രചന – കണ്ണന്റെ മാത്രം
എന്ത് പറയണം എന്നാണ് നീ ഉദ്ദേശിക്കുന്നത് ആനി..
അതിച്ചായാ അലക്സിനെ വിളിക്കേണ്ട കാര്യം… ആനിയമ്മ വിക്കലോടെ ചോദിച്ചു.
അങ്ങനെ കണ്ണീകണ്ടവരെ ഇവിടെ വിളിച്ചുകേറ്റണം എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല..
കണ്ണീകണ്ടവരോ എന്തൊക്കെ ആയാലും നമ്മുടെ മോൻ അല്ലേ അവൻ…
നമ്മുടെ മോനോ… എനിക്ക് ഒരു മോൻ ഉണ്ടായിരുന്നു. അവൻ ഒരു അഞ്ചാറുമാസം മുൻപ് ചത്തുപോയി. ഇപ്പൊ എനിക്ക് ഒരു മോള് മാത്രമേ ഉള്ളൂ..
ഇച്ചായാ… എന്തൊക്കെയാ ഈ പറയുന്നേ. അന്ന് ഇച്ചായൻ ഇങ്ങനെ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു അപ്പോഴത്തെ ദേഷ്യത്തിന് പറയുന്നതാണ് എന്ന്. പക്ഷേ അല്ല അല്ലേ..
ഇത്രേം കൊല്ലം എന്റെ കൂടെ ജീവിച്ചിട്ടും നീ മനസിലാക്കിയില്ലേ ആനി ഞാൻ വെറുംവാക്ക് പറയാറില്ല എന്ന്. ഒരിക്കൽ ഒരു കാര്യം ഞാൻ പറഞ്ഞാൽ മരിക്കുവോളം അത് അങ്ങനെ തന്നെ ആയിരിക്കും. അതിൽ സംശയം ഒന്നും ഇല്ല..
ഇങ്ങനെ ഒന്നും പറയല്ലേ ഇച്ചായാ.. നമുക്ക് ആകെ കൂടി ഉള്ള മോൻ അല്ലേ അലക്സ്. ഈ ഒരു പ്രാവശ്യം മാത്രം അവനോട് ഒന്ന് ക്ഷമിക്ക്..
എന്ത് ക്ഷമിക്കണം എന്നാണ് നീ ഈ പറയുന്നത്. ഒരു പെണ്ണിനെ കെട്ടികൊണ്ട് വന്ന് അതിനെ ആറ് കൊല്ലത്തോളം കൂടെ താമസിപ്പിച്ച് അവസാനം ചതിച്ച് ഉപേക്ഷിച്ചിതാണോ ഞാൻ ക്ഷമിക്കേണ്ടത്. നിനക്ക് ഒരു മകളുണ്ട് അവളോടാണ് ഇങ്ങനെ ഒരുത്തൻ ചെയ്തതെങ്കിൽ നീ അവനോട് ക്ഷമിക്കുമോ. ഞാൻ ഇവനോട് ക്ഷമിക്കുമായിരുന്നു അവൻ മറ്റേ പെണ്ണും ആയിട്ട് അടുപ്പം ആയ സമയത്ത് തന്നെ അത് പറഞ്ഞ് ജെനിമോളെ ഉപേക്ഷിച്ചിരുന്നെങ്കിൽ ഞാൻ ആദ്യം എല്ലാം ദേഷ്യപ്പെട്ടാലും ഞാൻ ക്ഷമിച്ചേനെ. പക്ഷേ ഇവൻ അതാണോ ചെയ്യ്തത്. രണ്ട് കൊല്ലത്തോളം ഇതിനെ ഒരു മനസാക്ഷി കുത്തും ഇല്ലാതെ പറ്റിച്ചില്ലേ. അത് എനിക്ക് ക്ഷമിക്കാൻ പറ്റില്ല..
ഒരു ജെനി.. ജെനി.. ജെനി.. ഇച്ചായാ അവൾ അല്ല അലക്സ് ആണ് നമ്മുടെ മകൻ. അവളും ആയിട്ടുള്ള എല്ലാ ബന്ധവും നാളത്തോടെ പൂർണമായി ഇല്ലാതെ ആവും. നമ്മുടെ അവസാനകാലത്ത് അലക്സും അവന്റെ കുടുംബവും മാത്രേ നമ്മുടെ കൂടെ ഉണ്ടാവൂ. അല്ലാതെ ആ ജെനി അല്ല. ശരിയാ നമ്മുടെ മോന് ഒരു തെറ്റുപറ്റി. പക്ഷേ അതിന് അവനെ മാത്രം കുറ്റം പറയാൻ പറ്റുമോ. നാല് കൊല്ലത്തോളം അവളുടെ കൂടെ ജീവിച്ചിട്ടും അവന് ഒരു കുഞ്ഞിനെ കൊടുക്കാൻ അവൾക്ക് പറ്റിയോ. അപ്പോഴല്ലേ അവൻ വേറെ പെണ്ണിനെ തേടി പോയത്. അവന് തെറ്റ് പറ്റി അവന് അത് ആദ്യമേ പറഞ്ഞിട്ട് അവളെ ഉപേക്ഷിക്കാമായിരുന്നു. പക്ഷേ അവൻ അത് ചെയ്തില്ല. പകരം അവളെ വച്ചുകൊണ്ട് തന്നെ വേറെ ഒരു പെണ്ണിനെ കൂടെ കൂട്ടി. അത് തെറ്റ് തന്നെ ആണ് അല്ലാന്ന് ഞാൻ പറയുന്നില്ല. പക്ഷേ അതിന് അവനെ ഇങ്ങനെ പാടെ ഉപേക്ഷിക്കേണ്ട കാര്യം ഉണ്ടോ.. ഒന്നാലോചിക്കുമ്പോൾ അന്ന് ആ സോഫി പറഞ്ഞത് സത്യം ആണ് . ജെനിക്ക് കുട്ടികൾ ഉണ്ടാവാൻ യോഗം ഇല്ലാ എന്നുള്ളത് അല്ലെങ്കിൽ വയറ്റിൽ ഉണ്ടായ കുട്ടിയും പോകില്ലായിരുന്നല്ലോ…
അവർ അത് പറഞ്ഞു കഴിയലും ജോസഫിന്റെ എച്ചിലായ കൈ അവരുടെ മുഖത്ത് പതിയലും ഒന്നിച്ചായിരുന്നു. എല്ലാവരും ആ അടിയുടെ ശബ്ദത്തിൽ ഞെട്ടി എഴുന്നേറ്റു. ആനിയമ്മയും കവിളിൽ കൈ വച്ചുകൊണ്ട് ഞെട്ടി നിന്നു. അവർക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല. കല്യാണം കഴിഞ്ഞ് ഇത്രേം കൊല്ലത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമായിരുന്നു അവർക്ക്. എന്തിന് ഒരു പരിധിയിൽ അധികം അവരെ വഴക്ക് വരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല അയാൾ..
ഛെ.. നിന്റെ ഇത്രേം തരംതാഴ്ന്ന ചിന്താഗതി ആയിരുന്നോ. ഈ നീ ആണോ എന്റെ മോള് എന്റെ മോള് എന്നും പറഞ്ഞ് ജെനിയെ തലയിൽ വച്ച് കൊണ്ട് നടന്നിരുന്നത്. എനിക്ക് നിന്നെ കുറിച്ച് ആലോചിച്ച് എപ്പോഴും അഭിമാനം ആയിരുന്നു മരുമകളെ മകൾ ആയി കാണുന്നുണ്ടല്ലോ എന്നാലോചിച്ചിട്ട്. എവിടെ അതൊക്കെ ചുമ്മാ ആൾക്കാരെ കാണിക്കാൻ ഉള്ളതായിരുന്നു എന്ന് ഇപ്പോഴല്ലേ മനസിലാവുന്നേ. നീ പറഞ്ഞല്ലോ അവന് ഒരു കുട്ടിക്ക് വേണ്ടിയാണ് അവൻ വേറെ പെണ്ണിന്റെ പിന്നാലെ പോയത്. ജെനിക്ക് അതിനുള്ള കഴിവില്ലാത്തത് കൊണ്ടല്ലേ എന്ന്. ഞാൻ ഒന്ന് ചോദിക്കട്ടെ.. അലക്സ് ഉണ്ടായി മൂന്നാല് വർഷം കഴിഞ്ഞ് ഒരു തടിപ്പ് കണ്ട് നിന്റെ ഗർഭപാത്രം എടുത്ത് കളഞ്ഞില്ലേ. പിന്നെ ഒരു കുഞ്ഞിനെ ഒരിക്കലും എനിക്ക് തരാൻ പറ്റാതെ വന്നില്ലേ. അതും ഒരു പെൺകുട്ടിക്ക് വേണ്ടി ഞാൻ അത്രേം ആഗ്രഹിച്ചിരിക്കുമ്പോ. അപ്പൊ ഞാൻ എനിക്ക് ഒരു കുഞ്ഞിന് വേണ്ടി വേറെ ഒരു പെണ്ണിന്റെ പിന്നാലെ പോയിരുന്നെങ്കിലോ…
അയാൾ അത് പറയലും അവർ ഞെട്ടിക്കൊണ്ട് തല ഉയർത്തി നോക്കി. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
എന്തേ സഹിക്കുന്നില്ലേ.. ഞാൻ ഇത് ഒന്ന് പറഞ്ഞപ്പോ തന്നെ നിന്റെ നെഞ്ച് പൊള്ളിയോ.. അപ്പൊ ആ പെണ്ണിന്റെ അവസ്ഥയോ അവൾ ഇത് മുഴുവൻ അനുഭവിച്ചു. ഒന്ന് ആലോചിച്ച് നോക്ക് അവളുടെ അവസ്ഥ….
പിന്നെ അയാൾ എല്ലാവരെയും നോക്കികൊണ്ട് പറഞ്ഞു..
ഇത് തറവാട് വീടാണ്. നിങ്ങൾക്ക് ആരെ വേണമെങ്കിലും ഇവിടെ കയറ്റി താമസിപ്പിക്കാം. പക്ഷേ അവനെ ഇങ്ങോട്ട് കൊണ്ടുവരുന്നവർ പിന്നെ അമ്മച്ചിയാണ് ഭാര്യയാണ് എന്നൊന്നും പറഞ്ഞ് എന്റെ അടുത്തേക്ക് വന്ന് പോകരുത്… കേട്ടല്ലോ.. അയാൾ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് കൈ കഴുകാനായി പോയി.
അയാൾ പോയതും വല്യമ്മച്ചി ഒഴികെ ബാക്കി ഉള്ളവർ എല്ലാം ആനിയമ്മയെ ഒന്ന് ദേഷ്യത്തിൽ നോക്കികൊണ്ട് എഴുന്നേറ്റ് പോയി. അവസാനം വല്യമ്മച്ചി എഴുന്നേറ്റ് ആനിയമ്മയുടെ അടുത്തേക്ക് പോയി.
എന്നാലും മോളെ നമ്മുടെ ജെനിമോളെ കുറിച്ച് ഇങ്ങനെ ഒന്നും പറയരുതായിരുന്നു. ശരിയാ ഞാനും അലക്സും കുടുംബവും തിരിച്ചുവരണം എന്നാഗ്രഹിച്ചിരുന്നു. അത് അവൻ ചെയ്യ്തത് തെറ്റല്ല എന്ന് തോന്നിയിട്ടല്ല. ആ കുഞ്ഞിനെ ആലോചിച്ചിട്ടാണ്…
അമ്മച്ചി ഞാൻ… ആനിയമ്മ എന്തോ പറയാൻ തുങ്ങിയപ്പോഴേക്കും അവർ അവരെ തടഞ്ഞിരുന്നു.
സാരമില്ല.. നീ പോയി കൈയും മുഖവും കഴുകിയിട്ട് ഉറങ്ങാൻ നോക്ക്. വേണമെങ്കിൽ കവിളിൽ ഐസ് വച്ചേക്ക്. അല്ലെങ്കിൽ നാളേക്ക് നീര് വെക്കും..അവർ അതും പറഞ്ഞിട്ട് കൈകഴുകാനായി പോയി.
ആനിയമ്മ അവിടെ ആ ഹാളിൽ ആരും ഇല്ലാതെ ഒറ്റക്ക് നിന്നു.
…………….
ജെനി ഉറങ്ങാൻ കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായില്ല. നാളത്തെ കാര്യം ആലോചിച്ചിട്ട് അവൾക്ക് സങ്കടം ഒന്നും ഉണ്ടായില്ല. പകരം സന്തോഷം ആയിരുന്നു അങ്ങനെ ഒരു ബന്ധത്തിൽ നിന്നും മോചിത ആകുന്നതിന്റെ സന്തോഷം. പക്ഷേ എന്തോ പൂർണമായി സന്തോഷിക്കാനും കഴിയുന്നുണ്ടായില്ല. എന്തോ ഒരു നിർവികരത മാത്രം ആണ് അവൾക്ക് തോന്നുന്നത്. അങ്ങനെ എന്തെല്ലാമോ ചിന്തിച്ച് കുറെ നേരം കഴിഞ്ഞിട്ടാണ് അവൾ ഒന്ന് മയങ്ങിയത്.
പിറ്റേന്ന് എല്ലാ പ്രാവശ്യത്തെയും പോലെ അന്നയും ക്രിസ്റ്റിയും തന്നെ ആണ് ജെനിയുടെ കൂടെ പോയത്. അവർ കോർട്ടിൽ എത്തുമ്പോൾ അലക്സും സോഫിയും അവിടെ ഉണ്ടായിരുന്നു. ജെനിയെ ഒക്കെ കണ്ടപ്പോൾ സോഫി ഒന്നുകൂടി അലക്സിന്റെ കൈയിൽ കൂട്ടിപിടിച്ചു. അത് കണ്ടപ്പോൾ ജെനിക്ക് എന്തോ ചിരിയാണ് വന്നത്. എന്നാൽ അന്നയുടെയും ക്രിസ്റ്റിയുടെയും മുഖത്ത് പുച്ഛം ആയിരുന്നു.
അധികം വൈകാതെ അവരുടെ കേസ് വിളിച്ചു. അവർ ഉള്ളിലേക്ക് പോയി കുറച്ചുകഴിഞ്ഞതും ഇറങ്ങി വന്നു..
എന്തായി ടാ.. അന്ന ജെനിയോട് ചോദിച്ചു.
അങ്ങനെ അതങ്ങോട്ട് അവസാനിച്ചു. ഇനി ഞാൻ മാത്യുവിന്റെ മകൾ മാത്രം ആണ്. അല്ലാതെ ആരുടേയും ഭാര്യ അല്ല. അവൾ അന്നയോട് സംസാരിച്ച് കൊണ്ട് തന്നെ അവളുടെ കഴുത്തിൽ കിടന്നിരുന്ന മിന്നുമാല കൈയിൽ എടുത്തു. ഇത് കഴുത്തിൽ കയറുമ്പോ ഇനി എന്റെ മരണത്തോടെ മാത്രേ ഊരാൻ പാടുള്ളൂ എന്ന് കരുതിയിരുന്നു. പക്ഷേ ഇനിയിപ്പോ ഇത് എനിക്ക് വേണ്ടല്ലോ.. അവൾ അതും പറഞ്ഞ് അത് ഊരി എടുത്തുകൊണ്ട് അലക്സ് ഒക്കെ നിൽക്കുന്നിടത്തേക്ക് പോയി.
അലക്സ്… ജെനി വിളിച്ചു.
അലക്സ് അത്ഭുധത്തോടെ അവളെ നോക്കി. ഇച്ചായൻ എന്നല്ലാതെ ഇന്നത്തെ വരെ അവൾ മറ്റൊന്നും വിളിച്ചിരുന്നില്ല. അവളാണ് ഇപ്പൊ പേരെടുത്ത് വിളിക്കുന്നത്.
എന്താ ജെനി. എന്താ നിനക്ക് ഇനി വേണ്ടത്. ആദ്യം വല്യകാര്യത്തിൽ ഒന്നും വേണ്ട എന്ന് പറഞ്ഞിട്ട് ഇനിയിപ്പോ വല്ലതും വേണം എന്ന് പറയാൻ ആണോ. പത്തുപൈസ നിനക്ക് തരാൻ പോകുന്നില്ല…. സോഫി ജെനിയോടായി പറഞ്ഞു.
അതിന് ആർക്ക് വേണം ഇയാളുടെ കാശ്. ഏഹ്.. അവൾ പറഞ്ഞോ അവൾക്ക് എന്തെങ്കിലും വേണമെന്ന്. ഇല്ലല്ലോ. പിന്നെ അവൾ വിളിച്ചത് അയാളെ ആണ് അല്ലാതെ അയാളുടെ ജീവിതത്തിൽ കടിച്ചുതൂങ്ങിയ അട്ടയെ അല്ല… അന്ന പറഞ്ഞു.
എന്ത് പറഞ്ഞെടി… എന്നും പറഞ്ഞ് സോഫി അന്നയെ അടിക്കാനായി കൈപൊക്കിയതും അന്ന ആ കൈ തടുത്തുകൊണ്ട് അവളുടെ മുഖത്തിട്ട് ഒന്ന് കൊടുത്തു.
ഇത് അന്ന് തറവാട്ടിൽ വച്ച് എന്റെ ജെനിയെ കുറിച്ച് നീ വേണ്ടാധീനം പറഞ്ഞപ്പോ തരണം എന്ന് വിചാരിച്ചതായിരുന്നു. അപ്പൊ പറ്റിയില്ല ആ വിഷമം ഇപ്പൊ തീർത്തു. പിന്നെ നിങ്ങളോട് അന്ന അലക്സിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.
വേണമെങ്കിൽ നിങ്ങളുടെ ഈ സെറ്റപ്പിനെ നിലക്ക് നിർത്തിക്കോ. ഇപ്പൊ ഞാൻ എവിടത്തെ ആണെന്ന് നന്നായി അറിയാലോ. എന്നെക്കൊണ്ട് എന്തൊക്കെ പറ്റും എന്നും അറിയാലോ. അപ്പൊ സൂക്ഷിച്ചോ..
എടി നീ… സോഫി പിന്നെയും എന്തോ പറയാൻ വന്നപ്പോഴേക്കും അലക്സ് അത് തടഞ്ഞിരുന്നു…
സോഫി വേണ്ട..
ജെനി എന്താ വിളിച്ചത്… അലക്സ് ജെനിയോടായി ചോദിച്ചു.
ഞാൻ ഒരിക്കൽ പറഞ്ഞു. ജെനി അല്ല ജെനിഫർ ആണെന്ന്. പിന്നെ വിളിച്ചത് ദാ ഇത് തരാൻ ആണ്. താൻ എന്റെ കഴുത്തിൽ കെട്ടിയകൊലക്കയർ. ഇനി ഇതിന്റെ ആവശ്യം എനിക്കില്ലല്ലോ… പിന്നെ എന്റെ അപ്പച്ചൻ എന്നെ വെറുംകൈയോടെ ഒന്നും അല്ല പറഞ്ഞയച്ചത്. അതൊക്കെ താൻ പറ്റിപോയിട്ടും ഉണ്ട്. പക്ഷേ അതൊന്നും എനിക്ക് ഇനി തിരിച്ചുവേണം എന്ന് ഞാൻ പറയുന്നില്ല. അതൊക്കെ ഞാൻ ഞാൻ ഒരു ഭിക്ഷ കൊടുത്തു എന്ന് കരുതിക്കോളാം. അപ്പൊ പോട്ടെ. ഇനി ജീവിതത്തിൽ ഒരിക്കലും കാണാതിരിക്കട്ടെ..
ജെനി തിരികെ പോയതും അന്ന അവരുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് പറഞ്ഞു…
താൻ ഉപേക്ഷിച്ചു എന്ന് കരുതി എന്റെ ജെനി ജീവിതകാലം മുഴുവൻ ഒറ്റക്ക് കഴിയാൻ ഒന്നും പോകുന്നില്ല. നിങ്ങൾ നോക്കിക്കോ ഒരു മാസത്തിനുള്ളിൽ തന്നെക്കാളും തണ്ടും തടിയും കാശും ഉള്ള ഒരുത്തന്റെ പെണ്ണായിരിക്കും അവൾ. എല്ലാത്തിലും ഉപരി അയാൾ ഒരു ആണായിരിക്കും. അല്ലാതെ തന്നെപ്പോലെ ആണുംപെണ്ണും കെട്ടവൻ ആവില്ല…ഹും..
അവൾ തിരിച്ചുപോയി കാറിൽ കയറി പോകുന്നത് വരെ അവരെ നോക്കി അലക്സ് നിന്നു. കാറിൽ കയറാൻ നേരത്ത് കണ്ണിൽ നിറയെ പക നിറച്ചുകൊണ്ടുള്ള ക്രിസ്റ്റിയുടെ നോട്ടം അലക്സിനെ എന്തോ ഭയപ്പെടുത്തി..
അവർ പോയതും സോഫി അയാളുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
എന്നാലും ഇച്ചായൻ എന്ത് പണിയാ കാട്ടിയത്. ഞാൻ ആ അന്നയോട് രണ്ട് പറയാൻ പോയപ്പോഴേക്കും എന്നെ എന്തിനാ തടുത്തത്.
എടി നിനക്ക് അറിയാത്തതൊന്നും അല്ലല്ലോ അവൾ ഇപ്പൊ കൊട്ടാരത്തിൽ തറവാട്ടിലെയാ. അവർ വിചാരിച്ചാൽ ഉണ്ടല്ലോ നമ്മളെ ഒക്കെ ഒന്നും അല്ലാതെ ആക്കാൻ മിനിട്ടുകൾ മതി. അല്ലെങ്കിലേ പൊളിഞ്ഞുകൊണ്ടിരിക്കാണ്. ഇനി വെറുതെ മറ്റുതലവേദനകൾ എടുത്ത് തലയിൽ വെക്കാൻ എനിക്ക് താല്പര്യം ഇല്ല. നീ വന്നേ നമുക്ക് പോകാം..
………..
ജെനിയെയും ക്രിസ്റ്റിയെയും വീട്ടിൽ ഇറക്കിയിട്ടാണ് അന്ന പോയത്.
അവർ ഉള്ളിലേക്ക് ചെന്നപ്പോൾ മാത്യുവും മേരിയമ്മയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ജെനി നേരെ മാത്യുവിന് അടുത്ത് പോയി അയാളെ കെട്ടിപ്പിടിച്ചിരുന്നു.
എന്തുപറ്റി അപ്പച്ചന്റെ മോൾക്ക്.. അയാൾ അവളുടെ തലയിൽ തഴുകികൊണ്ട് ചോദിച്ചു. ക്രിസ്റ്റിയും വന്നിട്ട് മേരിയമ്മയെ ചുറ്റിപിടിച്ചിരുന്നു.
ഒന്നുമില്ല അപ്പച്ചാ.. ഞാൻ ചുമ്മാ ഇരുന്നതല്ലേ.. ജെനി പറഞ്ഞു.
ആണോ എന്നാ അമ്മച്ചീടെ മക്കള് പോയി കുളിച്ചിട്ട് വായോ. നല്ല വട്ടയപ്പവും പോത്തുംകറിയും ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾ വന്നിട്ട് കഴിക്കാം എന്നും പറഞ്ഞിട്ട് ഇതിയാനും കഴിച്ചിട്ടില്ല. ചെല്ല് പോയി വായോ..
ഹോ.. എന്റെ അമ്മച്ചീ.. നിങ്ങൾ മുത്താണ്. ഞാൻ ഇന്നലെ ആലോചിച്ചല്ലോ ഇതിനെ കുറിച്ച്. ഞങ്ങൾ പെട്ടന്ന് കുളിച്ചിട്ട് വരാം. വിശന്നിട്ട് വയ്യ. അല്ലേ ഇച്ചേച്ചി..
ആ.. അതുതന്നെ… അതുംപറഞ്ഞുകൊണ്ട് അവർ കുളിക്കാനായി പോയി. അവരുടെ പോക്കും നോക്കി കുറച്ചുനേരം ഇരുന്നിട്ട് മേരിയമ്മയും മാത്യുവും കൂടി അടുക്കളയിലേക്ക് പോയി.
………..
പിറ്റേന്നത്തെ പ്രഭാതം എല്ലാവരും ഉണർന്നത് രണ്ട് വാർത്തകൾ കേട്ടുകൊണ്ടായിരുന്നു..

by