്ടത്തി ഇത്രേം വലിയൊരു വിശേഷം.. ഏട്ടന് ലോട്ടറി വല്ലതും അടിച്ചോ…?”സഞ്ജു ചിരിയോടെ ചോദിച്ചു.
“ആഹ്.. ഒരു ലോട്ടറി തന്നെ.. പക്ഷേ നന്ദുവിനാണെന്ന് മാത്രം..”ലക്ഷ്മി അവന്റെ മുടിയൊന്ന് ചിക്കി കൊണ്ട് പറഞ്ഞു.

“ഒന്ന് തെളിയിച്ചു പറയന്റെ ലക്ഷ്മി നീ..”
നളിനി അവർക്കരികിലേക്ക് വന്നു നിന്ന് കൊണ്ട് ചോദിച്ചു.”ഏട്ടന്റൊരു ഫ്രണ്ട് ഉണ്ട്.. കാശ്മീരിൽ ആണവർ ഫാമിലിയായിട്ട്.. അയാളുടെ മകനുണ്ട്.. അവിടുത്തെ ഏതോ വലിയ ഓഫിസർ ആണെന്നൊക്കെ ഏട്ടൻ പറഞ്ഞറിയാം.. അവനു വേണ്ടി നന്ദുവിനെ പ്രൊപോസൽ ചെയ്തുവെന്ന്.. ” സന്തോഷത്തോടെയാണ് ലക്ഷ്മി പറയുന്നത്.പക്ഷേ സഞ്ജുവിന്റെ മനസിലെന്തോ… വല്ലാത്തൊരു ഫീലാണ്.അവന്റെ മുഖം മങ്ങി പോയിരുന്നു..

“നീ ആരെയെങ്കിലും കെട്ടി പോയെങ്കിൽ ഞാൻ രക്ഷപെട്ടു പോയേനെയെന്ന് നന്ദനയോട് നേരിട്ടു തന്നെ നിരവധി തവണ പറഞ്ഞവൻ പക്ഷേ ആ വിശേഷം കേട്ടത് മുതൽ അസ്വസ്ഥനായ് തുടങ്ങി..
“അവള് കുഞ്ഞല്ലേ ലക്ഷ്മി.. പഠനം പോലും പൂർത്തിയായില്ലല്ലോ… പിന്നെന്താ പെട്ടന്നിങ്ങനെ…?”സഞ്ജുവിന്റെ മനസ്സിലുള്ള ചോദ്യം നളിനിയാണ് ലക്ഷ്മിയോട് ചോദിച്ചത്.നന്ദുവിന്റെ വിവാഹത്തെ കുറിച്ച് അന്ന് ജ്യോത്സൻ പറഞ്ഞതെല്ലാം ലക്ഷ്മി അന്നാണ് അവരോട് പങ്ക് വെച്ചത്..അതോടെ നളിനിക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല.

“അവിടുന്ന് അവരുടെ കൂടികാഴ്ചയൊക്കെ കഴിഞ്ഞെന്ന്.. ഏട്ടൻ മടങ്ങി വന്നയുടനെ കാര്യങ്ങൾ തീരുമാനിക്കും ന്നാ പറഞ്ഞത്. അവരുടെ ബന്ധുക്കൾ നാട്ടിലുണ്ട്. തറവാട്ടിൽ വെച്ചാണ് കല്യാണമുണ്ടാവുകയെന്നൊക്കെ ഏട്ടൻ പറഞ്ഞു..”
ലക്ഷ്മി വല്ലാത്തൊരു ആവേശത്തിലാണ് പറയുന്നത്.
പക്ഷേ ആ ഓരോ വാക്കുകളും സഞ്ജുവിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു.കൂടുതൽ നേരം അവിടെ നിൽക്കാൻ വയ്യാതെ തിരിഞ്ഞു നടക്കുമ്പോഴും ലക്ഷ്മി പിറകിൽ നിന്നും നളിനിയോട് പറയുന്ന വാക്കുകൾക്ക് നേരെ അവന്റെ മനസ്സും കാതും വാശിയോടെ കാതോർത്തു…

💞💞

ആദി ചെല്ലുമ്പോൾ പ്രിയ നാമം ജപിക്കുന്നത് നിർത്തി എഴുന്നേൽക്കുന്നതാണ് കണ്ടത്.അവനെ കണ്ടതും അവളാ വിളക്കുമായി ഒരു നിമിഷം അവിടെ തന്നെ നിന്നു.ഓഫ് വൈറ്റ് കളറിൽ ഒരു ചുരിദാറാണ് വേഷം.മുടി വിടർത്തി കുളി പിന്നാലിട്ടിരിക്കുന്നു..
നെറ്റിയിൽ നീളത്തിൽ വരച്ചു വെച്ച ചന്ദനക്കുറി..ആ വെളിച്ചത്തിൽ അവൾക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.അവനെ നോക്കാതെ നിൽക്കുന്ന പ്രിയയുടെ മുഖത്തിലൂടെ ആദിയുടെ കണ്ണുകൾ ഒരു നിമിഷം ഓടി കളിച്ചു.”നീ എവിടെ പോയതാടാ.. ഈ മൂവന്തി നേരത്ത്..?”മാഷിന്റെ ചോദ്യം കേട്ടതും ആദിയൊന്നു ഞെട്ടി.അവൻ മിഴികൾ പിൻവലിക്കും മുൻപ് തന്നെ പ്രിയ അവനെ നോക്കിയിരുന്നു.
ഒരു നിമിഷം നോട്ടമിടഞ്ഞു..

“വിശ്വാസമുണ്ടോ ഇല്ലയോ എന്നല്ല ആദി.. ഈ നേരത്തിങ്ങനെ ഇറങ്ങി നടന്നൂട..”മാഷ് ഓർമ്മിപ്പിച്ചതും ആദി അദ്ദേഹത്തെ നോക്കി.
“ഞാനും സഞ്ജുവും ആ കുന്നിൽ മുകളിൽ…”
പറയുന്നതിനിടെ തന്നെ അവന്റെ നോട്ടം വീണ്ടും പ്രിയക്ക് നേരെ നീണ്ടു.”മനസ്സിൽ വല്ലതും വന്നാ എന്തിനാ നീയിങ്ങനെ അങ്ങോട്ട് ഓടുന്നത്.. നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഷെയർ ചെയ്യാനാണ് ഇവിടെ നിന്റെ പെണ്ണുള്ളതെന്ന് നീ മറന്നോ..നിനക്കിപ്പോഴൊരു ഭാര്യയുണ്ട്. മനസ്സിലുള്ളതെന്തും നിങ്ങൾക്ക് പരസ്പരം പങ്ക് വെക്കാമല്ലോ..”മാഷ് പറഞ്ഞതും വീണ്ടും രണ്ട് പേരുടെയും നോട്ടമിടങ്ങു.. ഒരിക്കൽ കൂടി.
രണ്ട് പേരുടെയും മനസ്സിൽ സഞ്ജുവിന്റെ വാക്കുകളുണ്ടായിരുന്നു ആ നിമിഷം.
ഒരേ ലക്ഷ്യത്തിലേക്ക് രണ്ട് ധ്രുവങ്ങളിലുള്ള സഞ്ചാരികളായിരുന്നു അവരാ നിമിഷം മുതൽ..

“മുന്നേ നീയും നിന്റെ സങ്കടങ്ങളുമായി ഒറ്റക്കായിരുന്നു. ഇപ്പോഴങ്ങനെയല്ലല്ലോ കഥ.. നിനക്കിവളും ഇവൾക്ക് നീയും സ്വന്തമാണ്.. പിന്നെങ്ങനെ ഒറ്റകാവും..”മാഷ് വീണ്ടും പറഞ്ഞു.പ്രിയക്ക് വീണ്ടും അവന്റെ നോട്ടം താങ്ങി നിൽക്കാനുള്ള ശേഷിയില്ലായിരുന്നു..അവൾ വേഗം വിളക്കുമായി അകത്തേക്ക് നടന്നു..”നീയാ രതീഷിനെ വിളിച്ചിരുന്നോ.. നിന്നെ വിളിച്ചു കിട്ടിയില്ലെന്നു പറഞ്ഞുകൊണ്ടവൻഎന്നെവിളിച്ചിരുന്നു.”അകത്തേക്ക് നടക്കാനൊരുങ്ങിയ ആദി മാഷ് പറഞ്ഞത് കേട്ട് തിരിഞ്ഞു നിന്നു.”ആഹ്.. ഞാൻ വിളിച്ചിരുന്നു. ഇന്നവൻ വരാമെന്നു പറഞ്ഞതാണ്.. ഞാനെന്റെ ഫോണെടുത്തി ല്ല.. മുറിയിലുണ്ടത്. അത് കൊണ്ടാവും മുത്തച്ഛനെ വിളിച്ചത്..”

ആദി മാഷിനെ നോക്കി പറഞ്ഞു.
“ഒരു cctv യുടെ ആവിശ്യം സ്കൂളിൽ ഉണ്ടോടാ മോനെ..?മാഷ് ചെറിയൊരു ചിരിയോടെ ആദിയെ നോക്കി”ഇത് വരെയും ഇല്ലായിരുന്നു മുത്തച്ഛ. പക്ഷേ ഇപ്പോഴത് അവിടെ അത്യാവശ്യമായിരിക്കുന്നു. അധ്യാപകരുടെ കുപ്പായത്തിനുള്ളിൽ ഇപ്പൊ നമ്മുടെ സ്കൂളിലുള്ളത് കുറെ ചതിയൻമാരാണ്.ആദ്യമേ അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇന്നീ അവസ്ഥയെനിക് വരില്ലായിരുന്നു.. അതിനി പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞത് കഴിഞ്ഞു. നല്ലതായാലും ചീത്തയായാലും.പക്ഷേ ഇനി വരാതെ നോക്കേണ്ടതാണ്വിവേകത്തോടെചെയ്യേണ്ടത്..ഞാനത് ചെയ്യുന്നു..”അത് പറയുമ്പോൾ ആദിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.

അവനെന്തൊക്കെയോ സംശയങ്ങളുണ്ടെന്ന് മാഷിനുറപ്പായി..”നിനക്ക് ശെരിയെന്നു തോന്നുന്നത് ചെയ്യുക.. തീർച്ചയായും നിനക്കത്തിനുള്ള അവകാശമുണ്ട്..”മാഷ് ചിരിയോടെ പറഞ്ഞു.അപ്പോഴേക്കും വിളക്ക് പൂജ മുറിയിൽ കൊണ്ട് വെച്ചിട്ട് പ്രിയ അങ്ങോട്ട്‌ വന്നു.അവളെയൊന്ന് നോക്കിയിട്ട് ആദി അകത്തേക്ക് കയറി..”എനിക്കൊന്ന് ഫോൺ തരുവോ മുത്തച്ഛ.. വീട്ടിലേക്കൊന്ന് വിളിക്കാൻ..”മാഷിനോടത് ചോദിക്കാൻ അവൾക്കൊരുമടിയുണ്ടായിരുന്നു.പക്ഷേ വീട്ടിലെ കാര്യങ്ങളറിയാതെ അവൾക്ക് വല്ലാത്തൊരു ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.

“നിന്റെ ഫോൺ ആദി കൊണ്ട് വന്നില്ലേ ഇന്ന്..?”
മാഷ് ചോദിച്ചുഅവൾ ഇല്ലെന്ന് ചോദിച്ചു..”നീ ചോദിച്ചതുമില്ലേ?”അതിനും പ്രിയ ഇല്ലെന്ന് തലയാട്ടി.”ഞാൻ… ഞാനിന്ന് മറന്നു പോയതാ മുത്തച്ഛ..മണിയേട്ടൻ എന്നെയെല്പിച്ചു തന്നിരുന്നു കൃഷ്ണപ്രിയയുടെ ബാഗ്..”അവരുടെ സംസാരം കേട്ട ആദി അങ്ങോട്ട് വന്നിട്ട് പറഞ്ഞു.”എനിക്കൊന്ന് അങ്ങാടിയിൽ പോവണമായിരുന്നു.. വന്നിട്ട് വിളിച്ചാൽ മതിയോ..?”
മാഷ് പ്രിയയെ നോക്കി.

“യ്യോ. മാഷിപ്പോ പോണതെന്തിനാ..?”
ഫോൺ കിട്ടില്ലെന്നുള്ളതല്ലായിരുന്നുവപ്പോൾ പ്രിയയുടെ വേവലാതി.”ഞാൻ സ്ഥിരമായി പോവാറുണ്ടായിരുന്നു മോളെ .. ബാലാനും കൂടെയുണ്ടാകും.”
അവളുടെ പരവേശം കണ്ടതും മാഷൊരു ചിരിയോടെ പറഞ്ഞു.”ഞാനിവിടെ ഒറ്റക്ക് നിൽക്കണ്ടേ..?”
പ്രിയ പിറകിൽ ആദി നിൽക്കുന്നത് മറന്ന് കൊണ്ട് ചോദിച്ചു.”ഏഹ്.. ഇവനെയപ്പോ നീ മനുഷ്യനായി പരിഗണിക്കുന്നില്ലേ?”ആദിയെ ചൂണ്ടി മാഷ് ചോദിച്ചതും പ്രിയ വിളറി കൊണ്ട് തിരിഞ്ഞു നോക്കി.
എന്നിട്ട് മാഷിനെ നോക്കി ചുണ്ട് ചുളുക്കി..”നിന്ന് കൊഞ്ചാതെ അകത്തു കയറി പോ പെണ്ണേ..”
അവളുടെ ഭാവം കണ്ടതും തലയ്ക്കൊരു കൊട്ട് കൊടുത്തു കൊണ്ട് മാഷിറങ്ങി പോയി.

തനിക്ക് നേരെ ഒളി കണ്ണിട്ട് നോക്കുന്നവളുടെ നേരെ നോക്കുമ്പോൾ ആദിക്ക് ചിരി വന്നു.അവൾ കാണാനായി ഫോണെടുത്തു മേശപുറത്തേക്ക് വെച്ച് കൊണ്ടവൻ പ്രിയയെ നോക്കി.”നമ്പർ അറിയുമെങ്കിൽ വിളിച്ചോ.. ബാഗും ഫോണും ഞാൻ നാളെ കൊണ്ട് വരാം..പതിവില്ലാതെ ശാന്തതയോടെ പറയുന്നവനെ പ്രിയ ഞെട്ടി കൊണ്ട് നോക്കി.പക്ഷേ അവനപ്പോഴേക്കും അകത്തേക്ക് തിരിഞ്ഞു നടന്നിരുന്നു…

…..തുടരും..

കൃഷ്ണ പ്രിയ ബോൾഡായിരുന്നു തുടക്കത്തിൽ..
ഇപ്പൊ കുറച്ചു വീക്ക് ആയത് പോലൊരു തോന്നാലില്ലേ… എനിക്കറിയാം..കൊഞ്ചാനും കൊഞ്ചിക്കാനും ആളുണ്ടെങ്കിൽ.. ഇടമുണ്ടെങ്കിൽ… ഓരോ സ്ത്രീകളും ഉള്ളിൽ പാത്തു വെച്ചൊരു കുഞ്ഞ് പെൺകുട്ടിയെ പുറത്ത് ചാടിക്കും കേട്ടോ കാരണം പലപ്പോഴും എനിക്ക് വയസ്സ് അഞ്ചാവുന്ന നിരവധി സന്ദർഭങ്ങളുണ്ടാവാറുണ്ട്..പിന്നെയാ പെണ്ണിന് ചെറുതായി പ്രണയപനി തുടങ്ങുന്നുണ്ടോ ന്നൊരു സംശയം.. പോരെ പൂരം..എഡിറ്റിങ് ചെയ്യാൻ ടൈം കിട്ടിയില്ല.. അക്ഷരതെറ്റിനെ കണ്ടാൽ മൈന്റ് ചെയ്യണ്ടാ ട്ടാ സ്നേഹത്തോടെ jiff❣️