20/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 131

രചന – മഞ്ജിമ സുധി

അവൻ കരയാൻ തുടങ്ങാണെന്ന് തോന്നിയതും എല്ലാരും ഒരുപോലെ അവനെ നോക്കി അലിവോടെ സൗണ്ട് ഉണ്ടാക്കി…

“അതാ,,,, ഈ പെണ്ണ്….!!!!”

ഏട്ടത്തി നിമ്മിയെ നോക്കി കണ്ണുരുട്ടി….

“വെല്യമ്മേടെ മോൻ കരയണ്ട ട്ടോ..!!”

ഏട്ടത്തി ആദിയെ എടുത്ത് തോളിലിട്ട് പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.. പക്ഷേ അവൻ സങ്കടത്തോടെ ഉറക്കെ കരഞ്ഞു… കണ്ണിൽ നിന്ന് വെള്ളം വന്നു… ഞാൻ വേഗം എണീറ്റ് ഏട്ടത്തിയുടെ കയ്യിൽ നിന്ന് അവനെ എടുത്തു…

“എവിടെ…??? അച്ഛേടെ ആദി കുട്ടനെവിടെ…??? വാ,,, നമ്മുക്ക് നിമ്മി ചെറിയമ്മയെ അടിക്കാ.. ബാ..!!!”

ഞാൻ വാത്സല്യത്തോടെ അവനെ നോക്കി പറഞ്ഞ് നിമ്മിയെ പയ്യെ അടിച്ചു… അടി കിട്ടിയതും നിമ്മി, കൊച്ഛ് കുട്ടിയെ പോലെ കണ്ണ് തിരുമ്മി കരയാൻ തുടങ്ങി… അത് കണ്ടതും അവൻ കരച്ചിൽ നിർത്തി നിമ്മിയെ ഉറ്റു നോക്കി എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കിടന്നു….

“ഹമ്പടാ കള്ളാ,,,, കള്ള കരച്ചിലായിരുന്നു.. അല്ലേടാ…???”

നിമ്മി അവന്റെ വയറിൽ ഇക്കിളിയാക്കി കുറുമ്പോടെ ചോദിച്ചു…. എന്തോ മനസ്സിലായ പോലെ അവൻ ഉച്ചയുണ്ടാക്കി ചിരിച്ചു….

“ഏട്ടന്റെ അതേ ഉടായിപ്പ് സ്വഭാവാ ചെക്കന്…”

നിമ്മി കുറുമ്പോടെ പറഞ്ഞത് കേട്ട്  ഞാനവളുടെ ചെവി കളിയായി പിടിച്ഛ് തിരിച്ചു….

“ആഹ്… ഏട്ടാ…!!”

നിമ്മി വേദനയോടെ നിലവിളിച്ചു…

“എന്റെ മോൻ പിന്നെ എന്നെപോലെ അല്ലാതെ നിന്നെ പോലെ ഉണ്ടാവുമോഡീ കുരുപ്പേ…???”

ഞാൻ കുറുമ്പോടെ തിരിച്ഛ് ചോദിച്ചത് കേട്ട് എല്ലാരും ചിരിച്ചു… പെട്ടെന്നാണ് അനു വേഗത്തിൽ എണീറ്റ് നടന്നത്… നന്തൻ അവളോട് കാര്യം തിരക്കിയെങ്കിലും അവള് ഒന്നുല്ല ന്ന് അവനെ നോക്കി തലയാട്ടി…

ഞാൻ കണ്ടു, ആ കണ്ണുകൾ നിറഞ്ഞിരുന്നു… ഞാൻ നന്തനെ നോക്കി… അവൻ കണ്ണ് കൊണ്ട് പോയി നോക്കാൻ പറഞ്ഞു… കുഞ്ഞിനെ നിമ്മിയുടെ കയ്യിലേക്ക് കൊടുത്ത് ഒരു നെടുവീർപ്പോടെ ഞാൻ അവള് പോയ അമ്മയുടെ റൂമിലേക്ക് ചെന്നു….

ജനലിനോട് ചേർന്ന് ജനൽ പടിയിൽ തല മുട്ടിച്ഛ് നിൽക്കാണ്… ഞാൻ അനൂന്റെ അടുത്ത് പിന്നിലായി ചെന്ന് നിന്നു….

“രാധൂ…???”

അലിവോടെ വിളിച്ചു… കേൾക്കേണ്ട താമസം ഒരു പൊട്ടികരച്ചിലോടെ അവളെന്റെ നേരെ തിരിഞ്ഞ് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചിരുന്നു….

“രാധൂ…???”

ഞെട്ടി സംശയത്തോടെ ഞാൻ വീണ്ടും വിളിച്ചു… ഇരു കയ്യോണ്ടും അവളെന്നെ ഒന്നൂടെ വരിഞ്ഞ് മുറുക്കി…

“സിദ്ധു…!!!”

ആ സ്വരത്തിൽ വേദന വിങ്ങി… ഇരു കയ്യോണ്ടും ഞാനവളെ പൊതിഞ്ഞ് പിടിച്ചു..

“എന്താടാ…??? എന്ത് പറ്റി….???”

വാത്സല്യത്തോടെ ഞാൻ ചോദിച്ചു… എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞു… ഒരുപാട് തവണ കാരണങ്ങളറിയാതെ ഇത് പോലെ അനുവെന്നെ കെട്ടിപ്പിടിച്ഛ് കരഞ്ഞിട്ടുണ്ട്… അവളെന്റെ മുഖത്തേക്ക് വേദനയോടെ നോക്കി…

“സിദ്ധു….. എനിക്ക്…. ഞാൻ….!!”

വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ അവള് നീറി… വീണ്ടും അവളെന്നെ കെട്ടിപ്പിടിച്ഛ് കരഞ്ഞു… ചങ്ക് പൊട്ടുന്ന പോലെ… സങ്കടം സഹിക്കാൻ പറ്റാത്ത പോലെ… കരച്ചിലടക്കാൻ കഴിയാത്തത് പോലെ… വീണ്ടും വീണ്ടും അവൾ പൊട്ടിപൊട്ടി കരഞ്ഞു…

ഉള്ളിലുള്ളതൊക്കെ പെയ്തൊഴിഞ്ഞ് തീരട്ടെ ന്ന് എനിക്കും തോന്നി… കരയട്ടെ.. തീരുന്ന വരേ കരയട്ടെ…!!! മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാനവളെ പയ്യെ തലോടി… എന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു…

അവള് കുറേ കരഞ്ഞു… ഇടയ്ക്കിടെ വേദനയോടെ എന്നെ വിളിച്ചു… അവളെന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു… ഇളം ചൂടുള്ള അവളുടെ കണ്ണീരിൽ എന്റെഷർട്ടാക്കെ കുതിർന്നു… കുറേ കരഞ്ഞ് കിതപ്പോടെ അവളെന്റെ നെഞ്ചിൽ പറ്റി ചേർന്ന് നിന്നു….

“സിദ്ധേട്ടാ…???”

ആ ശബ്ദം വിറച്ചു… വേദനയോടെ….

“എന്താ രാധൂ…???”

എന്റെ ശബ്ദവും വിറച്ചു… സ്നേഹത്തോടെ…

“സിദ്ധു,,,, നീ… നീയെന്നെ ഇപ്പഴും സ്നേഹിക്കുന്നുണ്ടോ…??? പണ്ടത്തെ പോലെ… അത്രയേറെ ഇഷ്ടത്തോടെ…??? അത്രയേറെ പ്രണയത്തോടെ…???”

ദയനീയമായി അവൾ സാവധാനം ചോദിച്ചു… ഞാനവളുടെ മുഖം താടിത്തുമ്പിൽ പിടിച്ഛ് എനിക്ക് അഭിമുഖമായി ഉയർത്തി…. വേദന മാത്രം നിറഞ്ഞ ആ കരിനീലമിഴികളിൽ നിന്നും കണ്ണീർ കവിളിലൂടെ ഉരുണ്ടിറങ്ങി….

” ഇപ്പോഴാ,,,, ഇപ്പോഴാണ് ഞാൻ നിന്നെ പണ്ടത്തേക്കാൾ സ്നേഹിക്കുന്നത്…. പ്രണയിക്കുന്നത്….!!!”

സഹാനുഭൂതിയോടെ ഞാനവളെ നോക്കി പറഞ്ഞു… നോക്കി നിൽക്കെ ആ കണ്ണുകൾ നിറഞ്ഞ് തൂവി… ഞാനവളെ ജനലയ്ക്ക് അരികിൽ നിന്ന് ബെഡിൽ കൊണ്ടിരുത്തി അടുത്തായി ഞാനും ഇരുന്നു… വലം കയ്യാൽ എന്നെ കെട്ടിപ്പിടിച്ഛ് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ഞാൻ വാത്സല്യത്തോടെ അവളെ അണച്ഛ് പിടിച്ചു…

“സിദ്ധേട്ടാ..???”

എന്താടാ… പറ…. നിന്റെ മനസ്സിൽ കിടന്ന് നീറുന്നതൊക്കെ പറ…!!!”

ഞാൻ ലാളനയോടെ പറഞ്ഞു…

“സിദ്ധു,,,,, ഞാൻ,,,, എനിക്ക്‌,,,,, ആദി…???”

അനു ആദ്യമായാണ് അവന്റെ പേര് ഉച്ചരിക്കുന്നത്… അതും ആദിന്ന്… സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു… ഞാൻ ആവേശത്തോടെ അവളുടെ മുഖം താടിത്തുമ്പിൽ പിടിച്ഛ് ഉയർത്തി….

“നീയെന്താ ഇപ്പോ വിളിച്ചത്…??? എന്താ പറഞ്ഞത്…??”

ഞാൻ സന്തോഷത്തോടെ വീണ്ടും ചോദിച്ചു… കണ്ണുകൾ നിറഞ്ഞ് തൂവി…
അവള് വിതുമ്പി കൊണ്ട് എന്നെ നോക്കി…

“ഞാൻ…. ഞാനവനെ അറിയുന്നുണ്ട് സിദ്ധു…. എനിക്കവനെ മനസ്സിലാവുന്നുണ്ട്…. എന്റെയാ…. നമ്മുടെയാ… നമ്മുടെ മാത്രാ…. പക്ഷേ…???”

അവൾ വേദനയോടെ പറഞ്ഞ് നിർത്തി… ഞാൻ സംശയത്തോടെ അവളെ നോക്കി….

“ഞാൻ…. ഞാനവന് ആരും അല്ല സിദ്ധു…. ഞാവനവന്റെ ഒന്നും അല്ല… അവനെന്നെ അറിയില്ല… അവന്റെ ലോകത്ത് ഞാനില്ല…. നിങ്ങളൊക്കെണ്ട്… നീ, ഏട്ടത്തി, നിമ്മി, എല്ലാരും… പക്ഷേ… ഞാൻ… ഞാൻ മാത്രം ഇല്ല…!!!”

അനുവിന്റെ ചുണ്ടുകൾ വിതുമ്പി വിറയ്ച്ചു… ആ കണ്ണിലും ശബ്ദത്തിലും വേദന നിറഞ്ഞു… നീറുന്ന വേദന… അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ഛ് കരഞ്ഞു….

“രാധൂ… നീയെന്തൊക്കെയാ പറയുന്നത്…??? അതെങ്ങനെയാ അവന്റെ ലോകത്ത് നീയല്ലാതെ ആവുന്നത്….??? നിന്റെ മോനല്ലേടാ…??? നമ്മുടെയല്ലേ…?? നീ… നീയവന്റെ അമ്മയല്ലേ…???”

എന്റെ വാക്കുകൾ വിറയ്ച്ചു… ചങ്കിൽ എന്തോ കുത്തിയിറങ്ങി… അനു വീണ്ടും കരഞ്ഞു… ഇരു കൈ കൊണ്ടും എന്നെ മുറുക്കി പിടിച്ഛ് കരഞ്ഞു… പൊട്ടിക്കരഞ്ഞു…!!!!

“അല്ലാ…..!!!! ഞാനവന്റെ അമ്മയല്ല….!!! അങ്ങനെ പറയാനുള്ള യോഗ്യത എനിക്കില്ല…. പാല് പോലും ഞാൻ….!!!!ഞാനൊരിക്കലും അവന് അമ്മയാവില്ല…. അവനെന്നെ ഒരിക്കലും അമ്മേ ന്ന് വിളിക്കില്ല….!!!”

ഇത്രയും പറഞ്ഞൊപ്പിച്ഛ് അവള് വീണ്ടും അടക്കിപ്പിടിച്ഛ് പൊട്ടി കരഞ്ഞു…

“രാധൂ…???”

ഞാൻ അലിവോടെ വിളിച്ചു… തളരുന്നു… വേദനയാൽ തളരുന്നു… എന്ത് പറയണം ന്ന് അറിയില്ല…!!! ഞാൻ നേടുവീർപ്പോടെ മറ്റെങ്ങോ നോക്കി….

“അവന്റെ അമ്മ ഏട്ടത്തിയാണ്… അവൻ ഏട്ടത്തിയുടെ മകനാണ്… അവനെ നോക്കിയത്, പരിചരിച്ചത്, പാലൂട്ടിയത്, ഉറക്കിയത് എല്ലാം ഏട്ടത്തിയാണ്… ഞാൻ… ഞാനൊന്നും….!!!”

പറയാൻ കഴിയാതെ അവൾ വീണ്ടും വിങ്ങി… ഞാൻ അലിവോടെ അവളുടെ മുഖം പിടിച്ഛ് ഉയർത്തി….

“രാധു… നോക്ക്… ഞാൻ പറയുന്നത് കേൾക്ക്… അങ്ങനെ… അങ്ങനെയൊന്നും ഇല്ല,,, നിനക്ക് വെറുതേ തോന്നാ…!!!

ഓകെ,,,, സമ്മതിക്കുന്നു… അവനെ നോക്കിയത്, പരിചരിച്ചത്, ഉറക്കിയത്, അങ്ങനെ എല്ലാം ഏട്ടത്തിയാണ് ചെയ്തത്… പക്ഷേ അവനെ പ്രസവിച്ചത് നീയല്ലേ… നിന്റെ വയറ്റിലല്ലേ അവൻ കിടന്നത്… അവരെക്കാളൊക്കെ മുന്നേ അവനറിഞ്ഞത് നിന്നെ അല്ലേ…??”

ഞാൻ അവളെ നോക്കി ചോദിച്ചു…. അവളുടെ കണ്ണുകൾ നിറഞ്ഞ് കവിൾത്തടം വഴി ഉരുണ്ടിറങ്ങി….

“ആണ്…. ഞാനാണ് അവനെ പ്രസവിച്ചത്… എന്റെ വയറ്റിലാണ് അവൻ ഒമ്പത് മാസം കിടന്നത്.. പക്ഷേ,,, ഉദരത്തിൽ വഹിച്ചാലോ, നൊന്ത് പ്രസവിച്ചാലോ അമ്മയാവില്ല സിദ്ധു….!!! ഞാൻ…. ഞാനവനെ നോക്കീട്ടില്ല, ഊട്ടീട്ടില്ല, ഉറക്കീട്ടില്ലാ, സ്നേഹത്തോടെ തൊട്ടുഴിഞ്ഞിട്ടില്ല, മാറോട് ചേർത്ത് എടുത്തിട്ടില്ല, ഉമ്മ വെച്ചിട്ടില്ല… ഇതൊന്നും ചെയ്യാത്ത ഞാൻ… ഞാനെങ്ങനെ അവന്റെ അമ്മയാവും….????

ഏട്ടത്തിയല്ലേ അവനെ നോക്കിയത്.. ഒരമ്മയെ പോലെ അവനെ പരിചരിച്ചത്… അവന് അമ്മയായി ഏട്ടത്തി മതി… ഞാൻ വേണ്ട…!!! ഞാൻ കൊള്ളില്ല…!!”

അനു വേദനയോടെ പുലമ്പി കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് മുഖമമയർത്തി കരഞ്ഞു…

അവളോടി ഒളിക്കുകയാണ്… സ്വന്തം കുഞ്ഞിൽ നിന്ന്… അവളിലെ മാതൃത്വത്തെ സ്വയം കുഴിച്ഛ് മൂടുന്നു… എനിക്ക് ദേഷ്യം വന്നു…. കാരണമാറിയാതൊരു ദേഷ്യം…!!!! ഞാനവളെ എന്റെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി വിട്ട് പിടിച്ചു…

“ഏട്ടത്തി എപ്പോഴെങ്കിലും അവനോട് സ്വയം അമ്മയാണ് ന്ന് പറഞ്ഞ് കൊഞ്ചിക്കുന്നത് നീ കേട്ടിട്ടുണ്ടോ…??”

ഞാൻ ദേഷ്യത്തോടെ അവളെ നോക്കി ചോദിച്ചു… അനുവെന്റെ മുഖത്തേക്ക് നോക്കി…

“വേറെയാരെങ്കിലും അങ്ങനെ പറയുന്നത് നീ കേട്ടിട്ടുണ്ടോ…??? പറ…???”

അവളെ ഷോള്ഡറിൽ മുറുക്കിപിടിച്ഛ് ഞാൻ കുലുക്കി ചോദിച്ചു…. അനു എന്റെ മുഖത്തേക്ക് പോലും നോക്കാതെ തലകുനിച്ഛ് ഇരുന്ന് പൊട്ടിക്കരഞ്ഞു… കുറേനേരം ഞാൻ ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ഇരുന്നു…

“സിദ്ധേട്ടാ….???”

അനു വിങ്ങലോടെ വിളിച്ചു… ഞാൻ അവളെ നോക്കിയില്ല.. കേട്ടതായി പോലും ഭാവിച്ചില്ല… എനിക്ക് ഒരേ സമയം അവളോട് അലിവും ദേഷ്യവും തോന്നി… അനുവെന്റെ കൈ തണ്ടയിൽ മുറുക്കി പിടിച്ചു…

“ദേഷ്യണോ സിദ്ധു…???”

അനു ദയനീയമായി ചോദിച്ചു… ഞാനപ്പഴും ഒന്നും മിണ്ടിയില്ല….

“എനിക്ക്…. എനിക്ക് പേടി തോന്നുന്നു സിദ്ധു…. വല്ലാതെ ഒറ്റപ്പെടുന്നു… കുറ്റബോധം തോന്നു… ഞാൻ… എനിക്ക്…. എനിക്കവന്റെ അമ്മയാകാൻ കഴിയോ..???”

അനു സംശയത്തോടെ ചോദിച്ഛ് എന്റെ കൈ തണ്ടയിൽ മുഖമമർത്തി…

“ഏട്ടത്തി എപ്പഴെങ്കിലും അമ്മേന്റെ മോനെവിടെ ന്ന് അവനോട് കൊഞ്ചി ചോദിക്കുന്നത് നീ ശ്രദ്ധിച്ചിട്ടുണ്ടോ…???”

ഗൗരവത്തോടെ സാവധാനം ചോദിച്ഛ് ഞാനവളുടെ മുഖത്തേക്ക് നോക്കി…. അനു കണ്ണുയർത്തി എന്നെ നോക്കി…..

“ഏട്ടത്തിയെന്താ അവനെ അമ്മയാന്ന് പറഞ്ഞ് കൊഞ്ചിക്കാത്തത്…??? നീ പറഞ്ഞത് പോലെ അവനെ നോക്കിയത് ഏട്ടത്തിയാണ്, കുളിപ്പിച്ചത്, ഒരുക്കിയത്, കൊണ്ട് നടന്നത്, ഉറക്കിയത് ഒക്കെ ഏട്ടത്തിയല്ലേ….?? എന്നിട്ടും ഏട്ടത്തി അമ്മയാന്ന് പറയാത്തത് എന്ത് കൊണ്ടാ…??? അവനെ അങ്ങനെ പറഞ്ഞ് കൊഞ്ചിക്കാത്തത് എന്താ…???”

ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു… അനുവെന്നെ കണ്ണെടുക്കാതെ ഉറ്റുനോക്കി… ആ കണ്ണുകൾ നിറഞ്ഞ് തൂവി,,, ഇടവേളകളില്ലാതെ…!!!! ഞാനവളെ ഇടം കയ്യാൽ മാറോട് ചേർത്ത് പിടിച്ചു…

“സ്വയം വെല്യമ്മ ന്നല്ലേ ഏട്ടത്തി പറയാറ്… അവനെ കൊഞ്ചിക്കുമ്പോ വെല്യമ്മയുടെ മോനെവിടെ ന്നല്ലേ ചോദിക്കാറ്..???”
അത് എന്ത് കൊണ്ടാ ന്ന് നീ ചിന്തിച്ചിട്ടുണ്ടോ…??? ഹ്മ്മം…???”

അനു ഇല്ലെന്ന് പയ്യെ തലയാട്ടി….

തുടരും