രചന – കണ്ണന്റെ മാത്രം
എന്തോ ആലോചനയോടെ ബാൽക്കണിയിൽ നിൽക്കുന്ന അന്നയെ കണ്ടിട്ടാണ് എബി റൂമിലേക്ക് വരുന്നത്.
എന്താ കെട്ട്യോളെ ഇത്ര കാര്യമായിട്ട് ചിന്തിച്ച് കൂട്ടുന്നത്… എബി ഒരു ചിരിയോടെ അന്നയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ചോദിച്ചു.
ഇച്ഛാ… അവൾ പതിയെ വിളിച്ചു.
എന്താ പെണ്ണേ…
ചേട്ടായിക്ക് എന്റെ ജെനിയെ സ്നേഹിക്കാൻ കഴിയില്ലേ.. എനിക്കെന്തോ ആകെ പേടിയാകുന്നു.
എന്തിനാ പെണ്ണേ ഇത്ര പേടി. ഞങ്ങൾ കൊട്ടാരത്തിൽക്കാർ കെട്ടിയപെണ്ണിനെ മറന്ന് ജീവിക്കില്ല പെണ്ണേ. പിന്നെ ചേട്ടായി ജെനിയെ സ്നേഹിക്കുന്ന കാര്യം ഒട്ടും ഇഷ്ടമില്ലാതെ ചേട്ടായി അവളെ സ്നേഹിക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും അതിൽ ചേട്ടായി പരാജയപ്പെട്ടത് അവരുടെ സ്വഭാവം കാരണം ആണ്. അതു ചേട്ടായിക്ക് പോയിട്ട് ഇവിടെ ആർക്കും അക്‌സെപ്റ്റ് ചെയ്യാൻ പറ്റിയിരുന്നില്ല. അത്രേം മോശം ആയിരുന്നു ഇവിടെ ഉള്ളവരോടുള്ള അവരുടെ പെരുമാറ്റം. അതുകൊണ്ട് എന്റെ മോള് അതൊന്നും ആലോചിച്ച് വിഷമിക്കണ്ട. അല്ല ഇപ്പൊ എന്താ പെട്ടന്ന് ഇങ്ങനെ ഒരു സംശയം.
ഒന്നുമില്ല ഇച്ഛാ.. പാവം എന്റെ ജെനി ആദ്യ വിവാഹം തന്നെ അമ്പേ പരാജയം ആയിരുന്നു അവളുടെ. അവളുടെയും അയാളുടെയും കല്യാണം കഴിഞ്ഞത് മുതൽ എന്റെ ജെനി മനസ്സ് തുറന്ന് ചിരിക്കുന്നത് കണ്ടത് അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ അന്നാണ്. അതിന് മുൻപ് എല്ലാവരെയും ബോധ്യപ്പെടുത്താൻ അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടാവുമെങ്കിലും അതൊരിക്കലും അവളുടെ ഉള്ളിൽ തട്ടിയത് ആയിരുന്നില്ല. ഇച്ഛന് അറിയോ ഞാനൊന്ന് മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് നാള് എത്രയായെന്ന്. കുറ്റബോധം കാരണം ഉരുകി തീരുകയാണ് ഞാൻ.
എന്തൊക്കെയാ അന്നേ നീ ഈ പറയുന്നത്. നിനക്ക് എന്തിനാ കുറ്റബോധം. പിന്നെ ജെനിയുടെ ലൈഫിൽ എന്തായിരുന്നു പ്രശ്നം. അവൻ അവളെ ഉപദ്രവിക്കുമായിരുന്നോ..അത് ചോദിക്കുമ്പോൾ എബിയുടെ മുഖം മുറുകി ഇരുന്നു..
ഇല്ല… ദേഹോഭദ്രവം ഉണ്ടായിട്ടില്ല എന്ന എന്റെ അറിവ്. പക്ഷേ അവളെ മാനസികമായി അയാൾ ഒരുപാട് തളർത്തിയിട്ടുണ്ട്..
എന്തൊക്കെയാ അന്നേ നീ പറയുന്നത്. എനിക്ക് ഒന്നും മനസിലാവുന്നില്ല. നീ ഒന്ന് തെളിച്ചുപറയ്..
പറയാം ഇച്ഛാ.. എന്റെ ജെനിയെ ഞാൻ പരിചയപ്പെടുന്നത് ഞങ്ങൾ ആറിൽ പഠിക്കുമ്പോൾ. അന്ന് തൊട്ട് എന്റെ ഉറ്റക്കൂട്ടുകാരി അവൾ ആയിരുന്നു. മൂന്നാമതൊരാൾ ഇന്നത്തെ വരെ ഞങ്ങളുടെ ഇടയിലേക്ക് വന്നിട്ടില്ല. പ്ലസ് ടു വും കഴിഞ്ഞ് ഡിഗ്രിക്കും ഞങ്ങൾക്ക് ഒരുമിച്ച് പഠിക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഡിഗ്രി പഠനം തറവാട്ടിൽ നിന്നുകൊണ്ട് ആക്കിയത്. വീട്ടിൽ നിന്നാവുമ്പോ ഒരുപാട് ദൂരം ഉണ്ടല്ലോ കോളേജിലേക്ക്. അങ്ങനെ ഡിഗ്രിക്ക് പഠിക്കുമ്പോ എന്റെ കൂടെ തറവാട്ടിൽ വന്നപ്പോൾ ആണ് ആന്റി ജെനിയെ കാണുന്നതും പരിചയപ്പെടുന്നതും. ആ സമയത്തല്ലേ നമ്മൾ തമ്മിൽ ഇഷ്ടത്തിലാവുന്നതും. ജെനിയെ കൂടുതൽ അറിഞ്ഞപ്പോൾ ആന്റിക്ക് അവളെ അയാൾക്ക് വേണ്ടി കല്യാണം ആലോചിക്കാൻ ആഗ്രഹം ആയി. ഇതൊന്നും ഞാൻ അറിഞ്ഞില്ല. ഫസ്റ്റ് ഇയർ കഴിഞ്ഞ് വെക്കേഷൻ സമയം ഞാൻ വീട്ടിൽ ആയിരുന്നു. അപ്പോഴാണ് ഒരു ദിവസം ആന്റി വിളിച്ചിട്ട് പറയുന്നത് അയാൾക്ക് ജെനിയെ ഇഷ്ടമാണെന്നും കല്യാണം ആലോചിക്കാൻ അങ്ങോട്ട് പോകണം എന്നും. സത്യം പറഞ്ഞാൽ ഞാൻ ഒരുപാട് സന്തോഷിച്ചു. ഇനിയെന്നും ഞങ്ങൾക്ക് ഒരുമിച്ചു നിൽക്കാല്ലോ എന്ന് മാത്രം ആണ് അന്ന് ചിന്തിച്ചത്. കല്യാണം കഴിഞ്ഞാൽ അവൾക്ക് ഉണ്ടാകാൻ പോകുന്ന സാഹചര്യങ്ങളെ പറ്റിയോ ഉത്തരവാദിത്വങ്ങളെ പറ്റിയോ ചിന്തിക്കാൻ ഉള്ള വകതിരിവൊന്നും എനിക്ക് അന്ന് ഉണ്ടായില്ല. അന്നും അങ്കിൾ മാത്രം ഇതിനെ എതിർത്തിരുന്നു. ഇത്രേം ചെറിയ പ്രായത്തിൽ എന്തിനാ ആ കുട്ടിയെ ഇങ്ങനെ തളച്ചിടുന്നെ എന്ന് ചോദിച്ചിട്ട്. പക്ഷേ ആന്റിക്ക് എന്തോ വാശി പോലെ ആയിരുന്നു എത്രേം പെട്ടന്ന് അവരുടെ കല്യാണം നടന്ന് കാണണം എന്ന്. അവസാനം ആന്റിയുടെ വാശിയിൽ അങ്കിൾ മുട്ടുമടക്കി. അങ്ങനെ ഞങ്ങൾ അവരുടെ വീട്ടിൽ പെണ്ണുകാണാൻ പോയി. അവിടെ ജെനിയുടെ അപ്പച്ചന് ഇത്രേം ചെറിയ പ്രായത്തിൽ അവളെ കെട്ടിക്കുന്നതിനോട് താൽപ്പര്യം ഉണ്ടായിരുന്നില്ല. പിന്നെ ബന്ധുക്കളും എല്ലാവരും ഇത് അവളുടെ ഭാഗ്യം ആണെന്ന് ഒക്കെ പറഞ്ഞപ്പോൾ മാത്രം ആണ് അതിന് അപ്പച്ചൻ സമ്മതിച്ചത് അതും അവളെ അവൾക്കിഷ്ടമുള്ള അത്ര പഠിപ്പിക്കും എന്ന് അങ്കിളിൽ നിന്ന് ഉറപ്പ് വാങ്ങിയിട്ട്. ഇതിനോടൊന്നും വലിയ താൽപ്പര്യമില്ലാതെ നിന്ന ജെനിയെ ഞാൻ ആണ് നിർബന്ധിച്ചത് ഈ കല്യാണത്തിന്. അയാൾക്ക് അവളെ ഇഷ്ടമായതുകൊണ്ട് അവൾക്ക് നല്ലൊരു ജീവിതം കിട്ടുമല്ലോ എന്നാണ് ഞാൻ കരുതിയത് . അവരുടെ കല്യാണം ഉറപ്പിച്ചപ്പോൾ ഞാൻ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. പക്ഷേ എന്റെ ആ സന്തോഷം അവരുടെ കല്യാണത്തിന്റെ തലേന്ന് ആന്റിയും അയാളും തമ്മിൽ ഉള്ള സംസാരം കേൾക്കുന്നവരെയേ ഉണ്ടായിരുന്നുള്ളൂ…
എന്താ പറ്റിയത്. അലക്സിന് ഈ ബന്ധം ഇഷ്ടം ഉണ്ടായിരുന്നില്ലേ. അയാൾക്ക് വേറെ വല്ല ബന്ധങ്ങളും ഉണ്ടായിരുന്നോ.. എബി ആകുലതയോടെ ചോദിച്ചു.
ഏയ്യ് വേറെ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അയാളുടെ സങ്കല്പത്തിൽ ഇങ്ങനെ ഒരു പെൺകുട്ടി ആയിരുന്നില്ല പോലും. അതുകൊണ്ട് അയാൾക്ക് ഈ കല്യാണം താൽപ്പര്യം ഉണ്ടായിരുന്നില്ല എന്ന്. ആന്റിയുടെ നിർബന്ധം ആയിരുന്നുപോലും ഈ കല്യാണം. സത്യം പറഞ്ഞാൽ തകർന്നുപോയി ഞാൻ. എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത ഒരവസ്ഥ. റൂമിൽ നിന്നും ഇറങ്ങിയ ആന്റി എന്നെ കണ്ടതും ഞെട്ടിപ്പോയി. പിന്നെ ആന്റി കുറെ സോറി ഒക്കെ പറഞ്ഞു പിന്നെ പറഞ്ഞു കല്യാണം കഴിഞ്ഞാൽ എല്ലാം നേരെ ആവും എന്നൊക്കെ. ഇത്രയും ആയില്ലേ ഇനിയിപ്പോ ഈ കല്യാണം വേണ്ടാന്ന് വെക്കാൻ പറ്റില്ലല്ലോ എന്ന്..
എന്നിട്ടെന്തായി…
എന്താവാൻ കല്യാണം നടന്നു. 19 വയസ്സ് പോലും ആവാത്ത എന്റെ ജെനി അവിടേക്ക് പറിച്ചുനടപ്പെട്ടു. ആദ്യം ഒന്നും അയാൾ അവളെ മൈൻഡ് പോലും ചെയ്യാറില്ലായിരുന്നു. പക്ഷേ അവൾക്ക് അതിൽ വിഷമം ഉള്ളതായൊന്നും തോന്നിയില്ല. പിന്നെ പതുക്കെ പതുക്കെ അയാൾ അവളെ സ്നേഹിച്ച് തുടങ്ങി. അതോടെ ജെനി പതുക്കെ ഒതുങ്ങി തുടങ്ങി. എല്ലാവരും അവൾ ഒരു ഭാര്യ ആയതിന്റെ മാറ്റം ആണ് അതിന് കാരണം എന്ന് പറഞ്ഞപ്പോൾ ഞാനും വിശ്വസിച്ചു. പക്ഷേ ഞങ്ങൾ പിജിക്ക് പഠിക്കുന്ന സമയത്താണ് ഒരിക്കൽ അവളുടെ റൂമിലേക്ക് പോയ ഞാൻ അയാൾ ജെനിയെ കണ്ടമാനം വഴക്ക് പറയുന്നത് കേട്ടത്..
എന്തിന്.. അപ്പൊ അലക്സിന് അവളെ ഇഷ്ടം ഉണ്ടായിരുന്നില്ലേ..
എനിക്ക് ഇന്നും അറിയില്ല ഇച്ഛാ അതിനെ സ്നേഹം എന്ന് വിളിക്കാൻ പറ്റുമോ എന്ന്. അയാൾക്ക് ഭയങ്കര സ്വാർത്ഥത ആയിരുന്നു. എന്റെ ജെനി ഒന്ന് ഉറക്കെ ചിരിച്ചാലോ സംസാരിച്ചാലോ ഒന്നും അയാൾക്ക്
ഇഷ്ടം ഉണ്ടായിരുന്നില്ലത്രേ. കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾക്ക് അടക്കവും ഒതുക്കവും വേണം എന്നും പറഞ്ഞ് ചീത്ത പറയുമായിരുന്നുപോലും. ഇച്ഛക്ക് അറിയോ എന്റെ ജെനി എന്ത് നന്നായി പാടുമായിരുന്നു എന്ന്. പള്ളി കൊയറിലെ മെയിൻ പാട്ടുകാരി ആയിരുന്നു ഒരു എട്ടാം ക്ലാസ്സ് മുതൽ അവൾ. ആ അവൾ ഒരു മൂളിപ്പാട്ട് പോലും പാടാതായത് അയാൾ കാരണം ആണ്. അയാൾക്ക് പാട്ടുകാരി പെണ്ണുങ്ങളെ ഇഷ്ടമല്ല പോലും. ഇതൊന്നും അവളായിട്ട് പറഞ്ഞതല്ല. ഞാൻ ഭീഷിണി പെടുത്തിപറയിപ്പിച്ചതാണ്. അതുവരെ അയാളെ ഒരുപാട് സ്നേഹിച്ചിരുന്ന ഞാൻ അയാളിൽ നിന്നും അകന്നുതുടങ്ങി. അയാൾക്ക് അവൾ പഠിക്കുന്നത് പോലും താൽപ്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ അതിൽ അയാൾ വിചാരിച്ചത് നടന്നില്ല. അത് അങ്കിളിന്റെ നിർബന്ധം ആയിരുന്നു അവൾക്ക് ഒരു പ്രൊഫഷൻ വേണം എന്നുള്ളത്. അങ്കിൾ ഇല്ലായിരുന്നെങ്കിൽ അവൾ ഡിഗ്രിയോടെ പഠിപ്പ് നിർത്തിയേനെ. ശരിക്കും അങ്കിളിനെ പോലെ ഒരു പപ്പ ജെനിയുടെ ഭാഗ്യം ആയിരുന്നു. ബാക്കി എല്ലാവരും അയാൾ എന്തെങ്കിലും പറഞ്ഞാൽ ഒരു പരിധിയിൽ കൂടുതൽ എതിർക്കാറില്ല. പക്ഷേ അങ്കിൾ എപ്പോഴും ആൾക്ക് ശരി എന്ന് തോന്നുന്നതേ പ്രവർത്തിക്കൂ. അതുകൊണ്ട് തന്നെ അങ്കിൾ ഒരു തീരുമാനം എടുത്താൽ അതിനെ ആരും ചോദ്യം ചെയ്യാറില്ല. അങ്ങനെ അങ്കിളിന്റെ ഒരു തീരുമാനം ആയിരുന്നു ജെനിയുടെ വിദ്യാഭ്യാസവും. കൂടെ വല്യപ്പച്ചന്റെ സപ്പോർട്ടും. എല്ലാം ഞാൻ അറിയാൻ വൈകിയെങ്കിലും അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് നമുക്ക് എല്ലാം എല്ലാവരോടും പറയാം എന്ന്. പക്ഷേ അവൾ സമ്മതിച്ചില്ല. കുറച്ച് കടുംപിടുത്തങ്ങൾ ഉണ്ടെങ്കിലും എന്റെ മിന്നിന്റെ അവകാശി അല്ലേടി പിന്നെ ഇച്ചായന് എന്നെ ഇഷ്ടവുമാണെടി എന്നാണ് അവൾ അന്ന് പറഞ്ഞത്. ശരിക്കും പാറി പറന്നു നടന്നിരുന്ന ഒരു കിളിയെ പിടിച്ച് കൂട്ടിൽ അടിച്ചപോലെ ആയിരുന്നു ജെനിക്ക് ആ കല്യാണം. അവളുടെ സ്വാതന്ത്ര്യങ്ങൾ എല്ലാം അയാൾ ഇല്ലാതെ ആക്കി. അവസാനം എന്റെ ജെനിയെ ഇത്രയും നീചമായി ചതിച്ചു. ഒരുതരത്തിൽ പറഞ്ഞാൽ ഇതിനെല്ലാം ഞാനും കാരണം ആണല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് എന്നെ തന്നെ ഇല്ലാതാക്കാൻ തോന്നാറുണ്ട്. പക്ഷേ അതും അവളെ തകർക്കും എന്ന് എനിക്കറിയാം. ഞാൻ ഒന്ന് സങ്കടപ്പെടുന്നത് പോലും അവൾക്ക് സഹിക്കില്ല. ഇച്ഛൻ ഇന്നാള് ചോദിച്ചില്ലേ നിന്റെ ചേട്ടൻ തന്നെ അല്ലേ അവൻ എന്ന്. ഇങ്ങനെ ഒരാളെ ഏത് പെണ്ണിന് ആണ് ചേട്ടനായി കണ്ട് സ്നേഹിക്കാൻ കഴിയുന്നത്… അവസാനം ആയപ്പോഴേക്കും അന്ന കരഞ്ഞുപോയി. എബി അവളെ ചുറ്റിപിടിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്ത് സമാധാനിപ്പിച്ചു. അപ്പോൾ അവർ അറിഞ്ഞില്ല ഇതെല്ലാം മൂന്നാമതൊരാൾ കൂടി കേൾക്കുന്നുണ്ട് എന്ന്. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അയാൾ ദേഷ്യത്തോടെ അവിടെ നിന്നും പോയി.
……………….
എന്താ.. സോഫി മിഴിഞ്ഞ കണ്ണോടെ അവനെ നോക്കി.
നിങ്ങൾക്ക് അറിയാമായിരുന്നോ അവളുടെ കല്യാണം ആയത്. എങ്ങനെ…
സോഫി അത് ചോദിച്ചതും അലക്സിന്റെ ഓർമ്മകൾ അവൻ എന്നാണ് ജെനിയുടെ കല്യാണം ആരുമായാണ് നടക്കാൻ പോകുന്നത് എന്നറിഞ്ഞ ദിവസത്തിലേക്ക് പോയി.
അന്ന് കോടതിയിൽ പോയി വന്നതുകൊണ്ട് സൂപ്പർ മാർകെറ്റിൽ എത്താൻ വൈകിയിരുന്നു. അതുകൊണ്ട് തന്നെ കണക്കുകൾ ഒക്കെ നോക്കി ഇറങ്ങാനും വൈകി. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് നല്ലത് പോലെ വൈകി എന്ന് മനസ്സിലായത്. കാരണം അത്രേം വിചനമായിരുന്നു അവിടം എല്ലാം. സമയം നോക്കിയപ്പോൾ പന്ത്രണ്ടിനോട് അടുത്തിട്ടുണ്ട്. ബൈക്കിൽ കയറി ഇത്തിരി സ്പീഡിൽ തന്നെ ആണ് സോഫി അന്ന് താമസിച്ചിരുന്നിടത്തേക്ക് ബൈക്ക് വിട്ടത്. സൂപ്പർമാർക്കെറ്റിൽ നിന്നും ഇറങ്ങി കുറച്ചങ്ങോട്ട് പോയി ഒരു ഇടവഴി കയറാൻ നേരത്താണ് ഒരു ജീപ്പ് വന്ന് ബൈക്കിൽ തട്ടുന്നത്. ബൈക്ക് മറിഞ്ഞു ഞാനും വീണു. മേല് നൊന്ത ദേഷ്യത്തിൽ വായിൽ വന്ന തെറിയും പറഞ്ഞ് എഴുന്നേറ്റപ്പോൾ ആണ് ജീപ്പിൽ നിന്നും മൂന്നുന്നാല് തടിമാടന്മാർ ഇറങ്ങിയത്. കണ്ടാൽ തന്നെ ആജാനുബാഹു രൂപത്തിൽ ഉള്ളവരെ കണ്ടതും അവൻ വേഗം ബൈക്ക് പൊക്കിയെടുത്ത് പോകാൻ നോക്കിയെങ്കിലും എന്തോ സ്പ്രേ അവർ മുഖത്തേക്കായി അടിച്ചത് അറിഞ്ഞപ്പോഴേക്കും തലക്ക് ആകെ മന്ദത തോന്നി തുടങ്ങി. പിന്നത്തെ ഓർമ എവിടെയോ കെട്ടിയിട്ട നിലയിൽ എഴുന്നേൽക്കുന്നതാണ്. നോക്കുമ്പോൾ കസേരയിൽ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണ് ചുറ്റും നോക്കിയപ്പോൾ ആകെ ഇരുട്ടുപിടിച്ച ഒരു സ്ഥലം. തന്റെ തലക്ക് മുകളിൽമിന്നുന്ന മഞ്ഞ ബൾബിന്റെ ചെറിയ വെളിച്ചം മാത്രം ആണ് അവിടെ ആകെ ഉള്ളൊരു പ്രകാശം. ആകെ പേടിച്ച് ചുറ്റും നോക്കി ഇരിക്കുമ്പോൾ ആണ് ആരോ രണ്ടാളുകൾ അടുത്തേക്ക് വരുന്ന പോലെ തോന്നിയത്. നന്നായി അടുത്തേക്ക് വന്നപ്പോൾ ആണ് തന്നെ ഇടിച്ച ജീപ്പിൽ ഉണ്ടായിരുന്നവരിൽ രണ്ടുപേരാണ് അത് എന്ന് മനസിലായത്.
ആരാ നിങ്ങൾ ഒക്കെ. എന്തിനാ എന്നെ പിടിച്ചുകൊണ്ട് വന്നിട്ടുള്ളത്. മര്യാദക്ക് അഴിച്ചു വിട്ടോ… അലക്സ് ദേഷ്യത്തോടെ അലറി.
ഹാ.. അടങ്ങ് അലക്സേ.. നിനക്ക് അലറാൻ ഉള്ള സമയം ആയിട്ടില്ല. അതാവുമ്പോ തന്നത്താൻ അലറിക്കോളും.. അതിൽ ഒരുവൻ പുച്ഛത്തോടെ പറഞ്ഞു.
ആരാ നിങ്ങളൊക്കെ. ഞാൻ നിങ്ങളോടൊന്നും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. പിന്നെ എന്തിനാ എന്നെ ഇങ്ങനെ പിടിച്ചുകൊണ്ട് വന്നത്… അലക്സ് ദയനീയതയോടെ ചോദിച്ചു.
ആഹാ ഇപ്പൊ അലറൽ പോയി അപേക്ഷ ആയോ. എന്ത് ചെയ്തിട്ടും കാര്യം ഒന്നുമില്ല മോനെ അലക്സേ നിന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ പറഞ്ഞത് ഞങ്ങളുടെ സാർ ആണ്. അദ്ദേഹം വന്ന് നിനക്ക് തരാനുള്ളതെല്ലാം തന്ന് കഴിഞ്ഞ് ബാക്കി വല്ലതും ഉണ്ടെങ്കിൽ നിന്നെ കിട്ടിയ സ്ഥലത്ത് തന്നെ ഉപേക്ഷിച്ചോളാം. മറ്റവനും പുച്ഛത്തോടെ പറഞ്ഞു.
അതുകൂടി കേട്ടതും അലക്സിന് ആകെ ഭയമായി തുടങ്ങി. പക്ഷേ അവന് എത്ര ആലോചിച്ചിട്ടും എന്ത് തെറ്റിനാണ് തന്നെ ഇങ്ങനെ പിടിച്ചു കൊണ്ട് വന്നിട്ടുള്ളത് എന്ന് മനസിലായില്ല
ആരാ.. നിങ്ങളുടെ സാർ.. അലക്സ് വിറയലോടെ ചോദിച്ചു.
അപ്പോഴാണ് ഷട്ടർ തുറക്കുന്ന ഒരു ശബ്ദം കേട്ടത്. അതോടെ മൂന്നാളുടെയും ശ്രദ്ധ അങ്ങോട്ടായി. അവർ രണ്ടുപേരും ഭവ്യതയോടെ സൈഡിലേക്ക് ഒതുങ്ങി നിന്നു. അലക്സ് മുന്നിലേക്ക് നോക്കി തന്നെ ഇരുന്നു. ഷൂസ് തറയിൽ പതിക്കുന്ന ശബ്ദം ആ നിശബ്ദ അന്തരീക്ഷത്തിൽ വല്ലാത്ത ഭയാനകത സൃഷ്ട്ടിച്ചു. പിന്നെ ഒരു രൂപം അടുത്തേക്ക് വരുന്നത് അലക്സിന് മനസിലായി. തന്റെ മുന്നിലായി വന്ന് നിൽക്കുന്ന രൂപത്തെ അലക്സ് നന്നായി നോക്കി. വെള്ള ജുബ്ബയും മുണ്ടും ധരിച്ച ആറടിയിൽ അധികം പൊക്കമുള്ള ആരോഗ്യവാനായ ഒരുവൻ ആണ് അതെന്ന് അലക്സിന് മനസിലായി. പക്ഷെ അപ്പോഴും ആ ചെറിയ വെളിച്ചത്തിൽ അവന്റെ മുഖം മനസിലാകുന്നുണ്ടായിരുന്നില്ല.
ആരാ നീ.. എന്നെ എന്തിനാ പിടിച്ചുകൊണ്ട് വന്നത്… അലക്സ് അത് ചോദിച്ചതും അവിടം മുഴുവൻ പ്രകാശപൂരിതമായി. പെട്ടന്ന് വന്ന വെളിച്ചത്തിൽ അലക്സ് കണ്ണുകൾ ഇറുക്കി അടച്ച് തുറന്നതും അവന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അക്ഷരാർത്ഥത്തിൽ അവൻ ഞെട്ടിപ്പോയി. അവന്റെ വായിൽ നിന്ന് അവനറിയാതെ തന്നെ ആ പേര് പുറത്തേക്ക് വന്നു.
ഡേവിഡ്…

by