Karimizhi

The World of Malayalam Stories

തുടർക്കഥകൾ

നിനക്കായ് : ഭാഗം 49

രചന – കണ്ണന്റെ മാത്രം

കെട്ട് കല്യാണത്തിന്റെ അന്ന് രാവിലെ  ജെനിയുടെ വീട്ടിൽ നല്ല തിരക്കിൽ ആണ് എല്ലാവരും. ഡേവിയുടെ അവിടേക്ക് കുറച്ച് ദൂരം ഉള്ളതുകൊണ്ട് നേരത്തേ ഇറങ്ങണം. അതുകൊണ്ട് തന്നെ ജെനിയും അതിരാവിലെ  എഴുന്നേറ്റിട്ടുണ്ട്. ജെനിക്ക് സന്തോഷമാണോ സങ്കടമാണോ തോന്നുന്നത് എന്ന് മനസിലാകുന്നുണ്ടായില്ല. എല്ലാവരെയും പിരിയേണ്ടത് ആലോചിക്കുമ്പോൾ  സങ്കടം തോന്നുന്നുണ്ടെങ്കിലും ജാനി മോളുടെ കാര്യം ആലോചിക്കുമ്പോൾ ചെറിയ ഒരു സന്തോഷവും തോന്നുന്നുണ്ട്.. അതേ സമയം തന്നെ ഡേവിയുടെ കുസൃതി നിറഞ്ഞ മുഖം അവളുടെ ഉള്ളിൽ ഒന്നു മിന്നിമാഞ്ഞു. അവൾ ഞെട്ടിക്കൊണ്ട് തലയൊന്ന് കുടഞ്ഞുകൊണ്ട് കുളിക്കാനായി പോയി. ജെനി കുളി കഴിഞ്ഞിറങ്ങുമ്പോഴേക്കും ബ്യൂട്ടീഷ്യൻ വന്നിരുന്നു അവളെ ഒരുക്കാനായി. ഒരുങ്ങി ഇറങ്ങിയ ജെനിയെ കണ്ട് മാത്യുവിനും മേരിയമ്മക്കും സന്തോഷം സഹിക്കാൻ പറ്റുന്നുണ്ടായില്ല. ഇത്രപെട്ടന്ന് അവൾക്കൊരു ജീവിതം പ്രതീക്ഷിച്ചിരുന്നില്ല അതും ഇത്രേം സ്നേഹമുള്ള ഒരു കുടുംബം. അവിടെ ഉണ്ടായിരുന്ന മറിയത്തിനും കുടുംബത്തിനും ഒഴികെ എല്ലാവർക്കും സന്തോഷം തന്നെ ആയിരുന്നു. ജെനിയുടെ തലതൊട്ടപ്പനും തലതൊട്ടമ്മയും ആയ മാർക്കോസിനും ലിസമ്മക്കും തന്നെ ആണ് ഇറങ്ങാൻ നേരം ജെനി ആദ്യം സ്തുതി കൊടുത്തത്.

ആ സമയത്താണ് ജോസഫും വല്യപ്പച്ചനും വല്യമ്മച്ചിയും കൂടി വന്നത്. മാത്യുവും മേരിയമ്മയും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ജെനിയും അവരുടെ അടുത്തേക്ക് പോയി. ജോസഫ് തന്റെ വകയായിട്ട് എന്നും പറഞ്ഞ് ആ സമ്മാനം അവൾക്ക് കൊടുത്തു. ജെനി ആദ്യം അത് വാങ്ങാൻ കൂട്ടാക്കിയില്ല.

മോള് എന്നെ നിന്റെ പപ്പയായി കണ്ടിട്ടുണ്ടെങ്കിൽ ഇത് വാങ്ങണം. ഇത് ഞാൻ എന്റെ മോൾക്ക് ആയി തരുന്നത് ആണ്. നിന്റെ പപ്പയുടെ മാത്രം അദ്ധ്വാനം ആണ്. വേറെ ആർക്കും ഇതിൽ അവകാശം ഇല്ല… ജോസഫ് പറഞ്ഞു.

വാങ്ങ് മോളെ അവൻ സ്നേഹത്തോടെ തരുന്നതല്ലേ..വല്യപ്പച്ചൻ കൂടി പറഞ്ഞപ്പോൾ അവൾ മാത്യൂസിനെ നോക്കി അയാളും കണ്ണ് ചിമ്മി കാട്ടിയപ്പോൾ അവൾ അത് വാങ്ങി. വല്യമ്മച്ചി അവളുടെ കൈയിൽ ഈ രണ്ട് തടവള വീതം ഇട്ടുകൊടുത്തു. പിന്നെ നെറ്റിയിലായി ഒന്നു മുത്തി.
എല്ലാവർക്കും സ്തുതി കൊടുത്തു അവസാനം മാത്യുവിനും മേരിയമ്മക്കും അടുത്തായി എത്തിയതും രണ്ടുപേരും അവളെ ഒരുപോലെ കെട്ടിപിടിച്ചു. ആ കൂടെ ക്രിസ്റ്റി കൂടി ആയതും നാലുപേരുടെ മിഴികളും ഒരുപോലെ നിറഞ്ഞൊഴുകി..

ഹാ.. നീയാ കൊച്ചിനെ കൂടെ കരയിക്കാണോ..മാത്യൂസിന്റെ തോളിൽ ഒന്ന് തട്ടികൊണ്ട് മാർക്കോസ് പറഞ്ഞു. മേരിക്കുട്ടി കരയാതെ. ഇന്ന് നല്ലൊരു കാര്യത്തിന് ഇറങ്ങുമ്പോ ഇങ്ങനെ കരഞ്ഞുകലങ്ങിയ കണ്ണോടെ ഇറങ്ങല്ലേ. കണ്ണും മുഖവും ഒക്കെ തുടച്ചിട്ട് വേഗം ഇറങ്ങാൻ നോക്ക്. നേരം വൈകി ഇപ്പോഴേ. കുറച്ചങ്ങോട്ട് ഓടി എത്താൻ ഉള്ളതല്ലേ.. മാർക്കോസ് പറഞ്ഞു.

അതോടെ അവർ കണ്ണും മുഖവും ഒക്കെ തുടച്ച് പോകാനായി ഇറങ്ങി. ജെനിയെ സ്നേഹിക്കുന്ന എല്ലാവരും ഈ പടിയിറക്കം അവൾക്ക് സന്തോഷത്തിലേക്ക് ഉള്ളതാവണേ എന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു. ഒരുവന്റെ ഹൃദയത്തിൽ രാജ്ഞിയായി വാഴനാണ് അവളുടെ ഈ പടിയിറക്കം എന്ന് അവൾക്കടക്കം ആർക്കും അപ്പോൾ അറിയില്ലായിരുന്നു.

………………

ഡേവിയുടെ ഉള്ളിലെ സന്തോഷം എത്ര അടക്കിപ്പിടിച്ചിട്ടും അവന്റെ മുഖത്ത് കാണാമായിരുന്നു. എബിക്കൊഴികെ ആ വീട്ടിൽ ഉള്ള ആർക്കും ഡേവിയുടെ സന്തോഷത്തിന്റെ കാരണം മനസിലാകുന്നുണ്ടായില്ല. എല്ലാവരും കരുതി ജാനിമോൾക്ക് നല്ലൊരു അമ്മയെ കിട്ടാൻ പോകുന്നതിന്റെ ആണെന്ന്. എബിക്ക് മാത്രം ഡേവിയുടെ മുഖം കാണുമ്പോൾ ഒരുപോലെ സന്തോഷവും സങ്കടവും വരുന്നുണ്ടായിരുന്നു. ഡേവിയുടെ ആദ്യ കല്യാണസമയത്ത് നിർചീവമായിരുന്ന അവന്റെ കണ്ണുകൾ ഇപ്പൊ പൂത്തിരി കത്തിയോണം ആണ് പ്രകാശിക്കുന്നത്. ഇത്രയും നാളും കരുതിയത് ജെനിയെ കിട്ടിയത് ചേട്ടായിയുടെ ഭാഗ്യം എന്നായിരുന്നു. ഡേവിയുടെ ഭ്രാന്തമായ പ്രണയത്തിന്റെ വ്യാപ്തി അറിഞ്ഞതോടെ ഉറപ്പിച്ചു  ജെനി ഏതോ ജന്മത്തിൽ ചെയ്ത പുണ്യത്തിന്റെ ഫലമാണ് ചേട്ടായിയെ അവൾക്ക് കിട്ടുന്നത്. അത്രേം അധികം ആ മനുഷ്യൻ സ്നേഹിക്കുന്നുണ്ട് അവളെ.ഇപ്പൊ ഒരേഒരു പ്രാർത്ഥനയെ ഉള്ളൂ എത്രയും പെട്ടന്ന് ജെനി ചേട്ടായിയുടെ പ്രണയം തിരിച്ചറിയണം തിരികെ പ്രണയിക്കുകയും വേണം… ആ ഒരു കാഴ്ച ആണ് ഇപ്പൊ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്. ആ സമയത്ത് ആണ് ഡേവി അവനെ വന്ന് തട്ടുന്നത്.

എന്താടാ.. കുറെ നേരമായല്ലോ നീ എന്നെത്തന്നെ നോക്കുന്നു. എന്താ കാര്യം..

അതോടെ എബി അവനെ മുറുക്കെ കെട്ടിപിടിച്ചു. അവർ അങ്ങനെ കെട്ടിപിടിച്ചു നിൽക്കുമ്പോൾ ആണ് ബാക്കി പിള്ളേര് പട അങ്ങോട്ട് എത്തുന്നത്..

ആഹാ… ഞങ്ങൾ ഇല്ലാതെ ഒരു കെട്ടിപ്പിടിത്തമോ..സമ്മതിക്കില്ല ഞാൻ.. അതുംപറഞ്ഞിട്ട് അലൻ അവരെ രണ്ടുപേരെയും ചേർത്ത് കെട്ടിപ്പിടിച്ചു. അതോടെ ബാക്കി പിള്ളേരും അവരെ കെട്ടിപ്പിടിച്ചു.

അവരുടെ പരസ്പരം ഉള്ള സ്നേഹം കണ്ടപ്പോൾ മുതിർന്നവർ എല്ലാവർക്കും സന്തോഷമായി. എങ്കിലും ഇനിയും നിന്നാൽ വൈകും എന്ന് ഓർത്തുകൊണ്ട് ജേക്കബ് പറഞ്ഞു..

അതേ കെട്ടിപിടിത്തം ഒക്കെ പിന്നെ ആവാം ഇനിയും ഇറങ്ങിയില്ലെങ്കിൽ വൈകും അവർ അവിടെ പള്ളിയിൽ എത്താറായിട്ടുണ്ടാവും.

അതോടെ പിള്ളേര് എല്ലാം മാറിനിന്നു. ഡേവി എല്ലാവർക്കും സ്തുതി കൊടുത്ത് എൽസിയുടെ കൈയിൽ വെള്ളഫ്രോക്കിട്ട് ഒരു മാലാഖയെ പോലെ ഇരിക്കുന്ന കുഞ്ഞിപ്പെണ്ണിനെ വാങ്ങിക്കൊണ്ടു പുറത്തേക്ക് ഇറങ്ങി.

ഡേവിയും കൂട്ടരും പള്ളിയിലെത്തിയ ഏകദേശം അതേ സമയത്ത് തന്നെ ആണ് ജെനിയൊക്കെ വന്നത്. കാറിൽ നിന്നറങ്ങുന്ന ജെനിയെ കണ്ടതും കണ്ണുവെട്ടാതെ നോക്കിനിന്നു പോയി ഡേവി. പിന്നെ എബി വന്ന് ഒന്നു തട്ടിയപ്പോൾ ആണ് അവന് ബോധം വന്നത്. അവൻ ഒരു കള്ളചിരിയോടെ കണ്ണ് വെട്ടിച്ചു.

മിന്നുകെട്ടിനായി ആ തിരുരൂപത്തിന് മുന്നിൽ നിൽക്കുമ്പോൾ ജെനിക്ക് ഒരേഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ. ഇനിയും പരീക്ഷിക്കരുതേ എന്ന്. ഡേവിയെ കുറിച്ച് അറിയാമെങ്കിലും എന്തോ ഇനിയൊരു തകർച്ച താങ്ങാൻ പറ്റില്ല എന്നൊരു തോന്നൽ. പ്രത്യേകിച്ചും മോളുടെ കാര്യത്തിൽ. ഡേവി പക്ഷേ ഒരു നന്ദി പറച്ചിലിൽ ആയിരുന്നു.  അവന്റെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ കണ്ട് അവളെ അവനായി തിരികെ നൽകിയ അവന്റെ നാഥനോടുള്ള നന്ദി..

കുടുംബക്കാരുടെയും ബന്ധുക്കളുടെയും സാനിധ്യത്തിൽ എല്ലാത്തിനും നാഥനായ ആ തിരുരൂപത്തെ സാക്ഷി ആക്കി കൊണ്ട് ഡേവി അവന്റെ മാലാഖ പെണ്ണിനെ തന്റെതാക്കി. ഒരുനിമിഷം അവരെ സ്നേഹിക്കുന്ന എല്ലാവരും
ഇനിയുള്ള അവരുടെ നല്ല ജീവിതത്തിനു വേണ്ടി പ്രാർത്ഥിച്ചു.

പള്ളിയിലെ ചടങ്ങുകൾ കഴിഞ്ഞതും അതിനടുത്തായിട്ടുള്ള അവരുടെ തന്നെ കൺവെൻഷൻ സെന്ററിലേക്ക് എല്ലാവരും പോയി . അവിടെ ആണ് വിരുന്ന് ഒരിക്കിയിട്ടുണ്ടായിരുന്നത്.എത്ര കുറക്കാൻ നോക്കിയിട്ടും ബന്ധുക്കളും സുഹൃത്തുക്കളും ആയിട്ട് അത്യാവശ്യത്തിനു ആളുണ്ടായിരുന്നു പരിപാടിക്ക്. ഡേവിയും ജെനിയും ജാനിമോളും സ്റ്റേജിൽ സ്ഥാനം പിടിച്ചു. കെട്ട് കഴിഞ്ഞ സമയത്ത് ജെനിയുടെ കൈയിൽ സ്ഥാനം പിടിച്ചതാണ് ജാനിമോൾ. പിന്നെ വേറെ ആരുടെ കൈയിലും പോകാൻ കൂട്ടക്കുന്നുണ്ടായിരുന്നില്ല ആശാത്തി.. ജെനിക്കും അവൾ കൈയിൽ ഇരിക്കുന്നത് സന്തോഷം ആയതുകൊണ്ട് അവളും കുഞ്ഞിനെ എടുക്കാൻ വന്നവരെ തടുത്തു.

ക്രിസ്റ്റി കുറച്ചു ദിവസം ആയി ദിയയുടെ പെരുമാറ്റം ശ്രദ്ധിക്കുന്നു. അവൻ നോക്കാത്ത സമയങ്ങളിൽ മുഴുവൻ അവളുടെ കണ്ണുകൾ അവന്റെ മുഖത്താണ് എന്ന് അവന് മനസ്സിലാകുന്നുണ്ടായിരുന്നു പക്ഷേ പണ്ടത്തെപോലെ അവന്റെ മുന്നിൽ വന്ന് നിൽക്കാനോ സംസാരിക്കാനോ അവൾ ശ്രമിക്കുന്നില്ല എന്ന് മാത്രം അല്ല അങ്ങാനും കണ്ണുകൾ തമ്മിൽ  ഇടഞ്ഞാൽ ഉടനെ അവൾ പിടച്ചലോടെ നോട്ടം മാറ്റും. പക്ഷേ അവനെ അസ്വസ്ഥനാക്കുന്നത് അതൊന്നും അല്ല ഓരോ തവണയും അവളുടെ കണ്ണിൽ കാണുന്ന ആ നീർതിളക്കം  അതാണ് അവനെ ആശയകുഴപ്പത്തിൽ ആക്കുന്നത്. എപ്പോഴെങ്കിലും അവളെ തനിയെ കിട്ടുമ്പോൾ സംസാരിക്കണം എന്ന് അവൻ ഉറപ്പിച്ചു.

സ്റ്റേജിൽ ഫോട്ടോ എടുപ്പ്  തകർത്തു നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മമാർ സെറ്റ് അങ്ങോട്ട് വന്നത് കൂടെ അന്നയും ദിയയും മേരിയമ്മയും ഉണ്ട്. ഡേവി ഇനി മന്ത്രക്കോടി ഉടുത്തിട്ടു ആവാം ഫോട്ടോ എടുപ്പ് ഇപ്പൊ കുറച്ച് എടുത്തില്ലേ ഈ വേഷത്തിൽ. നീ മാറുന്നുണ്ടോ….

ശരി മമ്മി.. ഇല്ല മമ്മി. നിങ്ങൾ പോയി വാ..

വാ മോളെ.. എൽസി വന്ന് ജെനിയെ വിളിച്ചതും അവൾ ഡേവിയെ ഒന്ന് നോക്കി. അവൻ അവളെ നോക്കി ഒന്ന് കണ്ണുചിമ്മിക്കാട്ടി. അതോടെ പിടച്ചലോടെ കണ്ണുവെട്ടിച്ചുകൊണ്ട് അവൾ അവരുടെ കൂടെ പോയി. ജാനി മോളും ആ കൂടെ പോയി.

സ്റ്റേജിൽ ഡേവിയും എബിയും അലനും ഏദനും കൂടി നിന്ന് വർത്തമാനം പറയുന്ന നേരത്താണ് ആൻസി ഒരു ഗിഫ്റ്റും കൊണ്ട് അങ്ങോട്ട് കയറി വന്നത്. അവളെ കണ്ട ബാക്കി മൂന്നുപേരുടെ മുഖത്ത് ദേഷ്യം നിറഞ്ഞെങ്കിൽ ഡേവിയുടെ മുഖത്ത് ഒരു പുച്ഛചിരിയാണ് വിരിഞ്ഞത്. ഈ ഒരു വരവ് അവൻ പ്രതീക്ഷിച്ചിരുന്നു എന്ന് അവന്റെ മുഖഭാവം വിളിച്ചുപറയുന്നുണ്ട്.

ബെസ്റ്റ് വിഷസ് ഡേവിഡ്.. ആൻസി അവളുടെ കൈയിലെ ഗിഫ്റ്റ് അവന് നേരെ നീട്ടികൊണ്ട് പറഞ്ഞു.

താങ്ക് യൂ.. അവനും അത് അവളുടെ കൈയിൽ നിന്നും വാങ്ങിക്കൊണ്ട് പറഞ്ഞു.

അല്ല എവിടെ നിന്റെ മണവാട്ടി. കെട്ട് കഴിഞ്ഞപ്പോഴേക്കും നിന്നെ വേണ്ടാന്ന് വച്ചോ… ഒരു കുടുംബ ജീവിതത്തിന് ഒന്നും നിന്നെക്കൊണ്ട് കൊള്ളില്ല ഡേവി. ഇവളും നിന്നെ ഉപേക്ഷിച്ചുപോകും. നീ നോക്കിക്കോ.. ആൻസി ഒരു പുച്ഛത്തോടെ ഡേവിയോടായി പറഞ്ഞു. ഡേവി അപ്പോഴും ഒരു ചിരിയോടെ നിന്നു പക്ഷേ ബാക്കി മൂന്നുപേരുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി..

ചേട്ടായി ചില പുഴുത്തപട്ടികൾ ഉണ്ട്. അവർക്ക് ഒരു വിചാരം ഉണ്ട് എല്ലാവരും അവരെ പോലെ ആണെന്ന്. ഒരു എല്ലും കഷ്ണം കാണുമ്പോഴേക്കും അതിന്റെ പിന്നാലെ പോകുമെന്ന്…എന്താ ചെയ്യാ അല്ലേ ഓരോ തെറ്റിദ്ധാരണ.. അലൻ ഒരു പുച്ഛ ചിരിയോടെ എന്നാൽ കണ്ണിൽ നിറഞ്ഞ ദേഷ്യത്തോടെ എബിയോടായി പറഞ്ഞു.

എന്തു ചെയ്യാനാടാ നല്ല തന്തക്ക് പിറക്കാത്തതിന്റെ പ്രശ്നം ആണ് പറഞ്ഞിട്ട് കാര്യമില്ല അതല്ലേ വർഗം.. എബിയും പറഞ്ഞു

ആൻസിക്ക് അവളുടെ തൊലി ഉരിഞ്ഞു പോകുന്നത് പോലെ തോന്നി. ഇതുപോലെ ഇത്രയും തരംതാണ രീതിയിൽ ഒരു അപമാനം അവൾക്ക് ആദ്യം ആയിരുന്നു. അവൾ ദേഷ്യത്തോടെ എബിയേയും അലനെയും നോക്കി.

എന്നെ ഇങ്ങനെ അപമാനിച്ചതിന് ഉള്ളത് നിങ്ങൾക്ക് കിട്ടും സൂക്ഷിച്ചോ..അവൾ അവരോട് പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

ഒന്നവിടെ നിന്നേ… ഡേവി പറഞ്ഞതും അവൾ തിരിഞ്ഞുനോക്കാതെ അങ്ങനെ തന്നെ നിന്നു. ഡേവി അവളുടെ അടുത്തേക്ക് പോയി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു
എന്റെ പെണ്ണിന് നേരെ ഇറങ്ങി തിരിച്ച നിന്റെ തന്തയുടെ അവസ്ഥ കണ്ടല്ലോ എനിക്ക് വേണ്ടപ്പെട്ട ആർക്ക് എതിരെ തിരിയുമ്പോഴും അത് ഒന്ന് ഓർക്കുന്നത് നല്ലതാവും.. കേട്ടല്ലോ..

അവൾ അവനെ ഒന്ന് മുഖം തിരിച്ച് നോക്കി ചിരിയോടെ ആണ് അത് പറഞ്ഞതെങ്കിലും അവന്റെ കണ്ണിലെ അപ്പോഴത്തെ ഭാവം അവളെ ഭയപ്പെടുത്തി. വല്ലാത്തൊരു വന്യത ഉണ്ടായിരുന്നു അവന്റെ കണ്ണുകളിൽ.

ആൻസിയുടെ മുഖം വിളറിവെളുത്തു. അവൾ ഒന്നും പറയാതെ വേഗം തന്നെ അവിടെ നിന്നും പോകാനായി ഇറങ്ങി.

അവൾ പടിയിറങ്ങുന്ന സമയത്താണ് മന്ത്രക്കോടി ഉടുത്തു വരുന്ന ജെനിയെയും അവളുടെ കൈയിൽ അവളുടെ സാരിയുടെ അതേ കളർ ഉടുപ്പും ഇട്ടിരിക്കുന്ന ജാനിമോളെയും കാണുന്നത്. മേരിയമ്മയുടെയും ജെനിയുടെയും ഒഴികെ ബാക്കി എല്ലാവരുടെയും മുഖം അവളെ കണ്ട നിമിഷം ഇരുളുന്നത് അവൾ കണ്ടു. അവൾ ജെനിയോട് എന്തോ പറയാൻ തുടങ്ങുന്ന സമയത്താണ് ഡേവി അങ്ങോട്ട് വന്ന് ജെനിയെ തോളോട് ചേർത്ത് നിർത്തുന്നത്. ജെനി ഷോക്കടിച്ചത് പോലെ നിന്നു.

ഹാ.. ഇതെന്താ ഇങ്ങനെ നിക്കുന്നെ അങ്ങോട്ട് വാ കൊച്ചേ. എത്ര നേരം ആയി ആ ഫോട്ടോഗ്രാഫർമാർ കാത്തുനിക്കുന്നു. അവരു മാത്രം അല്ല ഞാനും… ഡേവി ജെനിയോട് അങ്ങനെ പറഞ്ഞുകൊണ്ട് അവളേം കൊണ്ട് സ്റ്റേജിലേക്ക് കയറി. ബാക്കി ഉള്ളവരും ആൻസിയെ ശ്രദ്ധിക്ക പോലും ചെയ്യാതെ സ്റ്റേജിലേക്ക് കയറി.

വല്യേട്ടന് വല്യേട്ടത്തി ഇല്ലാതെ നിൽക്കാൻ പറ്റില്ല എന്ന് പറ ചുമ്മാ ഫോട്ടോഗ്രാഫർമാരുടെ മുകളിൽ കുറ്റം ചാർത്താതെ… അലൻ ഒരു ആക്കി ചിരിയോടെ പറഞ്ഞു.

ഓഹ് അങ്ങനെ എങ്കിൽ അങ്ങനെ നീ വാ കൊച്ചേ നമുക്ക് ഫോട്ടോ എടുക്കാം.. അലൻ പറഞ്ഞതിനെ പുച്ഛിച്ചുതള്ളിക്കൊണ്ട് ഡേവി പറഞ്ഞു…

അവരുടെ ഒരുമിച്ചുള്ള നിൽപ്പും ചിരിയോടെയുള്ള സംസാരവും കണ്ണിൽ നിറച്ച പകയോടെ ഒന്നുകൂടി നോക്കികൊണ്ട് ആൻസി അവിടെ നിന്നും പോയി. അവൾ പോകുന്നത് നോക്കി ഡേവി ഒന്ന് പുച്ഛത്തോടെ ചിരിച്ചു….

LEAVE A RESPONSE