19/04/2026

നിനക്കായ് : ഭാഗം 20

രചന – കണ്ണന്റെ മാത്രം

ജെനി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും സോഫിക്ക് ടെൻഷൻ ആയി. ഇനി അവളെങ്ങാനും പിരിയാൻ തയാറാവാതെ നിന്നാൽ ആകെ പ്രശ്നമാകും. അലക്സിന്റെ വീട്ടുകാർ എല്ലാം അവളുടെ കൂടയെ നിൽക്കൂ എന്ന് സോഫിക്ക് നല്ല ഉറപ്പുണ്ട്. അതോടെ അലക്സും ചിലപ്പോ അവളെ കൈ വിടും എന്നും അവൾക്കറിയാം. അവന് അത്ര കണ്ട് വീട്ടിക്കാരെ ധിക്കരിക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ല. അങ്ങനെ വന്നാൽ അവളും ജനിക്കാനിരിക്കുന്ന കുഞ്ഞും വഴിയാധാരം ആവുമെന്നും അവൾക്ക് തോന്നി. അവൾ ഉറച്ച തീരുമാനത്തോടെ ജെനിയുടെ നേരെ നടന്നുകൊണ്ട് പറഞ്ഞു.

ജെനി എനിക്കറിയാം ഞങ്ങൾ തെറ്റാണ് ചെയ്യ്തത് എന്ന്. പക്ഷേ നീ ഇച്ചായന്റെ മാനസികാവസ്ഥ മനസിലാക്കണം. നാല് കൊല്ലത്തോളം കാത്തിട്ടും നിനക്ക് ഇച്ചായന് ഒരു അനന്തരാവകാശിയെ കൊടുക്കാൻ കഴിയുന്നുണ്ടായില്ലല്ലോ. അതുകൊണ്ടാണ് ഇച്ചായൻ എന്റെ അടുക്കലേക്ക് വന്നത്. എനിക്കും എന്തോ ഇച്ചായനെ കണ്ടപ്പോൾ മുതൽ ഒരിഷ്ടം ഉണ്ടായിരുന്നു. പിന്നെ ആ മനസ്സ് ഒരു കുഞ്ഞിന് വേണ്ടി എത്രയാ ആഗ്രഹിക്കുന്നത് എന്ന് മനസിലായപ്പോൾ ആണ് ഞാൻ ഇച്ചായന്റെ കൂടെ ഒരുമിച്ച് കഴിയാൻ തീരുമാനിച്ചത്. ശരിയാണ് തെറ്റാണ് ഞങ്ങൾ ചെയ്യ്തത്. ആ തെറ്റ് ചെയ്യാൻ കുറച്ചൊക്കെ കാരണം നിന്റെ കഴിവുകേട് തന്നെ അല്ലേ.

സോഫി അത് പറഞ്ഞതും അവിടെ ഇരുന്ന എല്ലാവരും ഞെട്ടിക്കൊണ്ട് എഴുന്നേറ്റു. അന്നയും ക്രിസ്റ്റിയും ദേഷ്യത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു. അന്ന സോഫിക്ക് നേരെ വരാൻ പോയതും ജെനി അവളെ കണ്ണുകൊണ്ട് വിലക്കി.

എന്റെ എന്ത് കഴിവുകേട് എന്നാണെന്ന് ആണ് നീ ഉദ്ദേശിച്ചത്. ജെനി ശാന്തമായ സ്വരത്തിൽ സോഫിയോട് ചോദിച്ചു.

ഒരു കുഞ്ഞിനെ കൊടുക്കാൻ ഉള്ള കഴിവ് ഇല്ലാത്തത് തന്നെ ഒരു കഴിവുകേട് അല്ലേ.  ശരിയാ നീ ഗർഭിണി ആയിരുന്നു. പക്ഷേ അതിനെയും കർത്താവ് തിരികെ വിളിച്ചില്ലേ. അപ്പൊ അങ്ങനെ ഒരു ബന്ധവും നിങ്ങൾക്കിടയിൽ ഇല്ല. അതുകൊണ്ട് ഇനിയെങ്കിലും നീ ഇച്ചായന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാതെ ഒന്ന് ഒഴിഞ്ഞ് പോണം. ഞങ്ങൾക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ ആലോചിച്ചെങ്കിലും പ്ലീസ് ജെനി. ഒരു അമ്മയാവാൻ വരെ ഭാഗ്യം ഇല്ലാത്ത നീ ഇനിയും ഇച്ചായന്റെ ജീവിതത്തിൽ തുടർന്ന് എന്തിനാ വെറുതെ ആളുടെ ജീവിതം പാഴാക്കുന്നെ… സോഫി പറഞ്ഞു നിർത്തിയതും അവളുടെ ഇടത് കവിളിൽ ജെനിയുടെ കൈപതിഞ്ഞതും ഒരുമിച്ചായിരുന്നു.

അവിടെ നിന്നിരുന്ന എല്ലാവരും ഞെട്ടിപ്പോയി. ജെനിയുടെ ഭാഗത്ത്‌ നിന്ന് ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചില്ല. ക്രിസ്റ്റിയും എബിയും അന്നയുമെല്ലാം ഞെട്ടിപ്പോയെങ്കിലും അവർക്കെല്ലാം ഒരുപാട് സന്തോഷമായി. സോഫിയുടെ വാക്കുകൾ അവരെ അത്രെയും ദേഷ്യം പിടിപ്പിച്ചിരുന്നു. ഏറ്റവും ഞെട്ടൽ അലക്സിനായിരുന്നു. ജെനിയുടെ ഇങ്ങനെ ഒരു പ്രതികരണം അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ഇതെന്തിനാണ് നിനക്ക് തന്നതെന്നറിയാമോ സോഫി എന്റെ കുഞ്ഞിനെ കുറിച്ച് നിന്റെ വൃത്തികെട്ട നാവുകൊണ്ട് പറഞ്ഞതിന്. നിനക്കോ നിന്റെ മറ്റവനോ ആ കുഞ്ഞിനെ കുറിച്ച് പറയാൻ ഉള്ള യാതൊരു വിധ അധികാരവും ഇല്ല. നീയൊരു ഗർഭിണി ആയതുകൊണ്ട് ആണ് ഒന്നിൽ ഞാൻ നിർത്തിയത്. ഇതെങ്കിലും തന്നില്ലെങ്കിൽ എന്റെ കുഞ്ഞ് പോലും എന്നോട് ക്ഷമിക്കില്ല. പിന്നെ അയാളുടെ ജീവിതത്തിൽ കടിച്ചു തൂങ്ങിയ കാര്യം അത് ഞാനാണോ നീയാണോ എന്ന് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്. ഇനി അയാളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് പോകുന്ന കാര്യം അതിന് ഒരേഒരു മറുപടിയെ ഉള്ളൂ..
ഒരിക്കൽ ഛർദിച്ചത് പിന്നെ ഞാൻ കഴിക്കാറില്ല എന്തിന് നോക്കാറുപോലും ഇല്ല. അതുകൊണ്ട് ആ വേസ്റ്റ് നീ തന്നെ എടുത്തോ…

അലക്സിന് ജെനിയുടെ സംസാരത്തിൽ ആകെ അപമാനം തോന്നി. അവൻ ആരെയും നോക്കാതെ തല കുനിച്ച് നിന്നു. സോഫിക്കും ഇപ്പൊ നടന്നത് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. അലക്സ് പറഞ്ഞുകേട്ടിട്ടുള്ള ജെനി അത്രയും പാവം ആയ പെൺകുട്ടി ആയിരുന്നു. ഇതിപ്പോ…. അവൾക്ക് കവിളിൽ നല്ല വേദന തോന്നി.

അന്നക്ക് ഒരു വിസിൽ അടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു ജെനിയുടെ സംസാരം കേട്ടിട്ട്. പിന്നെ അവളുടെ മനസ്സ് മനസിലാക്കിയത് പോലെ എബി അവളെ നോക്കി കണ്ണുരുട്ടി കാട്ടിയത് കൊണ്ട് അവൾ ഡീസന്റ് ആയി നിന്നു.

ക്രിസ്റ്റി… ജെനി വിളിച്ചതും  ക്രിസ്റ്റി അവന്റെ കൈയിലുള്ള ഡോക്യുമെന്റ്സ് ജെനിക്കു കൊടുത്തു.. അവൾ അതും കൊണ്ട് അലക്സിന്റെ അടുത്തേക്ക് പോയി അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

ദാ ഇതിൽ ഒരു സൈൻ വേണം. മ്യൂച്ചൽ ഡിവോഴ്സിനുള്ളതാണ്. ഞാൻ സൈൻ ചെയ്തിട്ടുണ്ട് താനും കൂടിയും സൈൻ ചെയ്താൽ അത് കോർട്ടിൽ കൊടുക്കാമായിരുന്നു.

അത് പിന്നെ ജെനി….

അപ്പോഴേക്കും അവൾ കൈയുർത്തി അവനെ തടഞ്ഞിരുന്നു. ജെനിഫർ അങ്ങനെ മതി. പിന്നെ തന്റെ കൈയിൽ നിന്ന് എനിക്ക് ഒന്നും വേണ്ട ഈ ബന്ധത്തിൽ നിന്ന് ഒരു മോചനം അല്ലാതെ..

അപ്പോഴേക്കും അടി കിട്ടിയ ഹാങ്ങോവർ മാറി സോഫി അവന്റെ അടുത്തേക്ക് വന്നിരുന്നു.
ഇച്ചായാ ഒപ്പിട്ട് കൊടുത്തോ..

സോഫി അത് പറഞ്ഞതും അലക്സ് അവളെ ഒന്ന് നോക്കികൊണ്ട്‌ അതിൽ ഒപ്പിട്ട് ജെനിക്ക് കൊടുത്തു. ജെനി അത് വാങ്ങി അടുത്ത നിമിഷം ജെനിയുടെ കൈ ഒന്നുകൂടി ഉയർന്നുതാണു. അലക്സ് അടി കിട്ടിയ കവിളിൽ കൈ വച്ചുകൊണ്ട് ജെനിയെ മിഴിച്ചുനോക്കി നിന്നു.
അവിടെ ഉണ്ടായിരുന്ന ജെനിയുടെ വീട്ടുകാരും അന്നയും ഒഴികെ ബാക്കി ഉള്ള എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞു പോയി. ജെനിയുടെ വീട്ടുകാർക്കും അന്നക്കും അറിയാം ജെനിക്ക്
ദേഷ്യം വന്നാൽ അവൾ ശക്തമായി തന്നെ പ്രതികരിക്കുമെന്ന്. എളുപ്പംകൊണ്ടൊന്നും ദേഷ്യം വരാറില്ല അവൾക്ക് എന്ന് മാത്രം.

ചിറയത്തുകാർക്ക് കണ്ട കാഴ്ചകൾ വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. ജെനിയുടെ ഇങ്ങനെ ഒരു രൂപം അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പൂച്ചയെ പോലെ പതുങ്ങി പതുങ്ങി നടന്നിരുന്ന ആളാണ് ഇപ്പൊ പുലിയെ പോലെ ചീറിക്കൊണ്ട് നിൽക്കുന്നത്. എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞ് തന്നെ ഇരുന്നു.

ഇതെന്തിനാ എന്നറിയോ ഇവളെ പോലെ ഒരുത്തിയെ തൊട്ട കൈകൊണ്ട് നീ പിന്നെയും പിന്നെയും എന്നെ തൊട്ടതിന്. സോഫിയെ ചൂണ്ടികാട്ടികൊണ്ട് അവൾ പറഞ്ഞു.ശരിക്കും നിന്നെ ഒക്കെ ചെരുപ്പിനടിക്കുക ആണ് വേണ്ടത് പക്ഷേ എന്റെ സംസ്കാരം അതിന് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇതിൽ ഒതുക്കിയത്. ഇവൾ പറഞ്ഞതിൽ ഒരു കാര്യം ശരിയാ..
ജെനി അത് പറഞ്ഞപ്പോൾ അലക്സും സോഫിയും എന്ത് എന്ന രീതിയിൽ ജെനിയെ നോക്കി.

എന്റെ കഴിവുകേടിനെ കുറിച്ച് പറഞ്ഞില്ലേ അത്. ശരിയാ ഞാൻ കഴിവുകെട്ടവൾ ആണ്. അത് പക്ഷേ നീ പറഞ്ഞതുപോലെ ഒരു അമ്മയാവാൻ കഴിയാത്തത് അല്ല. ദേ ഇവനെ പോലെ ഒരു ആണുംപെണ്ണും കെട്ടവന്റെ കൂടെ അവനെ സ്നേഹിച്ചും വിശ്വസിച്ചും ഇത്രേം കാലം ജീവിച്ചില്ലേ അത് എന്റെ കഴിവുകേട് തന്നെ ആണ്. കഴിഞ്ഞ ഒന്നരകൊല്ലം ആയിട്ട് ഇവന്റെ മാറ്റങ്ങൾ മനസിലായിട്ടും അത് അവന്റെ ബിസിനസ്സിൽ ഉള്ള ടെൻഷൻ കൊണ്ടാവും എന്ന് കരുതി അവന്റെ അവഗണന നേരിട്ട് ഞാൻ ഇവിടെ ജീവിച്ചില്ലേ അതെന്റെ കഴിവുകേട് തന്നെ ആണ്. നിന്റെ ജീവിതത്തിൽ നീ അങ്ങനെ ഒരു കഴിവുകേട് കാണിക്കാതെ നോക്കിക്കോ സോഫി.. ജെനി സോഫിയുടെ ഉള്ളിലേക്ക് ഒരു കരട് ഇട്ടുകൊടുത്തുകൊണ്ട് പറഞ്ഞു നിർത്തി.

അപ്പച്ചാ.. പപ്പേ.. ജെനി രണ്ടാളെയും വിളിച്ചു.

എന്താ മോളെ…രണ്ടാളും ഒരേപോലെ വിളികേട്ടു.

കേസും കൂട്ടവും ഒന്നും വേണ്ട ഇനി. എനിക്ക് അതിന്റെ ഒന്നും പിന്നാലെ പോകാൻ താൽപ്പര്യം ഇല്ല. ഇന്നത്തോടെ ഇവനും ആയിട്ടുള്ള സകല ബന്ധവും അവസാനിച്ചു.. ജെനി അത് പറഞ്ഞതും

മോളെ ജെനി.. ആനിയമ്മ കരഞ്ഞുകൊണ്ട് വിളിച്ചു.

ജെനി നേരെ അവരുടെ അടുത്തേക്ക് ചെന്ന് അവരുടെ കൈ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു അയാളും ആയിട്ടുള്ള ബന്ധം മാത്രേ അവസാനിച്ചിട്ടുള്ളൂ. നിങ്ങൾ എല്ലാവരും എല്ലാ കാലത്തും എന്റെ പപ്പയും മമ്മിയും വല്യപ്പച്ചനും വല്യമ്മച്ചിയും തന്നെ ആണ്. പക്ഷേ അയാളും ആയിട്ടുള്ള ബന്ധം ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് കഴിയില്ല മമ്മി.

വേണ്ട മോളെ അവനെ പോലെ ഒരു ചതിയന്റെ കൂടെ ജീവിക്കേണ്ട എന്റെ മോള്.

അപ്പച്ചാ നമുക്ക് പോയാലോ.. ജെനി ചോദിച്ചു.

മ്മ്… മോൾക്ക് ഇവിടെ നിന്ന് വല്ലതും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തിട്ട് വായോ. നമുക്ക് പോകാം.. മാത്യൂസ് പറഞ്ഞു.

ജെനി അത് സമ്മതിച്ചുകൊണ്ട് അന്നയെ ഒന്ന് നോക്കി. അതോടെ അന്നയും ജെനിയുടെ കൂടെ അവളുടെ റൂമിലേക്ക് പോയി..

അപ്പോൾ വർഗീസേ എന്റെ ആവശ്യം കഴിഞ്ഞില്ലേ ഞാനും അങ്ങോട്ട് പോയാലോ.. അച്ചൻ വല്യപ്പച്ചനെ നോക്കികൊണ്ട്‌ പറഞ്ഞു.

വരട്ടെ അച്ചോ എന്റെ സ്വത്തുക്കളുടെ ഭാഗംവെപ്പും ഉണ്ട്. അതുകൂടി കഴിഞ്ഞിട്ട് പോകാം. അത് കേട്ടതും സോഫിക്കും അലക്സിനും സമാധാനം ആയി. എന്തായാലും സ്വത്തുക്കൾ എങ്കിലും കിട്ടുമല്ലോ…

വക്കീലേ.. വല്യപ്പച്ചൻ വിളിച്ചതും അവിടെ നിന്നിരുന്ന അവരുടെ വകീൽ ഉള്ളിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു..
വർഗീസ് അദ്ദേഹത്തിന്റെ പേരിൽ ആയിട്ടുള്ള ഈ വീട് സൂപ്പർമാർക്കെറ്റ് ടൗണിൽ ഉള്ള കടമുറികൾ റബ്ബർ തോട്ടം എന്നിവ ആണ് ഭാഗം വെക്കുന്നത്. ഇതൊക്കെ തറവാട്ടുവക സ്വത്തുക്കൾ ആയതുകൊണ്ട് എല്ലാവർക്കും അവകാശം ഉണ്ട്. ടൗണിൽ ഉള്ള കടമുറികൾ ആലീസിനും സൂപ്പർമാർക്കെറ്റും റബ്ബർ തോട്ടം അലക്സിനും ഈ വീടും ഇതിരിക്കുന്ന ഒന്നര
ഏക്കർ ഭൂമി വർഗീസിന്റെ കാലശേഷം ജോസഫിനും എന്ന രീതിയിൽ ആണ് ഒസ്യത് ആക്കിയിട്ടുള്ളത്.

ഇച്ചായാ അപ്പൊ ഫിനാൻസോ.. സോഫി അലക്സിന്റെ ചെവിയിൽ ആയി പതിയെ ചോദിച്ചു…

അല്ല വല്യപ്പച്ചോ അപ്പൊ ഫിനാൻസോ അതിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ അലക്സ് ചോദിച്ചു.

ചിറയത്തുകാർ എല്ലാവരും അവനെ നിരാശയോടെ നോക്കി. അവൻ ഇത്രേം തരംതാണല്ലോ എന്നാണ് അവർ ചിന്തിച്ചത്..

ഫിനാൻസിന്റെ കാര്യം ഇവിടെ പറയേണ്ട ഒരു കാര്യവും ഇല്ല. പിന്നെ തറവാട്ടുവക സ്വത്തുക്കൾ മാത്രമേ ഭാഗം വച്ചിട്ടും ഉള്ളൂ… വല്യപ്പച്ചൻ ഗൗരവത്തോടെ പറഞ്ഞു.

അപ്പൊ ഫിനാൻസ് തറവാട്ടുവക സ്വത്ത്‌ അല്ലേ.. അലക്സ് ചോദിച്ചു.

അല്ല..അത് ജോസഫ് അഞ്ചുകൊല്ലത്തോളം ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് കിട്ടിയ പൈസകൊണ്ട് തുടങ്ങിവച്ചതാണ്. അത് എന്ത് ചെയ്യണം എന്ന് ഇവൻ അല്ലേ തീരുമാനിക്കുന്നത്.

അതേ അതെന്റെ തീരുമാനം ആണ് ആർക്ക് കൊടുക്കണം എന്നുള്ളത്. അതെന്റെ കാലശേഷം അന്നമോൾക്കും ജെനിമോൾക്കും എന്ന് ഞാൻ എഴുതിവച്ചിട്ടുണ്ട്.

അത് കേട്ടതും ജെനിയുടെ വീട്ടുകാർ മുഴുവൻ ഞെട്ടി.  ജോസഫ് ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് അവർ ആരും കരുതിയില്ല.

ഏറ്റവും നടുക്കം വന്നത് അലക്സിനും സോഫിക്കും ആണ്. ചിറയത്തെ ആദായം മുഴുവൻ ആ ഫിനാൻസിൽ നിന്ന് ഉള്ളതാണെന്ന് അലക്സിന് അറിയാം. സൂപ്പർമാർക്കെറ്റ് കൊണ്ടും റബ്ബർ തോട്ടം കൊണ്ടും ഇപ്പോ വലിയ പ്രോഫിറ് ഒന്നും ഇല്ല. അതാണ് ഇപ്പൊ തനിക്ക് കിട്ടാതെ മറ്റുള്ളവർക്ക് പോകുന്നത്. അലക്സിന് തല കറങ്ങുന്നത് പോലെ തോന്നി.

പപ്പേ.. ഞാൻ അല്ലേ പപ്പയുടെ മകൻ അപ്പൊ എനിക്കല്ലേ അതിൽ അവകാശം. അത് മറ്റുള്ളവർക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ കേസിനു പോകും.. അലക്സ് വീറോടെ പറഞ്ഞു.

നീ എന്തിന്റെ പേരിൽ കേസിനു പോകും. അത് ഞാൻ ഉണ്ടാക്കിയ സ്വത്ത്‌ ആണ് അപ്പൊ അത് ആർക്ക് കൊടുക്കണം എന്ന് എനിക്ക് തീരുമാനിക്കും. പിന്നെ  നീ എന്റെ മോനായ കാര്യം. എനിക്ക് ഒരു മകൻ ഉണ്ടായിരുന്നു. അവൻ എന്റെ പേരകുട്ടി മരിച്ച അന്ന് തന്നെ മരണപ്പെട്ടു. ഇപ്പൊ എനിക്ക് ഒരു മകൾ മാത്രമേ ഉള്ളൂ. എന്റെ ജെനിമോള്.

അതുകൂടി കേട്ടതും അലക്സിന് മനസിലായി എല്ലാം തന്റെ കൈയിൽ നിന്നും പോയി എന്ന്. അന്ന് കുഞ്ഞ് മരിച്ച ദിവസം പപ്പ അങ്ങനെ പറഞ്ഞെങ്കിലും അത് അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞതാണന്നെ അവൻ കരുതിയിരുന്നുള്ളൂ. പക്ഷേ അല്ല പപ്പ തീരുമാനിച്ചു തന്നെ പറഞ്ഞതാണ്… അവൻ നിരാശയോടെ ആലോചിച്ചു.

അപ്പോഴാണ് ജെനിയും അന്നയും ജെനിയുടെ സാധനങ്ങളും ആയിട്ട് അങ്ങോട്ട് വന്നത്. ക്രിസ്റ്റിയും എബിയും കൂടി അവളുടെ കൈയിൽ നിന്നും അത് വാങ്ങി നേരെ അവരുടെ വണ്ടിയിൽ കൊണ്ട് വച്ചു. ജെനി നേരെ വല്യപ്പച്ചന്റെ അടുത്തേക്ക് പോയി.

പോട്ടെ വല്യപ്പച്ചാ.. ജെനി അയാളെ ഒന്ന് പുണർന്നുകൊണ്ട് പറഞ്ഞു.

എന്നും സന്തോഷമായിട്ട് ഇരിക്കണം എന്റെ കൊച്ച്.. കേട്ടല്ലോ.. വല്യപ്പച്ചനും അവളെ പുണർന്നുകൊണ്ട് നിറഞ്ഞ കണ്ണോടെ പറഞ്ഞു. ജെനിയുടെ കണ്ണുകളും നിറഞ്ഞു.

അവൾ നേരെ ആനിയമ്മയുടെയും വല്യമ്മച്ചിയുടെയും അടുത്തേക്ക് പോയി..

മമ്മി വല്യമ്മച്ചി.. പോട്ടെ.. അവർ രണ്ടുപേരും അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് കരഞ്ഞു.

എന്നോട് ക്ഷമിക്ക് മോളെ.. ഞാൻ കാരണം അല്ലേ മോളുടെ കല്യാണം ഇവനെ പോലെ ഒരുത്തനുമായിട്ട് നടന്നത്. സത്യമായിട്ടും മമ്മിക്ക് അറിയില്ലായിരുന്നു ഇവൻ ഇത്രേം വൃത്തികെട്ടവൻ ആണെന്ന്. എന്റെ മോളുടെ വില അവൻ മനസിലാക്കിയിട്ടില്ല. അത് അവന് മനസിലാവും. കർത്താവ് അത് മനസിലാക്കിച്ചു കൊടുക്കും അവന്. ആനിയമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു…

ജെനി രണ്ടുപേരെയും തന്നിൽ നിന്ന് അകത്തിയിട്ട് അവരുടെ കണ്ണുകൾ തുടച്ചുകൊടുത്തു. മമ്മി വിഷമിക്കേണ്ട. ഇതൊക്കെ എനിക്ക് വിധിച്ചതായിരുന്നു അപ്പൊ അതൊക്കെ ഞാൻ തന്നെ അനുഭവിക്കേണ്ടേ. പിന്നെ വല്യമ്മച്ചി നേരത്തിനു മരുന്ന് കഴിക്കണം കേട്ടോ. ആരും കാണാതെ ഉള്ള സ്വീറ്റ്സ് തീറ്റയും വേണ്ട കേട്ടോ.. അവൾ നിറഞ്ഞൊഴുകുന്ന കണ്ണോടെ അവരോട് പറഞ്ഞു.

മ്മ്.. അവർ അവളെ നോക്കി തലയാട്ടി കാട്ടി.

ജെനി നേരെ ആലീസിന്റെയും തോമസിന്റെയും അടുത്തേക്ക് പോയി.

പോട്ടെ.. ആന്റി അങ്കിൾ..

അവർ രണ്ടാളും അവളെ പുണർന്നുകൊണ്ട് അനുഗ്രഹിച്ചു.

അവസാനം ജോസഫിന്റെ അടുത്തേക്ക് വന്നു.

പോട്ടെ  പപ്പേ..

അയാൾ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് അവളുടെ നെറ്റിയിൽ ആയൊന്നു മുത്തി…

സന്തോഷമായിരിക്കണം പപ്പയുടെ മോള്. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം. എന്നും എപ്പോഴും പപ്പയുടെ മോള് തന്നെ ആണ്. അതിന് ഒരു കാലത്തും മാറ്റം ഇല്ല.. കേട്ടല്ലോ. പിന്നെ ആരോഗ്യം ശ്രദ്ധിക്കണം. നുള്ളിപെറുക്കി ഇരുന്നാൽ പോരാ. എത്രയും പെട്ടന്ന് നല്ലൊരു ജോലിക്ക് കേറണം. പഠിച്ച പെൺകുട്ടികൾ വെറുതെ ഇരുന്ന് ജീവിതം കളയാൻ പാടില്ല. എപ്പോഴും സ്വന്തം കാലിൽ നിൽക്കണം. കേട്ടല്ലോ.. അയാൾ എന്തൊക്കെയോ ആകെ വെപ്രാളപ്പെട്ട് പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവിടെ നിൽക്കുന്ന എല്ലാവരും ഞെട്ടലോടെ ആണ് ഇതൊക്കെ കണ്ടത് ജെനിയടക്കം. ജോസഫിനെ ഇതുപോലെ എല്ലാവരും ആദ്യമായി കാണുകയായിരുന്നു. എപ്പോഴും ഗൗരവത്തിൽ മാത്രേ ആളെ എല്ലാവരും കണ്ടിട്ടുള്ളു.

ജെനി അയാളെ പുണർന്നുകൊണ്ട് കരഞ്ഞു. പപ്പേ.. പപ്പ എന്നും എന്റെ പപ്പ തന്നെ ആവും. ഇങ്ങനെ സങ്കടപെടല്ലേ. എനിക്ക് ആ ഗൗരവക്കാരൻ ആയ പപ്പയെ മതി. ആരും അറിയാതെ എനിക്ക് എന്നും ഡയറി മിൽക്ക് കൊണ്ട് വന്നു തരുന്ന ഗൗരവക്കാരൻ പപ്പയെ..

അയാളും അവളെ പുണർന്നുകൊണ്ട് കരഞ്ഞു. പിന്നെ അവളെ തന്നിൽ നിന്നും അടർത്തികൊണ്ട് പറഞ്ഞു..
സന്തോഷമായിട്ട് ഇരിക്കണം എപ്പോഴും. പപ്പയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും എന്റെ മോളുടെ കൂടെ..

മ്മ്.. ഞാൻ പോട്ടെ പപ്പേ..

മ്മ്.. അയാൾ മൂളിക്കൊണ്ട് അയാളുടെ റൂമിലേക്ക് തിരിഞ്ഞുപോയി. ജെനിയും അയാൾ പോകുന്നത് ഒന്ന് നോക്കികൊണ്ട്‌ ബാക്കി ഉള്ളവരോടും യാത്ര പറഞ്ഞ് ആ വീടിന്റെ പടി എന്നെന്നേക്കുമായി ഇറങ്ങി. ഇനിയൊരിക്കലും ഒരു തിരിച്ചുവരവില്ലാത്ത പോലെ..