22/04/2026

നിനക്കായ് : ഭാഗം 07

രചന – കണ്ണന്റെ മാത്രം

വലിയ ആൾക്കാരല്ലേ അവരൊക്കെ അതുകൊണ്ട് അധികം സംസാരിക്കാൻ ഒന്നും നിക്കില്ലായിരിക്കും എന്ന് മനസ്സിൽ വിചാരിച്ച മേരിയെ ഞെട്ടിച്ചുകൊണ്ട് എൽസി അടുത്തുകിടന്നിരുന്ന ഒരു കസേര വലിച്ചിട്ട് അതിൽ ഇരുന്ന് അവരോട് സംസാരം തുടങ്ങി. അപ്പോഴാണ് എൽസിയെ വിളിക്കാൻ റീനാമ്മയും റാണിയും കൂടി വന്നത്. അവരും പരസ്പരം പരിചയപ്പെട്ട് കുറച്ചുനേരം സംസാരിച്ച് പോകാനായി എഴുന്നേറ്റു.

എന്നാ ഞങ്ങൾ അങ്ങോട്ട് പോകട്ടെ. അവിടെ അന്വേഷിക്കും. വാ ജാനിമോളെ…. റീനാമ്മ അവരോടായി പറഞ്ഞുകൊണ്ട് ജാനിമോളെ എടുക്കാനായി നോക്കി. അവൾ പക്ഷേ ജെനിയെ ഒന്നുകൂടി അള്ളിപിടിച്ചിരിക്കുകയാണ് ചെയ്യ്തത്.

സാരമില്ല ആന്റി അവൾ എന്റെ കൈയിൽ ഇരുന്നോട്ടെ. ഞാൻ നോക്കിക്കോളാം.. ജാനിമോൾ വിതുമ്പി തുടങ്ങിയതും ജെനി പറഞ്ഞു.

എന്നാൽ ശരി മോളെ. അവള് വയറ്റിൽ ചവിട്ടാതെയും മറ്റും ശ്രദ്ധിച്ചോളോ.. അത് പറഞ്ഞുകൊണ്ട് റീനാമ്മയും മറ്റും സ്റ്റേജിലേക്ക് പോയി..

നല്ല കൂട്ടരാ അല്ലേ. ഇത്രേം വലിയ വീട്ടുകാരൊക്കെ ആയോണ്ട് നമ്മളോട് ഒക്കെ കൂടാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാവും എന്നാ ഞാൻ കരുതിയത്. പക്ഷേ ഇത് അങ്ങനെ ഒരു ബുദ്ധിമുട്ടും അവർക്കില്ല. അന്ന മോള് ഭാഗ്യവതിയാ.. അല്ലേ മോളെ.. മേരി സന്തോഷത്തോടെ പറഞ്ഞു.

മ്മ് നല്ല കൂട്ടരാ അമ്മേ. അങ്ങനെ കാശിന്റേം സ്വത്തിന്റേം ഒന്നും അഹങ്കാരം ഇല്ല…

ജെനി പറയുന്നത് കേട്ടുകൊണ്ടിരിക്കുമ്പോൾ ആണ് മാത്യുനു തന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ച് വലിക്കുന്നത് പോലെ തോന്നിയത്. ജെനിയുടെ മടിയിൽ ഇരുന്ന് ജാനിമോള് ആണ് അയാളുടെ ഷർട്ടിൽ പിടിച്ച് വലിച്ചത്. അതോടെ അയാൾ മോളെ ജെനിയുടെ കൈയിൽ നിന്നും വാങ്ങി കൊഞ്ചിക്കാൻ തുടങ്ങി.  മേരിയുടെയും ജെനിയുടെയും ശ്രദ്ധയും അങ്ങോട്ട് ആയി.

ഏതാ മോളെ ഈ കുഞ്ഞ്.. ജാനിമോളെ കൊഞ്ചിക്കുന്നതിന്റെ ഇടയിൽ മാത്യൂസ് ചോദിച്ചു.

അന്നയെ കല്യാണം കഴിക്കാൻ പോകുന്ന ചെക്കന്റെ ചേട്ടന്റെ കുഞ്ഞാണ് അപ്പച്ചാ..

അപ്പൊ കുഞ്ഞിന്റെ അമ്മയെന്തിയെ… ഇവിടെ ഇല്ലേ.. മേരി ചോദിച്ചു.

അതോടെ ജെനി അന്നയിൽ നിന്നും അറിഞ്ഞ ഡേവിയുടെ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.

ഹോ… എന്ത് പെണ്ണാ അത് അല്ലേ. ഇത്രേം പൊന്നുംകുടം പോലത്തെ ഒരു മോളെ ഉപേക്ഷിച് എങ്ങനെ പോകാൻ തോന്നിയോ ആവോ.. മേരി കഷ്ടം വച്ചുകൊണ്ട് പറഞ്ഞു..

പിന്നീട് ആനിയമ്മയും റീനാമ്മയും കൂടി അവരെ ഫോട്ടോ എടുക്കാൻ വിളിക്കാൻ വരുന്നത് വരെ ജാനിമോള് മാത്യുവിന്റെയും മേരിയുടെയും കൈയിൽ മാറി മാറി ഇരുന്നു. ഇടക്ക് ജെനിയുടെ മടിയിൽ ഇരുന്ന് അവൾക്ക് കുറേ ഉമ്മ കൊടുക്കും.

റീനാമ്മ വന്ന് ജാനിമോളെ വാങ്ങിച്ചപ്പോൾ കുറച്ചു വാശി കാണിച്ചെങ്കിലും അപ്പയുടെ അടുത്തേക്ക് പോകാം എന്ന് പറഞ്ഞപ്പോ വേഗം ആള് ഡീസന്റ് ആയി അവരുടെ കൂടെ പോയി.

ജെനിയൊക്കെ ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ അന്ന മുഖം കോട്ടികാട്ടി അവളെ..

എന്ത് ചെയ്യാനാ പെണ്ണേ എനിക്ക് റസ്റ്റ്‌ പറഞ്ഞില്ലേ ആ ഡോക്ടർ. മമ്മി അവിടെന്ന് അനങ്ങരുതെന്ന് നിർബന്ധം പറഞ്ഞിട്ട് ആണ്.. ജെനി വിഷമത്തോടെ പറഞ്ഞു.

എനിക്കറിയാടി പെണ്ണേ. ഞാനാ ആന്റിയോട് നിന്നേ ഒതുക്കി ഇരുത്താൻ പറഞ്ഞത്. അല്ലെങ്കിൽ നീ ഓടിക്കൊണ്ട് നടക്കും എന്ന്.. അന്ന ഒരു ഇളിയോടെ പറഞ്ഞു.

ആഹാ അപ്പൊ നീ ആണ് ഇത് ഒപ്പിച്ചത് അല്ലേ. മനുഷ്യൻ ഇരിന്നിരുന്ന് വേരിറങ്ങി.. അന്നയെ കൂർപ്പിച്ചുനോക്കികൊണ്ട്‌ ജെനി പറഞ്ഞു.

ജാനമ്മോ സുഖല്ലേ… എബി കുസൃതിയോടെ ചോദിച്ചു.

ദേ ചേട്ടായി എന്റെ വായിൽ നിന്ന് വല്ലതും കേൾക്കും. നിങ്ങളുടെ ഈ വിളി കാരണം കോളേജ് മുഴുവൻ ഞാൻ ജാനമ്മ ആയിരുന്നു. നിങ്ങൾ ഒരു കൊല്ലം കഴിഞ്ഞപ്പോ പിജി പാസ്സ്‌ഔട്ട് ആയി പോയി. ഞാൻ ഡിഗ്രിയും പിജിയും കഴിയുന്നത് വരെ ഈ വിളി കേൾക്കേണ്ടി വന്നു. 5 കൊല്ലത്തോളം കേട്ടതാ ഞാൻ ഈ വിളി. ഇനിയും വിളിച്ചാൽ ഉണ്ടല്ലോ നിങ്ങൾ തമ്മിൽ ഏഴെട്ടു കൊല്ലായി കട്ട പ്രേമത്തിൽ ആണെന്ന് ഞാൻ എല്ലാരോടും പറയും… അവൾ ശബ്ദം കുറച്ച് അവരോടായി പറഞ്ഞു.

പൊന്നുമോളെ ചതിക്കല്ലേ.. ഇത് ഇത്രേം എത്തിച്ച പാട് എനിക്കെ അറിയൂ. ഇവളെ വളക്കാൻ ഞാൻ ഇത്രേം കഷ്ടപ്പെട്ടിട്ടില്ല. എബി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

ഹഹഹ.. ആ പേടി ഇരിക്കട്ടെ..അവൾ അവനെ കളിയാക്കി ചിരിച്ചോണ്ട് പറഞ്ഞു

ഇതിനുള്ളത് നിനക്ക് ഞാൻ തരാടി കുട്ടിപിശാശേ.. എബി പല്ല് കടിച്ചു പൊട്ടിച്ചോണ്ട് പറഞ്ഞു.

നിങ്ങൾ തമ്മിൽ തല്ല് പിടിക്കാണ്ട് ഒന്ന് നേരെ നിന്നേ. ആ ഫോട്ടോഗ്രാഫർ എത്ര നേരമായി ഒരു ഫോട്ടോ എടുക്കാൻ നോക്കുന്നു. അന്നമ്മ ടെറർ ആയതും രണ്ടുപേരും നല്ല കുട്ടികളായി ഫോട്ടോക്ക് പോസ് ചെയ്‌തു.

സമയം കഴിഞ്ഞു പോയി. മനസമ്മതം നല്ല രീതിയിൽ അവസാനിച്ചു. കൃത്യം ഒരാഴ്ച കഴിഞ്ഞ് അടുത്ത ഞായറാഴ്ച ആണ് കല്യാണം. ഇനി അതിന് കാണാം എന്നും പറഞ്ഞ് എല്ലാവരും പിരിഞ്ഞു.

………………

രാത്രി ഉറങ്ങാനായി ജെനി റൂമിൽ വരുമ്പോൾ മൊബൈൽ നോക്കി കിടക്കുന്ന അലക്സിയെ ആണ് കാണുന്നത്.

ഇച്ചായാ.. അവൾ പതിയെ വിളിച്ചു.

മ്മ്.. എന്താ.. അവൻ ഗൗരവത്തോടെ വിളിക്കേട്ടു..

അത് അന്നയുടെ കല്യാണം കഴിഞ്ഞ് വരുന്ന ബുധനാഴ്ച ആണ് എനിക്ക് അഞ്ചാംമാസത്തെ ചെക്ക് അപ്പ്‌. ഇച്ചായൻ വരുമോ…

നീ ഒരു കാര്യം ചെയ്യ്. ചൊവ്വാഴ്ച്ച എന്തേലും പറഞ്ഞ് നിന്റെ വീട്ടിലേക്ക് പോ. ബുധനാഴ്ച പറ്റിയാൽ ഞാൻ വരാം. ഇല്ലെങ്കിൽ നീ നിന്റെ അമ്മയെയോ അനിയനെയോ കൂട്ടിപോയാൽ മതി… ഡോക്ടറുടെ വീട്ടിലേക്ക് അവിടെ നിന്നല്ലേ സുഖം..

അതല്ല ഇച്ചായാ ഈ പ്രാവശ്യം…

ഒന്നും പറയണ്ട. ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി..

മ്മ്.. അതിനവൾ ഒന്ന് മൂളിക്കൊണ്ട് ഉറങ്ങാനായി കിടന്നു.

………………

കണ്ണടച്ചു തുറക്കുന്ന പോലെ ദിവസങ്ങൾ കടന്നുപ്പോയി. ഇന്നാണ് അന്നയുടെ കെട്ടുകല്യാണം.

തൂവെള്ള നെറ്റിന്റെ ഗൗണിൽ അന്നയെ കാണാൻ ഒരു മാലാഖയെ പോലെ തോന്നിച്ചു. എബിയും സ്യൂട്ടിൽ നല്ല ജെന്റിൽമാൻ ആയിട്ടുണ്ട്..

അങ്ങനെ എല്ലാരുടെയും അനുഗ്രഹത്തോടെ അന്ന എബിയുടെ മിന്നു ഏറ്റുവാങ്ങി. മിന്നുക്കെട്ട് കഴിഞ്ഞതും എബിയൊന്ന് ദീർഘമായി നിശ്വസിച്ചു. അതുകണ്ടതും അന്നക്ക് ചിരി വന്നു. അവൾ അത് കടിച്ചുപിടിച്ചു നിന്നു.അവളുടെ മുഖഭാവം കണ്ടതും എബിക്ക് മനസിലായി അവൾ തന്നെ ഉള്ളുകൊണ്ട് കളിയാക്കി ചിരിക്കാണ് എന്ന്…
അതേടി നീ ചിരിക്ക്. മനുഷ്യൻ ഈ കെട്ട് ഒന്ന് കഴിയുന്നത് വരെ മുള്ളുമ്മേൽ ആണ് നിന്നിരുന്നത്. മനസ്സമ്മതം കഴിഞ്ഞപ്പോൾ പകുതി ആശ്വാസം ആയിരുന്നു എങ്കിലും ഇന്നത്തോടെ ടെൻഷൻ ഒഴിഞ്ഞു. ഇനി നിന്റെ വീട്ടുകാര് നമ്മുടെ പ്രേമം അറിഞ്ഞാലും എനിക്ക് പുല്ലാണ്… അവൻ അവളെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

അവന്റെ സംസാരം കേട്ട് അന്ന ഒരു ചിരിയോടെ നിന്നു. അവൾക്കറിയാമായിരുന്നു ഈ കല്യാണം രണ്ടു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ നടത്താൻ അവൻ കുറേ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്. അവന്റെ വീട്ടിൽ ആദ്യമേ സമ്മതം ആയിരുന്നു. അവളുടെ വീട്ടിൽ ആയിരുന്നു പ്രശ്നം. പ്രേമത്തിന്റെ പ്രേ.. എന്ന് കേട്ടാൽ തന്നെ വാളെടുക്കും വല്യപ്പച്ചനും പപ്പയും ചേട്ടായിയും ഒക്കെ. കുറച്ചെങ്കിലും ഒരു സമാധാനം ഉള്ളത് അങ്കിളിന്റെ ഭാഗത്തു നിന്ന് മാത്രം ആണ്. എന്തായാലും എല്ലാവരുടെയും സമ്മതത്തോടെ തന്നെ എല്ലാം ഭംഗിയിൽ കഴിഞ്ഞല്ലോ.. കർത്താവിനു സ്തുതി.. അവൾ മനസ്സിൽ വിചാരിച്ചു …

പള്ളിയുടെ കുറച്ചപ്പുറത്തായിട്ടുള്ള കൊട്ടാരത്തിൽക്കാരുടെ തന്നെ കൺവെൻഷൻ സെന്ററിൽ വച്ചിട്ടായിരുന്നു ബാക്കി ചടങ്ങുകൾ ഒക്കെ. കല്യാണം കഴിഞ്ഞതും എല്ലാവരും അങ്ങോട്ടുപോയി.

അവിടത്തെ അറേഞ്ജ്‌മന്റ്സും കാര്യങ്ങളും കണ്ട എല്ലാവരുടെയും കണ്ണുകൾ വിടർന്നു. അത്രേം ഭംഗിയാക്കിയിട്ടുണ്ടായിരുന്നു ഓരോ കാര്യങ്ങളും.

ജെനിയും ക്രിസ്റ്റിയും കൂടി ഇരിന്ന് സംസാരിക്കുന്നതിന്റെ ഇടയിൽ ആണ് ജെനിക്ക് ദാഹിക്കുന്നത് പോലെ തോന്നിയത്. അവൾ വെള്ളം എടുക്കാനായി എഴുന്നേൽക്കാൻ പോകുന്നത് കണ്ടപ്പോൾ അവൻ ചോദിച്ചു..

എന്താ ഇച്ചേച്ചി. എന്തേലും വേണോ..

ദാഹിക്കുന്നു ടാ… ഞാൻ കുറച്ച് വെള്ളം എടുത്ത് കുടിച്ചിട്ടുവരാം..

ആണോ.. ഞാൻ എടുത്തിട്ട് വരാം. ആ കൂട്ടത്തിലേക്ക് പോകണ്ട. നല്ല തിരക്കാണ് അവിടെ..

ആ എങ്കിൽ ഒരു ഗ്ലാസ്  മംഗോ ജ്യൂസും കൂടി എടുത്തോ…

ഒക്കെ.. അതും പറഞ്ഞ്  ക്രിസ്റ്റി വെള്ളവും ജ്യൂസും എടുക്കാനായി പോയി.

അവൻ വെള്ളത്തിന്റെ ഒരു ബോട്ടിൽ എടുത്ത് ജ്യൂസ്‌ എടുക്കാനായി പോകുമ്പോൾ ആണ് ആരോ ആയി കൂട്ടി ഇടിച്ചത്. ഇടിച്ച ആളെ കണ്ടതും അവന്റെ മുഖം ഇരുണ്ടു.

നീയോ.. നീ എന്താ ഇവിടെ..

എന്റെ ചേട്ടായി ആണ് എബിൻ..

ക്രിസ്റ്റിച്ചായൻ എന്താ ഇവിടെ…

ദേ കൊച്ചേ ഞാൻ നിന്നോട് ആദ്യേ പറഞ്ഞിട്ടുണ്ട് ഈ ഇച്ചായൻ കൊച്ചായൻ എന്നും വിളിച്ച് വരരുത് എന്ന്.. അവൻ ഇരച്ചുകൊണ്ട് പറഞ്ഞു.

അത് എന്നാ വാർത്താനമാ ഇച്ചായാ.. ഇവിടെ ഒക്കെ കെട്ടാൻപോകുന്നവനെ ഇച്ചായൻ എന്നല്ലേ വിളിക്കാ. പിന്നേ എന്റെ പേര് കൊച്ചെന്നല്ല ദിയ എന്നാ..

എന്റെ പൊന്നു കൊച്ചേ..

അങ്ങനെ വിളിച്ചതും അവൾ അവനെ കണ്ണുരുട്ടി നോക്കി. അവളുടെ നോട്ടം കണ്ടതും അവൻ തിരുത്തി.

അല്ല ദിയെ.. നിനക്ക് എത്ര വയസ്സായി 18 പോലും ആയിട്ടില്ലല്ലോ.  അപ്പോഴേക്കും ആണോ കല്യാണം എന്നും പറഞ്ഞ് വരുന്നത്.

എനിക്ക് അടുത്ത മാസം പതിനെട്ടു ആവും. അത് കഴിഞ്ഞാൽ വരാല്ലോ..

നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ കൊച്ചേ.. ഇപ്പൊ പഠിക്കേണ്ട പ്രായം ആണ്. ആദ്യം പോയി പഠിച്ച് നല്ല മാർക്കൊക്കെ വാങ്ങ് എന്നിട്ടാവാം കല്യാണവും കളവാണവും..

ആ സമയത്താണ് അവനെ ജെനി പിന്നിൽ നിന്നും വിളിക്കുന്നത്.

എത്ര നേരമായിടാ ഇത്തിരി വെള്ളം എടുക്കാൻ വന്നിട്ട്. നീ ഇവിടെ വർത്താനം പറഞ്ഞോണ്ട് നിക്കാണോ എന്നിട്ട്..

അപ്പോഴാണ് അവൾ അവിടെ നിക്കുന്ന ദിയയെ കാണുന്നത്.

ആ ദിയമോളോ.. നിങ്ങൾക്ക് പരസ്പരം അറിയോ..

അതിന് ദിയ എന്തോ പറയാൻ വന്നതും ക്രിസ്റ്റി ചാടിക്കേറി പറഞ്ഞു.

ഏയ്യ് ഇല്ല ഇച്ചേച്ചി. ഞാൻ ഇയാളെ തട്ടി ഒന്ന് വീഴാൻ പോയി. അപ്പൊ ഒരു സോറി പറഞ്ഞു നിന്നതാണ്..ഇന്നാ വെള്ളം..

അവന്റെ വെപ്രാളവും പരവേശവും കണ്ട ജെനിയുടെ പുരികം ഒന്ന് ചുളിഞ്ഞു. പിന്നേ അത് കാര്യമാക്കാതെ വെള്ളം ബോട്ടിൽ വാങ്ങി വേഗം കുറച്ചു വെള്ളം കുടിച്ചു.

ആ ദിയ മോളെ ഇതെന്റെ അനിയൻ ആണ് ട്ടോ ക്രിസ്റ്റഫർ  എന്ന ക്രിസ്റ്റി.
ക്രിസ്റ്റി ഇത് നമ്മുടെ അന്നയുടെ ചെക്കന്റെ അനിയത്തി ആണ്.
വെള്ളം കുടിച്ചു കഴിഞ്ഞതും അവൾ രണ്ടുപേരെയും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു.

ദിയയും ക്രിസ്റ്റിയും പരസ്പരം ഒരു ഹായ് പറഞ്ഞു.

അപ്പോഴാണ് ദിയയെ ആരോ വിളിച്ചത്. അതോടെ ജെനിയും ക്രിസ്റ്റിയും അവളോട്‌ പറഞ്ഞ് കയറിപ്പോയി.

ദിയ വേഗം ഏദന്റെയും  അലന്റെയും അടുത്തേക്ക് പോയി അവരെ വിളിച്ച് മാറ്റി നിർത്തി.

എന്താടി കാര്യം.. ഞാൻ അവിടെ ഒരു കൊച്ചിനെ ട്യൂൺ ചെയ്ത് കൊണ്ടിരിക്കികയായിരുന്നു.. അവന്റെ വായ്നോട്ടം തടസപ്പെട്ട ഈർഷ്യയിൽ അലൻ ദിയയോട് തട്ടിക്കേറി.

ഡാ.. ഞാൻ ഇപ്പൊ പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങൾ രണ്ടും ഞെട്ടും. അലൻ പറഞ്ഞത് അവളോടെ അല്ല എന്ന മാതിരി അവൾ പറഞ്ഞു.

എന്ത് കാര്യം.. ഏദൻ ചോദിച്ചു