രചന – കണ്ണന്റെ മാത്രം
ആൽവി…ആൽഫി വിളിച്ചു.
എന്താ ചേട്ടായി…
നീ അല്ലേ പറഞ്ഞത് എഡ്ഢി വരുന്നുണ്ട് എന്ന്. എന്നിട്ടിപ്പോ മാസം ഒന്ന് കഴിയാറായല്ലോ. ഇതുവരെ വന്നില്ലല്ലോ..
അറിയില്ല ചേട്ടായി.. അവൻ എത്തും എന്നാ പറഞ്ഞത്. നേരെ ഇങ്ങോട്ട് എത്തിക്കോളാം എന്നും പറഞ്ഞു. ഞാൻ അവന്റെ പപ്പയെ വിളിച്ചപ്പോൾ അവിടെ നിന്ന് പോന്നു എന്നാ പറഞ്ഞേ. പക്ഷേ വേറെ എവിടെയോ കൂടി പോകാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു എന്ന്.
മ്മ്… അല്ല ആൻസി എവിടെ പോയി.. കണ്ടില്ലല്ലോ..
ആൽഫി ആൽവിയുടെ വീട്ടിൽ വന്നതായിരുന്നു കാര്യങ്ങൾ തീരുമാനിക്കാൻ…
അവളുടെ മമ്മിയെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോയതാണ്.
മ്മ്.. അതൊക്കെ പോട്ടെ ഇനിയെന്താ പരിപാടി. എനിക്ക് അധികം വൈകാതെ തിരികെ പോകണം. അതിലും മുൻപ് അവൻ ആ ഡേവിഡ് കരയുന്നത് എനിക്ക് കാണണം… ആൽഫി പകയോടെ മുരണ്ടു.
നമുക്ക് വഴി ഉണ്ടാക്കാം ഇച്ചായാ..
……………
അന്ന് ജോസഫ് വീട്ടിലേക്ക് കയറി വരുമ്പോൾ കാണുന്നത് ആകെ വിഷമത്തിൽ ഇരിക്കുന്ന അലക്സിയെയും സോഫിയെയും ആണ്. അയാൾ അതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ല എന്ന രീതിയിൽ റൂമിലേക്ക് പോയി. അപ്പോഴാണ് ആനിയമ്മ ചായയും കൊണ്ട് അങ്ങോട്ട് വന്നത്.
ഇച്ചായാ….
മ്മ്… അയാളൊന്ന് മൂളി..
അതുകേട്ടപ്പോൾ അവർ ഒരു ദീർഘ നിശ്വാസം എടുത്തു. ഇപ്പോൾ ഇങ്ങനെ ആണ് അധികം സംസാരം ഒന്നുമില്ല തന്നോട്. വല്ലതും പറഞ്ഞാലും മൂളി കേൾക്കും എന്നല്ലാതെ അതിനെ കുറിച്ച് അഭിപ്രായം ഒന്നും പറയാറില്ല. അന്ന് ജെനിയെ കുറിച്ച് അതുമിതും പറഞ്ഞ അന്നത്തൊട്ട് പരസ്പരം സംസാരം കുറവായിരുന്നു. അലക്സിനെ കൂടി വീട്ടിലേക്ക് കൊണ്ടുവന്നതോടെ അത് തീരെയും ഇല്ലാതെ ആയി. പണ്ടത്തെ പോലെ സ്നേഹത്തോടെ ആനി എന്ന ആ വിളി ഒന്ന് കേൾക്കാൻ ഒരുപാട് കൊതിക്കുന്നുണ്ട്. പക്ഷേ അതിനി ഉണ്ടാവുമോ ഈ ജീവിതത്തിൽ എന്നറിയില്ല. എല്ലാം തന്റെ ചെയ്തികളുടെ ഫലം ആണെന്ന് അവർക്കറിയാം. ജോസഫിന്റെ സ്വരം ആണ് അവരെ അവരുടെ ചിന്തകളിൽ നിന്ന് തിരികെ കൊണ്ട് വന്നത്.
എന്തെങ്കിലും പറയാൻ ഉണ്ടോ.. ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് പോകുവാണ്… ജോസഫ് അവരെ നോക്കിക്കൊണ്ട് ചോദിച്ചു.
ഇച്ചായാ ഇന്ന്.. അവർ ഇന്ന് സോഫിയോട് സംസാരിച്ചതും ഡോക്ടറെ കാണാൻ പോയതും ഡോക്ടർ പറഞ്ഞതും അവസാനം വല്യപ്പച്ചൻ പറഞ്ഞതും എല്ലാം പറഞ്ഞു…
എല്ലാം കേട്ടതും അയാൾ അൽപനേരം മിണ്ടാതെ ഇരുന്നു. ആ കുഞ്ഞിനെ കുറിച്ച് ആലോചിച്ചപ്പോൾ അയാൾക്കും വിഷമം തോന്നി. ബാക്കി ഉള്ളവർ ചെയ്ത തെറ്റിനും പാപത്തിനും ആ കുഞ്ഞെന്തു പിഴച്ചു… അയാൾ വിഷമത്തോടെ ആലോചിച്ചു.
ഇച്ചായാ…
മ്മ്.. അപ്പച്ചൻ പറഞ്ഞതുപോലെ ജെനിയുടെ ശാപം ആവുമോ ഇതൊക്കെ..
നീ ആ കുഞ്ഞിനെ മനസിലാക്കിയോ ഇല്ലയോ ഞാൻ നന്നായി മനസിലാക്കിയിട്ടുണ്ട്. അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഇതൊക്കെ ഓരോ മെഡിക്കൽ കണ്ടീഷൻ അല്ലേ അല്ലാതെ വേറെ ഒന്നും അല്ല. പക്ഷേ അപ്പച്ചൻ പറഞ്ഞത് ശരിയാ അവൾ ഒഴുക്കിയ കണ്ണീരിന്റെ ഫലം ആണ് നമ്മൾ ആർക്കും ഒരു സ്വസ്ഥതയും സമാധാനവും ഇല്ലാത്ത ജീവിതം ആയത്. നിന്റെ മോനും അവന്റെ പുതിയ ഭാര്യയും അവളെ തോൽപ്പിക്കാൻ നോക്കി. എന്നിട്ട് ഇപ്പൊ ജെനിയുടെ ജീവിതം എത്രമാത്രം സന്തോഷം നിറഞ്ഞതാണെന്നോ. നിന്റെ മോൻ എന്ന് അവളുടെ ജീവിതത്തിൽ നിന്ന് പോയോ അതോടെ അവളുടെ കഷ്ടകാലം തീർന്നു. ഡേവി അവളെ കൈവള്ളയിൽ ആണ് കൊണ്ട് നടക്കുന്നത് അറിയുമോ. അതുമാത്രോ ആ വീട്ടുകാർക്ക് അവളെന്ന് വച്ചാൽ ജീവൻ ആണ്. എല്ലാവിധ സന്തോഷത്തിലും സുഖത്തിലും ആണ് അവളുടെ ജീവിതം. അവളുടെ ജീവിതം ഇല്ലാതെ ആക്കി കെട്ടിപ്പെടുത്ത നിന്റെ മോന്റെ ജീവിതമോ. അവർ തമ്മിൽ എന്നും വഴക്കും വക്കാണവും അല്ലേ. ഞാൻ കേൾക്കാറുണ്ട് അവർ തമ്മിൽ ഉള്ള അങ്കം.. ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഒന്നുമില്ല അനുഭവിക്കാൻ ഉള്ളതൊക്കെ എല്ലാവരും കൂടി അങ്ങോട്ട് അനുഭവിക്കുകയെ നിവൃത്തി ഉള്ളൂ.. അതും പറഞ്ഞ് അയാൾ റൂമിന് പുറത്തേക്ക് പോയി. ആനിയമ്മ അയാൾ പറഞ്ഞതെല്ലാം ആലോചിച്ച് അവിടെ തന്നെ ഇരുന്നു.
……………..
രാത്രി ഭക്ഷണശേഷം എല്ലാവരുകൂടി ഇരിക്കുമ്പോൾ ആണ്….
വല്യേട്ടായി മോൾടെ രണ്ടാം പിറന്നാൾ അല്ലേ അടുത്ത ആഴ്ച അതു നമുക്ക് ഗംഭീരം ആക്കണ്ടേ… അലൻ ചോദിച്ചു.
പറഞ്ഞതുപോലെ അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ ഞാൻ അതു വിട്ടുപോയി. അത്ര വലുതൊന്നും ആക്കണ്ട ഡാ. നമ്മൾ വീട്ടുകാരും ജെനിയുടെയും അന്നയുടെയും വീട്ടുക്കാർ മതി. ഒന്നാം പിറന്നാൾ ഗംഭീരം ആക്കിയതല്ലേ എന്തിനാ വെറുതെ കാശ് ചിലവ്. ആ കാശ് പള്ളി വക അനാഥാലയത്തിൽ ഒരുമാസത്തെ ഫുഡ് നമുക്ക് കൊടുക്കാം. അതുമതി.. ഡേവി പറഞ്ഞു.
അതുതന്നെയാ നല്ലത് മോനെ. വെറുതെ കാശ് പൊടിച്ചു കളയുന്നതിലും നല്ലത് ഇങ്ങനെ വല്ല നല്ല കാര്യത്തിനും ഉപയോഗിക്കുന്നത് ആണ്… വല്യമ്മച്ചി പറഞ്ഞു.
നമ്മൾ മാത്രം മതി എങ്കിലും ബർത്ത് ഡേ നമുക്ക് ഗംഭീരം ആക്കണം.. അലൻ പറഞ്ഞു.
അതുതന്നെ.. അതൊന്നും ചേട്ടായി അറിയണ്ട ഞങ്ങൾ ചെയ്തോളാം അതൊക്കെ.. എബിയും പറഞ്ഞു.
അമ്മാ.. എന്റെ ഹാപ്പി ടു യു ആനോ..
എല്ലാവരും പറയുന്നത് കേട്ടപ്പോൾ ജാനിമോൾ ജെനിയുടെ മടിയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
അതേടി ചിങ്കാരി നിന്റെ ഹാപ്പി ടു യു തന്നെ… ജെനിയുടെ മടിയിൽ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് അന്ന പറഞ്ഞു.
എനിച്ച് കോകോമാ കേക്ക് വേനം.. ജാനിമോള് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
കോകോമാ കേക്കോ അതെന്താ സാധനം… അലൻ ചോദിച്ചു… ബാക്കി ഉള്ളവരും ഒന്നും മനസിലാകാതെ ജെനിയെയും ജാനിമോളെയും നോക്കി..
അത് അവള് കാണുന്ന കാർട്ടൂൺ ഇല്ലേ അതിൽ കാണിക്കുന്നതാണ് കോകോമെലൺ.. അതിന്റെ കേക്ക് വേണം എന്നാണ് ആള് പറയുന്നത്… ജെനി ഒരു ചിരിയോടെ പറഞ്ഞു.
ശരി.. അപ്പച്ചന്റെ കുഞ്ഞിന് കോകോമാ ആണ് വേണ്ടാതെങ്കിൽ കോകോമാ തന്നെ.. ഉറപ്പിച്ചു.. ജോൺ വാത്സല്യത്തോടെ പറഞ്ഞു.
പിറ്റേന്ന് മുതൽ മോളുടെ ബർത്ഡേയ്ക്കുള്ള കാര്യങ്ങളുമായി തിരക്കിലായി എല്ലാവരും. കാര്യമായി ആരെയും വിളിക്കുന്നില്ലെങ്കിലും കൊട്ടാരത്തിൽ തറവാട്ടിലെ ആകെ ഉള്ളൊരു കുഞ്ഞിന്റെ പിറന്നാൾ അല്ലേ. അതിന്റെ ഒരുക്കങ്ങൾ നന്നായി തന്നെ നടത്തി എല്ലാവരും.
അങ്ങനെ എല്ലാവരും കാത്തിരുന്ന പിറന്നാൾ നാളെ ആണ്. ജെനിയും ഡേവിയും ഒഴികെ എല്ലാവരും തറവാട്ടിൽ ഉണ്ട്. ജെനിയും ഡേവിയും മോൾക്കുള്ള ഡ്രെസ്സ് എടുക്കാനും പിന്നെ ജെനിയുടെ അപ്പച്ചനേം അമ്മച്ചിയേയും കൊണ്ടുവരാനും ആയി പോയതാണ്.
പിള്ളേരുപടകൾ അന്നയും എബിയും അടക്കം വീട് മോഡി പിടിപ്പിക്കുന്നതിന്റെ തിരക്കിൽ ആണ്. അടുക്കളയിൽ അമ്മമാർ ഓരോ പലഹാരങ്ങളും മറ്റും ഉണ്ടാക്കാനും മറ്റുമുള്ള തിരക്കിൽ ആയിരുന്നു.
ചേട്ടത്തി കുറച്ച് തണുത്ത വെള്ളം കൊണ്ടുവരണേ തിരികെ വരുമ്പോ… അടുക്കളയിലേക്ക് പോകുന്ന അന്നയെ കണ്ടപ്പോൾ ഏദൻ പറഞ്ഞു..
അന്ന അതിന് സമ്മതിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി. കുറച്ചുകഴിഞ്ഞ് തിരികെ വരുമ്പോൾ എല്ലാവർക്കും ഉള്ള തണുത്ത ജ്യൂസ് ഉണ്ടായിരുന്നു അവളുടെ കൈയിൽ.
ആഹാ.. എന്റെ ഏട്ടത്തി മുത്താണ്. അലൻ അന്ന ജ്യൂസ് കൊണ്ടുകൊടുത്തപ്പോൾ അവളുടെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു. അതിന് അന്ന ചിരിയോടെ അവന്റെ തലയിൽ ഒന്ന് തട്ടിക്കൊണ്ടു എല്ലാവർക്കും ജ്യൂസ് കൊടുക്കാനായി പോയി. അവസാനം കുറച്ച് അകലെയായി നിന്ന് ബലൂൺസ് ഒട്ടിക്കുന്ന എബിയുടെ അടുത്തേക്ക് പോകുമ്പോൾ ആണ് അവൾക്ക് പെട്ടന്ന് കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ തോന്നിയത്. എന്തിലേലും ഒന്നിൽ പിടിത്തം കിട്ടുന്നതിന് മുൻപ് തന്നെ അവൾ കുഴഞ്ഞു വീണിരുന്നു. എല്ലാവരും പേടിയോടെ അവളുടെ ചുറ്റും കൂടി. പിള്ളേരുടെ ഉറക്കെ ഉള്ള ഒച്ച കേട്ട് അമ്മമാരും വല്യമ്മച്ചിയും എല്ലാം അങ്ങോട്ട് എത്തി. എബി വേഗം അന്നയെ പൊക്കിയെടുത്ത് സോഫയിലേക്ക് കെടുത്തി.
ഡാ.. വേഗം ഡോക്ടറെ വിളിക്കെടാ.. എബി ഒച്ചയിട്ടു..
ചേട്ടായി നിങ്ങൾ ഒരു ഡോക്ടർ അല്ലേ.. പിന്നെ എന്തിനാ വേറെ ഒരു ഡോക്ടർ.. അലൻ സംശയത്തോടെ ചോദിച്ചു.
അപ്പോഴാണ് എബിക്ക് ആ ബോധം പോയത്. അന്നയെ അങ്ങനെ കണ്ടതും അവന് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലാതെ ആയിരുന്നു എന്നതാണ് സത്യം.
ദിയെ മോള് പോയി എന്റെ സ്റ്റെതും ആ bp ചെക്ക് ചെയ്യുന്ന മെഷീനും ഇങ്ങോട്ട് എടുത്തുകൊണ്ട് വരുമോ. എബി ദിയയോട് ആയി പറഞ്ഞു. ദിയ വേഗം അതെടുക്കാനായി പോയി. വല്യമ്മച്ചി അന്നയുടെ അടുത്തേക്ക് ഇരുന്ന് അവളുടെ കൈ പിടിച്ച് നോക്കി. പിന്നെ കണ്ണൊക്കെ ഒന്ന് തുറന്നു നോക്കി. അവരുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവർ അതേ ചിരിയോടെ അമ്മമാരെ നോക്കി. അമ്മാരുടെ ചുണ്ടിലും ചിരി വിരിഞ്ഞു.
പേടിക്കാൻ ഒന്നും ഇല്ലെടാ കൊച്ചനെ ഇത് അസുഖം വേറെ ആണെന്ന തോന്നുന്നത്. ആലി മോള് പോയി കുറച്ച് വെള്ളം കൊണ്ടുവന്നെ. ആലി കൊണ്ടുവന്ന വെള്ളം വല്യമ്മച്ചി അന്നയുടെ മുഖത്തേക്ക് ശക്തിയിൽ കുടഞ്ഞു. അവൾ ഞെട്ടിക്കൊണ്ട് പതിയെ കണ്ണ് തുറന്നു. അപ്പോഴേക്കും ദിയ എബി പറഞ്ഞതെല്ലാം കൊണ്ട് വന്നിരുന്നു. അവൻ bp ചെക്ക് ചെയ്തപ്പോൾ അത് ലോ ആയിരുന്നു. അവനും ചെറിയ സംശയം തോന്നി.
അന്ന മോളെ ഈ മാസം മെൻസസ് ആയോ നീ.. വല്യമ്മച്ചി അവളോട് ചോദിച്ചു.
വല്യമ്മച്ചി എല്ലാവരുടെയും മുന്നിൽ വച്ച് അങ്ങനെ ചോദിച്ചപ്പോൾ അവൾക്ക് ഒരു ചളിപ്പ് തോന്നിയെങ്കിലും ആ തറവാട്ടിൽ എല്ലാവരും ഇങ്ങനെ ഉള്ള സമയങ്ങളിൽ സ്ത്രീകളെ അത്രയും കെയർ ചെയ്യുമെന്ന് അവൾക്ക് അറിയാം. അവർക്ക് വേണ്ട സാധങ്ങൾ നാപ്കിൻ അടക്കം അപ്പമാരോ അല്ലെങ്കിൽ ഇവർ മക്കളോ ആണ് വാങ്ങി കൊണ്ട് വന്ന് കൊടുക്കാറ്. അതിനൊരു ചമ്മലും ആർക്കും ഇല്ല..
ഇല്ല വല്യമ്മച്ചി.. ഡേറ്റ് കഴിഞ്ഞിട്ട് രണ്ടാഴ്ച ആയി. എനിക്ക് ഇടക്ക് ഇങ്ങനെ തെറ്റാറുള്ളത് കൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല.
മ്മ്.. എന്തായാലും തല്ക്കാലം രണ്ടാളും ഡ്രെസ്സ് മാറി ഇവിടെ അടുത്തുള്ള ആ ക്ലിനികിൽ ഒന്ന് പോയി ചെക്ക് ചെയ്യ്. നാളെ ഞായർ അല്ലേ. മറ്റന്നാൾ നമ്മുടെ ഹോസ്പിറ്റലിലെ DR. ലസിതയെ കാണിക്കാം നമുക്ക്.. വല്യമ്മച്ചി പറഞ്ഞു.
വല്യമ്മച്ചി അത് പറഞ്ഞതും എല്ലാവർക്കും കാര്യം കത്തി. അന്നയും നിറകണ്ണോടെ തന്റെ ഉദരത്തിൽ കൈവച്ചുകൊണ്ട് എബിയെ നോക്കി. എബി അവളെ നോക്കി കണ്ണുചിമ്മിക്കാട്ടി..
ശരി വല്യമ്മച്ചി.. അവർ വേഗം തന്നെ യാത്രയായി അവിടെ അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി. അമ്മമാർ പായസം വെക്കാനും മറ്റുമായി വേഗം അടുക്കളയിലേക്ക് പോയി. അവിടെ സന്തോഷം ഇരട്ടി ആയി. എല്ലാവരും നാളെത്തെ ആഘോഷം മോളുടെ പിറന്നാൾ മാത്രം അല്ല അന്നയുടെയും എബിയുടെയും സന്തോഷം കൂടി ആഘോഷിക്കണം എന്ന് തീരുമാനിച്ച് അതിന്റെ ഒരുക്കങ്ങളിലേക്ക് കടന്നു. അപ്പോഴും അവർ അറിഞ്ഞില്ല. ഈ സന്തോഷങ്ങൾ തല്ലികെടുത്താൻ ഉള്ള വഴികൾ ശത്രുക്കൾ കണ്ടെത്തി കഴിഞ്ഞു എന്ന്….
………………
വാ.. പെട്ടന്ന് കേറ്. നല്ല മഴ വരുന്നുണ്ട് എന്ന് തോന്നുന്നു. അലക്സി ബൈക്കിൽ കയറി ഇരുന്നുകൊണ്ട് സോഫിയോടായി പറഞ്ഞു. കുഞ്ഞിനുള്ള മെഡിസിനും വേറെ കുറച്ച് കാര്യങ്ങൾക്കുമായി അവർ രണ്ടുപേരും മാത്രമായി പുറത്തേക്ക് വന്നതായിരുന്നു അവർ. കുഞ്ഞിനെ പിന്നെ ആനിയമ്മ നോക്കിക്കോളും എന്നവർക്കറിയാം.
താൻ പറയുന്നത് കേട്ടിട്ടും ഒരേനക്കവും ഇല്ലാതെ നിൽക്കുന്ന സോഫിയുടെ നേരെ എന്തുപറയാൻ തിരിഞ്ഞപ്പോൾ ആണ് അവൾ വേറെ എങ്ങോട്ടോ നോക്കി ഞെട്ടി നിൽക്കുകയെണെന്നു അലക്സിന് മനസിലായത്. അവളുടെ നോട്ടം പോകുന്ന വഴിക്ക് അവനും കണ്ണുകൾ പായിച്ചു നിന്നു…

by