20/04/2026

നിനക്കായ് : ഭാഗം 34

രചന – കണ്ണന്റെ മാത്രം

എബി icuവിന്റെ മുൻപിലേക്ക് ചെല്ലുമ്പോൾ അവിടെ കണ്ട കാഴ്ച സത്യത്തിൽ അവനെ ദേഷ്യത്തിൽ ആക്കി. അവന്റെ ഉള്ളിൽ എന്റെ കുഞ്ഞ് പോയി എന്നും പറഞ്ഞ് നിലവിളിച്ച ജെനിയുടെ മുഖം തെളിഞ്ഞു. അവന്റെ മുഷ്ടി ചുരുണ്ടു. ആ കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചുകൊണ്ടിരിക്കുന്ന ആനിയമ്മയെ അവൻ ദേഷ്യത്തോടെ നോക്കി. ആ കുഞ്ഞിനോട് അവനും ദേഷ്യം ഒന്നുമില്ല. പക്ഷേ ആനിയമ്മയുടെ ഈ ഭാവം ആണ് അവനെ ദേഷ്യത്തിൽ ആക്കിയത്. അവൻ അവരെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നപ്പോൾ ആണ് അവർ അവനെ കാണുന്നത്.

മോനെ…. ആനിയമ്മ വിളിച്ചു.

അവൻ തിരിഞ്ഞ് നിന്നിട്ട് എന്താ എന്നപോലെ അവരെ നോക്കി.

മോനെ അലക്സിന്റെ കാര്യം.. ആനിയമ്മ പകുതിയിൽ നിർത്തി.

അയാളുടെ ഡോക്ടർ പറഞ്ഞതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല ആന്റി. പിന്നെ ഈ ഹോസ്പിറ്റലിന്റെ ഉടമ എന്ന നിലക്ക് ഇവിടേക്ക് വിശ്വസിച്ചു കൊണ്ടുവന്ന ഒരു രോഗിക്ക് ഏറ്റവും ബെസ്റ്റ് ട്രീറ്റ്മെന്റ് ഉറപ്പാക്കുക എന്നത് എന്റെ കടമ ആണ്. അത് ഞാൻ ചെയ്തിരിക്കും. അല്ലാതെ അയാളുടെ കേസിൽ പ്രത്യേകിച്ച് ഒരു താല്പര്യവും എനിക്കില്ല…

എന്തൊക്കെയായാലും അവൻ അന്നമോളുടെ ചേട്ടൻ കൂടിയാണ്. രക്തബന്ധം അങ്ങനെ തേച്ചാലും മച്ചാലും ഒന്നും പോവില്ല.. എബി പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ആനിയമ്മ വീറോടെ പറഞ്ഞു.

ആ രക്തബന്ധം ഉള്ള അന്ന തന്നെ ആണ് എന്നോട് പറഞ്ഞത് അവൾക്ക് ഇങ്ങനെ ഒരു ചേട്ടൻ ഇല്ലാ എന്നുള്ളത്. അപ്പൊ പിന്നെ അന്നക്ക് ഇല്ലാത്തൊരു ബന്ധം എനിക്കും ഇല്ലല്ലോ…അങ്ങനെ പറഞ്ഞുകൊണ്ട് അവൻ പോകാനായി തിരിഞ്ഞു. പിന്നെ ഒന്നുകൂടി ആനിയമ്മക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു..
ആന്റി ദയവ് ചെയ്ത് ആന്റി ഇനിയെന്നെ മോനെ എന്ന് വിളിക്കരുത്. എബി എന്ന് വിളിക്കാം. ഒരു ആത്മാർത്ഥതയും ഇല്ലാത്ത അങ്ങനെ ഒരു വിളി എനിക്ക് താൽപ്പര്യം ഇല്ല..

അതുകേട്ടതും ആനിയമ്മയുടെ മാത്രം അല്ല അവിടെ നിന്നിരുന്ന എല്ലാവരുടെയും മുഖം ചുളിഞ്ഞു. അവൻ എന്താ അങ്ങനെ പറഞ്ഞതെന്ന് അവർക്ക് ആർക്കും മനസിലായില്ല.

എബി താൻ എന്താടോ അങ്ങനെ പറഞ്ഞത്… വല്യപ്പച്ചൻ ഗൗരവത്തോടെ ചോദിച്ചു.

അല്ല കഴിഞ്ഞ ആറുകൊല്ലം ആയിട്ട് ഞങ്ങൾക്ക് ഇവൾ മരുമകൾ അല്ല മകൾ ആണെന്നും പറഞ്ഞ് മോളെ പൊന്നെ എന്നൊക്കെ വിളിച്ച് നിങ്ങൾ കൊണ്ടുനടിന്നിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. പക്ഷേ ഇപ്പോഴത്തെ നിങ്ങളുടെ പെരുമാറ്റം കാണുമ്പോൾ മനസ്സിലാകുന്നുണ്ട് നിങ്ങൾ എന്തോരം ആത്മാർത്ഥതയിൽ ആണ് അത് വിളിച്ചിരുന്നത് എന്ന്. അതുകൊണ്ട് അത് എനിക്ക് വേണ്ട… എബി എല്ലാവരെയും നോക്കി പരിഹാസത്തോടെ പറഞ്ഞു.

എബി പറയുന്നത് കേട്ടപ്പോൾ ചിറയത്തുക്കാരുടെ  മുഖം ഒരു പോലെ വിളറി വെളുത്തു എങ്കിൽ സോഫിയുടെ മുഖം ഇരുണ്ടു. സത്യത്തിൽ അവൾക്ക് ജെനിയോട് കുശുമ്പ് ആണ് തോന്നിയത് എല്ലാവർക്കും അവളോടുള്ള ഇഷ്ടം കണ്ടിട്ട്.

എബി അവരെയൊന്നും ശ്രദ്ധിക്കാതെ icuവിന് ഉള്ളിലേക്ക് പോയി. എബി അലക്സിനു അടുത്ത് എത്തുമ്പോൾ അവനെ സർജറി കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു അവിടെ ഉള്ള സിസ്റ്റർമാർ. എബിയെ കണ്ടതും എല്ലാവരും ചെയ്യുന്ന പണി നിർത്തി അവനെ നോക്കി.

എനിക്ക് ഇയാളോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം. ഒരു അഞ്ചു മിനിട്ട്… എബി പറഞ്ഞു.

ഓക്കെ സാർ എന്നും പറഞ്ഞ് അവർ അങ്ങോട്ട് മാറി നിന്നു.

എബി കണ്ണുംതുറന്ന് അവനെ നോക്കി കിടക്കുന്ന അലക്സിനു അടുത്തായി ഇരുന്നു………

സോഫി icuവിന്റെ ഡോറിൽ ഉള്ള ഗ്ലാസ്സിലൂടെ നോക്കുമ്പോൾ കാണുന്നത് എബിയോട് എന്തൊക്കെയോ കാര്യമായി പറയുന്ന അലക്സിനെയും അതിനൊക്കെ തലയാട്ടി കൊടുക്കുന്ന എബിയേയും ആണ്.
എന്താണാവോ ഇങ്ങേര് ഇവനോട് ഇത്രേം കാര്യമായിട്ട് പറയുന്നത്.. സോഫി ആലോചിച്ചു.

കുറച്ചുനേരം കഴിഞ്ഞതും എബി പുറത്തേക്ക് വന്നു. ഉള്ളിലേക്ക് പോയപ്പോഴുള്ള മുഖം ആയിരുന്നില്ല അവന്റെ എന്തോ സന്തോഷം ഉള്ളതുപോലെ അയാളുടെ മുഖത്ത്. ഇതിനും മാത്രം എന്താണാവോ ഇച്ചായൻ ഇയാളോട് പറഞ്ഞത്.. സോഫി ചിന്തിച്ചു.

എബി ആരെയും ശ്രദ്ധിക്കാതെ നേരെ പുറത്തേക്ക് പോയി. എല്ലാവരും അവൻ പോയതും നോക്കി നിൽക്കുന്ന സമയത്താണ് അലക്സിനെ സർജറിക്ക് കൊണ്ടുപോകാനായി പുറത്തേക്ക് കൊണ്ടുവന്നത്. അതോടെ അവർ എല്ലാവരും അവന്റെ ചുറ്റുംകൂടി. ജോസഫ് ഒഴികെയുള്ള ചിറയത്തുക്കാരെ  കണ്ടപ്പോൾ അവന് സന്തോഷമായി. ആനിയമ്മയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ അവൻ ഉറപ്പിച്ചു അവർ അവനോട് ക്ഷമിച്ചു എന്ന്. പക്ഷേ അപ്പോഴും അവരുടെ ഒപ്പം ഇല്ലാത്ത ജോസഫ് ഒരു ചോദ്യചിഹ്നം ആയിരുന്നു. അവൻ അത് ആനിയമ്മയോട് ചോദിക്കേം ചെയ്യതു

പപ്പ വന്നില്ലേ മമ്മി…

ഇല്ല മോനെ. ഇച്ചായന് നിന്നോട് ഇതുവരെ ക്ഷമിക്കാൻ പറ്റിയിട്ടില്ല എന്നാ പറഞ്ഞേ. മമ്മി കുറേ പറഞ്ഞു നോക്കി. പക്ഷേ…. ആനിയമ്മ മുഴുവനാക്കാതെ നിർത്തി.

അത് കേട്ടപ്പോ അവന് നിരാശതോന്നി. അവന് അറിയാമായിരുന്നു പപ്പ ക്ഷമിച്ചാലേ സ്വത്തുക്കൾ കിട്ടുള്ളൂ. ഇവരൊക്കെ ക്ഷമിച്ചാൽ ആ വീട്ടിൽ എങ്ങനെയും കയറി പറ്റാം എന്നല്ലാതെ സ്വത്തുക്കൾ ഒന്നും കിട്ടില്ല. അതിന് പപ്പ തന്നെ കനിയണം…

അവന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ ജോസഫ് വരാത്തതുകൊണ്ടാണെന്ന് കരുതിയ ആനിയമ്മ അവനെ സമാധാനിപ്പിച്ചു..

സാരമില്ല ഡാ… ഇന്നല്ലെങ്കിൽ നാളെ പപ്പ നിന്നോട് ക്ഷമിക്കും. നീ വിഷമിക്കേണ്ട..

മ്മ്.. അവൻ അതിന് ഒന്ന് മൂളി.. ബാക്കി ഉള്ളവരെ ഒന്ന് നോക്കി. വല്യമ്മച്ചി അവനെ ഒന്ന് നോക്കി എങ്കിലും വല്യപ്പച്ചൻ മുഖം തിരിച്ചു.. അതുകണ്ടപ്പോ അവന് വിഷമം ആയി..

അപ്പോഴേക്കും സിസ്റ്റർമാർ അവനെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകാനായി വന്നു. ബാക്കി ഉള്ളവരും അവരെ അനുഗമിച്ചു..

…………………

അന്ന് രാത്രി ജെനിയുടെ വീട്ടിൽ എല്ലാവരും അത്താഴം കഴിക്കാനായി ഇരുന്നു..

എന്നാ ക്രിസ്റ്റി നിനക്ക് ഇനി പോകേണ്ടി വരാ ട്രൈനിങ്ങിന് ആയിട്ട്.

ഒരു രണ്ടുരണ്ടര മാസത്തിൽ പോകേണ്ടി വരും ഇച്ചേച്ചി.. അവൻ പറഞ്ഞു.

മോനേ നീ ഇനി ഇപ്പൊ ചെയ്യുന്ന ജോലിക്ക് പോകുന്നുണ്ടോ..മേരിയമ്മ ചോദിച്ചു.

പോകുന്നുണ്ട് അമ്മച്ചി. എന്തായാലും ഇത്രേം സമയം ഇല്ലേ വെറുതെ ഇരിക്കണ്ടല്ലോ. പിന്നെ ഇന്ന് ഡേവി ചേട്ടായി വിഷ് ചെയ്യാൻ വിളിച്ചിരുന്നു അപ്പൊ ഞാൻ ആളോട് ചോദിച്ചു ജോലിക്ക് വന്നാൽ നോട്ടീസ് പീരീഡിന്റെ ഇഷ്യൂ വരുമോ എന്ന്. ചേട്ടായി പറഞ്ഞു അത് സാരമില്ല നിനക്ക് എപ്പോ നിർത്തണമെങ്കിലും നിർത്തിക്കോ നോട്ടീസ്പീരിയഡ് സെർവ് ചെയ്യണം എന്നില്ല എന്ന്. അതുകൊണ്ട് കുഴപ്പം ഇല്ല…

മ്മ്… അതിന് മേരിയമ്മ ഒന്ന് മൂളി.

പിന്നെയും എന്തൊക്കെയോ പറഞ്ഞിരുന്നുകൊണ്ട് അവർ ഭക്ഷണം കഴിച്ച് എഴുന്നേറ്റു.

………….

രണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞു. ഈ ദിവസങ്ങളിൽ എല്ലാം ആനിയമ്മ ഹോസ്പിറ്റലിൽ വരുമായിരുന്നു. കുഞ്ഞിനെ കളിപ്പിക്കും അലക്സിനോടും മിണ്ടും പക്ഷേ സോഫിയെ മാത്രം മൈൻഡ് ചെയ്യാറില്ല.  സോഫിക്ക് അവരുടെ കാട്ടികൂട്ടൽ ദേഷ്യം വരുന്നുണ്ടെങ്കിലും അവൾ പരമാവധി കടിച്ചുപിടിച്ചു നിന്നു. ഇപ്പൊ അവർ വരുന്നത് കൊണ്ട് പൈസക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. അവർ എല്ലാം ചെയ്യുന്നുണ്ട്. ഇനി അവൾ എന്തേലും പറഞ്ഞ് അവർ വരാതായാൽ കാര്യങ്ങൾ വെള്ളത്തിൽ ആവും. അതുകൊണ്ട് മാത്രം അവൾ എന്ത് കണ്ടാലും മിണ്ടാതെ നിക്കും. പക്ഷേ അവരോടുള്ള ദേഷ്യം മുഴുവൻ അവർ പോയി കഴിഞ്ഞാൽ അവൾ അലക്സിനോട് തീർക്കും എന്ന് മാത്രം.

അന്ന് രാത്രി സാധാരണ പോലെ എല്ലാവരും കൂടിയിരുന്ന് സംസാരിക്കായിരുന്നു എബിയുടെ അവിടെ…

ഡേവി ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. റീനാമ്മ ചോദിച്ചു.

എന്താ മമ്മി കാര്യം. അവന്റെ മടിയിൽ ഇരുന്ന് അവന്റെ കൊന്തയിൽ പിടിച്ച് കളിക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഒന്നുകൂടി ഒതുക്കിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു.

നീ അന്ന് പറഞ്ഞിരുന്നില്ലേ നിന്റെ മോളെ സ്വന്തം മോളെപ്പോലെ കാണാൻ പറ്റിയ ഒരു കുട്ടി ഉണ്ടെങ്കിൽ നിനക്ക് കല്യാണത്തിന് ഇഷ്ടക്കേടില്ല എന്ന്. അങ്ങനെ ഒരു കുട്ടിയുണ്ട്. നിന്റെ സമ്മതം അറിഞ്ഞിട്ട് വേണം ആ കൊച്ചിനോടും അതിന്റെ വീട്ടുകാരോടും സംസാരിക്കാൻ.

മ്മ്…അങ്ങനെ ഒരു കുട്ടി ആണെങ്കിൽ എനിക്ക് സമ്മതക്കുറവില്ല എന്ന് ഞാനും പറഞ്ഞതല്ലേ… ഡേവി ഗൗരവത്തോടെ ചോദിച്ചു.

ആണോ… നിനക്ക് സമ്മതം ആണോ.. എങ്കിൽ നാളെ തന്നെ ഞങ്ങൾ ജെനിമോളുടെ വീട്ടിൽ സംസാരിക്കട്ടെ.. എൽസി സന്തോഷത്തോടെ ചോദിച്ചു.

അയാളുടെ വീട്ടിൽ സംസാരിക്കുന്നതിന് മുൻപ് അയാളോട് നിങ്ങൾ സംസാരിക്ക്. അത് കഴിഞ്ഞ് എനിക്കും ഒന്ന് സംസാരിക്കണം. എന്നിട്ട് മതി ഒഫീഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ.

ഒക്കെ അവളോട്‌ നാളെ തന്നെ ഞാൻ സംസാരിച്ചോളാം… ആ കാര്യം അന്ന ഏറ്റു..

മ്മ് അവനൊന്നു മൂളിയിട്ട് ഉറക്കം വന്ന് കണ്ണുതിരുമുന്ന മോളെയും കൊണ്ട് എഴുന്നേറ്റു.

അന്ന താൻ അയാളോട് സംസാരിക്കുന്നത് ഒക്കെ ശരിതന്നെ പക്ഷേ അയാളെ ഒന്നിനും നിർബന്ധിക്കരുത്. അയാൾക്ക് പൂർണ്ണമനസ്സോടെ സമ്മതം ആണെങ്കിൽ
മാത്രം ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ടുപോവുകയുള്ളൂ. അല്ലെങ്കിൽ ഇത് ഇവിടെ നിർത്താം… ഡേവി റൂമിലേക്ക് പോകുന്നതിനു മുന്നായി അന്നയോടു പറഞ്ഞു.

അന്ന മോളെ നാളെ തന്നെ സംസാരിച്ചോളോ. ആ കുഞ്ഞിന് എതിർപ്പില്ലെങ്കിൽ എത്രേം പെട്ടന്ന് ഈ വിവാഹം നമുക്ക് നടത്തണം അല്ലേ അമ്മച്ചി.. റീനാമ്മ സന്തോഷത്തോടെ വല്യമ്മച്ചിയെ നോക്കികൊണ്ട്‌ പറഞ്ഞു.

റീനേ നീ ഇങ്ങനെ സന്തോഷിക്കാൻ വരട്ടെ. ആദ്യം ആ മോളുടെ മനസ്സ് അറിയട്ടെ. അത് കഴിഞ്ഞ് അതിന്റെ വീട്ടുക്കാരുടെയും. എന്നിട്ട് നമുക്ക് കല്യാണത്തിന്റെ കാര്യം എല്ലാം സംസാരിക്കാം.. വല്യമ്മച്ചി അവരെ ഉപദേശിച്ചു.

ശരിയാ അമ്മച്ചി പറഞ്ഞത്. ഞാൻ ഡേവി സമ്മതിച്ച സന്തോഷത്തിൽ ബാക്കി എല്ലാം മറന്നുപോയി… റീനാമ്മ മങ്ങിയ മുഖത്തോടെ പറഞ്ഞു.

ഹാ.. താൻ വിഷമിക്കല്ലേ എന്റെ റീനേ. എല്ലാം നന്നായി നടക്കും എന്ന് നമുക്ക് വിചാരിക്കാം. എന്തായാലും അന്നമോളെ നാളെ തന്നെ ജെനിമോളോട് സംസാരിക്ക് കേട്ടോ..ജോൺ അന്നയോടായി പറഞ്ഞു.

ശരി പപ്പ… ഞാൻ സംസാരിക്കാം. അവൾ സമ്മതിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം കാരണം ജാനിമോളെ അവൾക്ക് അത്രേം ഇഷ്ടം ആണ്..

പിന്നെ എല്ലാവരും ഒരു കാത്തിരിപ്പായിരുന്നു എല്ലാവരും പിറ്റേന്ന് നേരം പുലർന്ന് അന്ന ജെനിയോട് സംസാരിക്കുന്നതിനായി..

പിറ്റേന്ന് പതിവുപോലെ ജെനിയാണ് ആദ്യം എത്തിയത്. പിന്നെ അങ്ങോട്ട് അന്ന വരുന്നതിനായി ഒരു കാത്തിരിപ്പാണ്. കാരണം ജാനിമോൾ തന്നെ. ഇപ്പൊ എല്ലാ ദിവസവും ജാനിമോൾ അന്നയുടെ കൂടെ വരാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പൊ ജെനിക്ക് ജാനിമോളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല എന്നതാണ് സത്യം.. ജെനി അതും ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് അന്നയുടെ കാർ അങ്ങോട്ട് വന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്ന അന്നയെ കണ്ടതും ജെനിയുടെ മുഖം ചുളിഞ്ഞു. ജാനിമോൾ വരാത്ത ദിവസം മാത്രമാണ് അന്ന സ്വയം ഡ്രൈവ് ചെയ്ത് വരാറ്. അപ്പൊ ഇന്ന് ജാനിമോൾ വന്നിട്ടില്ല എന്ന് അവൾക്ക് മനസിലായി. എന്തോ അവൾക്ക് വല്ലാതെ സങ്കടം തോന്നി. അന്ന് കോർട്ടിൽ പോകുന്നതിന്റെ തലേ ദിവസം കണ്ടതാണ് മോളെ. പിന്നെ ക്രിസ്റ്റിയുടെ റിസൾട്ട്‌ അറിഞ്ഞപ്പോ അന്ന് ലീവ് എടുത്തു. പിന്നെ ശനിയും ഞായറും ആയിരുന്നു. ഇന്ന് ജാനിമോളെ കാണാല്ലോ എന്ന സന്തോഷത്തിൽ ആണ് ഓടിപ്പിടിച്ചു വന്നത്. എന്നിട്ട് ഇന്നും മോളെ കാണാതായപ്പോൾ അവൾക്ക് ആകെ സങ്കടം വന്നു.

എന്താടി പെണ്ണേ നിന്റെ മുഖം രാവിലെ തന്നെ ഇങ്ങനെ വീർത്തിരിക്കുന്നത്. ജെനിയുടെ അടുത്തെത്തിയ അന്ന കാറിന്റെ ചാവികൊണ്ട് അവളുടെ കവിളിൽ ഒന്ന് കുത്തികൊണ്ട് ചോദിച്ചു.

ദേ അന്നമ്മേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ.. എന്താടി നീ ഇന്ന് എന്റെ മോളെ കൊണ്ട് വരാഞ്ഞത്.. ജെനി മുഖം വീർപ്പിച്ചുകൊണ്ട് ചോദിച്ചു.

അയ്യടാ നിന്റെ മോളോ.. ഏത് വകുപ്പിൽ.. അന്ന കുസൃതിയോടെ ചോദിച്ചു…

അല്ല അങ്ങനെ അല്ല.. ജെനി വിക്കലോടെ പറഞ്ഞു. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു..

ഏഹ്ഹ്.. എന്തിനാ പെണ്ണേ അപ്പോഴേക്കും നീ കണ്ണുനിറക്കുന്നത്.. ഞാൻ ചുമ്മാ നിന്നെ കളിയാക്കാൻ പറഞ്ഞതല്ലേ.

അതല്ല അന്നേ ജാനിമോള് എന്റെ അല്ല എന്ന് കേൾക്കുമ്പോൾ എന്തോ സഹിക്കുന്നില്ല. അവൾ എന്റെ കുഞ്ഞാണ് അന്നേ. എനിക്ക് നഷ്ടമായ എന്റെ കുഞ്ഞിന് പകരം കർത്താവ് എനിക്ക് തന്ന എന്റെ സ്വത്ത്‌..

എങ്കിൽ ആ കുഞ്ഞിനെ നിന്റെ എന്നന്നേക്കും ആയി നിന്റെ മകൾ ആക്കാൻ ഉള്ള വഴി ഞാൻ പറഞ്ഞു തരട്ടെ.. അന്ന ജെനിയുടെ മുഖത്തേക്ക് നോക്കികൊണ്ട്‌ ചോദിച്ചു.

അന്നയുടെ ചോദ്യം കേട്ടതും ജെനിയുടെ മുഖം ചുളിഞ്ഞു. അവൾ അതേ മുഖത്തോടെ അന്നയെ നോക്കി എങ്ങനെ എന്ന രീതിയിൽ.

നീ ഡേവി ചേട്ടായിയെ കല്യാണം കഴിച്ച് കൊട്ടാരത്തിൽ തറവാട്ടിലേക്ക് വന്നാൽ പിന്നെ ജാനിമോള് എന്നും നിന്റെ മകൾ തന്നെ ആയിരിക്കും. ആരും അവളെ നിന്നിൽനിന്നും പിന്നീട് അടർത്തിമാറ്റില്ല..

അന്ന പറഞ്ഞത് കേട്ടതും ജെനിയുടെ കണ്ണുകൾ മിഴിഞ്ഞു. അവൾ പകപ്പോടെ അന്നയുടെ മുഖത്തേക്ക് നോക്കി….

തുടരും….