രചന – കണ്ണന്റെ മാത്രം
എന്റെ കുഞ്ഞ് എന്നെ വിട്ടുപോയി അപ്പച്ചാ..അയാളെ കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞുകൊണ്ട് ജെനി പറഞ്ഞു.
അയാൾ ഒന്നും പറയാതെ അവളെ ചേർത്തുപിടിച്ചുകൊണ്ട് അങ്ങനെ ഇരുന്നു. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി. പുറത്ത് അവളുടെ കരച്ചിൽ കേട്ടുനിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. പക്ഷേ അവൾ ഒന്ന് കരഞ്ഞതിൽ എല്ലാവരും സമാധാനിച്ചു.
ഞാൻ ഇത്രേം പൊട്ടയാണോ അപ്പച്ചാ അതാണോ എന്റെ കുഞ്ഞ് എന്നെ വിട്ടുപോയത്… അവൾ നിറഞ്ഞൊഴുകുന്ന കണ്ണോടെ അയാളെ നോക്കി ചോദിച്ചു.
അല്ല മോളെ. അങ്ങനെ അല്ല. ആ കുഞ്ഞ് കർത്താവിന് ഒരുപാട് പ്രിയപ്പെട്ടതായിരുന്നിരിക്കും. മോള് കേട്ടിട്ടില്ലേ കർത്താവിന് പ്രിയപെട്ടവരെ നേരത്തെ അങ്ങോട്ട് വിളിക്കും എന്ന്. അതുകൊണ്ടാണ് അല്ലാതെ എന്റെ മോള് പൊട്ടയായിട്ട് അല്ല. നിന്നെപ്പോലെ ഒരു മകൾ എല്ലാ അപ്പനമ്മമാരുടെയും ഭാഗ്യം ആണ് മോളെ. പിന്നെ നിന്നെ വേണ്ടാത്തവർക്ക് നിന്റെ മുല്യം അറിയില്ല. അത് അവർ മനസിലാക്കുന്ന ഒരു കാലം ഉണ്ടാവും. എന്റെ മക്കള് ഈ വക ചിന്തകൾ എല്ലാം ഉള്ളിൽ നിന്ന് എടുത്തുകളയണം കേട്ടോ. നിങ്ങൾ രണ്ടുപേരും ഈ അപ്പച്ചന്റെയും അമ്മച്ചിയുടെയും അഭിമാനം ആണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. അയാൾ അവളുടെ തലയിൽ തഴുകി പറഞ്ഞുകൊണ്ടിരുന്നു.
കുറച്ചുനേരം കരഞ്ഞപ്പോൾ ജെനിക്കും ആശ്വാസമായി. ഇത്രേം നേരം മനസ്സിൽ എന്തോ ഒരു ഭാരം നിറഞ്ഞുനിന്ന് ശ്വാസം പോലും എടുക്കാൻ പറ്റാത്തപോലെ തോന്നിയിരുന്നു. അവൾ ആലോചിച്ചു.
അവൾ ഒന്ന് സമാധാനത്തിൽ ആയപ്പോൾ എല്ലാവരും റൂമിന് ഉള്ളിലേക്ക് വന്നു. അത് കണ്ടപ്പോൾ അവൾ നേരെ ഇരുന്നു. മാത്യുവും മാറി ഇരുന്നു. അതോടെ മേരിയമ്മയും ക്രിസ്റ്റിയും വന്ന് അവളെ ഇരുസൈഡിൽ നിന്നും ചേർത്തുപിടിച്ചു.
അയ്യടാ അങ്ങനെ ഞാൻ ഇല്ലാതെ നിങ്ങൾ കെട്ടിപ്പിടിക്കണ്ട എന്നും പറഞ്ഞ് അന്ന പോയി ക്രിസ്റ്റിയെ പിടിച്ച് മാറ്റി ജെനിയെ ഇറുക്കെ കെട്ടിപിടിച്ചു.
ദൈവമേ ഈ പെണ്ണിനെ കൊണ്ട്.. എടിയേ കീറിമുറിച്ചിരിക്കുന്ന പെണ്ണാ അതിനെ ആണോ നീ ഇങ്ങനെ ഇറുക്കുന്നെ. മാറെടി കഴുതേ കൊച്ചിന്റെ മേലുനിന്ന്. ആലീസ് വന്ന് അവളുടെ ചെവിൽ പിടിച്ചുകൊണ്ട് അവളെ അവിടെ നിന്നും മാറ്റി.
അയ്യോ മമ്മി വിട്.. എനിക്ക് വേദനിക്കുന്നു.. പപ്പേ നിങ്ങടെ പെണ്ണുമ്പിള്ളയെ പിടിച്ചുമാറ്റ് ഇളിച്ചോണ്ട് നിക്കാതെ. ഇല്ലെങ്കിൽ എനിക്ക് കമ്മൽ ഇടാൻ കാതില്ലാതാവും… അന്ന നിന്ന് തുള്ളിക്കൊണ്ട് തോമസിനെ നോക്കി പറഞ്ഞു.
അന്നയുടെ മുഖഭാവവും പറച്ചിലും അവളുടെ തുള്ളികൊണ്ടുള്ള നിൽപ്പും കണ്ടപ്പോൾ ജെനിയടക്കം എല്ലാവരും ചിരിച്ചുപ്പോയി. ജെനിയുടെ മുഖത്തെ ചിരി കണ്ടതും എല്ലാവരുടെയും ഉള്ളിൽ ഒരു തണുപ്പ് നിറഞ്ഞു. എല്ലാവരും അന്നയെ നന്ദിയോടെ നോക്കി. അവൾ ഒന്ന് കണ്ണുചിമ്മി ചിരിച്ചുകാട്ടി അതിന്.
സന്ധ്യ ആയപ്പോൾ എല്ലാവർക്കും പോകാറായ നേരത്താണ് ആനിയമ്മ ജെനിയുടെ അടുത്തേക്ക് വന്നത്.
ജെനി.. മോള് ഈ മമ്മിയോട് ക്ഷമിക്ക്. മോള് അവിടെ ഇത്രേം ഉരുകി ആണ് കഴിഞ്ഞതെന്നു മമ്മിക്ക് മനസിലാക്കാൻ പറ്റാതെ പോയി. എന്റെ കുഞ്ഞ് ക്ഷമിക്ക് ഈ മമ്മിയോട്.. അവർ സങ്കടത്തോടെ പറഞ്ഞു.
ഏയ്യ് എന്താ മമ്മി ഇത്. എന്നോട് ഇങ്ങനെ ക്ഷമ ചോദിക്കല്ലേ. അതാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത്. നിങ്ങൾ ആരോടും എനിക്ക് ഒരു ദേഷ്യവും ഇല്ല. നിങ്ങൾ എല്ലാവരും എനിക്ക് എപ്പോഴും പ്രിയപ്പെട്ടവർ തന്നെ ആകും…
എന്റെ കുഞ്ഞിന് നല്ലതേ വരൂ.. വല്യമ്മച്ചിയും വന്ന് അവൾടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു.
എന്നാൽ ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ കൊച്ചേ.. മിടുക്കി ആയിട്ട് ഇരിക്കണം കേട്ടോ.. ജോസഫ് അവളുടെ കവിളിൽ തട്ടി പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. അതിന് പിന്നാലെ ജെനിയോട് യാത്ര പറഞ്ഞുകൊണ്ട് ബാക്കി ഉള്ളവരും പോയി.
ഇപ്പൊ അവിടെ ജെനിയുടെ വീട്ടുകാരും അന്നയും എബിയും മാത്രമേ ഉള്ളൂ. ഡേവി കമ്പനിയിൽ നിന്ന് ഫോൺ വന്നപ്പോൾ നേരത്തെ പോയിരുന്നു.
എങ്കിൽ ഞാനും ഇറങ്ങാൻ നോക്കട്ടെ.. എബി പറഞ്ഞുകൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.
ദേ ചേട്ടായി ഇതിനെ കൊണ്ട് പോകുന്നില്ലേ. അന്നയെ ചൂണ്ടി കൊണ്ട് ജെനി ചോദിച്ചു.
ഞാൻ ഇന്ന് പോണില്ല ടി നാളെ പോകാം..അന്ന പറഞ്ഞു.
അത് വേണ്ട ഇന്നലെയും നീ ഇവിടെ അല്ലേ ആയിരുന്നെ. വേഗം സ്ഥലം വിടാൻ നോക്ക്…
ഏഹ്.. അതെങ്ങനെ നിനക്ക് അറിയാം. ഞാൻ ഇന്നലെ ഇവിടെ ആയിരുന്നു എന്ന്.
അത് എനിക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ മോളെ. എന്തായാലും മോള് പോകാൻ നോക്ക്.
അത് വേണ്ട ടി. വീട്ടിൽ പോയാലും എനിക്ക് ഉറക്കം വരൂല പെണ്ണേ..
അതൊക്കെ ചേട്ടായി ഉറക്കി തന്നോളും അല്ലേ ചേട്ടായി… ജെനി ഒരു കുസൃതി ചിരിയോടെ എബിയോട് ചോദിച്ചു.
അവൻ അവളെ കണ്ണുരുട്ടി കാട്ടി.
മ്മ്.. ഇനിയും നിന്ന് തിരിയണ്ട. വേഗം പോകാൻ നോക്ക് രണ്ടെണ്ണവും..
എടി ഞാൻ…
വേണ്ട നീ ഒന്നും പറയണ്ട. നാളെ രാവിലെ ഇങ്ങോട്ട് പോന്നോ അത് പോരെ.
മ്മ്.. എന്നാൽ ഞാൻ പോയിട്ട് രാവിലെ നേരത്തെ വരാം.
എന്തിനാ ഇവിടെ വല്ല പുലർച്ച കുർബ്ബാന ഉണ്ടോ നേരത്തെ വരാൻ. രാവിലത്തെ ടിഫിൻ ഒക്കെ കഴിച്ച് പതുക്കെ വന്നാൽ മതി കേട്ടല്ലോ..
ഓഹ് കേട്ടു കേട്ടു.. വാ ഇച്ഛാ നമുക്ക് പോവാം. ഇവൾക്ക് നമ്മളെ വേണ്ട. അതും പറഞ്ഞു ബാക്കി ഉള്ളവരോട് യാത്ര പറഞ്ഞ് അവർ രണ്ടുപേരും പോയി.
അവർ റൂമിൽ നിന്ന് പോകുന്നതുവരെ ചിരിയോടെ ഇരുന്നിരുന്ന ജെനിയുടെ ചിരി അവർ റൂമിൽ നിന്നും പോയതും മാഞ്ഞു.അവളുടെ വീട്ടുകാർക്കും മനസിലായിരുന്നു അവൾ എല്ലാവരെയും കാണിക്കാൻ ആണ് ആ ചിരി മുഖത്ത് അണിഞ്ഞ് ഇരിന്നിരുന്നത് എന്ന്.
പുറത്തേക്ക് ഇറങ്ങിയ അന്നയുടെ അവസ്ഥയും ഏകദേശം ഇത് തന്നെ ആയിരുന്നു. അതുവരെ കുറുമ്പ് പിടിച്ച മുഖത്തോടെ ഇരുന്നിരുന്ന അന്ന ജെനിയുടെ റൂമിൽ നിന്നും ഇറങ്ങിയതും വാടി.
ഹാ.. നീ ഇങ്ങനെ വിഷമിക്കല്ലേ അന്നമ്മേ ജെനി ഇപ്പൊ ഒക്കെ ആയില്ലേ…
അത് ഇച്ഛന് ചുമ്മാ തോന്നുന്നതാണ്. ഇത്രേം നേരം അവളുടെ മുഖത്ത് കണ്ട ആ ചിരി എല്ലാവരെയും കാണിക്കാനുള്ള ചിരിയാണ്. അവൾ തീരെ ഒക്കെ ആയിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. ആദ്യത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ മാറ്റം വന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ അവൾ മുഖത്തണിഞ്ഞിരിക്കുന്ന ഈ ചിരി ആരെയും വിഷമിപ്പിക്കാണ്ടിരിക്കാൻ ഉള്ളതാണ്. സാരല്ല റെഡി ആയിക്കോളും.
മ്മ്.. നാളെ ദീപ്തി വരാം എന്ന് പറഞ്ഞിട്ടുണ്ട്. അവളും കൂടി സംസാരിക്കട്ടെ ജെനിയോട്. അപ്പൊ കുറേകൂടി മാറ്റം ഉണ്ടാവും.
……………
എബിയും അന്നയും അവന്റെ തറവാട്ടിലേക്ക് എത്തുമ്പോൾ എല്ലാവരും രാത്രി ഭക്ഷണം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അവരും ഫ്രഷ് ആയി വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു.
എന്നത്തേയും പോലെ അന്നും ഭക്ഷണശേഷം എല്ലാവരും കൂടി കൊച്ചുവർത്തമാനവും പറഞ്ഞിരുന്നു.
അല്ല എബി എന്തായി ജെനിമോളുടെ കാര്യം. ആള് എങ്ങനെയാ ആ ന്യൂസിനോട് റിയാക്ട് ചെയ്യ്തത്. ജോൺ ചോദിച്ചു..
അപ്പോൾ എബി ഇന്ന് ഉണ്ടായതുമുഴുവൻ പറഞ്ഞു.
പാവം കുട്ടി. എന്തായാലും എല്ലാം ഒന്ന് സമാധാനം ആയല്ലോ…
ഇനി നാളെ ദീപ്തിയും കൂടി വന്ന് സംസാരിക്കുമ്പോൾ റെഡി ആയിക്കോളും എബി പറഞ്ഞു.
അല്ല ചേട്ടായി ഇത് നമ്മുടെ പഴയ ദീപ്തി ചേച്ചിയാണോ.. അലൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
ഏത് പഴയ ദീപ്തി ചേച്ചി.. എബി സംശയത്തോടെ ചോദിച്ചു.
ചേട്ടായിടെ പിജിയുടെ ഫെയർവെൽ ഡേയുടെ അന്ന് ചേട്ടായിടെ കവിളിൽ കിസ്സ് ചെയ്യത് പ്രൊപ്പോസ് ചെയ്തില്ലേ ആ ചേച്ചി.
പിജി അല്ലടാ എംഡി… ഏദനും കൂടി.
ഈ ഡോക്ടർമാരുടെ പിജി ആണെടാ ഈ എംഡി. അതല്ലല്ലോ ഇവിടെ വിഷയം ആ ചേച്ചിയാണോ ഈ ചേച്ചി…
എന്റെ കർത്താവേ ഈ കുരിപ്പ് എന്റെ കുടുംബം കുളം തോണ്ടുമല്ലോ ഇപ്പൊ.. എബി മനസ്സിൽ ആലോചിച്ചുകൊണ്ട് എല്ലാവരെയും നോക്കി. എല്ലാവരും ചിരികടിച്ചുപിടിച്ചിരിപ്പാണ്. അവൻ ഇടങ്കണ്ണിട്ട് അന്നയെ ഒന്ന് നോക്കി. അവൾ സംശയത്തോടെ അവനെ നോക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഒന്നും ഉണ്ടായില്ല. നീ ചുമ്മാ ഇല്ലാത്തത് പറയല്ലേ ചെക്കാ.. അവൻ അലനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു.
ഇല്ലാത്തതോ ആ കോളേജ് മൊത്തം അറിഞ്ഞല്ലോ… അലൻ വീറോടെ പറഞ്ഞു.
ഏഹ് എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ. ഞാൻ അപ്പൊ അവിടെ ഡിഗ്രിക്ക് ഫസ്റ്റ് ഇയർ ഉണ്ടായിരുന്നതല്ലേ…
എന്റെ ചേട്ടത്തി.. നിങ്ങൾ നമ്മുടെ തന്നെ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ അല്ലേ ആയിരുന്നെ. ഇവർ നമ്മുടെ മെഡിക്കൽ കോളേജിലും പിന്നെ ചേട്ടത്തി എങ്ങനെ അറിയാനാ അവിടെ നടക്കുന്നത്. രണ്ടും അടുത്തടുത്താണെങ്കിലും രണ്ട് കോപൗണ്ട് അല്ലേ..
ആ അത് ശരിയാ.. ഇച്ഛൻ എന്നെ കാണാൻ ഇങ്ങോട്ട് വരാറാണ് പതിവ്…
ആ അത് തന്നെ. അപ്പൊ ആ സംഭവം ചേട്ടായി പറഞ്ഞില്ലേ ചേട്ടത്തിയോട്. ഇവിടെ പറഞ്ഞല്ലോ.. കാര്യം അന്ന് ഞാൻ കൊച്ചായിരുന്നു എങ്കിലും എനിക്ക് ഇതൊക്കെ നല്ല ഓർമയാണ്. സംശയം ഉണ്ടെങ്കിൽ വല്യപ്പയോട് ചോദിച്ചു നോക്ക്.
അവൻ അത് പറഞ്ഞതും അന്ന ജോണിനെ നോക്കി. ജോൺ ചിരി കടിച്ചുപിടിച്ചുകൊണ്ട് തന്നെ തലയാട്ടി കാട്ടി. അതോടെ അവൾ എബിയെ നോക്കി കണ്ണുരുട്ടിക്കാട്ടികൊണ്ട് അവിടെ നിന്ന് എഴുന്നേറ്റുപ്പോയി.
അതുകണ്ടതും എബി തലയിൽ കൈവച്ചുകൊണ്ട് ഒപ്പം എഴുന്നേറ്റു. എന്നിട്ട് അലന് നേരെ തിരിഞ്ഞുകൊണ്ട് അവൻ ചോദിച്ചു.
എന്തിനാടാ കുരുപ്പേ നീ എന്റെ കുടുംബം കലക്കാൻ നോക്കിയത്.
അതോ ഇന്നാള് നിങ്ങടെ ഫോൺ ഒന്ന് എന്റെ കൈയിൽ നിന്നും വീണിട്ട് ഒരു ചെറിയ പോറൽ വീണതിന് മൂന്ന് ദിവസം അല്ലേ മനുഷ്യ നിങ്ങൾ എന്നെകൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചത്. അന്നേ ഞാൻ നിങ്ങൾക്കിട്ട് ഒരു പണി ഓങ്ങി വച്ചതാ. ഇപ്പൊ ഇത് എടുത്തിട്ടത് ഒന്ന് നിങ്ങൾക്ക് ഇട്ട് ഒരു പണിയും രണ്ട് ഞങ്ങടെ ചേട്ടത്തികുട്ടീടെ മൂഡ് മാറ്റാനും. ഇനീപ്പോ നിങ്ങൾ ആയി തല്ലുപിടിക്കുന്നതിനു ഇടയിൽ ആശാത്തിക്ക് വേറെ ഒന്നും ചിന്തിക്കാൻ നേരം കിട്ടില്ല. ബുഹഹഹ..
അവൻ അത് പറഞ്ഞതും എല്ലാവരും അവനെ വാത്സല്യത്തോടെ നോക്കി. കാരണം അന്ന വന്നപ്പോ തൊട്ട് ഭയങ്കര മൂഡി ആയിരുന്നു. പക്ഷേ ഇപ്പൊ ആള് ദേഷ്യം പിടിച്ചാണ് പോയത്. കുറച്ചുനേരത്തേക്ക് ആണെങ്കിലും അവൾ ബാക്കി എല്ലാം മറക്കും.
ഒരു നല്ല കാര്യത്തിനായതുകൊണ്ട് നിന്നെ ഞാൻ വെറുതെ വിടുന്നു. ഇല്ലായിരുന്നെങ്കിൽ അടുത്താഴ്ച കോളേജ് തുറക്കുന്നത് പ്രമാണിച്ച് എന്റേം ചേട്ടായിടേം ക്രെഡിറ്റ് കാർഡും ചോദിച്ച് നടപ്പല്ലേ ആയിരുന്നെ. അതങ്ങോട്ട് ഇല്ലാതാക്കിയേനെ ഞാൻ
കള്ളതിരുമാലി..
ഹിഹി.. അതിന് അലൻ ഒരു അവിഞ്ഞ ചിരി ചിരിച്ചുകൊടുത്തു.
അയ്യോ എന്റെ അന്ന.. എടാ ഇന്നെങ്ങാനും അവൾ എന്നെ റൂമിൽ കയറ്റിയില്ലെങ്കിൽ എനിക്ക് നിന്റെ മുറിയിൽ അഭയം തരണം… അവന്റെ റൂം ലക്ഷ്യമാക്കി ഓടുന്നതിന് ഇടയിൽ എബി വിളിച്ചു പറഞ്ഞു.
ഏറ്റു… അലനും വിളിച്ചു പറഞ്ഞു.
എന്റെ ചെക്കാ അപ്പോഴേക്കും നിനക്ക് എവിടെ നിന്നാണെടാ ഈ കഥ കിട്ടിയത്. ഡേവി അലന്റെ തലയിൽ കൊട്ടികൊണ്ട് ചോദിച്ചു.
എന്റെ വല്യേട്ടായി സംഭവം ഉള്ളത് തന്നെ ആണ്. അത് എബി ചേട്ടായി തന്നെ ഒരിക്കൽ പറഞ്ഞതാണ്. പക്ഷേ ഇവൻ അതൊന്നു കേറി പൊലിപ്പിച്ചു എന്ന് മാത്രം. ആ ചേച്ചി ചേട്ടായിനെ ഒന്ന് പ്രൊപ്പോസ് ചെയ്തിരുന്നു. പക്ഷേ അത് ഇവൻ പറഞ്ഞപോലെ പബ്ലിക് ആയിട്ട് കിസ്സ് ചെയ്തിട്ടൊന്നും അല്ല. ചേട്ടായി അവർ പ്രൊപ്പോസ് ചെയ്തപ്പോ തന്നെ അന്ന ചേട്ടത്തിടെ കാര്യം പറഞ്ഞ് റിജക്റ്റ് ചെയ്യ്തു. അതോടെ അവർ നല്ല ഫ്രണ്ട്‌സ് ആയി.. ദിയ പറഞ്ഞു.
ഹോ.. ഇത്രേം ചെറിയ കാര്യം ആണോ നീ പൊലിപ്പിച്ച് പൊലിപ്പിച്ച് ഒരു കുടുംബം കലക്കാൻ ഉള്ള പാകത്തിന് ആക്കിയത്. എനിക്ക് അഭിമാനം തോന്നുന്നുടാ നിന്നെ കുറിച്ച് ആലോചിച്ചിട്ട്. ഇനീപ്പോ നീ പഠിച്ചില്ലേലും വല്ല രാഷ്ട്രീയത്തിലും ഇറങ്ങിക്കോ. നല്ലൊരു ശോഭനമായ ഭാവി നിനക്ക് ഞാൻ അതിൽ കാണുന്നുണ്ട്.. ജെയിംസ് ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു.
ദേ അപ്പേ.. ഊതല്ലേ. അധികം കളിച്ചാൽ ചേട്ടായിടെ അവസ്ഥ അപ്പക്കും വരും നോക്കിക്കോ…
ഈശോയെ.. ഇവനായതുകൊണ്ട് പറയാൻ പറ്റില്ല. സ്വന്തം അപ്പനിട്ടും വച്ചോളും അവൻ. എൽസിയെ വാ നമുക്ക് കിടക്കാം. അതും പറഞ്ഞു അയാൾ അവരെയും വിളിച്ച് റൂമിലേക്ക് പോയി. അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

by