21/04/2026

നിനക്കായ് : ഭാഗം 19

രചന – കണ്ണന്റെ മാത്രം

എന്താണ് എന്റെ അന്നക്കുട്ടി ഈ ആലോചിച്ചു കൂട്ടുന്നത്. രാത്രി റൂമിൽ എത്തിയിട്ടും എന്തൊക്കെയോ ആലോചിച്ച് അങ്ങനെ കിടക്കുന്ന അന്നയെ കണ്ടിട്ട് ആണ് എബി അങ്ങനെ ചോദിച്ചത്.

അവൾ നേരെ അവന്റെ നെഞ്ചിലേക്ക് തലവച്ച് കിടന്നുകൊണ്ട് ചോദിച്ചു..
ഇച്ഛാ ജെനിക്ക് എല്ലാം മറക്കാൻ കഴിയില്ലേ. ഈ കുഞ്ഞ് നഷ്ടമായ വിഷമം അവൾക്ക് എന്നും ഉണ്ടാവോ. വിഷമം ഉണ്ടാവും. പക്ഷെ കാലം ചെല്ലുതോറും അതിന്റെ കാഠിന്യം  കുറയും. അതൊരു ചെറിയ നോവായി ഉള്ളിൽ എല്ലാകാലത്തും ഉണ്ടാവും. ഒന്നോ രണ്ടോ മാസത്തിൽ ആയിരുന്നു ഈ അബോർഷൻ എങ്കിൽ ഈ ഒരു വിഷമം ഉണ്ടാവില്ല. പക്ഷെ ഇതിപ്പോ ഇത്രേം ആയില്ലേ. പിന്നെ ജെനി ആ കുഞ്ഞിനെ ഒരുപാട് ആഗ്രഹിക്കേം ചെയ്തില്ലേ അതിന്റെ ആണ്. നീ വിഷമിക്കേണ്ട അവൾ നല്ല സ്ട്രോങ്ങ്‌ ആണ്. എല്ലാം ഓവർക്കം ചെയ്തോളും.

മ്മ്… അന്ന ഒന്ന് മൂളിക്കൊണ്ട് വെറുതെ അങ്ങനെ അവന്റെ നെഞ്ചിൽ കിടന്നു…

അതേ അന്നമ്മേ ഏഴേട്ടുകൊല്ലം കാത്തിരുന്ന് കെട്ടിയിട്ടും ഞാൻ ഇപ്പോഴും കന്യകൻ ആണ് കേട്ടോ. ഇതിന് ഇപ്പോഴങ്ങാനും ഒരു നീക്കുപോക്ക് ഉണ്ടാവോ ആവോ.. എബി ഒരു കള്ളചിരിയോടെ പറഞ്ഞു.

നിങ്ങളോട് ഞാൻ പറഞ്ഞോ മനുഷ്യ കന്യകൻ ആയിരിക്കാൻ..അന്ന ഒരു കുസൃതി ചിരിയോടെ പറഞ്ഞു.
അതുകേട്ടതും എബി ഒറ്റമറച്ചലിനു അന്നയെ അവന്റെ അടിയിലാക്കി അവളുടെ മുകളിലായി കൈകുത്തി കിടന്നു.

എന്താ എന്റെ മോള് പറഞ്ഞത്. കെട്ട് കഴിഞ്ഞ് ആറ്റുനോറ്റ് ആദ്യരാത്രി ആഘോഷിക്കാൻ വന്ന എന്നെ നീ അല്ലേടി മറുതെ റെഡ് സിഗ്നൽ കാട്ടി പുറത്ത് നിർത്തിയത്.

അതിപ്പോ അതൊക്കെ എന്റെ കൈയിൽ ആണോ. കല്യാണവും ടെൻഷനും ഒക്കെ ആയപ്പോൾ പീരീഡ്‌സ് നേരത്തെ ആയതിനു ഞാൻ എന്താ ചെയ്യാ.. അന്ന നിഷ്കുലുക്കിൽ പറഞ്ഞു.

മ്മ്.. പിന്നെ ജെനിയുടെ ഇഷ്യൂ ഒക്കെ ആയി നീ ആകെ വിഷമിച്ച് നടന്നിരുന്നത് കൊണ്ടാണ് ഞാൻ ഒന്നിനും വാരാതെ ഇരുന്നത്. ഇപ്പൊ എന്റെ കൊച്ച് ഒക്കെ ആയിട്ടുണ്ട് അല്ലേ. അപ്പൊ ഇച്ഛൻ എന്റെ മോളെ ഒന്ന് സ്നേഹിക്കട്ടെ.. വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് എബി അത് ചോദിച്ചത്.

എന്തോ അവന്റെ ആ പതിഞ്ഞ ശബ്ദം അവളിൽ വിറയൽ സൃഷ്ടിച്ചു. അവൾ ഒന്നും മിണ്ടാനാകാതെ കണ്ണുകൾ ഇറുക്കെ അടച്ച് കിടന്നു.

ആകെ ചുവന്ന് തുടുത്ത് കണ്ണുകൾ അടച്ച് കിടക്കുന്ന അവന്റെ അന്നകൊച്ചിനെ എബി പ്രണയപൂർവം നോക്കി. പറ കൊച്ചേ സ്നേഹിക്കട്ടെ ഇച്ഛൻ..

മ്മ്.. അന്ന ഒന്ന് മൂളി. എബിയുടെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ആദ്യം പതിഞ്ഞു. പിന്നെ അങ്ങോട്ട് അവളുടെ ശരീരമാകെ അവന്റെ ചുണ്ടും കൈകളും ആകെ അലഞ്ഞു . അവളുടെ ചുണ്ടുകളും കൈകളും അവനിൽ അലഞ്ഞുതുടങ്ങിയതും അവനിൽ ആവേശം കൂടി. അവസാനം ഒരു ചെറുനോവ് നൽകികൊണ്ട് അവൻ അവളെ എല്ലാ രീതിയിലും സ്വന്തമാക്കി.

കുറച്ച് നേരത്തിനു ശേഷം അവന്റെ നഗ്നമായ നെഞ്ചിൽ തല വച്ച് കിടക്കുകയാണ് അന്ന. എബി ഒരു കൈകൊണ്ട് അവളുടെ ചുറ്റിപ്പിടിച്ചിട്ടുണ്ട്.

നൊന്തോ കൊച്ചേ.. എബി ചിരിയോടെ ചോദിച്ചു.

മ്മ്.. അതിന് അന്ന മൂളി.

സാരമില്ല.. രണ്ട്‌ ദിവസം കൊണ്ട് ശരിയായിക്കോളും.. എബി പറഞ്ഞു.

മ്മ്.. അതിനും അവളൊന്നു മൂളി. അവൻ തല താഴ്ത്തി അവളെ ഒന്ന് നോക്കി. അവന്റെ മുഖത്തേക്ക് നോക്കാതെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുകയാണ് അന്ന. അവൻ ചിരിയോടെ അവളെ ഒന്ന് നോക്കികൊണ്ട്‌ കണ്ണുകൾ അടച്ചു. അവളും അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി.

………………

നാളെയാണ്  ചിറയത്തേക്ക് ചെല്ലാൻ പറഞ്ഞിട്ടുള്ള ദിവസം. രാത്രി ഉറങ്ങാൻ കിടന്നിട്ടും ജെനിക്ക് ഉറക്കം വരുന്നുണ്ടായില്ല. എന്തൊക്കെയോ ചിന്തിച്ച് അങ്ങനെ കിടന്നു. നാളെ അയാളെയും ആ പെണ്ണിനേയും നേർക്കുനേരെ കാണണ്ടേ എന്നുള്ളതാണ് ജെനിയെ അസ്വസ്ഥമാക്കുന്നത്. പക്ഷേ അവന്റെ മുഖത്ത് നോക്കി നല്ലത് പറയണം എന്നും ഉണ്ട്. അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് ആ രാത്രി മുഴുവൻ അവൾ അങ്ങനെയേ കിടന്നു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ തന്നെ ജെനിയുടെ രണ്ട്‌ അച്ഛന്മാരും വല്യപ്പയും അവരുടെ കുടുംബവും ജെനിയുടെ വീട്ടിൽ എത്തി. മാത്യു വിളിച്ചത് പ്രകാരം വന്നതാണ് അവർ.

മേരിയമ്മക്ക് രണ്ട്‌ ആങ്ങളമാരാണ്. ഡെന്നിയും ബെന്നിയും. രണ്ടുപേരുടെയും കല്യാണം ഒക്കെ കഴിഞ്ഞു. ഈ രണ്ട്‌ ആൺകുട്ടികൾ ആണ് അവർക്ക്. അതുകൊണ്ട് തന്നെ ജെനിയെ വളരെ കാര്യം ആണ് രണ്ടാൾക്കും. അവരുടെ ഭാര്യമാർ ആയ റീത്തക്കും ബീനക്കും അതേ ജെനിയെ വളരെ ഇഷ്ടാണ്. ജെനിയുടെ സ്വഭാവം തന്നെ ആണ് അതിന് കാരണം. ജെനിയുടെ ഇപ്പോഴത്തെ അവസ്ഥ അവരെ വളരെ വിഷമിപ്പിക്കുന്നുണ്ട്.

മാത്യുവിന് ഒരു ചേട്ടനും രണ്ട്‌ പെങ്ങന്മാരും ആണ്. അതിൽ ഒരാൾ കർത്താവിന്റെ മണവാട്ടി ആണ്. പിന്നെ ഒരാൾ കുടുംബം ആയി വിദേശത്താണ്. വല്ലപ്പോഴും നാട്ടിൽ വരും. അത്രേ ഉള്ളൂ അടുപ്പം. മാത്യുവിന്റെ ചേട്ടൻ മാർക്കോസ് അദ്ദേഹത്തിന്റെ ഭാര്യ ലിസമ്മ. അവർക്ക് മക്കൾ ഇല്ല. അതുകൊണ്ട് തന്നെ ക്രിസ്റ്റിയെയും ജെനിയെയും അവർ മക്കളെ പോലെ ആണ്. അവർക്ക് തിരിച്ചും അതേ.

ജെനി രാവിലെ കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് വല്യപ്പ അവിടെ ഇരിക്കുന്നത് കണ്ടത്. അവൾ വേഗം അയാളുടെ അടുത്തേക്ക് പോയി അയാളെ ചുറ്റിപ്പിടിച്ചു അവിടെ ഇരുന്നു.

എന്താ വല്യപ്പേടെ ജെനികുട്ടന് പറ്റിയേ… അയാൾ വാത്സല്യത്തോടെ അവളുടെ തലയിൽ മുത്തികൊണ്ട് ചോദിച്ചു.

ഒന്നുല്ല്യ വല്യപ്പേ.. എനിക്ക് ഇങ്ങനെ ഇരിക്കാൻ തോന്നിയിട്ടാ..

മ്മ്.. ഇന്ന് എന്റെ മോള് നല്ല സ്ട്രോങ്ങ്‌ ആയി നിൽക്കണം കേട്ടോ. നീ തളർന്ന് കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുന്നിൽ എന്റെ മോള് ജയിച്ച് കാണിക്കണം…

മ്മ്… അവൾ മൂളി.

ആ സമയത്താണ് ബാക്കി ഉള്ളവർ അങ്ങോട്ട് വന്നത്. എല്ലാവരും മാർക്കോസിനെ ചുറ്റിപിടിച്ചിരിക്കുന്ന ജെനിയെ കണ്ടപ്പോൾ പരസ്പരം നോക്കി ചിരിച്ചു. എല്ലാവർക്കും അറിയാം ജെനിക്ക് അവളുടെ അപ്പച്ചന് തുല്യം ആണ് മാർക്കോസ് എന്ന്.

എപ്പോഴാ അളിയാ അങ്ങോട്ട് പോകുന്നത്.. ഡെന്നി ചോദിച്ചു.

ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് ഇറങ്ങാം അളിയാ.. മാത്യൂസ് പറഞ്ഞു.

മ്മ്..

അതേ എല്ലാവരും വായോ ചായ കഴിക്കാം.. മേരിയമ്മ വിളിച്ചു.

ചായ ഒന്നും വേണ്ടിയിരുന്നില്ല ഇച്ചേച്ചി ഞങ്ങൾ രാവിലെ കഴിച്ചിട്ടാണ് വന്നത്… ബെന്നി പറഞ്ഞു.

അതൊന്നും സാരമില്ല നീ വായോ ഓരോ ചായ കുടിക്കാനൊക്കെ സ്ഥലം ഉണ്ടാവും നിന്റെ വയറ്റിൽ.. മേരിയമ്മ ഒരു ചിരിയോടെ പറഞ്ഞു.

അതോടെ എല്ലാവരും ചായ കുടിക്കാനായി എഴുന്നേറ്റു.

………………

അല്ല ആനി ഈ ചെക്കൻ ഇതെന്ത് ഭാവിച്ചാ ഇത്രേം നല്ലൊരു കുട്ടിയെ വേണ്ടെന്ന് വച്ചിട്ട് വേറെ ഒരുത്തിയെ എടുത്ത് തലയിൽ വച്ചത്. നമ്മുടെ കുടുംബത്തിലേക്ക് ഇത്രേം നല്ല ഒരു കുട്ടി വേറെ ഇല്ല. അങ്ങനെ ഉള്ളതിനെ ആണോ അവൻ ഈ വേണ്ടാന്ന് വെക്കുന്നത്… ആനിയുടെ ചേച്ചി ഷൈനി ചോദിച്ചു.

ആനിയമ്മക്ക് ഒരു ചേച്ചിയും അനിയത്തിയും ആണ്. ഷൈനിയും ജിനിയും. ജിനി ഫാമിലി ആയി വിദേശത്ത് ആണ്. ഷൈനി മക്കളും ചെറുമക്കളും ആയി കഴിയുന്നു. ആൾടെ ഹസ്ബൻഡ് മരിച്ചതാണ്.

എനിക്കറിയില്ല ഇച്ചേച്ചി ഇവൻ എന്ത് കണ്ടിട്ടാണ് വേറെ ഒരുത്തിയുടെ പിന്നാലെ പോയതെന്ന്. ഞാൻ കണ്ടിട്ടില്ല ആ പെണ്ണിനെ. ഇവിടെ ഇച്ചായൻ പറയുന്നുണ്ടായിരുന്നു തൊലിവെളുപ്പ് കണ്ടിട്ടാവും പിന്നാലെ പോയതെന്ന്. ഇപ്പൊ എനിക്ക് തോന്നാ അന്ന് ഈ കല്യാണത്തിന് അവനെ നിർബന്ധിക്കേണ്ടിയിരുന്നില്ല എന്ന്. അവനെ അവന്റെ ഇഷ്ടത്തിന് വിട്ടാൽ മതിയായിരുന്നു. എങ്കിൽ എന്റെ ജെനിമോളുടെ ജീവിതം ഇങ്ങനെ ആവുമായിരുന്നില്ല. എനിക്ക് ഇപ്പൊ കുറ്റബോധം കാരണം ആ കൊച്ചിന്റെ മുഖത്ത് വരെ നോക്കാൻ പറ്റുന്നില്ല… ആനിയമ്മ സങ്കടത്തോടെ പറഞ്ഞു..

കഴിഞ്ഞില്ലേ പിള്ളേരെ.. ഭക്ഷണം എടുക്കാൻ പറയുന്നുണ്ട് അവിടെ. ജെനിയുടെ വീട്ടുകാർ വരുന്നതിന് മുൻപ് എല്ലാം ഒതുക്കണം എന്നാ അതിയാൻ പറഞ്ഞിട്ടുള്ളത്.. വല്യമ്മച്ചി അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞു.

ദേ കഴിഞ്ഞു അമ്മച്ചി.. ഞങ്ങൾ എല്ലാം പാത്രത്തിൽ ആക്കായിരുന്നു. അമ്മച്ചി ആലീസ് വന്നോ..

ഇല്ല മോളെ. അവൾ കഴിച്ചിട്ടാ വരികയുള്ളൂ എന്നാ പറഞ്ഞേ. അന്നയും എബിയും അങ്ങോട്ട് ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട് പോലും. അപ്പൊ അവരുടെ കൂടെ വരാം എന്നാ പറഞ്ഞത്.

ആ.. നിങ്ങൾ വേഗം ഭക്ഷണം എടുത്ത് വെക്ക്..

…………………

ചിറയത്ത് എല്ലവരും ഭക്ഷണം എല്ലാം കഴിഞ്ഞ് ജെനിയുടെ വീട്ടുകാരെ നോക്കി ഇരിക്കുമ്പോൾ ആണ് അലക്സ് സോഫിയെയും കൊണ്ട് അങ്ങോട്ട് വന്നത്.

അവരെ കണ്ടതും അവിടെ ഇരുന്ന എല്ലാവരുടെയും മുഖം ഒരുപോലെ മാറി. എല്ലാവരും ദേഷ്യത്തോടെ ആണ് അലക്സിനെയും സോഫിയെയും നോക്കിയത്.

എന്താ അലക്സേ ഞാൻ ഈ കേൾക്കുന്നത്. നിന്റെ ഭാഗത്ത്‌ നിന്നും ഇങ്ങനെ ഒരു തെറ്റ് ഞാൻ പ്രതീക്ഷിച്ചില്ല. നിന്റെ സമ്മതത്തോടെ തന്നെ അല്ലേ ജെനിഫറിനെ നിന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. എന്നിട്ട് ഇങ്ങനെ ഒരു പാപം ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി… അവരുടെ ഇടവകയിലെ അച്ചൻ അലക്സിനോട് ചോദിച്ചു.

അത് പിന്നെ അച്ചോ…

ആ സമയത്താണ് മൂന്ന് കാറിലായി ജെനിയും വീട്ടുകാരും അവിടെ  വന്നിറങ്ങിയത്. അവരുടെ പിന്നിലായി തന്നെ എബിയുടെ കാറും വന്നു. അന്ന വേഗം ഇറങ്ങി ജെനിയുടെ അടുത്തേക്ക് പോയി. ചിറയത്തുകാർ എല്ലാവരും പുറത്തേക്ക് വന്ന് അവരെ ഉള്ളിലേക്ക് വിളിച്ചു. ജെനിയെ കണ്ടതും സോഫി അലക്സിന്റെ കൈയിൽ ഒന്നുകൂടി മുറുക്കി പിടിച്ചു. ജെനി അത് കണ്ടില്ലെങ്കിലും അന്ന അത് കണ്ടു. അവൾക്ക് സോഫിയോട് പുച്ഛം ആണ് തോന്നിയത് അവളുടെ കാട്ടികൂട്ടൽ കണ്ടിട്ട്.

മാത്യുസേ നമ്മൾ ഇവിടെ കൂടിയത് എന്തിനാണെന്ന് അറിയാമല്ലോ.
ജെനിഫറിന്റെയും അലക്സിന്റെയും ജീവിതത്തെ കുറിച്ച് ഒരു തീരുമാനം എടുക്കാൻ അല്ലേ. ഇനി മുന്നോട്ട് എന്ത് വേണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്… പള്ളിയിലെ അച്ചൻ രണ്ടുകൂട്ടരോടും ആയി പറഞ്ഞു.

അതിപ്പോ അത്ര തീരുമാനിക്കാൻ ഒന്നും ഇല്ല അച്ചോ.. ഞങ്ങടെ കൊച്ചിന് ഇവനെ പോലെ ഒരു നെറികെട്ടവനെ ഇനി വേണ്ട… ബെന്നി ദേഷ്യത്തോടെ അലക്സിനെ ദേഷ്യത്തോടെ നോക്കികൊണ്ട്‌ പറഞ്ഞു.

അലക്സ് ആരുടേയും മുഖത്തു നോക്കാതെ ആണ് നിൽക്കുന്നത്. അവന് ആരെയും മുഖം ഉയർത്തി നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

അത് തന്നെ ആണോ മാത്യുസേ നിന്റെയും തീരുമാനം.. അച്ചൻ ചോദിച്ചു.

അതേ അച്ചോ.. അവനെപ്പോലൊരുത്തൻ ഇനി എന്റെ മോളുടെ ജീവിതത്തിൽ വേണ്ട. രണ്ടുകൊല്ലം ആയിട്ടുണ്ട് അച്ചോ അവൻ ഈ പെണ്ണും ആയിട്ടുള്ള ബന്ധം തുടങ്ങിയിട്ട്. അവന് എന്റെ കൊച്ചിനെ വേണ്ടെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു. ഞാൻ വന്ന് കൊണ്ടുപോയേനെ എന്റെ മോളെ. അതിന് പകരം അവൻ എന്റെ കൊച്ചിനെ ചതിച്ചില്ലേ ഈ കണ്ട നാൾ. അതൊരിക്കലും ക്ഷമിക്കാൻ കഴിയുന്നതല്ല. അങ്ങനെ ഉള്ള ഒരുത്തൻ ഇല്ലാത്തതാണ് നല്ലത്. അവനെതിരെ കേസ് കൊടുക്കാൻ ആണ് എന്റെ ആഗ്രഹം.. വഞ്ചനാകുറ്റത്തിന്. എല്ലാം മോളുടെ അഭിപ്രായം പോലെ.

അതുകേട്ടതും അലക്സ് ഞെട്ടിക്കൊണ്ട് മാത്യുവിനെ നോക്കി. പിന്നെ ജെനിയെയും..

ജോസഫേ എന്താ നിന്റെ തീരുമാനം.. അച്ചൻ ചോദിച്ചു.

ഞാനല്ലല്ലോ അച്ചോ.. ജെനിമോള് അല്ലേ തീരുമാനിക്കേണ്ടത്. മോള് എന്ത് തീരുമാനം എടുത്താലും ഞാൻ അവളോട്‌ ഒപ്പം ഉണ്ടാവും. അത് എന്ത് തന്നെ അയാലും. അതിപ്പോ കേസിനു പോകാനാണ് തീരുമാനമെങ്കിൽ അതിനും ഞാൻ മോളോടൊപ്പം ഉണ്ടാവും.

അത് കേട്ടതും അലക്സും സോഫിയും ഒരു നടുക്കത്തോടെ ജോസഫിനെ നോക്കി. അലക്സിന് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല കേട്ടത്. അവന്റെ പപ്പ അവനെ ഇത്രേം വെറുത്തു പോയോ.. അതിനും മാത്രം വലിയ തെറ്റാണോതാൻ ചെയ്യ്തത്.. അലക്സ് ചിന്തിച്ചു..

ജെനിഫർ എന്താ മോളുടെ തീരുമാനം… അച്ചൻ അവളോട്‌ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ എല്ലാവരെയും ഒന്ന് നോക്കി. അവസാനം അവളുടെ നോട്ടം അലക്സിലും അവന്റെ കൈയിൽ പിടിച്ചു നിൽക്കുന്ന സോഫിയിലും ഉടക്കി നിന്നു