17/04/2026

നിനക്കായ് : ഭാഗം 26

രചന – കണ്ണന്റെ മാത്രം

ജെനി കുളി കഴിഞ്ഞ് താഴേക്ക് ചെല്ലുമ്പോൾ അവിടെ  ജേക്കബും ഡേവിയും ഒഴികെ എല്ലാവരും ഉണ്ടായിരുന്നു. അധികം വൈകാതെ ഡേവിയും ഇറങ്ങി വന്നു.

ആ നിങ്ങൾ എപ്പോൾ എത്തി.. ജോണിനെയും എബിയേയും നോക്കി ഡേവി ചോദിച്ചു.

ഞങ്ങൾ ദേ ഇപ്പൊ എത്തിയെ ഉള്ളൂ.. അവർ പറഞ്ഞു.

റാണി ജേക്കബ് വിളിക്കെ മറ്റോ ചെയ്തോ.. വല്യമ്മച്ചി ചോദിച്ചു.

വിളിച്ചിരുന്നു അമ്മച്ചി. തിരക്കാണ് വൈകും എന്ന് മാത്രം പറഞ്ഞ് വച്ചു.

കുറേ അക്രമങ്ങൾ നടക്കുന്നുണ്ട്  വല്യമ്മച്ചി. എളുപ്പംകൊണ്ട് എളേപ്പൻ ഫ്രീ ആവില്ല.. എബി പറഞ്ഞു.

മ്മ്.. എന്താ ചെയ്യാ അവന്റെ ജോലി അങ്ങനെ ആയിപ്പോയില്ലേ.. വല്യമ്മച്ചി പറഞ്ഞു.

ജാനി മോള് എന്തിയേ ആന്റി.. കുറച്ചുനേരം ആയിട്ടും ജാനി മോളുടെ അനക്കം ഒന്നും ഇല്ലാതെ ആയപ്പോൾ ജെനി ചോദിച്ചു.

ഉറങ്ങി.  ഉച്ചക്ക് ഒരു ഉറക്കം ഉള്ളതാണ്. ഇന്ന് അത് ഉണ്ടായില്ല. അതാണ് ഈ നേരത്തൊരു മയക്കം… റീനാമ്മ പറഞ്ഞു.

ദിയ മോളെ ചായ കുടിച്ചു കഴിഞ്ഞാൽ ജെനി മോൾക്ക് ഇവിടെ ഒക്കെ കാട്ടി കൊടുക്ക്. ആദ്യായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്… വല്യമ്മച്ചി പറഞ്ഞു.

അത് ഞങ്ങൾ ഏറ്റു വല്യമ്മച്ചി… അലൻ സന്തോഷത്തോടെ പറഞ്ഞു.

അതിന് നിന്നോട് ആരാ പറഞ്ഞത്. ദിയയോട് അല്ലേ പറഞ്ഞത്.. എൽസി ഒറ്റപിരികം ഉയർത്തികൊണ്ട് ചോദിച്ചു.

ആ ദിയയോട് പറഞ്ഞാൽ എന്നോട് പറഞ്ഞാ മാതിരി ആണ്. പിന്നെ ജെനിചേച്ചിക്ക് ഞാൻ കൂടെ വരുന്നതാ ഇഷ്ടം. അല്ലേ ചേച്ചി.. അലൻ ജെനിയോടായി ചോദിച്ചു.

അലന്റെ പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ ജെനി ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ അവന്റെ പ്രതീക്ഷ നിറഞ്ഞ മുഖം കണ്ടപ്പോൾ അവൾ ചിരിയോടെ തലയാട്ടി.

ആ കണ്ടോ… ഇപ്പൊ മമ്മിക്ക് സമാധാനം ആയല്ലോ..

അതിന് എൽസി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ജെയിംസ് അതിനെ തടുത്തുകൊണ്ട് പറഞ്ഞു..

എന്റെ പൊന്ന് എൽസി നീയെങ്കിലും ഒന്ന് ചുമ്മാ ഇരിക്ക്. ഇതിനെ രണ്ടിനെ കൊണ്ടും തോറ്റുപ്പോയല്ലോ എന്റെ കർത്താവെ…

ജെയിംസിന്റെ തലയിൽ കൈവച്ചിട്ടുള്ള സംസാരം കേട്ടതും എല്ലാവരും ചിരിച്ചുപോയി.

ചായ കുടി കഴിഞ്ഞതും അന്ന ഒഴികെ ഉള്ള പിള്ളേര് പട ജെനിയെയും കൊണ്ട് അവിടെ ഒക്കെ ചുറ്റികാണാൻ ഇറങ്ങി. അന്നക്ക് ഒരു ചെറിയ പണി ഉണ്ട് അത് തീർത്തിട്ട് വരാം എന്ന് പറഞ്ഞു അവരോട്.

നാളെ ആണ് ജെനിയുടെ കേസിന്റെ ഫസ്റ്റ് അപ്പിയറിംഗിന് വിളിച്ചിട്ടുള്ളത്… അന്ന എല്ലാരോടും ആയി പറഞ്ഞു

ആണോ.. എന്നിട്ട് നീ പോകുന്നില്ലേ അവളുടെ കൂടെ.. എബി ചോദിച്ചു.

ഉവ്വ് ഇച്ഛാ. ഞങ്ങൾ ഇന്ന് ലീവ് പറഞ്ഞു. അവള് വരണ്ട എന്നൊക്കെ പറഞ്ഞതാ ഞാൻ സമ്മതിച്ചില്ല. അവിടെ നിന്ന് ക്രിസ്റ്റി ഉണ്ടെന്ന്. അപ്പൊ അവന്റെ കൂടെ പൊക്കോളാം എന്ന്.

ക്രിസ്റ്റി ഉണ്ടായിക്കോട്ടെ. എന്നാലും മോളും പോകണം. എന്തൊക്കെ ധൈര്യം ഉണ്ടെന്ന് പറഞ്ഞാലും അങ്ങനെ ഒരു സ്ഥലത്ത് ഒറ്റക്കാവുമ്പോ ഒന്ന് പകക്കും. മോള് കൂടെ ഉണ്ടാവുമ്പോ കുറച്ചുകൂടി ധൈര്യം വരും. പിന്നെ അലക്സും ആ പെണ്ണും ഉണ്ടെങ്കിൽ മോളെ കണ്ടാൽ അവർ അതും ഇതുമൊന്നും പറഞ്ഞ് വരില്ലല്ലോ… ജോൺ പറഞ്ഞു.

അതേ ജോൺ പറഞ്ഞതാ അതിന്റെ ശരി. മോളും കൂടെ പോവണം… വല്യമ്മച്ചി പറഞ്ഞു.

ഞാൻ പോകുന്നുണ്ട് വല്യമ്മച്ചി അവൾ എതിര് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. പിന്നെ ആ പെണ്ണ് ഉണ്ടാവാൻ സാധ്യത കുറവാണ്. അവള് പ്രസവിച്ച് കിടക്കാണ്. ഒരാഴ്ചയോ മറ്റോ ആയിട്ടുള്ളൂ…

എന്നിട്ട് ജെനി അറിഞ്ഞോ ഈ ന്യൂസ്‌. ഒക്കെ അല്ലേ ആയിരുന്നെ ആള്… റാണി ചോദിച്ചു

അറിഞ്ഞു. അത് അവളെ ബാധിക്കുന്ന ഒരു വിഷയമേ അല്ലാത്ത പോലെ ആണ് അവൾ പെരുമാറിയത്. ഞങ്ങൾ എല്ലാം ടെൻഷനിൽ ആയിരുന്നു ഈ ന്യൂസ്‌ അറിഞ്ഞാൽ അവൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന്. പക്ഷേ അവൾ കൂൾ ആയിരുന്നു.

അതേതായാലും നന്നായി…റീനാമ്മ പറഞ്ഞു.

ബാക്കി ഉള്ളവർ മറ്റുസംസാരങ്ങളിലേക്ക് കടന്നപ്പോൾ അന്ന നേരെ പിള്ളേര് പടയുടെ അടുത്തേക്ക് വച്ച് പിടിച്ചു.

…………….

ആൻസീ… എടി ആൻസി…

എന്താ അൽവി… എന്തിനാ ഇങ്ങനെ കിടന്ന് ഒച്ചയിടുന്നെ. ഞാൻ എവിടെയും പോയിട്ടില്ല.

നീ എവിടെയും പോവില്ല. എന്റെ നാശത്തിനായി എന്റെ തലയിൽ കയറിയതല്ലേ നീ…

ഇതാ ഇപ്പൊ നന്നായെ.. ഞാൻ എന്ത് ചെയ്‌തെന്നാ നീ ഈ പറയുന്നേ.. ആൻസി കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു.

എന്തിനാ നീ എന്തെങ്കിലും ചെയ്യുന്നേ. നീ കൂടെ ഉണ്ടായാൽ മാത്രം മതിയല്ലോ. എന്ന് നീ എന്റെ കൂടെ കൂടിയോ അന്ന് മുതൽ എനിക്ക് നഷ്ടങ്ങൾ മാത്രം അല്ലേ സംഭവിച്ചിട്ടുള്ളത്. എന്തു നല്ല രീതിയിൽ പോയിരുന്ന എന്റെ ബിസിനസ്സ് ആണ് ഇപ്പൊ അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുന്നത്. നീ ഒറ്റൊരുത്തിയാ അതിന് കാരണം. ഏത് നശിച്ച നേരത്താണാവോ ഡേവിയെ ചതിച്ച് നിന്നെ എന്റെ കൂടെ കൂട്ടാൻ തോന്നിയത്…

എന്താ ഇപ്പൊ നിന്റെ പ്രശ്നം.. കാര്യം പറയ്‌. ചുമ്മാ അതുമിതും പറയാതെ.

എന്നാ അറിഞ്ഞോ എന്റെ ബിസിനസ്സ് തകരാൻ കാരണം ഡേവി ആണ്. അവനാണ് പിന്നിൽ നിന്ന് ചരടുവലികൾ മുഴുവൻ നടത്തിയത് എന്ന്.

പിന്നേ ഡേവിച്ചനോ.. നീ ചുമ്മാ ഇല്ലാത്തത് പറയല്ലേ. അതിനും മാത്രമുള്ള കഴിവൊന്നും അയാൾക്കില്ല… ഞാൻ വിശ്വസിക്കില്ല.

വേണ്ട നീ ഞാൻ പറഞ്ഞത് വിശ്വസിക്കേണ്ട. നിന്റെ തന്ത പറഞ്ഞാൽ വിശ്വസിക്കൂലോ. വിളിച്ച് ചോദിക്ക് അയാൾടെ ലാസ്റ്റ് പ്രൊജക്റ്റും ഇതുവരെ ഉള്ള സകല പ്രൊജക്റ്റും പോകാൻ ആരാ കാരണം എന്ന്. വിളിക്കെടി..

അവൻ അവന്റെ ഫോൺ എടുത്ത് അവളുടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

അവൾ വെപ്രാളത്തോടെ അവളുടെ പപ്പയെ വിളിച്ചു.

പപ്പാ… ഇവൻ എന്തൊക്കെയാ പറയുന്നേ. ഡേവി ആണോ എല്ലാത്തിനും പിന്നിൽ. അയാൾക്ക് അതിനൊക്കെ ഉള്ള ധൈര്യം ഉണ്ടോ..

അവൻ പറയുന്നതെല്ലാം സത്യം ആണ് മോളെ. അവൻ ആ ഡേവി ആയിരുന്നു എല്ലാത്തിനും പിന്നിൽ. ഇത്രേം നാളും ഒന്നും ആരെയും അറിയിക്കാതെ കളിച്ചവൻ ഇപ്പൊ നേർക്കുനേരെ നിന്നായി. നമ്മൾ വിചാരിച്ച പോലത്തെ ഒരാൾ അല്ല മോളെ അവൻ. അവനെതിരെ കളിക്കാൻ ഇറങ്ങുമ്പോ സൂക്ഷിക്കണം മോളെ. എന്നെയും ആൽവിയെയും തകർത്തു കളഞ്ഞു അവൻ. നമ്മുടെ ബിസിനസ്സ് ആകെ പൊളിഞ്ഞു. അധികം വൈകാതെ ജപ്തി ഉണ്ടാവും. താമസിക്കുന്ന വീടൊഴികെ എല്ലാം പോകും മോളെ…

ആൻസിക്ക് എന്തോ അവർ പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. ഡേവിക്ക് അങ്ങനെ ഒരു മുഖം ഉണ്ടോ… അവൾ ചിന്തിച്ചു.

എന്തേ നിന്റെ തന്ത പറഞ്ഞിട്ടും നിനക്ക് വിശ്വാസം ആയില്ലേ. എങ്കിൽ നീ ഒന്ന് ഇറങ്ങി നോക്ക് അവനെതിരെ. അപ്പൊ മനസിലാകും അവൻ എന്താണെന്ന്.

അപ്പൊ ഇനി എന്താ നെക്സ്റ്റ് പ്ലാൻ ഇത്രയൊക്കെ ദ്രോഹം നമ്മളോട് ചെയ്തിട്ട് അവനെ വെറുതെ വിടാൻ ആണോ നിന്റെ തീരുമാനം…

അല്ല. പക്ഷേ എന്നെക്കൊണ്ട് ഒറ്റക്ക് കഴിയും എന്ന് തോന്നുന്നില്ല. ചേട്ടായിയെ വിളിച്ചിട്ടുണ്ടായിരുന്നു ഞാൻ. ചേട്ടായി ആണ് അവന്റെ കാര്യങ്ങൾ എല്ലാം അന്വേഷിച്ച് പറഞ്ഞു തന്നത്. ചേട്ടായി ആണ് പറഞ്ഞത് ഇപ്പൊ തല്ക്കാലം ഒന്നിനും നിൽക്കണ്ട എന്ന്. ചേട്ടായി ഒരു 6 മാസത്തിനു ഉള്ളിൽ വരാം എന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ട് വേണ്ടത് എന്താണെങ്കിൽ ചെയ്യാം എന്ന്.

ചേട്ടായി എന്ന് പറയുമ്പോൾ ആൽഫ്രഡ്  ആണോ. അവനുള്ളത് ഒക്കെ ഉണ്ടോ ഡേവിഡ്..ആൻസി ചോദിച്ചപ്പോൾ ആൽവി അവളെ ഒന്ന് നോക്കി.

സത്യത്തിൽ രണ്ട്‌ കൊല്ലം നീ അവന്റെ കൂടെ തന്നെ ആണോ പൊറുത്തത്. നിനക്ക് അവനെ പറ്റി ഒന്നും അറിയുന്നില്ലല്ലോ..

അതിന് അയാൾക്ക് എന്നോട് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. എപ്പോഴും ബിസിനസ്സ് എന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ മുഖത്ത് നോക്കാൻ വരെ അയാൾക്കിഷ്ടമില്ല എന്ന് തോന്നിയിട്ടുണ്ട് എനിക്ക്.

എന്നിട്ടാണോടി നിങ്ങൾക്കിടയിൽ ഒരു കുഞ്ഞ് ഉണ്ടായത്. ഇനി അയാൾടെ കുഞ്ഞ് തന്നെ ആണോ അത്. അല്ല നീ ആയതുകൊണ്ട് ഒരു സംശയം..

ഛെ.. വൃത്തികെട്ടവനെ ഈ ആൻസി രണ്ടുപേരുടെ കൂടെയേ കിടന്നിട്ടുള്ളൂ. അത് രണ്ടും എന്നെ മിന്നുകെട്ടിവന്മാർ ആണ്. പിന്നെ ആ കുഞ്ഞ് അത് അവന്റെ തന്നെ ആണ്. എന്റെ ആവശ്യപ്രകാരം ആണെങ്കിലും അവൻ എന്റെ കൂടെ കിടന്നതിന്റെ തെളിവ്.

ഓഹ്.. ഒരു പരിശുദ്ധ വന്നിരിക്കുന്നു. അവന്റെ കുഞ്ഞിനേയും വയറ്റിൽ ഇട്ട് എന്റെ കൂടെ കിടന്നവൾ അല്ലേടി നീ.  അങ്ങനെ ഉള്ള നീ ആർക്കൊക്കെ മുൻപിൽ നിന്റെ മടിക്കുത്തഴിച്ചിട്ടുണ്ടെന്നു പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് എന്റെ മുന്നിൽ ഉള്ള ശീലാവതി ചമയൽ വേണ്ട കേട്ടല്ലോ. കെട്ടിപ്പോയത് കൊണ്ട് മാത്രം നിന്നെ സഹിക്കാണ് ഞാൻ. വെറുതെ അതുംകൂടി ഇല്ലാതെ ആക്കണ്ട.
ആൽവി അത് പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി.

ആൻസി അവൻ പറഞ്ഞതെല്ലാം കേട്ട് തരിച്ചു നിന്നു. അവന്റെ ഉള്ളിൽ തന്നെ കുറിച്ച് ഇത്രേം തരംതാഴ്ന്ന ചിന്ത ആണോ ഉള്ളത്… അവൾ ചിന്തിച്ചു.

അവൾ ഡേവിഡിനെ കുറിച്ച് ചിന്തിച്ചു. എല്ലാ സത്യങ്ങൾ അറിഞ്ഞിട്ടും അവൻ തന്നെ ഇത്രേം തരം താഴ്ത്തി സംസാരിച്ചിട്ടില്ല.കല്യാണം കഴിഞ്ഞ അന്ന് തന്നെ അവൻ തന്നോട് കുറച്ചു സമയം ചോദിച്ചിരുന്നു എല്ലാം ഒന്ന് ഉൾകൊള്ളാൻ. തനിക്കും അത് സമ്മതം ആയിരുന്നു. ആദ്യം ആദ്യം അവൻ തന്നെ സ്നേഹിക്കാൻ ശ്രമിക്കുന്നതായും തോന്നിയിട്ടുണ്ട്. പക്ഷേ അവന്റെ വീട്ടുകാരോടുള്ള തന്റെ അകൽച്ച അവനെയും തന്നിൽ നിന്ന് അകറ്റി. ഒരിക്കൽ റൂമിലേക്ക് ഒന്ന് തട്ടുകപോലും ചെയ്യാതെ ഓടി കേറി വന്ന ആലിയെ വഴക്ക് പറഞ്ഞ് റൂമിന് പുറത്തേക്ക് തള്ളിയത് കണ്ടുകൊണ്ടാണ് അവൻ വന്നത്. അന്ന് മുതൽ ആണ് അവൻ തന്നിൽ നിന്നും അകന്ന് തുടങ്ങിയത്. പിന്നെപ്പിന്നെ ഭാര്യയുടെ അധികാരവും അവകാശവും പറഞ്ഞും അല്ലെങ്കിൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് വീട്ടുകാരെ മുഴുവൻ വിളിച്ച് കൂട്ടി പറയും എന്നൊക്കെ പറഞ്ഞ് ഭീഷിണി പെടുത്തി ആണ് ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നത്. അങ്ങനെ എങ്കിലും അവനെ തന്റെ വരുതിയിൽ ആക്കാം എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു ആ ഒരു നീക്കം. പക്ഷേ എന്നിട്ടും കാര്യം ഒന്നും ഉണ്ടായില്ല. താൻ ആവശ്യപ്പെടുമ്പോൾ കൂടെ കിടക്കും എന്നല്ലാതെ അവനായി ഒരിക്കൽ പോലും വന്നിട്ടില്ല. ഒരിക്കൽ ഗർഭിണി ആണെന്നത് നേരെത്തെ അറിഞ്ഞത് കൊണ്ട് അബോർഷൻ ആവാനുള്ള ടാബ്ലറ്റ് കഴിച്ചു. അത് ബ്ലീഡിങ് ആയി പ്രശ്നം ആയപ്പോൾ തന്റെ സ്വന്തം വീട്ടിൽ വന്നിട്ടാണ് ഡോക്ടറുടെ അടുത്തേക്ക് പോയതും ട്രീറ്റ്മെന്റ് ചെയ്തതും. അതുകൊണ്ട് തന്നെ അത് അയാളോ അയാളുടെ തറവാട്ടിലോ ആരും അറിഞ്ഞില്ല. പക്ഷേ രണ്ടാമത് ഗർഭിണി ആയ സമയത്തായിരുന്നു ഫോൺ വഴിയുള്ള ആൽവിയുമായിട്ടുള്ള ബന്ധം സ്റ്റാർട്ട്‌ ചെയ്യുന്നത്. അതിൽ മുഴുകിയത് കൊണ്ട് ഡേറ്റ് തെറ്റിയതൊന്നും ശ്രദ്ധിച്ചില്ല. പിന്നെ അറിഞ്ഞു വന്നപ്പോഴേക്കും അബോർഷൻ ചെയ്യാൻ പറ്റുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞിരുന്നു. എന്നിട്ടും ആദ്യത്തെ അബോർഷന്റെ സമയത്ത് കാട്ടിയ ഡോക്ടറെ പോയി കണ്ടു എന്തേലും ചെയ്യാൻ പറ്റുമോ എന്ന്. പക്ഷേ ഒന്നും ചെയ്യാൻ കഴിയില്ല ഇനി എന്തേലും ചെയ്താൽ ചിലപ്പോ തന്റെ ജീവനെ തന്നെ ബാധിക്കും എന്നൊരു നില വന്നപ്പോൾ ആണ് ഇത് അവരുടെ തറവാട്ടിലും ഡേവിയോടും പറഞ്ഞത്.
എല്ലാവർക്കും ഭയങ്കര സന്തോഷം ആയിരുന്നു. അതുവരെ തന്നെ കാര്യമായി പരിഗണിക്കാതെ ഇരുന്ന വല്യമ്മച്ചി വരെ തന്നെ പരിഗണിച്ചു തുടങ്ങി. പക്ഷേ ഡേവി അതോടെ സോഫയിൽ ആയി കിടത്തം. തന്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ അവൻ തയ്യാറാവാതെ വന്നപ്പോൾ ആണ് അതുവരെ ഫോൺ വഴി മാത്രം ബന്ധം ഉണ്ടായിരുന്ന ആൽവിയുമായി അങ്ങനെ ഒരു ബന്ധം തുടങ്ങിയത്. പിന്നെ പിന്നെ ആൽവിക്കോ തനിക്കോ പരസ്പരം കാണാതെയും മിണ്ടാതെയും ഇരിക്കാൻ പറ്റില്ല എന്നായി. കുഞ്ഞുണ്ടായി കഴിഞ്ഞിട്ടും അതിനോട് വലിയ അറ്റാച്ച്മെന്റ്റ് ഒന്നും തോന്നിയിട്ടില്ല. ആ സമയത്താണ് ഡേവിയുടെ ബിസിനസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ എന്ന് പറഞ്ഞ് കേട്ടത്. അതോടെ മാക്സിമം കിട്ടുന്നത് വാങ്ങിയെടുത്ത് ആൽവിയുടെ കൂടെ പോകാം എന്ന് കരുതി. കുഞ്ഞിനെ കൊടുക്കണമെങ്കിൽ പറയുന്ന തുക തരണം എന്ന് പറഞ്ഞപ്പോൾ അത് മുഴുവൻ തന്ന് കുഞ്ഞിൽ ഒരു അധികാരവും ഇല്ല എന്ന് എഴുതി വാങ്ങി.

എന്തായാലും അന്ന് ആ കുഞ്ഞിനെ അബോർഷൻ ചെയ്യാൻ പറ്റാഞ്ഞത് നന്നായി. ഞാൻ പ്രസവിച്ച കുഞ്ഞല്ലേ. എന്തൊക്കെ വന്നാലും എനിക്ക് ആ കുഞ്ഞിൽ അധികാരവും അവകാശവും ഇല്ലാതെ ഇരിക്കില്ലല്ലോ. ഇനി ആ കുഞ്ഞിലൂടെ വേണം ഡേവിയുടെ ജീവിതത്തിലേക്ക് തിരികെ കയറിപ്പറ്റാൻ. ആൽവിയും കൂട്ടരും എന്തേലും ചെയ്ത് അയാൾക്ക് എന്തേലും പറ്റുന്നതിനു മുൻപ് അയാളുടെ ഭാര്യ ആവണം. എന്നാലേ അയാൾക്കെന്തെങ്കിലും പറ്റിയാൽ സ്വത്തുക്കൾ മുഴുവൻ എനിക്ക് കിട്ടൂ.. ആൻസി കുടിതലയോടെ ചിന്തിച്ചു.

തുടരും