19/04/2026

നിനക്കായ് : ഭാഗം 45

രചന – കണ്ണന്റെ മാത്രം

Nooo…….
കൈയിലുള്ള ഫോൺ ദേഷ്യത്തോടെ വലിച്ചെറിഞ്ഞുകൊണ്ട് ആൻസി അലറി.

ആൻസിയുടെ ദേഷ്യത്തോടെ ഉള്ള അലറൽ കേട്ടുകൊണ്ടാണ് ആൽവി അങ്ങോട്ട് ഓടി വന്നത്.

എന്താ.. എന്തിനാ ആൻസി നീ അലറിയത്.. ദേഷ്യം കൊണ്ട് വിറച്ച് ആകെ ചുമന്ന് തുടുത്ത് മുടിയിൽ കൈകോർത്തു വലിച്ചുകൊണ്ട് നിൽക്കുന്ന ആൻസിയെ ഒരു പകപ്പോടെ നോക്കി കൊണ്ടാണ് ആൽവി അത് ചോദിച്ചത്.

നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവനെതിരെ എന്തെങ്കിലും ചെയ്യാൻ അപ്പൊ നീ എന്താ പറഞ്ഞേ നിന്റെ ചേട്ടായി വരട്ടെ എന്ന്. എന്നിട്ടോ അയാള് വന്നോ അതും ഇല്ല. അറിഞ്ഞോ.. നീ അറിഞ്ഞോന്ന്.. അവന്റെ ആ ഡേവിയുടെ സമ്മതം കഴിഞ്ഞെന്ന്. അടുത്താഴ്ച അവന്റെ കല്യാണം ആണെന്ന്. നടത്തിക്കില്ല ഞാൻ അത്. അവന്റെ ജീവിതത്തിൽ എന്റെ സ്ഥാനത്ത് വേറെ ആരും വേണ്ട. അവനും അവന്റെ സ്വത്തുക്കളും എനിക്ക് മാത്രം അവകാശപ്പെട്ടതാണ്.. കേട്ടോ.. കേട്ടൊന്ന്… അവന്റെ കോളറിൽ പിടിച്ച് ഒരു ഭ്രാന്തിയെ പോലെ അലറുന്ന ആൻസിയെ ആൽവി ഒരു പകപ്പോടെ നോക്കി..

ആൻസി എന്തൊക്കെയാ നീ പറയുന്നത്. ഡേവിയുടെ സമ്മതം കഴിഞ്ഞെന്നോ..ആൽവി സാവകാശം ചോദിച്ചു.

പക്ഷേ അവൾ ഒന്നും മിണ്ടാതെ മുടിയിൽ കോർത്തുപിടിച്ചിരുന്നു. ആൽവി പതുക്കെ പോയി അവളുടെ ഫോൺ എടുത്ത് സ്ക്രീനിലേക്ക് നോക്കി. സ്ക്രീൻ പൊട്ടിയെങ്കിലും അതിൽ കാണാമായിരുന്നു ചിരിയോടെ നിൽക്കുന്ന ഡേവിയെയും ഒരു പെണ്ണിനേയും അവളുടെ കൈയിൽ ഉള്ള കുഞ്ഞി പെണ്ണിനേയും. അവനും പകച്ചുപോയി ആ ഫോട്ടോ കണ്ടപ്പോൾ. ഇങ്ങനെ ഒരു കാര്യം ഇത്ര പെട്ടന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഇനിയിപ്പോ എന്ത് ചെയ്യുമെന്ന് അവനും ഒരു രൂപം കിട്ടിയില്ല. അവൻ വേഗം ഫോൺ എടുത്ത് ആൽഫ്രഡിനെ വിളിച്ചു. അയാൾ ഫോൺ എടുത്തതും അവൻ ഉണ്ടായത് മുഴുവൻ പറഞ്ഞു.

ഇനിയിപ്പോ എന്ത്‌ ചെയ്യും ചേട്ടായി. അവൾ ഇവിടെ ആകെ ഭ്രാന്തെടുത്തത് പോലെ ഇരിക്കുന്നുണ്ട്.

എന്തായാലും ഇപ്പൊ ഒന്നും ചെയ്യണ്ട. കല്യാണം നടക്കട്ടെ. അത് കഴിഞ്ഞിട്ട് നമുക്ക് വേണ്ടത് എന്താണെങ്കിൽ ചെയ്യാം. എനിക്ക് ഒരു രണ്ടാഴ്ച കൂടി പിടിക്കും നാട്ടിൽ എത്താൻ..

പക്ഷേ അവൾ അതിന് സമ്മതിക്കുമോ എന്നറിയില്ല ചേട്ടായി. കല്യാണം നടത്തിക്കില്ല എന്ന് അവൾ ഇരുന്ന് പറയുന്നുണ്ട്.

അവളോട്‌ അടങ്ങാൻ പറയ്. ഇനി അവൾക്ക് എന്തേലും ചെയ്യണം എന്ന് നിർബന്ധം ആണെങ്കിൽ അവൾ ഒറ്റക്ക് ചെയ്യട്ടെ. നീ തല്ക്കാലം ഒന്നിലും കയറി ഇടപെടേണ്ട. നല്ല വ്യക്തമായ പ്ലാനിങ്ങോടെ മാത്രേ ഡേവിഡിന് എതിരെ കളിക്കാൻ ഇറങ്ങാൻ പാടുള്ളൂ. നിങ്ങൾ വിചാരിക്കുന്ന ആളല്ല ഡേവിഡ്. അവനോട് കളിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണം ഒരു ചെറിയ പിഴ മതി എല്ലാം നശിക്കാൻ. നശിപ്പിക്കും അവൻ. ഡേവിഡ് ജോൺ കൊട്ടാരത്തിൽ.. അത് പറയുമ്പോൾ ആൽഫ്രഡിന്റെ പല്ലുകൾ ഞെരിയുന്ന ശബ്ദം ആൽവിൻ കേട്ടു.

പക്ഷേ ചേട്ടായി ഞാൻ അവന്റെ സുഹൃത്ത് ആയിരുന്നില്ലേ. ബിസിനസ്സ് കാര്യങ്ങളിൽ അവൻ പുലിയാണ് പക്ഷേ ബാക്കി എല്ലാത്തിലും ആളൊരു പാവം ആയിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്…

നീ ഇപ്പൊ അതൊന്നും അറിയണ്ട. ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി മനസിലായോ.. മ്മ്.. ഫോൺ വച്ചോ. ഞാൻ ഒരു മീറ്റിംഗിൽ ആണ്.. അതുംപറഞ്ഞു അയാൾ ഫോൺ വച്ചു. ആൽവി കുറച്ചുനേരം ആലോചിച്ച് നിന്നിട്ട് ബെഡിലായി തലയും കുമ്പിട്ടിരിക്കുന്ന ആൻസിയുടെ അടുത്തേക്ക് പോയി.

ആൻസി.. അവൻ പതുക്കെ അവളെ വിളിച്ചു.

ഈ കല്യാണം എങ്ങനെ എങ്കിലും മുടക്കാം എന്ന് പറയുന്നത് അല്ലാതെ മറ്റൊന്നും എനിക്ക് കേൾക്കണ്ട… അവൾ ദേഷ്യത്തോടെ മുരണ്ടു..

ആൻസി ഞാൻ ചേട്ടായിയോട് സംസാരിച്ചു. ഇപ്പൊ ഒന്നിനും ഇറങ്ങി പുറപ്പെടേണ്ട എന്നാ ചേട്ടായി പറഞ്ഞത്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ചേട്ടായി വരും എന്നിട്ട് എന്തെങ്കിലും പ്ലാൻ ചെയ്യാം എന്നാ പറയുന്നത്.

രണ്ടാഴ്ച എന്ന് പറയുമ്പോൾ അവരുടെ കെട്ട് കഴിയില്ലേ. പറ്റില്ല.. അതിന് മുൻപ് എന്തെങ്കിലും ചെയ്തേ പറ്റൂ. ഡേവിഡിന്റെ കൈകൊണ്ടൊരു മിന്ന് എന്റെ കഴുത്തിൽ അല്ലാതെ മറ്റൊരുത്തിയുടെ കഴുത്തിലും കയറാൻ പാടില്ല. നിനക്ക് എന്നെ സഹായിക്കാൻ പറ്റുമോ… ആൻസി അവന്റെ മുഖത്ത് നോക്കി ചോദിച്ചു.

അതിന് ആൽവി ഒന്നും പറയാതെ മുഖം തിരിച്ചിരുന്നു.

അല്ലെങ്കിലും എനിക്ക് നിന്റെ സഹായം ഒന്നും വേണ്ട. എന്റെ പപ്പ മതി എനിക്ക് സഹായത്തിന്.. ആൻസി ദേഷ്യത്തോടെ അതുംപറഞ്ഞുകൊണ്ട് എഴുന്നേറ്റു.

ആൻസി ഞാൻ പറയുന്നത് കേൾക്ക്. എടുത്തുചാടി എന്തെങ്കിലും ചെയ്താൽ അത് നമുക്ക് തന്നെ അത് വിനയാവും…

ഇനി നീ ഇതിൽ ഇടപെടേണ്ട. ഞാൻ തീരുമാനിച്ചോണ്ട് എന്താ വേണ്ടത് എന്ന്..

ആ എന്നാൽ എന്തെങ്കിലും കാട്ട്. അവസാനം നഷ്ടം നിനക്ക് മാത്രം ആയിരിക്കും.. ആൽവിൻ അതുംപറഞ്ഞുകൊണ്ട് ദേഷ്യത്തോടെ റൂമിൽ നിന്നും ഇറങ്ങി പോയി.

ആൻസി അവൻ പോകുന്നതും നോക്കി ഒരു പുച്ഛചിരിയോടെ നിന്നു. പിന്നെ ഫോൺ എടുത്ത് അവളുടെ പപ്പയെ വിളിച്ചു..

പപ്പാ.. അയാൾ ഫോൺ എടുത്തതും അവൾ കരച്ചിലോടെ വിളിച്ചു.

എന്താ മോളെ.. എന്തിനാ നീ കരയുന്നത്.. അയാൾ ആവലാതിയോടെ ചോദിച്ചു.

അതോടെ അവൾ ഫോട്ടോ കണ്ടത് മുതൽ ഉള്ള എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു…

മുഴുവൻ കേട്ടതും അയാൾ കുറച്ച് നേരം ഒന്നും മിണ്ടിയില്ല..

പപ്പാ.. പപ്പയും എന്നെ കൈവിടാണോ.. എനിക്ക് ഡേവി മറ്റൊരുത്തിയുടെ ആവുന്നത് സഹിക്കാൻ പറ്റുന്നില്ല പപ്പാ. പപ്പയും കൂടെ കൈവിട്ടാൽ ഞാൻ എന്നെ തന്നെ ഇല്ലാതാക്കും.. അവൾ ഭീഷിണിയുടെ സ്വരത്തിൽ പറഞ്ഞു.

ഛെ.. എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്. ഇപ്പൊ നിനക്ക് എന്താ വേണ്ടത് ഈ കല്യാണം നടക്കരുത് അത്രയല്ലേ നിനക്ക് വേണ്ടൂ. പപ്പ മോൾക്ക് വാക്ക് തരാണ് പപ്പ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഈ കല്യാണം നടക്കില്ല പോരെ.

പോരാ പപ്പ. എന്റെ ഡേവിയെ കല്യാണം കഴിക്കാൻ സമ്മതിച്ച ആ നാ***ളും ഇല്ലാതെ ആവണം.

മ്മ്.. പപ്പ ഏറ്റു. നീ വിഷമിക്കാതെ ഇരിക്ക്. പപ്പ എല്ലാം ശരിയാക്കാം.

ശരി പപ്പ… ഞാൻ കാത്തിരിക്കും നല്ലൊരു വാർത്തക്കായി.. അതുംപറഞ്ഞു അവൾ ഫോൺ വച്ചു.

സമ്മതിക്കില്ല ഡേവിഡ് നിന്റെ ജീവിതത്തിൽ നിനക്ക് അവകാശി ആയി ഞാൻ മതി. ആ സ്ഥാനം മോഹിക്കുന്ന ഏതവളുമാർക്കും മരണം ആണ് അതിന്റെ ശിക്ഷ.. ആൻസി ഒരു ക്രൂരമായ മുഖത്തോടെ പറഞ്ഞു.

……………..

ജെനിയുടെ മനസമ്മതം നല്ല രീതിയിൽ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആണ് ജോസഫ് തറവാട്ടിലേക്ക് വന്നത്. അയാളെ കണ്ടതും ഹാളിലായി ഇരുന്നിരുന്ന വല്യപ്പച്ചനും വല്യമ്മച്ചിയും അയാളെ അടുത്തേക്ക് വിളിച്ചു.

എന്തായി ടാ കാര്യങ്ങൾ ഒക്കെ. ഉഷാറായി നടന്നില്ലേ.. വല്യപ്പച്ചൻ ചോദിച്ചു.

ആ സമയത്ത് ആണ് ആനിയമ്മ അങ്ങോട്ട് വന്നത്. ജോസഫ് അവരുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആകെ വിഷാദഭാവം ആണ് ഇപ്പൊ. മോനേം മരുമോളേം വിളിച്ച് വീട്ടിൽ കേറ്റുമ്പോൾ ഉണ്ടായിരുന്ന സന്തോഷം ഒന്നും അവർക്ക് ഇപ്പൊ ഇല്ല. ജെനിയല്ല സോഫി എന്ന് അവർക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്. ഒരു ചായ വേണമെങ്കിൽ വരെ അവൾ ഇവരോട് വന്ന് പറയും എന്നല്ലാതെ അടുക്കളയിൽ കയറാറുകൂടി ഇല്ല. അലക്സും അവളെ ഒന്നും പറയാറില്ല. അതാണ് അവരെ ഏറ്റവും കൂടുതൽ സങ്കടത്തിൽ ആക്കിയത്. വല്യപ്പച്ചനും വല്യമ്മച്ചിയും ഇപ്പൊ കാര്യമായിട്ട് ആനിയമ്മയോട് മിണ്ടാറില്ല. ജോസഫ് പിന്നെ അന്ന് അവരെ വീട്ടിൽ കയറ്റിയ അന്ന് മുതൽ അവരോട് മിണ്ടിയിട്ടില്ല. എന്തിന് കിടപ്പ് വരെ മറ്റൊരു മുറിയിൽ ആണ്. സത്യത്തിൽ അവർ ആ വീട്ടിൽ ആകെ ഒറ്റപ്പെട്ടു തുടങ്ങി.

ആ പരിപാടി ഒക്കെ നന്നായി നടന്നു. എന്തൊരു സ്നേഹം ആണെന്നോ അവർക്കൊക്കെ ജെനിയോട്. എന്തായാലും അതിന്റെ കഷ്ടക്കാലം തീർന്നു എന്ന് പറഞ്ഞാൽ മതി.

മ്മ്.. എന്തായാലും നന്നായി. കുഞ്ഞോള് വന്നിരുന്നോടാ.. അന്ന് ആ സംസാരം ഉണ്ടായ അന്ന് പോയതാ അവൾ. പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല അവൾ. കാണാൻ തോന്നുന്നുണ്ട് അവളെ… വല്യമ്മച്ചി സങ്കടത്തോടെ പറഞ്ഞു.

ഞാൻ പറഞ്ഞിട്ടുണ്ട് അവളോട്‌. നാളെയോ മറ്റന്നാളോ ആയിട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്.

മ്മ്… എങ്കിൽ നീ പോയി കുളിച്ച് വന്ന് ചായ ഒക്കെ കുടിക്കാൻ നോക്ക്.. ചെല്ല്..

ശരി അമ്മച്ചി.. അയാൾ റൂമിലേക്ക് പോകാൻ എഴുന്നേറ്റതും കൂടെ ആനിയമ്മയും എഴുന്നേറ്റു അയാൾക്ക് ചായ എടുക്കാനായി..
ആനിയമ്മ ആണ് മുന്നിലായി പോയത്.

ദേ തള്ളേ.. കുഞ്ഞിനുള്ള പാല് കുപ്പിയിലാക്കാൻ പറഞ്ഞിട്ട് എത്ര നേരം ആയി.. അലക്സിന്റെ റൂമിന്റെ വാതിൽ തുറന്ന് വന്നുകൊണ്ട് സോഫി ആനിയമ്മയോടായി പറഞ്ഞു.  അവൾ അവരുടെ പിന്നിലായി വരുന്ന ജോസഫിനെ കണ്ടിരുന്നില്ല.

അത് ഞാൻ കുപ്പിയിലാക്കി അവിടെ വച്ചിട്ടുണ്ട്.. ആനിയമ്മ ജോസഫിനെ ഒന്ന് പാളി നോക്കികൊണ്ട്‌ പറഞ്ഞു. സോഫിയുടെ സംസാരം കേട്ട ജോസഫ് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അയാളെ പാളി നോക്കുന്ന ആനിയമ്മയെ കണ്ടപ്പോൾ അയാളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞ ചിരി വിരിഞ്ഞു. അവർക്ക് വല്ലാത്ത ജാള്യത തോന്നി..

അത് അവിടെ വച്ചാൽ എങ്ങനെയാ. ഒന്ന് ഇങ്ങോട്ട് കൊണ്ടുവന്ന് തന്നാൽ നിങ്ങളുടെ കൈയിലെ വള വല്ലതും ഊരിപോകുമോ.. ഹും.. ആനിയമ്മ ഒന്നും മിണ്ടാതെ വേഗം അടുക്കളയിലേക്ക് പോയി. അവർ പോകുന്നതും നോക്കി തിരിഞ്ഞപ്പോൾ ആണ് അവിടെ അവളെതന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന ജോസഫിനെ കണ്ടത്.
അയാളെ കണ്ടതും സോഫിയുടെ മുഖം വിളറി വെളുത്തു. അവൾക്ക് ആകെ ഭയമായി. അവൾ പതുക്കെ റൂമിലേക്ക് തിരിയാൻ തുടങ്ങിയതും അവളെ തടഞ്ഞുകൊണ്ട് ജോസഫിന്റെ സ്വരം അവിടെ ഉയർന്നിരുന്നു.

ഒന്നവിടെ നിന്നേ…

ഇനി മേലാക്കാം നിന്റെ വീട്ടിൽ എടുക്കുന്ന  ഭാഷ ഇവിടെ ഉപയോഗിച്ചാൽ ആ നാവ് ഞാൻ പറിച്ചെറിയും.. കേട്ടല്ലോ.. സോഫി അയാളുടെ നേരെ തിരിഞ്ഞതും പതിഞ്ഞ സ്വരത്തോടെ രൂക്ഷഭാവത്തിൽ അയാൾ പറഞ്ഞു.

കെട്ടോന്ന്.. അയാൾ ഒന്നും കൂടി തറപ്പിച്ച് ചോദിച്ചു.

മ്മ്… അവൾ വിറയലോടെ മൂളി..

അവളെ ഒന്ന് തറപ്പിച്ച് നോക്കികൊണ്ട്‌ അയാൾ റൂമിലേക്ക് പോയി. അവളും ഒഴുകി ഇറങ്ങിയ വിയർപ്പ് തുടച്ചുകൊണ്ട് റൂമിലേക്ക് കയറി

……………..

പിറ്റേന്ന് വൈകീട്ട് ക്രിസ്റ്റി വരുമ്പോൾ കാണുന്നത് എങ്ങോട്ടോ പോകാൻ റെഡി ആയി ഇറങ്ങുന്ന ജെനിയെ ആണ്.

എങ്ങോട്ടാ ഇച്ചേച്ചി ഈ നേരത്ത്…

ഞാൻ ഒന്ന് പള്ളിയിലേക്ക് പോകാം എന്ന് വച്ചു ഇറങ്ങിയതാടാ. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ആ കല്യാണത്തിന്റെ രണ്ടു ദിവസം മുന്നേ ലീവ് എടുക്കാം എന്ന്. അപ്പൊ എല്ലാവർക്കും നിർബന്ധം ഞാൻ ഇപ്പോഴേ ലീവ് എടുക്കണം എന്ന്. എന്നിട്ടെന്തായി ഞാൻ പകല് മുഴുവൻ വെറുതെ ഇരുന്ന് ബോർ അടിക്കാണ്. പിന്നെ എന്റെ മോളെയും എനിക്ക് കാണാൻ പറ്റിയില്ല..

ഈ ഒരാഴ്ച റസ്റ്റ്‌ എടുത്തില്ലെങ്കിലേ എന്റെ ഇച്ചേച്ചിനെ കല്യാണ ദിവസം കാണുമ്പോ ഒടിഞ്ഞുതൂങ്ങിയ പോലെ ഉണ്ടാകും.. അതല്ലേ.. ഞാനും വരണോ പള്ളിയിലേക്ക്..

വേണ്ടടാ ഇവിടെ അടുത്തല്ലേ. അല്ല നീ ഇന്നെന്താ നേരത്തേ. അഞ്ചുമണി ആവുന്നല്ലേ ഉള്ളൂ..

അത് ഇന്നത്തെ മീറ്റിംഗ് ഒക്കെ കഴിഞ്ഞപ്പോ എന്റെ അളിയൻ പറഞ്ഞു എന്നോട് പൊക്കോളാൻ.. അവൻ ഗമയിൽ പറഞ്ഞു.

അളിയനോ.. അവൾ അത്ഭുധത്തോടെ ചോദിച്ചു.

പിന്നെ അല്ലാതെ ഇച്ചേച്ചിയുടെ കെട്ടിയവൻ എനിക്ക് അളിയൻ അല്ലേ. മൂപ്പര് തന്നെ ആണ് അങ്ങനെ വിളിക്കാൻ പറഞ്ഞത്..

മ്മ്… എന്നാൽ നീ പോയി കുളിച്ച് ചായ ഒക്കെ കുടിക്ക്. അപ്പോഴേക്കും ഞാൻ പോയിട്ട് വരാം.

ക്രിസ്റ്റി കുറച്ചുനേരം അവൾ പോകുന്നതും നോക്കി നിന്നിട്ട് അകത്തേക്ക് പോയി.

ജെനി റോഡിന്റെ ഓരം പിടിച്ച് നടന്നു. റോഡ് ക്രോസ്സ് ചെയ്ത് കടക്കേണ്ട ഭാഗം എത്തിയപ്പോൾ അവൾ രണ്ടു സൈഡിലേക്കും നോക്കി കൊണ്ട് റോഡിലേക്ക് കടന്നതും എവിടെ നിന്നോ ഒരു ജീപ്പ് അവളുടെ നേരെ ചീറിപ്പാഞ്ഞു വന്നതും ഒരുമിച്ചായിരുന്നു.. അവൾ പേടിയോടെ നിന്നിടത്തുനിന്ന് അനങ്ങാൻ പറ്റാതെ സ്തംഭിച്ചു നിന്നു..