17/04/2026

നിനക്കായ് : ഭാഗം 38

രചന – കണ്ണന്റെ മാത്രം

പിറ്റേന്ന് തന്നെ ആനിയമ്മ അലക്സിനെയും സോഫിയെയും കാണാനായി പോയി..

എന്താ മമ്മി ഇത്ര രാവിലെ തന്നെ… ആനിയമ്മയെ കണ്ടതും അലക്സ് ചോദിച്ചു.

ഞാനൊരു സന്തോഷവാർത്ത അറിയിക്കാൻ വന്നതാണ്. നിന്നോട് വീട്ടിലേക്ക് വന്നോളാൻ പറഞ്ഞു അപ്പച്ചൻ…

ആണോ… അല്ല മമ്മി പപ്പ സമ്മതിച്ചോ…

ഇഷ്ടത്തോടെ ഉള്ള സമ്മതം അല്ലെങ്കിലും ഞാൻ നിരാഹാരം കിടന്നപ്പോൾ ആരെയാണെങ്കിൽ കൊണ്ടുവന്നോളാൻ പറഞ്ഞു…

ഞങ്ങൾ വൈകീട്ട് അങ്ങോട്ട് എത്തിക്കോളാം മമ്മി അല്ലേ ഇച്ചായാ.. സോഫി ചോദിച്ചു.

മ്മ്… അല്ല മോൻ എന്തിയെ… ആനിയമ്മ അലക്സിനെ നോക്കി ചോദിച്ചു.

ഇത്രേം ആയിട്ടും അവളെ അവഗണിക്കുന്ന ആനിയമ്മയുടെ സ്വഭാവം സോഫിയെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. ഓഹ്‌ തള്ളക്ക് എന്നെ മാത്രം കണ്ണിൽ പിടിക്കില്ല.. ഭാര്യ ഉള്ളപ്പോൾ തന്നെ മറ്റൊരു പെണ്ണിനെ തേടിപ്പോയ മോൻ പുണ്യാളൻ. അവരിൽ ഉണ്ടായ കുട്ടിക്കും അയിത്തം ഇല്ല. എനിക്ക് മാത്രം അവഗണന. ഇതിനുള്ളത് ഒക്കെ ഞാൻ തരുന്നുണ്ട്. ആദ്യം ആ വീട്ടിൽ ഒന്ന് കയറി പറ്റിക്കോട്ടെ.. അവൾ ദേഷ്യത്തോടെ മനസ്സിൽ ചിന്തിച്ചു..
അലക്സിന്റെ ശബ്ദം ആണ് അവളെ ബോധമണ്ഡലത്തിലേക്ക് കൊണ്ട് വന്നത്.

മോൻ ഉറങ്ങാണ് മമ്മി. ഇത്ര നേരം വാശി ആയിരുന്നു. ഇപ്പൊ ദേ പാലുകുടിച്ചങ്ങോട്ട് ഉറങ്ങിയേ ഉള്ളൂ.. അലക്സ് പറഞ്ഞു.

മ്മ്.. നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്. വേദന ഒക്കെ കുറവുണ്ടോ..

നല്ല വേദന ആണ് അമ്മച്ചി. പിന്നെ ഈ കിടപ്പ് ആണ് പറ്റാത്തത്…

സാരമില്ലടാ എല്ലാം വേഗം ശരിയാവും.  എന്നാലും നിനക്ക് ഇത് എങ്ങനെ പറ്റിയെടാ. വണ്ടിയൊക്കെ സൂക്ഷിച്ച് തന്നെ അല്ലേ ഓടിക്കുന്നത്..

അതൊക്കെ സൂക്ഷിച്ച് തന്നെ ആണ് ഓടിക്കുന്നത്.. സോഫി നീ മമ്മിക്ക് കുടിക്കാൻ എന്തേലും എടുക്ക്.. ഇതെന്താ ഈ നേരമായിട്ടും ഒന്നും കുടിക്കാൻ എടുക്കാത്തെ…

ഒന്നും വേണ്ടടാ.. ഞാൻ ഇറങ്ങാൻ നോക്കട്ടെ.. നിങ്ങൾ വൈകുന്നേരം അങ്ങോട്ട് വരില്ലേ.. അവർ പോകാൻ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.

ആ എത്താം മമ്മി…

എന്നാൽ ഞാൻ ഇറങ്ങാണ്..

അവർ പോയതും സോഫി നേരെ അവന്റ അടുത്തേക്ക് വന്നു..

നിങ്ങളുടെ തള്ളക്കെന്താ എന്നെ മാത്രം കണ്ണിൽ പിടിക്കാത്തത്. ഭാര്യ ഉണ്ടായിട്ടും വേറെ പെണ്ണിന്റെ അടുത്ത് പോയ മോനെ അവർക്ക് കണ്ണിൽ തടയും. അവരിൽ ഉണ്ടായ കുഞ്ഞിനോടും അവർക്ക് വിരോധമില്ല. എന്നോട് മാത്രം അവർക്ക് വിരോധം. അതെന്താ അങ്ങനെ. അവർക്കെന്റെ സ്വഭാവം ശരിക്കറിയില്ല. അന്ന് ഹോസ്പിറ്റലിൽ വച്ച് തുടങ്ങിയതാണ്. ഹും.. മനസിലാക്കി കൊടുക്കുന്നുണ്ട് ഈ സോഫി ആരാണെന്ന്. ആ വീട്ടിൽ ഒന്ന് കയറിപ്പറ്റട്ടെ… അവൾ അതുംപറഞ്ഞുകൊണ്ട് ചാടി തുള്ളി അടുക്കളയിലേക്ക് പോയി.

ഇനി ഇവൾ എന്തൊക്കെ ഒപ്പിക്കുവോ ആവോ എന്റെ കർത്താവേ… അവൻ അവൾ പോയ വഴിയെ നോക്കി ടെൻഷനോടെ ചിന്തിച്ചു.

ആനിയമ്മയോട് പറഞ്ഞത് പോലെ തന്നെ അലക്സും സോഫിയും കുഞ്ഞും അന്ന് വൈകീട്ട് തന്നെ തറവാട്ടിൽ എത്തി. ആനിയമ്മ മാത്രം സന്തോഷത്തോടെ അവരെ സ്വീകരിച്ചു. വല്യമ്മച്ചി കുഞ്ഞിനെ ഒന്ന് കളിപ്പിച്ചെങ്കിലും അലക്സിനോടൊ സോഫിയോടോ ഒന്ന് ചിരിക്ക പോലും ചെയ്യതില്ല. വല്യമ്മച്ചിക്കും വല്യപ്പച്ചനും എന്തോ ജോസഫ് ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞപ്പോ മുതൽ വല്ലാത്ത വിഷമം. തങ്ങളുടെ മകന്റെ മനസ്സ് മനസിലാക്കാതെ മരുമകളുടെ കൂടെ നിന്നതിൽ അവർക്ക് കുറ്റബോധം തോന്നി. രണ്ടുപേരും അവരുടെ റൂമിലേക്ക് പോയി..
മോനേയും പേരകുട്ടിയെയും ശുശ്രൂഷിക്കുന്ന തിരക്കിൽ ആനിയമ്മ അതൊന്നും ശ്രദ്ധിച്ചില്ല..

പപ്പ വന്നില്ലേ മമ്മി.. അലക്സ് ചോദിച്ചു.

ഇല്ലെടാ.. വരറാവുന്നതേ ഉള്ളൂ… അതവർ പറഞ്ഞ് നിൽക്കുന്ന നേരത്താണ് ജോസഫ് കയറി വരുന്നത്. അയാൾ ഹാളിൽ വീൽ ചെയറിൽ ആയി ഇരിക്കുന്ന അലക്സിനെയും ബാക്കി ഉള്ളവരെയും കണ്ടപ്പോൾ ഒന്ന് സ്റ്റക്ക് ആണെങ്കിലും പിന്നെ അങ്ങനെ കുറച്ചുപേർ അവിടെ ഇല്ലാത്തപോലെ അവരെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി. തന്റെ നേരെ പോയിട്ട് കുഞ്ഞിന്റെ നേരെ പോലും അയാൾ ഒന്ന് നോക്കിയില്ല എന്നുള്ളത് അവൻ പ്രത്യേകം ശ്രദ്ധിച്ചു.

പപ്പക്ക് ഇപ്പോഴും എന്നോടുള്ള ദേഷ്യം കുറയുന്നേ ഇല്ലല്ലോ മമ്മി… അലക്സ് സങ്കടഭാവത്തോടെ ആനിയമ്മയോട് പറഞ്ഞു.

നീ വിഷമിക്കണ്ട മോനെ പപ്പയുടെ ദേഷ്യം പതുക്കെ കുറയും. നീ ഇപ്പൊ ചെല്ല് പോയി കിടക്ക്. മമ്മി നിന്റെ റൂം ശരിയാക്കി ഇട്ടിട്ടുണ്ട്..

ശരി മമ്മി… അവൻ സോഫിയുടെയും കുഞ്ഞിന്റെയും കൂടെ റൂമിലേക്ക് പോയി. ആനിയമ്മ അടുക്കളയിലേക്കും പോയി…

……………

രണ്ട് ദിവസങ്ങൾ കൂടി കടന്നുപോയി. നാളെ ആണ് ജെനിയെ പെണ്ണ് കാണാൻ കൊട്ടാരത്തിൽ തറവാട്ടിൽ ഉള്ളവർ പോകുന്നത്. രാത്രി എല്ലാവരും കൂടി അതിന്റെ ചർച്ചയിൽ ആണ്. ആരൊക്കെ പോകണം എന്നാണ് എല്ലാവരും കൂടിയിരുന്ന് ആലോചിക്കുന്നത്.

വല്യമ്മച്ചി ഞങ്ങൾ എന്തായാലും വരും. ഞങ്ങളുടെ വല്യേട്ടത്തിയെ കാണാൻ ആണ് പോകുന്നത്. അപ്പൊ ഞങ്ങൾ എന്തായാലും വരും..മുതിർന്നവർ പോകാം എന്നൊരു അഭിപ്രായം ജെയിംസ് പറഞ്ഞപ്പോ അലൻ അപ്പൊ തന്നെ അതിനെ എതിർത്തു.

അല്ലപിന്നെ അന്നേച്ചിനെ കാണാൻ നമ്മൾ എല്ലാവരും കൂടി അല്ലേ പോയത്. അപ്പൊ പിന്നെ ഇതും അങ്ങനെ മതി.. തന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞി പെണ്ണിനെ ഒന്ന് കൂടി ഒതുക്കി പിടിച്ചുകൊണ്ട് ദിയയും പറഞ്ഞു.

അതിന് അന്നയെ നമ്മൾ ആരും നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ജെനിയുടെ കേസിൽ അങ്ങനെ അല്ലല്ലോ. അവളെ നിങ്ങൾ എല്ലാവരും കണ്ടിട്ടുള്ളതും പരിചയപ്പെട്ടിട്ടുള്ളതും അല്ലേ.. എൽസി ചോദിച്ചു.

അതിന് ഇവിടെ പ്രസക്തി ഇല്ല ഹേ.. അലൻ പുച്ഛത്തോടെ പറഞ്ഞു.

പിന്നെ എന്തിനാടാ പ്രസക്തി ഉള്ളത്. വേറെ ആരെ കൊണ്ടുപോയാലും നിന്നെ കൂടെ കൊണ്ടുപോകില്ല.. എൽസി അതിലും കൂടുതൽ പുച്ഛം വാരിവിതറി കൊണ്ട് പറഞ്ഞു.

ഓഹ്‌ പിന്നെ.. എന്നെ കൊണ്ടുപോകാതെ ഇവിടെ നിന്ന് ആരേലും ഒക്കെ പോകുന്നത് എനിക്കൊന്നു കാണണം. ആഹാ അത്രക്കായോ..

എന്റെ പൊന്ന് എൽസി നീ വെറുതെ ആ ചെക്കനെ പിരികേറ്റല്ലേ. അവൻ എന്തേലും ഒക്കെ കാട്ടിവെക്കും.. ജെയിംസ് തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.

ആ അങ്ങനെ പറഞ്ഞുകൊടുക്ക് അപ്പേ ആ ഓൾടിസിന് . അലൻ കുസൃതിയോടെ പറഞ്ഞു.

ആരാടാ ഓൾടി…അവന്റെ ചെവിയിൽ പിടിച്ച് ചിരിച്ചുകൊണ്ട് റാണി ചോദിച്ചു

അയ്യോ ഞങ്ങൾ ആണേ.. നിങ്ങൾ ഒക്കെ ചെറുപ്പക്കാർ ചെവിയിൽ നിന്നു കൈയെടുക്ക് എളേമ്മേ.. അലൻ കള്ളകരച്ചിലോടെ പറഞ്ഞു..

ജാനീം വരും… ആ സമയത്താണ് ദിയയുടെ മടിയിൽ ഇരുന്ന ജാനികുട്ടി പറഞ്ഞത്.

ജാനി എങ്ങോട്ട് വരും.. അലൻ അവളെ കൈയിലേക്ക് വാങ്ങിക്കൊണ്ട് ചോദിച്ചു.

അമ്മേനെ കാനാൻ.. ജാനി പറഞ്ഞു..

ആരെ കാണാൻ… അലൻ കേട്ടത് തെറ്റിപ്പോയോ എന്നാ രീതിയിൽ അവളെ നോക്കി.. ബാക്കി എല്ലാവരും മോളെ ഞെട്ടലോടെ നോക്കി. റീനാമ്മയുടെ മുഖത്ത് മാത്രം ഒരു ചിരിയുണ്ട്. ഡേവിയും ഞെട്ടലോടെ ഇരിക്കാണ്..

ജാനിടെ അമ്മേനെ കാനാൻ… അവൾ കൊഞ്ചലോടെ പറഞ്ഞു.

എല്ലാവരുടെയും ഞെട്ടിയ മുഖം കണ്ടപ്പോൾ റീനാമ്മ ചിരിയോടെ പറഞ്ഞു..

ഞാൻ ഇന്ന് രാവിലെ ജെനിമോളെ കണ്ടശേഷം സ്കൂളിൽ നിന്ന് വരുമ്പോ കാറിൽ കയറിയിട്ടും ജെനിയുടെ അടുത്തേക്ക് പോകാൻ വാശി പിടിക്കുന്നത് കണ്ടപ്പോ മോളോട് പറഞ്ഞിരുന്നു നമുക്ക് നാളെ നിന്റെ ജെനിയമ്മയെ കാണാൻ പോകാം എന്ന്. പക്ഷേ ഈ കുറുമ്പി അമ്മ എന്നുള്ളത് പിടിച്ചുവച്ചു എന്നുള്ളത് ഇപ്പോഴാ മനസിലായെ..

എല്ലാവർക്കും സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. സന്തോഷം ജെനിയെ ജാനിമോള് അമ്മ ആയി കാണുന്നുണ്ടല്ലോ എന്നാലോചിച്ചാണെങ്കിൽ സങ്കടം അവൾ ഒരു അമ്മക്ക് വേണ്ടി എത്രയോ ആഗ്രഹിക്കുന്നു എന്നാലോചിച്ചിട്ടായിരുന്നു..

അയ്യടാ അതിന് നിന്നെ ആരാ കൊണ്ടുപോകുന്നെ… അലൻ എല്ലാവരുടെയും മൂഡ് മാറ്റാൻ എന്നോണം പറഞ്ഞു.

ജാനി വരും… ജാനി പറഞ്ഞു.

വേണ്ട.. ജാനിനെ കൊണ്ട് പോവില്ല.. അലൻ അവളെ ശുണ്ഠികേറ്റാൻ എന്നോണം പറഞ്ഞു.

വരും.. ജാനി ദേഷ്യത്തോടെ പറഞ്ഞു..

കൊണ്ടുപോവില്ല.. അലനും പറഞ്ഞു

അതോടെ ജാനി അവന്റെ മുടി തന്റെ രണ്ട്‌ കൈകൊണ്ടും പിടിച്ചു വലിച്ചു..

അയ്യോ.. ജാനിമോളെ വിടെടാ.. അയ്യോ.. അലൻ  അവളുടെ കൈ വീടിപ്പിക്കാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല..

ഇരുന്ന് ചിരിക്കാതെ ഈ കുരിപ്പിനെ പിടിച്ചുമറ്റേടാ ഇല്ലെങ്കിൽ ഞാൻ പെട്ട ആവും..

അവിടെ ഇരുന്ന് ചിരിക്കുന്ന ഏദനെ നോക്കി കണ്ണുരുട്ടി കൊണ്ട് അലൻ പറഞ്ഞു…

ഏദൻ ചിരി കടിച്ചു പിടിച്ചുകൊണ്ട് ജാനിമോളെ എടുത്ത് മാറ്റി..

അലൻ മുടിയിൽ നിന്നും അവളുടെ കൈ പോയ സമാധാനത്തിൽ എല്ലാവരെയും നോക്കിയപ്പോൾ എല്ലാവരും അവനെ നോക്കി ചിരി കടിച്ചുപിടിച്ചിരിക്കുന്നുണ്ട്..

ഈ.. ഞാൻ ചുമ്മാ.. അവൻ ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞതും അതുവരെ ചിരികടിച്ചുപിടിച്ചിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.. കാര്യമായിട്ട് ഒന്നും മനസിലായില്ലെങ്കിലും അതുവരെ ദേഷ്യത്തോടെ നിന്ന ജാനിമോളും ചിരിച്ചു..

……………

പിറ്റേന്ന് മാത്യുവിന്റെ വീട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്. മേരിയമ്മയുടെ ആങ്ങളമാരും അവരുടെ ഭാര്യമാരും മാർക്കോസും ലിസമ്മയും ഇതൊന്നും പോരാതെ മാത്യുവിന്റെ ഗൾഫിൽ ഉള്ള പെങ്ങളും കുടുംബവും വന്നിട്ടുണ്ട്. അവരും ഇന്നവിടെ എത്തിയിട്ടുണ്ട്. ഇത്രനാളും മാത്യുവും ആയിട്ട് വലിയ അടുപ്പം ഒന്നും കാണിക്കാതിരുന്നവർ ക്രിസ്റ്റിക്ക് സിവിൽ സർവീസ് കിട്ടി എന്നറിഞ്ഞപ്പോൾ ആണ് കുറ്റിയും പറച്ച് ഇങ്ങോട്ട് വന്നത്. അങ്ങനെ വന്നതിനു പിന്നിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ട്. അവരുടെ മോളുടെയും ക്രിസ്റ്റിയുടെയും കല്യാണം. മാത്യുവിന്റെ പെങ്ങൾ മറീന എന്ന മറിയക്കും ഭർത്താവ് സ്കറിയ എന്ന കറിയാച്ചനും ഒരേഒരു മോളെ ഉള്ളൂ. വിനേഷ്യ എന്ന വിനി. വിനി ഡിഗ്രി കഴിഞ്ഞ് നിൽപ്പാണ്. ഇനി പഠിത്തം നാട്ടിൽ തുടരാം എന്നും വിചാരിച്ച് നാട്ടിൽ സെറ്റിൽ ആവാൻ വേണ്ടി ഗൾഫിലെ ബിസിനസ്സ് ഒക്കെ തീരുമാനം ആക്കിയിട്ടാണ് അവർ  വന്നത്. ഇത്രനാളും മാത്യുവിനോടും കുടുംബത്തോടും ഒരു പുച്ഛഭാവം ആയിരുന്നു അവർക്ക്. ജെനിയുടെ ബന്ധം പിരിഞ്ഞ സമയത്തും മേരിയമ്മയെ വിളിച്ച് കുത്തിസംസാരിക്കുകയും ചെയ്യ്തു അവർ പിന്നെ ആണ് ക്രിസ്റ്റിക്ക് സിവിൽ സർവീസ് കിട്ടിയ കാര്യം അവർ അറിയുന്നത്. അതോടെ ഇപ്പൊ മോളെ അവനെ കൊണ്ട് കെട്ടിക്കണം എന്നതാണ് അവരുടെ ആഗ്രഹം. വന്നപ്പോൾ മുതൽ ഭയങ്കര ഒലിപ്പിക്കൽ ആണ് അമ്മയും മോളും. ക്രിസ്റ്റിക്കും ജെനിക്കും എന്തിന് അവിടെ ഉള്ള എല്ലാവർക്കും ചിരി വരുന്നുണ്ടായിരുന്നു അവരുടെ പാട് കണ്ടിട്ട്.

മാത്യു അവർ എപ്പോഴത്തെക്കാണ് എത്തുന്നത്…മാർക്കോസ് ചോദിച്ചു.

പത്തുമണി കഴിയും എന്നാണ് ജോൺ പറഞ്ഞത്..

എങ്ങനെയാ നല്ല കൂട്ടർ ആണോ അളിയാ.. കറിയാച്ചൻ  ചോദിച്ചു.

നല്ല കൂട്ടർ ആണോ എന്നോ കൊട്ടാരത്തിൽ ഗ്രൂപ്പ്സ് എന്ന് കേട്ടിട്ടുണ്ടോ.. അതിന്റെ മാസ്റ്റർ ബ്രെയിൻ ഡേവിഡ് ആണ് ആള്.. മേരിയമ്മയുടെ ആങ്ങള ഡെന്നി പറഞ്ഞു.

ഏത് ഡേവിഡ് ജോൺ ആണോ. വമ്പൻ പാർട്ടി ആണ് അളിയാ നമ്മളെകൊണ്ടൊന്നും താങ്ങില്ല അവരും ആയിട്ടുള്ള ബന്ധം ഒന്നും.. അയാൾ അസൂയയോടെ പറഞ്ഞു. ഇത്രേം വലിയ ഇടത്തേക്ക് ആണ് മാത്യുവിന്റെ മോള് കെട്ടിക്കേറി പോകാൻ പോകുന്നത് അയാളെ ആസ്വസ്ഥൻ ആക്കി.

അതിന് അവര് സ്വത്തും പണവും ഒന്നും മോഹിച്ചല്ല ജെനിമോളെ ചോദിച്ചത്. അവർക്ക് അവരുടെ കുടുംബത്തിന് യോചിച്ച ഒരു പെൺകുട്ടി വേണം എന്നേ ഉള്ളൂ. പിന്നെ ഡേവിയുടെ മോളെ സ്വന്തം മോളായി കാണാൻ ഉള്ള കഴിവും.. ഇത് രണ്ടും ഞങ്ങടെ ജെനിക്ക് വേണ്ടുവോളം ഉണ്ടല്ലോ.. ബെന്നി ഇഷ്ടക്കേടോടെ പറഞ്ഞു. അയാൾ മാത്യുവിനോട് സംസാരിച്ച രീതി ബെന്നിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

അതിന് അയാൾ എന്തോ പറയാൻ വന്ന നേരത്താണ് ജോസഫ് അങ്ങോട്ട് കയറി വന്നത്. അതോടെ അയാൾ പറയാൻ വന്നത് വേണ്ടാന്ന് വച്ച് മിണ്ടാതെ നിന്നു.

ജോസഫിനെ കണ്ടതും ജെനി പപ്പേ എന്നും വിളിച്ച് അയാളുടെ അടുത്തേക്ക് ചെന്നു..

സുഖല്ലേ മോളെ.. ജെനിയുടെ കവിളിൽ ചെറുതായി തട്ടികൊണ്ട് അയാൾ ചോദിച്ചു.

സുഖം പപ്പേ.. പപ്പക്കോ..

അതിന് അയാൾ മറുപടി പറയാൻ നിന്ന നേരത്താണ് മറിയയുടെ ശബ്ദം അവിടെ ഉയർന്നത്.

ഇയാൾ എന്താ ഇവിടെ.. ഇയാളുടെ മോനും ആയിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതല്ലേ ജെനി…

അതുകേട്ടതും അതുവരെ ചിരിയോടെ നിന്നിരുന്ന എല്ലാവരുടെയും മുഖം മങ്ങി. ജോസഫിന്റെ മുഖം വിളറി വെളുത്തു. അയാൾ എന്തു മറുപടി പറയണം എന്നറിയാതെ നിന്നു.