23/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 123 (3)

രചന – മഞ്ജിമ സുധി

ഫോൺ ശബ്ദിച്ചത് കേട്ട് ഞാൻ ഞെട്ടലോടെ കണ്ണ് തുറന്നു… എപ്പഴോ കരഞ്ഞ് ഉറങ്ങി പോയിരുന്നൂ ന്ന് ഉണർന്നപ്പഴാ മനസ്സിലായത്… ഞാൻ സ്റ്റിയറിങ്ങിൽ നിന്ന് മുഖമുയർത്തി മുന്നോട്ട് നോക്കി… മഴ പെയ്ത് തോർന്നിരിക്കുന്നു…. കണ്ണും മുഖവും

ഇരു ഷോള്ഡറിലും അമർത്തി തുടയ്ച്ഛ്  ഞാൻ സാവധാനം ഫോണിലെ കോൾ ബട്ടണ് സൈഡിലേക്ക് സ്വൈപ്പ് ചെയ്ത് സീറ്റിൽ ചാരിയിരുന്നു മുന്നോട്ട് നോക്കി….

“കുട്ടാ,,,, നീയതെവിടെ പോയി കിടക്കാ… ഞാനെത്ര നേരായി വിളിക്കുന്നു… ഹലോ…??? കുട്ടാ….??? കേൾക്കുന്നില്ലേ നീ… ഹലോ,,,, കുട്ടാ…. ഹലോ…???”

ആമിയുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു… വെപ്രാളവും ആകാംക്ഷയും നിറഞ്ഞിരുന്നു….

“കുട്ടാ,,,, നീ വല്ലതും കേൾക്കുന്നുണ്ടോ…??? നീ എവിടാ ഉള്ളത്….??? കുട്ടാ….???”

ആമിയുടെ ശബ്ദം വീണ്ടും ഉയർന്നു….

“ഞാൻ…. ഞാനിവിടെ നമ്മുടെ ഹോസ്പിറ്റലിന്റെ മുന്നിലുണ്ട്….!!!!”

നീല നിറത്തിൽ പ്രകാശിക്കുന്ന * D G HOSPITAL * എന്നെഴുതിയ നെയിം ബോർഡിലേക്ക് നോക്കി ഞാൻ വളരെ സാവധാനം പറഞ്ഞു….

“നീയെന്താ അവിടെ നിൽക്കുന്നത്…??? ഞാനെത്ര നേരമായി നിന്നെ വിളിക്കുന്നു… നീയെന്താ ഫോണെടുക്കാഞ്ഞത്…??? നീയവിടെ എന്തെടുക്കാ…???”

ആമി വീണ്ടും ചോദ്യങ്ങൾ ചോദിച്ചു… ഞാനപ്പഴും നീല നിറത്തിൽ കത്തുന്ന നെയിം ബോർഡിലേക്ക് നോക്കി നിന്നു…

“രാധു,,,, രാധു ഓക്കെയല്ലേ…???”

ആമിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഞാൻ ആകാംഷയോടെ സാവധാനം ചോദിച്ചു… എനിക്ക് മറ്റൊന്നും കേൾക്കണ്ട… മറ്റൊന്നും അറിയണ്ട… മറ്റൊന്നും പറയാനോ ചോദിക്കാനോയില്ല…!!!

“രാധു… രാധുന്…..
നീ വേഗം ഇങ്ങോട്ട് കയറി വാ…. ഞാൻ പറയാം….!!!”

പറഞ്ഞ് തുടങ്ങിയത് മുഴുമിക്കാതെ ആമി പതർച്ചയോടെ പറഞ്ഞു…

“വേണ്ട…. മറ്റൊന്നും എനിക്ക് കേൾക്കണ്ട… മറ്റൊന്നും നീ പറയണ്ട… രാധൂനെ നീ കണ്ടോ…?? അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ…??? ഓകെ അല്ലേ…??? വാർഡിലേക്ക് മാറ്റിയോ…?? ഞങ്ങളെ കുഞ്ഞ്… കുഞ്ഞും സേഫല്ലേ…??? പറ…???”

എനിക്ക് അറിയേണ്ടത് മാത്രം ഓരോന്നോരോന്നായി വളരെ സാവധാനം ഞാൻ ചോദിച്ചു…

“ഞാൻ പറയാം… നീ ആദ്യം ഒന്നിങ്ങോട്ട് വാ… നേരിട്ട് പറയാം… വാ കുട്ടാ…!!!”

ആമി ദയനീയമായി പറഞ്ഞു… നീല ബോർഡിലേക്ക് മാത്രം ഇമചിമ്മാതെ നോക്കുന്ന എന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞൊഴുകി… എന്തിന്..?? അറിയില്ല…!!! ആമി അവളെ കുറിച്ഛ് ഒന്നും പറയാത്തത് കൊണ്ടാണോ…??? അതോ ആമിയുടെ സ്വരത്തിൽ നിറഞ്ഞ ദയനീയത കൊണ്ടോ…???

“ഇല്ലാ,,,, നീ പറ… എന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം താ… അല്ലാതെ ഞാൻ വരില്ല…!!!”

വളരെ സാവധാനം നിർവികാരതയോടെ ഞാൻ പറഞ്ഞു… അപ്പഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

“കുട്ടാ പ്ലീസ്… നീയൊന്ന് ഇങ്ങോട്ട് വാ…. രാധൂന്…. രാധൂന് ഒന്നുംല്ല്യാ… നീ ഇങ്ങോട്ട് കയറി വാ പ്ലീസ്…!!!”

ആമി യാചിച്ചു… യാചന… ആരൊക്കെയോ എന്തിനൊക്കെയോ എന്നോട് യാചിക്കുന്നു… ഇനിയും വയ്യ… മനസ് നിറയെ യാചിക്കുന്ന, കരയുന്ന, നിസ്സഹായത നിറഞ്ഞ മുഖങ്ങളാണ്… തളർച്ചയോടെ നിശ്വസിച്ഛ് ഞാൻ സ്റ്റിയറിങ്ങിലേക്ക് കിടന്നു….

കുറച്ഛ് നേരം കൂടി കാറിനുള്ളിൽ ഇരുന്ന് ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി… മഴ ചെറുതായി പെയ്യുന്നുണ്ട്… ചാറ്റൽ മഴ രാധൂന്ന് ഒരുപാട് ഇഷ്ടമാണ്.. ഞാൻ ഓർത്തു… മഴ കൊണ്ട് തന്നെ വളരെ സാവധാനം ഞാൻ ഹോസ്പിറ്റലിലേക്ക് കയറി… ആരൊക്കെയോ അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ട്… ഞാനരേയും ശ്രദ്ധിച്ചില്ല…

നേരെ ലിഫ്റ്റിൽ കയറി തേർഡ് ഫ്ലോറിലേക്കുള്ള ബട്ടണ് പ്രസ് ചെയ്തു… ഞാൻ മാത്രമാണ് ലിഫ്റ്റിൽ ഉള്ളത്… മതി… ഞാനൊറ്റയ്ക്ക് മതി… മനസ്സിൽ പറഞ്ഞു… ഡോർ സാവധാനം അടഞ്ഞതും കൈ പിറക്കിലേക്ക് കേട്ട് ലിഫ്റ്റ് ഭിത്തിയിൽ ഞാൻ ചാരി നിന്നു….

“കുട്ടാ പ്ലീസ്… നീയൊന്ന് ഇങ്ങോട്ട് വാ…. രാധൂന്…. രാധൂന് ഒന്നുംല്ല്യാ… നീ ഇങ്ങോട്ട് കയറി വാ… പ്ലീസ്…!!!”

കണ്ണടയ്ച്ഛ നിമിഷം കാതിൽ മുഴങ്ങിയ ആമിയുടെ വാക്കുകൾ…. അവ എവിടെയൊക്കെയോ പതറിയിരുന്നില്ലേ..?? വിറച്ചിരുന്നില്ലേ…??? കള്ളം പറഞ്ഞതാവോ..?? വിശ്വസിക്കാൻ പേടിയാണ്…!!! ആരേയും വിശ്വസിക്കാൻ വയ്യ… എന്നെ പോലും വിശ്വസിക്കാൻ വയ്യ…!!! എന്റെ വിശ്വാസങ്ങളൊക്കെ തെറ്റിയിട്ടേള്ളൂ… ഇതും അതുപോലെ…??? രാധു…. രാധു ഓകെ ആയിരിക്കില്ലേ…??? ഡെലിവറി കഴിഞ്ഞ് കാണുമോ…?? എന്നെ കാത്ത് നിൽക്കുന്നത് രണ്ടിലൊരു ജീവൻ മാത്രമായിരിക്കോ…?? ഞാൻ കണ്ട ദുഃസ്വപ്നം പോലെ രാധു… രാധു….??? എനിക്ക് വല്ലാത്ത തളർച്ച തോന്നി… കാല് കുഴഞ്ഞു പോകുന്ന പോലെ…

*സെക്കന്റ് ഫ്ലോർ*

ലിഫ്റ്റിൽ നിന്ന് വന്ന നോട്ടിഫിക്കേഷൻ… ഹൃദയം മിടിപ്പേറി കിതയ്ക്കുന്നു… വെപ്രാളം… പരവേഷം.. ഞാൻ പേടിയോടെ ലിഫ്റ്റിലെ ഗ്രൗണ്ട് ഫ്ലോർ ബട്ടണിൽ തുടരെ തുടരെ അമർത്തി… എനിക്ക് പോകണ്ട… ആരേയും കാണണ്ട… ഒന്നും അറിയണ്ട… ഓടാൻ തോന്നുന്നു… ഓടിയൊളിക്കാൻ തോന്നുന്നു…!!!

*തേർഡ് ഫ്ലോർ…!!!*

ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…. എനിക്ക്… എനിക്ക് കാണണ്ട… പേടിയോടെ ഞാൻ പുലമ്പി…

“നിനക്ക് രാധൂനെ കാണണ്ടേ…???”

ഉള്ളിൽ നിന്ന് ആരോ ചോദിച്ചു…

“കാണണം…!!!”

ആരോ മറുപടിയും പറഞ്ഞു…. കാണണം… എനിക്കവളെ കാണണം… കണ്ണ് തുറന്ന് കൊണ്ട് ഞാനും മനസ്സിൽ പറഞ്ഞു… എനിക്കെന്റെ രാധുവിനെ കാണണം.. അവളെന്നെ പ്രതീക്ഷിച്ഛ് നിൽക്കാവും… ഞാൻ ലിഫ്റ്റിൽ നിന്ന് കൊറിഡോറിലൂടെ നടന്നു….

കോറിഡോറിലെ ആദ്യ ചെയറിൽ മുന്നോട്ടാഞ്ഞ് ഇരിക്കുന്ന ആമിയിൽ നോട്ടം ചെന്ന് നിന്നു… തീയേറ്റർ ഡോറിന് അടുത്തായി ഏട്ടൻ കണ്ണടയ്ച്ഛ് ഇരിക്കുന്നു…. കാലടി ശബ്‌ദം കേട്ട് ആമിയുടെ മുഖം എന്റെ സൈഡിലേക്ക് തിരിഞ്ഞു.. ഞെട്ടലോടെ അവളെന്നെ നോക്കി അത്ഭുതത്തോടെ എണീറ്റ്‌ നിന്നു… എന്നെ നോക്കി കൊണ്ട് തന്നെ അതേ ഞെട്ടലോടെ അവളെന്റെ അടുത്തേക്ക് നടന്ന് വന്നു…. പേടിയോടെ സംശയത്തോടെ എന്റെ കണ്ണിലേക്ക് നോക്കി… എന്റെ ദേഹമാക്കെ അവൾ കണ്ണാൽ പരതി നോക്കി…

“കു..കുട്ടാ,,,, നീ… നീയെവിടെയായിരുന്നു ഇത്രയും നേരം…???”

എന്റെ കണ്ണിലേക്ക് മാറിമാറി നോക്കി പതർച്ചയോടെ അവൾ ചോദിച്ചു… ഞാൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു….

“കുട്ടാ ഞാൻ നിന്നോടാ ചോദിക്കുന്നത്… നീയെവിടെയായിരുന്നു…??? നീ ഇതുവരെ അവിടെയായിരുന്നൂ ന്ന്..??”

ആമിയുടെ ശബ്ദം ഉയർന്നു… കിതപ്പോടെ അവളെന്നെ നോക്കി… ഞാനപ്പഴും തലതാഴ്ത്തി നിന്നു…. പേടിയോടെ പൊട്ടിക്കരഞ്ഞ് കൊണ്ട് അവളെന്റെ ഷോള്ഡറിൽ മുറുക്കി പിടിച്ചു…

“ഞാൻ നിന്നോടാ ചോദിക്കുന്നത്… നീ എവിടെയായിരുന്നു… ഇത്…. നിന്റെ ഷർട്ടിലൊക്കെ എന്താ…??? പറ… നീയത് വരെ എന്തെടുക്കായിരുന്നു… നീ അങ്ങോട്ടാ പോയത്… പറ…
പറ…!!!”
എന്റെ കോളറിൽ പിടിച്ഛ് ഉലച്ഛ് ഇത്രയും ചോദിച്ഛ് കൊണ്ട് ആമിയെന്റെ നെഞ്ചിലേക്ക് മുഖമമർത്തി കരഞ്ഞു….

“കുട്ടാ,,,, നീയെന്താ ചെയ്തത്…??? നീ…. നീ….”

*”ഞാനരേയും കൊന്നിട്ടില്ല ആമീ…!!!”*

നിർവികാരത്തോടെ സാവധാനം ഞാൻ പറഞ്ഞു…. കേൾക്കേണ്ട താമസം അവളെന്നെ കെട്ടിപ്പിടിച്ഛ് കരഞ്ഞു… ഒരു മരം പോലെ ഞാൻ മരവിച്ചു നിന്നു…

“അനുരാധയുടെ ആരാ ഉള്ളത്…???”

ഐ സി യൂ ഡോർ തുറന്ന് പുറത്തേക്ക് തലയിട്ട് കൊണ്ട് സിസ്റ്റർ ഉറക്കെ ചോദിച്ചു… ആമി കരച്ചിൽ നിർത്തി തിരിഞ്ഞ് നോക്കി… ഡോറിനോട് ചേർന്നുള്ള ചെയറിൽ ഇരുന്ന് ഏട്ടൻ വേഗത്തിൽ എണീറ്റ് നിന്നു…

ഉള്ളിൽ നിന്ന വന്ന മറ്റൊരു സിസ്റ്റർ ഒരു തുണികെട്ട് ഏട്ടന്റെ കയ്യിലേക്ക് നീട്ടി… ഏട്ടൻ കരുതലോടെ ഒരു ചിരിയോടെ വാങ്ങി സന്തോഷത്തോടെ എന്നേയും ആമിയേയും തിരിഞ്ഞ് നോക്കി… ഇരുകണ്ണും അമർത്തി തുടയ്ച്ഛ് അവൾ ഏട്ടന്റെ അടുത്തേക്ക് ഓടി നടന്നു… ഏട്ടൻ ചിരിയോടെ ആമിയുടെ കയ്യിലേക്ക് കൊടുത്തു… ഇതെല്ലാം കണ്ടും കാലുറയ്ച്ഛ് പോയ പോലെ മരവിച്ഛ് ഞാൻ അവിടെ തന്നെ നിന്നു…

ദൂരെ മാറി നിൽക്കുന്ന എന്നെ നോക്കി ആമി തല കൊണ്ട് മാടി വിളിച്ചു… മരവിപ്പോടെ തന്നെ ഞാൻ അവളുടെ അടുത്തേക്ക് ഒരു യന്ത്രം പോലെ നടന്നു…

ആമി കരുതലോടെ പിടിച്ച ആ തൂവെള്ള ടർക്കി തുണി അവളെന്റെ നേരെ നീട്ടി….

*”ആണ്കുട്ടിയാ…!!!!”*

ആമി വിറയലോടെ സന്തോഷത്തോടെ പറഞ്ഞു… എന്റെ കണ്ണുകൾ സന്തോഷത്തോടെ മിഴിഞ്ഞു.. എന്റെ മോൻ… എന്റേയും രാധൂന്റേയും മകൻ… ഞാനൊരു അച്ഛനായി…. രാധു പറയുന്ന പോലെ അവളാഗ്രഹിച്ച പോലെ ഞങ്ങൾക്കൊരു മകനെയാണ് ദൈവം തന്നിരിക്കുന്നത്…. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞ് തൂവി…

ഞാൻ ആവേശത്തോടെ ആമിയുടെ കയ്യിലേക്ക് നോക്കി…. പൂപോലെ ഒരു കുഞ്ഞ്… ഞാൻ കണ്ട സ്വപ്നത്തിലെ അതേ കുഞ്ഞ്… ഇളം റോസ് നിറം… താമരപൂ പോലെ… എനിക്ക് കരച്ചിലും ചിരിയും ഒരുപോലെ വന്നു… ഞാൻ ആവേശത്തോടെ ആമിയെ നോക്കി… ഏട്ടനെ നോക്കി… എന്റെ അതേ അവസ്ഥയിലാണ് അവരും.. കരയണോ ചിരിക്കണോന്നറിയാത അവസ്ഥ…

ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ ഞാൻ ശ്രദ്ധയോടെ കയ്യിലേക്ക് വാങ്ങി… എന്നെപോലെയാണോ…??? അതോ രാധൂനെ പോലെയോ…??? ഞാൻ സൂക്ഷിച്ചു നോക്കി…. നിറഞ്ഞ തൂവിയ എന്റെ കണ്ണിൽ നിന്ന് കുഞ്ഞിന്റെ കവിളിലേക്ക് ഒരു തുള്ളി കണ്ണീർ ഉറ്റി വീണു… അവന്റെ മുഖം മുഷിച്ചിലോടെ ഞുളിഞ്ഞു… ഞാൻ പയ്യെ കുഞ്ഞിന്റെ കവിളിൽ പതിഞ്ഞ കണ്ണീർ കൈ കൊണ്ട് പതിയെ ശ്രദ്ധയോടെ പേടിയോടെ തുടച്ചു… ഒരു പൂ പോലെ മൃദുലമാണ് കവിളുകൾ… ഞാനവന്റെ നെറ്റിയിൽ പയ്യെ ചുംബിച്ചു…

എന്റെ ഇരുകണ്ണും നിറഞ്ഞൊഴുകി… കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഞാൻ വിതുമ്പി…. ചങ്ക് പൊട്ടികീറുന്നപ്പോലെ വേദനിക്കുന്നു… കുഞ്ഞിനെ പൊതിഞ്ഞ് പിടിച്ഛ് കൊണ്ട് ഞാൻ കരഞ്ഞു…

“സിദ്ധു…???”

എന്റെ തോളിൽ കൈ വെച്ഛ് കൊണ്ട് ഏട്ടൻ നിസ്സഹായതയോടെ വിളിച്ചു… ഏട്ടന്റെ വിളിയേക്കാൾ അതിൽ നിറഞ്ഞ് നിന്ന് നിസ്സഹായതയാണ് എന്നെ ഏറെ വേദനിപ്പിച്ചത്… ദയനീയതയാണ് എനിക്ക് സഹിക്കാൻ കഴിയാഞ്ഞത്… കരഞ്ഞ് കൊണ്ട് തന്നെ ഞാനേട്ടന്റെ മുഖത്തേക്ക് നോക്കി…..

“ഏട്ടാ,,,,,,, എന്റെ രാധു…. എനിക്കവളെ കാണണം… ഞങ്ങളെ കുഞ്ഞിനെ അവൾക്ക് കാണിച്ഛ് കൊടുക്കണം…!!! അവളാഗ്രഹിച്ച പോലെ ആണ്കുഞ്ഞാണെന്ന് പറയണം… എനിക്കെന്റെ രാധുനെ കാണണേട്ടാ”

ഞാൻ യാചിക്കുന്ന പോലെ കരഞ്ഞ് പറഞ്ഞു… അലിവോടെ ഏട്ടനെന്നെ നോക്കി… ഐ സി യൂ ന്റെ ഡോർ വീണ്ടും തുറന്നു…

“കുഞ്ഞിനെ തിരിച്ഛ് തരണം.. ജസ്റ്റ് കാണാൻ വേണ്ടി തന്നതായിരുന്നു…!!!”

പുറത്തേക്ക് നിന്ന് കൊണ്ട് സിസ്റ്റർ പറഞ്ഞു… ഞാൻ ഏട്ടനെ നോക്കി… ഏട്ടൻ മുഖം കൊണ്ട് കൊടുക്കാൻ പറഞ്ഞു… ഞാനെന്റെ കുഞ്ഞിനെ നോക്കി… എന്റെ കയ്യിൽ കിടന്ന് സുഖമായി ഉറങ്ങുകയാണ്… ഞാനവന്റെ നെറ്റിയിൽ ഒന്നൂടെ ചുംബിച്ഛ് സിസ്റ്ററുടെ കയ്യിലേക്ക് കൊടുത്തു…

“സിസ്റ്റർ… രാ.. അനുരാധയ്ക്ക് കുഴപ്പൊന്നും ഇല്ലല്ലോ…???”

തുടരും…..!!!!!