19/04/2026

നിനക്കായ് : ഭാഗം 30

രചന – കണ്ണന്റെ മാത്രം

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ക്രിസ്റ്റി തിരികെ വന്നു…

എന്തായി ഡാ നിന്റെ ഇന്റർവ്യൂ. അവനെ കണ്ടതും ജെനി ചോദിച്ചു.

ഞാൻ പാസ്സ് ആവും ഇച്ചേച്ചി. എത്രാമത്തെ റാങ്ക് ആണെന്നെ അറിയാനുള്ളൂ. നല്ല റാങ്ക് കിട്ടിയാലേ ഞാൻ ആഗ്രഹിക്കുന്നപോലെ IPS എടുക്കാൻ പറ്റുള്ളൂ. ഇപ്പൊ അതാ പ്രാർത്ഥന.

അതൊക്കെ നിനക്ക് കിട്ടും. പേടിക്കണ്ട. ഇനി റിസൾട്ട്‌ എന്നെക്കാ അറിയാ..

അറിയില്ല ഇച്ചേച്ചി. ഒന്ന് രണ്ട് മാസം പിടിക്കുമായിരിക്കും. എല്ലാ ഇന്റർവ്യൂയും കഴിയണ്ടേ.. അല്ല അപ്പച്ചനും അമ്മച്ചിയും എവിടെ പോയി. കാണാനില്ലല്ലോ..

അവര് വല്യപ്പേടെ അവിടേക്ക് പോയതാ. ലിസമ്മച്ചി ഒന്ന് വീണു. കൈക്ക് ചെറിയ ഫ്രക്ചർ ഉണ്ട് അപ്പൊ കാണാൻ പോയതാ. ഞാനും കൂടി പോയാൽ നീ വരുമ്പോ ആളില്ലാതെ ആവില്ലേ. അതുകൊണ്ട് പോയില്ല. ചെല്ല് പോയി കുളിച്ചിട്ട് വായോ. ഞാൻ ചായ എടുക്കാം. അപ്പോഴേക്കും അവർ വരുവായിരിക്കും.

മ്മ്.. ശരി ഇച്ചേച്ചി… അതുംപറഞ്ഞു ക്രിസ്റ്റി റൂമിലേക്ക് പോയി..

ഡാ നിന്റെ മുഷിഞ്ഞത് വല്ലതും അലക്കാൻ ഉണ്ടെങ്കിൽ എടുത്ത് തായോ. ഞാൻ നനച്ചിടാം.. ജെനി വിളിച്ചു ചോദിച്ചു..

വേണ്ട ഇച്ചേച്ചി. അത് നാളെ ഞാൻ നനച്ചിട്ടോളാം. നാളെ ഞായറാഴ്ച അല്ലേ ഓഫീസിൽ ഒന്നും പോകണ്ടല്ലോ… ക്രിസ്റ്റി റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.

ജെനി അത് കേട്ടപ്പോ ഒന്ന് മൂളിയിട്ട് ക്രിസ്റ്റിക്ക് ചായ വെക്കാനും എന്തേലും ഉണ്ടാക്കാനും ഒക്കെ തുടങ്ങി..

………………

ഒരു മാസം കൂടി പെട്ടന്ന് കടന്നു പോയി. വലിയ മാറ്റങ്ങൾ ഇല്ലാതെ ജെനിയുടെ ജീവിതവും. ആകെ ഉള്ള മാറ്റം ജാനിമോളും ആയിട്ടുള്ള അടുപ്പം ആണ്. അവർ തമ്മിൽ ഇപ്പോൾ വല്ലാത്ത ഒരു ബോണ്ടിങ് ഉണ്ട്. മിക്കദിവസവും ജാനിമോൾ ഇപ്പൊ അന്നയുടെ കൂടെ സ്കൂളിൽ വരും. കൂടെ മമ്മിമാരിൽ ആരെങ്കിലും കാണും. പിന്നെ സ്കൂൾ ടൈം ആവുന്നത് വരെ ജെനിയുടെയും ജാനിയുടെയും സമയം ആണ്. മോള് ഇപ്പൊ കുറേശ്ശേ സംസാരിച്ചു തുടങ്ങിയതുകൊണ്ട് എല്ലാവരെ കുറിച്ചും ഉള്ള പരാതികൾ എല്ലാം ബോധിപ്പിക്കൽ ആണ് മെയിൻ പണി. അലൻ ആണ് എന്നത്തേയും കുറ്റക്കാരൻ. അലൻ മോളെ ദേഷ്യം പിടിപ്പിക്കാൻ എന്തേലും ഒക്കെ ഒപ്പിച്ചു കൊണ്ടിരിക്കും. ജാനി മോള് അതൊക്കെ വന്ന് ജെനിയുടെ അടുത്ത് പരാതി പറയും. അവസാനം ജെനി അവനെ ഇനി കാണുമ്പോ നല്ല അടി കൊടുക്കാം എന്ന് പറയുമ്പോൾ ആണ് മോൾക്ക് ഒരു സമാധാനം ആവുന്നത്. അവർ തമ്മിൽ ഉള്ള അടുപ്പം കാണുമ്പോൾ അന്നക്കും ബാക്കി ഉള്ളവർക്കും ഡേവിയും ജെനിയും തമ്മിൽ ഉള്ള കല്യാണത്തിനുള്ള ആഗ്രഹം കൂടിക്കൂടി വന്നു.

അന്നും അതുപോലെ ജാനിമോള് വന്ന് പോയതിനുശേഷം അന്നയും ജെനിയും ഓരോന്നും പറഞ്ഞിരിപ്പായിരുന്നു. ഇന്ന് ആദ്യത്തെ പീരീഡ്  രണ്ടാൾക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ മാത്രമേ ആ സമയം സ്റ്റാഫ്‌ റൂമിൽ ഉണ്ടായിരുന്നുള്ളൂ. ജെനി ഇങ്ങനെ ഇരുന്ന് ജാനിമോളുടെ കാര്യങ്ങൾ ഒക്കെ സംസാരിച്ച് ഇരിക്കായിരുന്നു. അന്ന അവളെ തന്നെ ശ്രദ്ധിച്ച്  ഇരുന്നു. പിന്നെ പറഞ്ഞു..

മമ്മി ചേട്ടായിക്ക് എത്രേം പെട്ടന്ന് കല്യാണം നോക്കണം എന്ന് പറയുന്നുണ്ട്. ജാനിമോൾക്ക് ഒരു അമ്മ വേണ്ടേ എന്നാ മമ്മി പറയുന്നത്. മോളുടെ നിന്നോടുള്ള അടുപ്പം കാണുമ്പോൾ എനിക്കും തോന്നുന്നുണ്ട് അവള് ഒരു അമ്മയുടെ സ്നേഹം ആഗ്രഹിക്കുന്നുണ്ട് എന്ന്…

മ്മ്… അത് കേട്ടപ്പോ അതുവരെ പ്രകാശിച്ചിരുന്ന ജെനിയുടെ മുഖം ഒന്ന് മങ്ങി. അവൾക്കറിയാമായിരുന്നു ജാനിമോൾക്ക് ഒരു അമ്മ വന്നാൽ ഇതുപോലെ മോളെ അവൾക്ക് കിട്ടില്ല എന്ന്. എന്തോ ഇനി മോളെ ഇങ്ങനെ കണ്ടില്ലെങ്കിൽ അവൾക്ക് ജീവിക്കാൻ കഴിയില്ല എന്നൊരു തോന്നൽ…

ജെനിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന അന്നയെ ജെനിയുടെ മങ്ങിയ മുഖവും ആലോചനയോടെ ഉള്ള ഇരുപ്പും സന്തോഷിപ്പിച്ചു. ജെനിയുടെ ഇപ്പോഴത്തെ ചിന്തകൾ എന്താവും എന്ന് അവൾക്ക് മനസിലായിരുന്നു. അത് അറിയാൻ വേണ്ടി തന്നെ ആണ് അവൾ മോൾക്ക് ഒരു അമ്മയെ നോക്കുന്ന കാര്യം പറഞ്ഞത്. ഏതായാലും ഒരു മാസത്തിനുള്ളിൽ ജെനിയുടെ ഡിവോഴ്സ് ഉണ്ടാവും എന്നാ ഷൈമത്ത പറഞ്ഞത്. ഇപ്പൊ ഏകദേശം 5 മാസത്തോളം ആയല്ലോ കേസ് കൊടുത്തിട്ട്. അത് ഒന്ന് കഴിഞ്ഞിട്ട് ചേട്ടായിയോട് സംസാരിക്കാം എന്നാ മമ്മി പറയുന്നത്. ആ സമയത്ത് തന്നെ ഇവളോടും സംസാരിക്കാം. അപ്പോഴേക്കും മോളും ആയിട്ട് ഒന്നുകൂടി അടുക്കട്ടെ അവൾ.. അന്ന ചിന്തിച്ചു.

എന്താ നീ ഇത്ര ആലോചിച്ചിരിക്കുന്നെ.. അന്ന ചോദിച്ചു..

അന്നയുടെ ശബ്ദം ആണ് എന്തൊക്കെയോ ചിന്തിച്ചിരുന്ന ജെനിയെ ബോധത്തിലേക്ക് കൊണ്ട് വന്നത്..

ഏയ്യ് ഒന്നും ഇല്ലെടി.. ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചിരിക്കായിരുന്നു..

മ്മ്… അതിന് അന്ന അവളെ നോക്കി ഒന്ന് ഇരുത്തി മൂളി.. അപ്പോഴേക്കും അടുത്ത പിരീഡിനുള്ള ബെൽ അടിച്ചിരുന്നു. അന്നയുടെ സൂക്ഷിച്ചുള്ള നോട്ടത്തിൽ നിന്ന് രക്ഷപെടാൻ എന്നോണം ജെനി വേഗം ക്ലാസ്സിലേക്ക് പോകാൻ എഴുന്നേറ്റു.

വാടി ബെൽ അടിച്ചു.  ഈ അവർ നിനക്കും ക്ലാസ്സ്‌ ഉള്ളതല്ലേ നമുക്ക് പോകാം….

മ്മ്.. പോകാം.. വായോ.. അന്നയും എഴുന്നേറ്റു.

ജെനി രക്ഷപെട്ടല്ലോ എന്ന ചിന്തയിൽ ആയിരുന്നു അപ്പൊ.. അന്നയുടെ അത്ര അവളെ മനസിലാക്കിയിട്ടുള്ള വേറെ ഒരാൾ ഇല്ല. അതുകൊണ്ട്  അവൾക്ക് തന്റെ ഉള്ളിലൂടെ പോകുന്ന ചിന്തകൾ എന്താവും എന്ന് പെട്ടന്ന് മനസിലാവും… ജെനി ആലോചിച്ചു…

 

അന്ന് രാത്രി ഉറങ്ങാനായി ജെനി റൂമിലേക്ക് വന്നപ്പോൾ ആണ് അവളുടെ ഫോൺ ബെല്ലടിക്കുന്നത് അവൾ കണ്ടത്. നോക്കിയപ്പോൾ ആനിയമ്മ ആണ്..
എന്താണാവോ മമ്മി ഈ നേരത്ത് വിളിക്കുന്നത്. എന്തോ ഇപ്പൊ കുറച്ചുനാളായിട്ട് മമ്മിക്ക് എന്തോ ഒരു അകൽച്ച ഉള്ളപോലെ ജെനിക്ക് തോന്നിയിരുന്നു. പപ്പ 2 ദിവസം കൂടുമ്പോൾ വിളിക്കാറുണ്ട്. പപ്പ വിളിക്കുമ്പോൾ ഇടക്ക് സംസാരിക്കും എന്നല്ലാതെ മമ്മി ഇപ്പൊ കുറച്ചായിട്ട് വിളിക്കാറില്ലായിരുന്നു. ഇന്നിപ്പോ എന്താണാവോ.. അവൾ വേഗം ഫോൺ എടുത്തു.

എന്താ മമ്മി…

ഒന്നുമില്ല ജെനി. ഞാൻ വിശേഷങ്ങൾ ഒക്കെ ഒന്നറിയാൻ വിളിച്ചെന്നെ ഉള്ളൂ.

ഇവിടെ അങ്ങനെ വിശേഷിച്ച് ഒന്നുമില്ല മമ്മി. എല്ലാം സുഖമായിട്ട് കടന്നുപോകുന്നു..

എന്താ അവിടെ വിശേഷം. വല്യമ്മച്ചിക്കും വല്യപ്പച്ചനും സുഖമല്ലേ. പപ്പ പിന്നെ ഇന്നലെ എന്നെ വിളിച്ചിരുന്നു..

ആ എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. ഞാനും അമ്മച്ചിയും ഇന്ന് പള്ളിയിൽ പോയിരുന്നു. അപ്പൊ അലക്സിന്റെ കുഞ്ഞിനേം ആ പെണ്ണിനേം കണ്ടു. ഞാൻ ഇതിനും മുൻപും ഒന്ന് രണ്ടു വട്ടം ആ കുഞ്ഞിനെ കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ അമ്മച്ചി ആദ്യമായിട്ടാണ് കണ്ടത്. അതൊക്കെ കണ്ടപ്പോ അമ്മച്ചിക്ക് ഭയങ്കര വിഷമം. എന്തൊക്കെ ആയാലും ഇവിടെ വളരേണ്ട കുഞ്ഞല്ലേ എന്നൊക്കെ പറഞ്ഞിട്ട്. ഞാനിപ്പോ അതിന് എന്തു മറുപടി പറയാൻ ആണ്. ഇച്ചായൻ സമ്മതിക്കില്ല അവനെ ഇവിടെ കേറ്റാൻ… എന്താ ചെയ്യാ വിധി. അവന്റെ കുഞ്ഞിനെ താലോലിക്കാൻ ഉള്ള ഭാഗ്യം ഇല്ലാതെ പോയി ഞങ്ങൾക്ക്. അല്ല അവന്റെ കൈയിൽ ഇരുപ്പ് തന്നെ ആണ് അതിന് കാരണം. എന്നാലും വല്ലാത്ത വിഷമം. എന്നാൽ ശരി മോളെ വേറെ പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ..

ഇല്ല…. ജെനി മുറുകിയ മുഖത്തോടെ പറഞ്ഞു.

ആ മമ്മി പിന്നെ വിളിക്കാം.. എന്നും പറഞ്ഞ് അവർ ഫോൺ വച്ചു.

ഇപ്പൊ ജെനിക്ക് മനസിലായി അവർക്ക് അവളോട്‌ അകൽച്ച തോന്നാൻ ഉള്ള കാരണം. അവർക്ക് അവരെ വീട്ടിൽ കയറ്റണം എന്ന് ഉണ്ടാവും. വേണമെങ്കിൽ പപ്പ സമ്മതിക്കുന്നുണ്ടാവില്ല. അതിന് ഞാൻ ആവും കാരണം എന്ന് വിചാരിച്ചിട്ട് ആവും എന്നോട് വിരോധം. ചിലപ്പോ ശരിയായിരിക്കാം. പപ്പക്ക് എന്നോട്  ഉള്ള സ്നേഹം കാരണം ആയിരിക്കും ചിലപ്പോ അവരെ അംഗീകരിക്കാൻ പപ്പ തയ്യാറാവാത്തത്. അയാളും ആയിട്ട് ഉള്ള ആ പ്രശ്നത്തിൽ ആണ് ശരിക്ക് പപ്പയുടെ സ്നേഹം എനിക്ക് മനസിലാവുന്നത്. അതിലും മുൻപ് എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്നെ ഇത്രേം ഇഷ്ടം ആണെന്ന് അപ്പോഴാ മനസിലായെ. അത് വരെ ആനിയമ്മക്ക് ആണ് എന്നോട് ഏറ്റവും ഇഷ്ടം എന്നൊരു ചിന്ത ആയിരുന്നു. ഇതിപ്പോ അവർ എന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞത് ഞാൻ പപ്പയോട് സംസാരിക്കണം എന്ന് കരുതിയിട്ടാവും..
ഞാൻ സംസാരിക്കില്ല. അവർക്ക് വേണമെങ്കിൽ അവർ സംസാരിക്കട്ടെ.
പപ്പ പറഞ്ഞിരുന്നു ഒക്കെ വിറ്റുതുലച്ചു കൊണ്ടിരിക്കാണ് അയാൾ. ഇനി എങ്ങനെയും ആ വീട്ടിൽ കയറിപ്പെറ്റാനുള്ള ശ്രമങ്ങൾ ആയിരിക്കും എന്ന്. അതാവും വല്യമ്മച്ചി ചെല്ലുന്ന ദിവസം നോക്കി ആ പെണ്ണിനേയും കുഞ്ഞിനേയും പള്ളിയിലേക്ക് വിട്ടത്. അയാൾക്കറിയാലോ വല്യമ്മച്ചി സ്ഥിരമായി എന്നൊക്കെ പള്ളിയിൽ ചെല്ലും എന്ന്. ആ കുഞ്ഞിനെ ആലോചിക്കുമ്പോൾ പപ്പയോടു സംസാരിക്കണം എന്നുണ്ട്. പക്ഷേ അയാളെയും അവളെയും ആലോചിക്കുമ്പോൾ ക്ഷമിക്കാൻ കഴിയുന്നില്ല. അവർക്ക് മാന്യമായി എന്നോട് പറഞ്ഞിട്ട് ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാമായിരുന്നു. ഞാൻ ഒഴിഞ്ഞു കൊടുത്തേനെ. പകരം രണ്ടാളും കൂടി എന്നെ ചതിച്ചു. അത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ പപ്പയോട് സംസാരിക്കാത്തത്. അങ്ങനെ എന്റെ ചിലവിൽ അയാൾ ആ വീട്ടിൽ കയറി കൂടണ്ട… ജെനി ദേഷ്യത്തോടെ ആലോചിച്ചു.

………………….

രണ്ടാഴ്ച കൂടി കടന്നുപോയി. എന്നത്തേയും പോലെ ചിറയത്തുതറവാട്ടിൽ എല്ലാവരും അത്താഴത്തിന് ഇരിക്കാണ്. ആലീസും തോമസും ഉണ്ടായിരുന്നു അവിടെ. കുറച്ചുനേരം ആയി വല്യമ്മച്ചിയും ആനിയമ്മയും പരസ്പരം കണ്ണ് കാണിക്കുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജോസഫ് ചോദിച്ചു.

എന്താ ആനി.. എന്തെങ്കിലും പറയാൻ ഉണ്ടോ..

അതോടെ എല്ലാവരുടെയും ശ്രദ്ധ അവരുടെ മേലായി.

അത് എനിക്കല്ല അമ്മച്ചിക്കാണ്. അവർ നൈസായിട്ട് ആ പണി വല്യമ്മച്ചിയുടെ തലയിലേക്ക് ഇട്ട് കൊടുത്തു.

എന്താ ത്രേസ്യെ കാര്യം. വല്യപ്പച്ചൻ ചോദിച്ചു…

അല്ല നാളെ അല്ലേ അലക്സിന്റെ ഡിവോഴ്സ് കേസ് അവസാനിക്കുന്നത്.
വല്യമ്മച്ചി പറഞ്ഞു.

അതേ അതിന് എന്താ ഇപ്പൊ..

അല്ല ആ കേസ് അവസാനിച്ചാൽ അവരെ ഇങ്ങോട്ട് വിളിച്ചാലോ എന്നാ..

ആരെ.. വല്യപ്പച്ചൻ ചുളിഞ്ഞ മുഖത്തോടെ ചോദിച്ചു.

അത് പിന്നെ.. അലക്സിനെയും ഭാര്യയെയും കുഞ്ഞിനേയും. എന്തൊരു നല്ല മോൻ ആണെന്നോ. നമ്മുടെ അലക്സിന്റെ ചെറുപ്പത്തിലേ അതേ പോലെ തന്നെ. എന്തൊക്കെ വന്നാലും ഇവിടെ വളരേണ്ട കുഞ്ഞല്ലേ അത്. നമ്മുടെ വീട് നിലനിർത്താൻ അവൻ അല്ലേ ഉള്ളത്. അങ്ങനെ ഉള്ള ആ മോൻ വല്ലയിടത്തും വളരുന്നത് സഹിക്കാൻ പറ്റുന്നില്ല..

അമ്മച്ചി ഇതെന്തു വർത്താനം ആണ് പറയുന്നത്. അവൻ ഇത്രേം ഒക്കെ ചെയ്തിട്ടും ക്ഷമിച്ചു വീട്ടിൽ കേറ്റണം എന്നാണോ പറയുന്നത്. നമ്മുടെ അന്ന മോളോടാണ് ഒരുത്തൻ ഇങ്ങനെ ചെയ്യ്തത് എങ്കിൽ നമുക്ക് ക്ഷമിക്കാൻ പറ്റുവോ അതുപോലെ ഒരു മോള് തന്നെ അല്ലേ ജെനിയും. അവളോട്‌ ഇമ്മാതിരി കന്നംതിരിവ് കാട്ടിയവനെ ആണോ ക്ഷമിച്ച് വീട്ടിൽ കയറ്റാൻ പറയുന്നത്.. തോമസ് ദേഷ്യത്തോടെ ചോദിച്ചു.

അല്ല മോനെ അവനോടു ക്ഷമിക്കണം എന്നല്ല. പക്ഷേ ആ കുഞ്ഞ് അത് എന്ത് തെറ്റാ ചെയ്യ്തത്. അതാലോചിച്ചിട്ടാ അമ്മച്ചി…

കുഞ്ഞിനോട് ഞങ്ങൾക്കും ദേഷ്യം ഒന്നുമില്ല. പക്ഷേ ആ കുഞ്ഞിനെ ഇവിടെ കയറ്റണമെങ്കിൽ അവനും ആ ഒരുമ്പട്ടോളും കൂടെ വരില്ലേ.. അതിനാണ് ഞങ്ങൾ എതിർനിൽക്കുന്നത്. ഇപ്പൊ നമ്മൾ അവനെ വീട്ടിൽ കയറ്റിയാൽ അവൻ എന്താ ചിന്തിക്കാ എന്ത് വൃത്തികേട് കാട്ടിയാലും എന്റെ വീട്ടുകാർ ക്ഷമിക്കും എന്നല്ലേ. അതാണ് ഇത് വേണ്ട എന്ന് പറയുന്നത്… ആലീസ് പറഞ്ഞു.

എന്നാലും ഇവിടെ വളരേണ്ട കുഞ്ഞല്ലേ മോളെ. നമ്മുടെ കുടുംബം നിലനിർത്താൻ ഉള്ളത് ആ കുഞ്ഞല്ലേ. അപ്പൊ അതിങ്ങനെ വല്ലയിടത്തും വളരുന്നത്….. അല്ല നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.. വല്യമ്മച്ചി വല്യപ്പച്ചനോട് ചോദിച്ചു.

ഇതിലിപ്പോ എന്റെ അഭിപ്രായത്തിനു ഒരു കാര്യവും ഇല്ല. ഈ വീട് ജോസഫിന്റെ ആണ്. അവൻ ആണ് തീരുമാനിക്കേണ്ടത് ആരൊക്കെ ഇവിടെ നിക്കണം വേണ്ട എന്ന്. അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. എല്ലാം അവന്റെ ഇഷ്ടം..

അതോടെ എല്ലാവരുടെയും നോട്ടം ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്നപോലെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ജോസഫിന്റെ മേലെ ആയി. എല്ലാവരും നോക്കുന്നത് അറിഞ്ഞിട്ടും അയാൾ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. കൈകഴുകാനായി പോകാൻ തുടങ്ങിയപ്പോൾ ആണ് ആനിയമ്മ അയാളെ വിളിച്ചത്.

ഇച്ചായാ… ഒന്നും പറഞ്ഞില്ലല്ലോ ഈ കാര്യത്തിൽ..

അതോടെ അയാൾ തിരിഞ്ഞ് അവരെ ഒന്ന് നോക്കി എന്നിട്ട് ചോദിച്ചു..