രചന – മഞ്ജിമ സുധി
മെയിൻ റോഡിൽ നിന്ന് വളഞ്ഞ് പതിയെ ഒരു വലിയ ഗേറ്റ് താണ്ടി മുന്നോട്ട് നീങ്ങവേ ഒരു നിമിഷം കണ്ണ് തുറന്ന് പുറത്തേക്ക് നോക്കവേ എന്റെ കണ്ണിൽ പതിഞ്ഞ, ആ ആർച്ച് ഗേറ്റിൽ സ്വർണ നിറത്തിൽ വെട്ടിത്തിളങ്ങുന്ന ഇംഗ്ളീഷ് വാചകത്തിലേക്ക് നോക്കിയ മാത്രയിൽ ഒരു വിറയലോടെ ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്ന് ഉതിർന്നു വാക്കുകൾ ഞെട്ടലോടെ ഞാൻ കേട്ടു…… * GOVT. MENTAL HEALTH CENTER Kozhikode…* ***** അനൂന്റെ അഡ്മിറ്റും ബന്ധുക്കളുടെ സൗകര്യവുമൊക്കെ നോക്കി സഞ്ചയത്തിന് തന്നെ എല്ലാം തീർത്തു…. അമ്മയും അച്ഛമ്മയും ഒഴികെ ബാക്കിയെല്ലാരും അച്ഛൻ മരിച്ഛ മൂന്നാം നാൾ തന്നെ നാട്ടിലേക്ക് പോയിരുന്നു… സഞ്ചയനം കഴിഞ്ഞ് വൈകുന്നേരം ഞങ്ങളും ഇറങ്ങി… നാല്പത്തൊന്ന് വരേ ചെറിയച്ചനും ഫാമിലിയും വീട്ടിൽ അമ്മയ്ക്കും അമ്മൂനും കൂട്ടായി അവിടെ കാണും….
അനൂനെ കാണണമെന്ന് അമ്മു ഒരുപാട് വാശിപ്പിടിച്ചിരുന്നു… ഈ തകർച്ചയിൽ അനൂന്റെ അവസ്ഥ കൂടി ഞാനവളെ അങ്ങനെ കാണിച്ഛ് കൊടുക്കും… അപ്പു ഒരുവിധം അവളെ സമാധാനിപ്പിച്ഛ് നിർത്തി… ഞങ്ങളിൽ കുറച്ഛ് പേർക്കല്ലാതെ അവളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് മെന്റൽ ഹോസ്പിറ്റലിൽ ആണെന്ന് അറിയില്ല…. അതും കൂടി അറിഞ്ഞാൽ അമ്മുന് പിടിച്ഛ് നിൽക്കാൻ പറ്റിയെന്ന് വരില്ല…. അനൂനെ കൊണ്ട് പോയ അന്നാണ് അമ്മയുടെ ശബ്ദവും കണ്ണീരും അവസാനമായി കണ്ടത്…. അവള് കുപ്പിച്ചില്ലും പിടിച്ഛ് ഭ്രാന്തിയെ പോലെ അലറി വിളിക്കുന്നത് നോക്കി വാതിൽക്കൽ തരിത്ത് നിന്ന അമ്മയെ ഞാൻ ഓർക്കുന്നു…. ആ മരവിപ്പ് തന്നെയാണ് ഇപ്പഴും… തിരിച്ഛ് വരുമ്പോ റൂമിൽ നിന്ന് ഇടനാഴിയിലേക്ക് ഇറങ്ങി കാറിലേക്ക് പ്രതീക്ഷയോടെ നീണ്ട കണ്ണീരിൽ കുതിർന്ന മിഴികളിൽ വാത്സല്യം മാത്രമാണ് ഞാൻ കണ്ടത്…
ഇത്രയൊക്കെ തള്ളി പറഞ്ഞാലും, ആട്ടിയക്കറ്റിയാലും, ആ അമ്മമനം അവളെ ഓർത്ത് വിങ്ങുന്നുണ്ടാവും…. ഇങ്ങോട്ടുള്ള കാർ യാത്രക്കിടയിൽ എനിക്കും അമ്മയ്ക്കും അച്ഛമ്മയ്ക്കുമിടയിൽ സ്ഥാനം പിടിച്ച ഭീകരമായ മൗനം വലിയൊരു പെയ്‌തൊഴിയലിന്റെ മുന്നോടിയാണെന്ന് എനിക്കുറപ്പായിരുന്നു… ഈ ദിവസങ്ങളിൽ നേർക്കുനേർ കാണുന്ന മാത്രയിലൊക്കെ ആ നാല് കണ്ണുകളിൽ എന്നോട് തിളയ്ക്കുന്ന ദേഷ്യത്തിൽ ഞാൻ വെന്ത് നീറിയിട്ടുണ്ട്…. വീട്ടിലെത്തി കാർ പാർക്ക് ചെയ്‌ത് ഞാൻ ഹാളിലേക്ക് കാലെടുത്ത് വെച്ചു… ആരെയും നോക്കാതെ തലകുനിച്ഛ് കോണിക്കരിക്കിലേക്ക് നടക്കുമ്പോ അങ്ങനെയെങ്കിൽ റൂമിലെത്തികിട്ടാൻ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു… പക്ഷേ….!!!!!! “നീയൊന്നവിടെ നിന്നേ….????” പുറക്കിൽ നിന്നുള്ള അമ്മയുടെ ശബ്ദത്തിൽ നിറഞ്ഞ ഗൗരവം ഒരുനിമിഷം കൊണ്ട് ഹാളിലാക്കെ നിശബ്ദത സൃഷ്ടിച്ചു…
ചുറ്റും കൂടി നിൽക്കുന്നവരുടെ മുഴുവൻ ശ്രദ്ധയും എന്നിൽ പതിയുന്നതറിഞ്ഞും ഞാൻ തിരിഞ്ഞ് നോക്കാതെ തലകുനിച്ഛ് അവിടെത്തന്നെ നിന്നു… എന്റെ മുന്നിലേക്ക് കയറി നിന്നു അമ്മയെന്നെ കണ്ണെടുക്കാതെ നോക്കി…. അമ്മയുടേയോ, അവിടെ കൂടി നിൽക്കുന്ന എനിക്ക് പ്രിയപ്പെട്ട ഒരാളുടേയും മുഖത്ത് തലയുയർത്തി നോക്കാനുള്ള അർഹതയോ ധൈര്യമോ ഉണ്ടെന്ന് തോന്നുന്നില്ല,അതോണ്ട് നോക്കിയില്ല…. “എനിക്ക് നിന്നോട് കുറച്ഛ് കാര്യം ചോദിക്കാനുണ്ട്…. ചോദ്യത്തിന്റെയൊക്കെ ഉത്തരങ്ങൾ ഒന്ന് വിട്ടാതെ വ്യക്തമായി എനിക്കറിയാം,,,, പക്ഷേ നിന്റെ നാവീന്ന് തന്നെ അതൊക്കെ എനിക്ക് കേൾക്കണം….!!!” അമ്മ പറഞ്ഞത് കേൾക്കെ കാൽ ചുവട്ടിലെ ഭൂമി രണ്ടായ് പിളർന്നിരുന്നെങ്കിൽ ന്ന് ഞാൻ ഒരുവേള ആഗ്രഹിച്ചു…
പക്ഷേ എന്തിന്….??? ഇതിലും കൂടുതൽ നിനക്കെന്താണ് നഷ്ടപ്പെട്ടാൻ ഉള്ളത്….??? മെന്റൽ ഹോസ്പിറ്റലിലെ അഴിക്കളിൽ പിടിച്ഛ് കുലുക്കി നിന്റെ പ്രിയപ്പെട്ടവൾ അലമുറയിട്ടുന്നത് നിന്നെ കൊല്ലാനല്ലേ…??? അവൾക്ക് നീയൊരു കൊലപാതകിയല്ലേ…??? അവളുടെ അച്ഛന്റെ മരണത്തിന് കാരണമായവൻ…??? ഇനിയും നഷ്ടപ്പെട്ടാൻ നിനക്ക് വല്ലതും ഉണ്ടോ…??? ഈ നിമിഷം തൊട്ട് നീ നിന്റെ നഷ്ടങ്ങളെ ചിട്ടപ്പെടുത്താൻ തുടങ്ങുകയാണ്… മനസ്സും ബുദ്ധിയും ഒരുപോലെ പറഞ്ഞത് കേട്ട് ഞാൻ പുച്ഛത്തോടെ ചുണ്ട് കോട്ടി….. “നീ അനൂനെ സ്നേഹിച്ചാണോ കല്യാണം കഴിച്ചത്…???” അമ്മയുടെ ആദ്യത്തെ ചോദ്യം…. എറ്റവും മനോഹരമായ ചോദ്യം… സ്നേഹിച്ചിട്ടില്ലേ ന്ന്…??? ഉണ്ടല്ലോ,,,,,,,സ്നേഹിച്ചല്ലേ ഞാനവളെ കല്യാണം കഴിച്ചത്…??? ഞാൻ എന്നോട് തന്നെ ചോദിച്ചു…
അതെ,, മനസ്സ് ഉത്തരവും നൽകി…!!!! അപ്പോ ആണെന്നല്ലേ ഞാൻ പറയേണ്ടത്…??? പക്ഷേ,,, അമ്മയുടെ പകലുള്ള ഉത്തരം അല്ലെന്നായിരിക്കില്ലേ…??? അങ്ങനെയെങ്കിൽ ഞാനെന്ത് ഉത്തരമാണ് നൽകുക…??? വീണ്ടും സംശയം…. “അതെ…!!!!!” പറഞ്ഞ് തീർന്നില്ല, കവിൾ തടം അമ്മയുടെ കൈചൂടിൽ ചുട്ട് പൊള്ളി… ഇത് ഞാൻ പ്രതീക്ഷിച്ചതാണ്… അതോണ്ട് തന്നെ മനസ്സും ശരീരവും ഒരുപോലെ നീറി പുകയുമ്പഴും ചുണ്ടിന്റെ കോണിൽ ചെറിയൊരു പുച്ഛ ചിരി വിരിഞ്ഞു…. ചരിഞ്ഞ് പോയ മുഖം ഞാൻ വീണ്ടും നേരെ വെച്ചു… ഇനിയും ഒരുപാട് വാങ്ങാനുള്ളതാണ്… “ഇനിയും,,, ഇത്രയൊക്കെ നടന്നിട്ടും കള്ളം പറയുന്നോടാ…???” വിറയ്ച്ഛ് കൊണ്ട് അമ്മ ആക്രോശിച്ചു… അതെ,,, അമ്മയ്ക്ക് ഞാൻ വീണ്ടും കള്ളം പറയുകയാണ്…. ഉണ്ട്,,, ഒരുപാട് കള്ളം പറഞ്ഞിട്ടുണ്ട്,,, അല്ലെങ്കിൽ കള്ളം മാത്രേ പറഞ്ഞിട്ടുള്ളൂ… പക്ഷേ ഇനി അതിന്റെ ആവിശ്യം ഇല്ലെന്ന് തോന്നി, അതാണ് സത്യം പറഞ്ഞത്… അപ്പഴും..???എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…
ഒരിക്കൽ ഞാൻ പറഞ്ഞ നുണകൾ കണ്ണുമടച്ച് വിശ്വസിച്ചവർ, ഇപ്പോ സത്യം പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല… കാലത്തിന്റെ കളികൾ… ഞാൻ കള്ളങ്ങൾ കൊണ്ട് പണിത കൊട്ടാരത്തിലെ ഓരോ തൂണുകളും ഓരോന്നോരോന്നായി തകർന്നു വീഴുകയാണ്…. “ഭീക്ഷണിപ്പെടുത്തിയല്ലേ നീയവളെ കല്യാണം കഴിച്ചത്…???” അടുത്തത്….!!!! ഭീഷണി…?? അതെ,,, സത്യമാണ്, ഭീഷണി പെടുത്തി തന്നെയാണ് ഞാനവളെ വിവാഹം ചെയ്തത്, കാരണം അവളെ എനിക്ക് അത്യാവശ്യമായിരുന്നു… ഒരു ദിവസം എല്ലാം നഷ്ടപ്പെട്ടന്റെ പ്രോജുഡീസ് മൈൻഡ് തീർത്ത വാശി…. അതിൽ നിന്നുണ്ടായ പക…. അവളെയെങ്കിലും സ്വന്തമാകണമെന്ന സ്വാർത്ഥത…. ഇല്ലായിരുന്നെങ്കിൽ ഭ്രാന്ത് പിടിച്ചേനെ… “അതെ…!!!” അടുത്ത കവിളിൽ വീണ്ടും പൊട്ടി കനത്തിൽ ഒന്ന്… ചുണ്ടിൽ വീണ്ടുമൊരു പുച്ഛ ചിരി നിറഞ്ഞു…
എന്റെ ഉത്തരങ്ങൾ എത്ര ലളിതമാണ്…!!! “അനൂന്റെ നിശ്ചയം മുടക്കിയത് നീയാണോ…???” എന്തോ അമ്മയുടെ ആ ചോദ്യം കേട്ടപ്പോ വല്ലാത്ത ദേഷ്യം തോന്നി… ശരീരമാക്കെ വലിഞ്ഞ് മുറുകുന്നു…. അവളെന്റെ ഭാര്യയല്ലേ, അപ്പോ അവളെ മറ്റൊരാൾക്ക് നിശ്ചയ വാഗ്‌ദാനം ചെയ്യുന്നത് ഞാൻ നോക്കി നിൽക്കണോ…??? പകയാണെങ്കിലും വെറുപ്പാണെങ്കിലും അവളെന്റെയല്ലേ..??? എന്റെ മാത്രം…!!!!! ഞാൻ സ്നേഹിച്ഛ് താലികെട്ടിയ എന്റെ പെണ്ണ്… അവളെ മറ്റൊരാൾ നോക്കുന്നത് പോലും ഞാൻ സഹിക്കില്ല, അങ്ങനെയുള്ളപ്പോ അവളെ മറ്റൊരാൾ സ്വന്തമാക്കുന്നത് ഞാനെങ്ങനെ ടോളറേറ്റ് ചെയ്യും….??? “നീയാണോ മുടക്കിയതെന്ന്…???” അമ്മയുടെ ശബ്‌ദം പതിവിലും ഉയർന്നു… “ആഹ് ആണ്…!!!” അതിലും ഉച്ചത്തിൽ ഉറച്ച ശബ്‌ദത്തിൽ അമ്മയുടെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു…
കാരണം അതിലെനിക്ക് ഒരു തെറ്റും തോന്നിയില്ല, അവളെന്റെ ഭാര്യയാണ്… എന്റെ മാത്രം….!!!! വീണ്ടും പതിഞ്ഞു കവിളിൽ… ഞാൻ പല്ലുകൾ കടിച്ഛ് ഞെരിച്ചു… ഈ അടി ഞാൻ അർഹിക്കുന്നില്ല…!!!! അമ്മയുടെ ഓരോ അടിയ്ക്കും വല്ലാത്ത ശക്തിയുള്ള പോലെ…. കൈവെള്ള വേദനിക്കുന്നുണ്ടാവില്ലേ…??? സൈഡിലേക്ക് ഒടിഞ്ഞ് പോയ മുഖമുയർത്തി ഞാൻ ചുറ്റും നോക്കി… ചുറ്റും എല്ലാരുമുണ്ട് ഏട്ടൻ, അജു, ഏട്ടത്തി, നിമ്മി, ആമി, അച്ഛമ്മ…??? അച്ഛമ്മയെവിടെ…??? ചുറ്റും പരത്തി,,, സോഫയിൽ തലതാങ്ങി ഇരിക്കുന്നു… തകർന്ന് പോയി കാണും… എന്നെ അമ്മയടിക്കുന്ന ഓരോ അടിയും ആ നെഞ്ചിൽ വലിയ പ്രഹരമേൽപ്പിക്കുന്നുണ്ട് എനിക്കറിയാം….. കാരണം അമ്മയേക്കാൾ പ്രിയപ്പെട്ടതാണ് എനിക്ക് അച്ഛമ്മ… അതോണ്ടാണല്ലോ അന്ന് മരുന്ന് മാറിയപ്പോ അനൂന്റെ കവിൽത്തടം ഇതിലും പുകഞ്ഞത്… പക്ഷേ,, അവിടെയും അവളെന്നെ തോൽപിച്ചു…
“ഇത്രയും കാലം നീ ഞങ്ങളെയൊക്കെ പറ്റിക്കായിരുന്നു,,,,,, അല്ലെടാ…???? ഞങ്ങൾക്ക് മുന്നിൽ നീ അഭിനയിച്ഛ് ജീവിക്കുകയായിരുന്നു,,,, അല്ലേ…??? ആർക്ക്…??? എന്തിന്…??? എന്തിന് വേണ്ടി…??? പറ… എനിക്കറിയണം…???” എന്റെ കോളറിൽ പിടിച്ഛ് ഉലയ്ച്ഛ് അമ്മ അലറി…. ഒരു നിമിഷം കണ്ണുകൾ ആമിയിൽ പതിഞ്ഞു…. ദയനീയമായി അവളെന്നെ നോക്കി… ആർക്ക് വേണ്ടി…??? അമ്മയുടെ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു…… ആമിയോടുള്ള ദേഷ്യമായിരുന്നോ…??? അതോ,,,നിനയ്ക്കാത്ത നേരത്ത് അച്ഛൻ എന്നെന്നേക്കുമായി വിട്ട് പിരിഞ്ഞതിന്റെ സങ്കടം…??? അല്ലെങ്കിൽ ഫസ്ട്രേഷൻ..??? പക്ഷേ അതിന് അനൂനെ ഞാനെന്തിന് വിവാഹം ചെയ്യണം…?? അതിന് ഞാൻ ആമിയോടല്ലേ പക പോകേണ്ടത്, അവളെയല്ലേ ക്രൂശിക്കേണ്ടത്…??? നെഞ്ച് പൊട്ടി എന്റെ മടിയിൽ കിടന്ന അച്ഛന് വേണ്ടിയാണോ…??? അതിനും എനിക്ക് ദേഷ്യം തോന്നേണ്ടത് ആമിയോടല്ലേ,,,, എന്നിട്ടും ഞാനെന്തിന് അനൂനെ…??? ഇതിനുമൊക്കെ അപ്പുറം എനിക്ക് വേണ്ടിയായിരുന്നില്ലേ എല്ലാം…. ഞാൻ ചെയ്തത് കൂട്ടിയ ഓരോന്നും…. അവളെ കല്യാണം കഴിച്ചത്, നിശ്ചയം മുടക്കിയത്, ഇവിടെ,, എന്റെ വീട്ടിൽ എന്റെ ഭാര്യയാക്കി കൊണ്ടു വന്നത്, എല്ലാരേയും പറ്റിച്ചത്, എല്ലാർക്കും മുന്നിൽ അഭിനയിപ്പിച്ചത്, അവളെ വേദനിപ്പിച്ചത്, ദ്രോഹിച്ചത് അങ്ങനെയങ്ങനെ എല്ലാം… എല്ലാം എനിക്ക് വേണ്ടിയായിരുന്നില്ലേ…??? *”പറഡാ…???”* “എനിക്ക് വേണ്ടി… എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി, എന്റെ ഇഷ്ടങ്ങൾ വേണ്ടി, താൽപര്യങ്ങൾക്ക് വേണ്ടി….” മറ്റെങ്ങോ നോക്കി പറഞ്ഞു മുഴുമിക്കും മുന്നേ കവിളിൽ പതിഞ്ഞ കൈവെള്ളയും വിരലുകളും അച്ഛമ്മയുടേതായിരുന്നു…
മറ്റ് രണ്ടടിയേക്കാൾ എന്ത് കൊണ്ടും മികച്ചത്,,, പക്ഷേ ചുണ്ടിൽ ചിരി വിടർന്നില്ല, പകരം കണ്ണിൽ വെള്ളം നിറഞ്ഞു…. തലോടാൻ മാത്രമറിയുന്ന കയ്യല്ലേ,, തല്ലി ശീലമില്ലല്ലോ അതാവും വേദനപ്പോലെ എന്തോ….!!! “അവനെ തല്ലല്ലേ അച്ചമ്മേ… എന്നോടുള്ള ദേഷ്യത്തിനാ അവൻ അനൂനെ അങ്ങനെയൊക്കെ ചെയ്ത കല്യാണം കഴിച്ചത്…. അനുവാ എന്നെ ഒളിച്ചോടാൻ സഹായിച്ചത്… ആ ഷോക്കിലല്ലേ അച്ഛൻ… ഇനിയവനെ തല്ലല്ലേ അച്ചമ്മേ..???” അച്ഛമ്മയുടെ കൈ പിടിച്ഛ് ആമി കണ്ണീരോടെ കെഞ്ചി… ആദ്യമായി എനിക്ക് വേണ്ടി യാചിച്ച കണ്ണുകൾ അവസാനമായും… “മിണ്ടരുത് നീ….. മാറി നിൽക്ക് അങ്ങോട്ട്…!!! നിന്നെ ഒളിച്ചോടാൻ സഹായിച്ചല്ലേള്ളൂ നിർബന്ധിച്ചൊന്നും ഇല്ലല്ലോ…??? ഉണ്ടോ…??? ” ആമിയുടെ കൈ ശക്തിയോടെ കുടഞ്ഞ് അച്ഛമ്മ അലറി… ആ അലർച്ചയിൽ ആമിയുടെ കണ്ണുകൾ തോരാതെ പെയ്തു… തുടരും…

by