19/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 67(1)

രചന – മഞ്ജിമ സുധി

അത് കേൾക്കെ അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിടർന്നു.. ഒരു തരം വിജയിക്കാൻ പോകുന്നവളുടെ, എന്തോ മനസ്സിൽ ഉറപ്പിച്ചപ്പോലുള്ള നിഗൂഢമായ ചിരി…. *”എങ്കിൽ,,,,, എനിക്ക് ഡിവോഴ്സ് വേണം…..”* തികഞ്ഞ ആത്മധൈര്യത്തോടെ അവളത് പറഞ്ഞു തീർകുമ്പഴേ എന്റെ ചെവികൾ കൊട്ടിയടയ്ക്ക പൊട്ടിരുന്നു, ഹൃദയം നിലയ്ച്ഛ് പോലെ ശ്വാസം പോലും വിലങ്ങി ഞാൻ അവളെ നോക്കി,പക്ഷേ അപ്പോഴേക്കും കണ്ണിൽ നിറയുന്ന വെള്ളം മുന്നിലെ കാഴ്ച മറച്ചിരുന്നു…. അതേ തീഷ്ണതയോടെ ഏറെ നേരം അവളെന്നെ തന്നെ നോക്കി നിന്നു…. ദയനീയമായി ഞാൻ അവളെയും…. എന്തൊക്കെയോ അവളോട് പറയണമെന്നുണ്ട്, പൊട്ടികരയണമെന്നുണ്ട് പക്ഷേ,,, ശബ്‌ദം പോയിട്ട് ശ്വാസം പോലും ശ്വാസനാളത്തിലൂടെ പുറത്തേക്ക് വരുന്നില്ല… തൊണ്ടക്കുഴിയിൽ എന്തോ കുത്തിയിറക്കുന്ന, ജീവൻ പോകുന്ന വേദന സഹിക്കാൻ പറ്റുന്നില്ല.. കയ്യും കാലും ഒക്കെ തളർന്ന് തുടങ്ങുന്നൂ… ഒരിറ്റ് വെള്ളം കിട്ടിയിരുന്നെങ്കിൽ….??? അവളെ എന്നോട് ചേർത്ത് നിർത്തുന്ന എന്റെ കൈക്കളെ വാശിയോടെ തള്ളിമാറ്റി കാറിന്റെ മുന്നിലെ ഡോർ തുറന്ന് കേറാൻ നോക്കിയതും പൊടുന്നനെ ഒരുനിമിഷം അങ്ങനെ തന്നെ നിന്ന് അവളെന്നെ തിരിഞ്ഞ് നോക്കി… ആ നോട്ടം തുടർന്ന് കൊണ്ട് തന്നെ തുറന്ന മുന്നിലെ ഡോർ ദേഷ്യത്തോടെ വലിച്ചടച്ഛ് പുറകിലെ ഡോർ തുറന്ന് അവൾ കയറി ഇരുന്നു…. എന്നെ രൂക്ഷമായി നോക്കികൊണ്ട് തന്നെ അതിയെ ഗ്ലാസ്സ് മുകളിലേക്ക് ഉയർത്തി…..

കാറിൽ കയറി ഗ്ലാസ് പൂർണമായി ഉയർത്തിയതും ഞാൻ ഇതു വരെ പിടിച്ചു നിർത്തിയ കണ്ണീർ അണപൊട്ടി ഒഴുകിയിരുന്നു.. ഗ്ലാസ്സിന്റെ ഉള്ളിലൂടെ എനിക്ക് കാണാമായിരുന്നു പുറത്ത് അതേ നിൽപ്പ് നിൽക്കുന്ന സിദ്ധു വിന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ…… അവന്റെ മുന്നിൽ ജയിക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും എന്തോ ഉള്ളം ചുട്ട് പൊള്ളുന്നു.. കരച്ചിൽ വന്ന് കെട്ടികിടക്കുന്ന തൊണ്ട പൊട്ടി പിളരുന്ന പോലെ…. എങ്കിലും കരച്ചിൽ അടക്കി പിടിച്ചു ഞാൻ പുറകിലേക്ക് ചാരിയിരുന്നു…. സിദ്ധുനോട് എനിക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും ഒക്കെയുണ്ട്,, പക്ഷേ അത്രത്തോളം ഞാൻ അവനെ സ്നേഹിക്കുന്നുണ്ട്…. അവനോട് സാംസരിക്കണം, എന്തൊക്കെയോ ചോദിക്കണം, കരയണം, ചീത്ത പറയണം, അങ്ങനെ അങ്ങനെ എന്തൊക്കെയോ എനിക്ക്….. പക്ഷേ,,,,,എനിക്ക് അറിയില്ല ഞാൻ എന്താ ഇങ്ങനെന്ന്…..???? അവനെ കാണുമ്പോ ഉള്ളിലെ സ്നേഹത്തേക്കാൾ ദേഷ്യവും വെറുപ്പും സങ്കടവും ഒരുപടി മുന്നിൽ നിൽക്കും…. അച്ഛന്റെ മുഖം മനസ്സിൽ തെളിയുന്നതോടെ അവനെ കൊല്ലാനുള്ള ദേഷ്യം ഇരച്ചു കയറും..എന്നാ മുഴു മനസ്സാലെ അവനെ വെറുക്കാനും എനിക്ക്…… ദീർഘമായി ഒരു ശ്വാസം എടുത്ത് കവിൾ അമർത്തി തുടയ്ച്ഛ്  സീറ്റിൽ ഞാൻ നിവർന്നിരുന്നു…..

ഇങ്ങനെ പോയാൽ,, അധിക ദിവസം എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല…. എത്രയും പെട്ടന്ന് പറ്റോ, അത്രയും പെട്ടന്ന് ഇവിടുന്ന് പോണം….. നിമ്മിയുടെ കല്യാണം ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയായിരുന്നു…… മനസ്സിൽ പ്രാർത്ഥിച്ച് കൊണ്ട് ഞാൻ പുറത്തേക്ക് നോക്കുമ്പോഴേക്കും സിദ്ധു കാറിൽ കയറി ഇരുന്നിരുന്നു… അവൻ കയറി വണ്ടി എടുത്തതും ഞാൻ പുറത്തേക്ക് തന്നെ നോക്കി ഇരുന്നു… വീട്ടിൽ എത്തിയതും ഞാൻ ഇറങ്ങി ഉള്ളിലേക്ക് പോയി….. എല്ലാരും എന്താ,എന്തിനാ, ഇവിടെ പോയതാ,എന്താ പ്രശ്നം എന്നൊക്കെ നൂറുകൂട്ടം ചോദ്യങ്ങളുമായി വന്നെങ്കിലും ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു മാറി നിമ്മിയുടെ അടുത്തേക്ക് പോയി……. നേവി ബ്ലൂ നിറത്തിൽ കൈകൊണ്ട് നെയ്ത ഗംഭീരമായ, കാറ്റൻ സിൽക്ക് സാരിയും സാരിയുടെ മുന്താണിയിൽ ചെയ്ത അതേ തിക്ക് അംബ്രോയ്ഡറി ചെയ്ത റെഡ് കളർ ബൗസുമാണ് നിമ്മിയുടെ വേഷം…. സാരിക്ക് ഷിക്കർഗ ഗോൾഡ് സാരി ബ്രോഡ് ബോർഡറും കനത്ത കല്ലു മികച്ചതുമായ സാരി നിമ്മിയ്ക്ക് നന്നായി ചേരുന്നുണ്ട്….

കഴുത്തിൽ മാറ്റേറുന്ന തിളക്കമാർന്ന പരമ്പരാഗതമായാ ആഭരണങ്ങളാണ് നിമ്മി അണിഞ്ഞത്.. പതക്ക, ലക്ഷ്മി മാല, മംഗള മാല, മുല്ലമൊട്ട് മാല, പുലിനഖ മാല, പാലയ്ക്കാ മാല, കാശുമാല, സരപൊലി മാല, അരയിൽ വീതിയുള്ള സരസ്വതിരൂപം കൊത്തിയ ഒഡിയാനം, കാതിൽ വലിയ തോഡ, നെറ്റിചുറ്റി, രണ്ട് ഭുജങ്ങളിലും അരപ്പട്ടയിലെ പോലെ സരസ്വതിരൂപം കൊത്തിയ ആംലെറ്റ്, കൈകളിൽ ഒന്നിൽ കട്ടിയുള്ള അഷ്ടലക്ഷ്മി വളകളും പവിഴ വളകളും ഒന്നിൽ നവരത്ന വളയും അണിഞ്ഞിട്ടുണ്ട്… ഞാൻ കയറി ചെന്നതും എന്റെ മുന്നിൽ വന്ന് തിരിഞ്ഞും മറിഞ്ഞും ഫാഷൻ പരേഡ് നടത്തി ഒരു മോഡലിനെ പോലെ നിന്ന് അങ്ങനെയുണ്ടെന്ന് കണ്ണോണ്ട് ചോദിച്ചത് കേട്ട് ഞാൻ അവളെ കെട്ടിപ്പിടിച്ഛ് നെറ്റിയിൽ അരുമയായി മുത്തി….. അനുഗ്രഹം വാങ്ങാൻ നേരം വരാതിരുന്നതിന്ന് നല്ലോണം ചീത്ത പറഞ്ഞു…. ഞാൻ വേണ്ടന്ന് വിലക്കിയും നിമ്മി എന്റെ കാലിൽ പിടിച്ഛ് അനുഗ്രഹം വാങ്ങി… വീട്ടിന്റെ പുറത്താണ് കല്യാണ മണ്ഡപം സെറ്റ് ചെയ്തത്…

ഞങ്ങൾ വന്ന അല്പ സമയം കഴിഞ്ഞതും ചെറുക്കനും കൂട്ടരും എത്തി…. ഞാനും ഏട്ടത്തിയും താലപ്പൊലിയുടേയും തലയ്ക്ക് മുകളിൽ പറന്ന് കളിക്കുന്ന ഡ്രോണ് ക്യാമറക്കളുടെയും അകമ്പടിയോടെ  നിമ്മിയെ റൂമിൽ നിന്ന് പുറത്ത് സെറ്റ് ചെയ്ത മണ്ഡലത്തിൽ അപ്പുന്റെ അടുത്ത് കൊണ്ടിരുത്തിച്ചു… സദസ്സിനെ വണങ്ങി കൊണ്ട് അവൾ അനുഗ്രഹത്തോടെ ഇരുന്നു… വേണ്ടന്ന് വിലക്കീട്ടും കണ്ണുകൾ ആൾക്കൂട്ടത്തിൽ സിദ്ധുനെ തേടി അവിടെയും ഇവിടെയും ഒക്കെ അലഞ്ഞോണ്ടിരുന്നു…. നാദസ്വാര മേളങ്ങളോടെ അപ്പു നിമ്മിയെ താലി ചാർത്തി…. ഞങ്ങൾ എല്ലാരും ആ ധന്യ മുഹൂർത്തത്തിൽ അവർക്ക് മേൽ പുഷ്പവൃഷ്ടി നടത്തി…. താലികെട്ട് കഴിഞ്ഞും ക്യാമറമന്മാർ അവരെ കൊണ്ട് വീണ്ടും കല്യാണം കഴിപ്പിക്കാനും മാമ്മനെ കൊണ്ട് വീണ്ടും കന്യാദാനം നടത്തിക്കാനും ഫോട്ടോ എടുക്കാനും ഒക്കെ തുടങ്ങിയപ്പോ ഞാനും ആമിയും ഉള്ളിലേക്ക് കയറി…. അവിടെയും ഇവിടെയും ഒക്കെ കയറി നിരങ്ങി ഈ നേരം കൊണ്ട് തന്നെ സേതു ഡ്രസ് മുഴുവൻ അഴുക്കാക്കിയിരുന്നു, അതോണ്ട് അത് മാറ്റിയുടുക്കാൻ ഡ്രെസ്സ് എടുത്തോണ്ട് വരാൻ റൂമിലേക്ക് എന്നോണം ഹാളിൽ നിന്ന് കോണിയിലേക്ക് നടക്കുമ്പഴാണ് ഞാൻ ഒരാളെ തട്ടി വീഴാൻ പോയത്…..

സോറി പറയാൻ മുഖത്തേക്ക് നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ശ്വാസം പോലും വിലങ്ങി കൊണ്ട് ഞാൻ അന്ധാളിച്ചു പോയി…. എന്റെ മുഖത്തെ അതേ ഞെട്ടലും ആശ്ചര്യവും അവന്റെ മുഖത്തും പ്രകടമായിരുന്നു….. “*കി…കിച്ചാ……*” വിറയലോടെ പുറത്ത വന്ന ആ പേരിനൊപ്പം തന്നെ പരിസരം പോലും മറന്ന് ഞാൻ അവനെ ഇറുക്കി പുണർന്നു പൊട്ടിക്കരഞ്ഞ് പോയിരുന്നു.. എത്ര നേരം അങ്ങനെ നിന്ന് അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു ന്ന് അറിയില്ല, നിറഞ്ഞ ചിരിയോടെ എന്നെ അടക്കി പിടിച്ഛ് കൊണ്ട് എന്തിനാ കരയുന്നത്, നീ എങ്ങനെയാ ഇവിടെ, എന്നൊക്കെ ഒരായിരം ചോദ്യങ്ങൾ അവൻ ചോദിക്കുന്നുണ്ടെങ്കികും ഞാൻ അതൊന്നും വക വെക്കാതെ അടക്കിപ്പിടിച്ച സങ്കടം അവനെ ഇറുക്കി പിടിച്ചു കരഞ്ഞ് തീർത്തു…….. “ദേ,,, കുഞ്ഞീ…എല്ലാരും ശ്രദ്ധിക്കാൻ തുടങ്ങീട്ടുണ്ട് ട്ടോ…. നീ ഈ കരച്ചില് നിർത്തിക്കെ…???” ശാസനയോടെ എന്നെ അടർത്തിമാറ്റി ചുറ്റും നോക്കി കൊണ്ട് അവൻ പറഞ്ഞപ്പഴാണ് സ്ഥലകാല ബോധം എനിക്ക് വന്നത്… ഞെട്ടലോടെ അവനിൽ നിന്ന് അടർന്ന് മാറി രണ്ടടി പുറക്കിലേക്ക് വെച്ഛ് ഞാൻ വെപ്രാളത്തോടെ ചുറ്റും നോക്കി….

അതേ എല്ലാരും ഞങ്ങളെ തന്നെയാ നോക്കുന്നതെന്ന് അറിഞ്ഞ് കണ്ണുകൾ അമർത്തി തുടച്ഛ് വീണ്ടും നോക്കവേ ദൂരെ ദേഷ്യം കൊണ്ട് തിളങ്ങുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടു…. വലിഞ്ഞ് മുറുക്കുന്ന മുഖവും ചുവന്ന് കലങ്ങിയ കണ്ണുമായി എന്നെ തന്നെ നോക്കുന്ന സിദ്ധു നെ കാണേ എന്റെ തല കുനിഞ്ഞ് പോയി…. കുറേ നേരം കൂടി എന്നെ രൂക്ഷമായി നോക്കി അവൻ ദേഷ്യത്തോടെ പോയി….. നിങ്ങൾ വിചാരിക്കുന്നുണ്ടാവും ല്ലേ കിച്ചൻ ആരാണെന്ന്…..???? കിച്ചൻ എന്റെ അമ്മേന്റെ ചേച്ചിയുടെ മകൻ ആണ്….. ഞാനും കിച്ചനും ചെറുപ്പം തൊട്ടേ എല്ലാത്തിനും ഒന്നിച്ചായിരുന്നു…. കളിക്കും, ചിരിക്കും കുറുമ്പിനും കുസൃതിക്കും അങ്ങനെ അങ്ങനെ എല്ലാത്തിനും… എനിക്ക് ആദ്യമായി കിട്ടിയ കളിക്കൂട്ടുകാരൻ കിഷോർ എന്ന എന്റെ കിച്ചൻ…. വെല്യച്ഛൻ മരിച്ചപ്പോ വല്യമ്മ ഒരു അന്യജാതിക്കാരനെ കല്യാണം കഴിച്ചത് വെല്യമ്മയെ ഞങ്ങളെ കുടുംബത്തിൽ നിന്നും അകറ്റി….. ഇടയ്ക്കിടെ വെല്യമ്മയും കിച്ചനും എന്നെ കാണാൻ വരുമായിരുന്നു…

പിന്നെ പിന്നെ ആ വരവും നിന്നു… ഇപ്പോ പെട്ടന്ന് അതും ഇവിടെ വെച്ച് ഇങ്ങനെ അവനെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല… ഞാൻ വേഗം അവനെ ആമിക്ക് പരിചയപ്പെടുത്തി കൊടുത്തു… ഞാൻ പറഞ്ഞു പറഞ്ഞു കിച്ചനെ ആമിക്ക് നന്നായി അറിയാം… ഞങ്ങൾ കൂട്ടി തട്ടിയപ്പോ അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ്സിൽ നിന്ന് ഐസ് ക്രീം അവന്റെ ഷർട്ടിൽ തന്നെ തൂവിയിരുന്നു… എനിക്ക് ഏതായാലും ഡ്രസ് എടുക്കാം മുകളിലേക്ക് പോണം അപ്പൊ പിന്നെ കിച്ചനേയും കൂടെ കൂട്ടി…… “കിച്ചാ…..നീ എങ്ങന….?? ഇവിടെ…..???? ഇത്രക്കാലയെടാ കണ്ടിട്ട്…??? വെല്യമ്മ….??? നിങ്ങളിപ്പോ എവിടാ….????” “എന്റെ കുഞ്ഞീ….. നീ ഇങ്ങനെ സൂപ്പർ ഫാസ്റ്റ് പോലെ എല്ലാം കൂടി ഒറ്റയടിക്ക് ചോദിച്ചാൽ എങ്ങനാ…… നിർത്തി നിർത്തി ചോദിക്കൂ കുട്ടി…… അല്ല നീ എന്താ ഇവിടെ…..????” അവൻ ചോദിച്ച ആ ചോദ്യം ” ഞാൻ എന്താ ഇവിടെ…??” ഞാൻ എന്താ പറയാ ന്ന് ആയിപോയി… പിന്നെ വേഗം ചോദ്യം മറിച്ചിട്ടു.. “ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറ,,,, ലേഡീസ് ഫസ്റ്റ്…..” ” മമ്മം……ഓകെ…!!!!! നിഖിലിന്റെ ചേച്ചി എന്റെ ഫ്രണ്ടാണ്….  റിസപ്ഷന് വരാൻ കഴിഞ്ഞില്ല അപ്പൊ പിന്നെ കല്യാണത്തിന് മുഖം കാണിക്കാന്ന് വെച്ചു… പിന്നെ അമ്മ…. അമ്മ ഹാപ്പിയാണ്…. അച്ഛനും അമ്മയും കൂടി ഇപ്പൊ വിദേശ പര്യടനത്തിലാണ്….. ഇനി നിന്റെ വിശേഷം…… അല്ലാ നീ എന്താ ഇവിടെ അതാദ്യം പറ….???” അവന്റെ ചോദ്യത്തിന് ഒരു നേടുവീർപ്പോടെ എങ്ങും തൊട്ടാത്തെ അധികം ആഴത്തിലേക്ക് ഇറങ്ങാതെ കല്യാണം കഴിഞ്ഞ കാര്യവും മറ്റും മാത്രം ചുരുക്കത്തിൽ ഞാൻ പറഞ്ഞ് തുടങ്ങി….

കാർ പാർക്ക് ചെയ്ത് കുറേ നേരം സ്റ്റിയറിങിൽ തല വെച്ഛ് ഞാൻ ഇരുന്നു… പാർക്കിങ്ങിൽ നിന്ന് നടക്കുമ്പഴാണ് അനന്തൻ എന്റെ അടുത്തേക്ക് ഓടി വന്ന് നീ എവിടെ പോയതായിരുന്നു, ഇവിടെ എല്ലാരും നിന്നെ അന്വേഷിച്ചു നടക്കാണ്, അതാണ്, ഇതാണ്, എന്നൊക്കെ കുറേ ചീത്തപറഞ്ഞോണ്ട് എന്നേയും പിടിച്ചു വലിച്ഛ് മണ്ഡപത്തിലേക്ക് നടന്നു… തിരക്കിനിടയിൽ ആയോണ്ട് ആവും കരഞ്ഞ് കലങ്ങിയ എന്റെ കണ്ണുകൾ അവൻ ശ്രദ്ധിക്കാതെ പോയത്… കല്യാണം ഒക്കെ കഴിഞ്ഞ് എല്ലാരും  ഫുഡ് കഴിക്കാൻ പോയപ്പോ വെറുതെ ഒന്ന് ഉള്ളിലേക്ക് കയറിയപ്പഴാണ് അനു ഒരുത്തനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടത്… അത്യധികം ഇറുക്കത്തോടെ അവന്റെ നെഞ്ചിൽ ചാരി നിൽക്കുന്ന അനൂനെ കണ്ടപ്പോ എന്നിൽ നിറഞ്ഞ വികാരം എന്താണെന്ന് എനിക്ക് പോലും വ്യക്തമായില്ല…. സങ്കടമാണോ, വെറുപ്പാണോ, അമർഷമാണോ… അറിയില്ല….. പക്ഷേ,, ദേഷ്യം ഭ്രാന്തമായി എന്നിൽ പടർന്ന് കയറുന്നത് ഞാൻ അറിഞ്ഞു… കയ്യും മുഖവും ഒക്കെ വലിഞ്ഞ് മുറുക്കി, പല്ലുകൾ കടിച്ഛ് പൊട്ടിക്കും വിധം ഞെരിഞ്ഞു… എന്തോ സഹിക്കാൻ കഴിയുന്നില്ല…ഇനിയും അവിടെ നിന്നാ ഞാൻ ചിലപ്പോ,,, ചിലപ്പോ നിയന്ത്രണം വിട്ട് വല്ലതും ചെയ്ത് പോകുമെന്ന് ഞാൻ ഭയന്നു….

ഹാളിൽ കൂടി നിൽക്കുന്നവർ ഒക്കെ അത് ആരാ, എന്താ എന്നോക്കെ എന്നോട് വന്ന് ചോദിക്കാൻ കൂടി തുടങ്ങിയപ്പോ എന്തൊക്കെയോ എറിഞ്ഞ് ഉടയ്ക്കാനും, അലറിവിളിക്കാനും, ആരൊക്കെയോ കുത്തി കൊല്ലാനും ഒക്കെ തോന്നി…. ചെവിതല തരാതെ എല്ലാരും കൂടി എന്നെ വട്ടാക്കാൻ തുടങ്ങിയപ്പോ ഞാൻ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി….. എന്നാലും അത്, അവൻ ആരായിരിക്കും…?? അനു ഇത്രത്തോളം ആത്മത്രമായി ചേർന്ന് നിൽകണമെങ്കിൽ, കെട്ടിപിടിക്കണമെങ്കിൽ, കരയണമെങ്കിൽ, അവൻ….. അവൻ അവളുടെ അടുത്ത ആരെങ്കിലും ആവണം,,തീർച്ച… പക്ഷേ ഞാൻ ഇത് വരേ ആ മുഖം കണ്ടിട്ടില്ല,, അമ്മൂന്റെ കല്യാണത്തിന് പോലും… ആരായിരിക്കും….??? ഇവിടെ ഉള്ളവരൊക്കെ അതാരാ, അതാരാ ന്ന് എന്നോട് വന്ന് ചോദിക്കുന്നു,എനിക്ക് അറിയോ അവൻ ആരാന്ന്…??😡😡😡😡 അറിയണം ന്ന് അത്രയ്ക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോയി അവളോട് ചോദിക്ക്, അല്ലാതെ….??? പല്ല് കടിച്ഛ് ഞെരിച്ഛ് കൊണ്ട് ഞാൻ ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു…

എന്തിനോ എനിക്ക് ദേഷ്യം വരുന്നു… അവള് അവനെ കെട്ടിപ്പിടിച്ചോണ്ട് ആവോ…?? കരഞ്ഞത്തോണ്ടാവോ..?? മുഖത്തെ സന്തോഷം കണ്ടതോണ്ട് ആവോ….???? ഞാൻ എന്നോട് തന്നെ ചോദിച്ചോണ്ടിരുന്നു, ഉത്തരം ലഭിച്ചില്ലെങ്കിലും ദേഷ്യം മാത്രം എന്തിനോ വേണ്ടി കൂടി… കോലായിലെ ചുമരിൽ കൈ മടക്കി ആഞ്ഞ് കുത്തിയതും മുറിവിൽ നിന്ന് വീണ്ടും ചോര കുനിഞ്ഞു.. വല്ലാത്ത നീറ്റൽ… മൈൻഡ് കുറച്ചൊന്ന് റിലാക്സ് ആയപ്പോ ഈ ആളും ബഹളവും ഒക്കെ മറന്ന് എന്തോ റൂമിൽ പോയി ഒറ്റയ്ക്ക് ഇരിക്കാൻ തോന്നി… പതിയെ കോണി കയറി നിന്നതും ആമിയുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്ന അനുനേയും മറ്റവനെയുമാണ് കണ്ടത്… അടക്കി നിർത്തിയ ദേഷ്യം വീണ്ടും നുരഞ്ഞ് പൊങ്ങി…. അഴിഞ്ഞ് അലസമായി കിടക്കുന്ന അവന്റെ ഷർട്ടിന്റെ ബട്ടണ് ഇട്ടുന്ന തിരക്കിൽ ആയിരുന്നു അവൻ….. നിറഞ്ഞ ചിരിയോടെ ഇറങ്ങി നടന്ന വന്ന അവൾ എന്നെ കണ്ടതും പൊടുന്നനെ നിന്ന് പരിഭ്രമത്തോടെ എന്നേയും പിന്നെ അവനേയും നോക്കി… ബട്ടണ് ഇട്ട് കഴിഞ്ഞതും അവൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ഛ് ചിരിച്ചോണ്ട്  എന്തൊക്കെയോ പറയാൻ തുടങ്ങിയതും അനു വേഗം മുഖം വെട്ടിച്ച് അവനെ നോക്കി ചിരിയോടെ സംസാരിച്ചു…

ആമിയുടെ റൂമിൽ കയറി ഞാൻ മോന്റെ ഡ്രസ് എടുക്കുമ്പഴേക്കും കിച്ചൻ അവന്റെ  ഷർട്ടിലായ ഐസ് ക്രീം ഒക്കെ കഴുക്കി കളഞ്ഞ് ഷർട്ട് ഇട്ടോണ്ട് തന്നെ ഞങ്ങൾ പുറത്തിറങ്ങി…. റൂമിൽ നിന്ന് ഇറങ്ങി നിന്നത്  സിദ്ധുന്റെ മുന്നിലേക്ക് ആയിരുന്നു… എന്നേയും അവനേയും കടിച്ചു പിടിച്ച ദേഷ്യത്തോടെ കുറേ നേരം നോക്കി അവൻ പെട്ടന്ന് താഴേക്കിറങ്ങി… കിച്ചന് സിദ്ധുനെ പരിചയപ്പെടുത്തി കൊടുക്കാൻ നിൽകുമ്പഴാണ് സിദ്ധു ന്റെ ഈ വരവ്….. അവന്റെ മുഖത്തെ മുറുക്കിയ ദേഷ്യം മനസ്സിൽ ഓർത്തെടുത്ത് കൊണ്ട് ഞാൻ ചിന്തിച്ചു… ഇനി സിദ്ധു മറ്റെന്തെങ്കിലും വിചാരിച്ചു കാണോ ഭഗവാനേ…..?? ഏയ്‌,,,,പക്ഷേ അവൻ ഇത്രയും ദേഷ്യത്തോടെ നോക്കിയത് എന്തിനാവും…??? ഞാൻ ഗാധമായി ആലോചിച്ഛ് നിൽക്കുന്നത് കണ്ട് കിച്ചൻ കാര്യം തിരക്കിയെങ്കിലും ഒന്നുല്ല ന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു… കിച്ചൻ പോകാൻ നിന്നപ്പോ ഞാൻ ഒരുപാട് തവണ സിദ്ധുനെ നോക്കിയെങ്കികും കണ്ടില്ല….

പക്ഷേ അവൻ പോയി കുറച്ഛ് കഴിഞ്ഞ് നിമ്മി ഇറങ്ങാൻ നിന്നപ്പോ എവിടുന്നാന്ന് അറിയില്ല സിദ്ധു കോലായിൽ തന്നെ നിൽപ്പുണ്ടായിരുന്നു…. അധികം കരഞ്ഞു സീൻ ആക്കിയില്ലെങ്കിലും സിദ്ധുനെ കണ്ടപ്പോ, യാത്ര പറയാൻ ഒരുങ്ങിയപ്പോ അവള് ചെറുതായി ഒന്ന് ചിണുങ്ങി…. കണ്ണൊക്കെ നിറഞ്ഞു വന്നിരുന്നു… എങ്കിലും സന്തോഷത്തോടെ എല്ലാരേയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞാ പോയത്…. കല്യാണം കഴിയാൻ കാത്തു നിന്ന പോലെ റിലേക്ടീവ്സ് വൈക്കുനേരം തന്നെ പോയി….. നാളെ വർക്കിങ് ഡേ ആയതോണ്ട് എല്ലാർക്കും പോകാൻ ഉണ്ടത്രേ… ഒരാഴ്ചയായി എല്ലാരും ലീവ് ആണ്…. അവർക്ക് എല്ലാർക്കും രാത്രി കഴിക്കാനുള്ള സദ്യ പൊതിഞ്ഞ് കൊടുക്കാൻ അമ്മ മറന്നില്ല…. ഒരാഴ്ചത്തെ ക്ഷീണമുണ്ടായിരുന്നു വീട്ടിലെ എല്ലാർക്കും അതോണ്ട് തന്നെ എല്ലാരും വേഗം ചോറ് തിന്ന് കിടന്നു…. നിമ്മി ഇറങ്ങിയപ്പോ കണ്ടതാ സിദ്ധു നെ പിന്നെ കണ്ടിട്ടില്ല…. എവിടെ പോയോ ആവോ…..??? രാത്രി ഫുഡ് കഴിക്കാനും അവനെ കണ്ടില്ല…. ഉച്ചത്തെ ഫുഡ് കഴിക്കുമ്പോ വൈകുന്നേമായിരുന്നു അതോണ്ട് എന്തോ വിശപ്പ് തോന്നിയില്ല…

ഒന്നും കഴിക്കാതെ കിച്ചണും മറ്റും വൃത്തിയാക്കി ഞാൻ പതിയെ റൂമിലേക്ക് നടന്നു…. വാതില് തുറന്ന് ഉള്ളിൽ കയറിനിന്ന് ഞാൻ റൂം ഒന്ന് മൊത്തത്തിൽ കണ്ണോടിച്ചു… കല്യാണപ്പെണ്ണിന്റെ ഇന്നത്തെ അടിപൊളി മേയ്ക്കപ്പിന്റെ ക്ഷീണം മുഴുവൻ ഈ റൂമിൽ കാണാനുണ്ട് കാരണം,, എല്ലാം അങ്ങിങ്ങായി വാരി വലിച്ച് കൂട്ടി ഇട്ടിട്ടുണ്ട്….. ഒരു നേടുവീർപ്പോടെ മുന്താണി ചുറ്റി എളിയിൽ തീരി ഞാൻ ഒരു സൈഡിൽ നിന്ന് നന്നാക്കാൻ തുടങ്ങി…..ഡ്രെസ്സും മേയ്ക്കപ്പ് സാധനങ്ങളും ജ്യൂവൽസിന്റെ പെട്ടിയും എന്ന് വേണ്ട സകല സാധനങ്ങളും വലിച്ച് വാരി  കുറേ ബെഡിലും കുറേ സോഫയിലും ഒക്കെ ഇട്ടിട്ടുണ്ട്…. ജ്യൂവൽസിന്റെ പെട്ടിയൊക്കെ മറ്റൊരു പെട്ടിയിൽ ആക്കി നാളെ, മറ്റന്നാൾ നിമ്മി വരുമ്പോ കൊടുത്തയക്കാൻ പാകത്തിന് റെഡിയാക്കി…. ഡ്രെസും മറ്റ് മേയ്ക്കപ്പ്  സാധനങ്ങളും ഒക്കെ മടക്കി കബോഡിൽ വെച്ചു അടക്കുമ്പഴാണ് പെട്ടന്ന് വാതിൽ ന്റെ അടുത്തൂന്ന് ഒരു ഞെരുക്കം കേട്ടതും ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി…… വാതിൽക്കൽ കണ്ട കാഴ്ച്ചയിൽ എന്റെ പെരുവിരലിൽ തൊട്ട് മേലാസകലം ഒരു തണുപ്പ് ഞൊടിയിടയിൽ അരിച്ചു കയറി….

കയ്യിൽ തുറന്ന് പിടിച്ച ഇരു മദ്യക്കുപ്പിയുമായി വാതിൽ കട്ടിലയിൽ ചാരി നിൽക്കുന്ന അവനെ ഞാൻ സംശയത്തോടെ അടിമുടി നോക്കി… രാവിലെ ഇട്ട കല്യാണവേഷം അല്ല… ഡ്രസ് ഒക്കെ ചേഞ്ച്‌ ചെയ്തിട്ടുണ്ട് പക്ഷേ,,, ഇട്ട ഷർട്ട് ഒക്കെ വല്ലാതെ മുഷിഞ്ഞിട്ടുണ്ട് ബട്ടണ് പലതും പൊട്ടി അലക്ഷ്യമായി തുറന്ന് കിടക്കുന്നു…. മുടി മുന്നിലേക്ക് തൂങ്ങി കണ്ണ് മറച്ഛ് കിടക്കുന്നു… ഷർട്ടിന്റെ കൈ ഒരു വൃത്തിയില്ലാത്ത വലിച്ഛ് കയറ്റി വെച്ചിരിക്കുന്നു… മരവിച്ഛ് നിന്ന് കൊണ്ട് ഇത് സിദ്ധു തന്നെയാണോ ന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ഛ് പോയി, കാരണം അവനെ… അതും ഇങ്ങനെ… ഞാൻ ഒരിക്കലും കണ്ടിട്ടില്ല….. അവനൊരു സിഗരറ്റ് വലിക്കുന്നത് പോലും എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല, ആരും പറഞ്ഞ് കേട്ടിട്ടില്ല… ആ സിദ്ധുവാണ് ഇന്ന് മദ്യപിച്ച് ലെക്ക് കെട്ട് എന്റെ മുന്നിൽ നിൽകുന്നതെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല….

എന്റെ സംശയത്തോടെയുള്ള നിപ്പും നോട്ടവും കണ്ടിട്ടാവണം ഒരു ചിരിയോടെ അവൻ ഉള്ളിലേക്ക് കടന്ന് നിന്ന് ഇടത്തേ കയ്യിലെ ബോട്ടിൽ വായിലേക്ക് കമിഴ്ത്തുന്നതിനോടൊപ്പം വലത്തേ കൈ കൊണ്ട് ഡോർ ശക്തിയായി വലിച്ചടയ്ച്ഛ് ലോക്ക് ചെയ്തു…..ശബ്‌ദം കാതിലേക്ക് തുളച്ഛ് കയറിയതും ഞാൻ കൈ രണ്ടും ചുരുട്ടി പിടിച്ഛ് കണ്ണുകൾ ഇറുക്കി ചിമ്മി പയ്യെ തുറന്നു…. നിലയുറയ്ക്കാത്ത കാലുകൾ വളച്ഛ് വെച്ഛ് എന്നെ തന്നെ നോക്കി കയ്യിലെ ബോട്ടിലിൽ നിന്ന് മദ്യം കുടിച്ഛ് കൊണ്ട് ആടിയാടി അടുത്തേക്ക് വരുന്ന സിദ്ധുനെ സംശയത്തോടെ ഞാൻ നോക്കി….. അവൻ അടുക്കുംതോറും ഇരട്ടിക്കുന്ന ഭയം ഉള്ളിലൊതുക്കി പുറത്ത് കാണിക്കാതെ ഞാൻ അവിടെ തന്നെ നിന്നു അവനെ നോക്കി…. തുടരും…….