രചന – നിള നന്ദ
” സാരംഗ്.. ”
വിറച്ചുകൊണ്ട് അവൾ ഫോൺ എടുത്ത് കാത്തോട് ചേർത്തു..
” ലനാ. നിന്റെ ശബ്‌ദം എന്താ വല്ലാതിരിക്കുന്നേ.”
സാരംഗിന്റെ സ്വരത്തിലെ ടെൻഷൻ അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.. കാറിന്റെ മറവിൽ നിന്ന് അല്പം നീങ്ങി അവൾ രതീഷ് നിൽക്കുന്നിടത്തേക്ക് നോക്കി.. അവൻ ഇപ്പോഴും അവിടെ ഫോൺ ചെയ്ത് നിൽപ്പുണ്ടെന്ന് കണ്ടതും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു..
” ലനേ നീ എന്താ ഒന്നും മിണ്ടാത്തെ.. ഞാൻ പറയുന്നത് കേൾക്കുന്നില്ലേ..? ”
സാരംഗിന്റെ ശബ്‌ദം വീണ്ടും കേട്ടതും ഞെട്ടലോടെ അവൾ നീങ്ങി നിന്നു..
” ഒന്നുമില്ല സാരംഗ് ചെറിയൊരു തലവേദന.. വെയില് കൊണ്ടതിന്റെ ആവും.. ”
അപ്പോൾ അങ്ങനെ പറയാൻ ആണ് അവൾക്ക് തോന്നിയത്..
” എന്നാ ഇനി അധികം നേരം ചുറ്റി തിരിയാൻ നിൽക്കണ്ട പെട്ടന്ന് വീട്ടിലേക്ക് വന്നോ.. ”
ശരിയെന്ന അർത്ഥത്തിൽ ഒന്ന് മൂളിക്കൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു.. രതീഷ് അവിടെ നിൽക്കുന്നത് കൊണ്ട് ഉള്ളിലേക്ക് പോവാൻ അവൾക്ക് കഴിഞ്ഞില്ല.. ഡോർ തുറന്ന് അവൾ കാറിനുള്ളിൽ കയറി ഇരുന്നു.. നോട്ടം മുഴുവൻ രതീഷ് നിൽക്കുന്നിടത്തേക്ക് ആയിരുന്നു..
അയാൾ തന്നെ കണ്ട് കാണുമോ..
ഇല്ല.. കണ്ടെങ്കിൽ ഇങ്ങനെ ആയിരിക്കില്ല സംഭവിക്കുന്നത്.. കണ്ണെടുക്കാതെ അവൾ അവന്റെ പ്രവർത്തികൾ ഓരോന്നും വിക്ഷിച്ചു..
കുറച്ച് നേരം കഴിഞ്ഞതും ഫോൺ കട്ട് ആക്കി അവൻ ഹോട്ടലിന് ഉള്ളിലേക്ക് കയറി.. മുഖത്ത് രണ്ട് കയ്യും അമർത്തി അവൾ കുനിഞ്ഞിരുന്നു..
ആരോ കാറിന്റെ ചില്ലിൽ പതിയെ തട്ടുന്ന ശബ്‌ദം കേട്ടവൾ ഞെട്ടലോടെ മുഖം ഉയർത്തി.. ചില്ല് താഴ്ത്തിയതും മുന്നിൽ നിൽക്കുന്ന സനയെ കണ്ട് അവൾ ആശ്വാസത്തോടെ നിശ്വസിച്ചു..
” ഫോൺ എടുക്കാൻ എന്ന് പറഞ്ഞിട്ട് നീ എന്താ ഇതിനുള്ളിൽ കയറി ഇരിക്കുന്നേ.. വരുന്നില്ലേ..? ”
സന അവളെ നോക്കി നെറ്റി ചുളിച്ചു..
” അത്.. ഞാൻ.. ഞാൻ വരുന്നില്ല സന.. എനിക്ക് നല്ല തലവേദന.. ”
നെറ്റിയിൽ കൈ അമർത്തി അവൾ സനയെ നോക്കി..
” ഭക്ഷണം കഴിക്കാത്തത് കൊണ്ടാവും.. വാ കുറച്ചെങ്കിലും കഴിക്കാം.. ”
” എനിക്ക് വേണ്ട സന.. നിങ്ങൾ കഴിച്ചിട്ട് വന്നാൽ മതി.. ഞാൻ ഒന്ന് കുറച്ച് നേരം തനിച്ച് ഇരുന്നോട്ടെ.. ”
ലന സനയിൽ നിന്ന് മുഖം തിരിച്ചു..
ഒന്നും മിണ്ടാതെ സന അവളെ ആകെ ഒന്ന് നോക്കി.. ഫോൺ എടുക്കാൻ വരുന്നത് വരെ ഒരു കുഴപ്പവും ഇല്ലാത്തിരുന്നതാണ്.. പെട്ടന്ന് എന്ത് പറ്റി.. എന്തോ ഒന്ന് ഇതിനിടയിൽ സംഭവിച്ചിട്ടുണ്ട്..
എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് സന തിരികെ നടന്നു..
നിമിഷങ്ങൾക്കുള്ളിൽ സനയും രോഹനും രോഹിണിയും തിരികെ വന്ന് കാറിൽ കയറി..
” നിങ്ങൾ എന്താ ഒന്നും കഴിച്ചില്ലേ..? ”
ലന മൂന്നാളെയും നോക്കി ചോദിച്ചു..
” ചേച്ചി ഇവിടെ വയ്യാതെ ഇരിക്കുമ്പോൾ ഞങ്ങൾ എങ്ങനെയാ കഴിക്കുന്നേ.. ”
രോഹിണി അവളെ നോക്കി പറഞ്ഞു..
” എനിക്ക് അതിന് മാത്രം ഒന്നും ഇല്ല.. നിങ്ങൾ കഴിച്ച് കഴിയുന്നത് വരെ ഞാൻ ഇവിടെ ഇരിക്കില്ലേ.. പിന്നെന്താ.. ”
” അത് വേണ്ട ചേച്ചി.. നമുക്ക് വീട്ടിൽ പോയിട്ട് കഴിക്കാം.. ”
രോഹൻ പറഞ്ഞ് തീരുമ്പോഴേക്കും സന കാർ എടുത്തിരുന്നു..
തിരികെ പോവുമ്പോൾ വല്ലാത്ത നിശബ്ദത ആയിരുന്നു.. രതീഷിനെ കണ്ട ടെൻഷനിൽ ലനയും.. അവൾ പെട്ടന്ന് മൂഡോഫ് ആയതിന്റെ കാരണം ചിന്തിച്ച് സനയും ഇരുന്നു.. രോഹിണി രോഹന്റെ തോളിൽ ചാഞ്ഞിരുന്ന് പതിയെ മയങ്ങി തുടങ്ങിയിരുന്നു..
*****************************
കാർ മുറ്റത്ത് നിർത്തിയതും രോഹനും രോഹിണിയും പെട്ടന്ന് ഇറങ്ങി അകത്തേക്ക് പോയി.. ലനയ്ക്ക് പുറകെയാണ് സന നടന്നത്.. സിറ്റൗട്ടിൽ അവരെ കാത്ത് സാരംഗ് നിൽപ്പുണ്ടായിരുന്നു..
” തലവേദന എങ്ങനെ ഉണ്ട്.. കുറഞ്ഞോ.. ”
സാരംഗ് ലനയുടെ അടുത്തേക്ക് ചെന്ന് നെറ്റിയിൽ കൈ വെച്ചു..
” സാരംഗ്.. എനിക്ക് നിന്നോട് അല്പം സംസാരിക്കാൻ ഉണ്ട്.. ”
സാരംഗിന്റെ കയ്യിൽ പിടിച്ച് ലന അകത്തേക്ക് പോയി.. സന അത് കണ്ട് നെറ്റി ചുളിച്ച് അവർക്ക് പുറകെ പോയി..
” എന്താ.. നീ എന്താ വല്ലാതെ ഇരിക്കുന്നേ.. എന്നെ ടെൻഷൻ ആക്കാതെ കാര്യം പറയ്.. ”
റൂമിൽ കയറിയതും സാരംഗ് ലനയുടെ മുഖത്തേക്ക് നോക്കി വെപ്രാളത്തോടെ ചോദിച്ചു..
” ഞാൻ.. ഞാൻ ഇന്ന് അയാളെ കണ്ടു സാരംഗ്..”
അത് പറയുമ്പോൾ ലനയുടെ ശബ്‌ദം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു..
” ആരെയാ നീ കണ്ടേ.. ഏഹ്.. രതീഷിനെ ആണോ..? ”
സാരംഗ് അവളുടെ തോളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു.. അതേയെന്ന അർത്ഥത്തിൽ ലന തലയാട്ടി..
” അയാൾ എന്നെ തേടി ആയിരിക്കും ഇവിടെ വന്നത്.. ഞാൻ ഇവിടെ ഉണ്ടെന്ന് മനസിലായി കാണുമോ സാരംഗ്.. എനിക്ക്.. എനിക്ക് പേടി ആവുന്നു.. ”
ലന സാരംഗിന്റെ നെഞ്ചിൽ മുഖം അമർത്തി അവനെ ചുറ്റി പിടിച്ചു.. അലിവോടെ അവൻ അവളുടെ നെറുകയിൽ തലോടി..
” ലന.. നോക്ക്.. നീ എന്തിനാ ഇങ്ങനെ പേടിക്കുന്നേ.. മ്മ്.. ഞാൻ ഇല്ലേ കൂടെ.. നിനക്ക് ഒരു ആപത്തും വരാതെ ഞാൻ നോക്കിക്കോളാം.. സമാധാനമായിരിക്ക്.. ”
അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു..
” അയാളിവിടെ വരുമോ സാരംഗ്.. ഇങ്ങോട്ട് വന്നാൽ ഇവിടെ അയാൾ പ്രശ്നം ഉണ്ടാക്കില്ലേ.. ഇവിടെ ആർക്കും ഒന്നും അറിയില്ലല്ലോ.. എല്ലാവരും എല്ലാം അറിഞ്ഞാൽ നമ്മൾ കള്ളം പറഞ്ഞത് ആവില്ലേ.. ”
ലനയുടെ ശബ്‌ദം ഇടറി.. ഒരുനിമിഷം സാരംഗ് ലനയുടെ മുഖത്തേക്ക് തന്നെ നോക്കി..
” രതീഷ് ഇവിടെ ചിലപ്പോൾ മറ്റെന്തെങ്കിലും കാര്യത്തിന് വന്നതായിരിക്കും.. ഇനി അഥവാ ഇങ്ങോട്ട് വരുകയാണെങ്കിൽ അപ്പോഴല്ലേ.. നീ പേടിക്കാതിരിക്ക്.. ”
” പക്ഷേ സാരംഗ്.. ”
” നീ ഇനി ഒന്നും പറയണ്ട.. ടെൻഷൻ ആയി മറ്റുള്ളവർക്ക് സംശയം ആവണ്ട.. പോയി ഒന്ന് ഫ്രഷ് ആയി വാ.. ”
സാരംഗ് അവളെ ബലമായി പിടിച്ച് പുറത്ത് ഇറങ്ങി.. അവർ വരുന്നത് കണ്ടതും ഡോറിന് മുന്നിൽ നിന്ന സന പെട്ടന്ന് മാറി നിന്നു..
സാരംഗ് ലനയെ അവരുടെ റൂമിൽ ആക്കി തിരികെ റൂമിലേക്ക് പോയി..
ലന ഫ്രഷ് ആയി വരുമ്പോൾ റൂമിൽ സന ഉണ്ടായിരുന്നു.. ബെഡിൽ ഇരുന്ന് എന്തോ ചിന്തിക്കുന്ന അവളെ ലന സൂക്ഷിച്ചൊന്ന് നോക്കി..
” രോഹനും രോഹിണിയും എവിടെ..? ”
ലനയുടെ ചോദ്യം കേട്ടതും സന പെട്ടന്ന് ഒന്ന് ഞെട്ടി..
” അറിയില്ല.. ”
പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു..
ഒന്ന് മൂളിക്കൊണ്ട് ലന കണ്ണാടിക്ക് മുന്നിലേക്ക് നിന്ന് നനഞ്ഞ മുടി തുവർത്താൻ തുടങ്ങി..
” ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..? ”
സനയുടെ ചോദ്യം കേട്ടതും അവൾ മുഖം തിരിച്ച് എന്തെന്ന അർത്ഥത്തിൽ നോക്കി..
” ആരാ ഈ രതീഷ്..? ”
സനയിൽ നിന്ന് അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാത്തത് കൊണ്ടാവും ലന ഞെട്ടിയത്..
” നീയും സാരംഗും തമ്മിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.. അയാളെ കണ്ടത് കൊണ്ട് അല്ലേ നിനക്ക് പെട്ടന്ന് തലവേദന വന്നത്.. നിനക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് പലപ്പോഴുള്ള സംസാരത്തിൽ നിന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. ഇപ്പൊ അത് ഉറപ്പായി.. നീ ഇങ്ങനെ പേടിക്കാൻ മാത്രം ഇന്ന് കണ്ട ആൾ ആരാ.. ”
സന ഒറ്റശ്വാസത്തിൽ ചോദിച്ചു.. ഒന്നിനും മറുപടി പറയാൻ ലനയ്ക്ക് കഴിഞ്ഞില്ല.. നിറഞ്ഞു തുളുമ്പുന്ന അവളുടെ കണ്ണിലേക്ക് സന അലിവോടെ നോക്കി..
” നിനക്ക് എന്നോട് പറയാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി.. ഞാൻ നിർബന്ധിക്കില്ല.. നീ എന്റെ സഹോദരി ആണെന്ന് ഞാൻ ആത്മാർത്ഥമായി പറഞ്ഞതാണ്.. നിനക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അതെന്താണെന്ന് അറിയാൻ തോന്നി.. സോറി.. ”
ലനയുടെ കണ്ണ് തുടച്ച് കൊടുത്ത് സന തിരിഞ്ഞ് നടന്നു.. രണ്ടടി വെച്ചപ്പോഴേക്കും ലന അവളുടെ കയ്യിൽ പിടിച്ചു..
” ഞാൻ.. ഞാൻ എല്ലാം പറയാം.. ”
പതിഞ്ഞ ശബ്ദത്തിൽ ലന പറഞ്ഞു..
**************************
തോട്ടിൻ കരയിലുള്ള പേര മരത്തിന് താഴെ സനയും ലനയും ഇരുന്നു.. വെയിൽ ചെറുതായി മങ്ങി തുടങ്ങിയിട്ടുണ്ട്.. ലന താഴെ വീണുകിടക്കുന്ന പഴുത്ത പേരയില കയ്യിലെടുത്ത് വെറുതെ തിരിച്ചു കൊണ്ടിരുന്നു..
” നമ്മൾ ഇവിടെ വന്നിട്ട് കുറച്ച് നേരം ആയി.. നീ എന്താ ഒന്നും മിണ്ടാത്തെ..? ”
സന അവളെ നോക്കി ചോദിച്ചു..
” രതീഷ് ആരെന്ന് അല്ലേ നിനക്ക് അറിയേണ്ടത്..? ”
മറുപടിയായി സന മൂളി..
” അയാൾ എന്റെ ഭർത്താവ് ആണ്.. ”
കയ്യിലിരുന്ന പേരയില അലസമായി അവൾ താഴേക്ക് ഇട്ടു..
” എന്ത്.. നിന്റെ ഭർത്താവോ..? ”
സനയ്ക്ക് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല..
മുഖം തിരിച്ച് അവളെ നോക്കി ലന അതെയെന്ന് തലയാട്ടി..
” നീ എന്താ ഈ കാര്യം ഇത് വരെ പറയാതിരുന്നത്.. അയാളെ നീ എന്തിനാ ഇങ്ങനെ ഭയക്കുന്നത്..? ”
സനയെ ഒന്ന് നോക്കി ലന എഴുനേറ്റ് രണ്ടടി മുന്നോട്ട് നടന്നു..
” അയാൾ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല.. അയാൾ മാത്രം അല്ല.. ജന്മം തന്ന അച്ഛനും അമ്മയും പോലും എന്നെ സ്നേഹിച്ചിട്ടില്ല.. ”
എത്ര ശ്രെമിച്ചിട്ടും കണ്ണുനീർ തടയാൻ അവൾക്ക് ആയില്ല.. സനയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ മനസിലാക്കാൻ അവൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല..
” എനിക്ക് മൂന്ന് വയസ് ഉള്ളപ്പോൾ ആണ് അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയത്.. അത് തിരിച്ചറിയാനുള്ള പ്രായം ആയിട്ടില്ലാത്തത് കൊണ്ട് അപ്പോഴൊക്കെ അമ്മയെ ചോദിച്ച് കരയുമ്പോൾ അച്ഛൻ ഒരുപാട് തല്ലുമായിരുന്നു.. പിന്നെ പിന്നെ അമ്മയെ കാണാൻ ആഗ്രഹം ഉണ്ടെങ്കിലും പേടിച്ചിട്ട് ചോദിക്കുമായിരുന്നില്ല.. അമ്മയോടുള്ള ദേഷ്യം ഒക്കെ എന്നോട് ആയിരുന്നു അച്ഛൻ തീർത്തിരുന്നത്.. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു.. പിന്നെ ഞാൻ അവിടെ ഒരു അതികപറ്റ് ആയിരുന്നു.. എങ്കിലും എന്തോ ഇറക്കി വിട്ടില്ല.. ചെറിയമ്മയ്ക്ക് ഒരു മോൾ ഉണ്ടായപ്പോൾ എന്നെ കൂടുതൽ ഉപദ്രവിക്കാൻ തുടങ്ങി.. അച്ഛന് അതൊന്നും ശ്രെദ്ധിക്കാൻ നേരം ഉണ്ടായില്ല.. ചിലപ്പോൾ അത് ആഗ്രഹിച്ചും കാണില്ല.. ഒരു ദിവസം മുഴുവൻ ആ വീട്ടിലെ പണി മുഴുവൻ എടുത്താലും ഒരുനേരം ഒക്കെയാണ് ഭക്ഷണം തന്നിരുന്നത്.. ചിലപ്പോൾ അതും ഉണ്ടായിരുന്നില്ല.. അവിടെ ആകെ ആശ്വാസം ചെറിയമ്മയുടെ രണ്ടാമത്തെ മോൾ ആയിരുന്നു.. ഗീതു.. എന്നെ അവൾക്ക് വല്ല്യ ഇഷ്ട്ടം ആയിരുന്നു.. അതിന്റെ പേരിൽ ചെറിയമ്മ ഒരുപാട് അവളെ ചീത്ത പറഞ്ഞിട്ടുണ്ട്.. ഒരുപാട് കഷ്ട്ടപെട്ടാണ് ഞാൻ പഠിച്ചത്.. ഒന്നും ആരോടും പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് സൗഹൃദങ്ങൾ പരമാവതി ഒഴിവാക്കി.. പുസ്തങ്ങൾ ആയിരുന്നു എന്നും കൂട്ട്.. ഡിഗ്രിക്ക് പഠിക്കുമ്പോൾ അപ്രതീക്ഷിതമായി കിട്ടിയ കൂട്ട് ആയിരുന്നു സാരംഗ്.. ഒഴിഞ്ഞു മാറിയിട്ടും എന്നോട് കൂട്ടുകൂടിയത് ആണ് അവൻ.. സുഹൃത്തിന് അപ്പുറം അവൻ എന്റെ അച്ഛനും അമ്മയും സഹോദരനും ഒക്കെയായിരുന്നു..”
ആ ഓർമയിൽ അവളൊന്ന് ചിരിച്ചു..
” ഡിഗ്രി കഴിഞ്ഞപ്പോൾ തുടർന്ന് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷേ അപ്പോഴേക്കും ചെറിയമ്മ അവരുടെ അകന്ന ഒരു ബന്ധുവിന്റെ കല്ല്യണ ആലോചന കൊണ്ട് വന്നു.. ഒരുപാട് എതിർത്തു നോക്കി.. ഫലം ഉണ്ടായില്ല.. കല്യാണം ഉറപ്പിച്ചതിന് ശേഷം സംസാരിച്ചപ്പോഴൊക്കെ അയാൾ നല്ലതായാണ് തോന്നിയത്.. വിവാഹ ശേഷം എങ്കിലും നല്ലൊരു ജീവിതം പ്രതിഷിച്ചു.. പക്ഷേ.. ”
അവളൊന്ന് നിർത്തി.. മനസ്സിൽ ആ ഇരുണ്ട ദിനങ്ങൾ കടന്നു വന്നു..
” അയാൾക്ക് കാമം തീർക്കാനുള്ള വെറും ശരീരം മാത്രം ആയിരുന്നു ഞാൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോയി.. പരാതി പറയാനോ ചേർത്ത് പിടിക്കാനോ ആരും ഉണ്ടായിരുന്നില്ല.. എല്ലാം സഹിച്ചു.. ഒരുദിവസം അയാൾ അയാളുടെ കൂട്ടുകാരനെ എന്റെ അടുത്തേക്ക് വിട്ടു.. കയ്യിൽ കിട്ടിയ എന്തോ എടുത്ത് അയാളുടെ തലയ്ക്ക് അടിച്ച് അവിടെന്ന് രക്ഷപെട്ടു.. വീട്ടിൽ ചെന്നപ്പോൾ എല്ലാം അയാൾ നേരെ തിരിച്ച് അച്ഛനോട് പറഞ്ഞിരുന്നു.. ഭർത്താവ് ഇല്ലാത്ത നേരത്ത് കൂട്ടുകാരനെ വിളിച്ച് മുറിയിൽ കയറ്റിയെന്ന്.. എല്ലാരും അത് വിശ്വസിച്ചു.. ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനോപ്പം പോയ ഒരമ്മയുടെ മോളായി പോയില്ലേ.. ”
കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ ഉള്ളം കൈ കൊണ്ട് തുടച്ചു..
” അവിടെന്ന് ഇറക്കി വിട്ടപ്പോൾ അച്ഛന്റെ തറവാട്ടിലേക്ക് പോകണം എന്ന കരുതിയത്.. പക്ഷേ അയാൾ പുറകെ തന്നെ ഉണ്ടായിരുന്നു.. അവിടെന്ന് രക്ഷപ്പെട്ട് വരുമ്പോഴ നിങ്ങടെ കാർ തട്ടിയത്.. പിന്നെ സാരംഗിന്റെ ഒപ്പം ഇവിടെ എത്തി.. ”
ഒന്ന് നിശ്വസിച്ച് അവൾ മുഖം തിരിച്ച് സനയെ നോക്കി.. അവളുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു.. കരഞ്ഞുകൊണ്ട് സന ലനയെ കെട്ടിപിടിച്ചു..
” ഒരുപാട് അനുഭവിച്ചു അല്ലേ.. അതിന്റെ കൂടെ ഞാനും ഒരുപാട് ഉപദ്രവിച്ചു.. സോറി.. ”
സന എങ്ങലടിച്ചു കരഞ്ഞു..
” അതെല്ലാം കഴിഞ്ഞില്ലേ.. ഇനി അതോർത്ത് വിഷമിക്കണ്ട.. ”
സനയെ അടർത്തി മാറ്റി അവൾ കണ്ണ് തുടച്ചു..
” ഇന്ന് കണ്ടത് അയാളെ തന്നെ ആണോ..? ”
സനയുടെ ചോദ്യത്തിന് അവൾ അതെയെന്ന് മൂളി..
” എന്നെ തിരക്കി വന്നത് ആയിരിക്കും.. എനിക്ക് ഉറപ്പുണ്ട് എങ്ങനെയും അയാൾ എന്നെ കണ്ടെത്തും.. ”
” നീ പേടിക്കണ്ട.. അങ്ങനെ എളുപ്പത്തിൽ അയാൾക്ക് നിന്നെ ഇവിടുന്ന് കൊണ്ട് പോവാൻ കഴിയില്ല.. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.. ”
സന അവളെ ചേർത്ത് പിടിച്ചു.. ലന ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..
” ഞാൻ ഒരു കാര്യം ചോദിക്കട്ടെ..? ”
സന ലനയെ നോക്കി.. ചോദിക്ക് എന്നർത്ഥത്തിൽ ലന തലയാട്ടി..
” പിന്നെ.. പിന്നെ ഒരിക്കലും നീ നിന്റെ അമ്മയെ കണ്ടിട്ടില്ലേ..? ”
ലന മുഖം തിരിച്ച് തോട്ടിലെ വെള്ളത്തിലേക്ക് നോക്കി..
” ഇല്ല.. കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. ഉപേക്ഷിച്ചു പോയപ്പോൾ യാതൊരു വേദനയും അവർക്ക് തോന്നിയില്ലല്ലോ.. ഇത്രയും കാലത്തിൽ ഒരിക്കലെങ്കിലും ഒന്ന് അന്നെഷിക്കാൻ തോന്നിയില്ലല്ലോ.. ഇനി വേണ്ട.. ഒരിക്കലും കാണണ്ട.. ”
ഉറച്ചതായിരുന്നു അവളുടെ വാക്കുകൾ..
( കാത്തിരിക്കുമല്ലോ.. )
ഈ പാർട്ട് കുറച്ച് കഷ്ടപ്പെട്ട് എഴുതിയത് ആണ്.. കുറച്ച് ബോറായിട്ടുണ്ടാവും.. ലനയുടെ പാസ്ററ് പാർട്ട് ആയി എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.. ഇപ്പോഴും ലനയുടെ പാസ്ററ് മനസിലാവാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ക്ലിയർ ആയി കാണുമെന്നു കരുതുന്നു.. മുൻപ് പറഞ്ഞിട്ടുള്ളതാണ് പിന്നെയും എഴുതിയപ്പോൾ ചിലപ്പോൾ ബോറായിട്ടുണ്ടാവും.. സോറി.. നാലോ അഞ്ചോ പാർട്ടിൽ തീരുട്ടോ.. 🙂

by