24/04/2026

എന്നെന്നും എന്റെ മാത്രം :ഭാഗം 53

രചന – മഞ്ജിമ സുധി

നിറഞ്ഞ കണ്ണോടെ അമ്പരപ്പോടെ നോക്കുന്ന എന്നെ കണ്ട് ഏട്ടൻ ചിരിച്ചതും എനിക്ക് എന്നെ  നിയന്ത്രിക്കാൻ കഴിഞ്ഞില്ല… ഒരു പൊട്ടി കരച്ചിയോടെ ഞാൻ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു കെട്ടിപ്പിടിച്ചു… എത്രനേരം അങ്ങനെ കെട്ടിപ്പിടിച്ഛ് കരഞ്ഞ് നിന്നെന്നറിയില്ല,, ഇത്രയും നേരം ആരും കാണാതെ ആരേയും അറീക്കാത്തെ അടക്കിപ്പിടിച്ഛ് കെട്ടിനിർത്തിയ സങ്കടം എല്ലാ കൂടെ സഹിക്കാൻ കഴിയാത്ത വിധം ചങ്കിൽ വേദന കെട്ടികിടന്നു വീർപ്പമുട്ടായിരുന്നു… കുറേ കരഞ്ഞപ്പോ അതിനൊക്കെ ഒരു ആശ്വാസം തോന്നി…. ഏട്ടൻ എന്നെ തിരിച്ഛ് വാത്സല്യത്തോടെ അടക്കിപ്പിടിച്ഛ് നെറുക്കിൽ തലോടി സൗമ്യമായി എന്താടാ, എന്ത് പറ്റി ന്നൊക്കെ ചോദിക്കുന്നത് കരച്ചിലിന്റെ ഇടയിലൂടെ ഞാൻ കേട്ടിരുന്നു…. മറുത്തൊന്നും പറയാതെ എന്റെ നെഞ്ചിലെ ഭാരങ്ങൾ എല്ലാം ഞാൻ ആ കരച്ചിലിൽ ഇറക്കി വെച്ചു..

പെട്ടന്ന് ഞാൻ കരഞ്ഞത് എല്ലാരും വല്യ ഷോക്കേയിരുന്നു, ചെറിയമ്മയും അമ്മുവും എല്ലാരും അടുത്തേക്ക് വന്ന് എന്താ, എന്തിനാ കരഞ്ഞത്, എന്നൊക്കെ തുടങ്ങി നൂറായിരം ചോദ്യങ്ങൾ കൊണ്ട് മൂടാൻ തുടങ്ങിയതും ഞാൻ വേഗം കരച്ചില് നിർത്തി കണ്ണൊക്കെ തുടച്ച് ചിരിച്ചു ഒന്നുല്ല ന്ന് പറഞ്ഞ് ഏട്ടനിൽ നിന്ന് അടർന്ന് മാറി നിന്നതും അമ്മു എന്റെ അടുത്തേക്ക് വന്ന് തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു…. ” ഞാൻ കരുതിയത് ചേച്ചിക്കുട്ടി ന്റെ ഏട്ടനെ കെട്ടിപ്പിടിച്ചു കരയുംന്നാ….” ഒരു കുസൃതി ചിരിയോടെ അവളിത് പറഞ്ഞപ്പോ അവളെ നോക്കി വെളുക്കാനെ ഒന്ന് ചിരിച്ഛ് കലങ്ങി തെളിഞ്ഞ കണ്ണുകളോടെ ഞാൻ സിദ്ധുവിനെയൊന്ന് നോക്കി പിന്നെ എല്ലാരേയും നോക്കി ചിരിച്ചു….

” മതി,,  മതി….. ദേ,,, നേരം വൈക്കുനേരം ആകാൻ പോവാ… എല്ലാരും പോയി റെഡിയാക്കാൻ നോക്കിക്കേ…..??? അയൽക്കാരും നാട്ടുകാരുമൊക്കെ ഇപ്പോ വന്ന് തുടങ്ങും….!!! ഹ്മ്മം… ചെൽ….ചെൽ……” ചെറിയച്ഛൻ ഇത്രയും ഞങ്ങളോട് എല്ലാരോടുമായി പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിയതും ചെറിയമ്മ ഞങ്ങളെ നേരെ തിരിഞ്ഞ് എന്നോട് എന്തോ പറയാൻ തുടങ്ങിയതും അമ്മ ഇടനാഴികയിൽ നിന്ന് കോലായിലേക്ക് കടന്ന് നിന്നതും ഒരുമിച്ചായിരുന്നു….   ദേഷ്യത്തോടെ അമ്മൂനെ നോക്കി ഒരുങ്ങാൻ പോകാൻ പറഞ്ഞ് ആരെയും മൈൻഡ് ചെയ്യാതെ വീണ്ടും അടുക്കളയിലേക്ക് കയറി പോയി…. അതു കേട്ടതും ഞാൻ വേഗം അമ്മൂനെ ഒരുങ്ങാൻ പറഞ്ഞുവിട്ട് ഏട്ടന്റെ കയ്യിൽ നിന്ന് ലഗേജ് വാങ്ങി പിടിച്ചു….

“അനൂ,,, മോളേ… നീ ഇവർക്ക് റൂം കാണിച്ഛ് കൊടുക്ക്, ഞാൻ അപ്പഴേക്ക് കഴിക്കാൻ എടുത്ത് വെക്കാം…. മക്കള് റൂമിൽ ചെന്ന് ഫ്രഷ് ആയിട്ട് വാ….” എന്നോടും ഏട്ടനോടും സിദ്ധുനോടുമായി പറഞ്ഞ്‌ അമ്മയ്ക്ക് പുറക്കെ ചെറിയമ്മയും അടുക്കളയിലേക്ക് നടന്നു…. മുകളിലെ എന്റെ മുറിയിലേക്ക് കോണികയറുമ്പോ പലതരത്തിലുള്ള ചിന്തകൾ എന്റെ മനസ്സിൽ തെളിഞ്ഞു… സിദ്ധു,,, സിദ്ധു എന്തിനാവും ഇപ്പോ വന്നത്..??അമ്മൂന്റെ കല്യാണം അറിഞ്ഞിട്ട് വന്നതാവോ..?? ആണെങ്കിൽ, സിദ്ധു എങ്ങനെയാവും അറിഞ്ഞത്…??? അനന്തേട്ടൻ പറഞ്ഞതായിരിക്കോ…??? സിദ്ധു അറിഞ്ഞ സ്ഥിതിയ്ക്ക് വീട്ടിൽ അമ്മയും ദേവുവുമൊക്കെ അറിഞ്ഞു കാണോ…??? ഏയ്‌,,, അറിഞ്ഞിരുന്നെങ്കിൽ ഇവരുടെ കൂടെ എന്തായാലും അവരും വരുമായിരുന്നു.. വരാത്ത സ്ഥിതിയ്ക്ക് അവരൊന്നും അറിഞ്ഞ് കാണില്ല….

പക്ഷേ സിദ്ധു,,,, അവൻ മാത്രം അങ്ങനെ…??? ഇനി അനന്തേട്ടൻ എങ്ങാനും..??? ഏയ്,,,,,, ഇല്ല പറയരുതെന്ന് പറഞ്ഞാൽ ഏട്ടൻ ഒന്നും പറയില്ല…. പിന്നെ എങ്ങനെയാവും…..? മനസ്സിൽ തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും ഓരോന്ന് ആലോചിച്ചു റൂമിലെത്തിയത് അറിഞ്ഞില്ല… സംശയങ്ങൾക്ക് തൽകാലം വിരാമമിട്ട്  ലഗേജ് മേശപ്പുറത്തേക്ക് കയറ്റി വെച്ച് തിരിഞ്ഞു നടക്കാൻ പോകുമ്പഴാണ് ഏട്ടൻ വിളിച്ചത്….. “അനൂ…. മോളേ….. എനിക്കൊന്ന് ഫ്രഷ് ആവണായിരുന്നല്ലോ..????” അവിടെത്തന്നെ നിന്ന് ഏട്ടനെ തിരിഞ്ഞ് നോക്കി ഒരു ചിരിയോടെ ഞാൻ പറഞ്ഞു….. “ഏട്ടാ,,,, ഇവിടെ അറ്റാച്ച് ബാത്റൂം ഒന്നുല്ല… താഴെ പുറകിൽ കോമണ് ബാത്റൂം ഒന്നുണ്ട്,,,,,  അല്ലാതെ കുളമുണ്ട്…” “അപ്പോ പിന്നെ കുളത്തിലാക്കാം അല്ലെടാ സിദ്ധു…..????സിദ്ധു……..!!! ഡാ……”~ അനന്തന്റെ ഉറപ്പിച്ച വിളി കേട്ടാണ് ഞാൻ ഞെട്ടി സ്വബോധത്തിലേക്ക് വന്നത്…. പരിസരം പോലും മറന്ന് അവളെ തന്നെ നോക്കി നിൽക്കായിരുന്നു….. അവൻ വിളിക്കുന്നത് കേട്ട് അവളും ഒരുവേള എന്റെ മുഖത്തേക്ക് നോക്കിയെങ്കിലും   വേഗം തന്നെ തലകുനിച്ഛ് താഴേക്ക് നോക്കി….

ഇതൊക്കെ കണ്ട് അനന്തൻ ഞങ്ങളെ നോക്കി ഒന്ന് അമർത്തി മൂളി ഞാൻ പോവാ, നീ വന്നോന്ന് പറഞ്ഞ് ബാഗിൽ നിന്ന് ടവൽ എടുത്ത് താഴേക്കിറങ്ങി… പിറക്കെ അനുവും വാതിലിന്റെ അടുത്തേക്ക് നടന്നു… “അമ്മു… അമ്മു വിളിച്ചിരുന്നു ഇന്നലെ..” ഞാൻ പറഞ്ഞു തുടങ്ങിയതും അവള് പൊടുന്നനെ അവിടെ നിന്ന് സംശയ ത്തോടെ എന്നെ തിരിഞ്ഞു നോക്കി “അമ്മുവാ പറഞ്ഞത് കല്യാണമാണെന്നും വരണംന്നൊക്കെ… അവള് പറഞ്ഞപ്പോ പറ്റില്ലെന്ന് പറയാൻ തോന്നിയില്ല…. അതാ ഞാൻ…..!!!” ഞാൻ മടിയോടെ പറഞ്ഞത് കേട്ട് അലക്ഷ്യമായി മുന്നോട്ട് മിഴികൾ ഊന്നി അവൾ നിന്നു…. “മ്മ്മം…..! അവള്,,,, അമ്മു ഒരുപാട് ആഗ്രഹിച്ചിരുന്നു….” അവൾ ഗൗരവത്തോടെ പറഞ്ഞു… “ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ…????”റൂമിൽ നിന്ന് വലത് കാൽ വാതിൽപടി കടത്തി പുറത്തേക്ക് വെച്ഛ് പോകാൻ നിന്ന് അവൾ എന്റെ ചോദ്യം കേട്ട് അങ്ങനെ തന്നെ നിന്ന്, മുഖം മാത്രം ചെറുതായി എന്റെ സൈഡിലേക്ക് ചരിച്ചു….

*”പറയാൻ തക ബദ്ധം നമ്മൾ തമ്മിലുടെന്ന് തോന്നിയില്ല….”* *ഞാൻ…..????* അവൾക്ക് നേരെ കൈനീട്ടി ഞാൻ പറഞ്ഞ് തുടങ്ങുമ്പോഴേക്കും അനു കാറ്റ് പോലെ മുറികടന്ന് പോയിരുന്നു….. ഒരുതരം നിർവികാരതയാണ് അവളുടെ മുഖത്ത് തെളിഞ്ഞത്… എന്തോ അവളങ്ങനെ പറഞ്ഞപ്പോ വല്ലാത്ത സങ്കടം തോന്നുന്നു…. ഞാൻ ഒരുപാട് തവണ അവളോട് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും അനു ആദ്യമായാ എന്നോട് ഇങ്ങനെ…… അത് കൊണ്ടാവും എവിടെയോ വേദനിക്കുന്നുണ്ട്….. എനിക്കറിയാം…. എന്റെ വാക്കുകൾ അവളുടെ മനസ്സിൽ ആഴത്തിൽ വൃണപ്പെടുത്തിട്ടുണ്ട്, മായാതെ കലിച്ഛ് കിടക്കുന്നുണ്ട്…. സത്യം പറഞ്ഞാൽ അനന്തനെ അവള് കെട്ടിപ്പിടിച്ഛ് പൊട്ടിക്കരയുന്നത് കണ്ടപ്പോ എന്റെ ഉള്ളം വിങ്ങുകയായിരുന്നു….

അവളിൽ നിന്ന് അടർന്ന് വീഴുന്ന ഓരോ തുള്ളി കണ്ണീരും എന്റെ ഹൃദയത്തിലാണ് വന്ന് പതിഞ്ഞത്‌, അവ ഓരോന്നും എന്നെ ആഴത്തിൽ പൊളളിച്ഛ് ഇറങ്ങി പോകുന്നുണ്ട്… കലങ്ങുന്ന കണ്ണുകൾ അമർത്തി തുടച്ഛ് പതിയെ ഞാനും കുളത്തിലേക്ക് നടന്നു….. സിദ്ധുനെ ന്യായികരിക്കാൻ ശ്രമിക്കുംതോറും അവന്റെ വാക്കുകൾക്ക് മൂർച്ചകൂടി കൂടി വരുന്നു….. എന്തോ വിവേകം കൊണ്ട് അവനോട് വല്ലാത്ത അകൽച്ച തോന്നുന്നുണ്ടെങ്കിലും മനസ്സ് അവന് വേണ്ടി കൊതിക്കുന്നുണ്ട്….. അവനെ കെട്ടിപ്പിടിച്ചു കരയാൻ വെമ്പൽ കൊള്ളുന്നുണ്ട്….. ഞാൻ അവനെ ഒരുപാട്,, ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷേ എന്തോ… എനിക്കറിയില്ല… പഴയത് പോലെ പറ്റുന്നില്ല…… താഴെ അച്ഛന്റെ റൂമിൽ കയറി ചുമരിൽ ചാരി നിന്ന് ഞാൻ കുറേ നേരം അച്ഛനെ നോക്കി….

പെട്ടന്ന് പുറത്ത് കാൽപെരുമാറ്റം കേട്ടതും ഞാൻ വേഗം കണ്ണൊക്കെ തുടച്ചു നേരെ നിന്നു….. മൂന്ന് മണിയായപ്പോ തന്നെ പാർട്ടി തുടങ്ങിയിരുന്നു… ഇന്ന് കാര്യമായ പരിപാടികൾ ഒന്നും ഇല്ല… നാളെ,, കല്യാണത്തിനാണ് എല്ലാരേയും ക്ഷണിച്ചിരിക്കുന്നതെന്ന് ഫ്രഷ് ആയി ചായ കുടിച്ഛ് പന്തലിലേക്ക് ഇറങ്ങി വന്ന് ഇരുന്നപ്പോ ചെറിയച്ഛൻ പറഞ്ഞു…. വീട്ടിൽ കുടുംബക്കാർ തന്നെ ഇപ്പോ ഒരു പാർട്ടിക്കുള്ള ആളുണ്ട് പിന്നെ എന്തിനാ നാട്ടുക്കാർ…. അനൂന്റെ കസിൻസും അവരുടെ ഫാമിലിയും അയൽക്കാരും കുടുംബക്കാരുമൊക്കെ അങ്ങിങ്ങായി ഇരുന്ന് വർത്താനം പറയുന്നുണ്ട്… പുറകിലാണെങ്കിൽ മുതിർന്നവരൊക്കെ നാളത്തെ സദ്യക്കുള്ള പച്ചക്കറി അരിയലും മറ്റും പണിയിലാണ്… വെറുതെ ഫോണിൽ തോണ്ടി ഇരിക്കുമ്പഴാണ് ചെറിയച്ഛനേയും, വെല്യച്ഛനെയും അമ്മയേയുമൊക്കെ കണ്ടു പക്ഷേ,, അനൂന്റെ അച്ഛനെ മാത്രം ഇതുവരെ കണ്ടില്ലല്ലോ ഇടയ്ക്ക് ഞാൻ ഓർത്തു…..

അമ്മയാണെങ്കിൽ നേരത്തെ ചെറിയമ്മ വിളിച്ഛ് ചായ കുടിക്കാൻ പോയപ്പോ അടുക്കളയിൽ നിന്ന് ഒരു നോക്ക് കണ്ട് ഒന്ന് ചിരിച്ചതാ പിന്നെ കണ്ടിട്ടില്ല… ഈ കൂട്ടത്തിലൊന്നും അവളെയും കാണുന്നില്ല….? ചുറ്റും കണ്ണോടിച്ഛ് ഞാൻ മനസ്സിൽ പറഞ്ഞു…. ഏതായാലും ഇവിടെ കുറച്ഛ് നേരമായി ഇരിക്കുന്നു, വീട്ടിൽ കയറി നോക്കാം ന്ന് കരുതി നന്തനേയും കൂടി ഞാൻ അകത്തേക്ക് നടന്നു… എല്ലാരും പുറത്ത് പന്തലിലാണ് ഉള്ളിൽ ആരും ഇല്ലാ….. അമ്മു റെഡിയായി അവളെ ഫ്രണ്ട്സിന്റെ കൂടെ മുകളീന്ന് ഇറങ്ങി നേരെ എന്റെ അടുത്തേക്കാണ് വന്ന് നിന്നത്… ഒരു കല്യണപ്പെണിന്റേതായ വലിയ ഒരുക്കങ്ങളോ ചമയങ്ങളോ ഒന്നും അമ്മുവിൽ ഉണ്ടായിരുന്നില്ല… അവളെ നോക്കി ചിരിച്ഛ് ഞാൻ അനു എവിടെന്ന് ചോദിച്ചതും ഇടനാഴിയിലെ അവസാനത്തെ റൂം ചൂണ്ടിക്കാട്ടി ഒരു ചിരി സമ്മാനിച്ഛ് കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി….

ഒറ്റ നോട്ടത്തിൽ അനുവിന്റെ തനി പകർപ്പാണ് അമ്മു…. അനൂന്റെ ചിരിയും കണ്ണിലെ തിളക്കവും എല്ലാം അമ്മൂനും അതേപടി കിട്ടിയിട്ടുണ്ട്…. ഇടനാഴിയിലെ അവസാന റൂമിലേക്ക് കയറവേ കുഴമ്പിന്റേയും കഷായത്തിന്റെയും മനം പുരട്ടുന്ന മണം മൂക്കിലേക്ക് അടിച്ചു…. ആ റൂമിലെ അരണ്ട വെളിച്ചത്തിൽ നിലത് ഇരുന്നു കൊണ്ട് കട്ടിലിലേക്ക് തല വെച്ച് കിടക്കുന്ന അനൂനെ നന്തൻ പോയി തട്ടി വിളിച്ചു… പെട്ടന്ന് ഞെട്ടലോടെ തലയുയർത്തി നോക്കി അനന്തനെ കണ്ട് ഒന്ന് ചിരിച്ഛ് അവൾ വേഗം എണീറ്റ് നിന്നു…. അപ്പഴാണ് കട്ടിലിൽ ആരോ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്…. റൂമിലെ അരണ്ട ബൾബ് വെളിച്ചവും അനന്തന്റെ ഇടയിലൂടെയുള്ള കാഴ്ചയും കാരണം മുഖം വ്യക്തമാവുന്നില്ല….. “നീ എന്താ അനൂ നല്ലൊരു ദിവസമായിട്ട് റൂമിൽ തന്നെ ഇങ്ങനെ ചടച്ചു കൂടി ഇരിക്കുന്നത്….

എല്ലാരും പുറത്ത് നല്ല കളിയും ചിരിയും വർത്തനവുമൊക്കെ ആണല്ലോ… നീ മാത്രംന്താ ഇവിടെ നിൽക്കുന്നത്…???” അവൻ വാത്സല്യതോടെ ചോദിച്ചു… അനു നിസ്സാരമായി ചിരിച്ചു…. “ഏയ്‌… ഒന്നുല്ല ഏട്ടാ…. ഞാൻ വെറുതെ…” തലകുനിച്ഛ് ഒരു ചിരിയോടെ അവള് പറഞ്ഞ് നിർത്തിയതും അനന്തൻ സംശയത്തോടെ കട്ടിലിലേക്ക് നോക്കി… ” ഇതരാ….????” അവന്റെ ചോദ്യം കേട്ട്  അവള് വീണ്ടും ആ കട്ടിലിന്റെ തലപ്പത്ത് ഇരുന്ന് അയാളുടെ നെറ്റിയിൽ സ്നേഹത്തോടെ ഉഴിഞ്ഞ് ചിരിച്ചു…. “ഇത്…. ഇതെന്റെ അച്ഛനാ അനന്തേട്ടാ…..!” ഒരു നറു ചിരിയോടെ ഞാൻ ഇത് പറഞ്ഞപ്പോ ഏട്ടന്റെ മുഖത്ത് വെപ്രാളം നിറഞ്ഞിരുന്നു… “അച്ഛനോ…..അയ്യോ….. എന്താ… എന്താ പറ്റിയത്….???? ഇങ്ങനെയൊക്കെ ആയിപോകാൻ എന്താ കാരണം…..???” “കാരണം…..!!!!” പുച്ഛത്തോടെ പറഞ്ഞ് ഒരു നേടുവീർപ്പോടെ ഞാൻ അച്ഛന്റെ അരികിൽ നിന്ന് എണീറ്റ് ഏട്ടനെ ഒരു ചിരിയോടെ നോക്കി…

” കാരണം,,, ഈ ഞാൻ തന്നെ…… എന്റെ അച്ഛൻ ഈ അനുഭവിക്കുനതിന്, എന്റെ അമ്മു ഇത്ര വേഗം കല്യാണം കഴിക്കുന്നത്, അമ്മയുടെ ദേഷ്യത്തിന് അങ്ങനെ ഇവിടെ ഇപ്പോ നടക്കുന്നതിന് എല്ലാത്തിന്റേയും ഒരേയൊരു കാരണം ഞാനാ……” കണ്ണ് കലങ്ങിയപ്പഴും ശബ്‌ദം ഇടറിയപ്പഴും ചുണ്ടിൽ തേച്ചൊടിച്ച ചിരി മായാതെ ഞാൻ സൂക്ഷിച്ചു… അനുസരണയില്ലാതെ ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ഛ് ഞാൻ ഏട്ടനെ നോക്കി….. നിശ്ചയത്തിന്റെ അന്ന് അച്ഛൻ വീണത് മുതൽ ഇവിടെ കേറിവന്നപ്പോ നടന്നത് വരെ ഉള്ള എല്ലാ കാര്യങ്ങളും ആ ചിരിയോടെ തന്നെ പറഞ്ഞ് നിർത്തി ഞാൻ വീണ്ടും അച്ഛന്റെ അരികിൽ ചെന്നിരുന്നു….. കുറേ നേരം എന്നെ തന്നെ നോക്കി നെറുകയിൽ വേദനയോടെ തലോടി ഏട്ടൻ മൗനമായി റൂമിനിറങ്ങി…. ചിരിയോടെ അനു പറയുന്നതൊക്ക  കേട്ട് എന്റെ കയ്യും കാലും തളർന്നു പോയിരുന്നു….

അവള് കാരണമല്ല ഞാൻ കാരണാ അവളുടെ അച്ഛൻ…..!!! അധികനേരം അവിടെ നിൽക്കാനുള്ള ത്രാണിയില്ലായിരുന്നു,,, അതോണ്ട് കാറ്റ് പോലെ പുറത്തേക്കിറങ്ങി മുറ്റത്തെ നിരത്തിയിട്ട കസേരകളിൽ ഒന്നിൽ ഇരുന്നു….. കട്ടിലിൽ കിടക്കുന്ന ആ മനുഷ്യ രൂപം കണ്ണിൽ നിന്ന് മായുന്നില്ല…. അവള് അച്ചനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് മറ്റാരേക്കാളും എനിക്ക് നന്നായിട്ടറിയാം…. അവളെ നാണം കെടുത്താൻ വേണ്ടി മാത്രം ഞാൻ ചെയ്ത ചെയ്തി കാരണം അവളെ അച്ഛൻ…..!!!!! ഓരോന്നാലോചിക്കുമ്പോ തല പെരുകുന്നു…. ഞാൻ എന്തു ചെയ്യണമെന്നറിയാതെ തലയ്ക്ക് കുത്ത് കൊടുത്ത് കസേരയിൽ ഞാൻ വിറങ്ങലിച്ചിരുന്നു…. നന്തൻ വന്ന് അടുത്തിരുന്നെങ്കിലും തലയുയർത്തി അവനെ നോക്കാനോ, എന്തെങ്കിലും ചോദിക്കാനോ നിൽക്കാതെ കണ്ണിൽ നിന്ന് നേരിട്ട് നിലത്തേക്ക് ഉറ്റി വീഴുന്ന എന്റെ കണ്ണീർ തുള്ളികളെ നോക്കി ഞാൻ അങ്ങനെ ഇരുന്നു….

ഇന്നാണ് അമ്മൂന്റെ കല്യാണം… രാവിലെ തന്നെ ഞാൻ കുളിച്ച് അവള് എനിക്കായ് വാങ്ങി തന്ന സാരിയെടുത്തുടുത്തു… നല്ല പച്ച കസവ് സാരി….. കുളികഴിഞ്ഞ് അമ്മ വന്ന് അച്ഛന്റെ ദേഹം നനഞ്ഞ തുണി കൊണ്ട് നന്നായി തുടച്ചു വൃത്തിയാക്കി ഡ്രസ് ഇടീച്ചു കൊടുത്തു…. ഞാൻ സഹായിക്കാൻ ചെന്നതും ‘ എത്രയും കാലം ഞാനിതൊക്കെ ഒറ്റയ്ക്കാ ചെയ്തത് ഇനിയും എനിക്ക് ആവത്തുള്ള അത്രയും കാലം ഞാൻ തന്നെ ചെയ്യും എനിക്ക് പറ്റാത്ത കാലം വരുമ്പോ വല്ല വിഷവും വാങ്ങി കൊടുത്തു ഈ മനുഷ്യനെ കൊന്നാലും നിന്റെ സഹായം ചോദിച്ചു വരില്ലെന്ന് ‘ അമ്മ രോഷത്തോടെ പറഞ്ഞത് കേട്ട് തൊണ്ടക്കുഴിയിൽ ആരോ വാൾ കുത്തിയിറയ്ക്കുന്ന പോലെ നീറിയെങ്കിലും വേദനയോടെ ചിരിച്ഛ് ഞാൻ സൈഡിലേക്ക് മാറി നിന്ന് കൊടുത്തു…….

ഡ്രസ് മാറ്റിയെന്നല്ലാതെ ഞാൻ മറ്റ് മേയ്ക്കപ്പ് ഒന്നും ചെയ്യാത്തത് കണ്ട് അമ്മു കാര്യം തിരക്കിയെങ്കിലും ഞാൻ താൽപ്പര്യമില്ലെന്നും ഇതൊക്കെ മതിന്നും പറഞ്ഞ് ഒഴിഞ്ഞു…. അവള് കുറേ നിർബന്ധിച്ചും ഞാൻ ഒഴിഞ്ഞ് മാറുന്നത് കണ്ട് അമ്മു തന്നെ എന്നെ ബലമായി റൂമിൽ കൊണ്ടിരുത്തി കണ്ണും പൊട്ടുമൊക്കെ എഴുതി, മുല്ലപ്പൂ വെച്ഛ് തന്നു…. അമ്മൂനെ ഒരുക്കാൻ ബ്യൂട്ടീഷൻ വന്നതും ഞാൻ വേഗം റൂമിൽ നിന്ന് ഇറങ്ങി അച്ഛന്റെ അടുത്തേക്ക് ചെന്നു… പത്ത് മണിയൊക്കെയാപ്പോ അമ്മു അച്ഛന്റെ അനുഗ്രഹം വാങ്ങാൻ ഒരുങ്ങി റൂമിലേക്ക് വന്നു…. അവളുടെ കൂടെ അമ്മയും ക്യാമറമാനും ചെറിയമ്മയും ഉണ്ട്… കല്യാണ വേഷത്തിൽ തിളങ്ങുന്ന എന്റെ അമ്മൂനെ റൂമിന്റെ ഒരു കോണിൽ നിന്ന് ഞാൻ നോക്കി കണ്ടു…… സാറ്റിൻ സിൽക്ക് ഫാബ്രിക്കിൽ നിർമിച്ച കടുംചുവപ്പും ഗോൾഡൻ കളറും ഡിജിറ്റൽ പ്രിന്റഡ് ചെയ്ത സാരിയിൽ അവളെ എനിക്കൊരു ദേവതയെപോലെ തോന്നി…

ട്രെഡീഷണൽ ടെംപിൾ വർക്ക് ഡിസൈനിൽ വലിയ ലോക്കറ്റിൽ സരസ്വതി ദേവിയെ പണികഴിപ്പിച്ച ആന്റിക് ഗോൾഡ്‌ സെറ്റാണ് അമ്മു അണിഞ്ഞത്…. അതേ വർക്ക് നെറ്റിചുട്ടിയും, അരപട്ടയും, ജിമിക്കി കമ്മലും, ഇടതൂർന്ന ഇലഞ്ഞി പൂമണമുള്ള മുടിയിൽ തിങ്ങി നിറഞ്ഞ മുല്ലപ്പൂവും അങ്ങനെ എല്ലാം കൊണ്ടും അവള് സരസ്വതി ദേവിയാണെന്ന് പോലും എനിക്ക് തോന്നി…. അച്ഛന്റെ അനുഗ്രഹവും ഫോട്ടോ എടുക്കലുമൊക്കെ കഴിഞ്ഞ് ഇടനാഴിയിലേക്ക് ഇറങ്ങി മറ്റ് ബന്ധുക്കളുടെ അനുഗ്രഹം വാങ്ങുമ്പോ അവളുടെ കണ്ണുകൾ എനിക്ക് വേണ്ടി പരത്തുന്നത് വാതിൽക്കൽ നിന്ന്  ശ്രദ്ധിച്ചെങ്കിലും, അത് മനപ്പൂർവ്വം കണ്ടില്ലെന്ന് വെച്ഛ് ഞാൻ അച്ഛന്റെ റൂമിന്റെ ഉള്ളിലേക്ക് കയറി നിന്നു… പക്ഷേ,, നിമിഷങ്ങൾക്ക് അകം എന്നെ തിരക്കി അച്ഛന്റെ റൂമിലേക്ക് വന്ന് എന്റെ മുന്നിൽ നിന്ന് വെറ്റിലയും, പണവും അടക്കയ്ക്കയുമടങ്ങുന്ന ദക്ഷിണ അമ്മു എനിക്ക് നേരെ പുഞ്ചിരിയോടെ നീട്ടിയപ്പോ ആ കണ്ണുകൽ നിറഞ്ഞിരുന്നു…..

” നിന്നെ അനുഗ്രഹിക്കാനുള്ള അർഹത എനിക്കില്ല മോളേ…..” അവളുടെ താടിയിൽ പിടിച്ഛ് പതിയെ ചിരിച്ഛ് വാത്സല്യത്തോടെ ഞാൻ പറഞ്ഞതും നിറഞ്ഞ ചിരിയോടെ അവള് ദക്ഷിണ എന്റെ കയ്യിലേക്ക് പിടിപ്പിച്ചിരുന്നു……. ” മറ്റാരേക്കാളും എന്നെ അനുഗ്രഹിക്കാനുള്ള യോഗ്യത എന്റെ ചേച്ചിക്കുട്ടിക്ക്യ…..” ദക്ഷിണ വെച്ചു എന്റെ കാൽ തൊട്ട് വന്ദിക്കുന്ന അമ്മൂന്റെ ശിരസിലേക്ക്  കൈവെച്ച് അനുഗ്രഹിക്കുമ്പോ വിറയ്ക്കുന്ന കയ്യും ഒഴുകുന്ന കണ്ണീരും അകമ്പടിയായിരുന്നു….. അവളെ എണീപ്പിച്ഛ് നിർത്തി മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ഞാൻ നെറുകയിൽ ചുംബിച്ചു…. ” സുന്ദരിയായിട്ടുണ്ട് ന്റെ അമ്മൂട്ടി… പണ്ട് അച്ഛൻ പറയാറുള്ള പോലെ സരസ്വതി ദേവിയെ പോലെ തന്നെണ്ട്…. നിനക്ക് നല്ലതേ വരൂ മോളേ… എന്റെ പ്രാർഥനയും ജീവിതവും എന്നും നിനക്കുള്ളതാ…..!!!” ചിരിയോടെ ഞാൻ പറഞ്ഞ് തീർന്നതും അമ്മ അകത്തേക്ക് കയറി വന്നിരുന്നു.. “ചെറുക്കനും കൂട്ടരും വരാറായി, നീ ഇവിടെ കണ്ടവരോട് കിന്നാരം പറഞ്ഞ് നിൽകാ… വാടീ ഇങ്ങോട്ട്…..!!!!” എന്നെ നോക്കി ദഹിപ്പിച്ഛ് ഇത്രയതും ദേഷ്യത്തോടെ പറഞ്ഞ് അവളെ ബലമായി എന്നിൽ നിന്ന് പറിച്ചെടുത്ത് അമ്മ ഇടനാഴിയിലേക്ക് കടന്നു…..

അമ്മയുടെ കൂടെ നടക്കുമ്പഴും അവള് വാതിൽക്കൽ നിൽക്കുന്ന എന്നെ തിരിഞ്ഞ് നോക്കി വാ, കൂടെ വാ നോക്കെ ആഗ്യം കാണിച്ഛ് കണ്ണോടും വാ കൊണ്ട് അമ്മ കാണാതെ കേൾക്കാതെ പറയുന്നുണ്ടായിരുന്നു…. നിറഞ്ഞ കണ്ണു കൊണ്ട് വരാമെന്ന് സൗമ്യമായി കണ്ണടച്ഛ് കാണിച്ഛ് ഏറ്റ് കൊണ്ട് ഞാൻ വീണ്ടും അവിടെ തന്നെ നിന്നു…. ദീര്ഘമായൊരു ശ്വാസം വലിച്ചെടുത്തു ഇടനാഴിയിലൂടെ നടന്ന് നാദസ്വാരത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ മുറ്റത്തിന്റെ ഒരു സൈഡിലായി കെട്ടിയ മണ്ഡപത്തിലേക്ക് നടക്കുന്ന അമ്മൂനെ നോക്കി ഞാൻ മുന്നിലെ വാതിൽക്കൽ എല്ലാരുടേയും പിറകിലായി ഞാൻ ചാരിനിന്നു….. അവള് പയ്യന്റെ അടുത്ത് ചെന്നിരുന്നതും ഞാൻ ചുറ്റും കണ്ണോടിച്ചു… ചെറുക്കനേയും കൂട്ടരേയും നോക്കിയപ്പോ ചില പരിചിതമായ മുഖങ്ങൾ കണ്ണിലുടക്കി….

ചെറുക്കന്റെ ഭാഗത്തുള്ള ആളുകളിൽ പലരേയും ഞാൻ മുൻപ് കണ്ടിട്ടുണ്ട് പക്ഷേ,, എവിടെ,എങ്ങനെ, ന്ന് മാത്രം ഓർക്കാൻ പറ്റുന്നില്ല…… താലിക്കെട്ടിന്റെ നാദസ്വര മേളമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്.. അപ്പോഴേക്കും കൈകൂപ്പി കണ്ണടച്ഛ് നാണത്തോടെ ഇരിക്കുന്ന അമ്മൂന്റെ കഴുത്തിൽ താലി വീണിരുന്നു….. മുന്നിൽ നിന്ന് ആ മുഹൂർത്തം കണ്കുളിർക്ക കാണണം, അമ്മൂനെ കളിയാക്കി ചിരിക്കണം, അവളുടെ മേലേക്ക് ആനന്ദ കണ്ണീരോടെ പൂക്കൾ വാരി വിതരണം എന്നൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…. പക്ഷേ,, ഒരു അപശകുനമായി നിന്നെ മണ്ഡപത്തിന്റെയോ ചെറുക്കാൻകൂട്ടരുടെ അടുത്തോ കണ്ടു പോകരുതെന്നുള്ള അമ്മയുടേയും വെല്യച്ഛന്റേയും വിലയ്ക്ക് ഓർമയുള്ളപ്പോ ഞാൻ എങ്ങനെ പോകും…??? വാതിലിന്റെ ഇടയിലേക്ക് ചാരി നിന്ന് നെഞ്ചിൽ കൈ വെച്ഛ് മനമുരുകി പ്രാർത്ഥിച്ചു…

ന്റെ കൃഷ്ണാ, അമ്മൂന്റെ മുഖത്തെ ഈ സന്തോഷം അവളുടെ അവസാന ശ്വാസം വരേ കാണാണേ ഭഗവാനേ…!!!! എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും അവൾക്ക് ലഭിക്കണേ…. ഞാൻ ചെയ്ത തെറ്റിനുള്ള പ്രതിഫലം അവൾക്കൊരിക്കലും കൊടുക്കല്ലേ…..!!! ദീര്ഘമായൊരു ശ്വാസത്തോടെ തൊട്ട് തൊഴുത്ത് ഞാൻ വീണ്ടും മണ്ഡപത്തിലേക്ക് നോക്കിയപ്പഴാണ് നമ്പൂതിരി എന്തോ തിരയുന്ന പോലെ തോന്നിയത്…. മുന്നിൽ നിൽക്കുന്ന വെല്യച്ഛന്റേയും ചെറിയച്ഛന്റേയും വാ ചലിക്കുന്നതും കൈകൊണ്ടുള്ള ആംഗ്യമൊക്കെ കണ്ടപ്പോ തന്നെ അത് സിന്ദൂരത്തിനുള്ള അന്വേഷണ മാണെന്ന് എനിക്ക് മനസ്സിലായി… ഇടനാഴിയിലെ മേശപ്പുറത്തെ തലത്തിൽ ഇലയിൽ വെച്ചിരിക്കുന്ന സിന്ദൂരചെപ്പ് അപ്പഴാണ് ഞാൻ ശ്രദ്ധിച്ചത് , വേഗം അതെടുത്ത് കോലായിലേക്ക് ഇറങ്ങാൻ നോക്കിയതും അമ്മ അതെടുക്കാൻ എന്നോണം ഇടനാഴിയിലേക്ക് കടന്നിരുന്നു….

ഞാൻ കൈയിലെ ചെപ്പ് അമ്മയ്ക്ക് നേരെ നീട്ടിയതും അമ്മയെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പുറക്കേ വന്ന നീനുവിനെ വിളിച്ചു…. “മോളേ നീനു,,,,, നീ  എന്റെ റൂമിൽ വേറൊരു സിന്ദൂരച്ചെപ്പുണ്ട് അതിങ്ങോട്ട് എടുത്തോണ്ട് വാ… ഇവള് തൊട്ട സിന്ദൂരം എന്റെ മോളേ നെറുക്കിൽ വീണാൽ ചിലപ്പോ അധിക കാലം സുമംഗലിയായി ജീവിക്കാനുള്ള യോഗം ന്റെ കുട്ടിയ്ക്ക് ഉണ്ടാവില്ല….” *”അമ്മേ…..!!!!”* മരിച്ഛ് പോകുന്ന പോലെ തോന്നി…. അമ്മയുടെ വാക്കുകൾക്ക് സിദ്ധുന്റെ വാക്കിനേക്കാൾ മൂർച്ച…. ഞാൻ നിറഞ്ഞ കണ്ണോടെ അമ്മയെ നോക്കി ഞെട്ടലോടെ വിളിച്ചു… അമ്മ ദേഷ്യം നിയന്ത്രിച്ഛ് എന്നെ നോക്കി…. ” നല്ലൊരു ദിവസായിട്ട് എന്നെ ദേഷ്യം പിടിപ്പിക്കാതെ മാറി നിക്കെടീ അസ്സത്തെ….!!! അവൾടെ ഒരു അമ്മ,, ഞാൻ നിന്റെ അമ്മയല്ലന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്…

നീ എന്നെ അങ്ങനെ വിളികണ്ട, നീ വിളിക്കുമ്പോ എനിക്ക് എന്നെ തന്നെ കൊല്ലാനുള്ള ദേഷ്യം തോന്നാ.. ” എന്നെ നോക്കി ദേഷ്യം കടിച്ഛ് പിടിച്ഛ് അമർഷത്തോടെ ആക്രോശിക്കുന്ന അമ്മയെ കണ്ണീരോടെ നോക്കി നിന്നു… പറ്റെല്ലാം സഹിക്കാൻ, പക്ഷേ ഞാൻ തൊട്ട കുങ്കുമം തൊട്ടൽ ന്റെ അമ്മൂന് അധികകാലം സുമംഗലി യോഗമുണ്ടാവില്ലന്ന് അമ്മ പറഞ്ഞപ്പോ ഞെഞ്ചിൽ ആണിയടിച്ഛ് കയറ്റിപോലെയാ തോന്നിയത്… ദേ നോക്ക്,,,, ഇവിടെ അവിടെ എങ്ങാനും ഒതുങ്ങി നിന്നോളണം കേട്ടല്ലോ….?? അപശകുനമായി മുന്നിലേക്ക് എങ്ങാനും നിന്നെ കണ്ടാൽ……!!!” അമ്മ ഭീക്ഷണിപ്പോലെ പറഞ്ഞതൊക്കെ കേട്ട് വെള്ളിടി വെട്ടിയപോലെ ശ്വാസം വിട്ടാൻ പോലും മറന്ന് കണ്ണീരോടെ സ്തംഭിച്ഛ് വിറങ്ങലിച്ഛ് ആ ഇടനാഴിയിൽ ഞാൻ നിന്നു…

എന്നെ നോക്കി ചുണ്ട് കോട്ടി പുച്ഛത്തോടെ ചിരിച്ഛ് പുറക്കിലേക്ക്  തള്ളിമാറ്റി പോകുന്ന നീനൂനേയും അവള് എടുത്ത് കൊണ്ട് കൊടുത്ത സിന്ദൂരചെപ്പുമായി ധൃതിയിൽ മണ്ഡപത്തിലേക്ക് ഇറങ്ങുന്ന അമ്മയേയും ഞാൻ ഹൃദയം നുറുങ്ങുന്ന വേദനയോടെ നോക്കി…. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഞാൻ സഹിച്ചേനെ, പക്ഷേ അമ്മ….. അമ്മ അങ്ങനെയൊക്കെ പറഞ്ഞത് സഹിക്കാൻ പറ്റുന്നില്ല…. ഓരോ വാക്കും ചാട്ടുളിപോലെ മനസ്സിനെ ആഞ്ഞ് വെട്ടുന്ന പോലെ തോന്നുന്നു.. സഹിക്കാൻ കഴിയാതെ തികട്ടി വന്ന കരച്ചിൽ മുന്താണി തലപ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ഛ് അടക്കി തിരിഞ്ഞ് അച്ഛന്റെ റൂമിലേക്ക് ഓടാൻ തുനിഞ്ഞതും തൊട്ട് മുന്നിൽ നിൽക്കുന്ന സിദ്ധുനെ കണ്ട് ഞാൻ പിടിച്ഛ് കെട്ടിയ പോലെ നിന്നു… *”അനൂ….!”* കരച്ചിൽ കടിച്ചു പിടിച്ചു അവന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ഛ് അടുത്തൂടെ മറികടന്ന് പോകാൻ ശ്രമിച്ചെങ്കിലും അത്യധികം സ്നേഹത്തോടെ എന്റെ വേദനയിൽ പങ്ക് ചേർന്ന് അരുമയോടെ സിദ്ധു എന്നെ വിളിച്ഛത് കേട്ട് ഒരു നിമിഷം പോലും വൈകാതെ തൂവൽ കണക്ക് ഞാൻ അവന്റെ മാറോട് ചേർന്നിരുന്നു….

മുഖം അവന്റെ നെഞ്ചോട് ചേർത്ത് ഇറുക്കെ പിടിച്ഛ് ശബ്‌ദം പുറത്തേക്ക് വരാതെ അടക്കിപ്പിടിച്ഛ് കരയുമ്പോ മറ്റൊന്നും ഞാൻ അറിഞ്ഞിരുന്നില്ല, എന്നെ പോലും ഞാൻ മറന്ന് പോയിരുന്നു… മറ്റെരെക്കൊണ്ടും തരാൻ കഴിയാത്ത ഒരാശ്വാസം അവന്റെ കരവലത്തിൽ, അതും അവന്റെ മാറോട് ഒട്ടി ആ ശ്വാസ താളവും ഹൃദയ മിടിപ്പും കേട്ട് നിൽക്കുമ്പോ ഞാൻ അനുഭവിച്ചു…. വിയർപ്പിൽ കലർന്ന അവന്റെ പെർഫ്യൂം ഗന്ധം എന്നെ മുഴുവനായും പൊതിയുമ്പഴാണ് ഞാൻ എന്നെ കുറിച്ഛ് പോലും ചിന്തിച്ചത്… പൊള്ളലേറ്റ പോലെ അവനിൽ നിന്ന് അടർന്ന് മാറി പിറക്കിലേക്ക് ചുവട് വെച്ഛ് ചുമരിൽ അള്ളി പിടിക്കുമ്പോ ഞാൻ കിതച്ചിരുന്നു…. എന്റെ കണ്ണീരിൽ കുതിർന്ന അവന്റെ കുർത്തയിൽ കണ്മഷി കൂടി പടർന്ന പാട് കാണേ എന്റെ കയും കാലും തളരുന്നു പോലെ തോന്നി….. വെപ്രാളത്തോടെ ചുറ്റും കണ്ണോടിച്ഛ് നിറയുന്ന കണ്ണോടെ പരവേശത്തോടെ അവനെ നോക്കികൊണ്ട് തന്നെ ഞാൻ ചുമരിലൂടെ പുറക്കിലേക്ക് ഉരഞ്ഞ് നീങ്ങി വേഗം അച്ഛന്റെ റൂമിലേക്ക് കയറി…. തുടരും…..