രചന – രോഹിണി ആമി
പദ്മ തന്റെ ടിഫിൻ ബോക്സ് എടുത്തു വന്നു ഒരു ബെഞ്ചിൽ ഇരുന്നു.. കൂടെ ഇരിക്കാൻ കണ്ണു കൊണ്ട് കാണിച്ചു… അവൾ മടിച്ചു മടിച്ചു ഇരുന്നു… ആ ബോക്സ് തുറന്നപ്പോൾ ആ കണ്ണു മിഴിഞ്ഞു… വാ തുറന്നു നിന്നു… അത്ഭുതമോ സന്തോഷമോ എന്തൊക്കെയോ ആ മുഖത്തു തെളിഞ്ഞു….. കഴിക്കാൻ തയ്യാറായി ചമ്രം പടഞ്ഞു ബെഞ്ചിൽ ഇരുന്നു….
പദ്മ അവൾക്ക് മുന്നിലായി ടിഫിൻ ബോക്സ് വെച്ചു..അതിനുള്ളിൽ നിന്ന് മുട്ട പൊരിച്ചതും തോരനും എടുത്ത് മാറ്റി വെച്ചു… കുറച്ചു മോരു കറി ഒഴിച്ചു കൊടുത്തു… എന്നിട്ട് കഴിക്കാൻ പറഞ്ഞു…. അവൾ കയ്യിട്ടു പതിയെ വാരി കഴിച്ചു.. പദ്മ മുട്ടയ്ക്കുള്ളിലെ മുളക് മാറ്റി ചെറിയ പീസ് ആക്കി കൊടുത്തു… ഇടയ്ക്കിടെ അവൾ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു…. ഇത്രയും രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്ന് തോന്നും വിധത്തിൽ ആയിരുന്നു അവളുടെ കഴിപ്പ്… പദ്മ അവളെ നോക്കിയിരുന്നു… ഒരു സുന്ദരി കുഞ്ഞാ.. കണ്ടിട്ട് ചെറിയ ക്ലാസ്സിലാ… യൂണിഫോം ഒക്കെ വൃത്തിയുണ്ട് പക്ഷേ തേച്ചിട്ടൊന്നുമില്ല.. മുടി നനവോടെ കെട്ടുന്നതിന്റെ ആവും.. കനച്ച എണ്ണയുടെ മണം അടിക്കുന്നുണ്ട്…. അവസാന വറ്റും വടിച്ചു കഴിച്ചിട്ട് അവൾ പദ്മയെ ഒന്ന് നോക്കി… എന്നിട്ട് ടിഫിൻ ബോക്സ് എടുക്കാൻ തുടങ്ങി…. പദ്മ തടഞ്ഞു….
വേണ്ട.. ഞാൻ കഴുകിക്കൊള്ളാം… പോയി കൈ കഴുകീട്ടു വന്നു പാത്രം വാങ്ങിച്ചോ കേട്ടോ…. പദ്മ പറഞ്ഞത് കേട്ട് തലയും കുലുക്കി കൈ കഴുകാൻ ഓടി..
അവളുടെ ചോറ് തന്റെ പാത്രത്തിലേക്ക് ആക്കിയിട്ട് പാത്രം കഴുകി അവളെ കാത്തു നിന്നു… കുണുങ്ങി കുണുങ്ങി വരുന്നുണ്ട്… പാത്രം തിരിച്ചു എല്പിക്കുമ്പോൾ അവൾ ചോദിച്ചു “”മുഴുവൻ ചോറും ഉണ്ടോ “”… പദ്മ തലയാട്ടി….
പേരെന്താ….
മിന്നു മാധവൻ…
മിന്നൂ.. ഇനി ഭക്ഷണം കഴിക്കും മുന്നേ നഖം എല്ലാം വെട്ടിക്കളയണം.. കേട്ടോ… ഇല്ലെങ്കിൽ അസുഖം വരില്ലേ …. പദ്മ അവളുടെ കുഞ്ഞു താടിയിൽ പിടിച്ചു പറഞ്ഞു….
അവൾ സ്വന്തം കൈനഖം തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു…. എന്നിട്ട് പദ്മയുടെ കൈകളിലേക്കും… പദ്മ സ്വന്തം കയ്യിലേക്ക് നോക്കി.. ഈശ്വരാ രണ്ടു കയ്യിലും നഖം.. നീട്ടി വളർത്തിയേക്കുവാ… പിശാശിനെപ്പോലെ.. അവൾ അത് മറയ്ക്കാൻ ശ്രമിച്ചു…. ബെല്ലടിച്ചപ്പോഴേക്കും അവൾ തിരിഞ്ഞു നോക്കി നോക്കി ഓടിപ്പോയി….
അധികം അടുപ്പിക്കണ്ടാട്ടോ…. എടങ്ങേറ് ആവും…. ആ കൊച്ചിനോട് അധികം സ്നേഹം കാണിച്ചാൽ അതിന്റെ അപ്പൻ വന്നു കണ്ണു പൊട്ടുന്ന ചീത്ത പറയും… അതും കുടിച്ചു വന്നിട്ട്…. അയാളൊരു ഫുൾ ടൈം നാൽക്കാലിയാ….. ടീച്ചർ ആണെന്നൊന്നും നോക്കില്ല… വല്ലാത്ത സാധനം ആണ്… ആ കുട്ടിയുടെ അവസ്ഥ കണ്ടിട്ട് ഇവിടെയുള്ള മിക്ക ടീച്ചേഴ്സും അവളെ സഹായിക്കാറുണ്ടായിരുന്നു… അത് അറിഞ്ഞു അവളുടെ അച്ഛൻ ഇവിടെ വന്നു എല്ലാവരെയും അടക്കി ചീത്ത പറഞ്ഞു… അയാളുടെ ചീത്ത കേൾക്കാത്തവർ ഇവിടെ ചുരുക്കം ആണ്.. അയാൾ വല്യ അഭിമാനിയാ…. ഇപ്പോൾ അതുകൊണ്ട് ആരും അടുക്കാറില്ല ആ കുട്ടിയോട് ….
ആ കുട്ടി പോകുന്നതും നോക്കി നിന്ന പദ്മയുടെ അടുത്ത് വന്നു കൂടെയുള്ള ടീച്ചർ പറഞ്ഞു… ബെല്ലടിച്ചതിനാൽ കൂടുതൽ ഒന്നും ചോദിക്കാൻ സാധിച്ചില്ല…. അവളും ക്ലാസ്സിലേക്ക് പോയി…
വീട്ടിലെത്തിയപ്പോൾ അമ്മയെ ആ ചോറു കാണിച്ചു.. ഇന്നത്തെ വിശേഷം മുഴുവൻ പങ്കു വെച്ചു… എന്നിട്ട് നഖം വെട്ടിക്കൊണ്ട് മിന്നു ഇന്ന് പഠിപ്പിച്ച പാഠവും പറഞ്ഞു കൊടുത്തു .. അവനവൻ നന്നായിട്ടേ മറ്റൊരാളെ നന്നാക്കാൻ പോകാവൂ…. അമ്മയിരുന്നു ചിരി ആയിരുന്നു.. ആ ചിരി കളയേണ്ടെന്ന് കരുതി മനഃപൂർവം ചേച്ചിയെ കണ്ട കാര്യം പറഞ്ഞില്ല….
ഉറങ്ങാൻ കിടക്കുമ്പോളും ആ കുഞ്ഞിന്റെ വിടർന്ന കണ്ണുകൾ ആയിരുന്നു മനസ്സിൽ… ഇതാണോ കഥ പറയുന്ന കണ്ണുകൾ എന്നൊക്കെ പറയുന്നത്… അവളെ ഓർക്കുമ്പോൾ പുഞ്ചിരി വന്നു പോകും മുഖത്ത്…
പിറ്റേന്ന് സ്കൂളിൽ ചെല്ലുമ്പോൾ ചുറ്റിനും ഒന്ന് നോക്കി.. പക്ഷേ ആളിനെ കണ്ടില്ല… ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കയ്യും കഴുകി വന്നപ്പോളാ വരാന്തയിൽ ഒരു മുഖം കണ്ടത്… ഞാൻ നോക്കിയെന്ന് കണ്ടപ്പോൾ കയ്യിലിരുന്ന ചോറ്പാത്രം എടുത്തു പൊക്കി കാണിച്ചു…. എന്നിട്ട് കൈ ആട്ടി വിളിച്ചു… ചെല്ലാതിരിക്കാൻ തോന്നിയില്ല… എല്ലാവരുടെയും നോട്ടം അവഗണിച്ചു അവൾക്കരികിൽ ചെന്നു.. ചെന്ന ഉടനെ പാത്രം എന്റെ കയ്യിൽ തന്നു….
ഇത് തന്ന സ്ഥിതിക്ക് ഞാൻ എന്റെ ടിഫിൻ ബോക്സ് കൊടുക്കണ്ടേ…. അയ്യോ ദൈവമേ വിശന്നിട്ട് കണ്ണു കാണാൻ വയ്യ… ഇന്ന് പട്ടിണി കിടക്കാനാണോ വിധി…. ഓർത്ത് നിന്നപ്പോൾ മിന്നു സാരിയിൽ പിടിച്ചു വലിച്ചു…
ഇന്നലെ ടീച്ചറിന്റെ ചോറ് കഴിച്ചതിനു അമ്മച്ചി വഴക്ക് പറഞ്ഞു… ഇനി വാങ്ങരുതെന്ന് പറഞ്ഞു… ടീച്ചറിന് ഇത് ഇഷ്ടവല്ലേ..അതോണ്ട് ഞാൻ ഒരു ചോറും കൂടി കൊണ്ടു വന്നതാ….. അമ്മച്ചി കാണാതെ… എന്നിട്ട് ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ഓടിപ്പോയി….
പദ്മ ആകെ പ്ലിങ്ങി നിൽക്കുകയാണ്… ദൈവമേ ഇത് ഞാൻ കഴിക്കണോ… അതും ആ കുഞ്ഞ് ഇഷ്ടത്തോടെ തനിക്ക് വേണ്ടി മോഷ്ടിച്ചുകൊണ്ട് വന്ന ഭക്ഷണം….. ആരും കാണാതെ അത് സാരിക്കിടയിൽ മറച്ചു….. വൈകുന്നേരം മിന്നുവിനെ തിരഞ്ഞു പിടിച്ചു അവൾക്ക് വിഷമം ആവാത്ത വിധത്തിൽ പറഞ്ഞു ഇനി ഇങ്ങനെ കൊണ്ടു വരേണ്ട എന്ന് … ആ കുഞ്ഞു മുഖത്തു വിഷമം ഉണ്ടായെങ്കിലും ചെറിയൊരു ആശ്വാസം കൂടി ഉണ്ടായിരുന്നു അതിൽ… ഇനി മോഷ്ടിക്കണ്ടല്ലോ എന്നാവും…
വീട്ടിൽ ചെന്നു പറഞ്ഞപ്പോൾ അമ്മ അടിച്ചില്ലെന്നേ ഉള്ളൂ…. അച്ഛനും അമ്മയും ആ പാത്രം നോക്കി താടിക്ക് കയ്യും കൊടുത്തിരുന്നു… കൂടെ ഞാനും…. വീട്ടിൽ ഒന്നും വെക്കുന്നതാണെന്ന് ഇവളെ കണ്ടാൽ പറയില്ലേ.ഈശ്വരാ …അമ്മ എന്നെ നോക്കി പറഞ്ഞു ..
പിറ്റേന്ന് അതിൽ നിറയെ പലഹാരം തന്നുവിട്ടു അമ്മ..അവൾക്ക് കൊടുക്കാൻ… ഇനി ഇത് ആവർത്തിക്കരുതെന്ന വാണിംഗും…. എന്നും കാണാൻ വരും മിന്നു.. തനിച്ചാ വരവൊക്കെ.. വരാന്തയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും എത്തി നോക്കി നടക്കും… ഇതിനിടയിൽ തന്റെയൊരു ചിരി കിട്ടിയാൽ ആൾ ഹാപ്പി ആയിട്ട് പൊയ്ക്കോളും….. ഡെയിലി കണ്ടു കണ്ട് കാണാതിരിക്കുമ്പോൾ പദ്മയ്ക്കും ഒരു വെപ്രാളം ആണ്.. ആ സമയം ആവുമ്പോൾ അറിയാതെ വെളിയിലേക്ക് നോട്ടം പോകും …
രാവിലെ ക്ലാസ്സിൽ കയറാൻ തുടങ്ങുമ്പോളാണ് അച്ഛന്റെ കാർ സ്കൂളിലേക്ക് വരുന്നത് കണ്ടത്… കൂടെ അമ്മയും ഉണ്ട്…. പെട്ടെന്ന് അവർക്കരികിലേക്ക് ഓടി വന്നു… അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ ഒരു വിഷമം വന്നു മൂടി.. വിഷ്ണുവിന്റെ അച്ഛൻ മരിച്ചെന്നു…. ലീവ് പറഞ്ഞിട്ട് അങ്ങോട്ടേക്ക് പോയി… അന്ന് ഇറങ്ങിയതിന് ശേഷം ഇതിപ്പോ ആദ്യമായിട്ടാണ് ആ വീട്ടിലേക്ക് … ചേച്ചിക്കൊപ്പം കുറച്ചു നേരം ചിലവഴിക്കാം.. അതും കൂടി ഉണ്ടായിരുന്നു ലക്ഷ്യം… പക്ഷേ ചേച്ചി അവിടെ ഉണ്ടായിരുന്നില്ല.. അറിയിച്ചിട്ടുണ്ട് പക്ഷേ ഇതുവരെ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് .. വിഷ്ണുവും ഹരിയും ഒരു മൂലയ്ക്ക് ഇരിപ്പുണ്ടായിരുന്നു.. അച്ഛൻ അവർക്കരികിൽ പോയിരുന്നു… പദ്മ അമ്മ ഇരിക്കുന്നിടത്തേക്ക് ചെന്നു… ചുറ്റും ആരൊക്കെയോ ഉണ്ട്.. അച്ഛന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്… താനിവിടെ വന്നു കുറച്ചു ദിവസങ്ങളെ നിന്നുള്ളു… അപ്പോഴൊക്കെയും രണ്ടാളെയും ഒരുമിച്ച് അല്ലാതെ കണ്ടിട്ടില്ല.. അമ്മയെ കുറച്ചു നേരം കണ്ടില്ലെങ്കിൽ മെല്ലെ നടന്നു തേടി വരും….
പദ്മ അമ്മയ്‌ക്കരികിലേക്ക് ചെന്നു.. അവളെ കണ്ടപ്പോഴേക്കും കുഞ്ഞു കുട്ടികൾ വിതുമ്പി കരയും പോലെ കരഞ്ഞു… അവൾ അവരെ ചേർത്തു പിടിച്ചു…. ഇത്രയും നേരം കരയാതെ നിന്ന അമ്മ പദ്മയെ കണ്ട് കരഞ്ഞപ്പോൾ മക്കൾ രണ്ടാളും മാത്രമല്ല അവിടെ നിന്നവർ എല്ലാവരും നോക്കി…. കൊച്ചുകുഞ്ഞുങ്ങളെ പോലെ അവളുടെ ദേഹത്തു നിന്നും മാറാതെ ചേർന്ന് ഇരുന്നു… ഹിമയ്ക്ക് വേണ്ടി കുറച്ചു നേരം കൂടി കാത്തു…. ഫലമുണ്ടെന്ന് തോന്നിയില്ല… അച്ഛന്റെ കർമങ്ങൾ എല്ലാം മക്കൾ രണ്ടാളും ചെയ്യുന്നത് ഒരു ഏങ്ങലോടെയാണ് അമ്മ കണ്ടത്… ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ അത് കാണാതിരിക്കാൻ പദ്മയുടെ മാറിലേക്ക് ചാഞ്ഞു അവർ ….. വിഷ്ണുവും ഹരിയും തമ്മിൽ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എല്ലാവരിലും എന്നപോലെ പദ്മയിലും വിഷമം ഉണ്ടാക്കി… അമ്മ ഇടയ്ക്ക് പദ്മയെ ഒന്ന് നോക്കി “ഹിമ” എന്നു മാത്രം ചുണ്ടനക്കി….. ഇല്ലെന്ന് പദ്മ തലയിളക്കി കാണിച്ചു… രാത്രി ആയപ്പോളേക്കും അമ്മ ശരിക്കും ക്ഷീണിച്ചു…. കയ്യൊക്കെ തളർന്നു വീഴാൻ തുടങ്ങി …പദ്മ തന്നെ നനഞ്ഞ തുണി കൊണ്ട് മുഖവും കഴുത്തും തുടച്ചു ഡ്രസ്സ് ഒക്കെ മാറ്റിക്കൊടുത്തു അമ്മയ്ക്ക് ….. നിർബന്ധിച്ചു കുറച്ചു കഞ്ഞി കോരിക്കുടിപ്പിച്ചു എന്നിട്ട് എന്നുമുള്ള ടാബ്ലറ്റ് കൊടുത്തിട്ട് കിടത്തി…പദ്മയുടെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട്…. ഉറങ്ങി എന്ന് ബോധ്യമായപ്പോൾ കൈ വിടുവിച്ചു പുതപ്പിച്ചു കിടത്തി… പദ്മയുടെ അമ്മ ഇതെല്ലാം നോക്കി അവർക്കരികിൽ ഇരുന്നു…. പദ്മയുടെ മുഖത്തു നിന്നും കണ്ണു പറിക്കാതെ…..
വിഷ്ണുവിന്റെയും ഹരിയുടെയും അടുത്തുണ്ടായിരുന്നു അച്ഛൻ …. പദ്മ അടുത്തു വന്നിട്ട് “പോകാം അച്ഛാ ” എന്നു ചോദിച്ചു….
ഇവിടുത്തെ അമ്മ…….. അച്ഛൻ ചോദിച്ചു.. വിഷ്ണുവും ഹരിയും അവളുടെ മറുപടി അറിയാൻ കാത്തു….
ഒരുവിധത്തിൽ അവളൊന്ന് ഉറക്കി…. അമ്മയാണ് മറുപടി പറഞ്ഞത്…..
അച്ഛൻ രണ്ടാളുടെയും തോളിൽ തട്ടി ആശ്വസിപ്പിച്ചു…. പദ്മ ഇറങ്ങിയപ്പോൾ നാലു കണ്ണുകളും നന്ദിയോടെ പദ്മയിൽ തന്നെ ആയിരുന്നു…
അച്ഛനും കൂടി അടുത്തു നിന്നും പോന്നപ്പോൾ ആ മക്കളുടെ കണ്ണുകളിൽ വിഷമമോ നിരാശയോ എന്തൊക്കെയോ ആയിരുന്നുവെന്ന് കാറിലിരുന്നപ്പോൾ അമ്മ സങ്കടത്തോടെ പറഞ്ഞു ….
എന്നാലും ചേച്ചി വരാത്തതിൽ ആയിരുന്നു എനിക്ക് സങ്കടം…. ആ അമ്മയ്‌ക്കരികിൽ ചേച്ചി വേണമായിരുന്നു.. അവർ ആഗ്രഹിച്ചിരുന്നു അത്…. വാ തുറന്നു ചോദിച്ചതും അത് മാത്രമായിരുന്നു ചേച്ചി വന്നുവോന്ന് …പാവം….ആ അമ്മയുടെ മുഖം വല്ലാത്തൊരു വേദന ഉണ്ടാക്കുന്നത് പോലെ… കുറച്ചു നാളുകളെ കൂടെ ഉണ്ടായിരുന്നു എങ്കിലും തനിക്കു നല്ലത് മാത്രം വരാൻ ആഗ്രഹിച്ച ഒരാളായിരുന്നു അച്ഛൻ…. ആദ്യമായിട്ട് ചേച്ചിയോട് ദേഷ്യം തോന്നുന്നു …. അത്രയും നേരം പിടിച്ചു നിർത്തിയ കണ്ണുനീരിനെ കെട്ടഴിച്ചു വിട്ടു പദ്മ…
പിറ്റേന്ന് സ്കൂളിൽ പോകാൻ തോന്നിയില്ല… മനസ്സിനും ശരീരത്തിനും സുഖമില്ലാത്തത് പോലെ.. ചേച്ചിയെ വിളിച്ചു നോക്കി… താൻ പറയുന്നത് ചെവി കൊള്ളില്ലെങ്കിലും ആ അമ്മയുടെ കാര്യം ഒന്ന് പറയണം എന്ന് തോന്നി… അമ്മ ചേച്ചിയെ അടുത്ത് വേണം ന്ന് ആഗ്രഹിക്കുന്നുണ്ട് എന്ന് പറയണം… പക്ഷേ കട്ട് ആക്കി വിടുവാണ്… രണ്ടു മൂന്നു വട്ടം വിളിച്ചിട്ട് ആ ശ്രമം അങ്ങുപേക്ഷിച്ചു…..
“സ്വന്തം അമ്മയുടെ വിഷമം കാണാൻ സാധിച്ചിട്ടില്ല അവൾക്ക്.. പിന്നെ കെട്ടിയോന്റെ അമ്മയുടെ വിഷമം മനസ്സിലാകുമോ”… അമ്മ പിറകിൽ നിൽക്കുന്നത് അറിഞ്ഞില്ല….
പദ്മയ്‌ക്കൊപ്പം വന്നിരുന്നു.. ചായ അവളുടെ കയ്യിൽ പിടിപ്പിച്ചു… “എന്നാലും അവളൊന്നു വന്നില്ലല്ലോ അമ്മേ … സ്വന്തം അച്ഛനെ പോലെ തന്നെ അല്ലേ അദ്ദേഹം അവൾക്ക് “…. അത് പറയുമ്പോൾ ആ അമ്മയൊന്നു ഞെട്ടി പദ്മയുടെ മുഖത്തേക്ക് നോക്കി… പിന്നെ ഒരു ദീർഘശ്വാസം വിട്ടു… അതിനർത്ഥം പദ്മയ്ക്കും മനസ്സിലായിരുന്നു.. ഇവിടെ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും പറ്റിയാലും അവളെ പ്രതീക്ഷിക്കേണ്ടെന്ന്…. പദ്മ അമ്മയെ ആശ്വസിപ്പിക്കാൻ വേണ്ടി ചേർത്തു പിടിച്ചു……..
ഓടി വരും..

by