18/04/2026

മരുമകൾ : ഭാഗം 15 & 16

രചൻ – ഗംഗ ശലഭം

നെറ്റിയിൽ മൃദുവായൊരു ചുംബനം. ശരിക്കും ആ ചുണ്ടുകൾ എന്റെ നെറ്റിയിൽ തൊട്ടോ എന്ന് പോലും എനിക്ക് സംശയം തോന്നി. എന്നിട്ടും
എന്റെ ദേഹമാകെ കുളിരു കോരി….
ഹൃദയം ഇപ്പൊ പൊട്ടും എന്നത് പോലെ മിടിച്ചുയരുന്നുണ്ട്. രോമങ്ങളൊക്കെ അറ്റൻഷൻ ആയിട്ട് എഴുന്നേറ്റു നിൽക്കുന്നു. ഉള്ളം കാൽ മുതൽ ഉച്ചി വരെ ഒരു തരിപ്പ്. അത് തീരും മുന്നേ ഹരിയേട്ടൻ തിരിഞ്ഞു കിടന്നിരുന്നു.

പതിയെ… വളരെ പതിയെ എന്റെ ഹൃദയമിടിപ്പ് സാവധാനമായി. ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അരികിൽ കിടക്കുന്ന മനുഷ്യനോട് വല്ലാത്ത ഒരിഷ്ടം തോന്നി എനിക്ക്…….
പ്രണയം…..
ഹൃദയം നിറഞ്ഞു തുളുമ്പും പോലെ…..

സത്യത്തിൽ പേടിയായിരുന്നെനിക്ക്….
വിവാഹത്തോടടുപ്പിച്ചു എന്റെ കൂട്ടുകാരി ഗായത്രി പറഞ്ഞതൊക്കെ അത്തരം ചിലതായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് തന്നെ അവളുടെ അനുവാദം പോലും ചോദിക്കാതെ… താല്പര്യം അറിയാതെ ഫിസിക്കലി യൂസ് ചെയ്ത അവളുടെ ഭർത്താവിനെക്കുറിച്ച് അവൾ പറയുമ്പോ പേടിയോടെയാണ് കേട്ടിരുന്നത്. എനിക്കും അങ്ങനെ ഒരവസ്ഥ ഉണ്ടാകുമോ എന്ന പേടി.

കല്യാണം കഴിഞ്ഞ അന്ന് മുതൽ ഓരോ ദിവസവും ഈ മുറിയിലേക്ക് കേറുമ്പോ പേടിയായിരുന്നെനിക്ക്….
പക്ഷെ ഇപ്പൊ…. ഒരുമ്മ തരാൻ പോലും അനുവാദം ചോദിക്കുന്ന ഒരാളിനെ എങ്ങനെ ഒരു പെണ്ണിന് പ്രണയിക്കാതിരിക്കാൻ കഴിയും?

എനിക്ക് കുറേ വൈകിയാണ് ഉറക്കം വന്നത്. അത് കൊണ്ട് രാവിലെ എഴുന്നേൽക്കാനും വൈകി. വൈകി എന്ന് പറഞ്ഞാൽ ഒരു ഒരു മണിക്കൂറോളം…..

ഹരിയേട്ടന് ഇന്ന് കോളേജിൽ പോകണം. അത് കൊണ്ട് ധൃതി പിടിച്ചാണ് അടുക്കളയിലേക്ക് ചെന്നത്. അമ്മ തേങ്ങ ചിരകി അരച്ചു കാണും. ഞാൻ ലേറ്റ് ആയത് ഇഷ്ടമാകില്ലേ, ദേഷ്യപ്പെടുമോ, എന്നൊക്കെ ചിന്തിച്ചാണ് പോയത്.

ചെന്നപ്പോഴുണ്ട് അമ്മ ഡെയിനിങ് റൂമിൽ ഇരിക്കുന്നു.

“മോള് ഉറങ്ങിപ്പോയോ?”

ചിരിയോടെ ചോദിച്ചു.

“സോറി അമ്മാ… ഞാൻ….”

മടിയോടെ പറഞ്ഞു തുടങ്ങിയതും ” അതിനിപ്പോ എന്താ മോള് ചെന്ന് തേങ്ങാ ചിരകി അരച്ചു വയ്ക്ക്. തോരനും അവിയലിനും മതി. ഒഴിക്കാൻ രസമാ ഉണ്ടാക്കിയെ….” എന്ന് അമ്മ പറഞ്ഞു.

തേങ്ങ ചിരകുന്നതൊക്കെ എന്റെ ഡ്യൂട്ടി അല്ലെ? അത് കൊണ്ട് അമ്മ അത് ചെയ്തിട്ടില്ല എന്ന്…..

തേങ്ങ ചിരകി അരച്ചു കഴിഞ്ഞപ്പോ ” എന്നാ പോയി അയൺ ചെയ്തോ” എന്ന പതിവ് ഡയലോഗ് വന്നു. ഞാൻ റൂമിലേക്ക് നടന്നു. അയൺ ചെയ്യൽ ഇല്ല എന്ന് എനിക്കല്ലേ അറിയൂ..

ഹരിയേട്ടൻ കോളേജിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോ വയറു വേദന തുടങ്ങി. എനിക്ക് ടെൻഷനും….

അത് തന്നെ… സാഹിത്യപരമായി പറഞ്ഞാൽ ‘ആ ചുവന്ന ദിനങ്ങൾ…’

വീട്ടിൽ ഇങ്ങനെ വന്നാൽപ്പിന്നെ അച്ഛമ്മ എന്നെ ഒന്നും തൊടീക്കില്ല. കട്ടിലിൽ കിടക്കാൻ പാടില്ല… എന്നും ഉപയോഗിക്കുന്ന തലയണ, ഷീറ്റ് ഒന്നും ഉപയോഗിക്കാൻ പാടില്ല…. എന്തിന് ആ ദിവസങ്ങളിൽ ആഹാരം കഴിക്കാൻ പോലും പ്രത്യേകം പാത്രം എടുത്തു വച്ചിട്ടുണ്ട്. നൂറ് കൂട്ടം നിയന്ത്രണങ്ങളാണ്. ഇവിടെയും അങ്ങനെ ആണോ ആവോ?

പേടിച്ചു പേടിച്ചാണ് അമ്മയോട് പറഞ്ഞത്.

“അത്രേ ഉള്ളൂ? ഇതൊക്കെ എല്ലാർക്കും ഉള്ളതല്ലേ? ഇങ്ങനെ ആയിക്കഴിഞ്ഞ് ഉറങ്ങിയാ എണീറ്റ് കുളിച്ചേക്കണം. ഇന്നിപ്പോ കുളിച്ചിട്ട് ഉറങ്ങീല്ലല്ലോ? അതോണ്ട് കുഴപ്പമില്ല. പൂജാമുറീൽ കേറണ്ട. പുറത്ത് നിക്കണ ആ തുളസീടെ അടുത്തോട്ട് പോണ്ട. അത്രേ ഉള്ളൂ… ”

അമ്മ നിസാരമായി പറഞ്ഞു.

” അപ്പൊ രാത്രി ബെഡിൽ കിടക്കാവോ? ”

” പിന്നെന്താ? ഇതൊക്കെ ദൈവം പെണ്ണുങ്ങൾക്ക് വച്ചിട്ടുള്ളതല്ലേ? ദൈവങ്ങൾക്ക് പോലും ഉണ്ടെന്നാ പറയണത്. ”

അങ്ങനെ പറഞ്ഞിട്ട് ഋതുമതിയാകുമ്പോ ശ്രീകോവിലിൽ നിന്നും പുറത്ത് എഴുന്നള്ളിച്ചിരുത്തുന്ന ഒരു ദേവിയുടെ കഥയും അമ്മ പറഞ്ഞു തന്നു.

സത്യത്തിൽ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി. വീട്ടിലെ പോലെ ആവുമെന്ന് കരുതിയതല്ലേ? അങ്ങനെ അല്ലല്ലോ എന്ന സമാധാനം.

വയറു വേദന എന്ന് പറഞ്ഞത് കൊണ്ട് പാത്രങ്ങൾ ഒക്കെ അമ്മ തന്നെ കഴുകി വച്ചു. വേദന മാറീട്ട് വീടൊക്കെ തൂത്താൽ മതിയെന്ന് പറഞ്ഞു.

ഒന്ന് കിടക്കണമെന്നുണ്ടായിയുന്നു. കിടന്നാൽ ചിലപ്പോ ഉറങ്ങിപ്പോയാലോ? എഴുന്നേൽക്കുമ്പോ പിന്നേം കുളിക്കണ്ടേ? അത് കൊണ്ട് കിടന്നില്ല. ബെഡിൽ ചാരി ഇരുന്നു.

വീട്ടിൽ ആണേൽ കിടക്കാം. ഉറങ്ങാം. പണി ഒന്നും ചെയ്യണ്ട. അച്ഛമ്മ ഒന്നിലും തൊടീക്കില്ലല്ലോ? പക്ഷെ സ്വാതന്ത്ര്യം ഇല്ല. ഇവിടെ അതുണ്ട്. അതാണല്ലോ ഏറ്റവും വലുത്. അത് കൊണ്ട് കിടക്കാൻ പറ്റില്ല എന്നുള്ളത് ഞാനങ്ങു സഹിച്ചു.

******

പിറ്റേന്ന് ശനിയാഴ്ച. ഹരിയേട്ടന് അവധിയാണ്. അത് കൊണ്ട് ആറ് മണിയായി ഉണർന്നപ്പോൾ….

സാവധാനം കാപ്പി കുടിയൊക്കെ കഴിഞ്ഞു അമ്മ അമ്പലത്തിൽ പോയി. ഉച്ചദീപാരാധന പത്തു മണിക്കാണ്. അത് കൂടെ തൊഴുതിട്ടെ വരൂ… അത് കൊണ്ട് കഴിച്ചിട്ടാണ് പോകാറ്. ഇവിടെ അടുത്ത് വിഷ്ണു ഭഗവാന്റെ അമ്പലമുണ്ട്. മിക്കവാറും ദിവസങ്ങളിൽ അമ്മ ഉച്ച ദീപാരാധന തൊഴാൻ പോകും.

ഞാൻ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞു പാത്രങ്ങളൊക്കെ കഴുകി വച്ചു.
ഉച്ചത്തേയ്ക്കുള്ള തേങ്ങ ചിരകി വയ്ക്കാമെന്ന് കരുതിയപ്പോഴാണ് എന്തൊക്കെയാണ് വേണ്ടത് എന്ന് അമ്മയോട് ചോദിച്ചില്ലല്ലോ എന്ന് ഓർത്തത്. നോക്കുമ്പോ തോരനുള്ളത് അമ്മ അരിഞ്ഞു വച്ചിരിക്കുന്നു.

എന്നാപ്പിന്നെ തോരൻ ഉണ്ടാക്കാമെന്ന് കരുതി. അമ്മയ്ക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ….

ഞാൻ തോരൻ ഉണ്ടാക്കിക്കൊണ്ട് നിന്നപ്പോ ഹരിയേട്ടൻ വന്നെന്റെ തോളിൽ കയ്യിട്ടു.

രാത്രി ഉമ്മ ചോദിക്കുമ്പോഴേ ചമ്മലുള്ളൂ… ഇപ്പൊ കുഴപ്പം ഒന്നുമില്ല എന്ന് തോന്നുന്നു.

“എന്താ പരിപാടി?”

“തോരൻ ഉണ്ടാക്കുവാ….”

“തനിക്ക് ഇതൊക്കെ അറിയോ?

” മ്മ്… Expert അല്ല…”

“അതൊക്കെ വഴിയേ ആയിക്കോളും….”

ഹരിയേട്ടൻ എന്റെ കൂടെ നിന്നു.

” അമ്മ വന്നാൽ ഇപ്പൊ എന്നെ ഓടിച്ചു വിടും. എന്നെ അടുക്കളേൽ കേറ്റില്ല. ആണുങ്ങൾ അടുക്കളേൽ കേറാൻ പാടില്ലാത്രേ… അമ്മയ്ക്ക് ചില വിശ്വാസങ്ങളുണ്ട്. പലതും പഴഞ്ചനാ… ചിലതൊക്കെ അമ്മ തന്നെ ഉണ്ടാക്കിയതും. അതൊക്കെ ഇനി ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും മാറാൻ പോണില്ല. വെറുതെ നമ്മൾ പറഞ്ഞു മുഷിയും എന്നേയുള്ളൂ… ”

ഈ കുറഞ്ഞ ദിവസം കൊണ്ട് എനിക്കത് ഏതാണ്ട് ബോധ്യപ്പെട്ടു വരുന്നുണ്ടല്ലോ?

തോരൻ അത്ര പാടുള്ള പണിയല്ലല്ലോ? അത് കൊണ്ട് പെട്ടെന്ന് കഴിഞ്ഞു. ഞങ്ങൾ വരാന്തയിൽ ചെന്ന് കുറച്ചു നേരം ഇരുന്നപ്പോഴേക്കും അമ്മ വന്നു.

അമ്മ അമ്പലത്തിൽ പോയി വന്നാൽ കുറച്ചു സമയം ഭാഗവതമോ നാരായണീയമോ ഒക്കെ വായിച്ചിരിക്കും. അത് കഴിഞ്ഞേ അടുക്കളയിൽ കയറാറുള്ളൂ… ഇന്നും അമ്മ വന്ന് അടുക്കളയിൽ പോയി വെള്ളം കുടിച്ച് വന്ന് നാരായണീയമെടുത്തതും ഹരിയേട്ടൻ പറഞ്ഞു…

” ഒരാള് അമ്മയ്ക്ക് സർപ്രൈസ് തരാനായിട്ട് തോരനൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.”

“കണ്ടു… മഞ്ഞൾപൊടി ഇടാതെ ഉണ്ടാക്കി വച്ചേക്കണത്.”

എടുത്തടിച്ചത് പോലെ ഒരു പറച്ചിലും, കയ്യിൽ എടുത്ത നാരായണീയം അവിടെത്തന്നെ വച്ചിട്ട് വെട്ടിത്തിരിഞ്ഞൊരു പോക്കും.

ഞാൻ ഫ്രീസായിപ്പോയി.

സത്യത്തിൽ എന്റെ വീട്ടില് മഞ്ഞൾ പോടീം മുളക് പോടീം ഉപ്പും തേങ്ങയും ജീരകോം വെളുത്തുള്ളീം ഒക്കെക്കൂടി മിക്സിയിൽ ഇട്ടൊരു കറക്ക് കറക്കി എടുക്കും. ഇവിടെ വറ്റൽ മുളക്കൊക്കെ അല്ലെ? അരയ്ക്കുന്നതും അമ്മിക്കല്ലിൽ… മഞ്ഞൾപ്പൊടീം ഉപ്പും ഉണ്ടാക്കാൻ നേരമേ ചേർക്കൂ… ഉപ്പ് ചേർത്തു. മഞ്ഞൾ ചേർക്കാൻ ഞാൻ വിട്ട് പോയി.

പാചകം അമ്മേടെ ഏരിയ ആണല്ലോ? അവിടെ ഞാൻ കൈ നടത്താൻ നോക്കിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.

🦋 മരുമകൾ 🦋 16

” ഒരാള് അമ്മയ്ക്ക് സർപ്രൈസ് തരാനായിട്ട് തോരനൊക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.”

“കണ്ടു… മഞ്ഞൾപൊടി ഇടാതെ ഉണ്ടാക്കി വച്ചേക്കണത്.”

എടുത്തടിച്ചത് പോലെ ഒരു പറച്ചിലും, കയ്യിൽ എടുത്ത നാരായണീയം അവിടെത്തന്നെ വച്ചിട്ട് വെട്ടിത്തിരിഞ്ഞൊരു പോക്കും.

ഞാൻ ഫ്രീസായിപ്പോയി.

സത്യത്തിൽ എന്റെ വീട്ടില് മഞ്ഞൾ പോടീം മുളക് പോടീം ഉപ്പും തേങ്ങയും ജീരകോം വെളുത്തുള്ളീം ഒക്കെക്കൂടി മിക്സിയിൽ ഇട്ടൊരു കറക്ക് കറക്കി എടുക്കും. ഇവിടെ വറ്റൽ മുളക്കൊക്കെ അല്ലെ? അരയ്ക്കുന്നതും അമ്മിക്കല്ലിൽ… മഞ്ഞൾപ്പൊടീം ഉപ്പും ഉണ്ടാക്കാൻ നേരമേ ചേർക്കൂ… ഉപ്പ് ചേർത്തു. മഞ്ഞൾ ചേർക്കാൻ ഞാൻ വിട്ട് പോയി.

പാചകം അമ്മേടെ ഏരിയ ആണല്ലോ? അവിടെ ഞാൻ കൈ നടത്താൻ നോക്കിയത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.

വായനയൊക്കെ കഴിഞ്ഞതും അമ്മ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിൽ എന്നോട് ഇങ്ങോട്ട് വന്ന് ഓരോന്ന് ചോദിച്ചു. അല്ലെങ്കിലും അങ്ങനെ ഒരു പ്രശ്നം ഉണ്ടാകാനും മാത്രം ഒന്നും ഉണ്ടായിരുന്നില്ലല്ലോ?

അമ്മയോട് ചോദിക്കാതെ ഞാൻ ഒരു കാര്യം ചെയ്തു. അമ്മയ്ക്ക് അത് ഇഷ്ടമായില്ല. അമ്മ അമ്മേടെ പ്രതിഷേധം അറിയിച്ചു. അതവിടെ തീർന്നു. അങ്ങനെ ആയിരിക്കും. ചിലപ്പോ അമ്മ അങ്ങനെ ഒന്നും മനസ്സിൽ വച്ച് പെരുമാറാത്ത സ്വഭാവക്കാരി ആയിരിക്കണം….

എന്തായാലും ഞാൻ പേടിച്ചത് പോലൊന്നും ഉണ്ടായില്ല. ആ പ്രശ്നം അവിടെ തീർന്നത് പോലെ തന്നെയായിരുന്നു അമ്മേടെ പിന്നീടുള്ള പെരുമാറ്റം.

******

വൈകിട്ട് പുറത്ത് പോകാമെന്നൊക്കെ തീരുമാനിച്ചിരിക്കുമ്പോഴാണ് രാജേഷേട്ടൻ ഹരിയേട്ടനെ എന്തോ ആവശ്യത്തിന് വിളിക്കുന്നത്. അങ്ങനെ ഔട്ടിങ് ക്യാൻസൽ ചെയ്ത് ഹരിയേട്ടൻ കൂട്ടുകാരന്റെ കൂടെ പോയി.

ഞാൻ ചായ കുടി കഴിഞ്ഞ് അമ്മേടെ ഒരു അന്തോം കുന്തോം ഇല്ലാത്ത കഥകളും കേട്ട് അങ്ങനെ ഇരിക്കുമ്പോഴുണ്ട് അതാ വരുന്നു അമ്മേടെ കൂട്ടുകാരി. ലോല മാമി.

അതോടെ ഞാൻ ഔട്ടായി.
അവര് ആരുടെയൊക്കെയോ എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ട്.. പകുതിയും കുറ്റങ്ങളാണ്. ഏതാണ്ട് ഒരു അര – ഒരു മണിക്കൂർ കൊണ്ട് ആ നാട് മുഴുവൻ കവർ ചെയ്തു എന്ന് തോന്നുന്നു.

എനിക്കാണേൽ നമ്മളുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത, ഒരു ശല്യത്തിനും വരാത്ത ആൾക്കാരുടെ കുറ്റങ്ങൾ ഇങ്ങനെ പറഞ്ഞു നടക്കുന്നതിനോട് തീരെ താല്പര്യം ഇല്ല.

എന്റെ അച്ഛമ്മയും ഈ മാമിയെപ്പോലെ തന്നെയായിരുന്നു. നാട്ടുകാരുടെ മുഴുവൻ കുറ്റോം പറയും. അത് കേട്ട് കേട്ട് ചെവി മരവിച്ചു പോയത് കൊണ്ടാവാം എനിക്കിപ്പോ അത് കേൾക്കുമ്പോഴേ തല പെരുക്കും. എണീറ്റ് പോകണം എന്നുണ്ടായിരുന്നു. ഞാൻ എണീറ്റ് പോയാലിനി അമ്മയ്ക്ക് എന്തെങ്കിലും തോന്നുന്നെങ്കിലോ? അതുകൊണ്ട് അവിടെ തന്നെ ഇരുന്നു.

” ചേച്ചി അറിഞ്ഞോ?”

“എന്താ ലോലെ?”
അമ്മയ്ക്ക് വല്ലാത്ത ആകാംഷ.

“ശോഭനേടെ മോള്ടെ കല്യാണം ഉറപ്പിച്ചു.”

” ആണോ? എവിടുന്നാ പയ്യൻ? ”

” വർക്കല അങ്ങോട്ട് എങ്ങാണ്ടാ… ചെറുക്കന് ജോലി കുവൈറ്റിലാ. ഇവരെപോലെ തന്നെ വല്യ പാണക്കാരാന്നാ കേട്ടത്.
ഇവിടത്തെ ഹരിക്ക് വേണ്ടി ആലോചിച്ചതല്ലേ ആ കൊച്ചിനെ?”

” ഹമ്… എന്തെയ്യാം? ജാതകം ചേരണ്ടേ?”

അമ്മയ്ക്ക് നിരാശ.

” നല്ലതായിരുന്നു…. പൂത്ത കാശല്ലേ? പോരാത്തേന് ആ കൊച്ചു ഡോക്ടറും….”
ലോല മാമി എന്നെ ഒന്ന് ഒളി കണ്ണിട്ട് നോക്കി.

” അതുമാത്രമല്ലല്ലോ? ആ അംബിക ടീച്ചറിന്റെ മോളേം ആലോചിച്ചതല്ലേ? എല്ലാരും ഇങ്ങോട്ട് വന്നാ ചോദിച്ചത്. ഇവന്റെത് ശുദ്ധ ജാതകം അല്ലേ? അതാ ഒന്നും ചേരാതെ പോയത്.”

അമ്മ നെടുവീർപ്പിടുന്നു.

” അത്രേം തങ്കപ്പെട്ട സ്വഭാവം അല്ലെ നമ്മടെ കൊച്ചിന്റെ…? അതാ ഓരോരുത്തര് ഇങ്ങോട്ട് വന്ന് ചോദിച്ചത്. എന്തെങ്കിലും ഒരു ദുഃശീലം ഉണ്ടോ? ങേഹേ….”

” ഞാൻ അങ്ങനാ അവനെ വളർത്തീത്. അതുവല്ല.. സ്വത്ത്‌ ഇത്തിരി കുറവാണേലും നല്ല ജോലിയല്ലേ? കേറീട്ടിപ്പോ രണ്ട് കൊല്ലേ ആയുള്ളൂ… എന്നാലും അമ്പതിനായിരത്തിന് പുറത്തില്ലേ ശമ്പളം? അല്ലേലും ആമ്പിള്ളരെ സ്വത്തൊക്കെ ആര് നോക്കാൻ?”

എനിക്കെന്തോ അതൊക്കെ കേട്ടപ്പോൾ വല്ലാത്തൊരു അസ്വസ്ഥത. നെഞ്ചിൽ ഒരു കൊളുത്തി പിടുത്തം. എണീറ്റ് പോയാ മതി എന്നൊക്കെ തോന്നുന്നുണ്ടെനിക്ക്. ഞാൻ കൂടെ ഇരിക്കുമ്പോഴെങ്കിലും ഇവർക്ക് ഇങ്ങനെ സംസാരിക്കാതിരുന്നൂടെ എന്ന് തോന്നിപ്പോയെനിക്ക്.

കുറച്ച് നേരം കൂടി സംസാരിച്ചിരുന്നിട്ട് ലോല മാമി എണീറ്റു പോയി.

അവര് പോയി കഴിഞ്ഞതും ഹരിയേട്ടന് വന്ന കൊമ്പത്തുള്ള ആലോചനകളുടെ ഒരു നീണ്ട നിര തന്നെ അമ്മ എന്റെ മുമ്പിൽ നിരത്തി.

” ഈ ശോഭനേടെ മോളില്ലേ? ഇച്ചിരി വണ്ണമൊണ്ട്. എന്നാലും നല്ല സുന്ദരി കൊച്ചാ…

ശോഭനയ്ക്ക് വലിയ താല്പര്യം ആയിരുന്നു. ഹരിയെക്കൊണ്ട് ആ കൊച്ചിനെ കല്യാണം കഴിപ്പിക്കാൻ. ശോഭന മാത്രോല്ല. വേറേം കുറേപ്പേര് ചോദിച്ചതാ ഹരിക്ക് വേണ്ടി….

അവനും അവന്റെ അച്ഛനുമൊക്കെ ജോലിയൊള്ള കൊച്ചിനെ നോക്കിയാ മതീന്നാരുന്നു… അങ്ങനെ തന്നാ നോക്കിക്കൊണ്ടിരുന്നത്. അവന്റെ ശുദ്ധ ജാതകമല്ലേ? ഒന്നും ചേർന്നില്ല.

ഇതിപ്പോ മോൾടതും ശുദ്ധജാതകം ആയോണ്ട് ചേർന്നതാ.

കുറെ നോക്കിയിട്ടും ഒന്നും ഒത്തു വരാതായപ്പോ ഞാനാ പറഞ്ഞെ ഇനിയിപ്പോ വലിയ ആൾക്കാരെയൊന്നും നോക്കണ്ട. സ്വത്തും പണോം ഒന്നും ഇല്ലാത്ത പാവം പിടിച്ച പിള്ളേരെ വല്ലോം നോക്കിയാ മതീന്ന്.. അതാവുമ്പോ നമ്മുടെ കൂടെ നിക്കൂല്ലോ?

അപ്പഴും അച്ഛനു വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു കേട്ടോ. മക്കക്ക് അറിഞ്ഞൂടെ? അച്ഛന്റെ ബന്ധുക്കളൊക്കെ കളക്ടറും ഡോക്ടറും ഒക്കെയാ. അപ്പ പിന്നെ സ്വന്തം മോനും അങ്ങനെ വല്ലതും നോക്കണം എന്ന് തോന്നിക്കാണും. ”

എനിക്ക് കരച്ചില് വന്ന് തൊണ്ടേൽ തട്ടി. എന്താ അവര് പറഞ്ഞത്? അവരുടെ ഔദാര്യം ആണീ കല്യാണം എന്നല്ലേ? എനിക്ക് അർഹത ഇല്ലാത്തത് എന്തോ അവര് ദാനം തന്നെന്ന്… അത് കൊണ്ട് അവര് പറയുന്നതൊക്കെ കേട്ട് ഞാൻ നിൽക്കണമെന്ന്… അങ്ങനെ അല്ലെ?

അതോ ഇതൊക്കെ എന്റെ ഓവർ തിങ്കിങ് ആണോ? അമ്മ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ? ഞാൻ പണ്ടേ ഇങ്ങനെ ആവശ്യമില്ലാതെ ചിന്തിച്ചു കൂടിയുന്നതാണ്…

” പക്ഷേ മക്കള്ടെ ഫോട്ടോ കണ്ടപ്പ എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു. ഞാൻ പറഞ്ഞു ഇനി വേറൊന്നും നോക്കണ്ട ഇതു മതീന്ന്. ഹരിയും എന്റെടുത്ത് ഇടയ്ക്ക് ചോദിച്ചു… ഇത് വേണോ അമ്മ… നമുക്ക് വേറെ നോക്കിക്കൂടേന്ന്…

അവൻ പി എച്ച് ഡി ചെയ്ത ഗൈഡ് ഇല്ലേ? ആ സാറ് ചോദിച്ചെന്ന്… അങ്ങേർക്ക് ഇവന്റെ അടുത്ത് വലിയ കാര്യമാണ്. പഠിക്കാൻ ഒക്കെ മിടുമിടുക്കൻ അല്ലായിരുന്നോ? അങ്ങേര് ഏതോ ഒന്ന് രണ്ട് പിള്ളേരെ നോക്കി വെച്ചിരുന്നെന്ന്…..

മക്കളുടെ ആലോചന പറഞ്ഞപ്പോ അങ്ങേർക്ക് എന്തോ താല്പര്യക്കുറവ്. അങ്ങേര് ഓരോന്ന് പറഞ്ഞപ്പോൾ ഹരിക്കും എന്തെങ്കിലും തോന്നിക്കാണും. അതാ അവൻ എന്റെടുത്ത് വന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു എനിക്ക് മരുമോളായിട്ട് ഈ കൊച്ചിനെ മതി. വേറെ നോക്കേ വേണ്ടാന്ന്…. ”

കൂടുതൽ അമ്മയെ പറയാൻ സമ്മതിക്കാതെ ലാൻഡ് ഫോൺ ബെല്ലടിച്ചു. അമ്മ എണീറ്റ് പോയി.

ഞാൻ റൂമിലേക്കോടി… കേട്ടതൊക്കെ തന്നെ എനിക്ക് ധാരാളം ആയിരുന്നു.

കട്ടിലിൽ കിടന്ന് കുറേ കരഞ്ഞു.
എന്നിട്ടും നെഞ്ച് വിങ്ങുന്നു. കുറച്ചു നേരംകൂടി അങ്ങനെ കിടന്നപ്പോ ഇത്തിരി ആശ്വാസം കിട്ടി.

മുഖം കഴുകി വെളിയിൽ ചെന്നു. കരഞ്ഞത് അറിയുമോ ആവോ?

“മക്കൾ ഇത് എവിടെ പോയതാ?”

അതിയായ സ്നേഹത്തോടെയാണ് ചോദ്യം. എന്റെ അമ്മ ചോദിക്കാറുള്ളത് പോലെ… മക്കളേന്നേ വിളിക്കാറുള്ളൂ,.. എന്റെ അമ്മേ പോലെ…

ഇതൊക്കെ എങ്ങനെ കള്ളത്തരമാകും?

ചുമ്മാ ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതാ… ചിലപ്പോ അമ്മ പറഞ്ഞത് പോലെ അച്ഛനും ഹരിയേട്ടനും ജോലിയുള്ള കുട്ടിയെ മതിയെന്ന് ഉണ്ടായിരുന്നിട്ടുണ്ടാകും. അതാവും ചിലപ്പോ അച്ഛൻ എന്നോട് അധികം മിണ്ടാത്തത്.

ഞാൻ അമ്മയ്ക്ക് മറുപടി കൊടുത്തില്ല. തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു…

” മണി ഏഴായാ? സീരിയല് തുടങ്ങിക്കാണും. ടി വി ഇടട്ടെ….
മോള് കാണാൻ വരുന്ന?”

ഞാൻ “ഇല്ലമ്മാ ” എന്ന് പറഞ്ഞതും…

” ദേണ്ടേ… സീരിയൽ തുടങ്ങാൻ നേരമായി. ടി വി ഇടാതെ ഇതെവിടെ പോയി കിടക്കുവാ?” എന്നും ചോദിച്ച് അച്ഛനോട് ചൂടായിക്കൊണ്ട് അമ്മ ടി വി റൂമിലേക്ക് പോയി. ഞാൻ പിന്നെയും എന്റെ റൂമിലേക്കു നടന്നു.

എനിക്ക് ഈ സീരിയലിനോടൊന്നും പണ്ടേ താല്പര്യമില്ല.

റൂമിൽ ചെന്നിരുന്നപ്പോ വല്ലാതെ ബോറടിച്ചു. കൂടെ നേരത്തെ കേട്ടതൊക്കെ ഇപ്പോഴും മനസ്സിൽ കിടന്ന് നീറുന്നുണ്ട്.

റൂമിൽ ഒരു ടേബിൾ ഇട്ടിട്ടുണ്ട്. അതിന്റെ മുകളിൽ കുറച്ചു ബുക്സും പേപ്പറുകളും അടുക്കി വച്ചിട്ടുണ്ട്. അവിടെയിരുന്ന് ഹരിയേട്ടൻ ചിലപ്പോ രാത്രി എന്തെങ്കിലുമൊക്കെ എഴുതുന്നത് കാണാം.

ഞാൻ ടേബിളിന് അടുത്തു കിടന്ന രണ്ടു കുഞ്ഞ് ചെയറുകളിൽ ഒന്നിൽ ചെന്നിരുന്നു. ടേബിളിന് മുകളിൽ നിന്നും ഒരു വൈറ്റ് പേപ്പറും പെൻസിൽ എടുത്തു വച്ചു.

സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ എനിക്ക് കവിത എഴുതുന്ന ‘അസുഖം’ ഉണ്ടായിരുന്നു.

വെറുതെ ഇരുന്നോ പഠിച്ചോ ഒക്കെ ബോറടിക്കുമ്പോൾ നാലുവരി എഴുതി വയ്ക്കും. എന്റെ അമ്മയും മീനും മധുവും അല്ലാതെ വേറെ ആരും അതൊന്നും കണ്ടിട്ടില്ല.

മീനൂന് എന്റെ കവിതകൾ ഭയങ്കര ഇഷ്ടമാണ്. അവൾ ഞാൻ എഴുതുന്നത് ഒക്കെ എടുത്ത് എഫ് ബി യിൽ സ്റ്റാറ്റസ് ഇടും. എന്റെ പേര് വയ്ക്കരുത് എന്ന് പറഞ്ഞ് ഞാൻ അടിയിടുന്നത് കൊണ്ട് പേര് വയ്ക്കില്ല. കടപ്പാട് എന്ന് വയ്ക്കുന്നത് കാണാം.

ചുമ്മാ ഓരോന്ന് കുത്തി കുറിച്ചിരുന്ന് ടേബിളിൽ തല വച്ച് കിടന്ന് ഞാൻ ഉറങ്ങിപ്പോയി.

ആരോ ചേർന്നിരിക്കുന്നത് അറിഞ്ഞാണ് ഞെട്ടിപ്പിടിഞ്ഞ് കണ്ണ് തുറന്നത്.

*****