20/04/2026

നിനക്കായ് : ഭാഗം 63

രചന – കണ്ണന്റെ മാത്രം

ചേട്ടത്തി… റാണി വന്ന് അവരെ വിളിച്ചപ്പോൾ ആണ് സ്വപ്നത്തിൽ എന്ന വണ്ണം ഇരുന്നിരുന്ന എൽസി ഞെട്ടികൊണ്ട് അവളെ നോക്കിയത്.

ചേട്ടത്തി… എന്താ ഇത്… ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കല്ലേ.. ഒന്ന് കരയുകയെങ്കിലും ചെയ്യ്… റാണി കരച്ചിലോടെ പറഞ്ഞു.

എന്തിനാ റാണി ഞാൻ കരയേണ്ടത്. എന്റെ മോന് ആക്‌സിഡന്റ് ഉണ്ടായി എന്നുള്ളത് നേരാണ് പക്ഷേ അവന്റെ ജീവൻ അവനെ വിട്ട് പോയിട്ടൊന്നും ഇല്ലല്ലോ. അവൻ തിരികെ വരും. എനിക്ക് ഉറപ്പാണ് അത്. അവൻ തിരികെ നമ്മളിലേക്ക് തന്നെ വരും ഇച്ചായാ. വിഷമിക്കരുത്. നമ്മളാരും വിഷമിക്കുന്നത് അവന് ഇഷ്ടമല്ല. അങ്ങനെ ഉള്ളപ്പോ നമ്മൾ അവനെ ആലോചിച്ച് വിഷമിച്ചു എന്നറിഞ്ഞാൽ അവൻ വളരെ അധികം സങ്കടപ്പെടും. അവർ പറഞ്ഞു.

പിന്നെയും എല്ലാവരും അവരെ തന്നെ നോക്കുന്നത് കണ്ടതും അവർ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.. എനിക്ക് ഭ്രാന്തായി എന്നൊന്നും നിങ്ങൾ കരുതണ്ട. എനിക്ക് വിഷമം ഇല്ലാതെ അല്ല. വിഷമം ഉണ്ട്. നല്ല വിഷമം ഉണ്ട്. ചങ്കുപൊട്ടി കരയാൻ തോന്നുന്നുണ്ട്. പക്ഷേ ഞാൻ കരയില്ല. എന്റെ മോന് ഏറ്റവും ദേഷ്യം ഉള്ള കാര്യം എന്റെ കണ്ണുനീർ ആണ്. അങ്ങനെ ഉള്ളപ്പോൾ ഞാൻ അവനെ ആലോചിച്ച് അത് വീഴ്ത്തി എന്നറിഞ്ഞാൽ അവൻ സഹിക്കില്ല… പിന്നെ ഡേവി ഇങ്ങോട്ട് വാ മോനേ..

ഡേവി നടന്നു വന്ന് അവരുടെ മുന്നിലായി മുട്ടുകുത്തി ഇരുന്നു അവരുടെ രണ്ടുകൈയും കൂട്ടിപിടിച്ചുകൊണ്ട് ചോദിച്ചു..

എന്താ എളേമ്മേ…

ഡേവി.. അലന് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ് എന്ന് നിനക്ക് അറിയോ…

അവൻ യന്ത്രികമായി ഇല്ല എന്ന് തലയാട്ടി.

അവന്റെ വല്യേട്ടായിയെ ആണ് അവന് ഏറ്റവും ഇഷ്ടം. സാധാരണ കുട്ടികൾക്ക് അവരുടെ അപ്പന്മാർ സൂപ്പർ ഹീറോ ആകുമ്പോൾ അവന് അവന്റെ വല്യേട്ടായി ആയിരുന്നു സൂപ്പർ ഹീറോ..അത് നീ ഇതുവരെ കാത്തുസൂക്ഷിച്ചിട്ടും ഉണ്ട്. ശത്രുക്കൾ ഒരുപാട് ഉണ്ടായിട്ടും ഇന്നത്തെ വരെ കുടുംബത്തിൽ ഒരാൾക്കും ഒരു പോറലും വന്നിട്ടില്ല. പിന്നെ ഇപ്പൊ ഉണ്ടായത് അത് ഒരിക്കലും നിന്റെ കുറ്റം കൊണ്ടല്ല. അങ്ങനെ ഒരു വിഷമവും നിനക്ക് വേണ്ട കേട്ടല്ലോ.. നീ ഇങ്ങനെ വിഷമിച്ചു തകർന്ന് നിൽക്കുന്നത് അവന് സഹിക്കില്ല…

എളേമ്മേ.. ഞാൻ.. എന്റെ തെറ്റാ എളേമ്മേ അവൻ ഇങ്ങനെ കിടക്കാൻ കാരണം. എന്റെ അശ്രദ്ധ.. ഡേവിയെ പറഞ്ഞു മുഴുവനാക്കാൻ അവർ സമ്മതിച്ചില്ല.

ഒരിക്കലും അല്ല മോനേ നീ അങ്ങനെ വിചാരിക്കേണ്ട കാര്യം തന്നെ ഇല്ല. എനിക്കറിയാം ഞങ്ങളുടെ ഒക്കെ സുരക്ഷയെ കരുതി ആണ് നീ ഇത്ര നാളും ഒന്നിനും ഇറങ്ങിപുറപ്പെടാതെ ഇരുന്നത് എന്ന്. ഇപ്പൊ എളേമ്മ ഒരു കാര്യം ആവശ്യപ്പെട്ടാൽ നീ സാധിപ്പിച്ചു തരുമോ…

അവൻ തരാം എന്ന രീതിയിൽ അവരെ നോക്കി തലയാട്ടി…

ഇപ്പൊ ഈ ഉണ്ടായത് ഒരു ആക്‌സിഡന്റ് അല്ല മറിച്ച് ആരെങ്കിലും വേണം എന്ന് കരുതി ചെയ്തതാണ് എങ്കിൽ നമ്മുടെ അലൻ ഇവിടെ നിന്ന് ഇറങ്ങുന്നതിന് മുൻപ് അവൻ ഇവിടെ ഇതിലും ദയനീയമായി ഒന്ന് അനങ്ങാൻ പോലും ആകാതെ കിടക്കുന്നത് എളേമ്മക്ക് കാണണം. ഒരാളെയും ഉപദ്രവിക്കാത്ത എന്റെ കുഞ്ഞിനെ ഈ നിലയിൽ ആക്കിയവന് അതാണ് ശിക്ഷ.. ചെയ്യത് തരുമോ..

തരും.. അലൻ ഇറങ്ങുന്നതിന് മുൻപ് അവന്റെ ഈ നിലക്ക് കാരണം ആരെങ്കിലും ആണെങ്കിൽ അയാൾ ഇവിടെ ഉണ്ടാവും ഇനി ജീവിതത്തിൽ ഒരിക്കലും ഒന്ന് അനങ്ങാൻ പോലും പറ്റാത്ത രീതിയിൽ… ഡേവിഡ് ഉറപ്പോടെ പറഞ്ഞു…

ഡേവിഡ് അത് പറഞ്ഞതോടെ അവർ ആരെയും ശ്രദ്ധിക്കാതെ കണ്ണുകൾ അടച്ച് ചുമരിലേക്ക് ചാരിയിരുന്നു. എല്ലാവരും അവരെ അത്ഭുധത്തോടെ നോക്കി. അവർക്ക് എങ്ങനെ ഇങ്ങനെ കല്ലുപോലെ പിടിച്ച് നിൽക്കാൻ കഴിയുന്നു എന്നാണ് എല്ലാവരും ചിന്തിച്ചത്. നേർക്ക് നേരെ കണ്ടാൽ തല്ലുകൂടുമെങ്കിലും അവർക്ക് പരസ്പരം കാണാതെ ഒരു ദിവസം പോലും നിൽക്കാൻ സാധിക്കില്ല എന്ന് എല്ലാവർക്കും അറിയാം…

എല്ലാവരും എൽസിയെ തന്നെ നോക്കി ഇരിക്കുമ്പോൾ ആണ് icu ഡോർ തുറന്ന് നേരത്തെ വന്ന സിസ്റ്റർ വരുന്നത്..

സാർ.. അവർ വന്ന് ഡേവിയെ വിളിച്ചു.
അതോടെ എല്ലാവരുടെയും ശ്രദ്ധ അവരുടെ മേലെ ആയി..

എന്താ സിസ്റ്റർ.. അവൻ ചോദിച്ചു.

അത് സാർ മേഡത്തിന് ബോധം തെളിഞ്ഞു. ആള് അവിടെ കിടന്ന് ഭയങ്കര ബഹളം ഇച്ചായനെ കാണണം എന്ന് പറഞ്ഞിട്ട്. സാർ ഒന്ന് ഉള്ളിലേക്ക് വരികയാണെങ്കിൽ…. അവർ മുഴുവനാക്കാതെ നിർത്തി.

മ്മ്.. ഞാൻ വരാം.. എന്നും പറഞ്ഞ് ഡേവി അവരുടെ പിന്നിലായി icuവിന് ഉള്ളിലേക്ക് കയറി. അങ്ങോട്ട് ചെല്ലുമ്പോഴേ കണ്ടു ബെഡിൽ കിടന്ന് ബഹളം വക്കുന്ന ജെനിയെ. അവൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു.

ഇച്ചായാ… നമ്മുടെ അലൻ… അവന് എങ്ങനെ ഉണ്ട്..ജെനി കരച്ചിലോടെ ചോദിച്ചു..

കുഴപ്പമില്ല മോളെ.. ഡേവി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

നുണപറയല്ലേ ഇച്ചായാ.. ഞാൻ കണ്ടതാണ് ആ ആക്‌സിഡന്റ്… അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു..

അതോടെ ഡേവി മുഴുവനായിട്ട് അല്ലെങ്കിലും അലന്റെ ഇപ്പോഴത്തെ അവസ്ഥ അവളോട്‌ പറഞ്ഞു.. എല്ലാം കേട്ടതും ഉറക്കെ കരഞ്ഞുപോയി അവൾ.

എന്നെ രക്ഷിക്കാൻ നോക്കിയത് കൊണ്ടാ ഇച്ചായാ അവന് ഇങ്ങനെ വന്നത്. വണ്ടി ഇടിക്കും എന്നായപ്പോ അവൻ തന്നെ എന്നെ വണ്ടിയിൽ നിന്നും തള്ളിയിട്ടു. പക്ഷേ അവന് രക്ഷപെടാൻ പറ്റിയില്ല. ആരോ കരുതികൂട്ടി ചെയ്തതാ ഇച്ചായാ.. ഞങ്ങൾ നല്ല ഒതുങ്ങി ആണ് പോയിക്കൊണ്ടിരുന്നത് . ഇങ്ങോട്ട് വന്ന് ഇടിക്കുകയായിരുന്നു….

അതൊക്കെ കഴിഞ്ഞതല്ലേ.. അതു ഇച്ചായൻ നോക്കിക്കോളാം.. ദേ ഇപ്പൊ നീ വിഷമിച്ചാൽ രണ്ടാമതൊരാളും കൂടി വിഷമിക്കും…. ഡേവി അത് പറഞ്ഞപ്പോൾ ജെനി സംശയത്തോടെ അവനെ നോക്കി. അതുകണ്ടപ്പോൾ ഡേവി തന്റെ കൊണ്ട് അവളുടെ ഉദരത്തിൽ പതിയെ ഒന്ന് തഴുകികൊണ്ട് അവിടെ വച്ചു. പിന്നെ അവളെ നോക്കി പറഞ്ഞു..
ദേ ഇവിടെ ഒരാളും കൂടി വിഷമിക്കും എന്നാ ഞാൻ പറഞ്ഞത്..

ഏഹ്… ജെനി ഞെട്ടിപ്പോയി. സെക്കന്റുകൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കൈകൾ അവളുടെ വയറിന്മേൽ ഇരിക്കുന്ന അവന്റെ കൈയിന് മുകളിൽ വച്ചു.

ഇച്ചാ… ഇച്ചായാ..അവൾ കരഞ്ഞുകൊണ്ട് വിളിച്ചു.

സത്യമാണ് പെണ്ണേ.. ദേ ഇവിടെ ഒരാളുണ്ട്. നമ്മുടെ പ്രണയത്തിന്റെ അടയാളം. അതുകൊണ്ട് എന്റെ പെണ്ണ് വിഷമിക്കരുത്. ടെൻഷൻ ആവരുത് അതു നമ്മുടെ കുഞ്ഞിനെ ബാധിക്കും. പിന്നെ അലന്റെ കാര്യം ആലോചിച്ച് വിഷമിക്കണ്ട അവൻ തിരിച്ച് വരും. നമ്മുടെ അനിയന് അത്ര പെട്ടന്ന് ഒന്നും നമ്മളെ വിട്ട് പോകാൻ പറ്റില്ല… അതു പറയുമ്പോൾ ഡേവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

വിഷമിക്കല്ലേ ഇച്ചായാ…അവൾ സങ്കടത്തോടെ പറഞ്ഞു.

ഏയ്യ് കുഴപ്പം ഇല്ലെടി..കൊച്ച് ഇനി ബഹളം വെക്കരുത് ഇവിടെ കിടന്നിട്ട് കേട്ടോ.. ദേ ഈ ഡ്രിപ് കഴിഞ്ഞാൽ അവർ റൂമിലേക്ക് മാറ്റും. ഇനി അപ്പൊ കാണാം…

മ്മ്.. അവള് അതിനൊന്ന് മൂളി. പിന്നെ ചോദിച്ചു.. ഇച്ചായാ..മോള്..

മോള് വീട്ടിൽ മമ്മിയുടെ കൂടെ ഉണ്ട്. വിഷമിക്കേണ്ട. നിന്നെ റൂമിലേക്ക് മാറ്റുമ്പോഴേക്കും കൊണ്ട് വരാൻ പറയാം…

മ്മ് അതുമതി..ജെനി അങ്ങനെ പറഞ്ഞതോടെ കുനിഞ്ഞ് അവളുടെ നെറ്റിയിൽ ആയി ഒന്ന് മുത്തികൊണ്ട് ഡേവി പുറത്തേക്ക് പോയി..

ജെനി അവൻ പോകുന്നത് നോക്കി കിടന്നു അപ്പോഴും അലനെ കുറിച്ചായിരുന്നു അവളുടെ ചിന്തകൾ മുഴുവൻ…

………………..

ഛെ… എന്തു പണിയാ ആൻസി നീ കാട്ടിയത്. ഇത് അവൻ അറിയില്ല എന്ന് വിചാരിക്കുന്നുണ്ടോ നീ. നിന്നോട് ഞാൻ പറഞ്ഞതല്ലേ ക്ഷമയോടെ കാത്തിരിക്കണം എന്ന്… എന്നിട്ട് എന്താ നീ ഈ കാട്ടിക്കൂട്ടി വച്ചത്..
ആൽഫി ദേഷ്യം കൊണ്ട് വിറച്ചു.. ആൽഫിയുടെ ഫ്ലാറ്റിൽ ആയിരുന്നു അവർ…

 

അതു ആൽഫി ഞാൻ പെട്ടന്ന് അവരെ രണ്ടാളെയും കണ്ടപ്പോൾ എനിക്ക് എന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. അതുകൊണ്ടാണ് ഞാൻ… പിന്നെ ആ ഭാഗത്ത്‌ cctv ഇല്ലാത്തതാണ്. അതുകൊണ്ട് ഞാനാ ചെയ്യ്തത് എന്ന് അവർക്ക് കണ്ടെത്താൻ ഒന്നും കഴിയില്ല..

 

അതൊന്നും പറയാൻ പറ്റില്ല.. പിന്നെ അവന് ഏറ്റവും കൂടുതൽ നോവുക ആ കുഞ്ഞിനെ തൊട്ടലാവും. ഞാൻ അതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിപ്പോ അവൻ ഒന്നുകൂടി അലേർട്ട് ആവില്ല. ആ പെണ്ണിന് കാര്യായിട്ട് ഒന്നും പറ്റിയിട്ടും ഇല്ലാന്ന് നീ പറയുന്നു. അപ്പൊ അവള് പറയില്ലേ അവനോട് ഇത് പ്ലാൻഡ് ആണെന്ന്.  ആൾറെഡി ആൽവി ഇവിടെ ഇല്ല. അവനും കൂടി തിരിച്ചെത്തിയിട്ട് നമ്മുടെ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ ആയിരുന്നു എന്റെ തീരുമാനം. ഒക്കെ നിന്റെ ഒരു എടുത്ത് ചാട്ടം കൊണ്ട് ഇല്ലാതെ ആക്കിയില്ലേ… ആൽഫി ദേഷ്യത്തോടെ പറഞ്ഞു.

സോറി ആൽഫി.. ഇനിയിപ്പോ എന്ത് ചെയ്യും.. ആൻസിക്കും ടെൻഷൻ ആയി.

മ്മ്.. തല്ക്കാലം നമുക്ക് ഒന്ന് മാറി നിൽക്കാം. അവന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും ആക്ഷൻ ഉണ്ടാവുന്നുണ്ടോ എന്ന് നോക്കാം. ഇല്ലെങ്കിൽ തിരിച്ച് വരാം. നമ്മൾ രണ്ടാളും കമ്പനിയുടെ ബോർഡിൽ ഉള്ളത് അല്ലേ.. ആൽവി വിളിച്ചിട്ട് പോകുന്നതാ എന്ന് പറയാം ഇവിടെ… ആൽഫി പറഞ്ഞു.

മ്മ്.. അല്ല എങ്ങോട്ട് പോകും.. പിന്നെ ആൽവി വിളിച്ചിരുന്നോ… എന്നെ ഇന്നലെ രാവിലെ വിളിച്ചതാണ്..

സ്ഥലം ഒക്കെ ഉണ്ട്. നീ ഒരാഴ്ചക്ക് ഉള്ളത് പാക്ക് ചെയ്താൽ മതി. പിന്നെ ആൽവി എന്നെയും അപ്പൊ വിളിച്ചതാ. അവൻ പറഞ്ഞിരുന്നല്ലോ രണ്ടു ദിവസം ക്ലയന്റ് മീറ്റിങ്ങും കാര്യങ്ങളും ആയി തിരക്കിൽ ആകും എന്ന്. ഈ പ്രൊജക്റ്റ്‌ നമുക്ക് കിട്ടിയാൽ ഇപ്പൊ തല്ക്കാലം പിടിച്ചു നിൽക്കാം. ഇല്ലെങ്കിൽ കമ്പനി അടച്ചുപൂട്ടേണ്ടി വരും..

മ്മ്.. ശരി ഞാൻ എന്നാൽ വീട്ടിൽ പോയിട്ട് വരാം… അതും പറഞ്ഞ് ആൻസി പോയി. ആൽഫി അവൾ പോകുന്നതും നോക്കി എന്തോ ആലോചനയോടെ നിന്നു.

………………….

ഡേവി പുറത്തേക്ക് ഇറങ്ങുമ്പോൾ വല്യമ്മച്ചിയും റീനാമ്മയും ജാനിമോളും പിള്ളേരും എത്തിയിട്ടുണ്ട്. ദിയയുടെയും ഏദന്റെയും ഇരുപ്പ് എല്ലാവരെയും സങ്കടത്തിൽ ആഴ്ത്തി. എപ്പോഴും മൂന്നിനേം ഒരുമിച്ചേ കാണൂ. അതിലൊന്നാണ് ഇപ്പൊ ഇങ്ങനെ ഇതിനുള്ളിൽ കിടക്കുന്നത്. അവർക്ക് എങ്ങനെ സഹിക്കാനാകും.. ഡേവി ആലോചിച്ചു..

ഡേവി പുറത്തേക്ക് ഇറങ്ങി നേരെ വല്യമ്മച്ചിയുടെ അടുത്തേക്ക് പോയി. എൽസിയെ ചേർത്തുപിടിച്ച് കണ്ണടച്ചിരിക്കുന്ന വല്യമ്മച്ചി അടുത്താരോ വന്നിരിക്കുന്നതുപോലെ തോന്നി നോക്കിയപ്പോൾ കണ്ടത് അവരെ നോക്കിയിരിക്കുന്ന ഡേവിയെ ആണ്.

എന്താടാ… എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. അവന് ഒരു കുഴപ്പവും ഉണ്ടാവില്ല. പണ്ടത്തെപ്പോലെ ചുണക്കുട്ടി ആയിട്ട് അവൻ തിരികെ വരും. നീ ഇങ്ങനെ തളരാതെ… അവർ ഉറപ്പോടെ പറഞ്ഞു..

അവൻ അവരുടെ കൈകൂട്ടിപിടിച്ചു കുറച്ച് നേരം ഇരുന്നു. അപ്പോഴാണ് എബി അവനെ വിളിക്കുന്നത്..

എന്താടാ… അവൻ എബിയുടെ അടുത്തേക്ക് പോയിട്ട് ചോദിച്ചു.

ചേട്ടായി അലന് ഹെഡ് ഇഞ്ചുറിക്ക് സർജറി വേണം. ന്യൂറോ സർജൻ വന്ന് നോക്കിയിട്ടും അതു തന്നെ ആണ് പറഞ്ഞത്. സർജറി സക്സസ്സ് ആയാൽ അവന്റെ ജീവന് ഗ്യാരണ്ടി ആവും. അല്ലാത്തപക്ഷം…. എബി മുഴുവൻ ആക്കാതെ നിർത്തി.

 

മ്മ്… നീ സർജറിക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യ്.. എളേമ്മയും വല്യമ്മച്ചിയും പറഞ്ഞതുപോലെ അവന് ഒന്നും വരില്ല.. ഇന്ത്യയിലെ തന്നെ ബെസ്റ്റ് ന്യൂറോ സർജന്മാരിൽ ഒരാൾ വൺ അവറിനുള്ളിൽ ഇവിടെ എത്തും. നിങ്ങൾ സർജറിക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യ്…

അതാരാ ഇച്ചായാ..

അതൊക്കെ നിനക്ക് ആള് വരുമ്പോൾ മനസിലാകും . നീ ഞാൻ പറഞ്ഞത് ചെയ്യ്. പിന്നെ അവൻ ഇവിടെ വരുന്നത് വേറെ ആരും അറിയാൻ പാടില്ല.. ഓപ്പറേഷൻ തീയേറ്ററിനു പുറത്തേക്ക് പോകാൻ പാടില്ല ആ ന്യൂസ്‌ കേട്ടല്ലോ.. ഡേവി ഗൗരവത്തോടെ പറഞ്ഞു.

മ്മ്… ശരി ചേട്ടായി..

എബി പോയതും ജേക്കബും ജോണും ഡേവിയുടെ അടുത്തേക്ക് വന്നു.
ഡേവി ജെനി എന്താ പറഞ്ഞത്..ജേക്കബ് ചോദിച്ചു.

പ്ലാൻഡ് ആണ് എളേപ്പാ.. ആരാ എന്താ എന്ന് ഒന്നും അവൾ കണ്ടിട്ടില്ല. പക്ഷേ കരുതികൂട്ടി ചെയ്യ്തത് ആണെന്ന് പറഞ്ഞു. അവളെ രക്ഷിക്കാൻ ശ്രമിച്ചതുകൊണ്ടാണ് അവന് ഇങ്ങനെ പറ്റിയത് എന്നും പറഞ്ഞുള്ള കരച്ചിൽ ആയിരുന്നു ഞാൻ ചെല്ലുമ്പോൾ…

മ്മ്.. ഡാ.. ആ ഭാഗത്ത്‌ cctv വരെ ഇല്ല. ഇനിയിപ്പോ എങ്ങനെ ഉറപ്പിക്കും ആരാണെന്ന്.. ജേക്കബ് ടെൻഷനോടെ പറഞ്ഞു.

എളേപ്പാ.. ആരാണെന്നു ഒക്കെ ഉറപ്പിക്കാം പക്ഷെ ആരാണെങ്കിലും അവനെ പോലീസിന് കിട്ടും എന്ന് പ്രതീക്ഷിക്കരുത്.. അവൻ ദൃഢതയോടെ പറഞ്ഞു.

മ്മ്…അതിന് അയാൾ ഒന്നു മൂളി.

അല്ലടാ എങ്ങനെയാ ആരാ ചെയ്യ്തത് എന്ന് അറിയാൻ പറ്റുക cctv പോലും ഇല്ലാത്ത സ്ഥിതിക്ക്.. ജോൺ നിരാശയോടെ ചോദിച്ചു.

നമ്മുടെ എല്ലാ വണ്ടിക്കും ഡാഷ്കാമും റിയർകാമും ഉണ്ട്. ബൈക്കിനു അടക്കം. എല്ലാം നല്ല വ്യക്തമായി അതിൽ പതിഞ്ഞിട്ടുണ്ടാവും….
ആ സമയത്താണ് ഡേവിയുടെ ഫോൺ ബെല്ലടിച്ചത്. അവൻ അതുംകൊണ്ട് അവരുടെ അടുത്ത് നിന്ന് മാറി നിന്നു..