രചന – ഫൗസിയ യൂസഫ്
മനസ്സൊന്ന് ശാന്തമായെങ്കിലോ എന്ന് കരുതിയാണ്, ദിവസങ്ങൾക്കു ശേഷം അമ്പലത്തിലേക്കിറങ്ങിയത്.. നിത്യ സന്ദർശനം മുടങ്ങിയതിനെ പറ്റി അമ്മ ഇടയ്ക്കിടെ ചോദ്യം ചെയ്യാറുണ്ടെങ്കിലും, ഒഴിഞ്ഞു മാറി നടക്കലായിരുന്നു ഇതുവരെ പതിവ്… “” എന്താ.. ഇടയ്ക്കുവെച്ച് ഭഗവാനെ മറന്നെന്നു തോന്നണൂലോ കുട്ടി “” പൂജാരി പറഞ്ഞപ്പോഴും, മറുപടി ഒരു ചിരിയിലൊതുക്കിയതേയുള്ളൂ.. “” ചെയ്യുന്നതിലെ തെറ്റും ശരിയൊന്നും ഞാനിപ്പോ ഓർക്കണില്ല.. മുന്നില് ഭദ്രേച്ചിം, ഭദ്രേച്ചിക്ക് കൊടുത്ത വാക്കും മാത്രേ ഉള്ളൂ… ബാക്കിള്ളോരടെ കണ്ണീരും ശാപവും നിക്ക് കണ്ടില്ലെന്ന് നടിക്കാനേ നിവർത്തിള്ളൂ.. ഉള്ളും പുറവും ഒരുപോലെ അറിയണ ആള് നീയല്ലേ ള്ളൂ ഭഗവാനേ.. നീ തന്നെ നിക്ക് തുണയാവണട്ടോ.. “” കൈകൂപ്പി പ്രാർത്ഥിച്ചുകൊണ്ട് നടയിറങ്ങി വന്നപ്പോൾ, പുറത്ത് ന്നേം കാത്ത് കണ്ണേട്ടൻ നിൽപ്പുണ്ടായിരുന്നു…
മനസ്സിടറരുതേ എന്ന പ്രാർത്ഥനയോടെയാണ് അരികിലേക്ക് ചെന്നത്… “” കേൾക്കുന്നതെല്ലാം ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത വാർത്തകളാണല്ലോ… എല്ലാം നീയുംകൂടി അറിഞ്ഞുകൊണ്ടാണല്ലേ”” “” അറിഞ്ഞു.. പക്ഷേ,,ഇത്തിരി വൈകിപ്പോയെന്ന് മാത്രം!”” ഞാൻ പറഞ്ഞു. “” ഇതൊക്കെ നടക്കുംന്ന് തോന്നുന്നുണ്ടോ തനിക്ക്?? “” “” നടക്കും… നടക്കണം!”” “” അതിന് ഞാൻ ചാരുവല്ല.., ഹരികൃഷ്ണനാണ്! മനസ്സിൽ കൊണ്ടുനടന്ന ആളെ ഒരു സുപ്രഭാതത്തിൽ വേണ്ടെന്നു വെക്കാൻ നിനക്ക് കഴിഞ്ഞേക്കും.. പക്ഷേ, എന്നെക്കൊണ്ടതിനു കഴിയില്ല.. കാരണം ഒന്നേയുള്ളൂ, ഞാൻ നിന്നെ സ്നേഹിച്ചതും, സ്വന്തമാക്കാൻ ആഗ്രഹിച്ചതും ആത്മാർത്ഥമായിട്ടാ.. അവിടെ മറ്റൊരുവളെ പ്രതിഷ്ഠിക്കാൻ ഈ ജന്മം എന്നെക്കൊണ്ട് കഴിയില്ല!!”” കണ്ണേട്ടന്റെ ശബ്ദം കുറച്ചൊന്ന് ഉയർന്നപ്പോൾ ഞാൻ ഭീതിയോടെ ചുറ്റിലും നോക്കി..
“” കണ്ണേട്ടാ പതുക്കെ.. ഇത് പൊതുവഴിയാണ് “” ഞാൻ ഓർമപ്പെടുത്തിയപ്പോഴാണ് കണ്ണേട്ടനും സ്ഥലകാലബോധം വന്നത്… ആ മനസ്സ് എനിക്കറിയാം… മറ്റാരേക്കാളും നന്നായി… എന്നെയൊന്ന് നേരിൽ കാണാനും, ഉള്ള് തുറന്നൊന്നു മിണ്ടാനും വീർപ്പുമുട്ടി നടക്കുകയായിരുന്നു പാവം! “”അച്ഛൻ പറയണത് അനുസരിക്കാ.. മറ്റൊന്നും ഇപ്പൊ ചിന്തിക്കണ്ട…! പ്രണയത്തേക്കാളും, സ്വന്തമാക്കലിനെക്കാളുമൊക്കെ വിലയുള്ളതായി പലതുമുണ്ട് നമുക്കും അവർക്കുമിടയിൽ…. ഇന്ന്, എന്തിനും പോന്ന ഹരികൃഷ്ണനും ചാരുവിനുമൊക്കെ, ഇരുട്ട് നിറഞ്ഞൊരു ബാല്യമുണ്ടായിരുന്നു… തളർന്നുവീണ സമയത്ത് താങ്ങാൻ, ആ കൈകളില്ലായിരുന്നെങ്കിൽ നമ്മളൊക്കെ എവിടെ എത്തുമായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ കണ്ണേട്ടൻ? ഒന്നും നമ്മൾ മറന്നൂടാ… മറന്നെന്ന് ആരെക്കൊണ്ടും പറയിപ്പിച്ചൂടാ…. വന്ന വഴി മറന്നൂന്ന് ആരും നമ്മളെ നോക്കി പറയരുത് “” ഞാൻ കണ്ണേട്ടനെ നോക്കിപ്പറഞ്ഞു..
“”” വന്നവഴിയെല്ലാം നന്നായി ഓർമയുണ്ട് ചാരൂ… എത്ര വീട്ടിയാലും ആ കടപ്പാട് തീർക്കാൻ കഴിയില്ലെന്നും അറിയാം.. കടപ്പാടെല്ലാം മനസ്സിൽ സൂക്ഷിച്ചേ ഞാനെന്നും അച്ഛനോടും അമ്മയോടും പെരുമാറിയിട്ടുള്ളൂ.. ഭദ്ര… അവളോട് വരെ, ബഹുമാനം മാത്രേ തോന്നിയിട്ടുള്ളൂ… ആശ്രിതനായി കഴിഞ്ഞ ഞാൻ, ആ വീട്ടിലെ അവകാശിപ്പട്ടം ഒരിക്കലും മോഹിച്ചിട്ടില്ല… ഇപ്പോഴും അതെന്നെ മോഹിപ്പിക്കുന്നില്ല.. തന്റെ സ്ഥാനത്ത് ഭദ്ര…. അതെനിക്ക് അംഗീകരിക്കാൻ കഴിയില്ല… നിനക്കെന്നെ വേണ്ടെങ്കിൽ ഉപേക്ഷിക്കാം… പക്ഷേ,, എന്റെ താലിക്കുവേണ്ടി മറ്റൊരു പെണ്ണിന് തലകുനിക്കേണ്ടി വരില്ല…! ഞാനതിനു സമ്മതിക്കില്ല….!””” ഉറച്ചതായിരുന്നു ആ വാക്കുകൾ.. സന്തോഷമാണ് ആദ്യം തോന്നിയത്… ആരോരുമില്ലാത്തൊരു പെണ്ണിനെ, ഇത്രമേൽ പ്രാണനായി കരുതുന്നൊരു പുരുഷൻ…. എന്ത് പുണ്യം ചെയ്തു ഞാൻ, ഈ സ്നേഹത്തിന് അടിമപ്പെടാൻ…. സ്വത്തിനും പദവിക്കും വേണ്ടി, സ്വന്തബന്ധം നോക്കാതെ ചോരചിന്തുന്ന ഈ ലോകത്ത്,, അരികിൽ സ്വർണ്ണം കായ്ക്കുന്ന മരമുണ്ടായിട്ടും കാൽചുവട്ടിലെ പുൽക്കൊടിയെ മോഹിക്കുന്ന ആ വലിയ മനസ്സു കാണാൻ കണ്ണുണ്ടായിട്ടും കാണാതെ നടക്കാനാണല്ലോ ഈശ്വരാ ന്റെ വിധി…. “” എന്റെ കണ്ണുകൾ നിറഞ്ഞു…
കരയരുതെന്നുറച്ച പെണ്ണിന്, ആ കണ്ണുനീരിനെ തടഞ്ഞുവെക്കാനേ നിർവാഹമുണ്ടായിരുന്നുള്ളൂ… “” എനിക്ക് കണ്ണേട്ടനെ വേണ്ട… ഞാനത് തീരുമാനിച്ചുകഴിഞ്ഞു!! പക്ഷേ,, കണ്ണേട്ടന്റെ തീരുമാനം, അത് മാറിയേ പറ്റൂ…. കണ്ണേട്ടൻ ഭദ്രേച്ചിയെ വിവാഹം കഴിച്ചേ പറ്റൂ… ഇന്നോളം എന്നോട് കാണിച്ച സ്നേഹത്തെ സാക്ഷ്യപ്പെടുത്താൻ,, കണ്ണേട്ടൻ ഭദ്രേച്ചിക്ക് പുടവ കൊടുക്കണം… ആദ്യമായും അവസാനമായും എനിക്കിനി ഒന്നും കണ്ണേട്ടനോട് ആവശ്യപ്പെടാനില്ല… എന്റെ, ഈയൊരാവശ്യം അംഗീകരിക്കാതെ നമ്മൾ തമ്മിലിനി ഒരു നേർക്കാഴ്ച്ചയുണ്ടാവില്ല… ഇവിടുന്ന് പടിയിറങ്ങിയാൽ,, എവിടെ അലഞ്ഞുനടക്കേണ്ടി വന്നാലും ഇങ്ങോട്ടൊരു മടങ്ങി വരവ് പ്രതീക്ഷിക്കണ്ട! ഇത് ചാരുവിന്റെ വെറുംവാക്കല്ല! പോകുന്നതിനു മുമ്പ്, ഈ വേളിക്ക് സമ്മതമാണെന്ന് കണ്ണേട്ടൻ അച്ഛനോട് പറയുന്നത് എനിക്ക് കേൾക്കണം.. ആ ഒരു ഉറപ്പ് മാത്രമേ, എന്റെ തിരിച്ചുവരവിനൊരു കാരണമാകൂ… “” കണ്ണേട്ടനെ നോക്കാതെ ഞാൻ മുന്നോട്ട് നടന്നതും, കണ്ണേട്ടാനെന്റെ വഴിയിൽ തടസം സൃഷ്ടിച്ചു..
“” അച്ഛനും അമ്മയും വിസമ്മതം പറഞ്ഞിട്ടും, നീ പോകാനൊരുങ്ങുന്നത് ധിക്കാരമല്ലേ? ഭദ്രയുടെ മാത്രം ഇഷ്ടത്തിനും വാശിക്കും വഴങ്ങി നീ നഷ്ടപ്പെടുത്തുന്നത് നിന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്നവരെയാണ്… നീ സ്വപ്നം കണ്ട ജീവിതമാണ്!”” കണ്ണേട്ടൻ പറഞ്ഞപ്പോൾ, ഞാനൊന്ന് ചിരിച്ചു… നിറമില്ലാത്തൊരു പുഞ്ചിരി… “” സ്വന്തമാക്കല് മാത്രല്ലല്ലോ സ്നേഹം, വിട്ടുകൊടുക്കലും കൂടിയല്ലേ.. അതാണ് ഞാനും ചെയ്യുന്നത്.. ആ കുടുംബത്തിന്റെ നന്മയും സമാധാനവും കണക്കിലെടുത്താൽ, കണ്ണേട്ടന്റെ പ്രണയത്തെ പിന്നിൽ നിർത്താനേ എനിക്ക് കഴിയൂ… കണ്ണേട്ടനും അങ്ങനെയേ ചിന്തിക്കാവൂ… തീരുമാനങ്ങൾ അവരെടുക്കട്ടെ… നമുക്കതനുസരിക്കാം..”” മനസ്സിൽ, ഒരു കടൽ തന്നെ ആർത്തിരമ്പുമ്പോഴും, പുറമേ ശാന്തത കൈവരിച്ച് ഞാൻ കണ്ണേട്ടനോട് യാത്ര ചോദിച്ചു… എനിക്കറിയാം കണ്ണേട്ടനെ… കണ്ണേട്ടന് എന്നേയും….! ഞാൻ ബാഗുകൾ തയ്യാറാക്കിവെക്കുന്ന തിരക്കിലായിരുന്നു… പോകേണ്ട അഡ്രസ്സും, വിളിക്കേണ്ട നമ്പറുമെല്ലാം ഭദ്രേച്ചി കൃത്യമായി ഏൽപ്പിച്ചു തന്നിരുന്നു..
അച്ഛനോടോ അമ്മയോടോ പിന്നീടൊന്നും പറയുകയുണ്ടായില്ല! ആരെതിർത്താലും പോകാൻ നിൽക്കുന്നവൾക്ക്, സമ്മതത്തിന് കാത്തുനിൽക്കേണ്ട ആവശ്യമില്ലല്ലോ.. “” ടീ, കണ്ണേട്ടൻ വേളിക്ക് സമ്മതിച്ചൂന്ന്.. അച്ഛനാ ഇപ്പൊ പറഞ്ഞത് “”ഭദ്രേച്ചി ഓടിവന്ന് പറഞ്ഞു. ഭദ്രേച്ചിയെ ഇത്രയധികം സന്തോഷത്തോടെ ഞാനിതുവരെ കണ്ടിട്ടില്ല… “”ഇപ്പൊ സമാധാനായില്ലേ ഭദ്രേച്ചിക്ക്? ഇനി ഞാൻകൂടി പോയാല്, മുഴുവനായും സമാധാനാവും… ഈയൊരു രാത്രികൂടിയേ ഉള്ളൂ.. ഞാനും പോവാണുട്ടോ…”” അത് പറഞ്ഞപ്പോ, ന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു.. ഭദ്രേച്ചി ഒന്നും പറഞ്ഞില്ല… കുറച്ചുനേരംകൂടി ആ നിൽപ്പ് നിന്ന്, തിരിച്ചു പോയി… എങ്കിലും,ഭദ്രേച്ചി ഒന്നെന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിലെന്ന് ഞാൻ കൊതിച്ചുപോയിരുന്നു… എത്ര നോവിച്ചാലും, കൂടപ്പിറപ്പിനെ പോലെ കൊണ്ടുനടന്നതല്ലേ എന്നെ, വെറുക്കാൻ കഴിയണില്ലായിരുന്നു എനിക്ക് ഭദ്രേച്ചീനെ…. “” കണ്ണന്റെ സമ്മതം കിട്ടിയ സ്ഥിതിക്ക്, ഇനിയത് വെച്ചു താമസിപ്പിക്കണ്ട.. അല്ലേ ലക്ഷ്‌മി? “” അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ അക്കാര്യം പറഞ്ഞത്..
“” അതുതന്ന്യാ എന്റേം അഭിപ്രായം.. ഇവൾക്കിപ്പോ വേളിക്ക് നല്ല സമയാന്നാ ഇന്നാള് ജ്യോൽസ്യര് പറഞ്ഞത് “” അമ്മയും പറഞ്ഞു. “” എന്നാപ്പിന്നെ, നാളെത്തന്നെ രണ്ടാൾടേം ജാതക്കാകുറിപ്പൊന്ന് നോക്കിക്കാം.. ഇനി വൈകിപ്പിക്കണ്ട”” അതും പറഞ്, അച്ഛൻ എഴുനേൽക്കാൻ തുടങ്ങി.. “” അച്ഛാ.. നിക്കൊരു കാര്യം.. ” ഞാൻ പറഞ്ഞു. “” എന്തേ, നിനക്കെന്തേലും നിർദ്ദേശം പറയാനുണ്ടോ? ചേച്ചീടെ വിവാഹത്തിന് അനിയത്തിക്കും കാണൂലോ എന്തേലും അഭിപ്രായൊക്കെ.. “” അച്ഛൻ ചിരിച്ചു. “” അതല്ലച്ഛാ… ഞാൻ.. ഞാൻ നാളെ പോകും!”” ഞാൻ പറഞ്ഞതും, അച്ഛൻ ഞെട്ടലോടെ എന്നെ നോക്കി.. കൂടെ അമ്മയും! “” നാളെ പോയില്ലെങ്കി ആ ജോലി പോകും.. “” ഞാൻ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“”തന്നിഷ്ടം കാണിക്കാൻ എന്തിനാ ഒരു അനുവാദം ചോദിക്കല്? ആയിക്കോളൂ… എന്താന്നു വെച്ചാ ആയിക്കോളൂ… അച്ഛനാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം അച്ഛനാവില്ലല്ലോ… അതിന് ജന്മം കൊടുക്കുക തന്നെ വേണ്ടേ… അങ്ങനെവരുമ്പോ,ഞങ്ങളാരാ വെറും അന്യര്… ഞങ്ങൾക്ക്, ഞങ്ങളെ അനുസരിക്കണമെന്ന് നിർബന്ധം പിടിക്കാൻ കഴിയില്ലല്ലോ..”” അച്ഛൻ വേഗം എഴുനേറ്റു പോയി.. അമ്മയും, എന്നെയൊന്ന് നോക്കിയ ശേഷം അച്ഛനു പിറകേപോയി… ഭദ്രേച്ചി, ഒന്നും സംഭവിക്കാത്ത മട്ടിൽ കഴിപ്പ് തുടങ്ങി… എനിക്കൊന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല…. ചങ്കിൽ കനല് കത്തുമ്പോ, എങ്ങനെ ഇറങ്ങാനാണ്…. ഉറങ്ങാൻ കിടക്കുമ്പോഴും പ്രാർത്ഥന, ” ഈ രാത്രി തീരാതിരുന്നെങ്കിൽ ” എന്നായിരുന്നു… കുറേ വർഷമായി ഈ മുറി തന്റേതാണ്… ഇവിടെക്കിടന്നാണ് താൻ ആദ്യമായി പേടികൂടാതെ കിടന്നുറങ്ങിയത്.. ഇവിടെക്കിടന്നാണ് താൻ കണ്ണേട്ടനെ സ്വപ്നം കണ്ടത്… ഒരുമിച്ചുറങ്ങാൻ മോഹിച്ചത്… തന്റെ പ്രണയവും, വിരഹവും കണ്ണുനീരുമെല്ലാം നേരിട്ടു കണ്ടത് ഈ നാല് ചുവരുകളായിരുന്നു.. എല്ലാം… എല്ലാം ഈ രാത്രികൊണ്ട് അവസാനിക്കുകയാണ്… ഞാനെഴുനേറ്റ്, ജനലോരം ചെന്നുനിന്നു…
പുറത്ത് നല്ല നിലാവുണ്ട്… ചന്ദ്രന് ഇന്ന്, എന്നത്തേക്കാളും സൗന്ദര്യമുള്ളതായി തോന്നിയെനിക്ക്.. ഞാൻ, കണ്ണു ചിമ്മാതെ നോക്കിനിന്നു… ഇനിയൊരുപക്ഷേ, ഇവിടെ നിന്നുകൊണ്ട് ഇങ്ങനൊരു കാഴ്ച കാണാൻ കഴിഞ്ഞില്ലെങ്കിലോ…? മനസ്സ് വല്ലാതെ പുകഞ്ഞുനീറുന്നു… പ്രണയം വേദനയാണെന്ന്, പലരും പറഞ്ഞു കേട്ടിട്ടുണ്ട്… സത്യമാണത്…! ആദ്യമാത്രയിൽ മധുരിക്കുമെങ്കിലും, അടുക്കുന്തോറും കയ്പ്പേറിവരുന്നു… നോവിന്റെ കയ്പ്പ്…. നഷ്ടപ്പെടലിന്റെ കയ്പ്പ്… മരണത്തെ കൊതിച്ചുപോകുന്ന കയ്പ്പ്…. പുലർച്ചെ തന്നെ എഴുനേറ്റ്, പോകാൻ തയ്യാറായിരുന്നു…. ഇന്നലെ ഉറക്കമില്ലാത്തിരുന്നതിനാൽ എഴുനേൽക്കാൻ ബുദ്ധിമുട്ടുണ്ടായില്ല…. “” ഇത് കയ്യിൽ വെച്ചോ.. “” ഭദ്രേച്ചി, കുറച്ചു പണമെന്റെ കയ്യിൽ തന്നു.. “” യാത്രാചിലവിനുള്ളതും, പിന്നെ അത്യാവശ്യം ചിലവിനുള്ളതും ഇതിലുണ്ട്… സാലറി കിട്ടിതുടങ്ങിയാൽ പിന്നെ പേടിക്കാനില്ലല്ലോ “” ഭദ്രേച്ചി പറഞ്ഞു. എന്നെ, നിറഞ്ഞ മനസ്സോടെ യാത്രയാക്കുന്ന ആള് ഭദ്രേച്ചി മാത്രമായിരുന്നു…
“” പിന്നൊരു കാര്യം… “” ഞാൻ, ഭദ്രേച്ചിയെ നോക്കി. “”അച്ഛനേം അമ്മേം കാണാൻ തോന്നുന്നെന്നും പറഞ്, ഇടയ്ക്കിടെയുള്ള വരവൊന്നും വേണ്ട വിവരങ്ങളറിയാൻ ഇപ്പൊ ഫോണൊക്കെ ഉണ്ടല്ലോ… പിന്നെ വല്ലപ്പോഴും ഒന്ന് വന്നിട്ട് പോകേം ചെയ്യാം… നീയടുപ്പം കാണിക്കുന്തോറും, അകലുന്നത് എന്റെ ജീവിതായിരിക്കും എന്ന ചിന്ത നിനക്കെപ്പോഴും വേണം!”” എന്നെയൊന്ന് ഇരുത്തിനോക്കിയിട്ട് ഭദ്രേച്ചി പോയി… ഇറങ്ങും നേരം എല്ലാരോടും യാത്ര ചോദിച്ചെങ്കിലും, മൗനമായിരുന്നു സർവ്വം… അമ്മ, കണ്ണുതുടക്കുകയും ഭദ്രേച്ചി കെട്ടിപ്പിടിക്കുകയും ചെയ്തു… മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണെങ്കിലും, എനിക്കതൊരു സന്തോഷം തന്നെയായിരുന്നു… ഭദ്രേച്ചി ഏർപ്പാടാക്കിത്തന്ന ടാക്സി മുറ്റത്ത് വന്ന് ഹോണടിച്ചു… ഞാൻ ഒരിക്കൽക്കൂടി എല്ലാവരെയും നോക്കി… നിശബ്ദമായെങ്കിലും അവരെന്നെ അനുഗ്രഹിക്കുകയാണെന്ന ആശ്വാസത്തോടെ ഞാൻ പടികളിറങ്ങി… കാറിൽ കയറിയ ശേഷമേ അങ്ങോട്ട് നോക്കിയുള്ളൂ… അതും, കണ്ണുകൾ പിടിതരാതെ കുതിച്ചോടിയതാണ്… എനിക്കറിയാം.. അവിടെ, എന്നെ മാത്രം നോക്കുന്ന രണ്ട് കണ്ണുകളുണ്ടെന്ന്…. എന്നെ മാത്രം കൊതിക്കുന്ന മനസ്സുണ്ടെന്ന്…. എനിക്കുവേണ്ടി മാത്രം തുടിക്കുന്ന ഹൃദയമുണ്ടെന്ന്….. എന്റെ… ന്റെ കണ്ണേട്ടനുണ്ടെന്ന്….!! കാത്തിരിക്കണേ ❤

by