രചന – നെച്ചു നസ്രിൻ
പിറ്റേന്ന് രാവിലെ തന്നെ പീലിയുണർന്നു. അവൾക്ക് തണുത്ത തറയിൽ കിടന്നിട്ട് ശരീരം നന്നായി വേദനിക്കുന്നുണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി അവൾ ബെഡിലേക്ക് നോക്കിയതും ശാന്തമായി ഉറങ്ങുന്ന സൂരജിനെയാണ് കണ്ടത്. ഒരു ദീർഘനിശ്വാസത്തോടെ കുളിക്കാനായി പീലി ബാത്‌റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് കണ്ണാടിയിലേക്ക് നോക്കി കുറച്ച് നേരം നിന്നു. ജീവൻ നഷ്ടമായ കണ്ണുകൾ. എല്ലാത്തിനോടും അവൾക് വിരക്തി തോന്നി. കണ്ണടച്ചു കുറച്ച് നേരം നിന്നതിനു ശേഷം അവൾ താഴേക്ക് ഇറങ്ങി വന്നു. അടുക്കളയിൽ സുഭദ്രയുണ്ടായിരുന്നു. “ആഹാ മോൾ എണീറ്റോ. കുറച്ച് നേരം കൂടി കിടക്കാമായിരുന്നില്ലേ”?. “ഇല്ലമ്മേ ഞാൻ വീട്ടിൽ ഈ നേരത്താണ് എണീക്കുന്നത്”. “ആഹ് ഇവിടങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നും കാണില്ല. ഇത് ശാരദ അടുക്കളയിൽ എനിക്ക് സഹായത്തിനു വരുന്നതാ.11 മണിയോടെ തന്നെ എല്ലാ ജോലിയും കഴിയും.
പിന്നെ ഞാൻ ഇവിടെ വെറുതെ ഇരിക്കും”. ഒരു കപ്പിലേക്ക് ചായ പകർന്നു പീലിക്ക് കൊടുത്തു ഭദ്ര. പീലിയെ സൂക്ഷിച്ചു നോക്കിയ ഭദ്രയുടെ മുഖം ചുളിഞ്ഞു. അവർ പീലിയെ വിളിച്ചു പൂജാ മുറിയുടെ മുന്നിൽ ചെന്നു. കൃഷ്ണ ഭഗവാന്റെ കുഞ്ഞു വിഗ്രഹത്തിനു മുന്നിലെ ചെറിയ ചെപ്പിൽ നിന്നു ഒരു നുള്ള് സിന്ദൂരം പീലിയുടെ നെറ്റിയിൽ തൊട്ട് കൊടുത്തു. “ഇതിനി മുതൽ മറക്കരുത് മോളെ”. പീലി അവരെ നോക്കി തലയാട്ടി. വൈകുന്നേരമാണ് റിസപ്ഷൻ നിശ്ചയിച്ചിരുന്നത്. സൂരജിന് ഒട്ടും താല്പര്യമില്ലായിരുന്നു.ചങ്കു പൊടിയുന്ന വേദനയിലും പുറമെ ചിരിച്ച് നടക്കുകയാണ് അവൻ.ആ ചിരിയിലൂടെ മറ്റുള്ളവരെ , അവൻ നന്നായി പറ്റിക്കുന്നുണ്ട്. സ്വന്തം മനസാക്ഷിയോട് വഞ്ചന കാണിച്ച് കൊണ്ടിരിക്കുകയാണ്. ലൈറ്റ് പിങ്ക് , ഹെവി സ്റ്റോൺ വർക്കോഡ് കൂടിയ ഒരു ലെഹങ്ക ആയിരുന്നു പീലിയുടെ വേഷം. അതിന് മാച്ച് ആകുന്ന ആഭരങ്ങളും അണിയിച്ചു.
മേക്കപ്പ് ഇടാൻ തീർത്ഥയും സഞ്ജനയും നിർബന്ധിച്ചെങ്കിലും പീലി അത് നിരസിച്ചു. ആർക്കൊക്കെയോ വേണ്ടി അവൾ സന്തോഷം അഭിനയിക്കുകയായിരുന്നു. പീലിയുടെ അതെ കളർ ഷർട്ടാണ് സൂരജ് ഇട്ടിരുന്നത്. സ്റ്റേജിൽ അടുത്തടുത്ത് നിൽക്കുമ്പോളും അവർ പരസ്പരം നോക്കിയില്ല.മാനസിക സംഘർഷത്തിലൂടെ കടന്നു പൊയ്‌കൊണ്ടിരിക്കുന്ന അവർ ചിരിയുടെയും സന്തോഷത്തിന്റെയും മുഖം മൂടി എടുത്തണിഞ്ഞു. ഫങ്ക്ഷന് എല്ലാം കഴിഞ്ഞ് ഫ്രഷ് ആയി റൂമിലേക്ക് വന്ന പീലി സൂരജിനെ കണ്ണുകൾ കൊണ്ട് തിരഞ്ഞെങ്കിലും അവൻ ബാൽക്കണിയിലുണ്ടെന്ന് അവൾ മനസിലാക്കി. അവൾക്കത് ഒരു ആശ്വാസമായിരുന്നു. പക്ഷേ എത്രനാൾ ഇങ്ങനെ ഒളിച്ച് കളി നടത്തും. വീട്ടിൽ ഉണ്ടായിരുന്ന സമയമത്രയും അവളമ്മയോടൊപ്പമായിരുന്നു. സൂരജേട്ടനും തന്നിൽ നിന്നൊഴിഞ്ഞു മാറി നടക്കുകയാണ്.
മറ്റൊരുവളെ സ്നേഹിച്ചു അവൾക്കൊപ്പം ജീവിതം ആഗ്രഹിച്ച സൂരജ് ഒരിക്കലും തന്നെ ഭാര്യയായി കാണാൻ ആഗ്രഹിക്കില്ലെന്ന് അവൾ കരുതിയിരുന്നു. അവന്റെ മനസിലെ വേദനയുടെ കാരണം അവൾക്കന്യമായിരുന്നു. അപ്പോളാണ് സൂരജ് മുറിയിലേക്ക് വന്നത്. ബാൽക്കണിയിൽ ഇരിക്കുമ്പോളും അവന്റെ മനസ് പലവിധ ചിന്തകളാൽ കലുഷിതമായിരുന്നു. എന്ത് വന്നാലും പീലിയോട് സംസാരിക്കണമെന്ന് കരുതിയാണ് അവൻ മുറിയിലേക്ക് കയറിയത്. സൂരജ് വരുമ്പോൾ പീലി താലി കയ്യിൽ പിടിച്ച് മറ്റെവിടോ നോക്കി നിൽക്കുകയായിരുന്നു. അവൻ അവളുടെ ശ്രദ്ധ കിട്ടാനായി ഒന്ന് മുരടനക്കി. പീലി തലയുയർത്തി സൂരജിനെ നോക്കി. “എനിക്ക് തന്നോടല്പം സംസാരിക്കാനുണ്ട്. നമ്മൾ ഒരു പക്ഷേ കല്യാണത്തിന് ആയിരിക്കും ആദ്യമായി കാണുന്നത്. വീണ കാണിച്ച ചതിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് അമ്മയും അച്ഛനും തന്നെ വിവാഹം കഴിക്കണം എന്നാവശ്യം മുന്നിലേക്ക് വെച്ചത്.
എനിക്കത് സ്വീകരിക്കയല്ലാതെ വേറെ വഴിയില്ലായിരുന്നു. എനിക്ക് ഈ അവസ്ഥയിൽ തന്നെ എന്റെ ഭാര്യയായി കാണാൻ ബുദ്ധിമുട്ടുണ്ട്. എപ്പോ എന്നെക്കൊണ്ട് അതിനു കഴിയുമെന്ന് എനിക്ക് നിശ്ചയമില്ല. ഞാൻ തന്റെ ഒരു കാര്യത്തിനും ശല്യമായി വരില്ല. ഒരു അവകാശത്തിനും തന്നെ ബുദ്ധിമുട്ടിക്കില്ല. താനും അത് പോലെ ആയിരിക്കണം എന്നോടും. ഇത് നമ്മളല്ലാതെ മറ്റാരും അറിയരുത്. അച്ഛനും അമ്മയ്ക്കും അത് വലിയ വിഷമം ഉണ്ടാക്കും”. അവനത്രയും പറഞ്ഞ ശേഷം അവളെ നോക്കി. അവൾക്കെന്തൊക്കെയോ പറയണമെന്ന് തോന്നി. മനഃപൂർവ്വം സൂരജേട്ടന്റെ ജീവിതത്തിലേക്ക് വന്നതല്ലെന്നും തന്റെ അച്ഛന് വേണ്ടിയായിരുന്നു ഈ വിവാഹം എന്നും. എന്തൊക്കെയോ അവളുടെ തൊണ്ടക്കുഴിയിൽ തട്ടി നിന്നു. അവൾ മൗനം സ്വീകരിച്ചു. സൂരജ് തിരികെ നടന്നു. ഒന്ന് നിന്നിട്ട് അവൻ അവളെ നോക്കി. “താൻ ഇനി വെറും നിലത്തു കിടക്കണമെന്നില്ല. ബെഡിൽ കിടന്നോളു ഞാൻ ആ സോഫയിൽ കിടന്നോളാം”. മുറിക്ക് ഓരത്തെ സോഫയിലേക്ക് ചൂണ്ടി അവനത് പറഞ്ഞ് ബാൽക്കണിയിലേക്ക് പോയി. ബീൻ ബാഗിലേക്ക് ചാരിയിരുന്നു അവനൊന്നു നിശ്വസിച്ചു.
അവളോട് സംസാരിക്കാൻ അവന് ബുദ്ധിമുട്ടായിരുന്നു. മനസിലുള്ളത് പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി. അപ്പോളും അവൾക്ക് പറയാനുള്ളത് കേട്ടില്ലല്ലോ. ഇനി അവൾക്ക് മറ്റേതെലും ഇഷ്ടം ഉണ്ടോ.അവളുടെ ജീവിതം താനായിട്ട് നശിപ്പിച്ചുവോ എന്നൊക്കെയുള്ളചിന്തകൾ അവനെ വീണ്ടും അലട്ടി. ഡൈനിങ് ടേബിളിൽ എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കാനായി ഇരിക്കുകയായിരുന്നു. സൂരജിനരികിലെ കസേരയിലാണ് പീലി ഇരുന്നത്. അവൾക്കിതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. വീട്ടിൽ എല്ലാവർക്കുമുള്ള ആഹാരം ഉണ്ടാക്കി കഴിഞ്ഞ് അടുക്കളയിലിരുന്നു ഏതേലും നേരത്തൊക്കെയാണ് അവൾ ആഹാരം കഴിക്കരുത്. ചിലപ്പോൾ കഴിക്കാൻ പോലും നേരം കിട്ടാറില്ല. തീർത്ഥ പറയുന്ന കുസൃതിയും തമാശയുമൊക്കെ കേട്ട് സന്തോഷത്തോടെയാണ് എല്ലാവരും ആഹാരം കഴിക്കുന്നത്. ലാൻഡ് ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് സുഭദ്ര ഇരുന്നിടത്ത് നിന്നെണീറ്റത്. “മോളെ പീലി നിനക്കുള്ളതാ”. ഫോൺ റിസീവർ അവൾക്ക് നേരെ നീട്ടിയാണ് സുഭദ്ര അത് പറഞ്ഞത്. തന്നെയാര് വിളിക്കാനാണ് എന്ന സംശയത്തിലാണ് പീലി ഫോൺ ചെവിയോട് ചേർത്തത്. “ഹലോ പീലി ഇത് ഞാനാ രേഷ്മ”. “ഏഹ് രേഷു അല്ല നിനക്കെങ്ങനെ ഈ നമ്പർ കിട്ടി”?. “ഓഹ് കൊച്ചു തമ്പുരാട്ടിയെ ഒന്ന് കിട്ടണേൽ കുറച്ച് പാട് പെടണമല്ലോ”.
“കളിയാക്കാതെ പറ രേഷു”. “നിന്റെ വീട്ടിൽ ഞാൻ വിളിച്ചു നിന്റച്ഛനാ ഈ നമ്പർ തന്നത്”. “ആണോ”. “ആഹ് ഞാൻ അത്യാവശ്യമായി ഒരു കാര്യം പറയാനാണ് വിളിച്ചത്”. “എന്താ രേഷു”. “നമ്മുടെ ഫസ്റ്റ് ഇയർ എക്സാം ഡേറ്റ് വന്നിട്ടുണ്ട്. ഈ ബുധനാഴ്ച തുടങ്ങുവാ എക്സാം”. !ഈശ്വരാ ഇത്ര പെട്ടെന്നൊ ഇനിയിപ്പോ മൂന്നു ദിവസമല്ലേ ഒള്ളു. അയ്യോ ഇപ്പോ എന്താ ചെയ്യുക”?. “എടിയേ നീ എന്തിനാ കയ്യോ വയ്ക്കുന്നത്. എല്ലാ ടോപിക്സും പച്ച വെള്ളം പോലെ അറിയുന്ന നീയൊക്കെ ഇങ്ങനെ പറഞ്ഞാലോ. ഇവിടെ ഞാൻ ഇനി വേണം ബുക്ക് തുറന്ന് നോക്കാൻ”. “മ്മ്മ് അതല്ലടീ എന്റെ ബുക്സ് ഒക്കെ അങ്ങ് വീട്ടിൽ അല്ലെ”. “അതിന്നു പോയി എടുത്താൽ മതിയല്ലോ”. സംസാരം അവസാനിപ്പിച്ചു പീലി തിരികെ വന്നു. അവൾക്ക് അവിടുള്ളവർ ഇനി തുടർന്ന് പഠിക്കാനൊക്കെ വിടുമോ എന്നുള്ള ഭയമുണ്ടായിരുന്നു. ” കല്യാണത്തിനുണ്ടായിരുന്ന കൂട്ടുകാരിയാണല്ലേ വിളിച്ചത്”. “അതെ അമ്മേ രേഷ്മ”. “എന്താ പ്രത്യേകിച്ച് വിശേഷം വല്ലതുമുണ്ടോ മോളെ”?. “അതമ്മേ എനിക്ക് എക്സാം ഡേറ്റ് ഡിക്ലയർ ചെയ്‌തെന്ന് പറയാൻ വിളിച്ചതാ. ബുധനാഴ്ച എക്സാം തുടങ്ങുവാ അമ്മേ”. “അതെയോ. അപ്പോ മോൾക് പഠിക്കാൻ കാണുമല്ലോ. ബുക്ക് ഒന്നും എടുത്തിട്ടില്ലല്ലോ”. പീലി ഇല്ലായെന്ന അർഥത്തിൽ തലയാട്ടി.
” സൂരജ് നീ മോൾക്കൊപ്പം അവരുടെ വീട് വരെ പോണം. നാട്ടുനടപ്പനുസരിച്ചു നിങ്ങൾ വിരുന്ന് ചെല്ലേണ്ടതാണ്. അതിനൊന്നും മുടക്കം വരുത്തണ്ട. മോൾക്കപ്പോൾ പരീക്ഷക്ക് വേണ്ടിയതൊക്കെ എടുക്കാമല്ലോ”. അച്ഛൻ പറഞ്ഞത് നിഷേധിക്കണം എന്നുണ്ടായിരുന്നെങ്കിലും സൂരജ് തലയാട്ടി അത് അനുസരിച്ചു. വീട്ടിലേക്ക് പോകാൻ ഒരുങ്ങാൻ വേണ്ടി പീലി മുറിയിലേക്ക് പോകാനായി നിന്നപ്പോളാണ് സുഭദ്ര അവളെ അവരുടെ മുറിയിലേക്ക് വിളിച്ചത്. കട്ടിലിൽ ആഭരണ പെട്ടി എന്ന് തോന്നിക്കും വിധത്തിലെ മൂന്നാല് പെട്ടികളുണ്ടായിരുന്നു. സുഭദ്ര അതിൽ എന്തൊക്കെയോ അന്വേഷിക്കുകയായിരുന്നു. “മോളിങ് വന്നേ”. പീലിയെ തനിക്കരികിൽ പിടിച്ചിരുത്തി. പെട്ടിയിൽ നിന്ന് നാല് സ്വർണ്ണ വളകളും ചെറിയ മുത്തുകൾ പിടിപ്പിച്ച വലിയ ഒരു ജുമുക്കയും ഒരു ചെറിയ മാങ്ങാ മാലയും കുറച്ചധികം നീളമുള്ള പാലക്കാ മാലയും എടുത്ത് പുറത്തേക്ക് വെച്ചു. പീലി കാര്യം മനസിലാകാതെ സുഭദ്രയെ നോക്കിയിരുന്നു. അവർ അലമാര തുറന്ന് ഒരു ലൈറ്റ് ഗ്രീൻ സാരീ എടുത്തു പീലിയെ ഉടുപ്പിച്ചു. ശേഷം അവൾക്കാ ആഭരണങ്ങൾ ഇട്ടു കൊടുക്കാനായി നിന്നു.
“എനിക്കിതൊന്നും വേണ്ട അമ്മേ”. “അതൊന്നും പറഞ്ഞാൽ പറ്റുല്ല. ഇതൊക്കെ മോൾക് വേണ്ടി തന്നെയുള്ളതാ. ഇതിൽ പലതും ഞാൻ വിവാഹത്തിന് ഇട്ടതാ പിന്നെ കുറച്ച് തീർത്ഥയ്ക്കായി വാങ്ങിയതും. അവളിങ്ങനൊന്നും ഇടാറില്ല. ഞാനും ഇടില്ല. പിന്നിത് വെറുതെ വെച്ചിട്ടെന്തിനാ.മോൾക്കിതൊക്കെ ചേരും”. “പക്ഷേ അമ്മേ എനിക്ക് വേണ്ട”. “അതെന്താ അമ്മ തരുന്നത് കൊണ്ടാണോ”?. “അയ്യോ അങ്ങനൊന്നുമില്ല അമ്മേ. ഞാനിത് വരെ ഇങ്ങനൊന്നും ഇട്ടിട്ടില്ല”. ” ആഹ് ഇനി മുതൽ ഇട്ടാൽ മതി. എന്നും ഇട്ട് നടക്കാനൊന്നും അമ്മ നിർബന്ധിക്കില്ല കേട്ടോ. കോളേജിൽ പോകുമ്പോൾ ആ ചെറിയ മാല മാത്രം മതി. മോൾടെ കൂട്ടുകാരൊന്നും അറിഞ്ഞിട്ടുണ്ടാവില്ലല്ലോ കല്യാണം കഴിഞ്ഞത്”. കോളേജിൽ പോകുന്ന കാര്യം പറഞ്ഞതും പീലിയുടെ മിഴികൾ വിടർന്നു. “അപ്പോ എനിക്ക് കോളേജിൽ പോകുന്നതിനു പ്രശ്നം ഇല്ലല്ലേ അമ്മേ”.
” എന്ത് പ്രശ്നം”?. “അല്ല ഞാൻ കരുതിയത് പഠിക്കാനൊക്കെ പോകുന്നതിൽ ഇവിടുള്ളവർക്ക് ഇഷ്ടക്കേട് ഉണ്ടാകുമെന്നാ”. “അത് കൊള്ളാം. പെൺകുട്ടികളായാൽ ഇന്നത്തെകാലത്ത് വിദ്യാഭ്യാസവും ജോലിയും ഒക്കെ അത്യാവശ്യം വേണം. അതിന് ഇവിടാർക്കും ഒരിഷ്ടക്കേടുമില്ല. മോൾ നേരം വൈകാണ്ട് ഇറങ്ങാൻ നോക്ക്”. പീലി ഹാളിലെക്ക് വന്നതും തീർത്ഥ അവളെ ആശ്ചര്യത്തിൽ നോക്കി നിന്നു. “എന്റെ പീലിയെ നിനക്ക് എന്റെ കണ്ണ് തന്നെ കിട്ടും കേട്ടോ. അമ്മയോടൊന്നു ഉഴിഞ്ഞിടാൻ പറയണം. എന്ത് ഭംഗിയാണെടോ തന്നെ ഇപ്പോ കാണാൻ. ആഹ് ഞാൻ നിങ്ങൾ വരുമ്പോളേക്കും തിരിച്ച് പോകും കേട്ടോ. യാത്ര പറയാൻ പറ്റിയെന്ന് വരില്ല”. “ഇന്ന് പോകുന്നുണ്ടോ”?. “പിന്നല്ലാണ്ട്. ലീവ് കിട്ടിയത് തന്നെ ഭാഗ്യമാണ്. ഇനിയിപ്പോ എക്സാം ഒകെ ആയി തിരക്കാവും. ഞാൻ ചെന്നിട്ട് വിളിക്കാം കേട്ടോ. അല്ല തന്റെ ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ല “. “എനിക്ക് ഫോണില്ല തീർത്ഥ”. “ആഹ് വീട്ടിലായിരിക്കും അല്ലെ”?. “ഇല്ല , ഞാൻ ഇത് വരെ ഫോൺ യൂസ് ചെയ്തിട്ടില്ല”.
” വാട്ട്. ഇത് വരെ ഫോൺ യൂസ് ചെയ്തിട്ടില്ലന്നോ. ഈശ്വരാ ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ”?. “അല്ല പിന്നെ എല്ലാരും നിന്നെ പോലെ ഫോണിൽ തലകുത്തി കിടക്കുവാണോ”?. “ഓഹ് എന്റമ്മേ അമ്മയെ ഇപ്പോ ആരാ ഇങ്ങോട്ട് വിളിച്ചത്. ഞങ്ങൾ നാത്തൂൻസ് ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ സമ്മതിക്കരുത് കേട്ടോ”. “ഒന്ന് പോടീ”. അവർ മൂന്നാളും ചിരിച് സംസാരിക്കുന്നത് കണ്ടോണ്ടാണ് സൂരജ് സ്റ്റെപ് ഇറങ്ങി വന്നത്. അവൻ പീലിയെ നോക്കി. അവൻ കുറച്ച് നേരം അവളെ നോക്കി നിന്നു. അവളുടെ മാലയും കമ്മലും ഒക്കെ അമ്മ കൊടുത്തതാകാം എന്നവൻ ഊഹിച്ചു. വീട്ടിലേക്കുള്ള യാത്രയിൽ പതിവ് പോലെ ഇരുവരും മൗനം കൂട്ടുപിടിച്ചു. വിശ്വനാഥൻ പീലിയെയും സൂരജിനെയും പ്രതീക്ഷിച്ചെന്ന പോൽ ഉമ്മറത്തു തന്നെയുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി പീലി ഓടി വന്ന് അച്ഛനെ കെട്ടിപിടിച്ചു. അവളുടെ കണ്ണ് നിറഞ്ഞു. രണ്ട് പേരെയും സ്വീകരിച്ചു അകത്തേക്കിരുത്തി. സൂരജ് വിസ്മയോട് എന്തോ സംസാരിച്ചിരുന്നു. അച്ഛനോട് പരീക്ഷയെ കുറിച് സംസാരിച്ചതിന് ശേഷം അവൾ സ്വന്തം മുറിയിലേക്ക് ചെന്നു ബുക്സ് എല്ലാം ബാഗിലേക്ക് എടുത്ത് വെച്ചു.
കുറച്ച് നേരം അവളാ കട്ടിലിൽ കിടന്നു. മുറിയിലെ ഗന്ധം ആഞ്ഞു വലിച്ചു. തന്റെ സങ്കടങ്ങളും പരിഭവങ്ങളും തേങ്ങലുകളും അറിഞ്ഞ മുറിയാണിത്. എന്റെ വേദനകളാൽ നിറഞ്ഞ മുറി. അവളിൽ നിന്നൊരു വിതുമ്പൽ പുറത്തേക്ക് വന്നു. താഴെക്കിറങ്ങിയപ്പോളും ചെറിയമ്മയെ അവൾ എവിടെയും കണ്ടില്ല. അവൾ അവരുടെ മുറിയിലേക്ക് ചെന്നു. പുറം തിരിഞ്ഞ് കിടന്ന അവരെ പീലി പയ്യെ വിളിച്ചു. തിരിഞ്ഞു നോക്കിയതും നിറയെ സ്വർണ്ണമണിഞ്ഞു മുന്നിൽ നിൽക്കുന്ന പീലിയെ ആശ്ചര്യത്തോടെ അവർ നോക്കി. വിലകൂടിയ ആ സാരിയിൽ അവൾ ഒരു ദേവത പോൽ തോന്നിച്ചു. അവർക്ക് കോപം ഇരച്ചു കയറി. “ചത്തോന്ന് അറിയാൻ വേണ്ടി വന്നതാണോടി?. അവൾക്കിപ്പോ സുഖമാണല്ലോ. നല്ല കുടുംബക്കാരെ കിട്ടി , ഭർത്താവിനെ കിട്ടി , നല്ലൊരു ജീവിതം കിട്ടി. അതിന്റെ അഹങ്കാരം എന്നെ കാണിക്കാനായി ഇങ്ങോട്ട് കെട്ടിയെടുത്തതാണോ.
എന്റെ മോള് അനുഭവിക്കേണ്ടതാണ് നീയിപ്പോ തട്ടിയെടുത്തത്. അതെന്നും ഓർമ ഉണ്ടാകണം. നശിച്ചവൾ. എവിടെയും സ്വസ്ഥത തരില്ല. എന്റെ കണ്മുൻപിൽ നിന്ന് പോടീ”. രുക്‌മിണി ഉറഞ്ഞു തുള്ളി. അവർ പറഞ്ഞതൊക്കെ കേട്ട് പീലി കരയാൻ തുടങ്ങി അവർ അവളെ പിടിച്ചു മുറിക്ക് പുറത്തേക്ക് തള്ളി . ചുവരിലേക്ക് തലയിടിച്ചു പീലി വീഴുന്നതിനു തൊട്ട് മുൻപ് അവളെ ശക്തമായ രണ്ട് കരങ്ങൾ വലിച്ചു നെഞ്ചോട് ചേർത്തു. പീലിയുടെ ശരീരം അവന്റെ ദേഹത്തോട് അമർന്നു.പീലി എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ നിന്നു. തലയുയർത്തി നോക്കിയതും അവൾ കണ്ടത് സൂരജിന്റെ തീക്ഷണമായ കണ്ണുകളാണ്. അവൾ ഞെട്ടി തരിച്ചു മാറി പുറത്തേക്ക് ഓടി. രുക്‌മിണി സൂരജിനെ കണ്ടതും പതർച്ചയോടെ മുറിക്കുളളിലേക്ക് കയറി. സൂരജിന്റെ നെറ്റി ചുളിഞ്ഞു. അവൻ അവരുടെ സംസാരമൊന്നും കേട്ടിരുന്നില്ല. പീലിയുടെ ശരീരത്തിന്റെ ചൂട് അപ്പോളും അവൻ അറിയുന്നുണ്ടായിരുന്നു.
പീലി നേരെ ചെന്നത് സാവിത്രിയുടെ അസ്തിത്തറയിലേക്കാണ്. കണ്ണ് രണ്ടും നിറഞ്ഞു തൂവി. അവളെന്തു തെറ്റാണു ചെയ്തതെന്ന് അവൾക്കപ്പോളും മനസിലായില്ല. സൂരജിന് വീട്ടിലേക്ക് തിരികെ പോരാൻ തോന്നി. അവൻ വിസ്മയോട് പീലിയെ തിരക്കി. അവൻ ചെന്ന് നോക്കുമ്പോൾ കുളത്തിലെ വെള്ളത്തിലേക്ക് കാൽ നീട്ടിയിട് എന്തോ ആലോചനയിലിരിക്കുകയാണ് പീലി. അവന്റെ കാലൊച്ച കേട്ടതും അവൾ പിടഞ്ഞെണീറ്റു. “നേരം വൈകുന്നു. പോകാം”. അച്ഛനോടും വിസ്മയോടും യാത്ര പറഞ്ഞ് പീലി കാറിലേക്ക് കയറി ഇരുന്നു. സൂരജ് അവളുടെ മുഖം ശ്രദ്ധിച്ചു. പോയപ്പോളത്തെ തെളിച്ചം ഇപ്പോ ആ മുഖത്തിനില്ല. പരീക്ഷ അടുത്തതിനാൽ പീലി മുഴുവൻ സമയവും പഠിക്കാനായി മാറ്റി വെച്ചു.അടുക്കളയിലേക്ക് ചെല്ലുമെങ്കിലും സുഭദ്ര അവളെ ആ പരിസരത്തേക്ക് അടുപ്പിച്ചില്ല. എന്നാലും ഇത്തിരി നേരം കിട്ടിയാൽ ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ സുഭദ്രയിൽ അഭയം പ്രാപിക്കും. മടിയിൽ കിടന്നും കെട്ടിപിടിച്ചു ഒരമ്മയുടെ സ്നേഹം അവളറിയുകയായിരുന്നു. പരീക്ഷ ദിവസം രാവിലെ എണീറ്റു പൂജാമുറിയിൽ വിളക്ക് തെളിച്ച് അവസാന വട്ട പഠനം എന്ന നിലയിൽ എല്ലാം ഒന്ന് ഓടിച്ചു നോക്കി.
സൂരജ് അവളുടെ ഓരോ ചലനങ്ങളും അവളറിയാതെ വീക്ഷിക്കുന്നുണ്ടായിരുന്നു. അമ്മയോട് യാത്ര പറയാനായി അടുക്കളയിലേക്ക് ചെന്നപ്പോളാണ് സിറ്റ് ഔട്ടിൽ നിന്ന് അച്ഛനവളെ വിളിച്ചത്.സുഭദ്രയും ഒപ്പമുണ്ടായിരുന്നു.ഒരു ബോക്സ് അവൾക് നേരെ നീട്ടി. “നല്ലതാണോ എന്നൊന്നും അച്ഛന് വെയ്ക്തമായിട്ടറിയില്ല. ആ ഷോപ്പിലെ പയ്യൻ പറഞ്ഞിട്ടാണ് ഇത് തന്നെ വാങ്ങിയത്. മോൾക്കിഷ്ടമായില്ലേൽ നമുക്ക് വേറെ മേടിക്കാം”. അവളൊന്നും മനസിലാകാതെ അവരെ നോക്കി. ബോക്സ് തുറന്നതും ഒരു ലേറ്റസ്റ്റ് മോഡൽ ഫോൺ ആയിരുന്നു അത്. അവളച്ചനെയും അമ്മയെയും നോക്കി. “ഇതിപ്പോ എന്തിനാ അച്ഛാ. ഇതിന്റെ ആവശ്യം എനിക്കുണ്ടായിരുന്നില്ലല്ലോ”. “ആര് പറഞ്ഞു ഇല്ലന്ന്. മോൾക്ക് കോളേജിൽ പോകുമ്പോ കൊണ്ട് പോകാമല്ലോ. എന്തേലും അത്യാവശ്യം വന്നാൽ ഞങ്ങൾക്ക് മോളെ വിളിക്കാമല്ലോ. ഈ കാലത്ത് ഇങ്ങനൊരെണ്ണം ഇല്ലാതെ നടക്കുന്നതൊക്കെ നാണക്കേടാണെന്നെ.
എന്റെ മോളെ അതിനിനി ആരും കളിയാക്കുന്നത് എനിക്കിഷ്ടമല്ല എന്ന് കൂട്ടിക്കോ”. കണ്ണ് നിറഞ്ഞെങ്കിലും അവൾ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അവൾ അവരുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി. “അല്ല മോളെങ്ങനാ കോളേജിൽ പോകുന്നത് വഴിയറിയില്ലല്ലോ. സൂരജിനോട് മോളെ കോളേജിൽ കൊണ്ടാക്കി തരാൻ പറയാം. പിന്നെ മോൾക്ക് തനിയെ പോകാമല്ലോ”. “വേണ്ട അമ്മ ഞാൻ പൊക്കോളാം”. സൂരജിനെ വിളിച്ചു പീലിയെ കോളേജിലേക്ക് കൊണ്ടാക്കാൻ പ്രഭാകരാനാണ് പറഞ്ഞു ഏൽപ്പിച്ചത്. സൂരജിന്റെ മുഖത്തെ ഇഷ്ടക്കേട് മനസിലാക്കിയ പീലി ബസ് സ്റ്റോപ്പ് എത്തിയതും വണ്ടി നിർത്താനാവശ്യപ്പെട്ടു. കാറിൽ നിന്നിറങ്ങി സൂരജിനെ ഒന്ന് നോക്കുക മാത്രം ചെയ്തു അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. തുടരും

by