25/05/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 10

രചന – അശ്വതി അച്ചൂസ്

ദിയയുടെ വീട്ടിൽ എത്തിയപ്പോൾ നിച്ചു വേറെ ലോകത്ത് എത്തിയപോലെ തോന്നി.

മുറ്റത്തെ മാവിൽ അയാൾ അവൾക്കൊരു ഊഞ്ഞാൽ കെട്ടി കൊടുത്തു. അവൾക്ക് അവിടെ എല്ലാം ഓടി നടന്നു കൊതി മാറിയില്ലായിരുന്നു. രാത്രി വരെ അവൻ അവിടെല്ലാം ഓടി നടന്നു.
“നിച്ചു മതി മോളെ ഭക്ഷണം കഴിക്കാം ”
ഭക്ഷണം കഴിക്കുമ്പോൾ നിച്ചു അല്പം നിശബ്ദയായിരുന്നു.
“എന്താ മോളെ ”
“പപ്പയെ കാണാൻ തോന്നുന്നു അമ്മ ”
“എനിക്കും പപ്പാ നാളെ വരും മോളെ ”
അവളുടെ കണ്ണുകൾ തിളങ്ങി
“നാളെ വരുമോ ”
“ഉം ”
അവൾക്ക് സന്തോഷം തോന്നി.
രാത്രി അവൾ പ്രതീക്ഷയോടെ ഉറങ്ങി.

ഹരിക്ക് പക്ഷെ ഉറങ്ങാൻ കഴിഞ്ഞില്ല. ആദ്യമായാണ് നിച്ചുവിനെ പിരിഞ്ഞു നിൽക്കുന്നത്. പിന്നെ ദിയ എത്ര വർഷം കഴിഞ്ഞാണ് ഞാൻ അവളെ എന്റേത് ആക്കിയത്. എന്നിട്ട് ഇപ്പൊ അവളും ഇല്ല. അങ്ങോട്ട് പോകണോ വേണ്ട… പക്ഷെ പിറ്റേ ദിവസം അവന് പിടിച്ചു നിൽക്കാൻ ആയില്ല. രാത്രി അൽപ്പം മടിയോട് കൂടി ആണെങ്കിലും അവൻ അങ്ങോട്ട് ചെന്നു. അവനെ കണ്ടതും നിച്ചു ഓടി വന്നു
“പപ്പാ”
അവൻ അവളെ എടുത്തു നെഞ്ചോടു ചേർത്തു നിർത്തി.
‘കൈ വേദനയുണ്ടോ മോളെ ”
“ഇത്തിരി കൂടെ ഉണ്ട് പോകാൻ ”
“ആണോ ചക്കരെ ”
“അമ്മ പറഞ്ഞു പപ്പാ ഇന്ന് വരും എന്ന് ”
“എന്റെ മോള് കാത്തിരിക്കും എന്നറിയാം അതാ പപ്പ ഓടി വന്നത് ”
“ഓ ”
ദിയക്ക് അത് അത്ര ഇഷ്ടപെട്ടില്ല അവൾ മുഖം വീർപ്പിച്ചു
“അല്ലെങ്കിലും പപ്പാ കഴിഞ്ഞേ ഉള്ളു എന്റെ മോൾക്ക് ആരും അല്ലെ മോളെ ”
അവൻ അത് പറഞ്ഞു ദിയയെ നോക്കി
നിച്ചു അവന് കെട്ടിപിടിച്ചു കവിളിൽ ഉമ്മ നൽകി.
“ഇനി മോള് കളിച്ചോ പപ്പാ ഇപ്പോ വരാം ”
“ദിയ അവന് മാറാൻ ഉള്ള് ഡ്രസ്സ്‌ കൊടുക്ക് മോളെ ”
“ആ അച്ഛാ ”
അവളും അവന് പിന്നലെ ചെന്നു. മുറിയിൽ ചെന്ന പാടെ അവൻ വാതിൽ അടച്ചു.
ദിയ തിരിഞ്ഞു നോക്കി
“ഉം?”
“ഒന്നൂല്ല ”
“മോളെ കാണാൻ അല്ലെ വന്നേ കണ്ടില്ലേ പിന്നെന്താ ”
“മോളെ കണ്ടു പക്ഷെ മോളുടെ അമ്മയെ കണ്ടില്ല ”
“ഇപ്പൊ കണ്ടില്ലേ ”
“ഇങ്ങനെ കണ്ടാൽ പോരാ ”
ദിയ അവനെ ചോദ്യഭാവത്തിൽ നോക്കി
ഹരി പതിയെ അവളെ കെട്ടിപിടിച്ചു.
“വിട് ”
“ദിയ ”
“മര്യാദക്ക് വിട്ടോ ”
“ദിയ ”
അവൾ ബലം പിടിച്ചു അവനെ മാറ്റി.

നിച്ചു ഉറങ്ങിയപ്പോൾ ഹരി ദിയയുടെ അടുത്ത് വന്ന് കിടന്നു.
“പിണക്കാ ”
അവൾ മിണ്ടിയില്ല
“നീ കരുതും പോലെ അല്ല മോളെ നിച്ചുവിനെ അങ്ങനെ അബദ്ധത്തിൽ കൊണ്ട് പോയത് ഒന്നും അല്ല. അവളെ ടാർജറ്റ്‌ ചെയ്തു കൊണ്ടുപോയതാണ്”
ദിയ മറുപടി നൽകിയില്ല.
“ദിയ സോറി നിന്നെ വഴക്ക് പറഞ്ഞതല്ല. അവൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ ഞാൻ ഇത്ര നാളും ചെയ്തത് വെറുതെ ആകുമായിരുന്നു.ദിയ പ്ലീസ് ദിയ സോറി പറഞ്ഞില്ലേ ”
അവൻ പതിയെ അവളുടെ കവിളിൽ ചുമ്പിച്ചു. അവളെ തന്റെ ഇടതു കൈയിൽ കേറ്റി കിടത്തി. കൈയിൽ ചൂട് തട്ടിയപ്പോൾ ആണ് അവൾ കരയുകയായിരുന്നു എന്ന് മനസിലായത്
“ദിയ കരയാ. ഞാൻ സോറി പറഞ്ഞില്ലേ.”
അവൾ മറുപടി നൽകിയില്ല എങ്കിലും കണ്ണുകൾ തുടച്ചു.
“താങ്ക്സ് ”
“പോയ കാര്യമൊക്കെ ശരിയായോ ഹരിയേട്ടാ ”
“ഉം. പോയ കാര്യം ശരിയായി പക്ഷെ വന്ന കാര്യം ശരിയായില്ല ”
“ഉം ”
അവൾ അവന് നേരെ തിരിഞ്ഞു കിടന്നു.
“എന്നിട്ട്”
“എന്നിട്ട്… പത്തു വർഷം മുൻപ് അമ്മയുടെ ഷെയർ കിട്ടിയ വകയിൽ ആണ് ആദ്യമായി അച്ഛൻ ഒരു തുണികട തുടങ്ങുന്നത്. ”
ദിയ അവനെ അത്ഭുതത്തോടെ നോക്കി
“കഥയാടോ… ഇഷ്ടല്ലേ കഥ കേൾക്കാൻ ”
“ഉം ”
“ഇത് എന്റെ കഥയല്ല ”
“പിന്നെ ”
“നിന്റെ കഥയാണ് ”
“എന്റെയോ ”
“ആ കല്യാണമണ്ഡപത്തിൽ വെച്ച് വിവാഹം മുടങ്ങി പോയ ഒരു പെൺകുട്ടിയുടെ കഥ ”
അവൾ എഴുന്നേറ്റ് ഇരുന്നു”
“എന്തെ പറയണ്ടേ ”
“പെൺകുട്ടിയുടെ മാത്രം?”
“അല്ല അതിൽ ഒരു ചതിയൻ ഉണ്ടല്ലോ അയാളുടെയും ”
ദിയ അവന്റെ വായ പൊത്തി
“ചതിയനോ… അങ്ങനെ പറയല്ലേ ഹരിയേട്ടാ”
“പിന്നെ നിന്റെ കഥയിൽ ഞാൻ ഒരു ചതിയൻ തന്നെയല്ലേ ”
“എന്നാ പറയണ്ട ”
“എന്നാ ഹെഡിങ് ഒന്ന് മാറ്റം പോരേ… കഥ പറയണോ വേണ്ടേ ”
“പറ ”
“ഇടയ്ക്ക് ഒന്നും കേറി ചോദിക്കരുത് താൻ ”
“ഇല്ല… ഹരിയേട്ടൻ പറഞ്ഞോ ”
“അപ്പൊ എന്താ പറഞ്ഞത്…. അങ്ങനെ ആണ് തുണികട തുടങ്ങിയത് ”
“ഉം ”
“അച്ഛന്റെ കൂട്ടുകാരൻ ഒരു രാമകൃഷ്ണൻ ആയിരുന്നു അച്ഛന് അന്ന് കൂട്ട്. ഞാൻ ഡിഗ്രി ചേർന്നതെ ഉണ്ടായിരുന്നുളൂ. അത് കംപ്ലീറ്റ് ചെയ്തപ്പോൾ ഞാനും അച്ഛനൊപ്പം കൂടി. നല്ല രീതിയിൽ ആണ് അത് പോയിരുന്നത് എങ്കിലും വലിയ ലാഭം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും നഷ്ടം ഇല്ലായിരുന്നു എന്നതാണ് സമാധാനം. ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി ഒപ്പം ചേർന്നു. ആറുമാസം കൊണ്ട് അവൻ…. വിനയൻ ഒരു കാര്യം കണ്ടു പിടിച്ചു. ഈ നാളുകളിൽ ഒക്കെ ഓരോ മാസവും. ഓരോ ലക്ഷം രൂപ വീതം നഷ്ടമായിരുന്നു. അതും ഒന്നിച്ചല്ല.3000,5000,10000, ഇങ്ങനെ ഒക്കെ ആണ്. ആദ്യം ഞാൻ വിശ്വസിച്ചില്ല. പക്ഷെ തെളിവ് നിരത്തി കഴിഞ്ഞ അഞ്ചു വർഷമായി ഇത് തന്നെ അയാളുടെ പണി എന്ന് അറിഞ്ഞപ്പോൾ ചങ്ക് തകർന്നു പോയി. അധികം ഒന്നും ആലോചിക്കേണ്ടി വന്നില്ല പുതിയ തലമുറക്ക് കൈ മാറുന്നു എന്ന് പറഞ്ഞ് അച്ഛൻ ആദ്യം കൂട്ടുകാരനെ പുറത്താക്കി പിന്നെ സ്വയം ഒഴിഞ്ഞു.
ഞാനും വിനയനും കൂടി ഒരു കൊല്ലം കഷ്ടപ്പെട്ട് പരിശ്രെമിച്ചു. ഒടുവിൽ അതുപോലെ ഒരു ഷോപ്പ് കൂടെ തുറന്നു. അവനെ പോലെ വിശ്വസിക്കാൻ പറ്റാവുന്ന വേറെ ആരെയും കിട്ടാത്തത് കൊണ്ട് അവനെ ഞാൻ എപ്പോഴും കൂടെ കൂട്ടി. പല ദിവസങ്ങളിലും എന്റെ വീട്ടിലും അവൻ ഉണ്ടായിരുന്നു. ഞാൻ എങ്ങനെ ആണോ അതുപോലെ പൂർണ സ്വാതന്ത്ര്യത്തോടെ അവനും എന്റെ വീട്ടിൽ കഴിഞ്ഞു. പിന്നീട് എപ്പോഴാണ് എന്റെ കണക്കുകൾ തെറ്റിയത് എന്നറിയില്ല. ഒരുപാട് നാളുകൾക്കു ശേഷം എന്റെ അനിയത്തി ശ്രീബാലയുടെ കല്യാണം വന്നെത്തി. അച്ഛനും അമ്മയും നിലത്തൊന്നും ആയിരുന്നില്ല എന്ന് തോന്നിപോയി. ആകെ ഉള്ള ഒരു പെൺകുട്ടി അവളുടെ വിവാഹം അച്ഛൻ കണ്ട സ്വപ്നങ്ങളിൽ ഏറ്റവും വലുതും പ്രിയപ്പെട്ടതും. പക്ഷെ….”
ദിയ അവന്റെ മുഖത്തേക്ക് നോക്കി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഹരി…. അടച്ചു പൂട്ടിയ ഓർമകളുടെ മണം പേറുന്ന മുറികളിൽ ഒന്നിന്റെ ജാലകം തുറക്കാൻ പോവുകയാണ്. അതിന്റെ വേദനയും ആഴവും പുറത്ത് നിന്ന് നോക്കിയാൽ തനിക്ക് കാണാൻ ആകുമോ എന്നറിയില്ല. എന്നാലും താൻ അത് അറിയാൻ ശ്രെമിക്കുകയാണ് ഹരി പറഞ്ഞ പോലെ കതിർമണ്ഡപത്തിൽ വെച്ച് വിവാഹം മുടങ്ങിപ്പോയ ഒരു പെൺകുട്ടിയുടെ കൂടെ കഥ.

********

പ്രഭാകരൻ ഭക്ഷണം കഴിക്കാൻ ഇരിക്കാൻ തുടങ്ങുകയായിരുന്നു.
സീതേ മോളെ വിളിക്ക് ഇന്ന് കൂടെ അല്ലെ ഇങ്ങനെ ഇരുന്ന് കഴിക്കാൻ പറ്റൂ ”
“അങ്ങനെ പറയല്ലേ അച്ഛാ ”
“അതേടാ ഹരി സത്യം. അത് തന്നെ ആണ്. നീ വാ നമുക്ക് എല്ലാർക്കും ഒന്നിച്ച് ഇരിക്കാം ”
“ഹും… ശരി. അമ്മ ഇതെവിടെ പോയി കിടക്കുന്നു ”
“ഏട്ടാ…. അയ്യോ ”
എന്ന ശബ്ദം കേട്ട് ആദ്യം അവർ ഒന്ന് ഞെട്ടി.
“അമ്മയുടെ ശബ്ദം അല്ലെ അച്ഛാ അത് ”
“അതേടാ വാ ”
അവർ മുകളിലേക്ക് പാഞ്ഞു. മുറിയിലേക്ക് കടക്കാൻ വയ്യ അത്രക്ക് ആളുകൾ ഉണ്ട്. ഹരി അവരെ തള്ളി മാറ്റി അകത്തേക്ക് ചെന്നു. സീത മുറിയിൽ തളർന്നു ഇരിപ്പുണ്ട്.
“എന്താ അമ്മേ എന്ത് പറ്റി “.
അവർ കൈയിൽ കരുതിയ കടലാസ് അവന് നേരെ നീട്ടി.
“അച്ഛാ,
അച്ഛനും അമ്മയും എന്നോട് ക്ഷെമിക്കണം. വേറെ ഒരു നിവർത്തിയും. ഇല്ലാഞ്ഞിട്ടാണ്. അച്ഛനോട്. പറയാനുള്ള ധൈര്യവും ഇല്ല അതാ. ഈ തലേ ദിവസം വരെ കാത്തിരിക്കേണ്ട കാര്യം ഇല്ലായിരുന്നു എന്ന് എനിക്കറിയാം. പക്ഷെ അമ്മേ ഇന്ന് കഴിഞ്ഞാൽ പിന്നേ നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഉണ്ടാകില്ല എന്നറിയാം.ഞങ്ങളും ഉണ്ടാകില്ല അമ്മേ. നിങ്ങളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കും വിനയേട്ടനും ഇല്ല
മാപ്പ്…. ഒരായിരം മാപ്പ്.

വിനയൻ….
ഒരു നിമിഷം പ്രഭാകരൻ കുഴഞ്ഞു വീണു. ആശുപത്രിയിലേക്ക് ഓടുകയായിരുന്നു എന്ന് വേണം പറയാൻ.
ഓപ്പറേഷൻ തീയേറ്ററിൽ കയറും മുന്ന്
പ്രഭാകരൻ ഹരിയെ അടുത്ത് വിളിച്ചു.
“ഞാൻ ചത്താൽ പോലും അവളെ കാണിക്കരുത്. ഈ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്നത് അവളെയാണ് “. ഹരിക്ക് എന്ത് വേണം എന്നറിയില്ലായിരുന്നു. അവളെ അന്വേഷിക്കണോ വേണ്ടേ അതും അറിയില്ല.
പതിയെ പതിയെ ജീവിതം തിരികെ വന്നു. എല്ലാം ഒന്ന് ഓക്കേ ആയപ്പോൾ ഹരി പതിയെ അന്വേഷണം ആരംഭിച്ചു. മൂന്നാറിൽ ഒരു വാടക വീട്ടിൽ ആണ് അവർ താമസം എന്ന് ഒരു സുഹൃത്ത് മുഖേന അറിഞ്ഞു. സ്റ്റോക് എടുക്കാൻ എന്ന കള്ളം പറഞ്ഞ് അവൻ യാത്ര തുടങ്ങി. മൂന്നാർ അടുത്ത് തുടങ്ങിയപ്പോൾ തന്നേ വസ്ത്രത്തിന് ഉള്ളിൽ കൂടി തണുപ്പ് അടിച്ചു തുടങ്ങിയിരുന്നു. മഞ്ഞ് പരന്നു കിടക്കുന്ന മുറ്റം കടന്ന് അവൻ ചെല്ലുമ്പോൾ ആ വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. അവൻ ച്ചുറ്റും ഒന്ന് നോക്കി. ഒരു ചെറിയ വീട്. എങ്ങനെയാണ് അവൾ ഇവിടെ ജീവിക്കുന്നത് എന്ന് അവൻ അത്ഭുതപെട്ടു. കോളിങ് ബെൽ അടിച്ചു അവൻ കാത്തു നിന്നു.
വാതിൽ തുറന്നത് വിനയൻ ആയിരുന്നു. ഹരിയെ കണ്ടു അവൻ ഒന്ന് അമ്പരന്നു. അവനെ ഒന്ന് കലിപ്പിച്ചു നോക്കി.
ഹരി അകത്തേക്ക് കടന്നു. വിനയന് എന്തോ പറയണം എന്നുണ്ടായിരുന്നു പക്ഷെ ധൈര്യം വന്നില്ല.
ശ്രീബാല അടുക്കളയിൽ എന്തോ പാചകം ആണ്.
“ആരാ വിനയേട്ടാ….”
ഹരി തിരിഞ്ഞു അവനോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു.
“അത്…ആരും ഇല്ല ശ്രീ ”
“ആ… വിനയേട്ടന് അറിയോ… എന്റെ ഹരിയേട്ടന് ഈ സേമിയ ഉപ്പുമാവ് വളരെ ഇഷ്ടമാണ്. മുന്തിരിയും അണ്ടിപരിപ്പും പൊട്ടു കടലയും ഒക്കെ ഇട്ട് ഉണ്ടാക്കുന്നത്. ഇതൊന്ന് കഴിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്നാഗ്രഹിക്കുകയാണ്. പക്ഷെ.. ആ പറഞ്ഞിട്ട് കാര്യം ഇല്ല. എന്നെ പറഞ്ഞാ മതി ”
വിനയന്റെ മറുപടി ഇല്ലാഞ്ഞിട്ടാകും സ്റ്റൗ ഓഫ് ചെയ്തു ശ്രീ ഒന്ന് തിരിഞ്ഞു നോക്കി.
ഹരിയെ കണ്ടു അവൾ ഒന്ന് പകച്ചു. സത്യമാണോ അതോ… അവൾ കണ്ണുകൾ തിരുമി ഒന്നൂടെ നോക്കി.
“ഏട്ടാ ”
അവൻ ഒന്നും മിണ്ടിയില്ല.എത്ര നാളുകൾക്കു ശേഷമാണ് അവളെ കാണുന്നത്. അവൻ പതിയെ നടന്നു അവൾക്ക് അരികിൽ എത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ഹരിക്ക് ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
“മോളെ ”
“ഏട്ടാ ”
ഒരു തേങ്ങലോടെ അവൾ അവനോട് ചേർന്നു.
“എന്നോട് ക്ഷെമിക്കു ഏട്ടാ… മാപ്പ് ചോദിക്കാൻ പോലും ഉള്ള അർഹത എനിക്കില്ല എന്നറിയാം ഏട്ടാ. ”
“സാരല്യ… സാരല്യ മോളെ ”
“എന്നാലും ഏട്ടൻ വന്നല്ലോ… സന്തോഷായി ഏട്ടാ ”
ഹരി അവളുടെ മിഴികൾ തുടച്ചു നെറ്റിയിൽ ഉമ്മ വെച്ചു.

(തുടരും )