16/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 50(1)

രചന – മഞ്ജിമ സുധി

അതെ അനന്തൻ പറഞ്ഞതാണ് ശെരി…. ഇത്,,, ഇത് ഞാൻ തന്നെ സോൾവ് ചെയ്യണം…. ചെയ്യും….. ചെയ്തു പോയ എല്ലാ തെറ്റിനും പറഞ്ഞ് പോയ എല്ലാ വാക്കുകൾക്കും അവളോട് മാപ്പ് പറയണം…. അവൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കണം… എനിക്ക് അവളെ ഒരുപാട് ഒരുപാട് ഇഷ്ടാണെന്ന് പറയണം….. ഇത്രയും കാലം ദ്രോഹിച്ചതിന് അവളെ കെട്ടിപ്പിടിച്ചു നെറുക്കിൽ ചുംബിക്കണം…. രണ്ട് ദിവസം മായി എന്റെ മുന്നിലും പിന്നിലുമായി സിദ്ധു ഉണ്ട്….. അവൻ എന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നുന്നു…. ഇനിയും കേൾക്കാനുള്ള ത്രാണിയെനിക്കില്ല അത് കൊണ്ട് കണ്ട് മുട്ടാനുള്ള അവസരം ഉണ്ടാക്കാതെ മാക്സിമം ഒഴിഞ്ഞു മാറി നടന്നു…… നാട്ടിൽ പോകുന്ന കാര്യം ആദ്യം അമ്മയോടും ദേവൂനോടുമാണ് പറഞ്ഞത്…. ഞാൻ ഇത്രയും കാലം പോകാത്തത്തിലായിരുന്നു അവർക്ക് വിഷമം…

ആദ്യ കുറച്ഛ് നാളുകളിൽ ഇടയ്ക്കിടെ ദേവു ചോദിക്കുമായിരുന്നു ‘ ‘ നീ എന്താ വീട്ടിൽ പോകാത്തതെന്ന് ‘ അപ്പഴൊക്കെ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞു ഒഴിയുന്നത് പതിവായപ്പോ ദേവു തന്നെ ആ കാര്യം വിട്ടു…. നിമ്മിയോട് പറയാൻ എനിക്ക് കുറച്ഛ് പേടിയുണ്ടായിരുന്നു, കാരണം അവൾക്ക് എല്ലാത്തിനും ഒടുക്കത്തെ സംശയമാണ്… എന്താ,എന്തിനാ, ഇപ്പോ എന്താ പെട്ടന്ന്, എന്തെങ്കിലും പ്രശ്നം ണ്ടോ ന്ന് തുടങ്ങി ഒരു ലോഡ് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാവും എന്ത് കാര്യം പറഞ്ഞാലും അവൾക്ക് ചോദിക്കാൻ…. പക്ഷേ കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷം കൊണ്ട് ആണെന്ന് തോന്നുന്നു അവള് മറുത്തൊന്നും ചോദിച്ചില്ല, പകരം അവളും വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും കല്യാണം ഉറപ്പിച്ചത് കൊണ്ട് അധികം പുറത്തോണ്ട് ഒന്നും അങ്ങനെ പോകാൻ പാടില്ലെന്ന് ദേവു പറഞ്ഞത് കേട്ട് സങ്കടത്തോടെ അവള് അത് ഒഴിവായി…..

നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോ ഏട്ടനും ഏട്ടത്തിയും ഉണ്ണിയും കട്ട സപ്പോർട്ട്….. അമ്മൂന്റെ കല്യാണകാര്യം ആരോടും പറഞ്ഞില്ല…. നാളെ രാവിലെയാണ് ട്രെയിൻ….. സിദ്ധുന്ന് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഉണ്ടാവില്ല ന്ന് അറിയാവുന്നോണ്ടും ഒരുപാട് സന്തോഷം ആവുമെന്ന് ഉറപ്പുള്ളതോണ്ടും രാവിലെ ഇറങ്ങാൻ നേരം പറയാമെന്ന് കരുതി….. രാത്രി എല്ലാരും ഉറങ്ങിയെന്ന് ഉറപ്പാക്കി ഇടനാഴിയിലെ സോഫയിൽ കിടക്കുമ്പോ എന്തോ ഉറക്കം വന്നില്ല…. ഈ വീട്ടിലെ എന്റെ അവസാന രാത്രി, എനിക്കെങ്ങനെ ഉറങ്ങാൻ കഴിയും…ല്ലേ…?? എണീറ്റ് ഇരുന്ന് പതിയെ കിളിവീട്ടിലേക്ക് നടന്ന് റൈലിങ്ങിൽ ചാരി പുറത്തേക്ക് നോക്കി കൈ കെട്ടി നിന്നു….. കറുത്തിരുണ്ട ആകാശം, പേരിന് പോലും ഒരു കുഞ്ഞ് നക്ഷത്രം മാനത്ത് തിളങ്ങുന്നില്ല, ദൂരെ മെയിൻ റോഡിൽ സ്ട്രീറ്റ് ലൈറ്റിന്റെ ഒരു ചെറു വെട്ടം മാത്രം…. കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നത് മുതൽ ഇന്ന് വരെയുള്ള കാര്യങ്ങൾ ഒരു സിനിമ പോലെ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു…. സിദ്ധു….!!!!!! അവനെ കുറിച്ച് ചിന്തിക്കുന്തോറും മനസ്സ് വിങ്ങിപ്പൊടുന്നു..

അവൻ പറഞ്ഞ ഓരോ വാക്കിനും ഓർക്കുന്തോറും മൂർച്ച കൂടി കൂടി വരുന്നപ്പോലെ……. കണ്ണിൽ നിറയുന്ന നനവ് ശ്രദ്ധിച്ഛ് കൊണ്ട് പുച്ഛത്തോടെ ഞാൻ ഓർത്തു… ഇനിയും ഈ മിഴികളിൽ ഒഴുകിത്തീരാൻ കണ്ണീർ ബാക്കിയുണ്ടോ……??? അത്ഭുതം തോന്നുന്നു….. കിളിവീട്ടിൽ പടർന്ന് പന്തലിച്ഛ് കിടക്കുന്ന മുല്ല ചെടിയൂടെ കടന്ന് വന്ന മുല്ലപ്പൂ മണമുള്ള കാറ്റ് എന്നെ തഴുകി തലോടി പൊയ്കൊണ്ടിരുന്നു….. രണ്ട് ദിവസമായി അവളെ ഒന്ന് തനിച്ചു കിട്ടാൻ രാവിലെയും രാത്രിയും ഞാൻ ഒരുപാട് ശ്രമിച്ചു…ഒന്നുകിൽ അവളുടെ കൂടെ ആരെങ്കിലും കാണും, അല്ലെങ്കിൽ എന്നെ കാണുമ്പൊ തന്നെ അവള് ഒഴിഞ്ഞു മാറും…. .പക്ഷേ ആ നിശ്ചയം കഴിഞ്ഞത് മുതൽ അവളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്…. അവളെന്നെ പൂർണമായും അവോയ്ഡ് ചെയ്യുന്ന പോലെ ഒരു തോന്നൽ, ഫുഡ് കഴിക്കാൻ പോലും ഞങ്ങളെ കൂടെ കാണാറില്ല…… എന്റെ എല്ലാ കാര്യങ്ങളും എപ്പഴും അവൾ തന്നെയാണ് നോക്കുന്നതെങ്കിലും അവളെ ഒന്ന് കാണാൻ പോലും കിട്ടാറില്ല എന്നതാണ് വിചിത്രം……

ഓരോന്ന് ആലോചിച്ചു ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടത്… വെട്ടി തിരിഞ്ഞു നോക്കിയപ്പോ ഡോർ തുറന്ന് അകത്തേക്ക് കടന്ന് വരുന്ന അവളെ കണ്ടപ്പോ എനിക്ക് എന്തില്ലാത്ത സന്തോഷം തോന്നി…. ഒരു മടിയോടെ അവള് എന്റെ മുന്നിലേക്ക് വന്ന് നിന്നെങ്കിലും മുഖമുയർത്തി ഒന്ന് നോക്കിയതുപോലും ഇല്ല…. സത്യത്തിൽ അത് കണ്ടപ്പോ ചിരിയാ വന്നത്… മുന്താണി തലപ്പിന്റെ തേര് പിടിച്ഛ് മുറുക്കി എന്നെ നോക്കാതെ സൈഡിലേക്കും മറ്റും വെപ്രാളത്തോടെ നോക്കി ദീർഘമായി ശ്വാസം വലിച്ഛ് ഉമിനീരിറക്കുന്ന അവളെ ഞാൻ കണ്ണെടുക്കാതെ നോക്കി…. ഇന്നാണ് ഞാൻ എന്നന്നേക്കുമായി ഇവിടുന്ന് പടിയിറങ്ങുന്നത്.. ഇന്നലെ സിദ്ധു ഓഫീസിൽ പോയ സമയം തന്നെ എന്റെ പാകിങ് ഒക്കെ ചെയ്ത് വെച്ചു…. സിദ്ധു ഓഫീസിൽ പോകുന്നതിന് മുൻപ് തന്നെ ഞാൻ റൂമിലേക്ക് നടന്നു…..

പുറത്തു നിന്ന് ഒരുപാട് ആലോചനകൾക്കും തയ്യാറെടുപ്പിനും ശേഷമാണ് കയറിയതെങ്കിലും റൂമിൽ എത്തി സിദ്ധുന്റെ മുന്നിൽ ഇങ്ങനെ നിൽക്കുമ്പോ കൂട്ടി വെച്ച ധൈര്യമൊക്കെ ചോർന്നൊലിക്കുന്നു….. വെപ്രാളവും പരവേശവും കൊണ്ട് അടിമുടി വിറയ്ക്കുന്നു, വെട്ടി വിയർക്കുന്നു…. ചങ്ക് പൊട്ടുന്നപോലെ ഒരു വേദന…. തൊണ്ടയൊക്കെ വറ്റിവരുണ്ടു പോയിരിക്കുന്നു… കണ്ണ് അനുസരണയില്ലാതെ നിറയുന്നു….. അവന്റെ മുഖത്ത് നോക്കിയാൽ തളർന്ന് പോകും ഞാൻ, ചിലപ്പോ എനിക്ക് പറയാൻ കഴിയില്ല, അതോണ്ട് ദീര്ഘമായൊരു ശ്വാസം വലിച്ചെടുത്തു മുഖമുയർത്തി അലക്ഷ്യമായി നോക്കികൊണ്ട് ഞാൻ പറയാൻ തുടങ്ങി……. *”എനിക്കൊരു കാര്യം പറയാനുണ്ട്……???? “* ഇനിയും മൗനം പാലിച്ചാൽ ശെരിയാവില്ലെന്ന് തോന്നി ഞാൻ സംസാരിക്കാൻ വാ തുറന്നതും ഞങ്ങൾ രണ്ടുപേരും പരസ്പരം അത്ഭുതത്തോടെ മുഖത്തോട് മുഖം നോക്കി…

കാരണം ഞങ്ങൾ രണ്ടാളും അതും ഒരുമിച്ചാണ് പറഞ്ഞത്…. അവള് അന്തം വിട്ട് എന്നെ നോക്കി നിൽകുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു… അത് കണ്ട് അവള് വേഗം നോട്ടം മാറ്റി താഴേക്ക് നോക്കി….. ” പറഞ്ഞോ…!!!” എന്നെ പറയാൻ പോലും വിട്ടാതെ ദേഷ്യത്തോടെ റൂമിൽ നിന്ന് പിടിച്ഛ് പുറത്താക്കും അറപ്പോടെ ആട്ടിയക്കറ്റും എന്നൊക്കെ വിച്ചാരിച്ചും മുൻകൂട്ടി കണ്ടുമാണ് അവന്റെ മുന്നിൽ പോയി നിന്നത്… പക്ഷേ,, ഞങ്ങൾ ഒരുമിച്ച് പറഞ്ഞ കാര്യവും,അവന്റെ മുഖത്ത് ഇപ്പോ വിരിഞ്ഞ ചിരിയും, ഞാൻ പറയുന്നത് എന്തും കേൾക്കാൻ തയ്യാറായി നിൽക്കുന്ന നിൽപ്പും കണ്ട് ഞാൻ ശെരിക്കും അത്ഭുതപ്പെട്ടു…. അത് കണ്ടിട്ടോ, എന്തോ കൂട്ടിവെച്ച മനക്കരുത്തും ധൈര്യവുമൊക്കെ വിയർപ്പിനോടൊപ്പം ചോർന്നൊലിച്ചു പോകുന്ന പോലെ തോന്നി…. കബോഡിനോട് ചേർന്നുള്ള വാനിറ്റി മിററിൽ ചാരി കൈ കെട്ടിയിരുന്ന് ഒരു ചിരിയോടെ എന്നെ നോക്കി എനിക്ക് കാതോർത്ത് നിൽക്കുന്ന അവനെ കാണേ ഹൃദയമിടിപ്പ് പോലും കുതിച്ചുയർന്നു….

കണ്ണടച്ച് ദീർഘമായി ശ്വാസം വലിച്ച് വിട്ടു താലിയിൽ മുറുക്കി പിടിച്ചു കൃഷ്ണനെ മനസ്സിൽ നല്ലോണം ധ്യാനിച്ഛ് കണ്ണു തുറന്ന് അലക്ഷ്യമായി നോക്കി കൊണ്ട് പറഞ്ഞു….. “ഞാൻ…. ഞാൻ പോവാണ്….!!!” അവളെന്റെ മുന്നിൽ നിന്ന് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു…. എന്റെ മുഖത്തേക്ക് നോക്കാതെ അവിടെയും ഇവിടെയും ആ കണ്ണുകൾ പരത്തി നടന്നു…. പക്ഷേ അവള് പോവാണെന്ന് പറഞ്ഞപ്പോ എന്നിലെ ചിരി ആശ്ചര്യത്തിന് വഴിയൊരുക്കി…. ഞാൻ സംശയത്തോടെ നേരെ നിന്നു ചിരിയോടെ ചോദിച്ചു….. “എങ്ങോട്ട്…..???” എന്റെ ആ ചോദ്യം അവളിൽ പുച്ഛം നിറഞ്ഞ ഒരു നറു ചിരി സൃഷ്ടിച്ചു…. നിറഞ്ഞൊഴുകുന്ന കണ്ണോടെ അവളെന്നെ നോക്കി…. “അപ്പോ….. അപ്പോ എനിക്ക് പോകാൻ മറ്റൊരിടം ഇല്ലെന്ന് ഇയാൾക്ക് നന്നായറിയാം ല്ലേ…..???? പുറത്താക്കിയതാണെങ്കിലും എനിക്കുംണ്ട് ഒരു വീട്, വീട്ടുക്കാര്, അച്ഛൻ, അമ്മ, അനിയത്തി…. ഹോ,,, ഞാൻ ആരോടാ ഇതൊക്കെ പറയുന്നത്, എന്റെ വീട്ടുകാരെ കുറിച്ഛ് എന്നെക്കാൾ നന്നായി ഇയാൾക്ക് അറിയല്ലോ ല്ലേ….??? ഇടയ്ക്കിടെ വലിച്ചിഴക്കുന്നത് അല്ലെ…” നിറഞ്ഞ പുച്ഛത്തോടെ അവളിത് പറഞ്ഞപ്പോ എന്റെ മുഖത്തെ ചിരി വിളറി വെളുത്ത് പോയിരുന്നു…

” പോകാനുള്ള സമയവും സാഹചര്യവും ഒക്കെ ഒത്തു വന്നു… രണ്ടു മൂന്ന് ദിവസം മുന്നേ അനുവാദവും കിട്ടി….. പന്ത്രണ്ട് മണിക്കാണ് ട്രെയിൻ…… എന്റെ മുഖം പോലും കാണാൻ ഇഷ്ടമില്ലാത്ത ആളോട് ഒന്നും പറയാതെ പോണം ന്നാ ആദ്യം കരുതിയത്,, പിന്നെ തോന്നി ഇയാൾക്ക് ഒത്തിരി സന്തോഷം തരുന്ന കാര്യായതോണ്ട് നേരിട്ട് പറയാന്ന്… ഇനി, ഇയാളുടെ ലൈഫിൽ ഒരു ശല്യമായി, ബാധ്യതയായി ഒഴിയാ ബാധയായി സമാധാനം ഇല്ലാതാക്കാൻ ഞാൻ വരില്ല….!!!” അവള് പറയുന്നതൊക്കെ കേട്ട് ശ്വാസമെടുക്കാൻ പോലും മറന്ന് ശിലപ്പോലെ ഞാൻ മരവിച്ചു നിന്നു…. കാൽ തളരുന്ന പോലെ തോന്നിയതും നെഞ്ചിൽ കെട്ടി നിർത്തിയ കൈകൾ അയച്ഛ് ആശ്രയമെന്നോണം ഞാൻ പിന്നിലെ മേശയിൽ കയ്യൂന്നി… പറഞ്ഞു തീർത്ത് പോകാൻ തിരിഞ്ഞതും അവള് എന്തോ ഓർത്തപ്പോലെ നിന്നു പിന്നെ വേഗം ബാഗ് തുറന്ന് ഒരു ചെറിയ പേപ്പർ കവർ എന്റെ നേരെ നീട്ടി…. ഞാൻ ആദ്യം പേപ്പറിലേക്ക് സംശയത്തോടെ നോക്കി പിന്നെ അവളെ നോക്കി…..

പക്ഷേ അപ്പഴും അവളുടെ തല കുനിഞ്ഞ് തന്നെ നിന്നു….. വീണ്ടും ആ കവറിലേക്ക് നോക്കെ അവളുടെ കയ്യിൽ കിടന്ന് അത് വിറക്കുന്നുണ്ടായിരുന്നു….. എന്റെ കയും കാലും ഒന്നും അനങ്ങുന്നില്ല, ആകെ മരവിച്ച പോലെ അങ്ങനെ തന്നെ നിന്നു ഞാൻ അവളെ തന്നെ നോക്കി… ഞാൻ വാങ്ങാത്തത് കണ്ട് ആ കവർ വാനിറ്റി മിററിനോട് ചേരുന്ന ടേബിളിൽ വെച്ഛ് നടക്കവേ വീണ്ടും എനിക്ക് നേരെ തിരിഞ്ഞ ഒരുവേള എന്നെ നോക്കിയ ആ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു…… ” അന്ന് ചോദിച്ചില്ലേ ഇയാള്, എത്രയൊക്കെ പറഞ്ഞിട്ടും ദ്രോഹിച്ചിട്ടും ആടിപ്പായിച്ചിട്ടും ഒരു ഉളുപ്പും ഇല്ലാതെ ഇവിടെ എങ്ങനെ കടിച്ചു തൂങ്ങി നിൽക്കുന്നത് എന്തിനാന്ന്…??? ഒര… ഒരട്ടയെ പോലെ തന്നോട് ഒട്ടി ചേർന്ന് നിൽകുന്നത് എന്തിനാ ന്ന്…?? അവൾക്ക് വേണ്ടി… എന്റെ എല്ലാമെല്ലാമായ അനിയത്തിക്ക് വേണ്ടി…. അമ്മൂന് വേണ്ടി.. തനിഷ്ടത്തിന് കല്യാണം കഴിച്ചു വീട്ടുകാരേയും കുടുംബക്കാരേയും ഒരുപോലെ അപമാനിച്ച ഈ ചേച്ചി അവളുടെ നല്ല ജീവിതത്തിന് ഒരിക്കലും ഒരു വിലങ്ങു തടിയാവതിരിക്കാൻ…!!!

കല്യാണം കഴിഞ്ഞ് അധികം വൈകാതെ ഞാൻ വീട്ടിൽ പോയി നിന്നാൽ അവൾക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാവില്ല…. അവള് ജീവിതത്തിൽ ഞാൻ ഒരു കരിനിഴൽ ആവുമോ ന്ന് പേടിയുള്ളത് കൊണ്ട്, ബാധ്യത ആവും ന്ന് ഉറപ്പുള്ളത് കൊണ്ട്….. അതിന് കടിച്ഛ് തൂങ്ങിയാണെങ്കികും അട്ടയെ പോലെ പറ്റിപ്പിടിച്ഛ് ആണെങ്കിലും എനിക്ക് ഇവിടം അത്യാവശ്യം ആയിരുന്നു…. ഒരു ചേച്ചിയെന്ന നിലയിൽ എനിക്ക് ഇനി അവൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ഇത്‌ മാത്രേ ഉള്ളൂ…..” എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഉമിനീരിറക്കി ചങ്കിൽ കെട്ടി നിർത്തിയ ഗദ്ഗദങ്ങൾ വേദനയോടെ കടിച്ഛ് പിടിച്ഛ് പറയുമ്പോ അവള് വല്ലാതെ കിതച്ചിരുന്നു… ശ്വാസമെടുക്കാൻ കഴിയാതെ പിടഞ്ഞിരുന്നു…. “പിന്നെ….. പിന്നെ….. പറഞ്ഞില്ലേ…. ഈ സ്വത്തും പണവും ഒക്കെ എടുത്തോളാൻ, ഇതൊക്കെ എന്റെ പേരിൽ എഴുതി തരാന്ന്, ഇത് കണ്ടിട്ടാ… കണ്ടിട്ടാ ഞാൻ…. ഞാൻ ഇവിടെ വിട്ടാതെ ഡിവോഴ്സ് പേപ്പറിൽ സൈൻ പോലും…… ചെയ്യാതെ നിൽക്കുന്നതെന്ന്…..??? അവൾ വിങ്ങി പൊട്ടി ചോദിച്ചു….

“എനിക്ക് ഒന്നും വേണ്ട, ഒരു മൊട്ടുസൂചിപോലും….. ഇത്രയും കാലത്തിനിടയ്ക്ക് ഞാൻ… ഞാൻ ഒന്നും ആഗ്രഹി…..ആഗ്രഹിച്ചില്ല…..” നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവൾ അമർത്തി തുടയ്ച്ചു…. “ഇയാള് സ്വത്തോ പണമോ ഒന്നും എനിക്ക് വേണ്ട, ഇയാള് കെട്ടിത്തന്നത് അല്ലെങ്കിലും നിങ്ങളുടേതായി ഈ താലി മാത്രം മതി എനിക്ക്….. പുറത്തേ സോഫയിൽ വെച്ച ബാഗിൽ അമ്മയും ദേവുവും വാങ്ങി തന്ന രണ്ട് മൂന്ന് കൂട്ടം സാരിയുണ്ട്…… ഇത് രണ്ടും അല്ലാതെ ഇവിടുന്ന് മറ്റൊന്നും ഞാൻ എടുത്തിട്ടില്ല… ഇയാൾക്ക് പരിശോധിക്കാം….!! പലരുടെയും വായടപ്പിക്കാനും മുന്നോട് ജീവിക്കാനും ഒരു ധൈര്യത്തിന് മുറുക്കി പിടിക്കാൻ എനിക്ക് ഈ താലി കോർത്ത മാല മാത്രം മതി… ഇയാള് പേടിക്കണ്ട ഈ താലിയിൽ ഒരവകാശം പറഞ്ഞുകൊണ്ട് ഞാനൊരിക്കലും നിങ്ങളെ മുന്നിലേക്ക് വരില്ല….. ഇയാൾക്ക് എന്നെ പൂർണമായും വിശ്വസിക്കാം…… താലി മുറുക്കി പിടിച്ഛ് ഒരു നേടുവീർപ്പോടെ പറഞ്ഞ് തീർത്തപ്പോഴേക്കും അവള് തളർന്ന് പോയിരുന്നു….

തിരിച്ഛ് നടന്ന് നാലടി വെച്ഛ് അവള് നിന്നു…. ഇയാൾക്ക്…. ഇയാൾക്ക് എന്നും നല്ലത് മാത്രേ വരൂ…. ഞാൻ… ഞാനൊരിക്കലും മറ…..!!!! വാക്കുകൾ പാതിവഴിക്ക് നിർത്തി ഞാൻ വേഗം റൂമിന് പുറത്തിറങ്ങി കൈ പുറക്കിലേക്ക് കെട്ടി ചുമരിൽ ചാരികണ്ണടച്ഛ് നിന്നു….. ഇത്രയും നേരത്തിനിടയ്ക്ക് ഒരു തവണപ്പോലും എന്റെ കണ്ണുകൾ അവനിൽ പതിയാതെ ഞാൻ ശ്രദ്ധിച്ചിരുന്നു….. ചങ്കിൽ കുത്തിയിറങ്ങുന്ന പോലെ നീറുന്നു, കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകി… അവനോട് ഇത്രയും പറഞ്ഞൊപ്പിക്കാൻ പോലും ഞാൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു…. പക്ഷേ എന്തൊക്കെയോ കുറച്ഛ് അവനോട് പറഞ്ഞപ്പോ ആശ്വാസം തോന്നുന്നു… കുറെ നേരം പുറത്ത് ചുമരിൽ ചാരി നിന്നു.. കിതപ്പടങ്ങിയതും സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ച് സോഫയിൽ നിന്ന് ഇന്നലെ പാക്ക് ചെയ്ത ബാഗ് എടുത്ത് ഒരു നിറഞ്ഞ ചിരിയോടെ ഞാൻ താഴേക്കിറങ്ങി….

തിരിഞ്ഞ് നിന്ന് എന്നെ നോക്കാതെ പറഞ്ഞത് മുഴുമിക്കാതെ അവള് ഇറങ്ങി പോകുന്നത് നോക്കി ഞാനപ്പഴും നിർവികാരതയോടെ അവളുടെ വാക്കുകളിൽ തറച്ഛ് നിന്നു…. ഞാൻ പറഞ്ഞ ഓരോ വാക്കും അവളിൽ എത്രമാത്രം ആഴത്തിൽ വേരിറങ്ങിയിരുന്നൂന്നും മുറിവേല്പിച്ചിരുന്നൂന്നും അവള് ഇപ്പോ പെറുക്കി പെറുക്കി പറഞ്ഞ ഓരോ വാക്കിലും ഞാൻ അറിഞ്ഞു…. അവള് പോകുന്നത് കണ്ട് പിടിച്ചു നിർത്തണമെന്നും, പോകരുതെന്നും, നിന്നെ ഞാൻ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നുമൊക്കെ പറയാൻ മനസ്സ് ഒരുപാട് മുറവിളി കൂട്ടിയിരുന്നു….. പക്ഷേ എനിക്കൊന്നു അനങ്ങാനോ മിണ്ടാനോ എന്തിന് ശ്വാസമെടുക്കാൻ പോലും കഴിഞ്ഞില്ല… നാവൊക്കെ കുഴഞ്ഞു, മരവിച്ഛ് നിന്ന് പോയിരിക്കുന്നു….

വീട്ടിലെ എല്ലാരും സോഫയിൽ ഇരുപ്പുണ്ടായിരുന്നു…. യാത്ര പറച്ചിലൊക്കെ ഇന്നലെ കഴിഞ്ഞതോണ്ട് ആരോടും പ്രത്യേകിച്ച് പറയേണ്ടി വന്നില്ല…… ഞാൻ ഇറങ്ങി വരുന്നത് കണ്ടതും ദേവു വേഗം എണീറ്റ് അടുത്തേക്ക് വന്നു.. ചിരിയ്ക്ക് പുറക്കിൽ ഒളിപ്പിച്ഛ മുഖം മൂടി അഴിഞ്ഞ് വീഴുമോ ന്ന് പേടിച്ഛ് കൊണ്ട് ഞാൻ വേഗം തലകുനിച്ചു…. ദേവു പതിയെ താടി പിടിച്ചുയർത്തിയതും എന്റെ കണ്ണ് നിറഞ്ഞൊഴുക്കിയിരുന്നു…. ” ആഹാ കൊള്ളാല്ലോ….!!!!! സ്വന്തം വീട്ടിൽ പോകുന്നതിന് കരയുന്ന ആളെ ഞാനാദ്യയിട് കാണാ…??? അയ്യേ,,,ന്തിനാ കുട്ട്യേ കരയുന്നത്….???” “ഏയ്….ഒന്നുല്ല ദേവൂ….. ഇത്… ഇത് ആനന്ദ കണ്ണീരാ….. അമ്മ…..അമ്മയെവിടെ,,കണ്ടില്ല…..??” ഞാൻ ചോദിച്ചു തീരലും സാരിതാലപ്പ് കൊണ്ട് കൈ തുടച്ഛ് അമ്മ ഹാളിലേക്ക് വന്നതും ഒരുമിച്ചായിരുന്നു….. ഞാൻ പതിയെ അമ്മേന്റെ അടുത്തേക്ക് നടന്നു മുന്നിൽ പോയി നിന്നു….

ആദ്യമായി ഈ വീട്ടിൽ കയറി വന്നപ്പോ കോലായിൽ നിന്ന് ഒരു ചിരിയോടെ നിലവിളക്ക് നീട്ടിയവൾ, സ്വന്തം മകളെ പോലെ മകളേക്കാൾ ഒരുപടി ഏറെ സ്നേഹിച്ചവൾ, ശാസിച്ചവൾ, ഊട്ടിയവൾ, കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ വാത്സല്യത്തോടെ നെറുക്കിൽ തലോടിയവൾ, വേദനകളിൽ ആശ്വാസമായവൾ, പറയാതെ എന്റെ ഉള്ളിലെ വേദനയും ദുഖവും ഒരു പരിധിവരെ മനസ്സിലാക്കി കൂടെ നിന്നവൾ,,,, അമ്മ…… “ന്റെ മോള്,,,,, തിരിച്ഛ് വരോ….????” നിറഞ്ഞ കണ്ണോടെ നോക്കവേ എന്നെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് അമ്മ വാത്സല്യത്തോടെ കവിളിൽ തലോടി ചോദിച്ചത് കേട്ട് ഞാനമ്മയെ കെട്ടിപ്പിടിച്ചു… ഇതു വരെ അടക്കി പിടിച്ചു വേദനയും സങ്കടവും നിയന്ത്രണമില്ലാതെ പൊട്ടിയൊഴുക്കി….. പതിയെ നെറുകയിൽ തലോടി കൊണ്ട് ‘അമ്മ എന്നെ ആശ്വസിപ്പിച്ചു….

അപ്പോഴേക്കും നിമ്മിയും ഏട്ടത്തിയും ഏട്ടനും ഉണ്ണിയും ദേവുവും ഞങ്ങൾക്ക് ചുറ്റും വന്നു നിന്നു….. “ദേ…. വേദേട്ടത്തി നോക്ക്,,,,, ഇവരുടെ ഈ കെട്ടിപ്പിടുത്തവും കരച്ചിലൊക്കെ കണ്ടാൽ തോന്നും ഏട്ടത്തി പോയ പിന്നെ വരില്ലെന്ന്…….????” നിമ്മി “ഹാ സത്യം…….. സെയിം സാധനം ഞാനിപ്പം വിചാരിച്ചിട്ടേ ഉള്ളൂ….??” ഏട്ടത്തി അമ്മയെ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞപ്പോ മനസ്സിലെ ഭാരവും ചങ്കിലെ നീറ്റലും കുറേ അങ് കുറഞ്ഞു…. ഞാൻ വേഗം കണ്ണ് തുടച്ച് അമ്മയുടെ ചേർന്ന് നിന്ന് അവരെയോക്ക ഒന്ന് നോക്കി ചിരിച്ചു അഹങ്കാരത്തോടെ പറഞ്ഞു….. ” ഹൊ,,,, ഇവർക്കൊക്കെ അസൂയയാ അമ്മേ…… നമ്മളിങ്ങനെ സ്നേഹിക്കുന്നത് കണ്ട് ഏട്ടത്തിക്ക് കുശുമ്പ് കൂടാ….. നിമ്മി ആണെങ്കിൽ നാത്തൂൻ പോരെടുക്കാ…… ജന്തു….” ഞാനങ്ങനെ തന്നെ എന്താ എങ്ങാനാ ന്ന് മനസ്സിലാവാതെ അങ്ങനെ നിന്നു, പിന്നെ ബോധോദയം വന്ന പോലെ വേഗം താഴേക്കിറങ്ങി… താഴെ അവളെയും അമ്മയെയും പൊതിഞ്ഞു കൊണ്ട് എല്ലാരും നിൽപ്പുണ്ടായിരുന്നു…

അടുത്തെത്തി നോക്കിയപ്പോ അവളുടെ കണ്ണൊക്കെ കലങ്ങി ചുവന്നത് കണ്ടു….. “അല്ലെടാ സിദ്ധു നീ പോകുന്നില്ലേ….? എന്നെ കണ്ടതും ഏട്ടൻ സംശയത്തോടെ എന്നെ അടിമുടി നോക്കി ചോദിച്ചത് കേട്ട് ബാക്കിയുള്ളവരും എന്നെ നോക്കിയെങ്കിലും ഞാൻ ആഗ്രഹിച്ച മിഴികൾ മാത്രം എന്നെ തേടി വന്നില്ല….. ” ഹാ,,,, ഞാൻ ചോദിക്കാൻ വരുവായിരുന്നു… അനു ആദ്യായിട്ട് വീട്ടിൽ പോവല്ലേ അപ്പോ നീയും പോണ്ടേ കൂടെ,, അതല്ലേ നാട്ട് നടപ്പ്..??” “അത്… അത് പിന്നെ ഏട്ടത്തി….. ഏട്ടാ… ഞാൻ.. എനിക്ക്…..” ഏട്ടന്റെ ചോദ്യ കേട്ട് ഞാൻ എന്ത് പറയണം ന്ന് അറിയാതെ തപ്പി കളിക്കാൻ തുടങ്ങിയതും അവള് വേഗം ഇടയ്ക്ക് കയറി…. ” അത് പിന്നെ ഏട്ടാ……. ഞാൻ….. ഞാനാ……. അല്ലാ,, സിദ്ധു പറഞ്ഞതാ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഞാനും കൂടി വരാനും നമ്മുക്ക് ഒരുമിച്ച് പോകാനും ഒക്കെ, അപ്പോ ഞാനാ പറഞ്ഞത് വേണ്ട, വരണ്ടന്ന്… എന്റെ ഹോസ്പിറ്റലിൽ വാസം, നിമ്മീടെ എൻഗേജ്മെന്റ്, എല്ലാം കൂടി ഇപ്പൊ തന്നെ സിദ്ധു ഒരുപാട് ലീവ് എടുത്തിട്ടുണ്ട്, പിന്നെ പോരാത്തതിന് ഓഫീസിൽ പ്രൊജക്ടിന്റെ കുറേ വർക്ക് പെന്റിങ് ഉണ്ടെന്ന് ഇന്നലെ കൂടെ പറഞ്ഞിരുന്നു…. ഇപ്പോ ഇവിടുന്ന് വിട്ട് നിന്നാ എല്ലാം അവതാളത്തിൽ ആവും… എന്തിനാ വെറുതെ ആവിശ്യം ഇല്ലാതെ….???” ആർക്കും സംശയം ഇല്ലാത്ത വിധത്തിൽ അവള് പറഞ്ഞത് കേട്ട് എല്ലാരും ശെരിവെച്ഛ് മൂളിയെങ്കിലും നിമ്മി സംശയതോടെ വീണ്ടും ചോദിച്ചു…

“അല്ല… ഇങ്ങനെയൊക്കെ തിടുക്കപ്പെട്ട്, എടുപിടീന്ന് എന്തിനാ ഏട്ടത്തി പോണത്…???? ഏട്ടനെ കൂടി കൂട്ടി രണ്ട് ദിവസം കഴിഞ്ഞ് ജോളിയായി പോയാ പോരെ….??” നിമ്മി “ആഹ്….. അനൂന്റെ അച്ഛനും അമ്മയും അവിടെ ഇല്ലാന്നും, അച്ഛൻ തമിഴ്നാട് ബ്രാഞ്ചിലേക്ക് ട്രസ്‌ഫെർ ആയി എവിടെയാന്നും ഒക്കെ പറഞ്ഞില്ലായിരുന്നോ…..? അവര് ഒക്കെ വന്നോ…???” ഏട്ടത്തി ~~~~~~~~~~~~~~~~~ നിമ്മിയും ഏട്ടത്തിയും തലങ്ങും വിലങ്ങും ചോദ്യങ്ങൾ കൊണ്ട് എന്നെ വീർപ്പുമുടിച്ചു…. ന്റെ കൃഷ്ണാ ഈ ചോദ്യങ്ങൾക്ക് ഒക്കെ ഞാനെന്ത് ഉത്തരം നൽക്കും ഭഗവാനേ…..!!! മനസിൽ പറഞ്ഞ് കൊണ്ട് ഒരു വിളറിയ ചിരിയോടെ ഞാൻ അവരെ നോക്കി.. ” അത്….. അതേ.. അച്ഛനും അമ്മയും ഇവിടെ ഇല്ല അതാ ഞാൻ എത്രയും കാലം പോവാഞ്ഞത്…. പക്ഷേ….. ഇന്നലെ അമ്മ വിളിച്ചപ്പോ അച്ഛമ്മക്ക് അസുഖം കൂടുതൽ ആണെന്നും എന്നെ കാണണം ന്ന് പറഞ്ഞെന്നും പറഞ്ഞു, അതാ ഞാൻ ഇത്ര തിടുക്കപ്പെട്ട് സിദ്ധുനെ പോലും കൂട്ടാൻ നിൽകത്തെ പോകുന്നത്…… അച്ഛമ്മ വെല്യച്ഛന്റെ കൂടെയാണ്… സത്യത്തിൽ ഞാൻ വെല്യച്ഛന്റെ വീട്ടിലേക്ക്, തറവാട്ടിലേക്കാ ഇന്ന് പോകുന്നത്… അമ്മയും അച്ഛനും വന്നിട്ടെ വീട്ടിലേക്ക് പോവൂ…? ” അപ്പോ ഏട്ടത്തിയുടെ അനിയത്തിയോ….??” നിമ്മി “അനിയത്തി..?? അനിയത്തി അവിടെ അച്ഛന്റേയും അമ്മന്റേയും കൂടെ നിന്ന് പിജി ചെയ്യാ… അവിടെ ഹോസ്റ്റലും വീട്ടിലുമായി നിന്നോളും… പിന്നേയും ഒരുപാട് ചോദ്യങ്ങളെ ഞാൻ നേരിട്ടേണ്ടി വന്നു…..

എല്ലാരുടേയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അച്ഛന്റെ ട്രസ്‌ഫെർ മുതൽ മരിച്ഛ് പോയ് അച്ഛമ്മയെ വരേ നീളുന്ന നുണകൾ കൊണ്ട് ഒരു വലിയ മാളിക തന്നെ തീർക്കേണ്ടി വന്നു….. ചോദ്യവും പറച്ചിലും ഒക്കെ കഴിഞ്ഞ് പോകാൻ ലേറ്റ് ആയതോണ്ട് ദേവു എന്നെ കൊണ്ടുവിട്ടാൻ ഉണ്ണിയോട് പറഞ്ഞു… ഇന്നലെ തന്നെ ഞാൻ ഉണ്ണിയോട് പറഞ്ഞേൽപ്പിച്ചിരുന്നു എന്നെ ഒന്ന് സ്റ്റേഷൻ വരേ കൊണ്ട് വിട്ടാൻ…. ഒറ്റയ്ക്ക് ആണെങ്കിൽ ട്രെയിൻ പോണ്ടാ ഫ്‌ളൈറ്റ് എടുക്കാ ന്ന് ഏട്ടൻ പറഞ്ഞത് കേട്ട് എല്ലാരും ശേരിവെച്ഛ് തലയാട്ടുന്നത് കണ്ട് ഞാൻ ഒന്ന് ഞെട്ടി…. പിന്നെ ഒറ്റയ്ക്ക് ഫ്‌ളൈറ്റിൽ പോവാൻ പേടിയാന്നും, ട്രെയിൻ പോകാൻ ഒരുപാട് ഇഷ്ടാനും ഒക്കെ പറഞ്ഞ് പിടിച്ചു നിന്നു…. പക്ഷേ, ഉണ്ണി കാറെടുക്കാൻ തിരിയവേ ഞാൻ കൊണ്ട് വിട്ടോളാ ന്ന് സിദ്ധു പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി….

കൊണ്ടുവന്ന ആള് തന്നെ കൊണ്ടാക്കാ ന്ന് വെച്ഛ് കാണും…??? ഒഴിഞ്ഞ് പോകുന്നത് കൺകുളിരെ കണ്ട് ബോധിക്കല്ലോ…. ??? നിലവിളക്ക് പിടിച്ചു വലതു കാൽ വെച്ഛ് കയറിയ വീട്ടിൽ നിന്ന് ഞാൻ എന്നന്നേക്കുമായി ഇറങ്ങി…. ഞാൻ ഇറങ്ങിയതും കനി ജെറിമ്മാ പോണ്ടാ, കൂടെ വരണം ന്ന് പറഞ്ഞ് ഏട്ടത്തിയുടെ കയ്യിൽ ഇരുന്ന് വാശിപിടിക്കാൻ തുടങ്ങി…. ഞാൻ അടുത്തേക്ക് ചെന്നതും എന്റെ മേലേക്ക് ചാടി കയറി തോളിലൂടെ കയ്യിട്ട് ആര് എടുക്കാൻ നോക്കിയിട്ടും സമ്മതികാതെ ശാഠ്യം പിടിച്ചു….. എനിക്ക് ലേറ്റ് ആവും ന്ന് പറഞ്ഞ് സിദ്ധു കാറിൽ കയറി ഇരുന്നു സ്റ്റാർട്ട് ആക്കി… നിമ്മി കാക്കയെ കാണിച്ഛ് തരാ, പൂച്ചയെ കാണിച്ഛ് തരാനും മറ്റും പറഞ്ഞിട്ടും കനി കനി ഒരു തരത്തിലും എന്നെ വിട്ട് പോകാൻ സമ്മതിക്കാതെ പിടിച്ചത് കണ്ട് വേറെ രക്ഷയില്ലാതെ നിമ്മി ഞാനും കൂടെ വരാ, തിരിച്ഛ് സ്റ്റേഷനിൽ നിന്ന് ടാക്സി പിടിച്ഛ് വന്നോളാ ന്ന് പറഞ്ഞു…… എന്റെ കയ്യിൽ ബാഗുള്ളത് കൊണ്ട് നിമ്മി കനിയ്ക്ക് നേരെ എടുക്കാൻ കൈ നീട്ടിയതും കനി അവളുടെ അടുത്തേക്ക് ചാഞ്ഞു…. കനി നിമ്മിയേയും കൂട്ടി കോ ഡ്രൈവർ ആവേശത്തോടെ പോയിരിന്നതും ഞാൻ വേഗം പുറക്കിലെ ഡോർ തുറന്ന് കയറി ഇരുന്നു…. സിദ്ധുന് അതാണല്ലോ കൂടുതൽ ഇഷ്ടം……….തുടരും…