23/04/2026

നിനക്കായ് : ഭാഗം 44

രചന – കണ്ണന്റെ മാത്രം

ഇങ്ങനെ വിഷമിക്കല്ലേ ചേട്ടായി അതൊക്കെ കഴിഞ്ഞ് പോയതല്ലേ..എനിക്ക് സഹിക്കാൻ കഴിയുന്നില്ല…എബിയുടെ ശബ്ദം ഇടറി..

മ്മ്.. ഡേവി കണ്ണുതുറന്ന് അവന്റെ കണ്ണും മുഖവും തുടച്ച് കൊണ്ട് ടേബിളിൽ ഇരുന്ന വെള്ളം കുറച്ചെടുത്ത് കുടിച്ചു.

ചേട്ടായി ഒരു കാര്യം ചോദിക്കട്ടെ..

മ്മ്.. ഡേവി ഒന്ന് മൂളി.

ജെനിയുടെ കല്യാണകാര്യം അറിഞ്ഞത് കൊണ്ടാണോ മൂന്നുമാസം എന്നും പറഞ്ഞ് പോയ ചേട്ടായി ഒരുകൊല്ലം ആയിട്ടും വാരാതെ ഇരുന്നത്. പിന്നെ അന്ന് വല്യമ്മച്ചിക്ക് വയ്യാതെ ആയപ്പോൾ അല്ലേ വന്നത്.

അന്ന് നീ ജെനിയുടെ കല്യാണക്കാര്യം പറഞ്ഞപ്പോ കൊട്ടിയടഞ്ഞതാ എന്റെ ചെവി. പിന്നെ നീ പറഞ്ഞതൊന്നും ഞാൻ കേട്ടിരുന്നില്ല. അവളെ കല്യാണം കഴിച്ചത് ആരെന്ന് പോലും ഞാൻ അറിഞ്ഞിരുന്നില്ല. അതാണ് അന്ന് അന്നയെ പെണ്ണുകാണാൻ പോയപ്പോൾ ജെനിഫറിന്റെ കാര്യം പറഞ്ഞപ്പോൾ ഏത് ജെനിഫർ എന്ന് ചോദിച്ചത്. നീ വിവരിച്ച് പറഞ്ഞപ്പോൾ ഇനിയും അവിടെ ഇരിക്കാൻ പറ്റില്ല എന്ന് തോന്നിയ സമയത്താണ് ഫോൺ ബെല്ലടിച്ചത്. അതാണ് പിന്നെ ഞാൻ നിങ്ങളുടെ ചർച്ചകളിലേക്ക് വരാഞ്ഞത്. പിന്നെ അന്ന് US ഇൽ നിന്ന് എന്റെ മനസ്സിനെ എന്റെ വരുതിയിൽ ആക്കുന്നതിന് മുൻപ് ഞാൻ വന്നാൽ ചിലപ്പോ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അതാണ് പിന്നെയും ഒരു കൊല്ലത്തോളം ഞാൻ അവിടെ തന്നെ നിന്നത്. ഒരുവിധം എന്നെ എനിക്ക് നിയന്ത്രിക്കാൻ കഴിയും എന്ന് ആയപ്പോൾ നാട്ടിലേക്ക് വരാം എന്ന് തീരുമാനിച്ച സമയത്താണ് വല്യമ്മച്ചിക്ക് വയ്യാതെ ആകുന്നതും മറ്റും.. പിന്നെ ഞാൻ നാട്ടിൽ വന്നതിനു ശേഷം സംഭവിച്ചത് മുഴുവൻ നിനക്ക് അറിയാലോ..

അല്ല ചേട്ടായി ഒരു കാര്യം ചോദിക്കട്ടെ. ജെനിയുടെ കല്യാണം കഴിഞ്ഞതിന് ശേഷം ഒരിക്കൽ പോലും ഇപ്പൊ ഞങ്ങളുടെ കല്യാണം ഉറപ്പിക്കുന്നതിന് മുൻപ് കണ്ടിരുന്നില്ലേ.

മ്മ്.. കണ്ടിരുന്നു. ആൻസിയും ആയിട്ടുള്ള എന്റെ കല്യാണം ഉറപ്പിച്ച സമയത്ത് എന്റെ മാലാഖ പെണ്ണിനെ പൂർണമായും മറക്കാൻ ശ്രമിക്കാൻ അവൾ സന്തോഷത്തിൽ കഴിയുന്നത് എനിക്ക് കാണണമായിരുന്നു. ആദ്യം തന്നെ ഞാൻ നമ്മുടെ കോളേജിൽ ആണ്  തപ്പിയത്. അപ്പൊ കണ്ടു പിജി ക്ലാസ്സിൽ സന്തോഷത്തോടെ ഇരിക്കുന്ന എന്റെ പെണ്ണിനെ. അവൾ സന്തോഷവതിയാണെന്ന് അവളുടെ മുഖത്തെ ചിരി എനിക്ക് കാണിച്ച് തന്നു. പക്ഷേ എന്തോ ആകെ ഒതുങ്ങിയ പോലെ തോന്നി അവളെ കണ്ടപ്പോൾ. ആദ്യവും അധികം ഒന്നും സംസാരിക്കുന്നത് കണ്ടിട്ടില്ലെങ്കിലും അപ്പൊ തീരെ മിണ്ടാട്ടം കുറഞ്ഞപോലെ തോന്നി. പിന്നെ ഒരു ഭാര്യ ഒക്കെ ആയില്ലേ അതിന്റെ മാറ്റം ആവും അത് എന്ന് കരുതി.. അവളെ പൂർണമായി മറക്കാൻ ശ്രമിക്കാം എന്നുള്ള ഉറപ്പിൽ തന്നെ ആണ് ഞാൻ ആൻസിയും ആയിട്ടുള്ള കല്യാണത്തിന് സമ്മതം മൂളിയത്. ആൻസിയെ സ്നേഹിക്കാനും ഞാൻ ശ്രമിച്ചു. പക്ഷേ എന്തോ ആൻസിയുടെ സ്വഭാവം അവളെ സ്നേഹിക്കുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. അവൾക്ക് പ്രണയം വേണം എന്നൊന്നും ഇല്ലായിരുന്നു. അവളുടെ വികാരങ്ങൾ ശമിപ്പിക്കാൻ ഒരാണ് അത്രേ അവൾക്ക് വേണ്ടു. അതോടെ ജീവിതം തന്നെ ഞാൻ മടുത്തുപ്പോയി. പിന്നെ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച ഏക ഘടകം എന്റെ ജാനി മാത്രം ആയിരുന്നു.

ഇനി എന്താ ജെനിയുടെ കാര്യത്തിൽ ചേട്ടായിയുടെ മനസ്സിൽ.. എബി ചോദിച്ചു.

ഇനി അവൾ ഈ ഡേവിയുടെ പെണ്ണായിരിക്കും. ഇനി ഒരിക്കൽകൂടി അവളെ ഞാൻ നഷ്ടപ്പെടുത്തില്ല… ഡേവി ദൃഢതയോടെ പറഞ്ഞു.

ചേട്ടായി വിഷമിക്കേണ്ട ഈ കല്യാണം വീട്ടുക്കാർ തന്നെ ചേട്ടായിയോട് ആവശ്യപ്പെടും. അതിനുള്ളത് ഞാൻ ഒപ്പിച്ചോളാം

……………

പിന്നെ അങ്ങോട്ട് എല്ലാം പ്ലാനിങ് പ്രകാരം ആയിരുന്നു നടന്നത്.  എല്ലാം വിചാരിച്ചത് പോലെ നടന്നു. രണ്ടുപേരും കുറെ അനുഭവിച്ചു. ഇനിയെങ്കിലും അവർക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു എന്റെ കർത്താവേ… അവൻ പ്രാർത്ഥിച്ചു. പിന്നെ തന്റെ മടിയിൽ കിടന്ന് ഉറങ്ങുന്ന അന്നയെ എടുത്തുകൊണ്ട് അവൻ റൂമിലേക്ക് പോയി..
അവളെ ബെഡിൽ കിടത്തി വാതിൽ അടക്കാനായി പോയപ്പോൾ ആണ് അപ്പോഴും വെളിച്ചം വരുന്ന ഡേവിയുടെ റൂം അവന്റെ ശ്രദ്ധയിൽ പെട്ടത്.

ചേട്ടായി ഇതുവരെ കിടന്നില്ലേ.. എബി അതും ആലോചിച്ച് കൊണ്ട് ഡേവിയുടെ റൂമിലേക്ക് പോയി. അവിടെ ബെഡിൽ കിടന്നുറങ്ങുന്ന ജാനി മോളെ കണ്ടപ്പോൾ വാത്സല്യത്തോടെ അവളുടെ തലയിൽ ഒന്ന് തലോടികൊണ്ട് റൂമിൽ ആകെ നോക്കി. അപ്പോഴാണ് ബാൽക്കണി ഡോർ തുറന്ന് കിടക്കുന്നത് അവൻ കണ്ടത്. അവൻ അവിടെ ചെന്ന് നോക്കിയപ്പോൾ പുറത്തേക്ക് നോക്കി നിന്ന് സിഗരറ്റ് വലിക്കുന്ന ഡേവിയെ ആണ് കാണുന്നത്. എബിയുടെ മുഖം ചുളിഞ്ഞു. അവനറിയാമായിരുന്നു ഡേവിക്ക് എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ആണ് ഈ വലി എന്ന്.

ചേട്ടായി.. എബി വിളിച്ചതും ഡേവി ഒന്ന് തിരിഞ്ഞു നോക്കി. പിന്നെ കൈയിൽ ഉള്ള സിഗരറ്റ് കുത്തികെടുത്തി വേസ്റ്റ് ബിന്നിൽ ഇട്ടു.

എബി അവന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു..
എന്താ ചേട്ടായി.. എന്തിനാ ഇത്ര ടെൻഷൻ. നാളത്തെ കാര്യം ആലോചിച്ചിട്ടാണോ. അതിലൊന്നും ഒരു തടസ്സവും ഉണ്ടാവില്ല.

ഞാൻ ആദ്യമേ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞ് എന്റെ ജെനിയെ സ്വന്തമാക്കിയിരുന്നെങ്കിൽ അവൾ ഇത്രയൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു അല്ലേ എബി…

ചേട്ടായി… എബി ഒരു വിറയലോടെ വിളിച്ചു.

ഞാൻ അന്ന പറഞ്ഞത് മുഴുവൻ കേട്ടു എബി നിന്നോട് ഒരു കാര്യം ചോദിക്കാൻ വന്നതായിരുന്നു. അപ്പോഴാണ് ബാൽക്കണിയിൽ നിന്ന് സംസാരിക്കുന്ന നിങ്ങളെ കണ്ടത്. തിരിച്ചുപോരാൻ നിന്നപ്പോൾ ആണ് ജെനിയുടെ പേര് പറയുന്നത് കേട്ടത്. അപ്പോൾ ശ്രദ്ധിച്ചപ്പോൾ ആണ് ജെനിയുടെ പഴയ ജീവിതം ആണ് അന്ന പറയുന്നതെന്ന് മനസിലായി. എല്ലാം കേട്ടപ്പോൾ എനിക്ക് അലക്സിനെ കൊല്ലാൻ ആണ് തോന്നിയത്. അന്ന് അവനെ പെരുമാറുന്നതിന് മുൻപാണ് ഇത് ഞാൻ അറിഞ്ഞിരുന്നതെങ്കിലും അവനെ പെട്ടിയിലടക്കാൻ വരെ ബാക്കി വച്ചേനില്ല ഞാൻ.. മുഷ്ടി ചുരുട്ടി പല്ല് കടിച്ചുകൊണ്ട് ഡേവി പറഞ്ഞു.

കഴിഞ്ഞ് പോയതൊന്നും ഇനി ആലോചിക്കണ്ട. ഇനി വരാനുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ മതി. ചേട്ടായി പറയാറില്ലേ ചേട്ടായി അനുഭവിച്ചത് മുഴുവൻ വിധി ആയിരുന്നു എന്ന്. അതേപോലെ ചേട്ടത്തി അനുഭവിച്ചത് മുഴുവൻ അവരുടെ വിധി ആയിരുന്നു.. എബി പറഞ്ഞു.

ചേട്ടത്തിയോ.. ഡേവി ഒരു ചെറുചിരിയോടെ ചോദിച്ചു.

പിന്നല്ലാതെ.. ഇത്രേം നാളും അനിയത്തിക്കുട്ടി ആയിരുന്നു. ഇനി എന്റെ ചേട്ടത്തി അല്ലേ… എബി ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

മ്മ്മ്മ്…. അതിന് ഡേവി ചിരിയോടെ ഒന്ന് മൂളിയതേ ഉള്ളൂ.

ചേട്ടായി ചെന്ന് കിടക്കാൻ നോക്ക്. ഇല്ലെങ്കിൽ നാളെ മണവാളന്റെ മുഖം ഉറക്കം തൂങ്ങി ഇരിക്കും… ചെല്ല്..

ശരി ഡാ അപ്പൊ ഗുഡ് നൈറ്റ്‌..

ഗുഡ് നൈറ്റ്‌ ചേട്ടായി..എബിയും അവനോട് ഗുഡ് നൈറ്റ്‌ പറഞ്ഞ് പോയി.

………….

ജെനിക്ക് ജാനി മോളുടെ അമ്മ ആവുന്നതിൽ സന്തോഷം ആയിരുന്നു. പക്ഷേ എന്തൊക്കൊയോ പിരിമുറുക്കങ്ങൾ തോന്നുന്നുണ്ടായിരുന്നു. ഇനിയൊരു കുടുംബ ജീവിതം ഒന്നും അവൾ ആഗ്രഹിച്ചിരുന്നില്ല. അവൾ അലക്സുമായിട്ടുള്ള കല്യാണ സമയത്തെ കാര്യങ്ങൾ ആലോചിച്ചു. അന്നൊരു നിർവികാരത ആയിരുന്നു. സന്തോഷവും ഇല്ല സങ്കടവും ഇല്ലാത്ത ഒരവസ്ഥ. ഇതിപ്പോ ജാനിമോളുടെ അമ്മ ആകാമല്ലോ എന്നൊരു സന്തോഷം ഉണ്ട്..അങ്ങനെ എന്തൊക്കെയോ ആലോചിച്ച് കിടന്ന് ഒരുപാട് കഴിഞ്ഞാണ് അവൾ ഒന്ന് മയങ്ങിയത്.

രാവിലെ നേരത്തെ തന്നെ മേരിയമ്മ അവളെ വിളിച്ച് എണീപ്പിച്ചിരുന്നു. ബ്യൂട്ടീഷ്യൻ വന്ന് അവളെ ഒരുക്കി കഴിഞ്ഞപ്പോഴേക്കും അവൾക്ക് പള്ളിയിലേക്ക് ഇറങ്ങേണ്ട സമയം ആയിട്ടുണ്ടായിരുന്നു. എല്ലാവർക്കും സ്തുതി കൊടുത്ത് അവൾ പള്ളിയിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ എന്തോ മാത്യുവിന്റെയും മേരിയമ്മയുടെയും നെഞ്ച് ഒരുപോലെ ഒന്ന് പിടച്ചു. തങ്ങളുടെ മകൾക്ക് നല്ലൊരു ജീവിതം ഉണ്ടാവണേ എന്നൊരു പ്രാർത്ഥന ആയിരുന്നു ആ നിമിഷം രണ്ട് പേരുടെയും ഉള്ളിൽ. അവർ ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് ജോസഫ് വന്നത്. അയാളെ കണ്ടതും ജെനി അങ്ങോട്ട് പോയി..

എന്താ പപ്പേ വൈകിയത്…

വൈകിയില്ലല്ലോ മോളെ ദേ നിങ്ങൾ ഇറങ്ങുന്നതിനു മുൻപ് ഇങ്ങ് എത്തിയില്ലേ. ഇനി വൈകണ്ട ഇറങ്ങിക്കോ. പപ്പ പിന്നാലെ വരാം..

അതിന് ഒന്ന് തലയാട്ടി കൊണ്ട് അവൾ കാറിലേക്ക് കയറി.
ജെനിയൊക്കെ പള്ളിയിൽ എത്തി കുറച്ച് കഴിഞ്ഞപ്പോൾ ആണ് കൊട്ടാരത്തിൽക്കാർ എത്തിയത്. സിൽക്കിന്റെ ക്രീം കളർ ജുബ്ബയിലും മുണ്ടിലും വരുന്ന ഡേവിയെ കാണാൻ ഒരു വല്ലാത്ത എടുപ്പുണ്ടായിരുന്നു. അവന്റെ മുഖത്തെ മനോഹരമായ ചിരി എല്ലാവർക്കും സന്തോഷം നൽകി. റീനാമ്മയുടെ കൈയിൽ റോസ് കളർ പ്രിൻസസ്സ് സ്റ്റൈൽ ഉടുപ്പുമിട്ട് ഇരിക്കുന്ന ജാനിമോളിൽ ആയിരുന്നു ജെനിയുടെ കണ്ണുകൾ. ജെനിയെ കണ്ടതും ജാനി അങ്ങോട്ട് ചാടാൻ നോക്കിയെങ്കിലും ചടങ്ങുകൾ കഴിഞ്ഞിട്ട് കുഞ്ഞിനെ എടുക്കാം എന്ന് റീനാമ്മ പറഞ്ഞു.

ആ അൾത്താരക്ക് മുന്നിൽ ചെന്ന് നിൽക്കുമ്പോൾ പ്രാർത്ഥനാഗാനം പാടാൻ നിൽക്കുന്ന കുട്ടികളിൽ ഡേവിയുടെ കണ്ണുകൾ ഉടക്കി. അവന് കണ്ണടച്ച് നിന്ന് പാടുന്ന കുഞ്ഞ് ജെനിയെ ആണ് ഒരു നിമിഷം ഓർമ വന്നത്. അവന്റെ മാലാഖ പെണ്ണിനെ അവന് തന്നെ കൊടുത്തതിന്  കർത്താവിനോട് ആയിരം വട്ടം നന്ദി പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കിയ അതേ സമയം ആണ് അവളും അവനെ നോക്കിയത്. ഒരുനിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഒന്നിടഞ്ഞു. ജെനി പിടപ്പോടെ വേഗം കണ്ണുകൾ മാറ്റി. ഡേവിയുടെ ചുണ്ടിൽ കള്ളചിരി വിരിഞ്ഞു. അവൻ അതേ ചിരിയോടെ തിരിഞ്ഞപ്പോൾ ആണ് അവനെ നോക്കി കളിയാക്കി ചിരിക്കുന്ന എബിയെ കാണുന്നത്. ഡേവി അവനെ നോക്കി ആദ്യം കണ്ണുരുട്ടി കാട്ടിയെങ്കിലും പിന്നീട് അവനും ചിരിച്ചുപോയി. എബി നോക്കി കാണുകയായിരുന്നു ഡേവിയുടെ മുഖത്തെ സന്തോഷം. ഒരു നിമിഷം അവന്റെ ഓർമ്മകൾ ഡേവിയുടെ ആദ്യ കല്യാണ സമയത്തേക്ക് പോയി. ഒരു വികാരങ്ങളും ഇല്ലാതെ നിസ്സംഗനായി നിന്നിരുന്ന ഡേവിയെ ആണ് അന്ന് എല്ലാവരും കണ്ടത്. അന്ന് കരുതിയത് ആ കല്യാണത്തോട് താല്പര്യം ഇല്ലാത്തത് കൊണ്ടാണെന്നാണ്. പക്ഷേ ഇന്നറിയാം മറ്റൊരുവളോട് വളരെ ആഴത്തിൽ ഉള്ള പ്രണയം ആയിരുന്നു ആ നിസ്സംഗതക്ക് പിന്നിൽ എന്ന്. എബി ഇതൊക്കെ ആലോചിച്ച് നിൽക്കുന്ന സമയത്താണ് അവിടെ ചടങ്ങുകൾ തുടങ്ങിയത്. അതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഡേവിയുടെയും ജെനിയുടെയും പരസ്പരം ഒന്നാവാനുള്ള സമ്മതം ആ തിരുരൂപത്തെ സാക്ഷിയാക്കി അറിയിച്ചു. പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞതും എല്ലാവരും ഹാളിലേക്ക് പോയി. അധികം ആർഭാടങ്ങൾ ഇല്ലെങ്കിലും അത്യാവശ്യം ബന്ധുക്കൾ ഒക്കെ ആയി പരിപാടി ഇത്തിരി ഗ്രാന്റ് തന്നെ ആയിരുന്നു. ഡേവിയും ജെനിയും സ്റ്റേജിലേക്ക് കയറുമ്പോൾ ജെനിയുടെ കൈയിൽ ജാനി മോളും ഉണ്ടായിരുന്നു.  പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞപ്പോൾ തന്നെ ജാനിമോള് ജെനിയുടെ കൈയിലേക്ക് ചാടിയിരുന്നു. അങ്ങനെ ഫോട്ടോ എടുപ്പും കാര്യങ്ങളും ആയി പരിപാടി ഉഷാറായി കൊണ്ടിരുന്നു.

ജാനിമോളും ആയി കൊഞ്ചികളിച്ചു കൊണ്ട് നിൽക്കുന്ന ജെനിയും അവരെ രണ്ടാളെയും ചിരിയോടെ നോക്കി നിൽക്കുന്ന ഡേവിയും അവരെ സ്നേഹിക്കുന്നവർക്ക് മുഴുവൻ സന്തോഷം നൽകുന്ന ഒരു കാഴ്ച ആയിരുന്നു…