രചന – മഞ്ജിമ സുധി
നന്തനും അവരും ഇറങ്ങിയതും ഞാൻ മുന്നിലെ ഗ്ലാസ് വിൻഡോയുടെ അടുത്തേക്ക് പതിയെ നടന്ന് ഗ്ലാസ് നീക്കി പുറത്തേക്ക് നോക്കി കൈകെട്ടി നിന്നു….രാത്രി, പൂർണചന്ദ്രന്റെ നിലാവിൽ മുങ്ങി കുളിച്ചു നിൽക്കുന്നു….അങ്ങിങ്ങായി നക്ഷത്ര കുഞ്ഞുങ്ങൾ കണ്ണ് ചിമ്മി കാണിക്കുന്നുണ്ട്…..ഒരുപാട് രാത്രിക്കളിൽ കിളികൂടിന് അരികിൽ നിറഞ്ഞ ചിരിയോടെ നിന്ന് അവള് നക്ഷത്രങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്…..മുന്നിലെ മുറ്റത്ത് ഇറങ്ങി നിന്ന് കനിയെ കൂട് പിടിച്ച് എണ്ണുന്നതും കളിക്കുന്നതും ചിരിക്കുന്നതും മനസ്സിലേക്ക് ഓടി വന്നതും ചുണ്ടിൽ അറിയാതെ ഒരു ചിരി വിടർന്നു……പെട്ടെന്ന് അവളെ കാണണം ന്ന് തോന്നി… ആ റൂമിൽ കിടന്ന് അവള് എന്നെ വിളിക്കുന്ന പോലെ ഒരു ഫീൽ….തിരിഞ്ഞു നിന്നതും കാലുകൾ ഞാൻ പോലുമറിയാതെ അവള് കിടകുന്ന റൂമിലേക്ക് നടന്നിരുന്നു….പതിയെ ഡോർ തുറന്ന് ഉള്ളിലേക്ക് നോക്കിയപ്പോ കണ്ടു കണ്ണ് തുറന്ന് മേലോട്ട് നോക്കി കിടക്കുന്നു അവളെ..അത് കണ്ടതും പെട്ടന്ന് മനസ്സിൽ വീണ്ടും പേടി കടന്ന് കൂടി…. മുകളിലേക്ക് അലക്ഷ്യമായി നോക്കിക്കൊണ്ടിരുന്ന അവളുടെ മിഴികൾ അധികം വൈകാതെ എന്നെ തേടി വാതിലിന് അരികിലേക്ക് പാറിവീണു….ഞാൻ അപ്പഴും എന്ത് ചെയ്യണമെന്നറിയാതെ വാതിൽക്കൽ തന്നെ മരവിച്ചു നിന്നു….
ഹൃദയമിടിപ്പ് സെക്കൻഡ് വെച്ച് കൂടി കൂടി വന്നു…. തൊണ്ടയിലെ വെള്ളം വറ്റി വരണ്ടു…. പേടിയാണോ വെപ്രാളമാണോ പരവേശമാണോ അതോ ഇനി ഇതെല്ലാം കൂടി കൂടിയതാണോ…??? ന്ന് അറിയില്ല…!!! സംശയത്തോടെ ഞാൻ അവളെ കണ്ണെടുക്കാതെ നോക്കി ആ വാതിൽക്കൽ തന്നെ നിന്ന് വിയർത്തു…എന്നെ തന്നെ നോക്കി അവൾ വിരലുകൾ എന്നെ അകത്തേക്ക്, അവളുടെ അടുത്തേക്ക് വിളിക്കുന്ന വിധം പതിയെ ചലിച്ചു… ഉയർന്ന ശ്വാസഗതിയോടെ മിടിപ്പേറുന്ന നെഞ്ചോടെ സംശയം നിറഞ്ഞ പേടിയോടെ ഞാനവളിലേക്ക് പതിയെ നടന്നടുത്തു…. അടുത്തെത്തിയതും അവൾ കണ്ണ് കൊണ്ട് ബെഡിന്റെ സൈഡിൽ ഇട്ടിരിക്കുന്ന സ്റ്റൂളിൽ ഇരിക്കാൻ തല അല്പം ചരിച്ഛ് കൊണ്ട് പറഞ്ഞു… അവളെ സംശയത്തോടെ കണ്ണെടുക്കാതെ യാന്ത്രികമായി നോക്കിക്കൊണ്ട് തന്നെ ഞാനിരുന്നു…..അവളുടെ മുഖത്ത് നിറഞ്ഞ അവശത കാണാനുണ്ട്… കണ്ണ് അടക്കാനും തുറക്കാനും ധാരാളം സമയം എടുക്കുന്നുണ്ട്…. ശ്വാസം വലിച്ചെടുക്കാൻ ഒരുപാട് സ്ട്രഗ്ഗിൾ ചെയ്യുന്ന പോലെ….. കുറച്ഛ് നേരം എന്നെ നോക്കി കിടന്ന് അവള് വീണ്ടും തല പതിയെ അനക്കി എന്നെ അടുത്തേക്ക് വിളിച്ചു….ഞാൻ സംശയത്തോടെ സ്റ്റൂൾ കുറച്ചൂടെ അവളുടെ അടുത്തേക്ക് നീക്കിയിട്ട് ഇരുന്നു… അവൾ പതിയെ വലത്തേ കൈ ഉയർത്തി മൂക്കിന്റെ മുകളിൽ ഘടിപ്പിച്ച ഓക്സിജൻ മാസ്‌ക് മേലെ താഴേക്ക് വലിച്ഛ് ഇറക്കി വെച്ഛ്, ഞെടിയിടയിൽ ഞെരുക്കത്തോടെ വാ തുറന്ന് നീട്ടിയൊരു ശ്വാസം വലിച്ചെടുത്തു…പരിഭ്രാന്തിയോടെ അവളുടെ നീക്കങ്ങളെ ശ്രദ്ധിച്ഛ് അവളിൽ ഉയർന്ന പൊങ്ങിയ ശ്വാസനിശ്വാസങ്ങളെ ഭീതിയോടെ നോക്കി വെപ്രാളത്തോടെ അടുത്തേക്ക് കൈനീട്ടിയതും അവൾ പാട്പ്പെട് വീണ്ടും ശ്വാസം വലിച്ചെടുത്തു കൊണ്ട് എന്നോട് കുറച്ചൂടെ അടുത്തേക്ക് വരാൻ തല കൊണ്ട് ആഗ്യം കാണിച്ചു…..അവൾക്ക് എന്നോട് എന്തോ പറയാനോ ചോദിക്കാനോ ഉണ്ടെന്ന് ആ സമയം എനിക്ക് തോന്നി….ഞാൻആരെണെന്നായിരിക്കോ അവൾക്ക് ചോദിക്കാൻ ഉണ്ടാവുക….???അവൾക്ക് എന്നെ മനസ്സിലായി കാണില്ലേ….???ഡോക്ടർ പറഞ്ഞപ്പോലെ അവളുടെ ഓർമകളിൽ നിന്ന് എന്നന്നേക്കുമായി ഞാൻ മാഞ്ഞു പോയി കാണോ…???? ചിന്തകൾ പലവഴിക്ക് നീങ്ങി പേടി കൂട്ടാൻ തുടങ്ങിയതും ദീര്ഘമായൊരു നിശ്വാസത്തിലൂടെ എന്തും നേരിട്ടാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തി കൊണ്ട് പതിയെ ചെവി അവളുടെ ചുണ്ടോട് അടുപ്പിച്ഛ് വെച്ചു…….
*” ഫോ….ഫോൺ….ഫോണെടുക്കാതെ… ആരോ… ആരോടും പറയാതെ… പോയതിന്.. ചീ… ചീത്ത പ…പറയുന്നില്ലേ….????”*മന്ത്രണം പോലെ ഇടർച്ചയോടെ വിക്കി വിക്കി പതിഞ്ഞ ശബ്ദത്തിൽ അവളുടെ വാക്കുകൾ എന്റെ ചെവിയിൽ പതിഞ്ഞത് കേട്ടതും സ്വയം മതിമറന്നു നിറയുന്ന കണ്ണോടെ സ്റ്റൂളിൽ നിന്ന് ചാടി എണീറ്റ് അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ഉമ്മകൊണ്ട് മൂടുമ്പോ ഈ ലോകത്തിലെ എറ്റവും വലിയ സന്തോഷവാൻ ഞാനായിരുന്നു…….അവളുടെ കവിളുകളിലും കണ്ണിലും മുറിവ് കെട്ടിയ നെറ്റിയിലും ഞാൻ മാറിമാറി ചുംബിച്ചു…… നഷ്ടപ്പെട്ടന്ന് കരുതിയ ജീവൻ തിരിച്ചു കിട്ടിയ ആത്മസംതൃപ്തി എന്നിൽ അലത്തല്ലി…..പെട്ടന്നവൾ ശ്വാസം വലിക്കാൻ ബുദ്ധിമുട്ടിയതും ഞാൻ വേഗം ഓക്സിജൻ മാസ്ക് എടുത്ത് നേരെ വെച്ചു സ്റ്റൂളിൽ ഇരുന്ന് ഒരു ചെറു പുഞ്ചിരിയോടെ അവളെന്നെ നോക്കി…. അടയാൻ വെമ്പുന്ന മിഴികളെ കഷ്ടപ്പെട്ട് വലിച്ഛ് തുറന്ന് എന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന അവളെ നോക്കി കണ്ണടച്ഛ് ഉറങ്ങിക്കോന്ന് ആഗ്യം കാണിച്ഛ് ഞാൻ നെറുകയിൽ മൃദുവായി തലോടി കൊടുത്തു….. പതിയെ ഉറക്കത്തിന് കീഴടങ്ങുന്ന അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു…..ഉറങ്ങിയെന്ന് ഉറപ്പിച്ഛ് പതിയെ എണീറ്റ് മുന്നോട്ട് നടക്കാൻ ആഞ്ഞതും അവള് എന്റെ കയ്യിൽ ബലമായി പിടിച്ചത് ഞാൻ ശ്രദ്ധിച്ചത്…… ചിരിയോടെ പതിയെ അവളുടെ കൈ അടർത്തി മാറ്റി ഒന്നൂടെ നെറുക്കിൽ അമർത്തി ചുംബിച്ഛ് റൂമിന് പുറത്തിറങ്ങി….
എന്നെ അന്വേഷിച്ചു കാണാഞ്ഞിട്ട് വിളിക്കാൻ ഫോൺ പോക്കറ്റിൽ നിന്ന് എടുക്കായിരുന്നു നന്തൻ… ഞാൻ റൂമിന് ഇറങ്ങി വരുന്നത് കണ്ടതും അവൻ സംശയത്തോടെ നോക്കി… സന്തോഷത്താൽ നിറഞ്ഞു തൂവുന്ന മിഴികൾ അമർത്തി തുറച്ഛ് ഓടി പോയി ഞാനവനെഇറുക്കികെട്ടിപ്പിടിച്ചു….”അവൾക്ക്…. അനൂന്ന്….. എന്റെ അനൂന് ഒന്നും ഇല്ലടാ….അവള്,,,,, അവള് നമ്മുടെ പഴയ അനു തന്നെയാ….അവൾക്ക് ഒരു കുഴപ്പവും ഇല്ല…. “കുറെ നേരം ഞാൻ അങ്ങനെ തന്നെ നിന്നു അവനെ ഇറുക്കിപ്പിടിച്ഛ് നിന്നു….. ഇത് വരേ മനസ്സിൽ ഉരുണ്ട് കൂടി കെട്ടി കിടന്ന സകല ഭയവും ടെൻഷ്നും ഭാരവും നേർത്ത് ഇല്ലാതായ പോലെ……കുറേ നാളുകൾക്ക് ശേഷം ഇന്ന് സമാധാനത്തോടെ ഞാൻ ഒന്ന് ഉറങ്ങി…..
~~~~~~~~~~~~~~~~~~~~
ഒരു ഞെരുക്കത്തോടെ കണ്ണ് വലിച്ച് തുറന്നതും അമ്മയും നിമ്മിയും ദേവുവും എന്റെ ബെഡിന് ചുറ്റും നിരന്നിരുന്നു…. അമ്മയും ദേവുവും എന്നെ വാത്സല്യത്തോടെ തലോടി സന്തോഷത്താൽ നിറയുന്ന മിഴികളോടെ നെറുക്കിൽ ഉമ്മ തന്നപ്പോ നിമ്മി തൊട്ടടുത്തുള്ള സ്റ്റൂളിൽ ഇരുന്ന് എന്റെ കയ്യും പിടിച്ഛ് പൂര കരച്ചിൽ… അമ്മയേയും ദേവൂനെയും നോക്കിഞാൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല……മുഖത്തെ പേശികളൊക്കെ വലിഞ്ഞു മുറുകുന്നു….തല ഫുള്ളായി നല്ല വലിയൊരു നെറ്റിപ്പട്ടം ഇട്ടിട്ടുണ്ട്…. കയ്യിലും രണ്ടിടത്ത് കെട്ടുണ്ട്…. സത്യം പറഞ്ഞാൽ എല്ലാരേയും ഇനി കാണാൻ പറ്റുമെന്ന് ഞാൻ കരുതിയതേയല്ല…..പെട്ടെന്ന് വാതില് തുറക്കപ്പെടപ്പോ ഞാൻ സിദ്ധുനെ പ്രതീക്ഷിച്ചെങ്കിലുംഏട്ടനായായിരുന്നു…. എന്നെ നോക്കി ഒരു നിറഞ്ഞ ചിരി സമ്മാനിച്ഛ് ഫ്രൂട്ട്സ് ഉം മറ്റും മേശപ്പുറത്ത് വെച്ചു…..അപ്പഴേക്കും സിസ്റ്റർ വന്ന ബെഡ് പതിയെ ഉയർത്തി, ട്രിപ്പ് മാറ്റിയിട്ട്
ഇൻജക്ഷനും, ഒരു ലോഡ് മരുന്നും തന്നു പുറത്തേക്ക് പോയി…….. എല്ലാരേയും കണ്ടെങ്കിലും ഞാൻ ആഗ്രഹിച്ച മുഖം മാത്രം കണ്ടില്ല….സിദ്ധുന്റെ….ഇന്നലെ രാത്രി ആ വാതിൽക്കൽ എന്നെ നോക്കി വിറങ്ങലിച്ഛ് നിന്ന അവനെ ഞാൻ മനസ്സിൽ ഓർത്തു….ആ മുഖത്ത് ക്ഷീണവും അവശതയും വല്ലാതെ അലട്ടിയിരുന്നു….അവനെ കണ്ടപ്പോ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ… ഭാരവും വേദനയും എല്ലാം അവന്റെ നെഞ്ചിൽ അർപ്പിച്ച് ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാൻ ഞാൻ കൊതിച്ഛ് പോയിരുന്നു…..ആവേശത്തോടെ അവനെന്റെ കവിളിലും നെറ്റിയിലും സ്നേഹത്തോടെ മാറിമാറി ചുംബിച്ചപ്പോ ആ നിശ്വാസവും ഗന്ധവും എന്റെ മുഖത്തെ ഒരുവേള പൊതിഞ്ഞിരുന്നു…….
ചുണ്ടിൽ വിരിഞ്ഞ നാണത്തിൽ കലർന്ന പുഞ്ചിരി മറച്ഛ് ഞാൻ റൂമിൽ ഇട്ടിരിക്കുന്ന bystander ബെഡിൽ അങ്ങിങ്ങായി ഇരിക്കുന്ന അമ്മയേയും ദേവുനേയും ഏട്ടനേയും മാറിമാറി…… നിമ്മി ഇപ്പഴും എന്റെ കൈ പിടിച്ഛ് കരഞ്ഞോണ്ടിരിക്കാ…. ഈ പെണ്ണിത് എന്തിനാവാണോ ഈ കരയുന്നത്….??? എനിക്ക് ആണെങ്കിൽ വാ തുറന്ന് അധിക ഒന്നും പറയാനും വയ്യ…..ഞാൻ മുകളിലേക്ക് നോക്കി റൂം ചുറ്റും ഒന്ന് കണ്ണോടിച്ചു,,, നല്ല പരിചയം ഉള്ള ഹോസ്പിറ്റൽ…..”ഏട്ടാ,,,, ഇത്,,,, ഇതേതാ ഹോസ്പിറ്റൽ…..???? കണ്ടി…ട്ട്,,,,നല്ല പരിചയം തോന്നുന്നു…..???”പതിയെ വാ അധികം അനക്കാതെ ക്ഷീണത്തോടെ ഞാൻ ഏട്ടനെ നോക്കി ചോദിച്ചു….”ഇതോ… ഇത് നമ്മുടെ ഹോസ്പിറ്റൽ… DG ഹോസ്പിറ്റൽ….”ഒരു ചിരിയോടെ ഏട്ടൻ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും സംശയത്തോടെ ചുറ്റും നോക്കി…”അപ്പോനമ്മുക്ക് പാലക്കാട് ബ്രാഞ്ച് ഉണ്ടല്ലേ…????”ഞാൻ സംശയത്തോടെ ചോദിച്ചു….”നമ്മുക്ക് ഒരുപാട് ബ്രാഞ്ചസുണ്ട്,,, പക്ഷേ പാലക്കാടില്ല….. എന്തേയ്….???? അങ്ങനെ ചോദിച്ചത്….???”വീണ്ടും ചിരിച്ചോണ്ട് ഏട്ടൻ പറഞ്ഞത് കേട്ട് സംശയത്തോടെ ഞാനേട്ടനെ നോക്കി…”അപ്പോ,,, ഞാനൊന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും കൊച്ചി എത്തിയോ….???”ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചതും എല്ലാരും മുഖത്തോട് മുഖം നോക്കി നിന്നു അന്തം വിട്ട് നിന്നെങ്കിലും അതൊരു പൊട്ടിച്ചിരിയാവാൻ അധിക സമയം വേണ്ടി വന്നില്ല….അതും ഒരുമാതിരി ആക്കി ചിരി… ഇതിലിപ്പം ഇത്രയും ചിരിക്കാൻ എന്തിരിക്കുന്നു..??എല്ലാരും കളിയാക്കി ചിരിക്കുന്നത് കണ്ട് ഞാൻ ദേഷ്യത്തോടെ എല്ലാരേയും നോക്കി മുഖം സൈഡിലേക്ക് കൊട്ടി കുറുബോടെ കിടന്നു…… അനന്തേട്ടൻ എന്റെ അടുത്ത് ബെഡിൽ വന്നിരുന്നു…..
“അനന്തേട്ടാ…..ദേ,,,,, ഏട്ടത്തി പറഞ്ഞു കേട്ടില്ലേ…???അയ്യോ ഞാനിന്ന് ചിരിച്ചു ചിരിച്ചു ചാവും….!!!!അമ്മേ…..!!!!!!”ന്റെ പൊന്ന് ഏട്ടത്തി കൊച്ചേ ഒരു ദിവസം അല്ല… ഏട്ടത്തി ഒന്നും അറിയാതെ കിടക്കാൻ തുടങ്ങീട്ട് ഇന്നേക്ക് നാലാമത്തെ ദിവസായിത്….. അറിയോ….????” *”നാല് ദിവസോ…….!!!!!!!” *ഞെട്ടലോടെ അറിയാതെ വാ തുറന്ന് അലറി വിളിച്ഛ് പോയതും തല മുഴുവൻ വലിഞ്ഞു മുറുക്കി വേദനിച്ചു…. എരിവ് വലിച്ഛ് തലയിൽ കൈ വെച്ഛ് കണ്ണടച്ഛ് കുറച്ഛ് അനങ്ങാതെ ഇരുന്നപ്പോ വേദന പതിയെ കുറഞ്ഞു…. ഏട്ടൻ വേഗം വന്ന് അധികം സ്ട്രെസ് എടുക്കണ്ട സ്റ്റിച്ഛ് ഇട്ടതൊക്കെ പൊട്ടും ന്ന് പറഞ്ഞ് തലയിൽ തലോടി തന്നു…. ആവേശം കാണിച്ചാൽ ഇങ്ങനെ ഇരിക്കും…”സത്യണോ ഏട്ടാ….????”ഒന്ന് സെറ്റ് ആയപ്പോ ഞാൻ വീണ്ടും ഏട്ടനെ നോക്കി ചോദിച്ചു….ഹ്മ്മം…… മൂന്ന് ദിവസായികാണും നിന്നെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്‌തിട്ട്….. ഇങ്ങനെ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ല നിന്നെ……ഈ കഴിഞ്ഞ നാല് ദിവസം ഞങ്ങളെ തീ തീറ്റിച്ചു കളഞ്ഞല്ലോ മോളേ….ഹൊ ഞങ്ങളെല്ലാരും അനുഭവിച്ച ടെൻഷന് കയ്യും കണക്കും ഇല്ലാ….. എന്തായാലും ഒരു കോട്ടവും തട്ടാതെ പഴയ അനൂനെ തന്നെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ…..പാവം സിദ്ധു….നാല് ദിവസായി ആ ചെക്കൻ ഉണ്ടിട്ടില്ല ഉറങ്ങീട്ടില്ല…. ഒരുമാതിരി ഭ്രാന്ത് പിടിച്ഛ് അലയായിരുന്നു… മൊത്തത്തിൽ മരവിച്ച അവസ്ഥയായിരുന്നു, കാണാൻ പറ്റില്ലായിരുന്നു….. അവൻ അത്രയ്ക്ക് തളർന്ന് പോയിട്ടുണ്ടായിരുന്നു….. ഇന്നലെയാ നീ കണ്ണ് തുറന്ന് സംസാരിച്ചില്ലല്ലോ അപ്പഴാ അവന്റെ മുഖം ഒന്ന് തെളിഞ്ഞു കണ്ടത്….. വീട്ടിൽ പോലും പോകാതെ ഫുൾ ടൈം ഹോസ്പിറ്റലിൽ, നിന്റെ റൂമിന്റെ പുറത്ത് തന്നെയായിരുന്നു…. ”
ഏട്ടൻ പിന്നെയും എന്തൊക്കെയോ എനിക്ക് ആക്സിഡൻ്റ് പറ്റിയ അന്ന് മുതലുള്ള കാര്യങ്ങൾ ഓരോന്ന് പെറുക്കി പെറുക്കി പറഞ്ഞോണ്ടിരുന്നു…. പക്ഷേ ഞാൻ അതൊന്നും കേട്ടില്ല, എട്ടന്റെ വാക്കുകൾ എന്നെ മറ്റൊരു ലോത്തെത്തിച്ചിരുന്നു….. സിദ്ധുവും ഞാനും മാത്രമുള്ള ലോകത്ത്….. ഇന്നലെ അവൻ വന്നതും ഉമ്മ തന്നതും എല്ലാം റു തിരശ്ശീല പോലെ മനസ്സിലേക്ക് ഓടി വന്നതും ചുണ്ടിൽ ചിരി നിറഞ്ഞു നിന്നു….ഞാൻ പതിയെ തലയിൽ കൈ വെച്ചു തപ്പി നോക്കി…..ഹൊ..!!!!!!!! നാല് ദിവസം ബോധം പോലും ഇല്ലാതെ കിടക്കാൻ മാത്രം ഒക്കെ പറ്റിയിരുന്നു ന്റെ കൃഷ്ണാ…..!!!ഞാൻ കിളിപോയപ്പോലെ കിടന്ന് ചിന്തിച്ചു കൂടുന്നത് എന്നെ കണ്ട് ഏട്ടനും നിമ്മിയും കളിയാക്കി കൊന്നില്ലെന്നെ ള്ളൂ….എത്രയൊക്കെ ചെയ്തിട്ട് ഈ കോന്തൻ ഇതെവിടെ പോയോ ആവോ….???എന്റെ മനസ്സ് വായിച്ചപ്പോലെ ഏട്ടൻ ഒരു കള്ള ചിരിയോടെ സിദ്ധു ഓഫീസിൽ പോയിരിക്കാ വൈക്കീട് വരും ന്ന് പറഞ്ഞതും ഞാൻ എല്ലാരുടേയും മുന്നിൽ ചടച്ഛ് ഒരു വഴിക്കായി…. വർത്തനവും കളിയും ചിരിയും ഒക്കെയായി റൂമിൽ ബഹളമായപ്പോ ഒരു വൃത്തിക്കേട്ട സിസ്റ്റർ വന്ന് ചൂടായി…. എന്നെ കൊണ്ട് അധികം സംസാരിപ്പിക്കരുത്, സ്ട്രെസ്സ് എടുപ്പിക്കരുത്, ബോഡി വീക്ക് ആണ്, ആനയാ ചേനയാ ന്നൊക്കെ പറഞ്ഞു അമ്മയെയും ദേവൂനെയും പേടിപ്പിച്ചു…മതിയല്ലോ…… അവാർഡ് പടത്തിനെക്കാൾ കഷ്ടയിരുന്നു പിന്നെ ആ റൂമിന്റെഅവസ്‌ഥ…എന്നെ ഒന്ന് നല്ലോണം ശ്വാസം വലിച്ചു വിട്ടാൻ പോലും ആരും സമ്മതിച്ചില്ല….. ഉച്ചയ്ക്ക് വന്ന് ട്രിപ്പ് മാറ്റിയിട്ട് ഒരു ലോഡ് മരുന്നും തന്ന് ബെഡ് താഴ്ത്തി നേരെയാക്കി സിസ്റ്റർ പോയി…. മരുന്നിന്റെ സഡേഷൻ കാരണോ, അല്ലെങ്കിൽ ഇനി ഒന്നും മിണ്ടാതെ വെറുതെ കിടന്നത് കൊണ്ടോ ഞാൻ പതിയെ ഉറങ്ങി പോയി….
~~~~~~~~~~~~~~~~~~~~~~~
മൂന്ന് നാല് ദിവസം ഓഫീസിന്റെ പടി കേറാത്തിന്റെ എല്ലാ നൂലാമാലക്കളും ഇന്ന് ഓഫീസിൽ എത്തിയപ്പോ കാണാന്നുണ്ടായിരുന്നു….. സൈൻ ചെയ്യാനും ചെക്ക് ചെയ്യാനും ഉള്ള ഫയൽസ് ടേബിൾ കെട്ടി കിടക്കുന്നത് കണ്ടപ്പോ തന്നെ എന്റെ കാറ്റ് പോയി…. ഒരു കുന്ന് ഉണ്ടേയ്….!!!!!!!!രാവിലെ തുടങ്ങിയതാ, രാത്രിയാവാറായി ഇത് വരെ ഒന്ന് നിന്ന് തിരിയാൻ പോലും ഒരു ഒഴിവ് കിട്ടിയിട്ടില്ല…. എല്ലാം ഒരുവിധം സൈഡ് ആക്കി ഹോസ്പിറ്റലിൽ എത്തുമ്പോ പാതിരാത്രിയായി…. വൈക്കുനേരം അമ്മയും ടീമും വീട്ടിലേക്ക് പോയപ്പോ തൊട്ട് ഞാൻ വരുന്ന വരെ അനന്തനാണ് അവൾക്ക് കൂട്ടിരുന്നത്…പാവം കുറെ ദിവസായി അവനും ഹോസ്പിറ്റലിൽ പോയിട്ട്…. പാലക്കാട്ടെ ഫേമസ് ഹോസ്പിറ്റലിൽ ആണ് അവൻ പ്രാക്ടീസ് ചെയ്യുന്നത്….എന്നും ഹോസ്പിറ്റലിൽ നിന്ന് വിളിക്കുന്നത് കേൾക്കാം…അവൻ ഓരോ ഒഴിവ് കിഴിവ് പറഞ്ഞ് ഇത്രയും നാൾ പിടിച്ഛ് നിന്നു… ഇന്ന് പക്ഷേ ഏറെ നിർബന്ധിതിച്ഛ് ഞാനവനെ നാട്ടിലേക്ക് അയച്ചു…. ഹോസ്പിറ്റലിൽ പോയി ഒന്ന് മുഖം കാണിച്ചു വേഗം തിരിച്ഛ് വരാമെന്ന് പറഞ്ഞാണ് അവൻ പോയത്……പതിയെ വാതിൽ തുറന്ന് റൂമിലേക്ക് കയറി…. നല്ല ഹൈ ഡോസ് മരുന്നാണ് അവൾക്ക് കൊടുത്തൊണ്ടിരിക്കുന്നത് അതോണ്ട് തന്നെ നല്ല ക്ഷീണം ഉണ്ടാക്കണം, ആള് നല്ല ഉറക്കാ….ശബ്‌ദം ഉണ്ടാക്കാതെ ഞാൻ അടുത്തുള്ള സ്റ്റൂളിൽ ഇരുന്നു കുറേ നേരം അവളെ തന്നെ നോക്കി…..ഒരു ഞെരുക്കത്തോടെ മൂളികൊണ്ട് പതിയെ അവള് ഉണരാൻ തുടങ്ങിയതും പോക്കറ്റിൽ നിന്ന് ഫോണെടുത്ത് പിടിച്ഛ് അതിലേക്ക് വേഗം നോക്കി…..
അവശതയോടെയാണ് അവൾ കണ്ണ് തുറന്നതെങ്കിലും എന്നെ കണ്ടപ്പോ ഒരു ചിരി വിരിഞ്ഞു…ഒരു തിളക്കമുള്ള മനോഹരമായ ചിരി….എന്നെ കണ്ട ആവേശത്തിൽ പെട്ടെന്ന് തല പൊക്കി എണീക്കാൻ നോക്കിയതും അവള് തലയിൽ കൈ വെച്ഛ് കൊണ്ട് നിലവിളിച്ചത് കേട്ട് ഞാൻ വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് ആഞ്ഞു അവളുടെ തലയിൽ കൈ വെച്ചു….”എന്താ….????എന്താ പറ്റിയത്…..????എന്തെങ്കിലും കുഴപ്പം ഉണ്ടോ…???ഞാൻ ഡോക്ടറെ വിളിക്കണോ..???”എന്നെ കണ്ണെടുക്കാതെ നോക്കി കിടന്ന് കൊണ്ട് വേദനയോടെ അവളൊന്ന് ചിരിച്ചു….” വേണ്ട….എനിക്ക് കുഴപ്പം ഒന്നു ഇല്ല… പെട്ടെന്ന് തല ഇളക്കിയപ്പോ വേദനിച്ചതാ…. കുറവുണ്ട്…..!!!”അധികം വാ തുറക്കാതെ ചെറിയ ശബ്ദത്തിൽ അവള് പറഞ്ഞത് കേട്ട് സമാധാനത്തോടെ ഞാൻ സ്റ്റൂളിലേക്ക് തന്നെ ഇരുന്നു വാത്സല്യത്തോടെ ചോദിച്ചു……”നല്ല വേദനയുണ്ടായിരുന്നോ….???””ഹ്മ്മം…….. ഉച്ചയ്ക്ക് ഒക്കെ നല്ലവേദനയായിരുന്നു….തല മുഴുവൻ കുത്തി പറിക്കുന്ന വേദന…അമ്മയും ദേവുവും നിമ്മിയും പോകുന്ന വരെ കിടക്കാനും ഇരിക്കാനും എന്തിന് അനങ്ങാൻ പോലും കഴിയാത്ത വേദനയായിരുന്നു…..അമ്മയ്ക്കും ദേവൂനും വിഷമവും…. ഞാൻ കരഞ്ഞാൽ,അതോണ്ട് കടിച്ഛ് പിടിച്ഛ് അവര് പോകുന്ന വരേ കിടന്നു……. പിന്നെ ഏട്ടൻ വന്ന് അടുത്തിരുന്ന് തലയിൽ മെല്ലെ തലോടി തന്നപ്പോ അല്പം ആശ്വാസം തോന്നി….പിന്നെ എപ്പഴോ ഞാൻ ഉറങ്ങി പോയി…. അല്ലാ,,,, ഏട്ടൻ എവിടെ….???”
~~~~~~~~~~~~~~~~~~~
“ആഹ് അവൻ നാട്ടിൽ പോയി…. കുറേ ദിവസം ആയില്ലേ ഹോസ്പിറ്റലിൽ പോയിട്ട്… ഇനി കുറച്ഛ് ദിവസം കഴിഞ്ഞേ വരൂ…..”ഏട്ടൻ പോയീന്ന് പറഞ്ഞപ്പോ എനിക്ക് സങ്കടം തോന്നി..എന്നോടൊരു വാക്ക് പറഞ്ഞിട്ട് പോകായിരുന്നു……..
ഇങ്ങു വരട്ടെ….. മിണ്ടില്ല ഞാൻ….കണ്ണ് തുറന്ന് സിദ്ധുനെ കണ്ട സന്തോഷത്തിൽ എണീക്കാൻ നോക്കിയതായിരുന്നു… വേദനയായപ്പഴാണ് തലയിലെ കെട്ടും എവിടെയാ കിടക്കുന്നത് എന്തിനാ കിടക്കുന്നത് ന്ന് ഒക്കെ ഓർമ വന്നത്…. ഞാൻ പെട്ടെന്ന് അലറിയപ്പോ സിദ്ധു ന്റെ മുഖത്ത് വെപ്രാളവും ടെൻഷനും നിറഞ്ഞത് കണ്ടപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി…. മുറിവ് എനിക്കാണെങ്കിലും വേദന അനുഭവിക്കുന്നത് സിദ്ധു ആണെന്ന് തോന്നും മുഖം കണ്ടാൽ…..ഏട്ടന്റെ കാര്യം പറഞ്ഞോണ്ടിരിക്കുമ്പഴാണ് സിദ്ധുന് ഒരു കാൾ വന്നത്… അവൻ കാൾ അറ്റൻഡ് ചെയ്തു സ്റ്റൂളിൽ നിന്ന് എണീറ്റ് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് സംസാരിക്കാൻ തുടങ്ങി…..

by