16/04/2026

സ്നേഹാംബരം : ഭാഗം 34

രചന – ശ്രീതു ശ്രീ

ആരിൽ നിന്നും തന്നിലേക്ക് ഒരു തരിപോലും കനിവൂർന്നു വീഴുന്നില്ലെന്ന് കണ്ടതും , ലിന്റ പകയോടെ ജോണിയുടെ നേരെ തിരിഞ്ഞു…. അവൾക്ക് തനിക്ക് ചുറ്റും ആൾക്കാരൊക്കെ നിൽപ്പുണ്ടെന്ന ചിന്ത പോലും ഇല്ലാതെയായി….. എല്ലാവരുടെയും മുന്നിൽ തന്റെ അഭിമാനത്തിനേറ്റ ക്ഷതം അവളെക്കൂടുതൽ കോപാകുലയാക്കി…. ജോണിയുടെ അടുത്തേയ്ക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവളുടെ അമ്മ ഇടയ്ക്ക് കയറി അവളെ തടയാൻ ശ്രമിച്ചു…… “”മോളിങ്ങു വാ…. ആൾക്കാരൊക്കെ നിൽക്കുന്നു… അവനെന്തേലും പറഞ്ഞിട്ട് പോട്ടെ…..നമുക്ക് പിന്നെ പോലീസിൽ പരാതി വല്ലൊം കൊടുക്കാം…..”””” “”അമ്മ ഒന്ന് മാറിക്കേ….ആ വായിനോക്കിയോട് എന്താ പറയേണ്ടതെന്ന് എനിക്കറിയാം…”” അവളുടെ വായിൽ നിന്ന് വീണത് കേട്ടപ്പോൾ ജോണിക്കും അരിശം കയറി…..

കോപത്തോടെ തന്നെ നോക്കുന്ന ജോണിയെ ഒട്ടും വകവയ്ക്കാതെ ലിന്റ അവന്റെ അരികിലേക്ക് വന്നു….. “”ദേ… താനെന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ഈ ലിന്റ പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ല….നീയെന്നെ ഒരു പുല്ലും ചെയ്യാനും പോന്നില്ല….. ഈ ലിന്റ ആരാണെന്ന് അറിയാനിരിക്കുന്നതേയുള്ളെടാ …. എന്റെ വയറ്റിൽ ജനിച്ച കൊച്ചാണ് ജനിഫറെങ്കിൽ ഞാൻ തന്നെ ഇനി അവളെ വളർത്തും….””” ദേഷ്യത്താൽ അവളുടെ ഓരോ വാക്കും വിറകൊണ്ടു…..പക്ഷെ ജോണിക്ക്‌ അവളുടെ വാക്കുകൾ കേട്ടപ്പോൾ പുച്ഛത്തിനൊപ്പം ദേഷ്യവും വന്നു…. അവന് പിന്നൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല…… നേരെ മുന്നിൽ നിന്ന ലിന്റയുടെ കവിളിൽ കൈ വീശി ഒരെണ്ണം പൊട്ടിച്ചു…. അടിയുടെ ആയത്തിൽ അവൾ മുറ്റത്തേക്ക് വീഴാൻ പോയി… മോളെ… എന്നു വിളിച്ചുകൊണ്ട് അവളുടെ അമ്മയും ഓടി അടുത്തെത്തി അവളെ താങ്ങി നിർത്തി…..

“”ഡാന്നും പോടാന്നുമൊക്കെ നിന്റെ ആരെയാന്ന് വച്ചാ പോയി വിളിച്ചോണം…. ചുമ്മാ കുറച്ചു സെർട്ടിഫിക്കറ്റിന്റെ കനമുണ്ടെന്നും പറഞ്ഞ് എന്റെ മെക്കിട്ട് കേറാൻ വന്നാലുണ്ടല്ലോ….. പെണ്ണിനെ തല്ലുന്നത് ഒരു മേന്മയായിട്ടൊന്നും ഞാനൊരിക്കലും കണ്ടിട്ടില്ല…. അതിനൊട്ട് ജോണിക്ക്‌ കഴിയത്തുമില്ല….. പക്ഷെ കണ്മുന്നിൽ നിന്നോണ്ട് തെമ്മാടിത്തരം കാണിച്ചാലും പറഞ്ഞാലുമുണ്ടല്ലോ… അത്‌ ആണാണോ പെണ്ണാണോ എന്നൊന്നും നോക്കില്ല…..കരണം പുകച്ചങ്ങു തരും….അതാ ശീലം…..നിനക്ക് പണ്ടേ തരേണ്ടത് ആയിരുന്നു….കുറച്ചു വൈകിപ്പോയി… അതെന്റെ തെറ്റ്…..”” ലിന്റയുടെ കൈ അപ്പോഴും കവിളത്തു തന്നെയിരിക്കുകയായിരുന്നു…. അവളുടെ നിറഞ്ഞ കണ്ണിലേയ്ക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു…. “”” നിനക്ക് എന്നെ കുറിച്ച് ഒന്നുമറിയില്ല ജോണീ….. ഞാനെന്തിനാ എന്റെ മോളെ അന്വേഷിച്ചു വന്നതെന്ന് പോലും നിനക്കറിയില്ല….. എന്തായാലും ഒന്നുറപ്പാ നീ അവൾടെ കൂടെ ജീവിക്കാൻ പോകുന്നില്ല….ഞാനതിനു സമ്മതിക്കത്തുമില്ല…..”” ജോണി എന്തോ ദേഷ്യത്തോടെ പറയാൻ തുടങ്ങുമ്പോളേക്കും അവിടെ നിന്നൊരു സ്ത്രീ ചോദിച്ചു….

“”നിനക്കൊരെണ്ണം കിട്ടിയിട്ടും മതിയായില്ലേ കൊച്ചേ…? നിന്നെപ്പോലുള്ള കുറെയെണ്ണങ്ങളുണ്ട്…. ബാക്കിയുള്ള പെണ്ണുങ്ങടെ പേരുകൂടി കളയാനായിട്ട്…. ജനിക്കുന്നതിനു മുൻപേ ആ കുഞ്ഞിനുള്ള കൊലക്കത്തി രാഗിപ്പിച്ചവളല്ലേ നീയ്… അങ്ങനൊള്ള നിന്റെ കൈലോട്ട് ആ ചെറുക്കൻ എന്നാ വിശ്വസിച്ചാ കുഞ്ഞിനെ തരുന്നേ….””” അവരുടെ മറ്റൊരു സ്ത്രീയും മുന്നോട്ട് വന്നവളുടെ നേരെ നിന്നുകൊണ്ട് പറഞ്ഞു : “” സ്വന്തം കുഞ്ഞുങ്ങടെ കാര്യത്തിൽ തള്ളമാർക്ക് മാത്രമല്ലല്ലോ ദണ്ണമുള്ളത്…. ആ കൊച്ചിനെ ഇത്രയും കാലം അവൻ തന്നെയല്ലേ വളർത്തിയത്…. അന്നൊന്നും നിനക്ക് അതിനെ വേണ്ടായിരുന്നല്ലോ…. ഇപ്പോ ആ കുഞ്ഞിന് എന്തെങ്കിലും ഒന്ന് പറ്റിയാൽ നിന്നെക്കാൾ ദണ്ണം ഈ കൊച്ചന് തന്നെയായിരിക്കും….. “”” “”മോനാ കൊച്ചിനെ ഇതിന് കൊടുക്കാനൊന്നും നിക്കണ്ട….. നീ കൊണ്ടോയി വളർത്ത്…..”” അവരുടെയൊക്കെ വാക്കുകൾ കേട്ട് അവളവിടെ നിന്നുരുകിപ്പോയി…. ജോണിയോട് പറയാൻ മനസ്സിൽ സ്വരുക്കൂട്ടിയതൊക്കെ എവിടേയ്‌ക്കോ ചോർന്നു പോയത് അവളറിഞ്ഞു… “”അപ്പൊ ഞാൻ പറയാൻ വന്ന ഡയലോഗിനെക്കാൾ നന്നായിട്ട് ആ അമ്മച്ചിമാര് പറഞ്ഞു…..

വല്ലോം മനസിലാക്കിയാൽ നിനക്ക് കൊള്ളാം…. അല്ലെങ്കിൽ നീ നല്ലോണം ‘കൊള്ളും ‘… അവസാനത്തെ വാക്കൊന്നു കടുപ്പിച്ചു പറഞ്ഞിട്ട് തന്റെ നടുവിരൽ മീശയ്ക്ക് മുകളിലൂടെ ഒന്നോടിച്ചു കൊണ്ട് ജോണി തിരികെ ചെന്ന് ഓട്ടോയിൽ കയറി…… വണ്ടി തിരിക്കാൻ നേരം അവിടെ കൂടിനിന്ന സ്ത്രീകൾക്ക് നന്ദിയുടെ പ്രതീകമായി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് ഓട്ടോയും കൊണ്ട് റോഡിലേക്കിറങ്ങി….. പതിവിലും സന്തോഷത്തോടെ കയറി വരുന്ന ജോണിയേക്കണ്ടപ്പോൾ ഓട്ടോയുടെ ശബ്ദം കേട്ട് വാതിൽക്കൽ എത്തിയ നേഹയ്ക്കതൊരു കൗതുകം പോലെ തോന്നിപ്പോയി……. കാരണം കുറെ നാളുകൾക്ക് ശേഷമാണ് അവനെ അവളത്രയും സന്തോഷവാനായി കാണുന്നത്… അവന്റെ സന്തോഷം അവളുടെ ഉള്ളിലും പതിയെ പ്രതിഫലിച്ചു….. “”എന്നതാ ഇച്ചായാ….?ഇന്നെന്തൊ സ്പെഷ്യൽ ഉണ്ടല്ലോ…..” “”പിന്നെ…. ഉണ്ടല്ലോ….. ഇന്നൊരു സ്പെഷ്യൽ ഡേ ആണെനിക്ക്….” നേഹയേക്കണ്ടതും അവൻ ചിരിയോടെ പറഞ്ഞു…..

എന്തെന്ന് അറിയാതെ നേഹ അവനെത്തന്നെ നോക്കി നിൽക്കവെ, അകത്തേയ്ക്ക് ഒന്നെത്തി നോക്കി അന്നമ്മ അവിടില്ലെന്ന് ഉറപ്പാക്കിയിട്ട് അവളെയും പൊക്കിയെടുത്തു കൊണ്ട് മുറിയിലേയ്ക്ക് കയറി…. അവളെ കട്ടിലിലേക്ക് ഇരുത്തിയിട്ട് അവനും ഒപ്പം ഇരുന്നു…. “”ഇച്ചായൻ ഇന്നൊരു ഗോളടിച്ചിട്ട് വരുവാടി….”” “”ഗോളോ…അപ്പൊ….ങ്ങള് ഓട്ടോ ഓടിക്കാൻ പോയതല്ലാരുന്നോ…”” ” ഇത് അതൊന്നുമല്ലെടി…. ഒരെണ്ണത്തിന്റെ കരണകുറ്റിക്ക് പൊട്ടിക്കണംന്ന് കുറെ നാളായിട്ട് ആഗ്രഹിക്കുവാ.,….അതിന്നാ ഒന്ന് സാധിച്ചു കിട്ടിയത്…..” ഒരാളെ തല്ലിയെന്നു കേട്ടപ്പോൾ നേഹയ്ക്ക് സന്തോഷമൊന്നും തോന്നിയില്ല… പകരം ഇനിയെന്തെങ്കിലും പ്രശ്നം ഉണ്ടാകുമോയെന്ന ആശങ്കയാണ് അവളിൽ നിറഞ്ഞത്…. “”നീയെന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നെ ….? ഏഹ്ഹ്…” ശബ്ദത്തിനൊപ്പം അവന്റെ പുരികങ്ങളും ഒന്നുയർന്നു താണപ്പോൾ അവളും നാവ് ചലിപ്പിച്ചു…

“””അതിച്ചായാ…. തല്ലൊക്കെ വേണായിരുന്നോ…??ഇനി അവരിതിന്റെ പേരിൽ എന്തിനെങ്കിലും വന്നാലോ…?”” “”ഓ… അവളിനി കുറച്ചു നാളത്തേയ്ക്ക് അനങ്ങില്ല…. പിന്നെയും വന്നാലും ഇപ്പഴത്തെപ്പോലെയുള്ളു….”” “”അവളോ….? ഇച്ചായൻ ആരെയാ തല്ലിയത്…??”” “”ഞാൻ പണ്ടൊരു പിശാശ്ശിനെ കെട്ടിയാരുന്നല്ലോ….. ലിന്റ…. ആ ജന്തുവിനിപ്പോ ജനിയെ വേണംന്നും പറഞ്ഞ് എന്റെ പൊറകെ നടക്കുവാ….”” എന്തായിരുന്നു സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു നേഹ… അന്ന് നടന്നതെല്ലാം അവൻ അവളോട് പറഞ്ഞു…അത്‌ കേട്ടപ്പോൾ അവൾക്ക് അതുവരെയും ലിന്റയോട് ഉണ്ടായിരുന്ന ദേഷ്യം കൂടി….. “”ഛെ… ഈ നാണമില്ലാത്തവളെ എന്തു ചെയ്യും…. എന്തൊക്കെ സംഭവിച്ചാലും ജനിയെ അവൾക്ക് കൊടുക്കല്ലേ ഇച്ചായാ… അവള് ആ പെണ്ണിന്റെ വയറ്റിൽ ജനിച്ചു പോയെന്നല്ലേയുള്ളു…. ജനിക്ക് നമ്മളല്ലേ എല്ലാം…. ഇനി അവളെ ലിന്റയ്‌ക്കെങ്ങാനും കൊടുത്താ… ഞാനും ആ നിമിഷം ഈ വീട്ടീന്ന് പോകും….”” ഗൗരവത്തിൽ പറഞ്ഞിട്ട് അവന്റെ തൊട്ടരികിലേക്ക് നീങ്ങിയിരുന്ന് അവന്റെ വലതു തരം എടുത്ത് തന്റെ കയ്യിൽ വച്ചിട്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു…

“”എന്തേ ഇച്ചായാ… ഒന്നും മിണ്ടാത്തെ…? അവനൊന്നുമില്ലെന്ന അർത്ഥത്തിൽ തല കുടഞ്ഞു…. “”ജനിയെ കൊടുക്കില്ലെന്ന് എനിക്ക് വാക്കു താ….”” ആ അപേക്ഷയുടെ സ്വരം അവന്റെ മനസ്സിനിത്തിരി ബലം പകർന്നുവൊ..? അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് ദൃഢതയോടെ അവൻ പറഞ്ഞു…. “” ഇല്ല നേഹ…. ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ഒരു നിമിഷത്തേക്ക് പോലും ഞാനെന്റെ മോളെ വിട്ടുകൊടുക്കില്ല….. ഇനിയും വന്നാൽ കാലും കൈയും തല്ലിയൊടിച്ചിട്ട് വേണമെങ്കിൽ ജയിലിൽ പോയി കിടക്കും…. പിള്ളേർക്കും അമ്മച്ചിക്കും അപ്പനും ജിനൂനുമൊക്കെ നീ ഇവിടെയുണ്ടല്ലോ….”” “”അപ്പൊ…ങ്ങള് പോയാപ്പിന്നെ എനിക്കാരാ…? തല്ലിന്റെയും വഴക്കിന്റെയുമൊന്നും ആവശ്യമില്ലിച്ചായാ…. അവൾ വരുമ്പോ കാര്യം പറഞ്ഞ് മനസ്സിലാക്കുക…. അല്ലെങ്കിൽ നമുക്ക് നിയമത്തിന്റെ വഴിയെ പോകാം …. ഒരു കോടതിയും പറയില്ല അവൾക്കൊപ്പം കൊച്ചിനെ വിടാൻ…. അതു മനസ്സിലാക്കിയിട്ട് തന്നല്ലെ അവള് കേസിനൊന്നും പോകാതെ വെറുതെ കുറെ ഭീഷണികളും കൊണ്ട് ഇച്ചായന്റെ പുറകെ നടക്കുന്നത്….. അതൊക്കെ അതിന്റേതായ ലാഘവത്തോടെ കണ്ടാൽ മാത്രം മതി…..

കുറെ നാള് പിറകെ നടന്ന് ചെരുപ്പ് തേയുമ്പോൾ അവള് അവടെ വഴിക്ക് പൊയ്ക്കോളും….”” “”മ്മ്…”” അവനൊന്നുമൂളി…. പിന്നൊരല്പനേരം ഇരുവരും എന്തോ ആലോചനയിൽ മൗനം ഭുചിച്ചിരുന്നു….. റോഷനെക്കുറിച്ച് എല്ലാം നേഹയോട് പറഞ്ഞാലോ എന്നായിരുന്നു ജോണി ഓർത്തത്… അവളത് എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ലല്ലോ….. എങ്കിലും തന്നെവിട്ടൊരു മടക്കം അവൾക്ക് ഉണ്ടാവില്ലെന്ന് ഒരാത്മവിശ്വാസം അവന്റെ ഉള്ളിൽ കൂടുകൂട്ടിയിരുന്നു….. ഇപ്പൊ പറഞ്ഞാൽ കുറച്ചു കരയുമായിരിക്കും… പിന്നെ റോഷനെ കാണണമെന്ന് പറയുമായിരിക്കും… ആയിക്കോട്ടെ…. അതൊക്കെ നടത്തിക്കൊടുക്കാം….പക്ഷെ റോഷന്റെ വീട്ടുകാരിനി നിർബന്ധിച്ച് അവളെ മനസുമാറ്റിയാൽ….??? “”ജോണിച്ചായാ….””‘ അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ… എന്നതാ ഇച്ചായനിത്ര ചിന്ത….എനിക്കും കൂടെ കുറച്ചിങ്ങു താ…. അപ്പൊ അത്രയും ഭാരം കുറയുമല്ലോ…..”” “”അത്‌…”” എന്തു പറയണമെന്ന് അറിയാതെ തലങ്ങും വിലങ്ങും അവന്റെ കൃഷ്ണമണികൾ പാഞ്ഞു….. (തുടരും )