രചന – അളകനന്ദ
പപ്പേട്ടനെ കുളിക്കാൻ ഉന്തി തള്ളി വിട്ടിട്ട് താഴേക്കിറങ്ങുമ്പോ മുറ്റത്ത് ബൈക്ക് വന്നു നിക്കുന്ന ശബ്ദം കേട്ടു. പരിചിതമായ ശബ്ദമായത് കൊണ്ട് ആളെയും മനസിലായി.ഉമ്മറത്തേക്ക് ചെല്ലുംമുൻപ് അകത്തേക്ക് വന്നു. അരുണേട്ടനാണെന്ന് അറിയാമായിരുന്നു. വരുണേട്ടനെയും കൂടെ കണ്ടപ്പോൾ മനസ് നിറഞ്ഞു. വല്യച്ഛനൊരിക്കെ ശേഖരനഛനെ കവലയിൽ കണ്ടപ്പോ ആ കൂടെ ഇത്രടം വരെ വന്നിരുന്നു. ഓടി വരുണേട്ടന്റെ കയ്യിൽ തൂങ്ങി. “ഇന്നു വരുമെന്ന് പറഞ്ഞിരുന്നില്ലല്ലോ? ” “ആഹാ,, അപ്പൊ അപ്ലിക്കേഷൻ തന്നു അറിയിപ്പ് കിട്ടിയാൽ മാത്രേ നിന്നെ കാണാൻ വരാൻ പറ്റുവൊള്ളോടി “തലയിൽ കൊട്ടി വരുണേട്ടൻ ചോദിച്ചപ്പോ മുഖം കൂർപ്പിച്ചു കാണിച്ചു.
“എന്തിനാ ഏട്ടാ ഇതൊക്കെ? ” കയ്യിൽ ഇരുന്ന രണ്ടു മൂന്നു കവർ അരുണേട്ടൻ എന്റേൽ തന്നു. “”നിനക്കല്ലാതെ പിന്നാർക്കാ കൊടുക്കാ… പിന്നെ നീ പറഞ്ഞ സാധനം അതിൽ എടുത്തു വച്ചിട്ടുണ്ട്. ” അമ്മയും പപ്പേട്ടന്റെ അച്ചനും അപ്പോഴേക്കും വന്നു. അരുണേട്ടനും അച്ചനും മുറ്റത്തേക്കിറങ്ങി. വരുണേട്ടനും അമ്മയും കൂടി സംസാരിച്ചിരുന്നപ്പോൾ എല്ലാർക്കുമുള്ള ചായ എടുക്കാൻ ഞാൻ അടുക്കളയിലേക്ക് നടന്നു. ചായയുമായി വരുമ്പോൾ പപ്പേട്ടൻ അരുണേട്ടന്റെ അടുത്ത് ഇരിക്കുന്നു. കാര്യമായ വർത്താനത്തിലാണ്. ശേഖരനഛൻ പപ്പേട്ടന്റെ മുഖത്തോട്ട് തന്നെയാണ് നോക്കുന്നത്. ഏട്ടൻ പപ്പേട്ടനെക്കുറിച്ചാവും സംസാരിച്ചിട്ടുണ്ടാവുക.
“എനിക്ക് ബാംഗ്ലൂർ ഒരു ജോലി ആയിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ പോണം.പോണേനു മുൻപ് എല്ലാരേം കണ്ടേച്ചും പോകാന്നു നിരീച്ചു. ” അച്ഛനെ നോക്കി പറഞ്ഞു തുടങ്ങിയത് അവസാനിപ്പിക്കുമ്പോ വരുണേട്ടൻ എന്നെയും നോക്കി. അച്ഛനുള്ളതു കൊണ്ട് പപ്പേട്ടൻ അടങ്ങി ഇരിക്കുന്നുണ്ട്. കുറെ നേരം കൂടി എല്ലാരുംഒരുമിച്ചിരുന്നു വർത്തമാനം പറഞ്ഞു. ഉച്ചക്ക് ഊണ് കഴിച്ചിട്ട് പോയാൽ മതിയെന്ന് അമ്മ നിർബന്ധം പിടിച്ചപ്പോ ഏട്ടന്മാർ സമ്മതം മൂളി. ഒന്ന് നടന്നേച്ചും വരാമെന്ന് പറഞ്ഞു ഏട്ടന്മാരും ഞാനും പപ്പേട്ടനും കൂടി തെങ്ങും തോപ്പിലോട്ട് ഇറങ്ങി. അതിനപ്പുറം ഒരു കൈത്തോട് ഒഴുകുന്നുണ്ട്.വരുണേട്ടൻ പപ്പേട്ടനെയും കൂട്ടി ഞങ്ങൾക്ക് കുറച്ചു മുമ്പിലായി നടന്നു.
അരുണേട്ടന് എന്നോട് എന്തോ ഗൗരവമായി സംസാരിക്കാനുണ്ടെന്ന് മനസിലായി. “പപ്പന് ഇപ്പോ ഒത്തിരി മാറ്റം ഉണ്ടല്ലേടാ.. ” “മ്മം.. നേരത്തെ കഴിച്ചോണ്ടിരുന്ന മരുന്നങ്ങ് നിർത്തി. ” “കല്ലൂട്ടി…. അവനെ പൂർണമായും നമ്മുടെ പപ്പനാക്കണമെങ്കിൽ അത്യാവശ്യം കുറച്ചു ചികിത്സയും വേണം. ” “ഏട്ടനെന്താ പറയണേ…. ആ മരുന്നുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടാവാൻ പോണില്ല. ദോഷം അല്ലാണ്ട്. “എന്റെ ഇഷ്ടക്കേട് തുറന്നു തന്നെ പറഞ്ഞു. “അങ്ങനല്ലടാ…. മനസിന്റെ പ്രശ്നത്തെ മാനസികമായി തന്നെ വേണം പരിഹരിക്കാൻ. എന്റെ ഒരു ഫ്രണ്ടിന്റെ അങ്കിൾ സൈക്കാട്രിസ്റ്റാ.. ഡോക്ടർ രവി തരകൻ. അദ്ദേഹം തന്നെ നടത്തുന്ന ഒരാശ്രമം ഉണ്ട്. കട്ടപ്പനക്ക് അടുത്ത്. കുന്നിൻ ചെരുവിൽ… ശാന്തമായ അന്തരീക്ഷം. ഒരിക്കലും ഒരു മാനസികാരോഗ്യകേന്ദ്രമാണെന്ന് പോലും തോന്നാത്ത വിധം ഒരു വീട് പോലെ തോന്നിക്കുന്നിടം.
ഞാൻ അവിടെ വരെ പോയി മൊത്തത്തിൽ അന്വേഷിച്ചു. പപ്പന്റെ കാര്യവും അവതരിപ്പിച്ചു. അവന്റെ നേച്ചർ എല്ലാം കേട്ടിട്ട് അദ്ദേഹം പറഞ്ഞത് വയലന്റാകാത്ത പക്ഷം പപ്പനെ വളരെ പെട്ടന്ന് തന്നെ മാറ്റി എടുക്കാൻ പറ്റുമെന്നാ.മരുന്നും മന്ത്രവും ഒന്നും വേണ്ട. അല്ലാതെ തന്നെ….. ” ചുറ്റുമുള്ളതെല്ലാം കൈ ചൂണ്ടി കാണിച്ചു ഓരോന്ന് പറഞ്ഞു വരുണേട്ടനൊപ്പം മുന്നേ നടന്നു പോകുന്ന പപ്പേട്ടനിൽ തന്നെയായിരുന്നു എന്റെ കണ്ണുകൾ. “നിനക്ക് പപ്പനെയോ അവന് നിന്നെയോ വിട്ട് നിൽക്കാൻ പറ്റില്ലന്നെനിക്കറിയാം. അതുകൊണ്ട് അതിന്റെ കാര്യത്തിലും ഒരു തീരുമാനം ആക്കിയിട്ടുണ്ട്. പപ്പന്റെ കൂടെ നിനക്കും അവിടെ നിൽക്കാനുള്ള അനുവാദം വാങ്ങി. “ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇറുക്കി പുണർന്നു. കണ്ണു നിറഞ്ഞു നിന്നിരുന്നു. അത് പക്ഷേ സന്തോഷം കൊണ്ടായിരുന്നുവെന്ന് മാത്രം.
നന്ദിവാക്ക് കൊണ്ട് പറഞ്ഞു തീർക്കാൻ തോന്നിയില്ല. കൈത്തോടിന്റെ തിട്ടയിലിരിക്കുമ്പോ എന്റെ ഇടതു വശത്തു പപ്പേട്ടനും വലതു വശത്തു വരുണേട്ടനുമുണ്ടായിരുന്നു. പപ്പേട്ടന്റെ ഇടത് ഭാഗത്തായി അരുണേട്ടനും. പപ്പേട്ടൻ നെല്ലിമരത്തിന്റെ ഇലകൾ നടന്നു വരുന്നതിനിടയിൽ പറിച്ചെടുത്തിരുന്നു. അത് ഒഴുകുന്ന വെള്ളത്തിൽ വാരി ഇട്ടു. അത് ഒഴുക്കിനനുസരിച്ച് തെന്നി നീങ്ങിക്കൊണ്ടിരുന്നു. ഊണ് കഴിച്ചിട്ടാണ് അമ്മ രണ്ടുപേരെയും പറഞ്ഞയച്ചത്. അരുണേട്ടൻ തന്ന കവറിൽ നിന്നും ആ ചെറിയ പെട്ടിയുമായി മുറിയിലെക്ക് കയറി. അത് തുറന്നു അകത്തിരുന്ന എന്റെ കൊലുസിന്റെ കിലുക്കമെടുത്ത് ചെവിയോട് ചേർത്ത് കിലുക്കി നോക്കി. മൂന്നു മണികൾ മാത്രേ ഒള്ളുവെങ്കിലും നല്ല ഒച്ചത്തിലാണ് കിലുങ്ങുന്നത്. അവ കാലിൽ കിടക്കുന്ന കൊലുസിലേക്ക് ഘടിപ്പിക്കുമ്പോ കവിളിൽ ചുവപ്പ് രാശി ഇരച്ചുകേറിയിരുന്നു .
പപ്പേട്ടനെ കാണിക്കാൻ ഗോവണി ഇറങ്ങി ഓടി വന്നു നേരേ ചെന്ന് പെട്ടത് അച്ഛന്റെ മുന്നിൽ. “ഞാൻ പെട്ടന്ന്….. ഇവിടുന്ന് എന്തോ….. ശബ്ദം കേട്ടപ്പോ….. നോക്കാൻ… ” പരിഭ്രമത്തിൽ പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയി. “ശബ്‌ദം അവിടെ നിന്നാണോ അതോ….. ഇവിടെ നിന്നോ? ” അടുക്കള ഭാഗത്തേക്കും എന്റെ കാലിലോട്ടും മാറി മാറി നോക്കി അടക്കി പിടിച്ച ചിരിയോടെയാണ് ചോദ്യം. എന്ത് പറയണമെന്നറിയാതെ ചമ്മിയ ചിരിയോടെ തല കുനിച്ചു നിന്നപ്പോ “പപ്പനവിടെയുണ്ടെന്നു” അടുക്കളയിലേക്ക് ചൂണ്ടി കാണിച്ചിട്ട് അച്ഛൻ മുറിയിലേക്ക് കേറി. അടുക്കളയിൽ കാലെടുത്തു വക്കും മുൻപ് എന്തോ വന്നു ഇടിച്ചു വീഴ്ത്തി.നിലത്തല്ല കിടക്കുന്നതെന്ന് മനസിലാക്കി കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് കുഞ്ഞികൃഷ്ണന്റെ ലോക്കറ്റും. പപ്പേട്ടന്റെ മീതെയാണ് കിടന്നത്.
ചാടി പിടഞ്ഞെഎണീക്കാൻ പോയപ്പോ സാരിത്തുമ്പിൽ ചവിട്ടി വീണ്ടും അതേ നെഞ്ചിലേക്ക് വീണു. അടക്കി പിടിച്ച ചിരി കേട്ട് തലപൊക്കി നോക്കി. അമ്മയാണ്. “ആഹാ.. ഇവിടെ രണ്ടു പേര് മൂക്കും കുത്തി വീണു കിടക്കുമ്പോൾ നിന്ന് ചിരിക്ക്യ..” കൂർപ്പിച്ചു കള്ള നോട്ടം നോക്കിയപ്പോ ഓടി വന്നു എഴുന്നേൽപ്പിച്ചു. “ഈ ചെക്കനാ.. അതങ്ങനാ കാല് നിലത്ത് ഉറക്കില്ലല്ലോ.. പായുവല്ലേ. നിക്കുന്ന നിൽപ്പിലാ ഓട്ടം ” “അത് ഞാൻ കിലുക്കം കേട്ട് നോക്കാൻ ഓടീതാ.. ” നിഷ്കളങ്കമായപപ്പേട്ടന്റെ പറച്ചിൽ കേട്ട് അമ്മയുടെ കണ്ണ് എന്നിലേക്കായപ്പോ ചിരിയോടെ നിന്ന് കൊടുത്തു. പിന്നെ പപ്പേട്ടനെ കിലുക്കം കാണിക്കലായി…
അത് കിലുങ്ങുന്ന കേട്ടോണ്ട് ഇരിക്കാൻ ഒരിടത്തും ഇരുത്താതെ എന്നെ കൊണ്ട് നടത്തിക്കലായി… അങ്ങനെ… അങ്ങനെ.. രാത്രി ലൈറ്റഅണച്ചു കുറച്ചു നേരം കഴിഞ്ഞു ഒരു നുറുങ്ങു വെട്ടം മുറിയിൽ കയറി വന്നു. കണ്ണടക്കാതെ കിടന്നകൊണ്ട് ഞാനത് കണ്ടിരുന്നു. “കല്യാണിക്കുട്ടി.. ദേ മിന്നാമിനുങ്ങ്. ” എന്നെ തട്ടി വിളിച്ചിട്ട് എണീക്കാൻ പോയപ്പോ വട്ടം ചുറ്റി പിടിച്ചു അവിടെത്തന്നെ കിടത്തി. “അതവിടെ പാറി നടക്കുവല്ലേ… നമുക്കിവിടെ കിടന്നു കാണാമേ.. ” പപ്പേട്ടന്റെ മിഴികൾ മിന്നി മിന്നി നടക്കുന്ന ആ മിന്നാമിനുങ്ങിലാണെന്ന് ഇത്തിരി വെട്ടത്തിൽ ഞാൻ കണ്ടു. എന്റെ കണ്ണുകൾ അതിനേക്കാൾ പ്രകാശത്തിൽ മിന്നി തെളിഞ്ഞു നിക്കണ പപ്പേട്ടന്റെ മുഖത്തായിരുന്നു. അന്ന് പപ്പേട്ടൻ വാരി എറിഞ്ഞ നെല്ലിയിലകൾ പോലെ ദിവസങ്ങൾ ഒരൊഴുക്കിന് തെന്നി നീങ്ങിക്കൊണ്ടിരുന്നു …. ഞങ്ങളുടെ വിവാഹം നടന്ന ശിവക്ഷേത്രത്തിൽ പിന്നീട് പോയിട്ടുണ്ടായിരുന്നില്ല.
അച്ഛനും അമ്മയുമൊന്നും ഏട്ടനെ അധികം വെളിയിലേക്ക് വിടാറില്ലായിരുന്നു. ആദ്യമായി ഞാൻ ആളെ കണ്ട ആ കുളക്കടവിൽ,, അത്രമേൽ വാശി പിടിക്കുമ്പോൾ മാത്രമേ കൊണ്ടു വന്നിരുന്നുള്ളൂ. ഒറ്റക്ക് വിടുകയുമില്ല. അച്ഛനോട് അനുവാദം ചോദിച്ചു അവിടെ പോയി ഒന്ന് തൊഴാൻ തീരുമാനിച്ചു. മൂടൽ മഞ്ഞ് മുഴുവനായ് വിട്ട് മാറിയിരുന്നില്ല. പപ്പേട്ടന്റെ കയ്യും കോർത്തു പിടിച്ചു പാടവരമ്പത്തു കൂടി നടന്നു. വരമ്പിനപ്പുറം ചെമ്മൺറോഡാണ്. അത് രണ്ടായി തിരിയുന്നതിൽ ഒന്ന് അമ്പലത്തിലോട്ടും മറ്റൊന്ന് വല്യച്ഛന്റെ വീട്ടിലേക്കുമുള്ള വഴിയാണ്. അമ്പലത്തിലേക്ക് കയറിയപ്പോ തന്നെ കർപ്പൂരത്തിന്റെയും കത്തിയെരിയുന്ന നെയ്തിരിയുടെയും ഗന്ധം അവിടമാകെ പരന്നൊഴുകുന്നതറിഞ്ഞു. ഗണപതി ഹോമം കഴിപ്പിച്ചു.
നെറ്റിയിൽ കരി ചന്ദനം തൊട്ട് കൊടുത്തപ്പോ ഇലയിൽ ഇരിക്കുന്ന അവലും മലരും ശർക്കരയുമെല്ലാം കൂട്ടിയുള്ള പ്രസാദത്തിലേക്ക് കൈ ചൂണ്ടി കാട്ടി. ചിരിയോടെ അത് എടുത്തു കൊടുത്തു. തിരിച്ചു വരും വഴിയിൽ വച്ച് എല്ലാവരും ഒരു വീട്ടിലേക്കു ഓടി കൂടുന്നത് കണ്ടു. അതിന്റെ വാതിൽക്കൽ എത്തിയപ്പോ പപ്പേട്ടൻ നിന്ന നിൽപ്പിൽ കയ്യും വിടുവിച്ചു അങ്ങോട്ട് ഓടി. “പപ്പേട്ട..നിക്ക് ” “എന്താ ചേട്ടാ അവിടെ? “ആ വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന ഒരു നാല്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന മനുഷ്യനോട് തിരക്കി. “സുനിൽ ആത്മഹത്യ ചെയ്തുത്രേ. ദിവാകരൻ മൊതലാളിടെന്ന് പലിശക്ക് പണം വാങ്ങിട്ട് കൊടുക്കാൻ പറ്റാതെ വന്നപ്പോ മൊതലാളിടെ ആൾക്കാർ വീട്ടിൽ കേറി പ്രശ്നം ഉണ്ടാക്കി. അവൻ ഒരു മുഴം കയറിൽ….. ” ബാക്കി കൂടെ കേക്കാൻ നിക്കാതെ ഓടുകയായിരുന്നു…വീട്ടിലേക്ക് കേറുന്ന പടിയിൽ തട്ടി വീഴാൻ പോയപ്പോളും അതൊന്നും വക വയ്ക്കാൻ നിക്കാതെ ഹാളിലേക്ക് ധൃതിയിൽ ചെന്നു.
ഹാളിനാടുത്തുള്ള മുറിയുടെ വാതിലിൽ പപ്പേട്ടൻ മുകളിലോട്ട് നോക്കി നിൽപ്പുണ്ട്. ചുറ്റിനും ആളുകളും. അവർക്കിടയിലൂടെ ഞാനും ഏന്തി വലിഞ്ഞു നോക്കി. ഉത്തരത്തിൽ തൂങ്ങിയാടുന്ന ശരീരം കണ്ടപ്പോൾ കണ്ണൊന്നു ഇറുക്കി അടച്ചു. പപ്പേട്ടന്റെ ഭാവം മാറുന്ന കണ്ടു … . കഴുത്തിലെയും കയ്യിലെയും ഞരമ്പുകൾ വലിഞ്ഞു മുറുകി….. കണ്ണുകളിൽ ചുവപ്പ് പടർന്നു… ചെന്നിയിലൂടെ വിയർത്തു ഒഴുകുന്നു….. മുഷ്ടി ചുരുട്ടി പിടിച്ചു നിക്കുവാണ്….. ശരീരമാസകലം വെട്ടി വിറക്കുന്നുണ്ട്. പേടി കൊണ്ട് ഞാനും ആകെ വിറങ്ങലിച്ചു. പപ്പേട്ടനെ വിളിച്ചോണ്ട് പോകാൻ നോക്കുന്നതിന് മുന്നേ ആള് എന്നെയും തള്ളിയിട്ട് കാറ്റു പിടിച്ചപോലെ പുറത്തേക്കു പാഞ്ഞു. വഴിയിൽ തടസമായവരെ ഒക്കെ ഇടിച്ചു തെറുപ്പിച്ചു. തള്ളിയതിന്റെ ശക്തിയിൽ പിന്നോക്കം പോയ എന്റെ തല ഭിത്തിയിൽ ഇടിച്ചിരുന്നു.
ചുറ്റും നിന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിൽ ദൃഷ്ടി ഊന്നി. മുറ്റവും കടന്നു ഇടവഴിയിൽ കയറാൻ പോയ പപ്പേട്ടനെ അരുണേട്ടൻ വന്നു പിടിച്ചു നിർത്തുന്ന കണ്ടു കൊണ്ടാണ് ഞാൻ ഓടിയിറങ്ങി വന്നത്. നെഞ്ചിൽ കൈ വച്ച് ആഞ്ഞു ശ്വാസം വലിച്ചു. ഹൃദയം ഇപ്പൊ പൊട്ടുന്ന പോലെ പിടഞ്ഞുകൊണ്ടിരിക്കുന്നു. അരുണേട്ടന്റെ കയ്യിൽ കിടന്നു കുതറി മാറാൻ ശ്രമിക്കുന്ന പപ്പേട്ടനെ അവിടെ നിന്ന ചില നാട്ടുകാരും കൂടി ചേർന്നു അടക്കി നിർത്താൻ നോക്കി. കയ്യും കാലും വച്ച് അടിച്ചും തൊഴിച്ചും അവരെയൊക്കെ പരമാവധി തട്ടി മാറ്റാൻ നോക്കുകയാണ് പപ്പേട്ടൻ. ഒഴുകി ഇറങ്ങുന്ന മിഴിനീർ മുത്തുകളെ പുറം കയ്യാൽ തുടച്ചു മാറ്റിക്കൊണ്ടിരുന്നു.
പപ്പേട്ടന്റെ ഈ ഒരു ഭാവം ഞാൻ ഇതുവരെ കണ്ടിരുന്നില്ല.കാണാൻ ആഗ്രഹിച്ചതുമില്ല . അന്ന് അരുണേട്ടൻ ഏട്ടന്റെ അമ്മയുടെ മരണത്തെ പറ്റിയും അതുകണ്ടു പപ്പേട്ടനു സംഭവിച്ചതു പറഞ്ഞപ്പോഴും ഇനിഒരിക്കലും അങ്ങനെ ഒന്നുണ്ടാകരുതെയെന്ന് മനമുരുകി പ്രാർഥിച്ചിരുന്നു. മുട്ട്കുത്തി ആ വെറും മണ്ണിലേക്ക് പടഞ്ഞിരിക്കുമ്പോഴും നോവേറുന്ന മുഖത്തോടെ നോക്കുന്ന അരുണേട്ടനെ കണ്ടിരുന്നു. ആരൊക്കയോ ചേർന്നു ബലം പ്രയോഗിച്ചു പപ്പേട്ടനെ അതുവഴി വന്ന ടാക്സിയിൽ കയറ്റുമ്പോൾ തളർച്ച വന്നു എഴുന്നേറ്റു നിൽക്കാൻ പോലും ആവാതില്ലാതെ കണ്ണീർ വാർത്തുകൊണ്ട് അവിടെ തന്നെ ഇരുന്നുപോയി ഞാൻ…. … തുടരും.

by