രചന – കണ്ണന്റെ മാത്രം
എന്തൊക്കെയാ അന്നേ നീ ഈ പറയുന്നത്… അവളുടെ ഞെട്ടൽ ഒന്ന് മാറിയപ്പോ ജെനി അന്നയോട് ചോദിച്ചു.
എന്തേ ഞാൻ സീരിയസ് ആയിട്ടാണ് പറഞ്ഞത്. അവിടെ മമ്മി ചേട്ടായിക്ക് വേണ്ടി പെണ്ണ് നോക്കുന്നുണ്ട്. ഒന്നുംകൂടി ക്ലിയർ ആയിട്ട് പറഞ്ഞാൽ ജാനിമോൾക്ക് വേണ്ടി അമ്മയെ നോക്കുന്നുണ്ട്. നിനക്കാണെങ്കിൽ ജാനിമോളെ പിരിയാനും പറ്റില്ല. അപ്പൊ ഇതല്ലേ നല്ല ഐഡിയ…
പിന്നേ നല്ല ബെസ്റ്റ് ഐഡിയ. ഒന്ന് പോയെടി. ഇവിടെ ഒന്ന് കെട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അപ്പോഴാണ് അടുത്തത്… ജെനി അവളെ പുച്ഛിച്ചുവിട്ടു.
നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് എന്നിട്ട് പുച്ഛിക്ക്.. അന്ന ദേഷ്യത്തോടെ പറഞ്ഞു.
ആ നീ പറയ്. ജെനി താൽപ്പര്യമില്ലാതെ പറഞ്ഞു..
ചേട്ടായിക്ക് വേറെ പെണ്ണ് വന്നാൽ അല്ലെങ്കിൽ ജാനിമോൾക്ക് പുതിയ ഒരു അമ്മ വന്നാൽ അവൾ ഇപ്പോഴത്തെപ്പോലെ നിന്നോട് അടുപ്പം സൂക്ഷിക്കും എന്ന് നിനക്ക് തോന്നുണ്ടോ. ഇനി മോള് നിന്നെ ചോദിച്ചാലും ചേട്ടായിടെ ഭാര്യ ആയി വരുന്ന ആ കുട്ടിയുമായി ജാനിമോള് അടുക്കാൻ വേണ്ടി വീട്ടുക്കാർ എന്തായാലും കുഞ്ഞിന് നീയും ആയിട്ടുള്ള അടുപ്പം കുറയ്ക്കും. അത് നിനക്ക് താങ്ങാൻ പറ്റുമോ..
അന്ന അത് പറഞ്ഞപ്പോഴേക്കും തന്നെ ജെനിയുടെ കണ്ണുകൾ നിറഞ്ഞു..
അങ്ങ.. അങ്ങനെ ചെയ്യോടി അവര്. എന്നെ അവർക്കൊക്കെ ഇഷ്ടം അല്ലേ.. എന്നോട് അത്രക്ക് ദേഷ്യം ആണോ… ജെനി കരഞ്ഞുകൊണ്ട് ചോദിച്ചു.
ജെനി മോളെ നീ ഇങ്ങനെ കരയല്ലേ ഞാൻ പറയട്ടെ.. നീ ഇങ്ങോട്ട് വന്നേ..
അന്ന ജെനിയെയും കൂട്ടിപ്പോയി ഹാഫ് ഡേ ലീവ് എഴുതികൊടുത്ത് അവിടെ അടുത്തുള്ള ഒരു പാർക്കിലേക്ക് തിരിച്ചു.
പാർക്കിൽ എത്തി ഒഴിഞ്ഞ ഒരു സ്ഥലത്ത് അവർ രണ്ടുപേരും ഇരുന്നു. കുറച്ചുനേരം ആയിട്ടും ജെനി കണ്ണും നിറച്ച് ഇരിക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല എന്ന് കണ്ടതും അന്ന തന്നെ സംസാരത്തിന് തുടക്കമിട്ടു.
ജെനി നീ ഞാൻ പറയുന്നത് നന്നായി ഒന്ന് ആലോചിച്ച് നോക്കു. ഇപ്പൊ ചേട്ടായിടെ കല്യാണം കഴിഞ്ഞാൽ ഓട്ടോമാറ്റിക്കലി ആ കുട്ടി ജാനിമോൾടെ അമ്മേടെ സ്ഥാനത്താവില്ലേ. അപ്പൊ എല്ലാവരും ആഗ്രഹിക്കാ ജാനിമോൾ ആ കുട്ടിയും ആയി കൂടുതൽ അടുക്കണം എന്നല്ലേ. അപ്പൊ എന്തായാലും നീയും ആയിട്ടുള്ള അടുപ്പം കുറയില്ലേ. അത് നിന്നോടുള്ള ദേഷ്യംകൊണ്ടോ നിന്നെ ഇഷ്ടമില്ലാതെയോ അല്ല ജാനിമോൾ അവളുടെ അമ്മ ആയി വരുന്ന കുട്ടിയോട് അടുക്കാൻ വേണ്ടിയിട്ടാണ്. അതുകൊണ്ടാണ് ഞാൻ നിന്നോട് ജാനിമോൾടെ അമ്മ ആവാൻ സമ്മതം ആണോന്ന് ചോദിച്ചത്. ഇത് എന്റെ മാത്രം ആഗ്രഹം അല്ലാട്ടോ തറവാട്ടിൽ എല്ലാവർക്കും ഇങ്ങനെ ഒരു ആഗ്രഹം ഉണ്ട്.
അന്നേ ഇനി ഒരു കല്യാണം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ലടാ. സത്യം പറയാലോ ഒരാളെ ഉള്ളൂ തുറന്ന് സ്നേഹിക്കാൻ വരെ എനിക്ക് പേടിയാ.. എനിക്ക് ഇനിയുള്ള കാലം എന്റെ അപ്പച്ചന്റെ മോള് ക്രിസ്റ്റീടെ ഇച്ചേച്ചി നിന്റെ കൂട്ടുകാരി ഒക്കെ ആയിട്ട് ജീവിച്ചാമതിയെടി.. പക്ഷേ.. എന്റെ ജാനിമോള് അവളെ കാണാതെ എനിക്ക്… എനിക്ക്…
ജെനിക്ക് അത് പറഞ്ഞ് മുഴുവനാക്കാൻ വരെ പറ്റിയില്ല. അപ്പോഴേക്കും അവൾ കരഞ്ഞുപോയിരുന്നു..
അന്ന അവളെ ചേർത്തുപിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു. ജെനി അന്നയെ കെട്ടിപിടിച്ചു കരഞ്ഞു.
നിങ്ങൾ ഇവളോട് ചെയ്യ്തത് ഞാൻ ഒരിക്കലും ക്ഷമിക്കില്ല അലക്സ്. എന്ത് കാര്യവും പോസിറ്റീവ് ആയി എടുത്തിരുന്ന എന്റെ ജെനിയെ ഇതുപോലെ തകർത്തതിന് നിങ്ങൾക്ക് മാപ്പില്ല. നിങ്ങൾ ഇതിനുള്ളത് ഒക്കെ ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കും… അന്ന ദേഷ്യത്തോടെ ചിന്തിച്ചു.പിന്നെ കരയുന്ന ജെനിയെ തന്നിൽ നിന്നും അകറ്റി അവളുടെ മുഖത്ത് നോക്കികൊണ്ട് ചോദിച്ചു..
നിനക്ക് എല്ലാ ആണുങ്ങളും അയാളെ പോലെ ആണെന്നുള്ള ചിന്ത ഉണ്ടോ ജെനി..നിന്റെ മുന്നിൽ തന്നെ എത്രെയോ പേരുണ്ട് ഉദാഹരണമായി. ആണുങ്ങളിലും പെണ്ണുങ്ങളിലും ഉണ്ട് നല്ലതും ചീത്തയും എല്ലാം. പിന്നെ നീ എല്ലാ കാലവും അപ്പച്ചന്റെ മകൾ തന്നെ ആണ് അതുപോലെ എന്റെ ഫ്രണ്ടും ക്രിസ്റ്റിയുടെ ഇച്ചേച്ചിയും ആണ്. പക്ഷേ അതിന്റെ കൂടെ അമ്മ ഭാര്യ മരുമകൾ ചേട്ടത്തി അങ്ങനെ കുറച്ച് സ്ഥാനങ്ങൾ കൂടി ഉണ്ടാവും എന്ന് മാത്രം ചേട്ടായിയെ കല്യാണം കഴിച്ചാൽ. നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷേ നിനക്ക് നല്ലൊരു ജീവിതം ഉണ്ടായികാണാൻ ഞങ്ങൾ എല്ലാവരും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ച് നിന്റെ അപ്പച്ചനും അമ്മച്ചിയും. നീ ആലോചിക്ക് നന്നായി ആലോചിക്ക് എന്നിട്ട് നല്ലൊരു തീരുമാനത്തിൽ എത്തിച്ചേര്.. അന്ന പറഞ്ഞു നിർത്തി ജെനിയെ നോക്കിയപ്പോൾ അവൾ എന്തെല്ലാമോ ചിന്തിച്ചിരിക്കുന്നതാണ് കണ്ടത്.
എന്റെ ഈശോയെ ഇവൾക്ക് നല്ല ബുദ്ധി കൊടുക്കണേ… അല്ലെങ്കിൽ ഞാനിപ്പോ പ്രസംഗിച്ചത് മുഴുവൻ വേസ്റ്റ് ആവും..അന്ന അത്മിച്ചു.
വായോ നമുക്ക് എന്തേലും കഴിച്ചിട്ട് സ്കൂളിലേക്ക് പോകാം. ഞാൻ ഇന്ന് ഫുഡ് ഒന്നും കൊണ്ട് വന്നിട്ടില്ല.. അന്ന പറഞ്ഞു.
മ്മ്.. ജെനി ഒന്ന് മൂളിക്കൊണ്ട് എഴുന്നേറ്റു.
ജെനി നീ കാറിന്റെ അടുത്തേക്ക് പൊക്കൊ. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം. ദേ ആ സൈഡിൽ ആയിട്ട് ഉണ്ട് ഒരെണ്ണം. ഇന്നാ കാറിന്റെ ചാവി. നീ അതിൽ കയറി ഇരിക്ക്..
ശരി… ജെനി ചാവി വാങ്ങി പോയതും അന്ന കുറച്ച് ബാത്‌റൂമിന്റെ ആ ഭാഗത്തേക്ക് നടന്നിട്ട് ഫോൺ എടുത്ത് എബിയെ വിളിച്ചു…
എന്തായി അന്നമ്മേ കാര്യങ്ങൾ… ഫോൺ എടുത്തതും എബി ചോദിച്ചു..
സത്യം പറഞ്ഞാൽ എനിക്കറിയില്ല എബിച്ഛ.. ആദ്യം എതിര് പറഞ്ഞെങ്കിലും ഇപ്പൊ എന്തോ മാറ്റം ഉള്ളതായി തോന്നി. ജാനിമോളുടെ കാര്യം പറഞ്ഞപ്പോ ആൾക്കൊരു ആട്ടം ഉണ്ട്. ക്രിസ്റ്റിയോട് സംസാരിച്ചോ.. അവൻ എന്ത് പറഞ്ഞു..
അവന് നൂറുവട്ടം സമ്മതം ആണ് പക്ഷേ രണ്ട് വീട്ടുക്കാർ തമ്മിൽ ഉള്ള അന്തരം ആണ് അവനെ ഒന്ന് പിന്നിലേക്ക് വലിക്കുന്നത്. അതൊക്കെ ഞാൻ പറഞ്ഞ് സെറ്റ് ആക്കിയിട്ടുണ്ട്. അവൻ ഇന്ന് ഉച്ചക്ക് ഹാഫ് ഡേ എടുത്ത് പോയിട്ട് അങ്കിളിനോടും ആന്റിയോടും സംസാരിച്ചിട്ട് പറയാം എന്നാ പറഞ്ഞത്..
മ്മ്.. നമുക്ക് നോക്കാം. എന്തായാലും ജെനിയുടെ ഭാഗത്ത് നിന്ന് ഒരു മറുപടി കിട്ടുന്നത് വരെ ജാനിമോളെ ഇനി സ്കൂളിലേക്ക് കൊണ്ടുവരണ്ട. ജാനിമോളുടെ അഭാവം ചിലപ്പോ അവളെക്കൊണ്ട് നല്ലൊരു ഡിസിഷൻ എടുപ്പിച്ചാലോ…
അത് ശരിയാ. എന്നാ ഞാൻ വെക്കട്ടെ അന്നേ. ഒരു സർജറിക്ക് കയറാൻ നിക്കാ. ക്രിസ്റ്റി എന്താ പറയുന്നത് എന്ന് നോക്കിയിട്ട് നമുക്ക് തറവാട്ടിൽ സംസാരിക്കാം…
ശരി ഇച്ഛാ.. അന്ന ഫോൺ വച്ചതും ജെനിയുടെ അടുത്തേക്ക് പോയി അവിടെ നിന്ന് അവളെയും കൂട്ടി അടുത്തുള്ള മാൾ നോക്കി വണ്ടി വിട്ടു.
……………
ഇന്നാണ് ഡിസ്ചാർജ് പറഞ്ഞിരിക്കുന്നത്. മമ്മി ആണെങ്കിൽ ഒന്നും പറയുന്നുമില്ല. ഇനിയിപ്പോ എന്ത് ചെയ്യും.. അലക്സ് ആലോചിച്ചു.
ആ സമയത്താണ് ആനിയമ്മ അങ്ങോട്ട് വന്നത്…
എന്തായി മോനേ ഡോക്ടർ ഇന്ന് എന്താ പറഞ്ഞത്..
ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് മമ്മി. വൈകിട്ടോടെ വീട്ടിൽ പോകാൻ കഴിയും എന്ന് വിചാരിക്കുന്നു.
ആണോ.. നല്ല കാര്യം ഈ കുഞ്ഞിനേം കൊണ്ട് ഇങ്ങനെ ഹോസ്പിറ്റലുകളിൽ അത്ര നല്ലതല്ല.. ആനിയമ്മ പറഞ്ഞു.
ഒന്നാലോചിക്കുമ്പോൾ ഇവിടെയാ നല്ലത് മമ്മി. കുഞ്ഞിനെ നോക്കാൻ മമ്മിയെങ്കിലും ഉണ്ടല്ലോ. ഞങ്ങൾ വീട്ടിൽ പോയാൽ ഞാൻ ഇച്ചായന്റെ കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ കുഞ്ഞിനെ ആര് നോക്കും..സോഫി വിഷമത്തോടെ പറഞ്ഞു..
അത് ശരിയാ മമ്മി. അവിടെ വേറെ ആരും ഇല്ലല്ലോ സഹായത്തിന്. നമ്മുടെ വീട്ടിൽ ആയിരുന്നെങ്കിൽ ഇങ്ങനെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലായിരുന്നു.. അലക്സ് സങ്കടത്തോടെ ആനിയമ്മയെ നോക്കി പറഞ്ഞു.
മമ്മി എന്ത് ചെയ്യാനാ മോനേ. നിന്റെ പപ്പ അതിന് സമ്മതിക്കുന്നില്ല. നിനക്ക് വേണ്ടി ഞാൻ സംസാരിച്ചതിന്റെ പേരിൽ ഇപ്പൊ എന്നോടും വലിയ മിണ്ടാട്ടം ഒന്നും ഇല്ല. എന്തായാലും മമ്മി ഒന്നുകൂടി സംസാരിച്ച് നോക്കട്ടെ.. ആനിയമ്മ പറഞ്ഞു
അത് കേട്ടപ്പോ അലക്സിനും സോഫിക്കും സന്തോഷമായി. ആ വീട്ടിൽ ഒന്ന് കയറി പറ്റാൻ പറ്റിയാൽ പിന്നെ പപ്പയെ എങ്ങനെയും കുപ്പിയിലാക്കി പിന്നെ സ്വത്തുക്കൾ എല്ലാം എനിക്ക് തന്നെ കിട്ടുമല്ലോ.. അലക്സ് ചിന്തിച്ചു..
………………….
അന്ന് ഉച്ചക്ക് ക്രിസ്റ്റി വീട്ടിൽ ചെല്ലുമ്പോൾ മാത്യൂസും മേരിയമ്മയും ഭക്ഷണം കഴിക്കായിരുന്നു..
ആ നീ എന്താടാ ഈ നേരത്ത്. വായോ കഴിക്കാം.. മേരിയമ്മ അവനെ വിളിച്ചു.
വേണ്ട അമ്മച്ചി ഞാൻ കഴിച്ചതാ. നിങ്ങൾ കഴിച്ചെഴുന്നേറ്റ് വായോ. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്..
എന്താടാ കാര്യം…
നിങ്ങള് കഴിച്ചെഴുന്നേറ്റ് വായോ അമ്മച്ചി അപ്പോഴേക്കും ഞാൻ ഒന്ന് കുളിച്ചിട്ട് വരാം. ഇന്ന് ഇനി ഓഫീസിൽ പോകുന്നില്ല. അത് പറഞ്ഞ് ക്രിസ്റ്റി ഫ്രഷ് ആവാനായി പോയി. മേരിയമ്മയും മാത്യൂസും അവന് എന്താണാവോ പറയാൻ ഉള്ളത് എന്നാലോചിച്ച് കൊണ്ട് ഭക്ഷണം കഴിച്ചു…
ക്രിസ്റ്റി ഫ്രഷ് ആയി ഇറങ്ങി വരുമ്പോൾ സോഫയിൽ അവനെ കാത്തെന്നോണം ഇരിക്കുന്ന അവന്റെ മാതാപിതാക്കളെ ആണ് കാണുന്നത്. അവൻ അത് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവരുടെ ഓപ്പോസിറ്റ് ഉള്ള സോഫയിൽ പോയി ഇരുന്നു..
എന്താടാ കാര്യം.. അവൻ ഇരുന്നതും മേരിയമ്മ ചോദിച്ചു..
പറയാം എന്റെ അമ്മച്ചി. ഇങ്ങനെ ധൃതി പിടിക്കാതെ. അപ്പച്ചാ ഇന്ന് എബി അളിയൻ എന്നോട് ഒരു കാര്യം ചോദിച്ചു. നമ്മൾക്ക് ഒക്കെ ആണെങ്കിൽ മാത്രം അത് മുന്നോട്ട് കൊണ്ടുപോയാൽ മതിയല്ലോ എന്ന് കരുതിയിട്ടാണ് അളിയൻ എന്നോട് ചോദിച്ചത്..
എന്താ മോനേ കാര്യം നീ അത് ആദ്യം പറയ്..മാത്യൂസ് ചോദിച്ചു.
അത് ഡേവി ചേട്ടായി ഇല്ലേ ആൾക്ക് വേണ്ടി നമ്മുടെ ഇച്ചേച്ചിനെ ചോദിച്ചു. അവരുടെ വീട്ടിലെ എല്ലാവരുടെയും ആഗ്രഹം ആണെന്നാ പറഞ്ഞത്. ജാനിമോൾക്ക് ഭയങ്കര കാര്യം ആണത്രേ ഇച്ചേച്ചിയെ. അപ്പൊ ആ മോൾക്ക് നല്ലൊരു അമ്മ ആകുമല്ലോ ഇച്ചേച്ചി എന്നാ അവർ കരുതുന്നത്…
അത് മോനേ ഇത്രേം വലിയ കൂട്ടര് നമ്മൾക്ക് ചേരുമോ.. നമുക്ക് നമ്മളെ പോലെ തന്നെ സാധാരണക്കാരെ പോരെ ഇനി. ഒരെണ്ണം തന്നെ ഇങ്ങനെ ആയതുകൊണ്ട് ഒരു പേടി.. മാത്യൂസ് പറഞ്ഞു..
അപ്പച്ചാ അവർക്ക് പൈസ ഉണ്ട് എന്ന് കരുതിയിട്ട് അവർ സാധാരണക്കാർ അല്ലാ എന്നില്ലല്ലോ. പിന്നെ അത് മാത്രം അല്ല അവരുടെ ഒക്കെ പെരുമാറ്റം നമ്മൾ കണ്ടതല്ലേ അന്ന് ഇച്ചേച്ചി ഹോസ്പിറ്റലിൽ ആയ അന്ന്. അതിനേക്കാൾ ഒക്കെ മുഖ്യം ജാനിമോളോടുള്ള ഇച്ചേച്ചിയുടെ ഇഷ്ടം ആണ്. മോളെ കാണാതെ രണ്ടുമൂന്നു ദിവസം ആയതിന് ഇച്ചേച്ചിയുടെ വിഷമം നമ്മൾ ഇന്നലെ ഒക്കെ കണ്ടതല്ലേ..
അത് ശരിയാ മോനേ നീ പറഞ്ഞത്. ആ മോള് എന്ന് പറഞ്ഞാൽ ജെനിക്ക് ജീവൻ ആണ്. ഒരിക്കൽ അവൾ എന്നോട് പറഞ്ഞതാ എന്റെ കുഞ്ഞിന് പകരം കർത്താവ് എനിക്ക് തന്നതാണ് ആ മോളെ എന്ന്. അന്ന് ഞാൻ ഉള്ളുകൊണ്ട് പേടിച്ചു. ജെനി ഇങ്ങനെ ആ കുഞ്ഞിനോട് അടുത്താൽ ഭാവിയിൽ അത് അവളെ വേദനിപ്പിക്കുമല്ലോ എന്ന് ആലോചിച്ചിട്ട്.. ഇതിപ്പോ ഇങ്ങനെ ഒരു കാര്യം… അവർ മുഴുവൻ ആക്കാതെ മാത്യുവിനെ നോക്കി.
അയാൾ കുറച്ചുനേരം എന്തൊക്കെയോ ചിന്തിച്ചിരുന്നു പിന്നെ പറഞ്ഞു..
എനിക്ക് കുഴപ്പം ഒന്നുമില്ല ക്രിസ്റ്റി പക്ഷേ എന്റെ ജെനിമോളുടെ പൂർണ്ണസമ്മതത്തോടെ മാത്രം ഇത് മുന്നോട്ട് കൊണ്ടുപോയാൽ മതി. ആദ്യത്തെ തന്നെ എനിക്ക് തെറ്റുപറ്റി. പക്ഷേ ഇതിൽ ഞാൻ അവളുടെ അഭിപ്രായത്തിന് മാത്രേ പ്രാധാന്യം കൊടുക്കുന്നുള്ളൂ.
അത് മതി അപ്പച്ചാ. അല്ലെങ്കിലും ഇച്ചേച്ചിടെ സമ്മതം ഇല്ലാതെ ഞാനും സമ്മതിക്കില്ല ഒന്നിനും. അന്നേച്ചി ഇച്ചേച്ചിയോട് സംസാരിച്ചിട്ടുണ്ടാവും നമുക്ക് നോക്കാം എന്താ ഇച്ചേച്ചിയുടെ തീരുമാനം എന്ന്..

by