17/04/2026

നിനക്കായ് : ഭാഗം 25

രചന – കണ്ണന്റെ മാത്രം

ഡേവിയുടെ വണ്ടി ആയിരുന്നു അവരുടെ മുന്നിലായി നിർത്തിയത്. പക്ഷേ ജെനിയുടെ കണ്ണുകൾ വിടർന്നത് അതിനുള്ളിൽ ദിയയുടെ കൈയിൽ ആയി ഇരിക്കുന്ന ജാനിമോളെ കണ്ടിട്ടായിരുന്നു…

വേഗം കേറിക്കോ. അധികം പാർട്ടിക്കാർ ഉണ്ട് വഴിയിൽ ഒക്കെ.. ഡേവി പറഞ്ഞു.

ഡേവിയുടെ ശബ്ദം ആണ് ജാനിമോളെ തന്നെ നോക്കി നിന്ന ജെനിയെ അവളിൽ നിന്ന് ശ്രദ്ധ തെറ്റിച്ചത്. അന്ന വേഗം ഡേവിയുടെ കൂടെ മുന്നിൽ കയറി. ജെനി പിന്നിലും കയറിയതും ഡേവി വണ്ടി എടുത്തു.

ജെനി കയറി അടുത്തിരുന്നപ്പോൾ ആണ് അതുവരെ ദിയയുടെ മാല എങ്ങനെ തിന്നാം എന്ന് ഗവേഷണം ചെയ്തുകൊണ്ടിരുന്ന ജാനിമോൾ അവളെ കാണുന്നത്. അതോടെ ജെനിയെ നോക്കി ചിരിച്ചുകൊണ്ട് അവളുടെ മേലേക്ക് ചാടി. ജെനിയും മോളെ നെഞ്ചിലേക്ക് അടക്കി പിടിച്ചു.
പിന്നെ അങ്ങോട്ട് ജാനിമോളുടെ വക കലപില സംസാരം ആയിരുന്നു ജെനിയുടെ അടുത്ത്. എന്തൊക്കെയോ ചില വാക്കുകൾ മനസ്സിലായെങ്കിലും അധികവും ആർക്കും പിടികിട്ടിയില്ല. ജെനിയും അവൾ പറയുന്നതിന് തലയാട്ടിയും മൂളിയും തിരിച്ച് എന്തൊക്കെയോ പറഞ്ഞും അവർ രണ്ടുപേരും മാത്രം ഉള്ള ലോകത്തായിരുന്നു. 5 മിനിറ്റ് കൊണ്ട് അവർ തറവാട്ടിൽ എത്തി. ദിയ വേഗം ഇറങ്ങിയിട്ട് ജെനിക്ക് ഇറങ്ങാൻ ആയി ജാനി മോളെ അവളുടെ കൈയിൽ നിന്നും വാങ്ങാൻ നോക്കി. ജാനിമോൾ പോകാൻ കൂട്ടാക്കിയില്ല എന്ന് മാത്രം അല്ല ഒന്നുകൂടി ജെനിയുടെ നെഞ്ചിലേക്ക് ഒട്ടി.

കണ്ട ജെനി ചേച്ചിയെ കിട്ടിയപ്പോ അവൾക്ക് എന്നെ വേണ്ട. അതുവരെ ന്റി എന്നും വിളിച്ച് പിന്നാലെ നടന്നിരുന്നതാ. ഡി പെണ്ണേ ചേച്ചിക്ക് ഇറങ്ങണം. നീ വായോ ആന്റി എടുക്കാം.. ദിയ ഒന്നുകൂടി വിളിച്ച് നോക്കി.

ന്റി പോ.. ജാനി കൊഞ്ചലോടെ പറഞ്ഞു..

ആ ഇപ്പൊ ഞാൻ പോണം അല്ലേ. ഇനി നീ വായോ ശരിയാക്കി തരാം ഞാൻ..

അതിന് ജാനിമോള് അവളെ നോക്കി ഒരു പാൽപുഞ്ചിരി കൊടുത്തു..

വേണ്ട നീ മയക്കാൻ വരണ്ട. നിന്നോട് ഞാൻ കട്ടീസ് ആണ്. ഇനി കൂടില്ല..
അത് വേണ്ടെങ്കിൽ ആന്റിയുടെ കൈയിൽ വന്നോ..

അത് കേട്ടതും ജാനി മുഖം അപ്പുറത്തേക്ക് തിരിച്ച് കിടന്നു.

അതുകണ്ടതും ദിയ ബാക്കി ഉള്ളവരെ നോക്കി അവിഞ്ഞ ചിരി ചിരിച്ചു
ഇവരുടെ കളിക്കണ്ടുകൊണ്ടിരുന്ന  ഡേവിയും അന്നയും ജാനിക്കുട്ടിയുടെ മുഖം തിരിച്ചുള്ള കിടപ്പും ദിയയുടെ എക്സ്പ്രഷനും കൂടിയായപ്പോ പൊട്ടിചിരിച്ചു.

ഓഹ് പിന്നെ ഇത്രേം ചിരിക്കാനും മാത്രം ഒന്നും ഇല്ല. നിങ്ങൾ വിളിച്ചാലും അവള് വരാൻ പോണില്ല.. ഹും..

ഞങ്ങൾ വിളിക്കുന്നും ഇല്ലല്ലോ.. അന്ന പറഞ്ഞു.

ജെനിഫർ തനിക്ക് മോളെയും എടുത്ത് ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടോ. ഞാൻ വന്ന് എടുക്കണോ.. ഡേവി ചോദിച്ചു.

വേണ്ട ഞാൻ ഇറങ്ങിക്കോളാം… ജെനി മോളെയും കൊണ്ട് കാറിൽ നിന്നും ഇറങ്ങി. അപ്പോഴാണ് അവൾ ആ വീട് ശ്രദ്ധിക്കുന്നത്. ഇത്രേം വലിയ വീട് അവൾ സിനിമകളിൽ മാത്രം ആണ് കണ്ടിട്ടുള്ളത്. അന്നയുടെ കല്യാണം കഴിഞ്ഞ് പിന്നാലെ ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായതുകൊണ്ട് അവൾ അവരുടെ വീട് കണ്ടിട്ടുണ്ടായില്ല. നല്ല വലിയ തറവാട് ആണെന്ന് പറഞ്ഞുകേട്ടെങ്കിലും ഇത്രേം അവൾ പ്രതീക്ഷിച്ചിരുന്നില്ല. അവൾക്ക് എന്തോ വല്ലായ്മ തോന്നി. എന്തോ അർഹത ഇല്ലാത്തിടത് എത്തിയപോലെ ഒരു തോന്നൽ.

അപ്പോഴേക്കും ജോണും ജേക്കബും എബിയും ഒഴികെ ഉള്ള എല്ലാവരും പുറത്തേക്ക് വന്നു.

നിങ്ങൾ എന്താ പിള്ളേരെ അവിടെ തന്നെ നിൽക്കുന്നെ. കയറി വായോ. ജെനി മോളെ വായോ… വല്യമ്മച്ചി അവരെ ഉള്ളിലേക്ക് വിളിച്ചു.

ആദ്യം ദിയയും പിന്നെ അന്നയും അതിന് പിന്നിൽ ആയി ജാനി മോളെ എടുത്തുകൊണ്ട് ജെനിയും പിന്നെ ഡേവിയും കയറി. ജാനിമോളെ എടുത്ത് വരുന്ന ജെനിയും അവരുടെ കൂടെ എന്നത് പോലെ വരുന്ന ഡേവിയും വല്യമ്മച്ചിക്ക് ഉള്ളിൽ ഒരു പുത്തൻ പ്രതീക്ഷ ഉണർത്തി. അവർ അതേ ചിന്തയോടെ റീനാമ്മയെ നോക്കിയപ്പോൾ അവരുടെ മുഖവും വിളിച്ചു പറയുന്നുണ്ടായിരുന്നു അവരുടെ മനസ്സിലെ ആഗ്രഹം.

ആലി ഓടിവന്ന് ജെനിയുടെ കൈയിൽ തൂങ്ങി. അതെന്തോ നമ്മുടെ ജാനികുട്ടിക്ക് പിടിച്ചില്ല. അവള് ആ കുഞ്ഞിക്കാല് വച്ച് ആലിയെ ഒന്ന് ചവിട്ടി..

ആ.. എന്തിനാടി കള്ളിപ്പെണ്ണേ എന്നെ ചവിട്ടിയത്. പാവം ആലിക്ക് മനസിലായില്ല എന്തിനാ ചവിട്ട് കിട്ടിയതെന്ന്. പക്ഷേ ജാനിയുടെ ശ്രദ്ധ ജെനിയുടെ കൈയിൽ പിടിച്ചിരിക്കുന്ന ആലിയുടെ കൈയിൽ ആയിരുന്നു. അവൾ ഒരു ചവിട്ടും കൂടി കൊടുത്തു.

ഹാവൂ.. ഈ പെണ്ണ്… എന്നെ എന്തിനാ ചവിട്ടുന്നെ ജാനിമോളെ… ജെനിയുടെ കൈയിൽ നിന്നും കൈവിട്ട് ചവിട്ട് കിട്ടിയിടം തടവികൊണ്ട് ആലി ചോദിച്ചു…

ആലി കൈവിട്ടു എന്ന് കണ്ടതും ജാനികുട്ടി ഹാപ്പി ആയി. അതോടെ അവൾ ആലിയെ നോക്കി ചിരിച്ചുക്കാട്ടി.

ഏഹ്ഹ്.. എന്നെ ചവിട്ടിയിട്ട് ഇപ്പൊ ചിരിച്ചു കാട്ടുന്നോ നീ.. അത് നന്നായല്ലോ..

എന്റെ ആലി നീ ജെനി ചേച്ചിയുടെ കൈയിൽ പിടിച്ചത് അവൾക്ക് ഇഷ്ടമായില്ല. അതിനാ നിനക്ക് ചവിട്ട് കിട്ടിയത്. നീ കൈ എടുത്തപ്പോ അവള് ഹാപ്പി ആയി അതിനാണ് ആ മയക്കി ചിരി. അല്ലേടി കുഞ്ചുമണി.. അലൻ ആലിയോടായി പറഞ്ഞുകൊണ്ട് ജാനിമോളെ കൊഞ്ചിച്ചു.

അവിടെ എല്ലാവരും ജാനിമോളുടെ ഈ കളി കണ്ട് നിൽപ്പായിരുന്നു.

അമ്പടി കേമി. ഇതേ എന്റെ ഫ്രണ്ട് ആണ്. നിന്റെ അല്ല.. അന്നമ്മ ജാനിമോളെ ദേഷ്യം പിടിപ്പിക്കാനായി ജെനിയെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

നി ന്റെ.. ന്നമ്മ ണൊ…അന്നയെ തള്ളിക്കൊണ്ട് ജാനി പറഞ്ഞു.

എന്താ.. അന്നക്ക് ജാനി പറഞ്ഞത് മനസിലായില്ല.

ജാനിയുടെ ആണെന്ന് അന്നമ്മയുടെ അല്ലാന്ന്.. അലൻ ഒരു ആക്കി ചിരിയോടെ പറഞ്ഞു.

ഈശോയെ അന്നമ്മന്നോ… ദേ ജാനിമോളെ നിന്റെ എളേപ്പൻ പറയുന്നത് കേട്ട് അന്നമ്മ എന്നൊന്നും വിളിക്കല്ലേ.. എളേമ്മേടെ ചുന്ദരി മണിയല്ലേ..
അന്ന ജാനിമോളോട് കൊഞ്ചി..

ആ മതി മതി. നിങ്ങൾ രണ്ടാളും പോയി കുളിച്ച് വായോ. ചായ കുടിക്കണ്ടേ. ദിയമോളെ ജെനിമോൾക്ക് മുറി കാട്ടികൊടുക്ക്. പിന്നെ ജെനിമോളെ ഒരു സങ്കോചവും വേണ്ട കേട്ടോ സ്വന്തം വീട് പോലെ കണ്ടാൽ മതി. വാടി കുഞ്ചുമണി നിന്നെ ഞാൻ കുളിപ്പിക്കാം.. അതുംപറഞ്ഞുകൊണ്ട് എൽസി ജാനിമോളെ ജെനിയുടെ കൈയിൽ നിന്നും എടുക്കാൻ നോക്കി.

എൽസിയുടെ കൈയിലേക്ക് പോയില്ല എന്ന് മാത്രമല്ല ജെനിയെ ഒന്നുകൂടി ഇറുക്കി പിടിച്ച് അവളുടെ നെഞ്ചിലേക്ക് തല പൂഴ്ത്തി മോള്.

അമ്മച്ചിടെ കുഞ്ഞ് വന്നേ.. റീനാമ്മയും വന്ന് വിളിച്ചുനോക്കി.
എന്നിട്ടും ആള് പോകാൻ കൂട്ടാക്കിയില്ല.

സാരമില്ല ആന്റി ഞാൻ കുളിപ്പിച്ചോളാം. മോളുടെ ഡ്രെസ്സ് തന്നാൽ മതി.

അതൊക്കെ ഞാൻ എടുത്ത് തരാം. നീ വായോ. നിനക്കും ഡ്രെസ്സ് വേണ്ടേ. അന്ന ജെനിയെയും വിളിച്ചുകൊണ്ട് പോയി.

അപ്പ വന്നില്ലേ മമ്മി… ഡേവി ചോദിച്ചു

ഇല്ലെടാ ഇറങ്ങി എന്ന് പറഞ്ഞു ടെക്സ്റ്റൈൽസിൽ നിന്ന്.  കുറച്ചുനേരത്തിൽ എത്തുമായിരിക്കും.

മ്മ്…എന്നാൽ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം. ഓഫീസിൽ നിന്ന് വന്നിട്ട് നേരെ അവരെ എടുക്കാൻ പോയതല്ലേ. മമ്മി ഒരു സ്ട്രോങ്ങ്‌ കോഫി വേണം നല്ല തലവേദന.

ആ നീ കുളിച്ചിട്ട് വായോ ഞാൻ കോഫി എടുക്കാം..

ഡേവി റൂമിലേക്ക് പോയപ്പോൾ റീനാമ്മ നേരെ വല്യമ്മച്ചി ഇരിക്കുന്നിടത്തേക്ക്  പോയി.

അമ്മച്ചീ…. റീനാമ്മ വിളിച്ചതും വല്യമ്മച്ചി പറഞ്ഞു.

എനിക്കും ആഗ്രഹം ഉണ്ട് റീനേ. പക്ഷേ ഒരുപാട് ആഗ്രഹിക്കേണ്ട. ഒരുപാട് ആഗ്രഹിച്ചിട്ട് അത് നടന്നില്ലെങ്കിൽ നമ്മൾ വിഷമിക്കും അതിലും ഭേദം നമ്മൾ ആഗ്രഹിച്ചപോലെ നടക്കാൻ കർത്താവിനോട് അപേക്ഷിക്കാം. ഇപ്പൊ നീ ചെല്ല് ചെന്ന് ചായയോ കാപ്പിയോ എന്താണെന്നു വച്ചാൽ ഉണ്ടാക്ക്.

……….

ജെനിയും അന്നയും കൂടി ആദ്യം ജെനിക്ക് ഉള്ള റൂമിലേക്ക് ആണ് പോയത്..

ജെനി നീ ഇവിടെ ഇരിക്ക് ഞാൻ പോയി നിനക്ക് ഇടാൻ ഉള്ള ഡ്രെസ്സ് ഒക്കെ എടുത്തിട്ട് വരാം.. അന്ന പറഞ്ഞു.

മ്മ്.. അല്ല മോളുടെ ഡ്രെസ്സും മറ്റും..

അത് ചേട്ടായി കൊണ്ട് വന്ന് തരുവായിരിക്കും ഇല്ലെങ്കിൽ ഞാൻ വന്നിട്ട് പോയി വാങ്ങാം…

ഓക്കെ… അപ്പൊ അന്നമ്മ പോയി വാ അതുവരെ ഞങ്ങൾ ഇരുന്ന് കളിക്കട്ടെ അല്ലേടി ചുന്ദരിമണി… ജെനി മോളെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.

ന്നമ്മ പോ.. കൊഞ്ചിച്ചിരിച്ചുകൊണ്ട് ജാനിമോള് പറഞ്ഞു.

എന്നാ ന്നമ്മ പോയിട്ട് വരാം കേട്ടോടി ചുന്ദരി.. അന്നമ്മ മോളെ ഒന്ന് കൊഞ്ചിച്ചുകൊണ്ട് റൂമിലേക്ക് പോയി.

ആ സമയത്താണ് ജെനിയുടെ ഫോൺ ബെല്ലടിച്ചത്. നോക്കിയപ്പോ ക്രിസ്റ്റി ആണ്.

നീ വീട്ടിൽ എത്തിയോ മോനെ. ഞാൻ നിന്നെ വിളിക്കാൻ ഇരിക്കായിരുന്നു.

എത്തി ഇച്ചേച്ചി. ദേ ഇപ്പൊ വന്ന് കേറിയേ ഉള്ളൂ. ഇച്ചേച്ചിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.

ഏയ്യ് ഇല്ല… ജെനി ഫോണിൽ സംസാരിക്കുന്നത് കണ്ട ജാനിമോള് അതിന് വേണ്ടി കൈയ്യെത്തിച്ചു കൊണ്ടിരുന്നു.

എന്റെ കൈയിൽ ജാനി മോള് ഉണ്ട് ടാ. മോള് ഫോണിന് വാശി പിടിക്കുന്നു. ഞാൻ നിന്നെ പിന്നെ വിളിക്കാം. അപ്പച്ചനോടും അമ്മച്ചിയോടും പറയ്‌.

ഒക്കെ ഇച്ചേച്ചി…. ബൈ.

അയ്യടാ എന്തിനാടി ചുന്ദരി മണി നിനക്ക് ഫോൺ.. ജെനി ഫോൺ വച്ച് മോളെ ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു. വായോ നമുക്കെ കുളിച്ചാം അപ്പോഴേക്കും ന്നമ്മ ഉപ്പൂപ്പ് എടുത്തിട്ട് വരൂലോ ആന്റിടെ പൊന്നിന്റെ. ജെനി ജാനിമോളുടെ ഉടുപ്പൊക്കെ മാറ്റുന്നതിനടയിൽ അവളോട്‌ പറഞ്ഞു കൊണ്ടിരുന്നു. അപ്പോഴാണ് ഡോറിൽ മുട്ട് കേട്ടത്. ജെനി നോക്കിയപ്പോ കാണുന്നത് വാതിൽക്കൽ നിൽക്കുന്ന ഡേവിയെ ആണ്.

ഞാൻ മോളുടെ ഡ്രെസ്സ് കൊണ്ട് വന്നതാ. പിന്നെ തല നനക്കേണ്ട. ഇന്നലെ മുതൽ ഒരു ചുമ ഉണ്ട് ആൾക്ക്.. ഡേവി ജെനിയോടായി പറഞ്ഞു.

ഡേവിയുടെ ശബ്ദം കേട്ടതും കുഞ്ഞ് അവനെ വിളിച്ചു.

പ്പാ…

അപ്പേടെ പൊന്ന് കുളിച്ചാൻ പോവാണോ. കുളിച്ച് ചുന്ദരി ആയിട്ട് വായോ അപ്പ പാപ്പം തരാലോ… ഡേവി കുഞ്ഞിനോടായി കൊഞ്ചിപറഞ്ഞുകൊണ്ട് ജെനിയെ നോക്കി തലയൊന്ന് ആട്ടി പുറത്തേക്ക് പോയി.

ജെനിയും വേഗം കുഞ്ഞിനെ കുളിപ്പിക്കാനും മറ്റും നോക്കി.
ജാനിമോളെ ദേഹം കഴുകിച്ച് ഉടുപ്പ് ഒക്കെ ഇട്ട് കൊടുക്കുമ്പോൾ ആണ് അന്ന ജെനിക്കുള്ള ഡ്രെസ്സും കൊണ്ട് വരുന്നത്.

ജെനി മോളെ ഞാൻ കൊണ്ടുപോകാം. നീ കുളിച്ചിട്ട് താഴേക്ക് വായോ. ഇല്ലെങ്കിൽ ഇവൾ നിന്നെ കുളിക്കാൻ സമ്മതിക്കില്ല..

മ്മ്.. ജെനി മൂളി.

വാവേ വായോ നമുക്ക് റ്റാറ്റാപോവാം. അതുവരെ ജെനിയെ അള്ളിപ്പിടിച്ചിരുന്നിരുന്ന ആള് റ്റാറ്റാ എന്ന് കേട്ടതും അന്നയുടെ കൈയിലേക്ക് ചാടി.

ഞങ്ങൾ പോട്ടെ.. നീ ഫ്രഷ് ആയിട്ട് വായോ… ജെനിയോടായി പറഞ്ഞു കൊണ്ട് അന്ന ജാനിമോളെയും കൊണ്ട് പോയി.

ജാനിമോള് കൈയിൽ നിന്ന് പോയപ്പോൾ ജെനിക്ക് എന്തോ വല്ലാത്ത ഒരു ശൂന്യത തോന്നി. അവർ പോയ വഴിയേ കുറച്ചുനേരം നോക്കി നിന്നിട്ട് അവൾ ഫ്രഷ് ആവനായി കയറി.