19/04/2026

നിനക്കായ് : ഭാഗം 46

രചന – കണ്ണന്റെ മാത്രം

പെട്ടന്നാണ് ഒരു കൈ വന്ന് ജെനിയെ പിടിച്ച് മാറ്റിയത്. തങ്ങളെ കടന്ന് പോയ കാറിനെ അയാളൊന്ന് തല തിരിച്ച് നോക്കി. പിന്നെ ഫോൺ എടുത്ത് എന്തോ ടൈപ്പ് ചെയ്ത് അയച്ചു. അതുകഴിഞ്ഞ് തന്റെ അടുത്തായി കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്ന ജെനിയെ ഒന്ന് നോക്കി. പിന്നെ അവളുടെ  ഷോൾഡറിൽ  ഒന്ന് തട്ടികൊണ്ട് വിളിച്ചു.

ഡോ..

ആരോ തന്റെ ഷോൾഡറിൽ തട്ടി വിളിക്കുന്നത് പോലെ തോന്നിയപ്പോഴാണ് ജെനി കണ്ണു തുറന്നു നോക്കിയത്. തന്റെ മുന്നിലായി നിൽക്കുന്ന ജിമ്മനെ അവൾ കണ്ണു മിഴിച്ച് നോക്കി.

എന്താടോ ഇത് ? നോക്കിയൊക്കെ നടന്നുകൂടെ റോഡിൽ. താൻ എങ്ങോട്ടാണ് പോകുന്നത്.
ആ അപരിചിതൻ ഒരു ചിരിയോടെ ജെനിയോട് ചോദിച്ചു.

ഞാൻ നോക്കിയതാ. പക്ഷേ അപ്പൊ വണ്ടി ഒന്നും ഉണ്ടായില്ല. ഇത് പെട്ടന്ന് വന്നതാ. ഞാൻ ദാ ആ കാണുന്ന പള്ളിയിലേക്ക് ഇറങ്ങിയതാണ്… ജെനി കുറച്ച് ദൂരെ ഉള്ളൊരു പള്ളി ചൂണ്ടി പറഞ്ഞു.

മ്മ്.. എന്തായാലും താൻ വാ ഞാൻ പള്ളിയിലേക്ക് ആക്കി തരാം… അയാൾ പറഞ്ഞു.

ഏയ്യ് വേണ്ട.. ഞാൻ പൊക്കോളാം.. അവൾ അത് പറയുന്ന നേരത്താണ് ക്രിസ്റ്റി വിളിക്കുന്ന ശബ്ദം കേട്ടത്.

ഇച്ചേച്ചി.. ഇതുവരെ പള്ളിയിലേക്ക് പോയില്ലേ.. ജെനിയുടെ അടുത്ത് നിൽക്കുന്ന ജിമ്മനെ നോക്കികൊണ്ട്‌ ക്രിസ്റ്റി ചോദിച്ചു.

അയാളൊന്ന് വണ്ടിക്ക് അടവെക്കാൻ നോക്കി. ഞാൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു… അപരിചിതൻ ചിരിയോടെ പറഞ്ഞു.

ഇച്ചേച്ചി എന്താ ഇത് ശ്രദ്ധിക്കേണ്ടേ. പണ്ടും റോഡ് മുറിച്ചു കടക്കാൻ അറിയില്ല. ഇത് അറിയുന്നത് കൊണ്ടാ ഞാൻ വേഗം വന്നത്. തിരിച്ച് ഒരുമിച്ച് പോരാലോ എന്ന് കരുതി..ക്രിസ്റ്റി ജെനിയെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.

പോടാ.. എനിക്ക് അറിയാം അതൊക്കെ. ഇത് ആ വണ്ടിക്കാരുടെ തെറ്റാണ്… ജെനി മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.

പിന്നെ പിന്നെ എനിക്ക് അറിയാത്തതാണല്ലേ എന്റെ ഇച്ചേച്ചിയെ… ക്രിസ്റ്റി ജെനിയെ നോക്കി അത് പറഞ്ഞുകൊണ്ട് ആ അപരിചിതനെ നോക്കി പറഞ്ഞു ഇനിയിപ്പോ ഞാൻ കൊണ്ടുപൊക്കോളാം ചേട്ടാ. Thank you so much..

ഏയ്യ് അതൊന്നും കുഴപ്പം ഇല്ലടോ..എന്നാൽ ഞാൻ പോട്ടെ.. അയാൾ അതും പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നു.

അപ്പോഴാണ് ക്രിസ്റ്റി അയാളുടെ പേര് ചോദിച്ചില്ലല്ലോ എന്ന ഓർമ വന്നത്..
ചേട്ടാ.. പേര് പറഞ്ഞില്ല. ഞാൻ ക്രിസ്റ്റഫർ..

അയാൾ തിരിഞ്ഞ് അവനെ ഒന്ന് നോക്കികൊണ്ട്‌ പറഞ്ഞു. ഞാൻ ദേവൻ.. മഹാദേവൻ.. അയാൾ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് നടന്നുപോയി..

ഹോ എന്തൊരു ബോഡി ആണ്. ഇവനെപോലെ ഉള്ളവരെ ഒക്കെ കാണുമ്പോൾ ആണ് എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്… ക്രിസ്റ്റി അത്മിച്ചു..

ഡാ ചെക്കാ.. വായോ ഇനിയും നിന്നാൽ നേരം വൈകും.. ക്രിസ്റ്റിയുടെ കൈയിൽ തല്ലികൊണ്ട് ജെനി വിളിച്ചു.

ദേ ഇച്ചേച്ചി ഒരു ipsക്കാരനെ ആണ് തല്ലുന്നത് ഓർമ വേണം… ക്രിസ്റ്റി അവന്റെ  മീശ പിരിച്ചുകൊണ്ട് പറഞ്ഞു.

ഓഹ് പിന്നെ.. ഒഞ്ഞു പോയെടാ.. നീ വരുന്നുണ്ടെങ്കിൽ വായോ അല്ലെങ്കിൽ ipsക്കാരൻ അവിടെ നിന്നോ..

അയ്യോ ഞാനും ഉണ്ട്…

അവർ അങ്ങോട്ട് പോയതും ദേവന്റെ മുന്നിലായി   വന്ന് നിന്ന വണ്ടിയിൽ കയറി ഇരുന്ന് കൊണ്ട് അയാൾ ഫോൺ എടുത്ത് വിളിച്ചു.

എന്താ ദേവാ..ഡേവി ചോദിച്ചു.

ഒരു അറ്റെംപ്റ്റ് ഉണ്ടായി സാർ…

എനിക്ക് തോന്നിയിരുന്നു അവൾ വെറുതെ ഇരിക്കില്ല എന്ന്. അതാ ഞാൻ നിന്നോട് ഇന്നും നാളെയും അവിടെ ഉണ്ടാവണം എന്ന് പറഞ്ഞത്… ആൻസി..
ആ പേര് പറയുമ്പോൾ ഡേവിയുടെ പല്ല് ഞെരിയുന്ന ശബ്ദം ദേവൻ കേട്ടു. അവന് ഒരു നിമിഷം അവളെ കുറിച്ച് ആലോചിച്ച് സഹതാപം തോന്നി.

ദേവാ.. ഡേവിയുടെ ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. അവനെന്തിനാ വിളിച്ചതെന്ന് അറിയുന്നത് പോലെ ദേവൻ പറഞ്ഞു.
ഒരു മണിക്കൂറിനുള്ളിൽ ആ കാർ ഓടിച്ചിരുന്നവൻ നമ്മുടെ സ്ഥലത്ത് ഉണ്ടാവും സാർ.

മ്മ്.. ജെനിയുടെ കൂടെ..

ക്രിസ്റ്റിയുണ്ട് സാർ..

ഒക്കെ…എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞ് കാണാം..

……………

ആൻസി ഫോൺ എടുത്ത് അവളുടെ പപ്പയെ വിളിച്ചു..

എന്തായി പപ്പ കാര്യങ്ങൾ..

ആ പെണ്ണ് വീട്ടിൽ നിന്ന് ഇറങ്ങുന്ന നിമിഷം അവൾ തീർന്നിരിക്കും. അതിന് വേണ്ട ആളെ ഒക്കെ ഞാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്. മോള് വിഷമിക്കണ്ട. ഇന്നല്ലെങ്കിൽ നാളെ നല്ലൊരു ന്യൂസ്‌ മോൾക്ക് കേൾക്കാം..ആന്റണി (ആൻസിയുടെ പപ്പ ) പറഞ്ഞു…

അതുമതി പപ്പ. എന്റെ  ഡേവിയെ കല്യാണം കഴിക്കാൻ സമ്മതിച്ച അവൾ ഇനി ജീവനോടെ വേണ്ട. പപ്പാ പിന്നെ മമ്മി ഇതൊന്നും അറിയണ്ട. അവർക്ക് ഇപ്പോഴും കുറ്റബോധം ആണ് അവന്റെ മമ്മിയെ ചതിച്ചു എന്നും പറഞ്ഞ്. ഇതൊക്കെ അറിഞ്ഞാൽ ചിലപ്പോ എല്ലാം അവരെ അറിയിച്ചെന്നും ഇരിക്കും..

അല്ലെങ്കിലും അവളോട് ഈ വക ഒന്നും ഞാൻ പറയാറില്ല. അപ്പൊ വരും ഉപദേശവും കൊണ്ട്.. ആന്റണി പുച്ഛത്തോടെ പറഞ്ഞു..

മ്മ് ഞാൻ വെക്കാണ് പപ്പാ.. ഇനി നല്ലൊരു ന്യൂസും കൊണ്ട് പപ്പ വിളിച്ചാൽ മതി..

ശരി മോളെ.. അതും പറഞ്ഞ് അയാൾ ആൻസിയുടെ കാൾ കട്ട്‌ ചെയ്യ്തു. പിന്നെ കുറച്ച് നേരം ആലോചിച്ച് നിന്നിട്ട് ആരെയോ വിളിച്ചു..

…………..

ഒരു മണിക്കൂർ കഴിഞ്ഞ് ഡേവി അവരുടെ സ്ഥിരം സ്ഥലത്ത് എത്തുമ്പോൾ അവിടെ ഒരാളെ കെട്ടിയിട്ട നിലയിൽ കണ്ടു. അത്യാവശ്യം നന്നായി പെരുമാറിയിട്ടുണ്ട്.

എന്തായി കാര്യങ്ങൾ.. അയാളോട് ചോദിച്ചോ ദേവാ..

ഇല്ല സാർ.. സാർ വന്നിട്ട് ചോദിക്കാം എന്ന് കരുതി..

എന്നിട്ടാണോ അവന്റെ അവസ്ഥ ഇങ്ങനെ… ഡേവി ഒരു ചിരിയോടെ ചോദിച്ചു..

അത് പിന്നെ അവൻ ഭയങ്കര ഷോ ഓഫ്‌. അപ്പൊ നമ്മുടെ പിള്ളേർക്ക് അത് അങ്ങോട്ട് പിടിച്ചില്ല. അവർ ഒന്ന് കയറി ഇറങ്ങിയതാണ്.

മ്മ്…അവൻ ഒന്ന് മൂളിയിട്ട് നേരെ അടികൊണ്ട് അവശനായി കിടക്കുന്നവന്റെ മുന്നിലായി ചെന്ന് നിന്നു.. അയാൾ മുന്നിലായി നിക്കുന്നവന്റെ മുഖത്തെ ശാന്തത കണ്ടപ്പോൾ ഒന്ന് സമാധാനിച്ചു…

എനിക്ക് ഒന്നും അറിയില്ല സാറെ. ഞാൻ ഒന്നും ചെയ്തിട്ടില്ല. ഇവന്മാർ എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് എന്നെ പിടിച്ചു കൊണ്ട് വന്നതാണ്.  ആ പെണ്ണിനെ കൊല്ലാൻ നോക്കിയത് ഞാൻ ഒന്നും അല്ല. അത് പറഞ്ഞിട്ടാണ് ഇവന്മാർ എന്നെ പെരുമാറിയത്.

ഡേവി അയാളെ തന്നെ കുറച്ചുനേരം നോക്കി. പിന്നെ ഒന്ന് ചിരിച്ചു. അടുത്ത നിമിഷം അയാൾ കസേര അടക്കം തെറിച്ച് വീണു. അയാൾക്ക് തന്റെ തലയുടെ ഇടത് ഭാഗം മുഴുവൻ ഒരു മന്ദിപ്പാണ് ആദ്യം തോന്നിയത് പിന്നെ മുഖം കത്തുന്നത് പോലെ ഒരു വേദനയും. അയാൾ അലറി കരഞ്ഞു. അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും എന്തിന് ചെവിയിൽ നിന്ന് അടക്കം ചോര വന്നു.

ദേവൻ വേഗം വന്ന് അയാളെ കസേര അടക്കം പൊക്കിയിരുത്തി..

ആര് പറഞ്ഞിട്ട് … ഡേവി അയാളെ നോക്കികൊണ്ട് ചോദിച്ചു..

ആൻ… ആന്റണി (ആൻസിയുടെ പപ്പ )പറഞ്ഞിട്ട്…അയാൾ വിക്കലോടെ പറഞ്ഞു..

അയാൾ അത് പറഞ്ഞ് കഴിയലും അയാളുടെ  പോക്കറ്റിൽ കിടന്ന ഫോൺ അടിക്കലും ഒരുമിച്ചായിരുന്നു.

ദേവൻ വേഗം അയാളുടെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് നോക്കി. എന്നിട്ട് അത് ഡേവിക്ക് നേരെ കാട്ടി. അതിൽ കാണുന്ന ആന്റണിയുടെ പേര് അവനിൽ ഒരു ക്രൂരഭാവം നിറച്ചു.

ദേവാ… മനസിലായി സാർ.

ഡാ.. നീ ഈ ഫോൺ എടുത്തിട്ട് അവനോട് പറയണം. പ്ലാൻ സക്സസ്സ് ആയെന്നും നേരിട്ട് ഒന്ന് കാണണം എന്നും. അതും ഇപ്പൊത്തന്നെ.. കേട്ടല്ലോ..

അയാൾ പേടിയോടെ തലയാട്ടി. ദേവൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ട് അവന് നേരെ നീട്ടി..മ്മ്.. സംസാരിക്ക്

സാർ.. അയാൾ വിളിച്ചു.

ആ എന്തായെടോ.. എന്തെങ്കിലും നടക്കോ തന്നെക്കൊണ്ട് അതോ ഞാൻ വേറെ ആളെ നോക്കണോ.. ആന്റണി ദേഷ്യത്തോടെ ചോദിച്ചു.

സാർ അതിന് ആ പെണ്ണ് ഇതുവരെ വീട്ടിൽ നിന്ന് ഇറങ്ങിയിട്ടുണ്ടായില്ല. ദേ ഇത്തിരി നേരത്തെ ഇറങ്ങിയപ്പോ ഞാൻ നമ്മുടെ പ്ലാൻ നടപ്പിലാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ സാധ്യത ഇല്ല..

അയാൾ അത് പറഞ്ഞതും ഡേവിയുടെ മുഷ്ടി ചുരുണ്ടു. നടക്കാത്ത കാര്യം ആണെങ്കിലും ജെനിക്ക് അങ്ങനെ ഒന്ന് പറഞ്ഞ് കേൾക്കുന്നത് പോലും അവന് സഹിക്കാൻ പറ്റുന്നുണ്ടായില്ല.

ഹഹഹ.. ചത്തുതുലയട്ടെ ആ നാശം പിടിച്ചവൾ. അവൾക്ക് എന്റെ മോളുടെ സ്ഥാനം വേണം പോലും ഇപ്പൊ എന്തായി.. ആന്റണി അട്ടഹാസത്തോടെ പറഞ്ഞു.

ഡേവി കണ്ണുകൾ ഇറുക്കി അടച്ച് പല്ല് കടിച്ചുപിടിച്ച് നിന്നു. ആന്റണി അറിയുന്നുണ്ടായില്ല അയാൾ ഈ പറയുന്നതിന് മുഴുവൻ അനുഭവിക്കാൻ പോകുന്ന വേദന എത്രത്തോളം ആണെന്ന്..

പിന്നെ സാറെ എനിക്ക് അത്യാവശ്യം ആയിട്ടൊന്ന് കാണണം… ഒരു കാര്യം പറയാൻ ആണ്..

ഇനിയിപ്പോ നാളെ പോരേടാ. നിന്റെ ബാക്കി കാശും തരാം.

പറ്റില്ല സാർ.. ഇന്ന് തന്നെ കാണണം. വളരെ അത്യാവശ്യം ആണ്.

ആ എങ്കിൽ താൻ സ്ഥിരം സ്ഥലത്ത് എത്തിക്കോ ഞാൻ ഒരു മണിക്കൂറിൽ അങ്ങോട്ട് വരാം..

ഒക്കെ എന്നും പറഞ്ഞ് അയാൾ ഫോൺ വെക്കലും നെഞ്ചിൽ ചവിട്ടേറ്റ് അയാൾ കസേരയടക്കം വീഴലും ഒപ്പം കഴിഞ്ഞു…
വായിൽ വന്ന ചോര തുപ്പിക്കൊണ്ട് നോക്കിയ അയാൾ കാണുന്നത് സംഹാര രുദ്രൻ ആയി നിൽക്കുന്ന ഡേവിഡിനെ ആണ്.

നിനക്കൊക്കെ എന്റെ പെണ്ണിനെ ഇല്ലാതാക്കണം അല്ലേടാ നായെ..ഡേവിഡ് അലറി..

ഡേവിഡിന്റെ ആ ഒരു ഭാവം കണ്ട് സത്യത്തിൽ ദേവൻ അടക്കം എല്ലാവരും ഒന്ന് ഭയന്നു..

സാർ.. ദേവൻ വിളിച്ചു.

ദേവാ.. നീ എന്ത് ചെയ്തിട്ടായാലും കുഴപ്പം ഇല്ല എത്രയും പെട്ടന്ന് അവൻ ആ ആന്റണി ഇവിടെ ഉണ്ടാവണം.. മനസിലായോ.. ഡേവിഡ് ഗൗരവത്തോടെ  പറഞ്ഞു.

ഉണ്ടാവും… ദേവൻ ഉറപ്പോടെ പറഞ്ഞു.

മ്മ്.. ഡേവിഡ് ഒന്ന് അമർത്തി മൂളിക്കൊണ്ട് തിരിഞ്ഞു പുറത്തേക്ക് പോയി

………..

ഡേവിഡിന് തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായില്ല. അവന് ജെനിയെ ഒന്ന് കാണാൻ തോന്നി. പക്ഷെ സമയം ഇത്രയും ആയതുകൊണ്ട് അത് നടക്കില്ല എന്ന് അവന് തന്നെ അറിയാം. അവൻ വേഗം ഫോൺ എടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു.

അറിയാത്ത നമ്പറിൽ നിന്ന് കാൾ കണ്ടപ്പോ അവൾ കുറച്ചുനേരം എടുക്കണോ എന്ന് ആലോചിച്ച് നിന്നു. ഒരുവട്ടം കട്ടായി പിന്നെയും അതേ നമ്പറിൽ നിന്ന് കാൾ വന്നപ്പോ അവൾ ഫോൺ എടുത്തു.

ഞാൻ ഡേവിഡ് ആണ്… ജെനിയുടെ ഹലോ കേട്ടതും ഡേവിഡ് പറഞ്ഞു.. ഡേവിഡിന്റെ സ്വരം അപ്പുറത്ത് നിന്ന് കേട്ടതും ജെനിക്ക് കൈയും കാലും വിറക്കാൻ തുടങ്ങി..

ഹലോ ജെനിഫർ കേൾക്കുന്നില്ലേ..

ഹാ.. ഹലോ.. ജെനി വിറയലോടെ പറഞ്ഞു.

വിറയലോടെ ഉള്ള അവളുടെ ശബ്ദം കേട്ടപ്പോൾ അവന് ചിരിയാണ് വന്നത്.

എന്താ വിളിച്ചത്… അവൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടതും അവൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

എന്തേ വിളിക്കാൻ പാടില്ലേ.. അവൻ കുസൃതിയോടെ തിരിച്ച് ചോദിച്ചു.

അവന്റെ ശബ്ദത്തിലെ കുസൃതി മനസിലായതും അവൾക്ക് എങ്ങനെ അതിനോട് പ്രതികരിക്കണം എന്ന് അറിയാതെ ആയി.

അത്… ഞാൻ.. എനിക്ക്.. അവള് വിക്കലോടെ എന്തൊക്കെയോ പറയാൻ ശ്രമിച്ചു..

താൻ ടെൻഷൻ ആവണ്ട. ഞാൻ വെറുതെ വിളിച്ചതാണ്.. വെക്കട്ടെ.. അവൻ അവളെ സമാധാനിപ്പിച്ചു..

അത്.. എനിക്ക്.. മോളെ ഒന്ന് കാണാൻ.. അവൾ മുഴുവനാക്കാതെ പറഞ്ഞു നിർത്തി..

മ്മ്.. നാളെ കൊണ്ടുവരാം മോളെ.. എന്നാൽ ഞാൻ വെക്കട്ടെ..

മ്മ്.. ശരി…

അവൻ ഫോൺ വച്ചിട്ട് കാറിന്റെ സീറ്റിലേക്ക് കണ്ണടച്ച് ചാരിയിരുന്നു. അപ്പൊ അവന്റെ മുഖത്ത് നേരത്തെ കണ്ടത് പോലുള്ള ഒരു ടെൻഷനും ഉണ്ടായില്ല. തികച്ചും ശാന്തമായിരുന്നു അവന്റെ മുഖം..

…………

മുഖത്തേക്ക് ശക്തിയിൽ തണുത്ത വെള്ളം വീണപ്പോൾ ആണ് ആന്റണി ഞെട്ടികൊണ്ട് കണ്ണുകൾ തുറന്നത്. അപ്പോഴും അയാൾക്ക് മുഴുവനായി ബോധം വന്നിരുന്നില്ല. കുറച്ച് നേരം എടുത്തു അയാൾക്ക് സ്ഥലകാല ബോധം വരാൻ. കൈയും കാലും അനക്കാൻ നോക്കിയപ്പോൾ ആണ് താൻ ബന്ധനത്തിൽ ആണെന്ന് അയാൾക്ക് മനസിലായത്. പെട്ടന്നാണ് അയാൾക്ക് കഴിഞ്ഞ കാര്യങ്ങൾ ഓർമ വന്നത്.

സ്ഥിരം സ്ഥലത്ത് എത്തി അവനെ വെയിറ്റ് ചെയ്യത് നിൽക്കുമ്പോൾ ആണ് പെട്ടന്ന് ഏതോ ഒരുത്തൻ മുന്നിൽ വന്ന് എന്തോ മുഖത്തേക്ക് സ്പ്രേ ചെയ്യുന്നത്. എല്ലാം ഒറ്റ സെക്കൻഡിൽ കഴിഞ്ഞത് കൊണ്ട് തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അയാൾ ചുറ്റും നോക്കി. ആകെ ഇരുട്ട് നിറഞ്ഞ ഒരു മുറി. തന്റെ തലക്ക് മുകളിൽ ആയി ഒരു മഞ്ഞ ബൾബ് മിന്നി കത്തുന്നുണ്ട്… അയാൾ ഒന്നുകൂടി ചുറ്റും നോക്കി. അപ്പോഴാണ് അയാൾക്ക് തന്റെ കുറച്ച് മുന്നിലായി ഇരുട്ടിൽ ആരോ കസേരയിൽ ഇരിക്കുന്നുണ്ട് എന്ന് തോന്നിയത്.

ആരാടാ നീയൊക്കെ.. എന്നെ നിനക്കൊന്നും അറിയില്ല. അഴിച്ചു വിടെടാ.. അയാൾ അലറി

അടുത്ത നിമിഷം അവിടെ മുഴുവൻ പ്രകാശം നിറഞ്ഞു. തന്റെ മുന്നിലായി ഇരിക്കുന്ന ആളെ കണ്ടതും ആന്റണി ഒരുനിമിഷം ശ്വാസം എടുക്കാൻ പറ്റാതെ ഇരുന്നുപോയി.