17/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 75

രചന – മഞ്ജിമ സുധി

ഇങ്ങേർക്ക് എന്നെ ഒന്ന് നോക്കിയാൽ എന്താ…അലിഞ്ഞു പോവൂ…??? എന്തെങ്കിലും മിണ്ടിക്കൂടെ,,, അറ്റ്ലീസ്റ്റ് മുഖത്തേക്കെങ്കിലും നോക്കിക്കൂടെ… മനസ്സിൽ അവനെ കുറെ ചീത്ത പറഞ്ഞു കൊണ്ട് ഞാൻ ദേഷ്യത്തോടെ എണീറ്റ് നടക്കാൻ തുടങ്ങിയതും കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു….. ഇവിടം വരെ വന്ന സ്ഥിതിയ്ക്ക് അവൻ എന്തായാലും എന്നെ പോകാൻ വിട്ടില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു… കുശുമ്പോടെ അവനെ നോക്കാതെ അങ്ങനെ തന്നെ നിന്ന്, അവൻ കാണാതെ ഞാൻ അടക്കിചിരിച്ചു….. ” ഹ….. അങ്ങനെ പോവാലെഡോ…. ഇവിടെ ഇരിക്ക്….” ഇത്രയും പറഞ്ഞ് എന്റെ കൈപിടിച്ചു വലിച്ച് അവൻ വീണ്ടും എന്നെ അവിടെ തന്നെ ഇരുത്തിച്ചു…. സിദ്ധു ലാപ് അടച്ഛ് ഒരു സൈഡിലേക്ക് മാറ്റി വെച്ഛ് എന്നെ നോക്കി ഊഞ്ഞാലിന്റെ കൈ പിടിയിൽ ചാരി ഇരുന്നു… അവനെ നോക്കി ഒന്ന് ചിരിച്ഛ് കൊണ്ട് ഞാൻ മറ്റെങ്ങോട്ടോ നോട്ടം പായിച്ചു….

എനിക്ക് എന്തോ അറിയില്ല, അവനെ ഫേസ് ചെയ്യാൻ പറ്റുന്നില്ല.. മുഖത്തേക്ക് നോക്കണമെന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്, നേരത്തെ അവനെന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചതുമാണ്…. പക്ഷേ, അവനിങ്ങനെ എന്നെ തന്നെ നോക്കി ഇരിക്കുന്നോണ്ട് ആവോ…!! നേരത്തെ നോക്കാത്തതിന് കുശുമ്പോടെ എണീറ്റ് പോകാൻ പോയത് ഓർക്കെ ചുണ്ടിൽ നിറയുന്ന ചിരി മറയ്ക്കാൻ എന്നോണം മുഖം ഞാൻ സൈഡിലേക്ക് വെട്ടിച്ചു… ഇടയ്ക്ക് കണ്ണുകൾ അവനിലേക്ക് പാളി വീണപ്പോ കുസൃതി ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്ന സിദ്ധുനെ കാണേ ശ്വാസം വിലങ്ങി പോയ പോലെ തോന്നി… നോട്ടം മാറ്റി വലിയൊരു ശ്വാസം വലിച്ഛ് വിട്ട് കൈ രണ്ടും ഊഞ്ഞാലിന്റെ വക്കിൽ കുത്തി പിടിച്ഛ് മുന്നോട്ട് ആഞ്ഞു ഉയരുന്ന ഹൃദയമിടിപ്പോടെ ഞാൻ ഇരുന്നു…. കുസൃതിയും പ്രണയവും നിറഞ്ഞ ആ കണ്ണുകൾ എന്നിൽ മാത്രം തറച്ഛ് നിൽക്കുകയാണെന്ന ബോധ്യം ഉള്ളത് കൊണ്ട് അറിയാതെ പോലും എന്റെ മിഴികൾ അവിടേക്ക് പായാതെ ഞാൻ പിടിച്ഛ് നിർത്തി…. വിറയ്ച്ഛ് തുടങ്ങുന്ന കൈകൾ അമർത്തി പിടിച്ഛ് ഇരിക്കമ്പഴാണ് സിദ്ധുന്റെ വിരലുകൾ എന്റെ കയ്യിൽ പതിയെ സ്പര്ശിച്ചത്…. പെട്ടന്ന് ഞെട്ടലോടെ പിടഞ്ഞ് വേഗത്തിൽ കൈ എന്റെ അടുത്തേക്ക് വലിച്ചു…..

സൈഡിൽ നിന്ന് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് എന്റെ കൈവിരലുകളാൽ അവളുടെ വിരലിൽ തൊട്ടതും ഞെട്ടലോടെ അവൾ കൈ വലിച്ചെങ്കിലും ഞാൻ കൈ അവിടെ തന്നെ വെച്ചത് കാണേ നറു ചിരിയോടെ ഇടംകണ്ണിട്ട് നോക്കി മൗനാനുവാദത്തോടെ അവള് വീണ്ടും അവിടെ, അങ്ങനെ തന്നെ കൈ വെച്ചു താഴേക്ക് നോക്കി ഇരുന്നു…… നീണ്ട് മെലിഞ്ഞ അവളുടെ വലത്തേ കൈവിരലുകൾ പതിയെ എടുത്ത് എന്റെ ഇടത്തേ കൈ വെള്ളയിലേക്ക് വെച്ചു.. ആശ്ചര്യത്തോടെ അനു എന്റെ പ്രവർത്തികളെ വീക്ഷിക്കുന്നത് ശ്രദ്ധിച്ഛ് ഞാൻ ആ വിരലുകൾ മെല്ലെ തലോടി… പതിയെ ഉയർന്ന് താഴുന്ന അവളിലെ ശ്വാസത്താളം കാണേ ഞാൻ മുഖയുയർത്തി അവളെ നോക്കി.. ആ പിടയ്ക്കുന്ന കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് തന്നെ വിറയ്ക്കുന്ന അവളുടെ വിരലുകൾ ഓരോന്നും ഞാൻ ചുണ്ടോണ്ട് അടുപ്പിക്കാൻ തുടങ്ങി….

അവന്റെ കണ്ണിൽ നിറയുന്ന വശ്യത എന്റെ ഹൃദയത്തെ നിമിഷങ്ങൾ കൊണ്ട് മിടിപ്പേറ്റി… എത്ര വലിച്ചെടുത്തിട്ടും ശ്വാസം കിട്ടാത്ത പോലെ, മതിയാവാത്തെ പോലെ ഞാൻ വീണ്ടും വീണ്ടും ആഞ്ഞ് ആഞ്ഞ് വായിലൂടെ ശ്വാസം വലിച്ചെടുത്തു… കണ്ണുകൾ പറിച്ചെടുക്കാൻ കഴിയാത്ത വിധം കൊരുത്ത് പോയിരിക്കുന്നു.. വിരലിന്റെ തുമ്പിൽ ചേരുന്ന അവന്റെ നനുത്ത ചുംബനങ്ങളിൽ, താളത്തിൽ കൈകളെ പൊതിയുന്ന ചുട് നിശ്വാസങ്ങളിൽ ഞാൻ അടിമുടി വിറച്ചു…. തളർച്ചയോടെ കണ്ണുകൾ അടച്ഛ് ഞാൻ കുനിഞ്ഞിരുന്നു…. താഴേയ്ക്ക് ഊർന്ന് പോകുന്ന എന്റെ കൈകൾ അമർത്തി പിടിച്ഛ് അവൻ പതിയെ പതിയെ മൃദുവായി ചുണ്ടോണ്ട് ചേർത്ത് കൊണ്ടിരുന്നു… ഉള്ളം കയ്യിൽ അമർത്തി ചുംമ്പിച്ഛ അവനെ കണ്ണ് തുറന്ന് തലയുയർത്തി നോക്കവേ എന്നെ തല ചരിച്ചു നോക്കുന്ന സിദ്ധുനെ കണ്ട് ഞാൻ നാണത്തോടെ വീണ്ടും തല കുനിച്ചു…. വിരലുകൾ വിട്ടാതെ അവൻ അവന്റെ വിരലിനോട് ചേർത്ത് മുറുക്കി പിടിച്ചു… പൊടുന്നനെ എന്റെ മടിയിലേക്ക് തല വെച്ചു കൊണ്ട് സിദ്ധു മലർന്ന് കിടന്നു……

” തല ഭയങ്കര വേദന അനൂ….!!!” ഞെട്ടലോടെ ഇരിക്കുന്ന എന്റെ ഇടത്തേ കൈ എടുത്ത് അവന്റെ തലയിലേക്ക് വെപ്പിച്ഛ് എന്നെ നോക്കി അവൻ പറഞ്ഞത്‌ കേട്ട് ഞാൻ നിറഞ്ഞ ചിരിയോടെ അവനെ നോക്കി… കോർത്ത് പിടിച്ച എന്റെ വലത്തേ കൈ നെഞ്ചോട്ട് ചേർത്ത് അതിന്റെ മുകളിൽ സിദ്ധു കൈ രണ്ടും പിണച്ഛ് വെച്ഛ് കണ്ണടച്ഛ് കിടക്കുന്ന സിദ്ധുനെ തന്നെ നോക്കി ഇരുന്ന് ഇടതൂർന്ന അവന്റെ മുടിയിഴകൾക്ക് ഇടയിലൂടെ വിരലുകൾ ഞാൻ പതിയെ ഓടിച്ചു…… ഞാൻ അവനെ നോക്കുകയായിരുന്നു അവനെ,,, അവന്റെ മാറ്റങ്ങളെ…. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു സിദ്ധു… കണ്ണിൽ കുസൃതി ഒളിപ്പിക്കുന്ന,കൊച്ഛ് കുഞ്ഞിനെ പോലെ എന്നോട് കൊഞ്ചുന്ന, മനോഹരമായ ചിരിക്കുന്ന അങ്ങനെ, അങ്ങനെ….. ഞാൻ കേട്ടിട്ടുണ്ട്… ഒരുപാട്… ആമിയുടെ വാക്കുകളിൽ നിന്ന് ഇങ്ങനെയൊരു സിദ്ധുനെ… അവന്റെ ഹൃദയത്തോട് ചേർത്ത് വെച്ഛ് എന്റെ കയ്യിൽ ഞാൻ അറിയുന്നുണ്ടായിരുന്നു ആ താളം… എനിക്കായ് മാത്രം മിടിക്കുന്ന പോലെ… നല്ല ഇടതൂർന്ന കറുത്ത മുടിയിഴകളാണ് സിദ്ധുന്…വിരലുകൾ മുടിയിൽ ഒഴുക്കുന്ന തരം മിനുസമുള്ളവ… നെറ്റിയിലേക്ക് വീണ് കിടക്കുന്ന നീണ്ട മുടിയിഴകളെ ഞാൻ പുറക്കിലേക്ക് മാടിയൊതുക്കി..

വെട്ടിയൊതുക്കിയ അവന്റെ അധികം നീളമില്ലാത്ത താടിയും, പിരിച്ഛ് കയറ്റിയ കട്ടിമീശയും തൊട്ട് തലോടാൻ കൈ തരിച്ചു… വളരെ ചെറിയ ഇളം റോസ് ചുണ്ടുക്കളാണ്, വലിയ കണ്ണുകൾ, ചിരിക്കുമ്പോ മാത്രം എത്തി നോക്കുന്ന ഒരു കൊന്ത്രൻ പല്ലുണ്ട്.. നിറഞ്ഞ ചിരിയോടെ, മതിവരുവോളം ഞാൻ അവനെ അങ്ങനെ നോക്കി ഇരുന്നു.. അനുന്റെ വിരലുകൾ പതിയെ തലോടി കോർത്ത് വലിക്കുന്ന മുടിയിഴകളിൽ നിന്ന് സുഖമുള്ള ഒരു തണുപ്പ് തലയോട്ടിയിലേക്ക് അരിച്ചിറങ്ങി… അവളുടെ നനുത്ത മൃദുലമായ വിരലുകൾക്ക് എന്തോ ഒരു മാജിക് ഉള്ളപ്പോലെ തോന്നി.. മുടിയിഴകൾക്ക് ഇടയിലൂടെ ഒഴുകുന്ന ആ വിരലുകളിൽ ക്ഷീണവും സ്‌ട്രസ്സും അലിഞ്ഞ് തീരുന്ന പോലെ…. സുഖമുള്ള ആ അനുഭൂതിയിൽ ലയിച്ഛ് മറ്റെല്ലാം മറന്ന് ഒരു തൂവലായ് ഞാൻ പാറിപ്പറന്നു…. ഓഫീസിലെ ടെൻഷനും ഫെസ്ട്രേഷനും മാത്രല്ല, ഈ ലോകം തന്നെ മറന്ന് പോകുന്ന പോലെ അത്രയ്ക്കും ഞാൻ റിലാക്സഡ് ആയി….. ഇടയ്ക്ക് കണ്ണ് തുറന്ന് നോക്കിയപ്പോ എന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന അനൂനെയാണ് ഞാൻ കണ്ടത്….

ഒരു നിറഞ്ഞ ചിരിയോടെ കണ്ണിമ പോലും വെട്ടാതെ അവളെന്നെ നോക്കുന്നത് കാണേ ഞാൻ പുരികം പൊക്കി എന്താ ന്ന് ചോദിച്ചെങ്കിലും അവള് ഒന്നുല്ല ന്ന് പതിയെ തലയാട്ടി…. എന്റെ മുടിയിഴക്കളിൽ ഓടി ഒഴുകി നടക്കുന്ന അവളുടെ കൈ പിടിച്ച് അമർത്തി ചുംബിച്ഛ് കൊണ്ട് ഞാൻ വീണ്ടും കണ്ണടച്ഛ് കിടന്നു… കുറച്ഛ് കഴിഞ്ഞ് വിരലുകൾ അയഞ്ഞ് തുടങ്ങുന്നത് അറിഞ്ഞ് കണ്ണ് തുറക്കുമ്പോ അവൾ എന്തോ കാര്യമായ ചിന്തയിൽ ആയിരുന്നു…. മുഖത്തേക്ക് നോക്കവേ അവൾക്ക് എന്തോ എന്നോട് ചോദിക്കാനുണ്ടെന്ന് ഞാൻ ഊഹിച്ചു… എങ്കിലും ഞാൻ വീണ്ടും കണ്ണടച്ഛ് തന്നെ കിടന്നു… “മ്മ്മം….. മ്മ്മം…. സി……..സിദ്ധു…..!!!!!” വന്നല്ലോ….. ഒരു ചെറു ചിരിയോടെ മനസ്സിൽ പറഞ്ഞ് അങ്ങനെ തന്നെ കിടന്ന് ഞാൻ മൂളി “മ്മ്മം…..???” “അത്…. അത് പിന്നെ… എനിക്ക്….” “നിനക്കൊരു കാര്യം ചോദിക്കാൻ ഉണ്ട്, അതല്ലേ…???”

കണ്ണ് പോലും തുറക്കാതെ സിദ്ധു പറയുന്നത് കേട്ട് ഞാൻ അന്തം വിട്ട് സംശയത്തോടെ അവനെ നോക്കി വാ പൊളിച്ചു…. ഇവനിതെങ്ങനെ ഇത്ര കൃത്യമായി മനസ്സിലായി, അതും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ….??? ഞാൻ മസ്സാജ് നിർത്തിയതോണ്ടോ എന്റെ വിവരം ഒന്നും ഇല്ലാഞ്ഞിട്ടോ അറിയില്ല സിദ്ധു കണ്ണ് തുറന്ന് രണ്ട് പുരികവും പൊക്കി എന്താന്ന് ചോദിച്ചതും ഞാൻ ഒന്നുല്ല ന്ന് തോള് കുലുക്കി…. ഒന്ന് ചിരിച്ചു കൊണ്ട് അവൻ വീണ്ടും കണ്ണടച്ചു കിടന്നു “എന്തോ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോ ഒന്നും ഇല്ലേ….????” സിദ്ധു ചോദിച്ചത് കേട്ട് ഞാൻ എന്താ, അങ്ങനെയാ തുടങ്ങേണ്ടത് ന്ന് അറിയാതെ പതർച്ചയോടെ അവനെ നോക്കി…. “ഉ….ഉണ്ട്….. പക്ഷേ,,, അത് പിന്നെ…. ഞാൻ ചോദിച്ചാ….. സിദ്ധു…..????” “ഞാൻ ഒന്നും വിചാരിക്കില്ല, എന്റെ ഭാര്യ ധൈര്യയിട്ട് ചോദിച്ചോ….??? പിന്നെ ഒരു കാര്യം കൂടി സത്യം മാത്രേ പറയൂ… അടുത്ത ചോദ്യം ഇതാണെന്ന് തോന്നി അതാ മുൻകൂർ ഉത്തരം തന്നത്…. ഇനി കാര്യം പറ…. ഓ സോറി ചോദിക്ക്…!!!” ദൈവമേ ഇങ്ങേർക്ക് ദിവ്യദൃഷ്ടി വല്ലതും ഉണ്ടോ, കണ്ണ് പോലും തുറക്കാതെ സിദ്ധുന് ഞാൻ മനസ്സിൽ വിചാരിക്കുന്നത് ഇത്ര കൃത്യമായി അങ്ങനെ മനസ്സിലാവുന്നു….

ഞാൻ ശ്വാസം പോലും വിട്ടാൻ മറന്ന് അത്ഭുതത്തോടെ അവനെ നോക്കി കിളിപോയ പോലെ ഇരിക്കുന്നത് കണ്ട് അവൻ കൈവിരൽ എന്റെ മുഖത്തേക്ക് വെച്ഛ് ഞൊടിച്ചതും ഞാൻ ഒന്ന് ഞെട്ടി ഉണർന്നു… പാറിപ്പോയ കിളികളൊക്കെ ആ ഞെട്ടലിൽ കൂടണഞ്ഞെങ്ങിലും ഞാൻ ആശ്ചര്യത്തോടെ അവനെ നോക്കി… ” കുറേ നേരായല്ലോ മോള് ഇങ്ങനെ നോക്കി ഇരിക്കാൻ തുടങ്ങീട്ട്, വായ്നോക്കി നോക്കി ഇരിക്കാതെ പറയെടോ ഭാ…..ര്യേ…..????” സിദ്ധു കണ്ണടച്ഛ് കിടന്ന് കൊണ്ട് തന്നെ എന്നെ കളിയാക്കി ചിരിയോടെ പറഞ്ഞത് കേട്ട് ഞാൻ ചമ്മലോടെ നേരെ മുന്നോട്ട് നോക്കി… ഞാൻ നേരത്തെ അവനെ നോക്കി ഇരുന്നതൊക്കെ അവൻ അറിഞ്ഞോ…??? ഛേ… മോശായ് പോയ്… ചടപ്പോടെ ഞാൻ കണ്ണിറുക്കിയെങ്കിലും മുഖം പോലും കാണാതെ എന്റെ ഓരോ വാക്കും നോക്കും സിദ്ധു കൃത്യമായി പറയുന്നത് കേട്ടപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി…. ദീർഘമായി ഒരു ശ്വാസം വിട്ട് ഞാൻ പറയാൻ ഒരുങ്ങി… “അത്…പിന്നെ സിദ്ധു…. എനിക്ക്… ഞാൻ….. അത്… സിദ്ധു….. സിദ്ധു ശെരിക്കും എന്നെ സ്നേഹിച്ചിട്ടുണ്ടോ….???”

ആദ്യം വിക്കി വിക്കി കളിച്ചെങ്കിലും അവസാനം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്ത് അനു നിർത്തിയതും ഞാൻ കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു…. ഞാൻ വേഗം അവളുടെ മടിയിൽ നിന്ന് എണീറ്റ് ഇരുന്നു കുറച്ഛ് ഗൗരവത്തിൽ ഞാൻ അവളെ നോക്കി….. ചെറിയ പേടിയും വെപ്രാളവും ആ മുഖത്ത് പ്രകടമായിരുന്നു….. ” എന്താ ഇങ്ങനെ ചോദിച്ചത്….??? ഇപ്പോ ഈ ചോദ്യത്തിന്റെ ആവിശ്യണ്ടോ…????” ഗൗരവം ഒട്ടും കുറയ്ക്കാതെ ഞാൻ ചോദിച്ചത് കേട്ട് അവള് ഉമിനീരിറക്കി കൊണ്ട് എന്നെ നോക്കി… ” അല്ല… പ്രത്യേകിച്ച് ഒന്നും ഇല്ല…. അന്ന് കുറെയൊക്കെ പ്ലാനിങ് ആയിരുന്നല്ലോ… ആമിയും ഏട്ടനും അങ്ങനെ എന്നോട് വന്ന് പറഞ്ഞിരുന്നു…. അതിൽ എന്തെങ്ങിലും സത്യം ഉണ്ടോന്ന് അറിയാൻ ഞാൻ വെറുതെ….. കള്ളം പറഞ്ഞത് ആണെങ്കിൽ പറയണ്ട…. അതങ്ങനെ ഇരുന്നോട്ടെ….. !!!!” വിക്കി വിക്കി അവള് എങ്ങനെയോ ഇത്രയും പറഞ്ഞൊപ്പിച്ചു കൊണ്ട് എന്നെ നോക്കി വെളുക്കാനെ ഒന്ന് ചിരിച്ചു…. ഞാൻ ദേഷ്യപ്പെടുമോന്നുള്ള ഒരു ഭയം അവളുടെ മുഖത്തും കണ്ണിലും നിറഞ്ഞ് നിന്നിരുന്നു… ഈ വിക്കൽ പോലും ആ ഭയത്തിന്റെ ലക്ഷണമാണ്….. അവളുടെ അരക്കെട്ടിന്റെ രണ്ട് സൈഡിലും പിടിച്ഛ്, അല്പമൊന്ന് ചരിച്ഛ് വലിച്ഛ് എന്റെ അടുത്തേക്ക് ചേർത്ത് സൈഡിൽ മടക്കി വെച്ച ലാപ്ടോപ് എടുത്ത് അവളുടെ മടിയിലേക്ക് വെച്ഛ് ഷോള്ഡറിൽ താടി കയറ്റി വെച്ഛ് ഞാൻ ലാപ് തുറന്ന് ഓണാക്കി…

പേടിച്ചാണ് ഞാൻ പറഞ്ഞൊപ്പിച്ചത്, കാരണം വേറെ ഒന്നും കൊണ്ടല്ല അവൻ പെട്ടെന്ന് എണീറ്റ്, ചോദ്യത്തിന്റെ ആവിശ്യം ഉണ്ടെന്ന് ചോദിച്ചപ്പോ ഒരു ഭയം…. അവനെ നോക്കി ചിരിച്ഛ് മറു സൈഡിലേക്ക് നോക്കി നിൽക്കെ എന്തോ ഒരു സങ്കടം ചങ്കിൽ കെട്ടുന്നത് ഞാൻ അറിഞ്ഞു… ആമിയും ഏട്ടനും അതൊക്കെ വെറുതെ പറഞ്ഞതാണെന്ന് തോന്നുന്നത് കൊണ്ടാവോ….???? അറിയില്ല….!!!! പെട്ടെന്നായിരുന്നു സിദ്ധുന്റെ കൈത്തലം ഇടുപ്പിൽ അമർന്നതും ഞൊടിയിടയിൽ അവന്റെ അടുത്തേക്ക് എന്നെ വലിച്ഛ് അടുപ്പിച്ഛ് ചേർത്ത് ഇരുത്തിയതും… അവന്റെ കയ്യിലെ ചൂടിൽ അവിടെയാക്കെ ഒരുവേള പൊള്ളിപ്പിടഞ്ഞ് പോയിരുന്നു.. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനുള്ള സാവകാശം തരാതെ എന്റെ തോളിലേക്ക് തല കയറ്റിവെച്ഛ് താടി കുത്തി നിർത്തി, എന്നെ മുഴുവനായും ആ കൈക്കുള്ളിലാക്കി നിമിഷ നേരം കൊണ്ട് രണ്ട് സൈഡിലൂടെയും എന്റെ മടിയിൽ തുറന്ന് വെക്കുന്ന ലാപ്പിലേക്ക് അവന്റെ കൈക്കൾ നീണ്ടിരുന്നു….

ഹൃദയം പെരുമ്പറ കൊട്ടുന്നപ്പോലെ മിടിക്കുമ്പോ അത് പൊട്ടി പോവുമൊന്നുള്ള ഭയമായിരുന്നു എന്റെ ഉള്ളിൽ.. ഒരു നിമിഷം കൊണ്ട് നിലച്ഛ് പോയ് ശ്വാസം വീണ്ടെടുക്കാൻ വായിലൂടെ ശ്വാസമെടുത്ത് ഞാൻ കിതച്ഛ് പോയി… ഇടയ്ക്ക് തോളിലും ചെവിയിലും കവിളിലും പതിയെ തട്ടി തലോടി പോകുന്ന സിദ്ധുന്റെ നിശ്വാസം വായുവിന്റെ ചൂടിൽ ചെന്നിയിലൂടെ വിയർപ്പ് താഴേയ്ക്ക് ഉരുണ്ടിറങ്ങി… കുതിച്ചുയരുന്ന കിതപ്പ് വരുത്തിയിലാക്കാൻ എന്നോണം ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു…. ലാപ്പ് ഓപ്പൺ ചെയ്ത് അതിൽ സീക്രെട്ട് ആയി ഒളിപ്പിച്ഛ് വെച്ച ഫയൽ എടുക്കാൻ തുടങ്ങവേ ചരിഞ്ഞ് അവളെ നോക്കിയ ഞാൻ കാണുന്നത് കണ്ണടയ്ച്ഛ് ഇരുന്ന് കിതപ്പടക്കുന്ന അനൂനെയാണ്… അവളുടെ ചെന്നിയിലൂടെ പതിയെ ഒലിച്ചിറങ്ങിയ വിയർപ്പ് തുള്ളിയിലേക്ക് ഞാൻ സാകൂതം നോക്കി.. വെളിച്ചത്തിൽ അതൊരു വജ്രത്തെ പോലെ വെട്ടി തിളങ്ങിയിരുന്നു…. “അനൂ…..” “ആഹ്…!!!” പതിയേ അവളുടെ കാതോരം ഞാൻ വിളിച്ചതും അവളൊരു ഞെട്ടലോടെ വിളി കേട്ട്, കണ്ണ് തുറന്ന് വെപ്രാളത്തോടെ ചെന്നിയിലും മേൽ ചുണ്ടിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് കൈകൊണ്ട് അമർത്തി തുടച്ചു…

വരണ്ട് പോയ കീഴ് ചുണ്ട് നാവ് കൊണ്ട് നനച്ഛ് കിതപ്പോടെ ഉമിനീരിറക്കുന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു… എന്നിൽ നിന്ന് അവളിലേക്ക് അടിക്കുന്ന നിശ്വാസ വായുവിൽ നിന്ന് അകലാൻ എന്നോണം അവള് സൈഡിലേക്ക് പതിയെ ചരിയുന്നത് കണ്ടതും ഞാൻ ഒന്നൂടെ അവളുടെ തോളിലേക്ക് താടി മുട്ടിച്ഛ് രണ്ട് കൈകൊണ്ടും വരിഞ്ഞ് മുറുക്കി എന്നോട് ചേർത്ത് പിടിച്ഛ് തല പുറത്തേക്ക് ചരിച്ഛ് അവളെ നോക്കി…. “അനൂസേ…..” വീണ്ടും വിയർപ്പ് പൊടിയുന്ന മേൽചുണ്ട് തുടച്ഛ് അവളെന്നെ നോക്കിയതും ചുവപ്പ് രാശിവീണ് തുടുക്കുന്ന അവളുടെ കവിളിൽ ഞാൻ അമർത്തി ചുംബിച്ചു…. നാണത്തോടെ കുനിഞ്ഞ് പോയ അവളുടെ മുഖത്ത് നിറഞ്ഞൊരു ചിരി ഉദിച്ചുയർന്നു… ” എന്താ അനൂസേ ഇങ്ങനെ വിയർക്കുന്നേ….???? ഏഹ്ഹ്ഹ്….???” അവളെ നോക്കി കുസൃതിയോടെ ഞാൻ ചോദിച്ചത് കേട്ട് അവളിൽ വെപ്രാളം നിറഞ്ഞു… “മ്മ്മ്…. മ്മ്മ്….” നിഷേധാർത്ഥത്തിൽ കിതപ്പോടെ അവള് വേഗത്തിൽ തലയാട്ടി ഉമിനീരിറക്കി… ” എന്നാ ലാപ്പിലേക്ക് നോക്ക്…???” “മ്മ്മ്….മ്മ്മ്….”

വേഗത്തിൽ മൂളി ലാപ്പിലേക്ക് നോക്കി ഇരിക്കുന്നത് എന്നെ കണ്ട് ആ മുഖത്ത് ഒരു കുസൃതി ചിരി നിറയുന്നത് ഞാൻ ശ്രദ്ധിച്ചു… തോളിലേക്ക് ഒന്നൂടെ തല കയറ്റി വെച്ഛ് എന്റെ പുറത്തേക്ക് ചാഞ്ഞ് അമർന്ന് ഇരിക്കുന്ന അവനെ ഇടംകണ്ണാലെ ഞാൻ നോക്കി…. “അനൂസേ ലാപ്പിലേക്ക്…??” ശാസനയിൽ പോലും പ്രണയവും കുസൃതിയും നിറച്ഛ് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ വേഗം ലാപ്പിലേക്ക് നോക്കി.. ഈ കോന്തന് ഇങ്ങനെ പറഞ്ഞാ മതി… എനിക്ക് മര്യാദയ്ക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ല, പിന്നെയാ ശ്രദ്ധിക്കുന്നത്… “*my soulmate*” ലാപ്പിൽ നോക്കിയ എന്റെ കണ്ണുകൾ ആ പേര് കണ്ട് തെല്ലൊന്ന് വികസിച്ചു.. സംശയത്തോടെ അവനെ തിരിഞ്ഞ് നോക്കിയതും അവൻ ലാപ്പിലേക്ക് കണ്ണ് കാണിച്ചു…. വീണ്ടും ഞാൻ ലാപ്പിലേക്ക് നോക്കി പഠിക്കുമ്പോ എടുത്ത ഒരുപാട് പിക് ആയിരുന്നു ആ ഫോൾഡർ നിറയെ…. ഞാനും ആമിയും നിൽക്കുന്നതും ഞാൻ ഒറ്റക്ക് നിൽക്കുന്നതുമായി ഒരായിരം പിക് അതിലുണ്ടായിരുന്നു… ഓരോന്ന് കാണിച്ഛ് ഇത് അന്ന് എടുത്തതാണ്, ഇത് ആ ഫങ്ഷന് എടുത്തതാണ്, ഇത് ഇങ്ങനെ എടുത്തതാണ് എന്നൊക്കെ അവൻ വിശദീകരിച്ഛ് പറയുന്നത് കേട്ട് ഞാൻ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോ അവൻ വീണ്ടും കണ്ണ് ലാപ്പിലേക്ക് കാണിച്ചു തന്നോണ്ടിരുന്നു…

ഞാൻ അറിയാതെ എടുത്ത അണ്എക്സ്‌പെറ്റഡ് പിക് ആയിരുന്നു അതിൽ അധികവും…. “ഇപ്പോ വിശ്വാസായോ, അതോ ഇനിയും തെളിവ് വേണോ…..????? നിന്നെ അറിയുന്നതിനും കാണുന്നതിനും എത്രയോ മുൻപ് തന്നെ നിന്നെ ഞാൻ സ്നേഹിച്ഛ് തുടങ്ങീട്ടുണ്ട്…” ചിരിച്ചോണ്ട് എന്റെ തലയോട് തല മുട്ടിച്ഛ് ഇറുക്കി കെട്ടിപ്പിടിച്ഛ് സിദ്ധു പറഞ്ഞു തീർന്നതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… “എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടാണ്, സ്നേഹമാണ്, പ്രണയമാണ്…. നിനക്ക് എന്നോട് വെറുപ്പാണെങ്കിലും, ദേഷ്യമാണെങ്കിലും ഞാൻ എന്നും നിന്റെ കൂടെയേ ഉണ്ടാവൂ, എത്ര ആട്ടിപ്പായിച്ചാലും ഞാൻ നിന്റെ കൂടെയെ ജീവിക്കൂ, നിന്റെ കൂടെയെ മരിക്കൂ…” അവന്റെ വാക്കുകളിൽ പ്രണയം നിറഞ്ഞ് നിന്നിരുന്നു…. സ്നേഹം കരകവിഞ്ഞു ഒഴുകിയിരുന്നു…. “എനിക്ക് അറിയാം,,,, തെറ്റ് മാത്രേ ഞാൻ നിന്നോട്…. വേദനിപ്പിച്ചിട്ടേള്ളൂ…. കരപ്പിച്ചിട്ടേള്ളൂ… ഞാൻ കാരണം നഷ്ടങ്ങൾ മാത്രേ നിനക്ക്.. എന്നാലും, എന്നിൽ നിന്ന് അകന്ന് മാത്രം പോവല്ലേ…!!!!! വെറുക്കല്ലേടീ എന്നെ…. നിന്റെ കണ്ണിൽ എന്നോട് വെറുപ്പിന്റെ ചെറിയൊരു അംശം കണ്ടാൽ പോലും എനിക്ക് താങ്ങാൻ ആവില്ല…. ഒരിക്കലും നീ എന്നെ വിട്ട് പോവരുത്… അന്ന് നീ പോയ രണ്ട് മാസങ്ങൾ, നിന്നെ കാണാൻ പോലും കഴിയാതെ വന്ന ആ ദിവസങ്ങൾ, ഓർക്കുമ്പോ പോലും എനിക്ക് ഭ്രാന്ത് പിടിക്കുന്നു….

ഈ ജീവിതം മുഴുവൻ, എന്നിൽ ശ്വാസം നിലയ്ക്കുന്ന അവസാന മിടിപ്പിൽ പോലും ഞാൻ നിന്നോട് മാപ്പ് ഇരന്നോണ്ടിരിക്കും…. ദ്രോഹിച്ചത്തിന്, നിനക്ക് വരുത്തിയ നഷ്ടങ്ങൾക്ക്, അപമാനിച്ചതിന്…അങ്ങനെ അങ്ങനെ എല്ലാത്തിനും….” കുറ്റബോധത്തിന്റെ തീച്ചൂളയിൽ ആ ചങ്കിൽ കെട്ടുന്ന വേദന അവന്റെ നിറയുന്ന കണ്ണിൽ, ഇടറുന്ന സ്വരത്തിൽ, മുറുക്കുന്ന കയ്യിൽ ഞാൻ അറിയുണ്ടായിരുന്നു… ആ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു.. ഒരു കൊച്ഛ് കുഞ്ഞിനെ പോലെ എന്നോട് ഒട്ടി ചേർന്ന് ഇരിക്കുന്ന അവനെ കാണേ പ്രണയത്തേക്കാൾ വാത്സല്യമാണ് എന്നിൽ നിറഞ്ഞത്…. ” അയ്യേ… വൈകുന്നേരം ഞാൻ ഒന്ന് കരഞ്ഞതിന് വലിയ വീരവാദം മുഴക്കിയ ആളാ, ഇപ്പോ കൊച്ഛ് പിള്ളാരെ പോലെ കരയുന്നത്…. അതേ ഇങ്ങനെ ഈ മഞ്ഞത്‌ ഇരുന്നാ നാളത്തേക്ക് പനി പിടിക്കും….” കുറച്ഛ് തമാശ രൂപത്തിൽ ഞാൻ പറഞ്ഞു നിർത്തിയതും സിദ്ധു ഒന്നൂടെ എന്നോട് ചേർന്ന് ഇരുന്നു… “സാരല്ല… എനിക്ക് ഇങ്ങനെ ഇരുന്നാ മതി എന്നും… നിന്റെ കൂടെ…. നിന്നോട് ചേർന്ന്, ഇറുക്കി, കെട്ടിപ്പിടിച്ഛ്…”

അവളെ ഒന്നൂടെ ചേർത്ത് കെട്ടിപ്പിടിച്ഛ് തോളിൽ ചാരി ഞാൻ കണ്ണടയ്ച്ഛ് കിടന്നു… അപ്പഴാണ് എനിക്കാ കാര്യം ഓർമ വന്നത്… ഞാൻ വേഗം അടർന്ന് മാറി ഇരുന്ന് കാര്യം പറഞ്ഞതും അവളുടെ മുഖത്തെ സന്തോഷം ഒന്ന് കാണാനായിരുന്നു…. സന്തോഷവും എക്സൈറ്റ്മെന്റും കൊണ്ട് ആ മുഖം വെട്ടി തിളങ്ങി….. ആവേശത്തോടെ അവളെ എന്റെ കൈപിടിച്ചു കൊണ്ട് ചോദിച്ചു… “സത്യം…… സത്യയിട്ടും….???” “ആഹ് ഡോ…. വാ പോകാം…..” “ഓകെ…. ഞാൻ എപ്പഴേ റെഡി… വാ പോകാം….!!!!” എന്നെ അടർത്തി മാറ്റി സിദ്ധു പറഞ്ഞത് എന്താനല്ലേ നിങ്ങള് ആലോചിക്കുന്നത്, നെറ്റ് റൈഡിന് പോകുന്ന കാര്യാ ആ കോന്തൻ പറഞ്ഞത്….. ഫസ്റ്റ് നെറ്റിന് റൈഡിന് പോണം നുള്ളത് എല്ലാരേയും പോലെ എന്റേയും ആഗ്രഹായിരുന്നു… അയ്യോ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ…. ന്റെ കൃഷ്ണാ….. സന്തോഷവും ആവേശവും എല്ലാം കൂടി ഞാൻ സിദ്ധുന്റെ കവിളിൽ നല്ലൊരു ഉമ്മ കൊടുത്തു… പക്ഷേ കൊടുത്തു കഴിഞ്ഞ് അന്തം വിട്ട് കിളിപോയ പോലെ കവിളിൽ കൈ വെച്ഛ് നിൽക്കുന്ന സിദ്ധു നെ കണ്ടപ്പോ വേണ്ടായിരുന്നു ന്ന് തോന്നി പോയി…. ആദ്യം കുറച്ചു ചടപ്പ് തോന്നിയെങ്കിലും റൈഡിന്റെ കാര്യം മനസ്സിൽ തെളിഞ്ഞപ്പോ ഞാൻ വേഗം അവനെ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു….

“വാ സിദ്ധു….. വാ… പോകാം….. സമയം ആയി… വാ….” “ഹോ…. എന്റെ പൊന്നനൂ നീ ഇങ്ങനെ കിടന്ന് വിളിച്ചു കൂവി എല്ലാരേയും അറീക്കല്ലോ…..??? ഒന്ന് മെല്ല പറ…??? അച്ഛമ്മ അറിഞ്ഞാൽ പോക്ക് നടക്കില്ല ട്ടോ… നല്ല മഞ്ഞുണ്ട് പുറത്ത്… പിന്നെ വൈക്കുനേരം ഇടി വെട്ടിയത് കൂടി കേട്ടതാ…..” ഞാൻ പറഞ്ഞു നിർത്തിയതും അവള് കൈ കൊണ്ട് വാ പൊത്തി ചുറ്റും നോക്കി പിന്നെ വേഗം ചാടി എണീറ്റ് എന്നെ പിടിച്ചു വലിച്ചു എണീപ്പിച്ഛ് നിർത്തിച്ചു…. “ഇവിടെയെങ്ങും ആരും ഇല്ല…. വാ പോകാം… ആരും കാണില്ല…. വാ…..” ഞാൻ പറഞ്ഞു നിർത്തിയതും അവൻ എന്നെ അടിമുടി ഒന്ന് നോക്കി… ഞാനും അവനെ പോലെ എന്നെ അടിമുടിയൊന്ന് നോക്കി…. “എന്താ ഇങ്ങനെ നോക്കുന്നത്….???” ഞാൻ സംശയത്തോടെ ചോദിച്ചു… “അല്ല… ഈ സാരിയും വലിച്ഛ് ചുറ്റിയാണോ മോള് റൈഡിന് വരുന്നത്……???” “എന്താ…അതിനെന്താ കുഴപ്പം…?? നല്ലതല്ലേ…???” “നല്ലതൊക്കെ തന്നെ… പക്ഷേ സാരി ഉടുതോണ്ട് ആരെങ്കിലും റൈഡിന് പോവോ കുരിപ്പെ…..!!!!! നമ്മുടെ കബോഡിൽ ലെഫറ്റ് സൈഡിൽ ഒരു കവറുണ്ട്… അത് ഇട്ടാ മതി… വേഗം ചെൽ….!!!” സിദ്ധു പറഞ്ഞത് കേട്ടപാതി കേൾക്കാത്ത പാതി ഞാൻ റൂമിലേക്ക് ഓടി… ലെഫ്റ്റ് സൈഡിലെ കബോഡ് തുറന്നപ്പോ തന്നെ കണ്ടു ഒരു പേപ്പർ കവർ….. ഞാൻ ആവേശത്തോടെ തുറന്ന് നോക്കി…. ഒരു ബ്ലാക്ക് ഷർട്ടും, ബനിയനും ജീനും.. മൂന്നും നെഞ്ചോട് ചേർത്ത് ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടി…

അവളെ ഡ്രെസ്സ് ചേഞ്ച്‌ ചെയ്യിക്കാൻ പറഞ്ഞു വിട്ട് ഞാൻ താഴെ സോഫയിൽ വന്നിരുന്നു… ഒരു 5 mnt കഴിഞ്ഞ് വെറുതേ മുകളിലേക്ക് നോക്കിയതും കോണിയിറങ്ങി വരുന്ന അനൂനെ കണ്ട് ഞാൻ എണീറ്റ് നിന്ന് പോയി….. ഉഫ്ഫ്ഫ്ഫ്ഫ്……എന്റെ പൊന്നോ…….!!!! അരണ്ട വെളിച്ചത്തിൽ ആയതോണ്ട്‌ എന്റെ ഭാര്യ തന്നെയാണോ ന്ന് ഞാൻ ഒന്നൂടെ കണ്ണ് തിരുമ്മി നോക്കി….. ജീനും ഷർട്ടും ഒക്കെ ഇട്ട് നല്ല സ്റ്റൈലിൽ സ്ലോ മോഷനിൽ കോണിയിറങ്ങി വരുന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി……. മുടി എല്ലാം കൂടി വാരി മുകളിലേക്ക് ക്രാബ് ചെയ്ത് കെട്ടി വെച്ചിട്ടുണ്ട്…. നെറ്റിയിൽ ചെറിയൊരു ചുവന്ന പൊട്ട് അല്ലാതെ മറ്റൊരു മേയ്കപ്പും ആ മുഖത്ത് ഇല്ലെങ്കിൽ കൂടി അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു…. തുടരും…..