രചന – റോസാ തോമസ്
കാറിൽ നിന്ന് ഇറങ്ങി അമ്മച്ചിയുടെ അടുത്തേക്ക് ആനി നടന്നു…പുറകെ മാലിനിയും… ഡ്രൈവർ കാറിൽ തന്നെ വെയിറ്റ് ചെയ്തു. ഇതെന്താ എല്ലാവരും പുറത്തുനിൽക്കുന്നെ.. വാ അകത്തോട്ട് കയറിയിരിക്കാം.. ആനി പറഞ്ഞു. അത്…. ആനി.. കുറച്ചു കടത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ.. വീടിന്റെ ആധാരം വെച്ച് ലോണെടുത്ത കാര്യം.. അടയ്ക്കാൻ പറ്റിയില്ല.. കുറച്ചു ക്യാഷ് റെഡിയാകുമെന്ന് വിചാരിച്ചത് പോലും റെഡിയായില്ല… ഇന്ന് വീടിന്റെ ജപ്തിയാണ്.. കൊള്ളാം നിസാരമായി പറഞ്ഞു കഴിഞ്ഞല്ലോ റോയി… നമ്മുടെ അപ്പച്ചനെ നീ ഓർത്തോ… പണയം വെക്കാൻ നേരം അമ്മച്ചിയോട് ഒന്നു പറയാൻ പോലും മറന്നു.. അപ്പച്ചൻ എത്രമാത്രം കഷ്ടപ്പെട്ട് പണിത വീടാണ്.. ബിസിനസ് എന്ന പേരും പറഞ്ഞ് എത്രയോ ലക്ഷം രൂപയാണ് നീ തട്ടി കളിച്ചു കളഞ്ഞത്..
വിഷമമുണ്ട് റോയ്.. വിഷമമൊക്കെ എല്ലാവർക്കും ഉണ്ട്..മനപ്പൂർവ്വം ഒന്നുമല്ല… അങ്ങനെയൊക്കെ പറ്റിപ്പോയി…നിന്നോട് വന്നു ഞാൻ കുറച്ച് ക്യാഷ് ചോദിച്ചതല്ലേ…… തന്നില്ലല്ലോ.. എന്നിട്ട് ഇപ്പോ അവസാനം നിമിഷം വന്നു..പറയാൻ ഒക്കെ എല്ലാവർക്കും എളുപ്പമാണ്… ഓഹോ.. അപ്പോൾ ഞാനാണ് കുഴപ്പക്കാരി അല്ലേ.. റോയ് വന്ന് ക്യാഷ് ചോദിക്കുമ്പോൾ എന്റെ അവസ്ഥ അറിയായിരുന്നല്ലോ.. എന്റെ പൊന്ന് ആനി.. ഞാൻ പരാതി പറഞ്ഞത് ഒന്നുമല്ല..എനിക്ക് ഒരു അബദ്ധം പറ്റിപ്പോയി.. പിന്നെ ശവത്തിൽ കുത്തുന്നത് കേട്ടപ്പോൾ… ആനി കയ്യിലിരുന്ന കവർ റോയിയുടെ നേരെ നീട്ടി.. റോയ് സംശയത്തോടെ അത് കയ് നീട്ടി വാങ്ങി തുറന്നു നോക്കി.. വീടിന്റെ ആധാരം.. റോയ്യുടെ കണ്ണുകൾ നിറഞ്ഞു.. ഉപദ്രവിച്ചിട്ടു മാത്രമേയുള്ളൂ..ജീവിതത്തിലെ ഏറ്റവും വലിയ അപകട നിമിഷങ്ങളിൽ പോലും മാറി നിന്നിട്ടെ ഉള്ളൂ.. ചേർത്തുനിർത്തിട്ടില്ല.. സഹായിച്ചിട്ടില്ല..
മാത്രമല്ല തങ്ങളെല്ലാവരുടെയും നിസ്സഹകരണം മൂലം അവൾക്ക് അവളുടെ സ്വന്തം മകൾ പോലും.. തങ്ങൾ നോക്കിക്കോളാം എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അവൾക്ക് അവളുടെ മകളെ.. എന്നിട്ടും അവൾ ഇപ്പോൾ.. തനിക്കായി ചെയ്തത്.. അയാൾക്ക് വാക്കുകൾ നഷ്ടപ്പെട്ടു. ആനിയുടെ മുമ്പിൽ താൻ ചെറുതാവുന്നതു പോലെ തോന്നി.. കുറ്റബോധത്തോടെ അയാൾ തലതാഴ്ത്തി നിന്നു. ഇതാ ആധാരം എടുത്ത് സൂക്ഷിച്ചു വെച്ചോളൂ..25 ലക്ഷമാണ് ചെലവായത്… അതിനെക്കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല.. പൈസ എനിക്ക് തിരിച്ചു തരണം.. പലിശ വേണ്ട… പണം മാത്രം..എന്തായാലും അമ്മച്ചിയെ ഞാനിവിടെ നിർത്തില്ല…എന്റെ കൂടെ കൊണ്ടുപോകുകയാണ്. അമ്മച്ചി എന്റെ കൂടെ പോരെ.. ഞാൻ നോക്കിക്കോളാം.. എന്ന് ആനി പറഞ്ഞപ്പോൾ മറിയാമ്മച്ചി ഒന്നും മിണ്ടാത്തത് ആനിക്ക് അതിശയം ആയിപ്പോയി.. തന്റെ കൂടെ വരില്ല.. അവിടെ തന്നെ നിൽക്കുന്നു എന്ന് പറയുവേ ഉള്ളൂ എന്നാണ് കരുതിയത്. ആനി മോളിയെ ഒന്ന് നോക്കി..
അവിടെയും റിയാക്ഷൻ ഒന്നുമില്ല.. തലകുനിച്ചു നിൽക്കുന്നു. അമ്മച്ചി ഒന്നും പറയാതെ ബാഗ് എടുത്തു ആനിയുടെ കൂടെ നടന്നു.. മറിയാമ്മച്ചിക്ക് മനസ്സിന് നല്ല ആശ്വാസം തോന്നി.. ഇപ്പോൾ താൻ സാബുവിന്റെ കൂടെ അങ്ങോട്ടേക്ക് പോകേണ്ടതാണ്.. അവിടെ ചെന്നാലത്തെ കാര്യം ഓർക്കുമ്പോൾ… അത് ഓർക്കാൻ കൂടി വയ്യ.. ഇതിപ്പോൾ ആനി ഒരു ദൈവദൂതനെ പോലെ വന്ന് ലക്ഷങ്ങളോളം പണം ചിലവഴിച്ചു ആധാരം എടുത്ത് തന്നിരിക്കുന്നു.. അടിമത്തത്തിലേക്ക് പോകുമായിരുന്ന തന്റെ ജീവിതം തിരിച്ചെടുത്തു തന്നു. മറിയാമ്മച്ചി കാറിലേക്ക് കയറാൻ നേരം തിരിഞ്ഞ ഒന്നുകൂടി ആ വീട്ടിലേക്ക് നോക്കി… അവർക്ക് അപ്പോൾ മറ്റൊരു രംഗം മനസ്സിലേക്ക് കടന്നു വന്നു…ആനി അവിടുന്നു പടിയിറങ്ങിയ ആ ദിനം…ആനിയുടെ രണ്ടാം വിവാഹത്തിന്റെ അന്ന് രജിസ്റ്റർ ഓഫീസിലേക്ക് പോകാനായി ആനിയെ ഒരുക്കി ഇറക്കിയ രംഗം. സ്വന്തം കുഞ്ഞിനെ പോലും നഷ്ടപ്പെട്ട് ഒരു മദ്യപാനിയും പെണ്ണുപിടിയനുമായ ഒരാളുടെ കൂടെ ഇറക്കിവിട്ട ആ ദിവസം..
താൻ തെറ്റ് ചെയ്തിട്ടില്ലാന്നു ആനി കരഞ്ഞു പറഞ്ഞത്.. കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടെങ്കിലും ഓടി പൊക്കോളാം എന്നു പറഞ്ഞ് കരഞ്ഞത്… സ്വന്തം ജീവിതവും കുഞ്ഞും നഷ്ടപ്പെട്ട് അപമാന ഭാരവുമായി ചങ്കുതകർന്നപോലെ ഇരുന്ന ആനിയെ പിടിച്ച് നിർബന്ധിച്ച് സാരിയും ആഭരണങ്ങളും അണിയിച്ച് ദദ്രന്റെ വധുവാക്കാൻ ഒരുക്കുന്ന റോയിയുടെയും സാബുവിന്റെയും ഭാര്യമാർ.. എല്ലാം കണ്ടുകൊണ്ട് കണ്ണുനീരോടെയാണെങ്കിലും താനും മൗനമായി നിന്നു..നിൽക്കേണ്ടി വന്നു. കാറിൽ നിന്നു ഇറങ്ങിയ മറിയാമ്മച്ചി ഭദ്രന്റെ വീട് കണ്ടു ഒന്ന് മടിച്ചു നിന്നു… എന്നാൽ വീടിന്റെ ഉമ്മറത്തു തന്നെ ചിരിയോടെ നിൽക്കുന്ന ഭദ്രനെ കണ്ടതും അവരുടെ ഉള്ളിലെ പരിഭ്രമത്തിന് ഒരു അയവു വന്നു. കയറി വരൂ അമ്മച്ചി… ഭദ്രൻ പറഞ്ഞു. മറിയാമ്മച്ചി ഭദ്രനെ ഒന്ന് നോക്കി.. കാര്യങ്ങളൊക്കെ അറിയുന്നുണ്ടെങ്കിലും വർഷങ്ങൾക്കു ശേഷമാണ് താൻ ഭദ്രനെ നേരിട്ട് കാണുന്നത്.. അന്നൊക്കെ മുഖത്തൊരു രൗദ്രഭാവം ഉണ്ടായിരുന്നു..
എത്രയൊക്കെ മാറിയെന്ന് പറഞ്ഞെങ്കിലും ഭദ്രൻ എന്ന പേരിൽ തന്നെ ഒരു പേടിയാണ്.. തനിക്ക് മാത്രമല്ല..എല്ലാവർക്കും.. ക്ഷീണിച്ച ശരീരം.. പക്ഷേ മുഖത്ത് ഒരു പ്രസന്നത ഒക്കെ ഉണ്ട്.. പണ്ടത്തെ അവശേഷിപ്പ് പോലെ ഇപ്പോഴും കണ്ണിന് ഒരു ചെറിയ ചുമപ്പുണ്ട്. ആനി അമ്മച്ചിയെ റൂമിലേക്ക് കൊണ്ടുപോയി.. വീടൊക്കെ കാണിച്ചു കൊടുത്തു.. ജാനമ്മ ചേച്ചിയെ പരിചയപ്പെടുത്തി.. അടുക്കളയിലോട്ട് ഒന്നും കയറണ്ട..വെറുതെ ഇരുന്നാൽ മതി.. എന്നു പറഞ്ഞു.. മറിയാമ്മച്ചിക്ക് ആകെപ്പാടെ ഒരു വല്ലായ്മ തോന്നി.. ഒരു അപരിചിതത്വം.. പുരാതന കത്തോലിക്ക കുടുംബത്തിൽ നിന്ന് ആലത്തറ വീട്ടിലേക്ക് മാറിയപ്പോൾ ഉള്ള വല്ലായ്മ… വീടൊക്കെ ഇഷ്ടമായി.. പക്ഷേ നാലുകെട്ടും തുളസിത്തറയും ഒക്കെ പരിചയം ഇല്ലാഞ്ഞിട്ട് ആയിരിക്കും..
അമ്മച്ചി എന്താ ആലോചിക്കുന്നത്.. വീട് ഇഷ്ടമായില്ലേ… ഇഷ്ടമായി..ഞാൻ വെറുതെ ഓരോന്ന്.. അമ്മച്ചിയുടെ സാധനങ്ങളൊക്കെ മുറിയിലേക്ക് വെക്കം.. പ്രാർത്ഥിക്കുന്നതിനും കൊന്ത ചെല്ലുന്നതിനോ ഒന്നും ഇവിടെ ആരും ഒന്നും പറയില്ല.. അമ്മച്ചിയുടെ കൊന്തയും രൂപങ്ങളും പ്രാർത്ഥന പുസ്തകങ്ങളും ഒക്കെ ഈ മുറിയിൽ വച്ചോ… ഇവിടെയിരുന്ന് തന്നെ പ്രാർത്ഥിച്ചോ.. അതിനൊന്നും കുഴപ്പമില്ല.. ഞാനും അതൊക്കെ ചെയ്യാറുണ്ട്…. പിന്നെ ഇപ്പോൾ ഭദ്രന് വയ്യാതായിപ്പോയപ്പോൾ മുറിയിൽ തന്നെ ഒരു സൈഡിൽ വേറൊരു കട്ടിലിട്ട് അവിടെയാണ് ഇപ്പോൾ കിടക്കുന്നത്.. രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ അറിയില്ലല്ലോ.. പിന്നെ പകല് ഹോം നേഴ്സ് ഉണ്ട്.. പിന്നെ വൈകിട്ട് ഇവിടെ നാമം ജപിക്കും.. നേരത്തെ കുറവായിരുന്നു..ഇപ്പോൾ വയ്യാതായി പിന്നെ ഭദ്രൻ ചെയ്യും.
ഞാനും കൂടി കൊടുക്കാറുണ്ട്.പിന്നെ ഇവിടുത്തെ അച്ഛന്റെയും അമ്മയുടെയും അസ്ഥിതറയിൽ വിളക്ക് വയ്ക്കും.. അതൊക്കെ ഗൗരി എനിക്ക് കാണിച്ച് പഠിപ്പിച്ചു തന്നു.. അമ്മച്ചി കുറച്ചുനേരം കിടന്നോ.. ഞാൻ കിച്ചണിലേക്ക് ചെല്ലട്ടെ എന്ന് പറഞ്ഞ് ആനി പോയപ്പോൾ മറിയാമ്മച്ചി കിടന്നു.. ഓരോന്നും കേൾക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. തന്റെ മകൾ എന്തെല്ലാം സഹിച്ചു.. ഏതു സാഹചര്യത്തിൽ നിന്നാണ് തന്റെ മകൾ ഇവിടെ കാലെടുത്തു വെച്ചത്.. വിവാഹം കഴിഞ്ഞ ദിനങ്ങളിൽ എല്ലാം ആനി എത്രമാത്രം വിഷമിച്ചു കാണും..ഭദ്രനെ പേടിച്ച് മുറിയടച്ച് ആനി എത്രയോ ദിവസങ്ങളിൽ.. എത്രയോ രാത്രികളിൽ….. ഉറക്കമിളച്ചു ഇരുന്നിട്ടുണ്ട്..എത്രയോ നാളുകൾ കഴിഞ്ഞായിരിക്കും… അവൾ രാത്രികളിൽ ഇവിടെ ഉറങ്ങി തുടങ്ങിയത്… അമ്മച്ചിയുടെ കണ്ണുനീർ തലയണ നനച്ചു കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞ് ആനി വന്നപ്പോൾ അമ്മച്ചി കരയുന്നതാണ് കണ്ടത്. ആഹാ അമ്മച്ചി കരയുവാണോ… ഇവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഞാൻ റോയിയുടെ അടുത്തു ആക്കാം.. വേണ്ട മോളെ..ഞാൻ വെറുതെ നിന്നെക്കുറിച്ച് ആലോചിച്ചപ്പോൾ.. എന്നെക്കുറിച്ച് എന്തിനാ അമ്മച്ചി ആലോചിക്കുന്നേ..ഞാനിപ്പോ ഒക്കെയാണ്.. എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ..
പിന്നെ പഴയ കാര്യങ്ങൾ.. അതൊക്കെ കഴിഞ്ഞത് അല്ലേ.. എന്നാലും മോളെ നീ ഇവിടെ എത്രമാത്രം കഷ്ടപ്പെട്ടു.. ഞാനും കൂടെ കാരണമല്ലേ ഇതെല്ലാം… ദേ അമ്മച്ചി എനിക്ക് ദേഷ്യം വരും കേട്ടോ.. അമ്മച്ചി എന്ത് ചെയ്തെന്ന്.. എന്റെ അമ്മച്ചി ഒന്നും ചെയ്തിട്ടില്ല.. വെറുതെ ആവശ്യമില്ലാത്ത വിഷമങ്ങളും ആലോചനകളും ഒന്നും വേണ്ട കേട്ടോ.. എന്നാ ശരി അമ്മച്ചി ഉറങ്ങിക്കോ.. എനിക്ക് ഹോസ്പിറ്റലിലും റസ്റ്റോറന്റ് ഒക്കെ ഒന്ന് പോണം… എന്നുപറഞ്ഞ് ആനി പോയി.. ആനി നേരെ ചെന്നത് ഹോസ്പിറ്റലിൽ അന്നയുടെ റൂമിലേക്കാണ്.. അന്ന ഡ്യൂട്ടി കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളൂ.. ആഹാ..കുളിയൊക്കെ കഴിഞ്ഞോ.. ആ.. അമ്മയെന്താ ഇവിടെ… വെറുതെ.. മോളോട് സംസാരിക്കാൻ… കേക്ക് അടിപൊളിയായിരുന്നു കേട്ടോ.. ചുമ്മാ.. അതെന്നെ..നല്ല കേക്കായിരുന്നു.. കുക്കറിൽ വച്ച് ഉണ്ടാക്കിയിട്ട് പോലും ഇത്ര നന്നായിട്ടുണ്ടാക്കിയല്ലോ.. മിടുക്കി.
പൊളിച്ചു.. അമ്മയുടെ കയ്യിൽ നിന്ന് മിടുക്കി എന്നൊക്കെ കേൾക്കാന്നു വെച്ചാൽ.. പിന്നെ.. വേറൊരു കാര്യമുണ്ട്.. എബിനു മനസ്സിലായി..നീ ആരാണെന്നു… ഏഹ്.. എങ്ങനെ… അന്നയിൽ ഒരു ഞെട്ടൽ ഉണ്ടായി… ആനി നടന്ന സംഭവങ്ങളെല്ലാം അന്നയോട് പറഞ്ഞു.. മറിയാമ്മച്ചിയുടെ കാര്യം ഉൾപ്പെടെ.. അമ്മച്ചി ഓക്കെയാണോ ഇപ്പോൾ.. അന്ന ചോദിച്ചു. ഉം.. കുഴപ്പമില്ല… പിന്നെ അതുപോലുള്ള ഒരു തറവാട്ടിൽ നിന്ന്.. ഇവിടേക്ക് മാറുമ്പോൾ ഉള്ള ഒരു ബുദ്ധിമുട്ട്… പഴയ ആൾക്കാരല്ലേ..ബുദ്ധിമുട്ടുണ്ടാവും…അതു കുഴപ്പമില്ല..അഡ്ജസ്റ്റ് ആയിക്കോളും.. എന്നാലും.. എബിൻ സാർ.. മനസ്സിലാക്കികളഞ്ഞല്ലോ..അന്ന പറഞ്ഞു.. ഉം..ഞാൻ ആദ്യമേ തന്നെ പറഞ്ഞിരുന്നല്ലോ..അവൻ നിസ്സാരക്കാരനല്ല..പക്ഷേ കുഴപ്പമില്ല.. അവൻ അറിഞ്ഞാലും നമ്മൾക്ക് സപ്പോർട്ടെ തരൂ.
ആരും അറിയണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാഞ്ഞത്… എന്നാലും കുറച്ചുകൂടി ശ്രദ്ധിക്കണം… നമ്മുടെ ഭാഗത്ത് നിന്നുള്ള കുഴപ്പമാണ്.. ഭദ്രൻ അറിഞ്ഞതും..എബിൻ അറിഞ്ഞതും എല്ലാം..കുഴമൊന്നുമില്ല…എന്നാലും.. ഇനി മുതൽ പഴയതുപോലെതന്നെ.. നമ്മൾ തമ്മിൽ അധികം സംസാരം ഒന്നുമില്ല.. പിന്നെ പാചക പരീക്ഷണം ഒക്കെ നിർത്തിയേരെ.. നമ്മൾ തമ്മിലുള്ള കോൺടാക്ട്സ് ഒട്ടും വേണ്ട…. അല്ലെങ്കിലും അടിപൊളി കേക്ക് ആയിരുന്നു.. പിന്നെ മോൾക്ക് ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത് ഉണ്ടാക്കി പഠിച്ചോ…അത് മതി..പിന്നെ കേക്കിന്റെ സെറ്റിംഗ്സ് ഒക്കെ എവിടുന്നു കിട്ടി.. അത് ജൂലി ചേച്ചിയുടെ ഐഡിയ ആണ്…. ചേച്ചിയുടെ ഏതോ ഒരു ഫ്രണ്ട് വഴി സംഘടിപ്പിച്ചതാണ്.. കേക്ക് മാത്രമേ എന്റെ വകയുള്ളൂ.. എന്തായാലും കൊള്ളാം..എനിക്കിഷ്ടായി.. അമ്മേ എനിക്ക് വേറൊന്നും ഉണ്ടാക്കാൻ അറിയില്ല..കേക്ക് മാത്രമേ ഉണ്ടാക്കാനറിയൂ.. അതുപോലും അത്ര ഇൻട്രസ്റ്റ് ഉള്ളതുകൊണ്ടാണ്… അപ്പോൾ ഉള്ളിൽ കഴിവുണ്ട്… അത് പുറത്ത് എടുത്താൽ മതി.. സാരമില്ലന്നേ നമുക്ക് പതിയെ പഠിക്കാം.. പിന്നെ ആ പ്രശ്നത്തിന് ശേഷം സർജറി ഒക്കേ ചെയ്യാൻ തുടങ്ങിയല്ലേ ..ഞാൻ അറിയുന്നുണ്ട്.
ഇപ്പോൾ ഭദ്രൻ വീൽചെയറിൽ കുറെ ഒക്കെ അഡ്ജസ്റ്റ് ആയി.. പിന്നെ അമ്മച്ചി.. അമ്മച്ചിയും ഉണ്ടല്ലോ അവിടെ.. അതുകൊണ്ട് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ഒരു ബിസിനസ് ട്രിപ്പ് പോണം.. കാഞ്ചി പുര ത്തേക്ക്..ഭദ്രൻ വീണ അന്ന് പകുതിയിൽ വച്ച് മുടങ്ങിയതാണ്…ഇനിയെങ്കിലും പോകാതിരുന്നാൽ ശരിയാവില്ല.. പിന്നെ എബിൻ അറിഞ്ഞത് നീ അറിഞ്ഞതായിട്ട് ഭാവിക്കേണ്ട.. സാധാരണ പോലെ പെരുമാറിയാൽ മതി. എബിന്..എന്താണെന്നറിയില്ല.. ഒരു ടെൻഷൻ പോലെ.. ഇന്ന് ലീവെടുത്തു അവൻ.. ചിലപ്പോൾ അന്നത്തെ ആ പ്രശ്നത്തിന്റെ ഒരു ഹാങ് ഓവർ ആയിരിക്കും.. അന്ന് അറിയില്ലല്ലോ നീ എന്റെ മകൾ ആണെന്ന്.. അതൊന്നും കുഴപ്പമില്ല… എന്നുപറഞ്ഞിട്ടും അവൻ എന്തോ ഒരു ടെൻഷൻ.. എന്താണോ.. എന്തോ..പിന്നെ എബിനെ ഒന്നു മീറ്റ് ചെയ്യണം വൈകിട്ട്…എന്നാ ശരി ഞാൻ പോട്ടെ…. എന്ന് പറഞ്ഞ് ആനി പോയി.. എബിൻ സാറിന്റെ ടെൻഷനെക്കുറിച്ചു ആയി അന്നയുടെ ചിന്ത.. അന്ന് ഫിറ്റായി വന്നാ രാത്രിയിലെ കാര്യങ്ങൾ അവളുടെ ഓർമ്മയിലേക്ക് വന്നു.. സാറിന്റെ മനസ്സിൽ എന്തോ ഉണ്ട്.. അതാണ് ഇന്നത്തെ ടെൻഷൻ..
വൈകിട്ട് റസ്റ്റോറന്റിൽ വച്ച് എബിനും ആനിയും മീറ്റ് ചെയ്തു. നിനക്കെന്താ വേണ്ടത് എബിൻ.. നമുക്ക് ഇന്ന് കൂൾബാറിൽ കേറാം.. ആന്റി.. അവിടുത്തെ ഏലക്ക രുചിയുള്ള ചൂട് ചായയും..പത്തിരിയും.. അത് മതി. ആഹാ വീട്ടിൽ പോയപ്പോൾ ആൾ ഓക്കെ ആയല്ലോ.. ആനി ചിരിച്ചുകൊണ്ട് പറഞ്ഞു. അവർ കൂൾബാറിലേക്ക് കയറി.. അവിടെയുള്ള ചൂരൽ കസേരയിലേക്ക് ഇരുന്നു.. ആന്റിക്ക് എന്താ വേണ്ടത്.. നിനക്ക് പത്തിരിയല്ലേ..അപ്പോൾ എനിക്കും പത്തിരി.. ആനി പറയുന്നത് കേട്ട് എബിൻ ചിരിച്ചു. അങ്ങനെ അമ്മച്ചി ആനി ആന്റിയുടെ അടുത്ത് എത്തി അല്ലേ.. ഉം.. കുറച്ചൂടെ നേരത്തെ കൊണ്ടുവരേണ്ടതായിരുന്നു.. എന്നിപ്പോൾ തോന്നുന്നു ആകെ ഒരു കോലമായി.. പിന്നെ സർട്ടിഫിക്കറ്റ്സ് ലോക്കറിലേക്ക് മാറ്റിയോ.. ഇല്ലാ.. ഇന്ന് ലീവ് അല്ലായിരുന്നോ? പിന്നെ ഇടയ്ക്ക് ചെന്നാൽ ആരെങ്കിലും സംശയിച്ചാലോ…. അതുകൊണ്ട് നാളെ ഓഫീസ് ടൈം ചെയ്യാം.. എന്റെ അഭിപ്രായത്തിൽ ആന്റീ ഇനി പേടിക്കേണ്ട കാര്യമൊന്നുമില്ല.. പുറത്ത് എല്ലാവരും അറിഞ്ഞു കഴിഞ്ഞാൽ പിന്നെ പരസ്യമായി ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല..
കാരണം ആനി ആന്റിയെ ഇവിടെ എല്ലാവർക്കും അറിയാം.. പിന്നെ മാറി നിൽക്കുമ്പോൾ നിങ്ങൾ അമ്മയുടെയും മകളുടെയും വിലപ്പെട്ട സമയങ്ങളാണ് പോകുന്നത്… ഇനിയെന്ത് പോവാനാണ് എബി.. ആനി വിഷാദത്തോടെ പറഞ്ഞു. ആ പിന്നേ..എനിക്ക് കാഞ്ചിപുരം വരെ ഒന്ന് പോണം.. അന്നു മുടങ്ങിയതാണ്.. ആ സമയം നീ അന്നേ ഒന്ന് ശ്രദ്ധിച്ചേക്കണേ.. തീർച്ചയായും ആന്റി.. പിന്നെ ആന്റി ഉള്ളപ്പോൾ ഒരു ദിവസം ഞാനും പപ്പയും കൂടി വരാം.. അമ്മച്ചിയെ കാണാൻ.. അങ്ങനെ രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞുപോയി.. മറിയാമ്മച്ചിയുടെ വിഷമവും ടെൻഷനുകളും ഒക്കെ മാറി ആനിയുടെ കൂടെ ഒക്കെയായി.. പിന്നെ റോയി പിറ്റേ ദിവസം തന്നെ അമ്മച്ചിയെ വന്നു കണ്ടപ്പോൾ ആ ടെൻഷനുകളും വിട്ടുമാറി.. അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട് ആനി വീണ്ടും ട്രെയിൻ യിൻ കയറി.. കാഞ്ചി പുര ത്തേക്ക്.. ശനിയാഴ്ച ആയതു കൊണ്ട് ഒരുമാതിരിപ്പെട്ട എല്ലാവരും ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ പോയ ദിവസമായിരുന്നു.. അന്ന്. മറിയാമ്മ മാത്രം പോയില്ല.. ഡ്യൂട്ടി കഴിഞ്ഞ് അന്ന തിരിച്ചു റൂമിലേക്ക് നടന്ന വഴി ഡോക്ടർസ് സൈഡിലേക്ക് കയറുന്ന വഴി സ്ട്രക്ചറിൽ ഒരു പേഷ്യന്റിനെ കൊണ്ടുപോകുന്നുണ്ടായിരുന്നു.. ഇതെന്താ ഈ കുട്ടി ഇങ്ങനെ തടസ്സം നിൽക്കുന്നത് എന്ന് പറഞ്ഞ് അന്നയുടെ അടുത്തേക്ക് സ്ട്രക്ചർ വന്നതും സ്‌ട്രെക്ച്ചറിന്റെ താഴ്ഭാഗത്ത് നിന്നിരുന്ന മറിയാമ്മ അന്നേ തട്ടിയതും ഒരുമിച്ചായിരുന്നു.. പെട്ടെന്നായതുകൊണ്ട് അന്നയ്ക്കു ഒന്നും മനസ്സിലയില്ലാ..എങ്ങോട്ടോ കൈ കുത്തി വീണു..കൈക്ക് ഭയങ്കര വേദന… പിന്നെ എന്തോ മരവിപ്പ് പോലെ തോന്നി… തുടരും…

by